

ബോബി ജോസ് കട്ടികാട്
“ഇന്നത്തെ എന്റെ സന്ദേശം എന്തിനെ ക്കുറിച്ചായിരിക്കണമെന്ന് എനിക്കിനിയും തീർച്ചയില്ല. യേശുവിന്റെ ദിവ്യമായ ഉയിർപ്പിനെ ക്കുറിച്ച് ഞാൻ സംസാരിക്കണമോ? അറിയില്ല. അവന്റെ ദിവ്യത്വത്തെക്കുറിച്ച് പറയാനല്ല ഞാനിന്ന് ആഗ്രഹിക്കുന്നത്. മറിച്ച് അവന്റെ മനുഷ്യത്വത്തെക്കുറിച്ചാണ്. അവനെങ്ങനെ ഭൂമിയിൽ ജീവിച്ചു എന്നതിനെക്കുറിച്ച്, അവന്റെ കരുണയെക്കുറിച്ച്, അവന്റെ സഹിഷ്ണുതയെ ക്കുറിച്ച് നോക്കൂ, അതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. നാം എന്തൊക്കെ വേണ്ടെന്ന് വെച്ചോ എന്തിനൊക്കെ തടയിട്ടോ ആരെയൊക്കെ അകറ്റിനിറുത്തിയോ എന്നതിന്റെ മേൽ നമ്മുടെ നന്മയെ അളക്കാനാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നാം എന്തിനെയെല്ലാം ആശ്ലേഷിക്കുന്നു, എന്തിനെയെല്ലാം മെച്ചപ്പെടു ത്തുന്നു. ആരെയെല്ലാം പ്രവേശിപ്പിക്കുന്നു. എന്നത് വച്ചാണ് നമ്മുടെ നന്മ ഗണിച്ചെടുക്കേണ്ടതെന്ന് ഞാൻ കരുതുന്നു...”
ചോക്ലേറ്റ് എന്ന ഭംഗിയുള്ള ചിത്രത്തിന്റെ ഒടുവിലാണ് ഇത്. ആരുടെയൊക്കെയോ പപ്പറ്റ് കണക്ക് ഉടനീളം ചിത്രത്തിൽ അനുഭവപ്പെട്ട ഒരു കുട്ടിയുടെ മുഖഭാവമുള്ള വൈദികൻ ഹൃദയ ത്തിൽ നിന്ന് സംസാരിച്ചു തുടങ്ങുകയാണ്. ദേവാലയത്തിലുള്ള ഓരോരുത്തരുടെയും മിഴി കൾ തിളങ്ങുകയും നിറയുകയും ചെയ്യുന്നുണ്ട് അയാളെ കേട്ടു കൊണ്ടിരിക്കുമ്പോൾ. ഇടവക ക്കാരിലൊരാൾ ആത്മഗതം പോലെ പറയുന്നത് നമുക്ക് കേൾക്കാനാവും. തീർച്ചയായും അത് അദ്ദേഹത്തിന്റെ പാടവമുള്ള പ്രസംഗമൊന്നു മായിരുന്നില്ല. എന്നാലത് ഞങ്ങളിൽ പുതിയൊരു ഉണർവ് സൃഷ്ടിച്ചു. പ്രകാശത്തിന്റെ ഒരു കീറ്, ആത്മാവിൽ ഒരു മിന്നലൊളി. കെട്ടിമുറുക്കി വച്ചിരുന്ന എല്ലാ ഗൗരവഭാവങ്ങളെയും അയവിലാക്കിക്കൊണ്ട് പുതിയൊരു മുക്തി.
അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാൻ ഒരാൾ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിത മുഹൂർത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരിക സഞ്ചാരത്തിന്റെ നാന്ദി.
അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാൻ ഒരാൾ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിത മുഹൂർത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരിക സഞ്ചാരത്തിന്റെ നാന്ദി. പത്രോസിന്റെ ദർശനത്തിലെന്ന പോലെ ഭൂതല ത്തിനു മീതെയുള്ള സർവചരാചരങ്ങളേയും ഉൾക്കൊണ്ട് ആകാശത്തുനിന്ന് ഒരു കുട്ട പ്രത്യ ക്ഷപ്പെടുന്നു, ‘ഇതു നിനക്ക് കഴിക്കാനുള്ളതാണ്.’ അയാളതു നിഷേധിച്ചു, ‘ശുദ്ധമല്ലാത്തതൊന്നും ഞാൻ ഭക്ഷിച്ചിട്ടില്ല.’ ഞാൻ സൃഷ്ടിച്ചതിനെ ശുദ്ധമെന്നും അശുദ്ധമെന്നും വേർതിരിക്കാനായി നിന്നെ ആരാണു നിശ്ചയിച്ചത്? ചില ദേശങ്ങളേയും സമൂഹങ്ങളേയും ഒഴിവാക്കിയുള്ള അയാളുടെ സുവിശേഷപഥങ്ങൾക്കുള്ള താക്കീ തായിരുന്നു അത്. ഇഷ്ടാനിഷ്ടങ്ങളെ കുറുകെ കടന്ന്, ഒരിക്കൽ വിട്ടുപോരുകയും മറുതലി ക്കുകയും ചെയ്ത അനുഭവങ്ങളെ ആലിംഗനം ചെയ്യാനുള്ള ദൂതായിരുന്നു അത്.
ദ്വന്ദങ്ങളുടെ ഈ ജീവിതത്തിൽ നാമറിയാതെ ഒരു പട്ടിക രൂപപ്പെടുന്നുണ്ട്- ഇഷ്ടം / അനിഷ്ടം. അത്തരം അനിഷ്ടങ്ങൾ ഫോബിയകളായി പ്പോലും പരിണമിക്കുന്നു. ഒരു ചെറിയ കാലത്തെ തടവറവാസത്തിനും സാമാന്യം ദീർഘമായ ഒരു ജ്വരക്കാലത്തിനും ശേഷം അസ്സീസിയിലെ ഫ്രാൻസിസിനു സംഭവിച്ചത് ശ്രദ്ധിക്കണം. തന്റെ കാലത്തെ മറ്റാരെയുംപോലെ കുഷ്ഠരോഗികളെ അയാളും ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. എതിരേ വരുന്ന രോഗബാധി തനിൽ നിന്ന് പതിവുപോലെ വഴുതിമാറാ നുള്ള ഇൻസ്റ്റിങ്റ്റിനെ അയാൾ നേരിടാൻ തീരുമാനിച്ചു. കുതിരപ്പുറത്തുനിന്ന് താഴെ യിറങ്ങി അയാൾ അവനെ ആലിംഗനം ചെയ്തു, ചുണ്ടിൽ മൃദുവായി ചുംബിച്ചു. പിന്നീട് അയാളിങ്ങനെയാണ് എഴുതിയത്: “When I was in sin, the sight of lepers nauseated me beyond measure; but then God himself led me into their company, and I had pity on them. When I became acquainted with them, what had previously nauseated me became the source of spiritual and physical consolation for me.” ഒരിക്കൽ മനം മടുപ്പിച്ചിരുന്ന കാഴ്ചകളിലേക്ക് എന്നെ ദൈവം തന്നെ കൂട്ടിക്കൊണ്ടു പോവുകയും അൻപുണർ ത്തുകയും ചെയ്തു. അവരെ പരിചയ പ്പെട്ടപ്പോൾ മനംപിരട്ടലിനു പകരം ആത്മാവിന്റെയും ശരീരത്തിന്റെയും ആശ്വാസമായി അതു പരുവപ്പെട്ടു.
ക്രിസ്തു രൂപപ്പെടുവോളം സാധകൻ കടന്നുപോകേണ്ടിവരുന്ന ഈറ്റുനോവി നേക്കുറിച്ച് ഗലാത്യരോട് പോൾ പറയു ന്നുണ്ട്. ക്രിസ്തു എന്നാൽ നിർമ്മലസ്നേഹ ത്തിലേക്കുള്ള ഒരുവന്റെ ജ്ഞാനസ്നാന മെന്ന് തിരുത്തിവായിക്കണം. ആ ഈറ്റു നോവിന്റെ സൂചനകളിൽ ആദ്യത്തേ താണ് നമ്മൾ പരാമർശിച്ചത്. എങ്ങനെ യാണ് ഒരു സ്ത്രീ തന്റെ ഉള്ളിലെ നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയു ന്നത്? ഇന്നലെവരെ ഇഷ്ടമുള്ള പല വിഭവങ്ങളും ഇന്നവളെ മടുപ്പിക്കുന്നു - nauseating. ഒപ്പം, ഇന്നലെവരെ തെല്ലും താല്പര്യ മുണർത്താതിരുന്നവയോട് പുതിയ കൗതുകങ്ങളും മമതകളും രൂപപ്പെടുന്നു. ഇതാണ് ആത്മീയതയുടെ പ്രഭാതരോഗം - morning sickness. സന്ധ്യകളിൽ ചങ്ങാതിക്കൂട്ടത്തോടൊപ്പം പാനോപചാരങ്ങളിൽ സന്തോഷിച്ചിരുന്ന ഒരാളെ പെട്ടെന്ന് മടുപ്പ് പിടികൂടുന്നു. പുലരിയിലെ തണുത്ത നാട്ടുവഴികളിലൂടെ തിടുക്കത്തിൽ ആരാധനാലയത്തിലേക്കു പോകുന്ന ഒരു വയോധികൻ അയാളെ കൗതുകപ്പെടുത്തുകയും ചെയ്യുന്നു. അവിടെ എന്തായിരിക്കാം അയാളെ കാത്തിരിക്കുന്നത്?
ഫ്രാൻസിസ് കുറിച്ചത് ഇങ്ങനെയാണ്: “ഇന്നലെവരെ കയ്പ്പുള്ളവ ആ നിമിഷം മുതൽ എനിക്കു മധുരമായി, മധുരം കയ്പ്പും.”