
ജയ്‌മോന്‍ ദേവസ്യ, തലയോലപ്പറമ്പ്
കോട്ടയം ജില്ലാ കോടതിയില്‍ ജോലിക്ക് പ്രവേശിച്ച നാളുകള്‍.
രാവിലെ എട്ടരയ്ക്ക് വൈക്കം റോഡിലെത്തുന്ന കോട്ടയം പാസഞ്ചറില്‍ കയറി ഒഫീസിലേയ്ക്കും,വൈകിട്ട് അഞ്ച് അമ്പതിന് കോട്ടയത്തു നിന്നുള്ള എറണാകുളം പാസഞ്ചറില്‍ തിരികെയും.
പാലാ സബ് കോടതിയിലേയ്ക്ക് ട്രാന്‍സ്ഫറാകുന്നതുവരെയുള്ള രണ്ടു വര്‍ഷത്തോളം ഇതൊരു സ്ഥിരം പരിപാടി ആയിരുന്നു.
സ്ഥിരമായുള്ള ഈ ട്രെയിന്‍ യാത്ര തുടങ്ങുന്ന നാള്‍വരെയും, സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്‍ സാറിന്റെ ജന്മസ്ഥലമായ 'ആപ്പാഞ്ചിറ' എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വൈക്കംറോഡ് റെയില്‍വെ സ്റ്റേഷനെ നാട്ടിലെ എല്ലാവരും പറയുന്നതു പോലെ 'ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷന്‍' എന്നാണ് ഞാനും പറഞ്ഞിരുന്നത്.
സ്ഥിരമുള്ള ട്രെയിന്‍ യാത്ര തുടങ്ങിയതോടെ തിരുത്തപ്പെട്ട പല കാര്യങ്ങളുടെ കൂട്ടത്തില്‍ ഇതും തിരുത്തപ്പെട്ടു. പിന്നീടൊരിക്കലും ഈ സ്റ്റേഷനെ 'വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍' എന്നല്ലാതെ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല എന്നതാണ് നേര്.
നീണ്ട എട്ടൊന്‍പത് വര്‍ഷങ്ങള്‍ക്കുശേഷം പാലായില്‍ നിന്ന് വീണ്ടും കോട്ടയം ജില്ലാ കോടതിയിലേക്ക് വന്നു.
അപ്പോഴേയ്ക്കും ട്രെയിനുകളുടെ നിറം മാറിയതിനൊപ്പം റീ ഷെഡ്യൂളുകളിലും മറ്റുമായി പാ സഞ്ചര്‍ ട്രെയിനുകളുടെ സമയത്തിനും കണ്ടമാനം മാറ്റം വന്നിരുന്നു.
അതിനൊപ്പം ആദ്യകാല യാത്രകള്‍ക്കിടയിലെ ശക്തമായ സൗ ഹൃദങ്ങളും സംസാരങ്ങളും തമാശകളുമെല്ലാം മൊബൈല്‍ ഫോണുകള്‍ അപഹരിച്ചും തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ, ഓഫീസില്‍ നിന്ന് നേരത്തെയിറങ്ങിയ ഒരു ദിവസം വൈകിട്ട് നാലേകാലിന് കോട്ടയത്തെത്തുന്ന ഐലന്റ് എക്‌സ്പ്രസില്‍ തിരികെ പോരുകയാണ്.
ശബരിമല സീസണ്‍ ആയതിനാല്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ അയ്യപ്പന്മാരുടെസാമാന്യം നല്ല തിരക്കുണ്ട്.
സീസണ്‍ ടിക്കറ്റുകാര്‍ക്ക് കോട്ടയത്തുനിന്ന് ഐലന്റിലെ ട4, ട5 റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറാം എന്നൊരു ഇളവുള്ളതിനാല്‍ ട്രെയിനെത്തിയതേ ചാടി ട്രെയിനിലെ ട4 ബോഗിയില്‍ കയറി.
അതില്‍ ഒറ്റ സീറ്റില്ല.
ഇനിയിപ്പോള്‍ നിന്നു തന്നെ പോകണമല്ലൊ എന്ന് കരുതി ഒതുങ്ങി നിന്നു.
ട്രെയിനിന്റെ സീറ്റുകളിലും ബര്‍ത്തുകളിലുമെല്ലാം സ്വദേശിയരും വിദേശികളുമായ ആളുകള്‍ തിങ്ങിക്കൂടി ഇരിക്കുകയാണ്.
ഞങ്ങളോടൊപ്പം കോട്ടയത്തു നിന്നു ട്രെയിനില്‍ കയറിയ കന്നടക്കാരായ കുറച്ച് അയ്യപ്പന്മാരും ബര്‍ത്തുകളില്‍ കയറിയിരിക്കുന്നുണ്ട്.
അവരവിടെ ഇരുന്നപ്പഴേ മഞ്ഞ നിറത്തില്‍ നല്ല ഗന്ധമുളള ഒരു തരം ചോറുണ്ണുവാന്‍ തുടങ്ങി.
ഉഡുപ്പി ഹോട്ടലിനു മുന്നിലൂടെ നടക്കുമ്പോഴുള്ളമണം മൂക്കിലേക്ക് അടിച്ചു കയറുന്നു.
'വിശപ്പിന്റെ വിളി പരിസരം മറക്കും' എന്നു പറഞ്ഞ പോലെ അവര്‍ പരിസരം മറന്ന് ആഹാരം കഴിക്കുകയാണ്.
കംപാര്‍ട്ടുമെന്റില്‍ ഇതെല്ലാം വീക്ഷിച്ചു കൊണ്ടു നിന്ന ഒരു മദാമ്മക്ക് വിശന്നിട്ടാണോ, ഈ ഭക്ഷണത്തിന്റെ ഗന്ധം കിട്ടിയതിനെ തുടര്‍ന്നുള്ള ജിജ്ഞാസയാലാണോ എന്നറിയില്ല, അപ്പോള്‍ തന്നെ ഇതു കഴിക്കണം എന്നാഗ്രഹം.
അവര്‍ ആഗ്രഹം മനസ്സില്‍ വച്ച് അറച്ചു നിന്നില്ല.
മനസ്സിലാവാത്ത ഒരു ഭാഷയിലും ആംഗ്യത്തിലുമായി അയ്യപ്പന്മാരോട്ഭക്ഷണം ചോദിച്ചു.
ചോദിച്ചത് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞ അയ്യപ്പന്മാര്‍ക്കും സന്തോഷം.
'അതിനെന്താ... കയറി വരൂ... കഴിക്കാം' എന്ന് കന്നഡ ഭാഷയിലൊരാളുടെ മറുപടി.
അയ്യപ്പന്മാരുടെസന്തോഷവും സമ്മതവും മദാമ്മയ്ക്കും മനസ്സിലായി.
മദാമ്മ കൈ ഉയര്‍ത്തി.
അവര്‍ മദാമ്മയെ അപ്പര്‍ ബര്‍ത്തിലേക്ക് വലിച്ചു കയറ്റി.
സൗകര്യമായി അവര്‍ ഇരുന്നു.
ആ ബര്‍ത്തില്‍ കഴിച്ചു കൊണ്ടിരുന്ന ആള്‍ തന്റെ പൊതിച്ചോറ് അവര്‍ക്ക് മുന്നിലേക്ക് നീക്കിവച്ചു.
അതോടെ അവര്‍ രണ്ടു പേരും ഒരേ പൊതിയില്‍ നിന്ന് പരസ്പരം പങ്കുവച്ചു ചോറു കഴിക്കുവാനാരംഭിച്ചു.
അവര്‍ക്കിടയില്‍ തൊലിയുടെ നിറം ഒരു ബാധ്യതയായില്ല.
മതം ഒരു ബാധ്യതയായില്ല.
ഭാഷയും ബാധ്യതയായില്ല.
മാലയിട്ടയാള്‍ അപരിചിതയായ സ്ത്രീയോടൊപ്പം ഭക്ഷണം കഴിക്കുന്നതും ബാധ്യതയായില്ല.
മദാമ്മ സംസാരിച്ച സ്പാനിഷ് ഭാഷയും അയ്യപ്പന്മാരുടെകന്നഡ ഭാഷയും വിശപ്പിന്റെ ഭാഷയ്ക്കു വേണ്ടി ഒന്നായതുപോലെ.
എനിക്കിറങ്ങേണ്ട പിറവം റോഡ് സ്റ്റേഷനിലേക്ക്ട്രെയിന്‍ കയറിക്കൊണ്ടിരിക്കുന്നു.
ഇറങ്ങാന്‍ നേരം അവരെ രണ്ടു പേരെയും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചു.
അവരും ചിരിച്ചു.
ആ ബലത്തില്‍ അറച്ചറച്ചു കൊണ്ട് അവരോട് പേരു ചോദിച്ചു.
ചിരിച്ചു കൊണ്ട് രണ്ടാളുകളും തങ്ങളുടെ പേരു പറഞ്ഞു.
'മരിയ.'
'ശിവ.'
അതെ, ഒരാള്‍ക്ക് ദൈവമാതാവിന്റെ പേരാണെങ്കില്‍ അടുത്ത ആളുടെ പേര് ദൈവത്തിന്റേതു തന്നെ.
അവര്‍ അവരുടേതായ ഭാഷയില്‍ ആംഗ്യത്തിന്റെ മേമ്പൊടിയില്‍ സംസാരത്തില്‍ മുഴുകവെ സ്റ്റേഷനില്‍ വണ്ടി നിറുത്തി.
ഞാന്‍ ഇറങ്ങി.
ട്രെയിനിന്റെ യാത്ര തുടരുന്നതും കാത്തു നിന്നു.
അഭിലാഷങ്ങളും പ്രതീക്ഷകളും ദുഃഖവും സന്തോഷവുമെല്ലാം നിറഞ്ഞ മനുഷ്യരുമായി ഐലന്റ് എക്‌സ്പ്രസ് തെക്കുനിന്ന് വടക്കന്‍ ദിശയിലേക്ക് യാത്ര തുടങ്ങി, അവസാന ബോഗിയും അതിന്റെ പിന്നില്‍ വരച്ചിട്ട ഗുണന ചിഹ്നവും കണ്ണില്‍ നിന്ന് മറയുന്നത് വരെ ആ പ്ലാറ്റ്‌ഫോമില്‍ തന്നെ നിന്നു.
പലപ്പോഴായി എട്ടൊന്‍പതു കൊല്ലം നീണ്ടു നിന്ന ട്രെയിന്‍ യാത്രയിലെ ഏറ്റവും സുന്ദരമായ കാഴ്ച ഏതെന്ന് ചോദിച്ചാല്‍ കണ്‍മുന്നില്‍ ഇന്നും തെളിഞ്ഞു വരുന്നത് മരിയയും ശിവയും, അവരുടെ ഒരുമിച്ചുള്ള ഭക്ഷണം കഴിയ്ക്കലും, അവരുടെ പരസ്പരമുള്ള സ്‌നേഹസംഭാഷണവും തന്നെ.