ഫാ. സണ്ണി കളപ്പുരയ്ക്കല്‍
"A monumental irrelevance." ആധുനികകാലഘട്ടത്തോടു സംവദിക്കാന്‍ പ്രതിസന്ധി നേരിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള സഭയെക്കുറിച്ചു കൗണ്‍സിലില്‍ പങ്കെടുത്ത ബിഷപ് ക്രിസ്റ്റഫര്‍ ബട്‌ലറിന്റെ വാക്കുകളാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടുന്നതിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടു ജോണ്‍ 23-ാമന്‍ മാര്‍പ്പാപ്പ പറഞ്ഞത്, "It is time to open the windows and let in some fresh air" എന്നാണ്. സുവിശേഷം അതിന്റെ പൂര്‍ണാരൂപിയില്‍ ജീവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആദിമക്രൈസ്തവ സമൂഹത്തില്‍ നിന്നു, സഭ സ്ട്ര ച്ചേഡ് ആയി വളരുകയും സമ്പത്തും, അധികാരവും, രാഷ്ട്രീയബാന്ധവങ്ങളും, ക്ലറിക്കലിസവും അതിനെ കീഴടക്കുകയും ചെയ്തപ്പോള്‍, ആധുനിക ലോകത്തോടു സംവദിക്കാന്‍ സഭയ്ക്കു സാധിക്കാതെ വന്ന പശ്ചാത്തലത്തിലാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടിയത്.
ശതോത്തര രജതജൂബിലി നിറവിലായിരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും ഫ്രാന്‍സിസ് പാപ്പായുടെയും നവീകരണ അരൂപിയോട് എങ്ങനെ സഹകരിക്കുന്നു എന്ന വസ്തുതയെ കൗണ്‍സില്‍ രേഖകളെ അടിസ്ഥാനമാക്കി പരിശോധിക്കുകയാണിവിടെ. ഭാരതത്തിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ടും സുവിശേഷമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയും കാലത്തിന്റെ അടയാളങ്ങളെ വായിച്ചെടുത്തുകൊണ്ടുമാണ് ഈ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും ഫ്രാന്‍സിസ് പാപ്പയുടെയും നവീകരണ അരൂപിയോടു പല സഭാസമൂഹങ്ങളും, രൂപതകളും പുറംതിരിഞ്ഞു നിന്നപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത അതിനെ സ്വീകരിച്ചു എന്നതാണ് ശ്രേഷഠമായ കാര്യം. ഭാരതത്തിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ടും, സുവിശേഷമൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കാതെയും, കാലത്തിന്റെ അടയാളങ്ങളെ വായിച്ചെടുത്തുകൊണ്ടുമാണ് ഈ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ജോസഫ് പാറേക്കാട്ടില്‍ പിതാവും, തുടര്‍ന്നു വന്ന ആന്റണി പടിയറ പിതാവും, വര്‍ക്കി വിതയത്തില്‍ പിതാവും ഈ അരൂപിയെ സര്‍വ്വാത്മനാ സ്വീകരിച്ചു നേത്യത്വം നല്കി. കൗണ്‍സിലിന്റെ അരൂപിയെ സ്വീകരിച്ച ഈ നേതൃത്വങ്ങളില്‍ നിന്നു വിരിഞ്ഞ ആഭിമുഖ്യങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
1. മനുഷ്യത്വപൂര്‍ണമായ അജപാലന ശുശ്രൂഷയും വൈദിക-അല്മായ കൂട്ടായ്മയും
ജനതകളുടെ പ്രകാശം (Lumen Gentium) എന്ന സഭയെക്കുറിച്ചുള്ള പ്രമാണരേഖ ഊന്നിപ്പറയുന്ന കാര്യമുണ്ട്. 'വിശ്വാസികളുടെ പൊതു പൗരോഹിത്യവും ശൂശ്രൂഷാ പൗരോഹിത്യവും ക്രിസ്തുവിന്റെ ഏക പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ്' (നം. 10). ഇതിന്റെ അരൂപിയില്‍ വൈദികര്‍ ദൈവജനത്തിന്റെ മധ്യത്തിലേക്കു ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വൈദികരും ദൈവജനവുമായി അഭേദ്യമായ ഒരു ബന്ധം രൂപപ്പെട്ടു. അല്മായ പങ്കാളിത്തത്തോടെയുള്ള അജപാലന ക്രമം രൂപപ്പെട്ടു. അതിരൂപതയില്‍ രൂപപ്പെട്ട കുടുംബകൂട്ടായ്മ സംവിധാനം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു വ്യക്തി എന്നതിനപ്പുറം സുവിശേഷം കയ്യില്‍ പിടിച്ചുകൊണ്ടു സമൂഹത്തിന്റെ നാനാവിധമായ കാര്യങ്ങളിലേക്കു ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്കിയ തുറന്ന മനസ്സിന്റെ സ്വാതന്ത്ര്യം, അല്മായര്‍ക്കും, സന്യസ്തര്‍ക്കും, വൈദികര്‍ക്കും, തുറന്നു പറയാനും കേള്‍ക്കാനുമുള്ള ഒരു സംസ്‌കാരം ഇവിടെ രൂപപ്പെടുത്തി. ഇതു ഉള്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ക്കു ഈ സംസ്‌കാരം സഭാവിരുദ്ധമാണ്, വിമതപ്രവര്‍ത്തനമാണ്. അവര്‍ക്കു ഇതു പ്രസ്ബിറ്ററോക്രസിയാണ്. ഇങ്ങനെ ആരോപിക്കുന്നവര്‍ ഹിറ്റ്‌ലേറിയന്‍ ഓട്ടോക്രസിയുടെ വക്താക്കളായിരിക്കും. ഈ സ്വാതന്ത്ര്യം നല്കിയിരിക്കുന്നത് വലുപ്പച്ചെറുപ്പമില്ലായ്മയുടെ മഹത്വമാണ്. ആരും ആരെക്കാള്‍ വലുതുമല്ല, ചെറുതുമല്ല. അധികാരത്തിന്റെ ഉന്മാദത്തില്‍ ഒരു വൈദികനോ, അല്മായനോ സഭാശുശ്രൂഷയില്‍ ഏര്‍പ്പെടുന്നില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്കിയ തുറന്ന മനസ്സിന്റെ സ്വാതന്ത്ര്യം, അല്മായര്‍ക്കും, സന്യസ്തര്‍ക്കും, വൈദികര്‍ക്കും, തുറന്നു പറയാനും കേള്‍ക്കാനുമുള്ള ഒരു സംസ്‌കാരം ഇവിടെ രൂപപ്പെടുത്തി. ഇത് ഉള്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ക്ക് ഈ സംസ്‌കാരം സഭാവിരുദ്ധമാണ്, വിമതപ്രവര്‍ത്തനമാണ്. അവര്‍ക്ക് ഇതു പ്രസ്ബിറ്ററോക്രസിയാണ്. ഇങ്ങനെ ആരോപിക്കുന്നവര്‍ ഹിറ്റ്‌ലേറിയന്‍ ഓട്ടോക്രസിയുടെ വക്താക്കളായിരിക്കും.
മേല്പറഞ്ഞ കൂട്ടായ്മയുടെയും സ്വാതന്ത്ര്യത്തിന്റെയും ഉദാഹരണമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ജന്മംകൊണ്ട കരിസ്മാറ്റിക് പ്രസ്ഥാനം. ഇതിനെ സ്വീകരിക്കാന്‍ കേരളത്തിലെ ഒരു രൂപതയും തയ്യാറാകാതിരുന്നപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത അതിനു വെള്ളവും വളവും കൊടുത്തു. വിരോധാഭാസമെന്നു പറയട്ടെ, എതിരു നിന്നവര്‍ പിന്നീടു അതിനെ ഏറ്റെടുത്തു. ഇന്ന് അത് പാരമ്പര്യവാദത്തിലേക്കും പ്രോട്ടസ്റ്റ്ന്റ് വ്യാഖ്യാനത്തിലേക്കും വീണു.
ഇവിടെ നാമോര്‍ക്കേണ്ട കാര്യം, വൈദികരും അല്മായരും കൈകോര്‍ക്കേണ്ടത് സാമുദായിക സ്പിരിറ്റ് ആളിക്കത്തിച്ച് സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കാനല്ല. സൈബര്‍ പോരാളികളെ സൃഷ്ടിക്കാനല്ല. വര്‍ഗീയതയുടെ വിഷം പടര്‍ത്താനല്ല. തീവ്രവാദത്തെ എതിര്‍ക്കാനെന്ന വ്യാജേന ക്രൈസ്തവ തീവ്രവാദം പ്രചരിപ്പിക്കാനുമല്ല.
2. വിവിധ സഭകളോടും സമൂഹങ്ങളോടുമുള്ള തുറന്ന സമീപനം
സഭൈക്യത്തെക്കുറിച്ചുള്ള രേഖ (Unitatis Redintegratio) പറയുന്നു: 'പാശ്ചാത്യ പൗരസ്ത്യ സഭകള്‍ വിശ്വാസത്തിലും കൗദാശികജീവിതത്തിലും സാഹോദര്യപൂര്‍ണമായ ഐക്യത്തിലാണ് വര്‍ത്തിച്ചിരുന്നത്്' (നം. 14). പാശ്ചാത്യ സഭയായ ലത്തീന്‍സഭയുമായി ഈ ഐക്യം കാത്തു സൂക്ഷിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപത എന്നും ശ്രദ്ധിച്ചു. എല്ലാ വര്‍ഷവും ഈസ്റ്റര്‍, ക്രിസ്മസ്സ്് ദിനങ്ങളുടെ തലേന്ന് എറണാകുളം, വരാപ്പുഴ അതിരൂപതകളുടെ അരമനകളില്‍ താമസിക്കുന്ന മെത്രാന്‍മാരും വൈദികരും പരസ്പരം ഇരുഭവനങ്ങളും സന്ദര്‍ശിച്ചു ആശംസകളും വിശേഷങ്ങളും പങ്കുവയ്ക്കും. മനോഹരമായ ഒരു പാരമ്പര്യമാണിത്. വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം, വിജയപുരം എന്നീ ലത്തീന്‍ രൂപതകളോടു ചേര്‍ന്നാണ് എറണാകുളം അതിരൂപത സ്ഥിതി ചെയ്യുന്നത്. പല സ്ഥലങ്ങളിലും പള്ളികള്‍ മുഖത്തോടു മുഖമെന്നോണമാണ്. ദൈവജനം രണ്ടു പള്ളികളിലും പോകും. ഇവിടെ വൈദികരുടെയും, ആളുകളുടെയും മനസ്സില്‍ ലത്തീനെന്നും, സീറോ-മലബാര്‍ എന്നും വ്യത്യാസമില്ല. ഈ സ്‌നേഹോഷ്മളതയുടെ പേരില്‍ സീറോ-മലബാര്‍ സഭയിലെ ലത്തിനീകരിക്കപ്പെട്ട അതിരൂപതയാണ് എറണാകുളം-അങ്കമാലി അതിരൂപത എന്ന് ആരെങ്കിലും അധിക്ഷേപിച്ചാല്‍ ആ ആക്ഷേപം ഒരു ബഹുമതിയാണ്. ആ ബഹുമതിയുടെ ബഹിര്‍സ്ഫുരണമാണ്‌നാം ഒരുമിച്ചു നടത്തുന്ന വിഭൂതി ബുധന്‍ ആചരണം. ഇതേ മനോഭാവം തന്നെയാണ് കേരളത്തിലുള്ള മറ്റു പൗരസ്ത്യസഭകളോടും പുലര്‍ത്തുന്നത്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു വിവിധ രൂപതാംഗങ്ങള്‍ ഈ അതിരൂപതയിലേക്കു കുടിയേറിയിട്ടുണ്ട്്. അവര്‍ സ്ഥിരതാമസമാണെങ്കിലും അല്ലെങ്കിലും ഈ അതിരൂപതയുടെ മക്കളായി തന്നെ കാണുന്നു. ഇവിടെ വരുത്തനും ഇരുത്തനുമില്ല. ഒരുത്തന്‍ മാത്രമേയുള്ളൂ, ക്രിസ്തുവിന്റെ ശിഷ്യന്‍/ശിഷ്യ.
ഈ തുറന്ന സമീപനം തന്നെയാണ് അക്രൈസ്തവരോടുമുളളത്. ഇതിന്റെ അടിസ്ഥാനം കൗണ്‍സില്‍ രേഖയാണ്: 'എന്തെല്ലാം നന്മയും സത്യവും അക്രൈസ്തവരില്‍ കാണുന്നുണ്ടോ അതെല്ലാം സുവിശേഷ സ്വീകരണത്തിനുള്ള ഒരുക്കമായി പരിഗണിക്കണം' എന്നു കൗണ്‍സില്‍ രേഖ പഠിപ്പിക്കുന്നു (ജനതകളുടെ പ്രകാശം, നം. 16). എല്ലാ മതങ്ങളോടും ഒരേ പോലെ സംവദിക്കാന്‍ നമുക്കാവുന്നുണ്ട്. അതേസമയം എല്ലാ തീവ്രവാദങ്ങളേയും എതിര്‍ക്കുകയും ചെയ്യുന്നു. ഹൈന്ദവ, മുസ്ലീം തീവ്രവാദങ്ങളെ ഒരുപോലെ എതിര്‍ക്കുന്നതുപോലെ തന്നെ ക്രൈസ്തവ തീവ്രവാദത്തെയും നാം എതിര്‍ക്കുന്നു.
ഓര്‍ക്കണം, വിവിധ റീത്തുകളും സഭകളും നിലനില്പിനും ആധിപത്യത്തിനും വേണ്ടിയുള്ള മത്സരയോട്ടത്തിലാണ്. എക്യുമെനിസം എന്നു പറയുന്നതു പുസ്തകത്തിലെ പശുവായി. പിന്നെയെങ്ങനെ മതാന്തര സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള കെല്പ് സഭയ്ക്കു ലഭിക്കും? കേവലം നിലനില്‍പ്പിനു വേണ്ടിയുള്ള ഗിമിക്കുകളോ, അധീശശക്തിയാകാനുള്ള ശ്രമമോ നാം നടത്തുന്നില്ല എന്നതു ശ്രദ്ധേയമാണ്.
3. കച്ചവടമാകാത്ത വിദ്യാഭ്യാസം
വിദ്യാഭ്യാസത്തെക്കുറിച്ചു കൗണ്‍സില്‍ പഠിപ്പിക്കുന്നതു ശ്രദ്ധിക്കുക (Gravissimum educationis, no. 5): 'വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ കഴിവുകളെ പോഷിപ്പിക്കണം. വിവേചനാശക്തി വര്‍ദ്ധിപ്പിക്കണം. സാംസ്‌കാരിക സമ്പത്തില്‍ ആഭിമുഖ്യം നല്കണം. മൂല്യബോധം കൈവരുത്തണം. തൊഴില്‍പരമായ ജീവിതത്തിനു ഒരുക്കണം. വിദ്യാര്‍ത്ഥികളില്‍ സുഹൃദ്ബന്ധം വളര്‍ത്തി പരസ്പര ധാരണയുടെ ചൈതന്യം വളര്‍ത്തണം.' തലമുറ വാര്‍ത്തെടുക്കപ്പെടുന്നതു സ്‌കൂളുകളിലാണ് എന്ന ബോധ്യത്തോടെ മൂല്യാധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിബൃഹത്തായ സംവിധാനങ്ങളുള്ള ഈ അതിരൂപത എന്തുകൊണ്ടാണ് പ്രഫഷണല്‍ എഞ്ചിനീയറിംഗ് കോളേജോ, മെഡിക്കല്‍ കോളേജോ തുടങ്ങിയില്ല എന്നുള്ളത് അതിരൂപതയുടെ മുഖചിത്രം വ്യക്തമാക്കുന്ന കാര്യമാണ്. ഒരു നാളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടു പോലും ലിസി ആശുപത്രിയെ നാം മെഡിക്കല്‍ കോളേജ് ആക്കിയില്ല. കൊച്ചിനഗരത്തിലെ കോര്‍പറേറ്റ് ആശുപത്രികളുടെ ചികിത്സാചിലവുകള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ലിസി ആശുപത്രിയും, അങ്കമാലി ലിറ്റില്‍ ഫളവര്‍ ആശുപത്രിയും ഇന്നാട്ടിലെ സാധാരണക്കാരായ രോഗികള്‍ക്കു ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത് എന്നത് ഈ അതിരൂപതയുടെ സ്വപനമാണ്. ഒരു മെഡിക്കല്‍ കോളേജ് അതിനു തടസ്സമാകുമെന്നതുകൊണ്ട് നാം അതില്‍ നിന്നു പിന്‍മാറി. (ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള വ്യഗ്രത ഒരു അഴിമതിയായി മാറി എന്നതു സമകാലീന ചരിത്രം!)
നാം വിശ്വസിക്കുന്നു, വിദ്യാഭ്യാസമെന്നത് കച്ചവടമല്ല. പണം കറന്നെടുക്കാനുള്ള കറവപ്പശുവല്ല സ്‌കൂളും കോളേജും. സാമൂഹ്യബോധമില്ലാത്ത വെറും പ്രൊഫഷണലുകളെ സൃഷ്ടിക്കലല്ല. അതു തലമുറയുടെ സമഗ്രതയിലേക്കുള്ള വളര്‍ച്ചയാണ്.
4. സുവിശേഷ സംേവദനത്തിന്റെ നൂതനരീതി
സീറോ-മലബാര്‍ സഭയക്ക് ഒരു പൊതുശബ്ദം ഇല്ലാതാവുകയും ശബ്ദമാകേണ്ട മാധ്യമസ്ഥാപനം കെടുകാര്യസ്ഥതയുടെ കൊടുമുടി കയറുകയും ചെയ്തപ്പോള്‍ പ്രാദേശിക, ദേശീയ മാധ്യമങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുന്ന ഒരു പത്രം നമുക്കുണ്ട്. അതിന്റെ പേരാണ് സത്യദീപം (ലൈറ്റ് ഓഫ് ട്രൂത്ത്). സീറോ-മലബാര്‍ സഭയുടെ, കേരളസഭയുടെ മുഖപത്രമായി ഇതിനെ സമൂഹം അംഗീകരിച്ചിരിക്കുന്നതു വെള്ളം ചേര്‍ക്കാതെ സത്യത്തിന്റെ പക്ഷം ചേര്‍ന്നു ദീപക്കാഴ്ചകള്‍ ഒരുക്കുന്നതിന്റെ തെളിവാണ്. സത്യദീപത്തിന്റെ ധാര്‍മ്മിക സ്വരത്തിനു പിന്നിലുള്ളത് മാധ്യമങ്ങളെക്കുറിച്ചുള്ള കൗണ്‍സിലിന്റെ പ്രബോധനമാണ്. 'മാധ്യമങ്ങളുടെ ശരിയായ ഉപയോഗം മാനവസമുദായത്തിനു വിലയേറിയ മുതല്‍ക്കൂട്ടായിരിക്കും. അവ മനുഷ്യനു വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്നതോടൊപ്പം ദൈവരാജ്യ പ്രചാരത്തിനു ഉപകരിക്കുകയും ചെയ്യും.' കൂട്ടിച്ചേര്‍ക്കുന്നു, 'മാധ്യമങ്ങളെ ശരിയായി ഉപയോഗിക്കാന്‍ ഇവ കൈകാര്യം ചെയ്യുന്നവര്‍ ധാര്‍മ്മിക തത്വങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടതാണ്.' സത്യദീപം സമൂഹത്തിന്റെ ധാര്‍മ്മികസ്വരമായി മാറിയിരിക്കുന്നു എന്നത് അഭിമാനകരമാണ്.
അഴിമതിയുടെ ധ്രുവീകരണത്തില്‍ അതിരൂപത വീഴാതെ സൂക്ഷിക്കുക എന്നതു വെല്ലുവിളിയാണ്. ക്രൈസ്തവികത കേവലം ഒരു മതമല്ലെന്നും അതു ലോകത്തിനു മുഴുവനുമുള്ള സനാതന ദര്‍ശനമാണെന്നും ഉറക്കെ പ്രഘോഷിക്കാനുള്ള അവസരം.
മാധ്യമധര്‍മ്മം എന്നതു ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ തണലില്‍ വാര്‍ത്ത എഴുതുക എന്നതല്ല. ഏതെങ്കിലും മതനേതാക്കളെ വെള്ള പൂശാനുള്ള ഉപാധിയല്ല. ഏതെങ്കിലും ഭരണകര്‍ത്താവിനുള്ള ജയ് വിളിയല്ല. സമകാലിക സാമൂഹ്യ, രാഷ്ട്രീയ, മത സാഹചര്യങ്ങളെ വിലയിരുത്തുകയും തിരുത്തുകയും ചെയ്യുക എന്നതാണ്. അതു എറണാകുളം അതിരൂപത നിര്‍വ്വഹിക്കുന്നു.
5. ധാര്‍മ്മികശക്തിയാകുന്ന രാഷ്ട്രീയ നിലപാടുകള്‍
മതസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നു (Dignitatis Humanae, No. 13): 'സമൂഹത്തിലും ഏതു ഗവണ്‍മെന്റിന്റെ മുമ്പിലും ഒരാദ്്ധ്യാത്മികശക്തിയായി നിന്നുകൊണ്ടു സകല സൃഷ്ടികളോടും സഭ സുവിശേഷം പ്രസംഗിക്കണം.' സഭയും രാഷ്ട്രവും തമ്മില്‍ ആശാസ്യമായ സഹകരണം ഉണ്ടാകണം എന്നു പറയുമ്പോള്‍ തന്നെ സഭയ്ക്ക് സ്വതന്ത്രമായി നില്ക്കാനുള്ള ത്രാണി ഉണ്ടാകണമെന്നും പഠിപ്പിക്കുന്നു (Gaudium et spes no. 76). ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ മുമ്പിലോ, നേതാക്കളുടെ മുമ്പിലോ ഈ അതിരൂപതയുടെ ധാര്‍മ്മിക ശേഷി പണയം വച്ചിട്ടില്ല. കാരണം ഒരു ആദ്ധ്യാത്മിക ശക്തിയായി, ധാര്‍മ്മിക ശക്തിയായി നാം നിലകൊള്ളാന്‍ ആഗ്രഹിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സര്‍ക്കാരും പാര്‍ട്ടിയും ഇന്നാട്ടിലെ ക്രൈസ്തവസ്ഥാപനങ്ങള്‍ക്കു കൂച്ചുവിലങ്ങിടാന്‍ ഒരു നിയമത്തിനായി ശ്രമിച്ചു. സ്വാശ്രയനിയമം. അതു നടപ്പാക്കാനുള്ള കോംപ്രമൈസിനു വേണ്ടി രണ്ടു പ്രധാനികള്‍ ആദരണീയനായ ഒരു വ്യക്തിയെ സന്ദര്‍ശിച്ചു. ആദരവോടെ അവരെ കേട്ടു. പക്ഷേ ഒരു കോംപ്രമൈസിനും തയ്യാറാകാതെ അദ്ദേഹത്തിന്റെ അവസാനവാക്കു ദൃഡതയുള്ള സ്വരത്തില്‍ അരുത് എന്നായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍. ഞാന്‍ ഇതു നടപ്പാക്കും എന്നു രോഷഭാവത്തില്‍ പറഞ്ഞ് ഇറങ്ങിപ്പോയ അവരില്‍ ഒരാള്‍ക്കു പിന്‍മാറേണ്ടി വന്നു എന്നതു ചരിത്രം. ഈ അതിരൂപത ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ബാന്ധവം പുലര്‍ത്തിയിട്ടില്ല. എന്നാല്‍ ആദരവോടെ എല്ലാവരേയും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും എന്നും ധാര്‍മ്മിക ശക്തിയായി നിലകൊണ്ടിട്ടുള്ള അതിരൂപതയെ അതില്‍നിന്നു പിന്‍മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും അതിനു സാധിക്കാത്തതിന്റെ കാരണം കൗണ്‍സിലിന്റെയും ഫ്രാന്‍സിസ് പാപ്പയുടെയും ദര്‍ശനങ്ങളാണ്.
മതവും രാഷ്ട്രീയവും രണ്ടു ഐഡന്റിറ്റികള്‍ തന്നെയാണ്. അതു കൂട്ടിക്കുഴക്കരുത്. ഇന്‍ഡ്യയുടെ അവസ്ഥ ഇപ്പോള്‍ നമുക്കറിയാം. എന്നാല്‍ രാഷ്്ട്രബോധമുള്ള മതവിശ്വാസികള്‍ ഇവിടെ ഉണ്ടാകണം. ശരിയായ മതബോധമുള്ള രാഷ്ട്രീയക്കാരും. ആനുകൂല്യങ്ങളുടെ പരസ്പര പ്രീണനമരുത്. ഭരണകര്‍ത്താക്കള്‍ക്കു ദിശാബോധം നല്കാന്‍ ഒരോ മതത്തിനുമാകണം.
6. സഹസഞ്ചാരത്തിന്റെ സന്യാസ സമൂഹ ബന്ധം
സന്യാസത്തെക്കുറിച്ചും സന്യസ്തരെക്കുറിച്ചും പറയുന്നു (Perfectae Caritatis, no. 20): 'ഓരോ സന്യാസസമൂഹവും അവരുടെ പ്രത്യേകമായുള്ള ജോലി വിശ്വസ്തതയോടെ നിര്‍വ്വഹിക്കണം. സ്ഥലകാലങ്ങളനുസരിച്ച് ഈപ്രവര്‍ത്തനങ്ങളെ പുനസംവിധാനം ചെയ്യണ'മെന്നും പറയുന്നു. 80 സന്യാസിനീ സഭകളും, 30 സന്യാസീസന്യാസ സഭകളും ഈ അതിരൂപതയില്‍ അവരുടെ വിവിധ സ്ഥാപനങ്ങളിലൂടെ ശുശ്രൂഷ ചെയ്യുന്നു. ഇവരെല്ലാം ഈ അതിരൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചു എന്നതു നമുക്കഭിമാനമാണ്. ഈ രൂപതയുടെ മനസ്സറിഞ്ഞു ഇതുവരെയും അവര്‍ പ്രവര്‍ത്തിച്ചു. ഊഷ്മളമായ ബന്്ധം സൂക്ഷിക്കുന്നു. ഓരോ വര്‍ഷവും നവവൈദികരുടെ അജപാലന പരിശീലനത്തിനായി വിവിധ സന്യാസസഭകള്‍ ആവശ്യപ്പെടുകയും അവര്‍ക്കു വിവിധ ഇടവകകള്‍ നല്കുകയും ചെയ്യു ന്നു. SD, ASMI, MSJ, CSN, സാധുസേവന സഭ, പ്രേഷിതാരാം സഭ, സിസ്റ്റേഴ്‌സ് ഓഫ് ഗ്രെയ്‌സ് എന്നീ സന്യാസിനിസഭകള്‍ ജന്മം കൊണ്ടത് ഈ അതിരൂപതയിലാണ്. സീറോ-മലബാര്‍ സഭയിലെ ആദ്യത്തെ മിണ്ടാമഠവും, സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും, അടുത്ത കാലത്ത് ഇവിടെ ജന്മം കൊണ്ടു. സി. എസ്.ടി. സന്യാസസമൂഹത്തിന്റെയും, വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെയും ജന്മം ഇവിടെയാണ്. സന്യാസത്തോടും, സന്യസ്തരോടുമുള്ള വത്തിക്കാന്‍ കൗണ്‍സിലിന്റെ തുറവി അതിരൂപതയും സന്യസ്തരും തമ്മിലുള്ള ബന്ധത്തില്‍ വ്യക്തമാണ്. ഈ അടുത്തകാലത്ത് ഈ ബന്ധത്തില്‍ എവിടെയെങ്കിലും വിഘ്‌നം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയൊന്നും പരിഹരിക്കാവുന്നതിനപ്പുറവുമല്ല.
7. മനുഷ്യര്‍ക്ക് അഭയമാകുന്ന മിഷന്‍ പ്രവര്‍ത്തനം
ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു ഈ അതിരൂപതയുടെ മക്കള്‍ മിഷനറിമാരായി പോയിട്ടുണ്ട്. പ്രമാണ രേഖ പറയുന്നു, (Ad Gentes, no. 5): 'ദരിദ്രരോടു സുവിശേഷം പ്രസംഗിക്കാന്‍ അയക്കപ്പെട്ട ക്രിസ്തുവിന്റെ അതേ പ്രേഷിതദൗത്യം നിര്‍വ്വഹിച്ചുകൊണ്ടു ക്രിസ്തുവിന്റെ അതേ പാതയില്‍ സഭയും സഞ്ചരിക്കണം.' അതിരൂപതയുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ പ്രകടമായ ഫലമാണ് ഡല്‍ഹി ഫരിദാബാദ് രൂപത. നീണ്ട വര്‍ഷങ്ങള്‍ ഈ അതിരൂപതയിലെ വൈദികര്‍ ഡല്‍ഹിയിലും ഹരിയാനയിലും, ഉത്തര്‍പ്രദേശിലും ചെയ്ത മിഷനറിപ്രവര്‍ത്തനത്തിന്റെ അഭിമാനമാണ് ഫരിദാബാദ് രൂപത. സീറോ-മലബാര്‍ സഭയ്ക്കു ഒരു രൂപതയുണ്ടായി എന്നതല്ല, അഭിമാനം. മറിച്ചു അവിടുത്തെ ജനങ്ങള്‍ക്കു സുവിശേഷത്തിന്റെ വെളിച്ചം പകരാന്‍ സാധിച്ചു എന്നതാണ്. സഹായ മെത്രാന്മാരായിരുന്ന അഭിവന്ദ്യ എടയന്ത്രത്ത്, പുത്തന്‍വീട്ടില്‍ മെത്രാന്മാര്‍ ഇന്നു നിര്‍വ്വഹിക്കുന്ന മിഷന്‍പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
മിഷന്‍പ്രവര്‍ത്തനം എന്നു പറയുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീറോ-മലബാര്‍ രൂപതകള്‍ സ്ഥാപിക്കുന്നതാണ് എന്നു നാം വിശ്വസിക്കുന്നില്ല. അതു ഒരു territorial expansion അല്ല. കാലത്തിനും ദേശത്തിനും അതീതമായി സുവിശേഷത്തിന്റെ വെളിച്ചം പകര്‍ന്നു നല്കലാണ്. സീറോ-മലബാര്‍ സഭയുടെ ടെറിറ്ററി വര്‍ദ്ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ അരൂപി ചോര്‍ന്നു പോകുന്നുണ്ട് എന്നതു യാഥാര്‍ത്ഥ്യം.
8. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഭിമുഖ്യം
വളരെ പ്രത്യേകമായി Gaudium et Spes എന്ന പ്രമാണരേഖ സമകാലീനയുഗത്തില്‍ സഭ എങ്ങനെ ലോകത്തോടു സംവദിക്കണമെന്നു പറയുന്നു. മനസ്സാക്ഷിയോടു വിശ്വസ്തരായി സത്യാന്വേഷണത്തില്‍ മുഴുകാന്‍ ആഹ്വാനം ചെയ്യുന്നു (നം. 16). അന്ധമായ തോന്നലുകള്‍ക്കോ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ക്കോ വശംവദരാകാതെ സ്വതന്ത്രമായ തെരഞ്ഞെടുപ്പനുസരിച്ച് പ്രവര്‍ത്തിക്കണം. ദൈവസ്‌നേഹം സഹോദരസ്‌നേഹത്തില്‍ നിന്നു അടര്‍ത്തി മാറ്റാനാവാത്തതുകൊണ്ടു സാമൂഹ്യവ്യവസ്ഥിതിയുടെ പുരോഗതിക്കായി യത്‌നിക്കണം (നം. 26). സത്യത്തോടും ധര്‍മ്മത്തോടും അലക്ഷ്യമായ വീക്ഷണം പുലര്‍ത്തിക്കൊണ്ടാവരുത് ഇതു നിര്‍വ്വഹിക്കുന്നത് (നം. 28). ഒരു പുതു സമൂഹനിര്‍മ്മിതിക്കു കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നു.
ഈ നിര്‍മ്മിതിയുടെ തുടക്കം കുറിക്കേണ്ടത് ഏറ്റവും ദരിദ്രരിലും അവഗണിക്കപ്പെട്ടവരിലുമാണെന്നു നാം വിശ്വസിക്കുന്നു. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍, ഏറ്റവും അവഗണിക്കപ്പെട്ടവര്‍ക്കും, മാനസിക രോഗികള്‍ക്കും വേണ്ടിയുള്ള വിവിധ ശുശ്രൂഷകള്‍ അല്മായരുടെ നേത്യത്വത്തില്‍ നടക്കുന്നു എന്നതു ശ്രദ്ധേ യമായ കാര്യമാണ്. അവര്‍ക്കു വേണ്ട എല്ലാ ആവശ്യങ്ങളും അതാതു സ്ഥലങ്ങളിലെ വൈദികര്‍ ചെയ്തു കൊടുക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സ്ത്രീപുരുഷന്‍മാര്‍ക്കു വിദഗ്ദ്ധ ചികിത്സ നല്കുന്ന മുക്തി സദന്‍ സാമൂഹ്യ പ്രതിബദ്ധതയുടെ നൂതന സംരംഭമാണ്. തീര്‍ത്തും ദരിദ്രകുടുംബങ്ങള്‍ക്കു അഭയമാകുന്ന പ്രവര്‍ത്തനങ്ങളാണ് വിന്‍സെന്റ് ഡി പോള്‍, സേവ്് എ ഫാമിലി പ്രോജക്ടുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ക്യാറ്റിക്കിസം ഡിപ്പാര്‍ട്ടുമെന്റും, ഫാമിലി അപ്പോസ്തലേറ്റും, സഹൃദയ സാമൂഹ്യവിഭാഗവും, പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷനും ഈ നവനിര്‍മ്മിതിയുടെ റിസോഴ്‌സുകളാണ്. ഈ നവ നിര്‍മ്മിതിയില്‍ കേവലം പാരമ്പര്യമല്ല, ചരിത്രമാണു പാഠപുസ്തകമെന്നു നാം വിശ്വസിക്കുന്നു. അങ്ങനെയാണ് ഒരു ഗവേഷണ കേന്ദ്രമായി മാറാന്‍ തക്കവിധം വളര്‍ന്ന ഒരു ആര്‍ക്കൈവ് കേരളസഭയില്‍ എറണാകുളം അതിരൂപതയ്ക്കു മാത്രം സ്വന്തമായത്. അമൂല്യങ്ങളായ രേഖകളും പുരാവസ്തുക്കളുമാണ് നീണ്ട വര്‍ഷങ്ങളിലെ പരിശ്രമത്തിലൂടെ നാം സമാഹരിച്ചിരിക്കുന്നത്. പ്രകൃതിയെയും, പ്രകൃതിവിഭവങ്ങളെയും ചൂഷണം ചെയ്യരുതെന്നു ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഈ അതിരൂപത ഉറക്കെ പറയുകയാണ്. കൊച്ചി നഗരവാസികള്‍ കുടിക്കുന്ന പെരിയാറിലെ വെള്ളം മലിനപ്പെടുത്തുന്നതിനെതിരെയും, അനേകം പേരെ വഴിയാധാരമാക്കുന്ന ഗിഫ്റ്റ് സിറ്റിക്കെതിരെയും ഈ അതിരൂപത ഒന്നിച്ചു നിലകൊള്ളുന്നത് അതുകൊണ്ടാണ്.
കേവല സമുദായസ്‌നേഹി എന്ന പ്രീ-വത്തിക്കാന്‍ ആശയത്തെ തിരുത്തികൊണ്ടു സുവിശേഷത്തിന്റെ അരൂപിയില്‍ ആധുനികലോകത്തോടു സംവദിക്കാന്‍ സഭയെ പ്രാപ്തമാക്കുന്ന രീതിയില്‍ ഈ അതിരൂപതയിലെ യുവജനപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ നിര്‍മ്മിതിയുടെ ഭാഗമാണ്. ക്രിസ്തുസ്‌നേഹം കേവലസമുദായസ്‌നേഹമല്ല. അതു മാനവികതയുടെ തുറന്ന പുസ്തകമാണ്. ഈ നവനിര്‍മ്മിതി നീതിയുടെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ദൈവരാജ്യനിര്‍മ്മിതിയാണ്.
9. വെല്ലുവിളിയും അവസരവും
കേരളസഭയിലെന്നല്ല, ഭാരതസഭയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്് അതിരൂപതയില്‍ നടന്ന സാമ്പത്തിക അഴിമതി. അതിരൂപതാദ്ധ്യക്ഷനും ഫിനാന്‍സ് ഓഫീസറും ഉള്‍പ്പെട്ട ഈ അഴിമതിയോടു എന്തുകൊണ്ടാണ് കര്‍ശനനിലപാടു സ്വീകരിച്ചത് എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുണ്ടായി. ചില മെത്രാന്‍മാര്‍ തന്നെ പറഞ്ഞു, ഇതൊക്കെ പല രൂപതകളിലും കോണ്‍ഗ്രിഗേഷനിലും നടക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടു എറണാകുളം? ഈ നിലപാടിനു കാരണം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നു വച്ച സുതാര്യതയുടെ വാതില്‍പടിയില്‍ ചവിട്ടി നിന്നുകൊണ്ടു വത്തിക്കാന്‍ ബ്യൂറോക്രസിയിലും, സാമ്പത്തികകാര്യങ്ങളിലും ഒന്നിനു പുറകേ ഒന്നായി ഫ്രാന്‍സിസ് പാപ്പ നടത്തിയ കര്‍ശനനടപടികളാണ്. വിധവയുടെ കൊച്ചുകാശാണ് ഈ പണമെന്നും, സഭയുടെ സമ്പത്തു പണമല്ല, സുവിശേഷമൂല്യമാണെന്നും, വ്യക്തിയല്ല, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയാണ് പ്രധാനമെന്നും വിശ്വസിക്കുന്ന സംസ്‌കാരം ഈ അതിരൂപതയ്ക്കുള്ളതുകൊണ്ടാണ്. അതിനാല്‍ അഴിമതിയുടെ ധ്രുവീകരണത്തില്‍ അതിരൂപത വീഴാതെ സൂക്ഷിക്കുക എന്നതു വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഒരു പ്രതിസന്ധിയല്ല, അവസരമാണ്. ക്രൈസ്തവികത കേവലം ഒരു മതമല്ലെന്നും അതു ലോകത്തിനു മുഴുവനുമുള്ള സനാതന ദര്‍ശനമാണെന്നും ഉറക്കെ പ്രഘോഷിക്കാനുള്ള അവസരം.
10. ആഗോള സഭയ്ക്ക് ഒരു മാതൃക
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനങ്ങള്‍ എങ്ങനെയാണ് ഒരു അതിരൂപതയില്‍ നടപ്പിലാക്കിയത് എന്ന് ഒരുപക്ഷേ ആഗോളസഭതന്നെ പഠനവിഷയമാക്കേണ്ട ചരിത്രമാണ്. 1965 മുതല്‍ 2021 വരെയുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രം. ഈ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണ്. നീതിയും, സത്യവും, ധാര്‍മ്മികതയും അനുസരിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഒരു സമൂഹത്തിനു പുതിയ വെല്ലുവിളികള്‍ വന്നുകൊണ്ടിരിക്കും. ഇവയെല്ലാം നമുക്കു പുതിയ അവസരങ്ങളാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി, 125 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നാം യാത്ര തുടരുകയാണ്. ചാലക്കുടി മുതല്‍ ചേര്‍ത്തലവരെയുള്ള ഒരു ഭൂമിക തുറന്നു കിടക്കുന്നു. ട്രാന്‍സ്ഫര്‍മേഷന്‍, റിഫോര്‍മേഷന്‍, റെവലൂഷന്‍ എന്നീ മൂന്നു പ്രക്രിയകളിലൂടെ ആ യാത്ര തുടരാം.
ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ഉദ്ഘാടന പ്രസംഗത്തിലെ വാക്കുകള്‍ ചിരസ്മൃതിയാക്കാം: 'മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ തുറകളെയും സ്വാധീനിക്കണമെങ്കില്‍ അവശ്യം ചെയ്യേണ്ട ഒന്നുണ്ട്, സത്യത്തില്‍ നിന്നു സഭ അല്പവും വ്യതിചലിക്കരുത്. ആധുനിക പരിസ്ഥിതികളിലേക്കും പുത്തന്‍ സാഹചര്യങ്ങളിലേക്കും നവീനജീവിതരീതികളിലേക്കും സഭ ശ്രദ്ധ തിരിച്ചേ മതിയാകൂ.'