ആത്മീയതയില്‍ അലിഞ്ഞുചേര്‍ന്ന വര്‍ണങ്ങള്‍…

ആത്മീയതയില്‍ അലിഞ്ഞുചേര്‍ന്ന വര്‍ണങ്ങള്‍…

ഫ്രാങ്ക്ളിന്‍ എം.

ഇന്നലെകളുടെ ആകാശത്ത് വരകളുടെ വിസ്മയങ്ങള്‍ തീര്‍ത്ത് നമ്മെ മോഹിപ്പിച്ച ആര്‍ട്ടിസ്റ്റ് കിത്തോ എറണാകുളം നഗരത്തില്‍ സൗമ്യസാന്നിധ്യമായി വര്‍ണങ്ങളുടെ ലോകത്തുതന്നെയാണിപ്പോഴും. പരസ്യകലയിലും കലാസംവിധാനത്തിലും ശ്രദ്ധേയനായി നൂറോളം മലയാള ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റ് കിത്തോ പേരിന്‍റെയും പെരുമയുടെയും ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും തിരക്കിന്‍റെ ബഹളങ്ങളിലും തിരക്കില്ലായ്മയുടെ നിശബ്ദതയിലും എക്കാലവും വിനീതനായ ഒരു ചെറിയ മനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയും. ഒരുപക്ഷെ എളിമയുടെയും വിനയത്തിന്‍റെയും അസാധാരണത്വമാകാം, എണ്‍പതാം വയസ്സിലും പരിഭവമേതുമില്ലാതെ എല്ലാവരെയും സ്നേഹിച്ചും എല്ലാറ്റിനെയും ഉള്‍ക്കൊണ്ടും കലാരംഗത്തു സജീവമായി തുടരാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.

വിശാലമായ കാന്‍വാസില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് പ്രശസ്തിയിലേക്കുയര്‍ന്ന കിത്തോച്ചേട്ടന്‍ മണ്ണില്‍ പടങ്ങള്‍ വരച്ചാണ് വളര്‍ന്നത്. അമ്മ ചൂലുകൊണ്ട് വൃത്തിയാക്കിയ മുറ്റത്ത് കൈ വിരലുകൊണ്ടും കമ്പുകള്‍കൊണ്ടും ചിത്രങ്ങള്‍ കോറിയിട്ട ബാല്യം. അതായിരുന്നു തുടക്കം. സ്കൂള്‍ – കോളജ് പഠനകാലത്ത് ചിത്രരചനകളിലും ക്ലേമോഡലിംഗിലും സമ്മാനങ്ങള്‍ നേടിയിരുന്നു. പ്രീഡിഗ്രിക്കു മഹാരാജാസില്‍ ഒരു വര്‍ഷമേ പഠിച്ചുള്ളൂ. പഠനത്തേക്കാള്‍ വഴങ്ങുന്നത് പടംവരയാണെന്നു തോന്നി. "അന്നത്തെ അധ്യാപകര്‍ ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എന്നെ ഉപദേശിച്ചിരുന്നു. അങ്ങനെയാണ് എറണാകുളത്തെ കൊച്ചിന്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ഞാന്‍ ചേരുന്നത്" – കിത്തോച്ചേട്ടന്‍ അനുസ്മരിക്കുന്നു.

നാലഞ്ചുവര്‍ഷം സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിച്ചു. ഇക്കാലത്ത് ചില ആര്‍ട്ട്വര്‍ക്കുകളൊക്കെ ചെയ്യാന്‍ തുടങ്ങി. എറണാകുളത്ത് അന്ന് ചെറുതും വലുതുമായ അനേകം പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു. അതിനായി ഒരു ഓഫീസും ആരംഭിച്ചു. ഈ ഘട്ടത്തിലാണ് ബാല്യകാല സുഹൃത്തായ കലൂര്‍ ഡെന്നീസ് വഴി ചിത്രകൗമുദി എന്ന സിനിമ പ്രസിദ്ധീകരണത്തിന്‍റെ രൂപകല്‍പന ചെയ്യാന്‍ തുടങ്ങിയത്. അതിലൂടെ സിനിമാ രംഗവുമായി അടുത്തു. 1976-ല്‍ എ.ജെ. കുര്യാക്കോസ് എന്ന നിര്‍മ്മാതാവ് തന്‍റെ ആദ്യപടം നിര്‍മ്മിക്കാന്‍ കിത്തോയുടെ സഹായം തേടി. സംവിധായകന്‍ ഐവി ശശിയുമായുള്ള കിത്തോയുടെ ബന്ധത്തില്‍ എ.ജെ. കുര്യാക്കോസ് നിര്‍മ്മിച്ച 'ഈ മനോഹര തീരം' എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിന്‍റെ പരസ്യകലയും അദ്ദേഹം തന്നെ നിര്‍വഹിച്ചു. തുടര്‍ന്നു നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അതില്‍ അമ്പതോളം ചിത്രങ്ങളില്‍ കലാസംവിധായകനായി. പ്രമുഖ സംവിധായകരുടെയും നടീനടന്മാരുടെയും പ്രശംസപിടിച്ചു പറ്റിയ കിത്തോയുടെ പരസ്യ ചിത്രങ്ങള്‍ കേരളത്തിലെ വഴിയോരങ്ങളില്‍ വര്‍ണക്കാഴ്ചകളായി. ഇതിനിടയില്‍ ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ് എന്ന പേരില്‍ ജയറാമിനെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.

മമ്മൂട്ടി നായകനായി അഭിനയിച്ച 'തച്ചിലേടത്ത് ചുണ്ടന്‍' എന്ന സിനിമയാണ് കിത്തോച്ചേട്ടന്‍ അവസാനമായി ചെയ്ത ചിത്രം. ആ ചിത്രത്തിന്‍റെ വര്‍ക്ക് പൂര്‍ത്തിയാക്കിയില്ല. ഏതാണ്ട് പകുതി പിന്നിട്ടപ്പോള്‍ അവസാനിപ്പിച്ചു. ഈ ഘട്ടത്തിലാണ് ആത്മീയതയുടെ വഴിയിലേക്ക് കിത്തോച്ചേട്ടന്‍ തിരിയുന്നത്. എറണാകുളത്തെ ഓഫീസില്‍ സിനിമയുടെ വര്‍ക്കുകള്‍ക്കു പുറമെ മാസികകളുടെയും പുസ്തകങ്ങളുടെയും മറ്റും ലേ ഔട്ടും നടത്തിയിരുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നിറങ്ങിയിരുന്ന 'വചനോത്സവം' മാസികയുടെ രൂപകല്‍പനയും അതില്‍ ഒന്നായിരുന്നു. വചനോത്സവം മാസികയുമായി ബന്ധപ്പെടാനും അതിലൂടെ ഫാ. മാത്യു നായ്ക്കംപറമ്പിലിനെ അടുത്തറിയാനും ഇടയായി.

"എന്‍റെ മേശപ്പുറത്ത് രണ്ടുതരം വര്‍ക്കുകള്‍. ഒന്ന് സിനിമയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍, സെക്സും സ്റ്റണ്ടും വയലന്‍സും… അതേ മേശയില്‍ ക്രൂശിതനായ ക്രിസ്തുവും വ്യാകുലയായ കന്യാമറിയവും പുല്‍ക്കൂട്ടിലെ ഉണ്ണിയും…" വൈരുധ്യങ്ങളുടെ ഈ പണി മേശയില്‍ തലകുമ്പിട്ടിരുന്ന് കിത്തോച്ചേട്ടന്‍ ധ്യാനിച്ചു – ഏതാണു തന്‍റെ വഴി? ഒടുവില്‍ സിനിമയുടെ ഗ്ലാമര്‍ ലോകത്തോടു വിട പറയാന്‍ തീരുമാനിച്ചു. വചനോത്സവം മാസികയ്ക്കു പുറമെ മറ്റു പല ആനുകാലികങ്ങളും രൂപകല്‍പന ചെയ്തു. പള്ളികളുടെ അള്‍ത്താര, ഗ്രോട്ടോ നിര്‍മ്മാണം, ധ്യാനകേന്ദ്രങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും സ്റ്റേജുകള്‍…. ഇങ്ങനെ പലവിധത്തില്‍ കിത്തോച്ചേട്ടന്‍റെ കഴിവുകള്‍ വിനിയോഗിക്കപ്പെട്ടു.

ആത്മീയതയില്‍ ആഴപ്പെട്ടുള്ള ജീവിതം വലിയ സന്തോഷവും ശാന്തതയുമാണു നല്‍കിയതെന്ന് ഇദ്ദേഹം അനുസ്മരിക്കുന്നു. ധ്യാനങ്ങള്‍ കൂടുകയും അവയോടു സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ എറണാകുളത്ത് വിവിധ നവീകരണ കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. അവയെല്ലാം ഒന്നുചേര്‍ന്ന് 1993-ല്‍ ഒരു ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അതായിരുന്നു മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വെന്‍ഷന്‍റെ ആരംഭം. ഇന്നും മുടക്കമില്ലാതെ എല്ലാ വര്‍ഷവും തുടരുന്ന അതിന്‍റെ ട്രസ്റ്റ് മെംബറാണ് കിത്തോച്ചേട്ടന്‍.

എറണാകുളത്ത് കലൂരില്‍ കിത്തോസ് ആര്‍ട്സ് ആന്‍റ് ഡിസൈനിംഗ് എന്ന സ്വന്തം സ്ഥാപനത്തില്‍ കിത്തോച്ചേട്ടന്‍ നിത്യേന എത്തും. ഇളയമകന്‍ കമല്‍ അപ്പന്‍റെ പാതപിന്തുടര്‍ന്ന് വരയിലും ഡിസൈനിംഗിലും ഒപ്പമുണ്ട്. മൂത്തമകന്‍ അനില്‍ കുടുംബവുമൊത്ത് വിദേശത്താണ്. ഭാര്യ ലില്ലി. ഇനിയും കൂടുതല്‍ ആഗ്രഹങ്ങളൊന്നുമില്ല. കിട്ടിയതും നേടിയതുമെല്ലാം ദൈവത്തിന്‍റെ ദാനമാണെന്നു പറഞ്ഞ് കിത്തോച്ചേട്ടന്‍ കൈകൂപ്പുന്നു. അര്‍ഹിക്കുന്ന അംഗീകാരം സഭയില്‍ നിന്നോ സര്‍ക്കാരില്‍നിന്നോ കിട്ടിയിട്ടില്ലെന്ന പരാതിയൊന്നുമില്ല. 'രശ്മി' എന്ന പേരില്‍ വിദേശമലയാളികള്‍ക്കായി ഇദ്ദേഹം രൂപകല്‍പന ചെയ്ത മാസികയ്ക്കു സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച പ്രിന്‍റിംഗിനും രൂപകല്‍പനയ്ക്കുമുള്ള അവാര്‍ഡു ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡുവേളയില്‍ രൂപകല്‍പനയ്ക്കുള്ള പുരസ്ക്കാരം സമ്മാനിച്ചത് മാസികയുടെ പ്രസാധകര്‍ക്കായിരുന്നു. പലപ്പോഴും അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിക്കുമ്പോള്‍ മാത്രം അവരെപ്പറ്റി അറിയുന്ന സഭാസംവിധാനങ്ങളിലെ അവാര്‍ഡു ദാനങ്ങളിലും ഇതുവരെ കിത്തോച്ചേട്ടന്‍ ഇടംനേടിയിട്ടില്ല. പക്ഷെ ഒന്നിലും ഒരു വിഷമവും ദുഃഖവുമില്ലെന്ന് ഈ കലാകാരന്‍ പറയുന്നു. കാരണം "ഇതൊന്നും എന്‍റെ കഴിവല്ല, ദൈവം തന്നതാണ്, അതിനപ്പുറം ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല" – എക്കാലവും തനിക്ക് ഇഷ്ടപ്പെട്ട ക്രിസ്തുവിന്‍റെ പെയിന്‍റിംഗിലേക്കു കണ്ണുകള്‍ പായിച്ച് കിത്തോച്ചേട്ടന്‍ പുഞ്ചിരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org