കയ്പ്പും മധുരവും ആഷ്‌ലിയുടെ ഓര്‍മ്മപ്പുസ്തകം

കയ്പ്പും മധുരവും ആഷ്‌ലിയുടെ ഓര്‍മ്മപ്പുസ്തകം

ഹോളിവുഡിലെ അതീവ പ്രശസ്തയും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുകയും ചെയ്യുകയായിരുന്ന ആഷ്‌ലി ജൂഡ്ഡ് എന്ന നടി എന്തിനാണ് 2002-ല്‍ താരപ്രഭ വിട്ടിറങ്ങിയത്? എന്തിനാവണം ഒരു സന്യാസിനിയെപ്പോലെ നാട് തെണ്ടാനിറങ്ങിയത്? കാരണം അവള്‍ക്കുള്ളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി തുടിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു. ഒടുവില്‍ അവള്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുകയായിരുന്നു. അവള്‍ ഒരു ക്രിസ്തു മനുഷത്വവാദിയായി, ലോകോപകാരിയായി, മനുഷ്യസ്‌നേഹിയായി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്ഷകയും വക്താവുമായി മാറി.

തന്റെ തൊഴിലിന്റെ സൂര്യന്‍ ഉദിച്ചു നിന്നപ്പോള്‍, വെള്ളിത്തിരയില്‍ ഉജ്ജ്വല താരമായി പ്രശോഭിച്ചു നിന്നപ്പോള്‍ പെട്ടെന്ന്ഏതോ തിരശീലയ്ക്കുള്ളില്‍ എന്ന പോലെ പോയ് മറഞ്ഞതെന്തേ എന്ന് അവളുടെ ആരാധകര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. അവള്‍ ഉത്തരം ഒന്നും മൊഴിഞ്ഞില്ല. ഏഷ്യയുടെ സൗത്ത് ഈസ്റ്റ് നഗരങ്ങളിലെ കുപ്രസിദ്ധ വേശ്യാഗൃഹങ്ങളിലും ചേരികളിലും പഥിക ശാലകളിലും ഒരു വട്ടം കറങ്ങി കഴിഞ്ഞപ്പോള്‍ അവള്‍ക്കു തോന്നി ഇനിമേലുള്ള തന്റെ ജീവിതം തൂങ്ങി നില്‍ക്കുന്നത് ഈ പാവം വനിതകളുടെ ഉത്ഥാനം എന്ന ആശയത്തിലാണ്.

അവള്‍ കണ്ടു മുട്ടിയ ഓരോ വനിതയോടും അവള്‍ പറഞ്ഞു; ഞാന്‍ നിങ്ങളെ ഒരിക്കലും മറക്കുകയില്ല. അവള്‍ തന്റെ അനുഭവങ്ങള്‍ ഓരോന്നും തന്റെ ഡയറിയില്‍ കുത്തിക്കുറിച്ചു. അവ ഒടുവില്‍ അവിസ്മരണീയങ്ങളായ ജീവിതാനുഭവങ്ങളുടെ ചൂടുള്ള ഓര്‍മ്മക്കുറിപ്പുകളായി മാറി. ലോകം അവ ശ്രദ്ധയോടെ വായിച്ചു. ചിലരൊക്കെ നെറ്റി ചുളിച്ചു. ചിലരൊക്കെ നെടുവീര്‍പ്പിട്ടു. മനുഷ്യ മനസ്സാക്ഷിയോട് പങ്കുചേര്‍ന്ന്, താന്‍ ഒപ്പിയെടുത്ത തന്റെ അസാമാന്യ കഥകള്‍ ലോകത്തിനു മുന്‍പില്‍ ഇതിനു മുന്‍പൊരിക്കലും സംഭവിക്കാത്തവണ്ണം തുറന്നുവയ്ക്കുവാനുള്ള ഒരു മികവും സിദ്ധിയും അവള്‍ക്കുള്ളില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. അതിജീവനത്തിന്റെ, തിരിച്ചുവരവിന്റെ മങ്ങാത്ത അനുഭവങ്ങള്‍ അവള്‍ ലോകത്തിലെ വായനക്കാരുമായി പങ്കുവച്ചു.

ബാല്യത്തില്‍ തന്റെ തന്നെ ജീവിതത്തില്‍ അനുഭവപ്പെട്ട ഒറ്റപ്പെടലുകളും സ്വകാര്യ ദുഃഖങ്ങളും കൈകാര്യം ചെയ്യാന്‍ അവള്‍ പഠിച്ചു വച്ചിരുന്ന വൈഭവങ്ങളെല്ലാം എവിടെയോ കൊഴിഞ്ഞു വീണതായി തോന്നി. ഒരിക്കല്‍ അവള്‍ക്കു ആശുപത്രിയില്‍ അഡ്മിറ്റായിക്കൊണ്ട് ചികിത്സപോലും വേണ്ടിവന്നു. ഇന്നവള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വും ഉയര്‍ത്തെഴുന്നേല്‍പ്പും സാധ്യമായിരിക്കുന്നു. നിറമൂല്യമുള്ള ഒരു നല്ല വിശ്വാസ ചൈതന്യത്തിലേക്കും ആത്മീയമായ വളര്‍ച്ചയിലേക്കും അവളുടെ ഈ പര്യടനങ്ങള്‍ വഴിതുറന്നു. സാമൂഹ്യ നീതിക്കുവേണ്ടി അക്ഷീണം പോരാടുവാന്‍ അവള്‍ക്കിതാ അസാമാന്യമായ ഒരു ശക്തി ലഭിച്ചിരിക്കുന്നു!

അവിസ്മരണീയങ്ങളാണ് ഇതിലെ ഓരോ കഥയും. ആഷ്‌ലി എന്ന വിഷര്‍ണ ബാലിക ലോകോത്തരയായ പാവങ്ങളുടെ വക്താവായ ഒരു വനിതയായി ഉദിച്ചുയരുന്നു; പ്രാമുഖ്യം നേടുന്നു. അവളുടെ കഥകളില്‍ തിളയ്ക്കുന്ന കോപവും, ക്ഷമയുടെ മൃദു സ്പര്‍ശവും, ഒറ്റപ്പെടലിന്റെ ധര്‍മ്മ സങ്കടവും, സജീവമായുള്ള മുന്‍കൈ എടുക്കലും, പരസ്പരമുള്ള അവലംബവും, മനമിടിക്കുന്ന വിഷാദവും എല്ലാം കൂടി കലര്‍ന്ന് അവിയലായി കിടക്കുന്നു. മറ്റുള്ളവരുടെ ഉത്ഥാനത്തിലൂടെ നമ്മുടെ സ്വാസ്ഥ്യവും മനസ്സമാധാനവും വീണ്ടെടുക്കാമെന്നു കൂടി ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. പക്ഷെ ഒരു ബെസ്റ്റ് സെല്ലെറാകാനുള്ള സാമഗ്രികളൊന്നും ഇതിലില്ല!

നമ്മുടെ മനസ്സുകളെ വല്ലാതെ പോറലേല്‍പ്പിക്കുന്ന ചില ദുര്‍ബല സ്ത്രീകള്‍ ഇതില്‍ കഥാപാത്രങ്ങളാണ്. ബാല്യത്തില്‍ത്തന്നെ മറ്റുള്ളവര്‍ കച്ചവട ചരക്കാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞവര്‍. എച്ച് ഐ വി ക്കും ഗുഹ്യ രോഗങ്ങള്‍ക്കും അടിമയായവര്‍! ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഒട്ടേറെ യാത്രകള്‍ ആഷ്‌ലി നടത്തി. പലപ്പോഴും ഞെട്ടിക്കുന്നതായിരുന്നു കാഴ്ചകള്‍. സെക്‌സ് അടിമയാക്കി കൈമാറിയവരില്‍ കേവലം എട്ടു വയസ്സുള്ള ഒരു കുട്ടിയെപ്പോലും അവള്‍ കണ്ടു.

മനുഷ്യ കടത്തലുകള്‍ക്ക് ഒരന്ത്യം കുറിക്കാന്‍ പല സംഘടനകളുമായി അവള്‍ സഹകരിച്ചു പരിശ്രമിച്ചു. അവളുടെ കമ്പോഡിയ സന്ദര്‍ശനത്തിനിടെ ചിലര്‍ അവളെ ഹോളിവുഡിലെ 'യോഗി മാസ്റ്റര്‍' എന്നു വിളിച്ചു അവഹേളിച്ചു. സ്വന്തം ഭര്‍ത്താവില്‍ നിന്നകന്ന്, തന്റെ തിളങ്ങി നിന്ന കരിയര്‍ വേണ്ടെന്നുവച്ച്, ഈ കുഴിക്കണ്ണുകളുള്ള, ദുര്‍നിയോഗത്തിന് ഇരയായ എച്ച് ഐ വി ക്കാരുടെ ഇടയില്‍, ഭയാനക സാഹചര്യങ്ങളില്‍ മാസങ്ങളോളം കഴിഞ്ഞ ആഷ്‌ലിയുടെ ത്യാഗ സന്നദ്ധതയ്ക്ക് ഇതില്‍പ്പരം എന്ത് പാരിതോഷികം വേണം?

നാറി പുഴുത്ത, എലികള്‍ കൂട്ടുവസിക്കുന്ന ഇരുളറകളില്‍ ഇക്കൂട്ടര്‍ക്കു പകല്‍ വെളിച്ചം പോലും കാണാതെ പത്തും പന്ത്രണ്ടും പേരോടൊപ്പം ശരീരം പങ്കുവയ്ക്കണം. അവരില്‍ ചിലര്‍ക്ക് തന്റെ അപ്പൂപ്പന്റെ പ്രായം ഉണ്ടാകും. അവരെയൊക്കെ മോചിപ്പിക്കാനും, ബോധവല്‍ക്കരിക്കാനും പുനരധിവസിപ്പിക്കാനുമായിരുന്നു ആഷ്‌ലിയുടെ ശ്രമങ്ങള്‍.

ആഷ്‌ലി നിസ്സംശയം ഒരു അതീവ മനുഷ്യസ്‌നേഹിയാണ്. റാവെണ്ടയിലും കോംഗോയിലും അവള്‍ ചേരി പ്രദേശങ്ങള്‍ താണ്ടി രോഗബാധയെക്കുറിച്ചു ബോധവത്കരണം നടത്തി. ഇന്ന് വലിയ ആഗോളപ്രശ്‌നമായി നിലകൊള്ളുന്ന സെക്‌സ് ട്രാഫിക്കിങ്, എച്ച് ഐ വി പോലുള്ള വിഷയങ്ങളില്‍ നല്ലൊരു അവബോധം സൃഷ്ടിക്കാന്‍ ഈ പുസ്തകത്തിനു കഴിയുന്നുണ്ട്. വികാര വായ്‌പോടെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞു സഹായഹസ്തം നീട്ടുവാനും യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ പാവപ്പെട്ട സ്ത്രീകളുമായി നല്ല സൗഹൃദം സ്ഥാപിക്കാനും ആഷ്‌ലിക്കു കഴിഞ്ഞു.

കദന കഥകളില്‍ ചിലത്

ഒരു വേശ്യാഗൃഹത്തിലെത്തിയ പെണ്‍കുട്ടി അവളുടെ ചരിത്രം വിളമ്പിയത് ഇങ്ങനെ. ആദ്യത്തെ അനുഭവം ഇതായിരുന്നു. അവളുടെ കന്യാത്വത്തെ ഒരു ജര്‍മ്മന്‍ ടൂറിസ്റ്റിനു വ്യഭിചാര ശാലക്കാര്‍ കാണിക്കവച്ചു. അയാള്‍ കാമ ഉത്തേജനത്തിനുള്ള വൈയാഗ്രാ വിഴുങ്ങി അവസാനിക്കാത്ത ഒരു രാത്രിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഗദ്ഗദങ്ങളോടെ അവള്‍ ആ സംഭവം വിവരിക്കുന്നു. അവള്‍ അന്ന് പല പ്രാവശ്യം ബലാല്‍സംഗത്തിന് ഇരയായി. ഒടുവില്‍ പൊട്ടിനശിച്ച ജന്മേന്ദ്രിയവുമായി അവള്‍ക്ക് ആശുപത്രിയെ അഭയം പ്രാപിക്കേണ്ടി വന്നു. എന്തൊരു ക്രൂരത അല്ലെ? മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം?

മറ്റൊരു കദന കഥ പറഞ്ഞത് ഒരു ട്രാന്‍സ് ജെന്‍ഡര്‍ സെക്‌സ് വര്‍ക്കര്‍ ആണ്. അവളുടെ മുഖത്തു തലങ്ങനേയും വിലങ്ങനെയും മാന്തി കീറിയതുപോലത്തെ വലിയ പാടുകള്‍ കാണാമായിരുന്നു. ബാല്യകാലത്തു താന്‍ മറ്റു ആണ്‍കുട്ടികളില്‍ നിന്ന് വിഭിന്നയാണ് എന്ന് തിരിച്ചറിഞ്ഞതോടെ അവള്‍ വീട് വിട്ടോടിയതായിരുന്നു. ഒടുവില്‍ അവള്‍ കമ്പോഡിയയില ഫെനോമ് പെന്നിലെത്തി. ആഷ്‌ലിയുടെ നെഞ്ചില്‍ തലചാര്‍ത്തി വിങ്ങിപൊട്ടിക്കൊണ്ടു അവള്‍ തന്റെ അനുഭവം വിവരിച്ചു. ഒരു ക്രൂരനായ മനുഷ്യന്‍ അവളെ നിലത്തിട്ടു ചവിട്ടി അമര്‍ത്തി. അവളെ അതിക്രൂരമാം വിധം ബലാത്സംഗം ചെയ്തു. അവശതയില്‍ അര്‍ദ്ധപ്രജ്ഞയായി കിടന്നപ്പോള്‍ ഒരു നായ അവളുടെ മുഖം മാന്തിക്കീറി. ക്രൂരമായ ആ ബലാത്സംഗത്തിനുശേഷം അവള്‍ എച്ച് ഐ വി ബാധിതയുമായി.

എന്താണ് ഈ ലോകത്തു നടക്കുന്നത്?

ലോകത്തില്‍ വച്ചേറ്റവും വിഷലിപ്തവും മ്ലേച്ഛവുമായ ഒരു ബിസിനസ്സാണ് സെക്‌സ് ട്രാഫിക്കിങ്ങും മനുഷ്യക്കച്ചവടവും. പ്രായമില്ലാത്ത കുഞ്ഞിനെപ്പോലും ലിംഗഭേദമെന്യേ കച്ചവട ചരക്കാക്കും. ലാഭകരമായ ഈ ബിസിനസ്സിലൂടെ കോടികള്‍ സമ്പാദിച്ചുകൊണ്ട് ആഡംബര കാറുകളിലും സ്വന്തം വിമാനത്തിലും ലോകം കറങ്ങുന്നവര്‍ ഈ ലോകത്തുണ്ട്. കൂടുതലും ദുര്‍ബലകളായ എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെയാണ് അവര്‍ ആസൂത്രിതമായി വലയില്‍ വീഴ്ത്തുക. പലപ്പോഴും എം ഡി എം എ പോലുള്ള ലഹരി വസ്തുക്കളുടെ അകമ്പടിയും കാണും. ദൈവഭയത്തിന്റെ അഭാവത്തില്‍ വളരുന്ന, മാതാപിതാക്കളുടെ പരിലാളനം ഇല്ലാത്ത കുട്ടികളാണ് എളുപ്പത്തില്‍ വഴിതെറ്റി പോവുക എന്ന് നമുക്കറിയാം. പലപ്പോഴും സുഹൃത്തായി അവതരിച്ചുകൊണ്ട് അവര്‍ പിന്നീട് ക്രൂരതയും ആക്രമണ സ്വഭാവവും പുറത്തിറക്കും. ചതിയിലൂടെയും ബ്ലാക്‌മെയിലിംഗില്‍ കൂടെയും അവരെ രക്ഷിക്കപ്പെടാനാവാത്ത ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടും. അത്തരം ഇടങ്ങളിലൂടെയാണ് ആഷ്‌ലി തന്റെ അന്വേഷണങ്ങളുമായി നടന്നത്.

പാവം പെണ്‍കുട്ടികളുടെ മനുഷ്യത്വ അവകാശങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ലാഭത്തിനായി അവരെ പരിപൂര്‍ണ്ണമായി ചൂഷണത്തിനിരയാക്കുന്ന ആധുനിക യുഗത്തിലെ അടിമത്ത വ്യവസ്ഥയാണിത്. മനുഷ്യക്കടത്ത് ഒരു ആഗോള തലത്തിലുള്ള ശിക്ഷാര്‍ഹമായ കൊടുംക്രൂര കുറ്റ കൃത്യമാണ് എന്നിരിക്കിലും ഇതിനു പിന്നിലെ വന്‍ സ്രാവുകള്‍ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്.

രക്ഷകയുടെ കുപ്പായമില്ലാതെ

ആഷ്‌ലി തന്റെ പ്രവര്‍ത്തികള്‍ ചെയ്തപ്പോഴൊന്നും തനിക്കു ചുറ്റും ഒരു പ്രഭാ വലയമോ മായാ പ്രപഞ്ചമോ സൃഷ്ടിക്കാന്‍ ശ്രമിച്ചില്ല. താന്‍ ഏതോ മഹത്കാര്യം ചെയ്യുന്നു എന്നൊരു ധ്വനിയൊന്നും ഈ പുസ്തകത്തിന്റെ ഒരു ഏട്ടിലുമില്ല. വിശുദ്ധിയുടെ ചിഹ്നമോ പരിവേഷമോ ഒന്നും സൃഷ്ടിക്കാതെ സാധാരണക്കാരില്‍ സാധാരണക്കാരിയായി അവള്‍ മനുഷ്യമനസ്സുകളിലേക്ക് കടന്നുചെന്നു. ലോകത്തെവിടെ നോക്കിയാലും രക്ഷാ ദൗത്യവുമായി വരുന്ന പ്രശസ്തരായ വ്യക്തികള്‍ പലരും വിമോചകരും മിശിഹാമാരുമായാണ് അവതരിക്കുക. ആഷ്‌ലിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ അത്തരം പ്രതിച്ഛായകള്‍ ഒന്നും സൃഷ്ടിക്കുന്നില്ല. അവള്‍ കണ്ട ജീവിതങ്ങളെക്കുറിച്ചാണ് അവളുടെ സത്യസന്ധമായ ആഖ്യാനം. അത് ഏതൊരു മനുഷ്യന്റെയും മനസ്സിനെ പിടിച്ചു കുലുക്കും എന്ന് മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org