സിനഡാത്മകതയുടെ സന്യാസാനുഭവം

സിനഡാത്മകതയുടെ സന്യാസാനുഭവം
ഏതെങ്കിലും രീതിയില്‍ ഭയം സൃഷ്ടിക്കുന്ന ഘടകങ്ങളെ നിര്‍മ്മാര്‍ജനം ചെയ്ത് സ്‌നേഹം കൊണ്ട് എല്ലാത്തിനെയും എല്ലാവരെയും കൂട്ടായ്മയില്‍ ഒന്നിപ്പിക്കുക എന്ന ഉത്തരവാദിത്വം സന്യാസ സമൂഹങ്ങളിലെ അധികാരികള്‍ പ്രത്യേകം ഏറ്റെടുക്കണം.

സഭ സ്വഭാവത്താല്‍ തന്നെ സിനഡാത്മകമാണ് എന്ന് ഒരുക്കരേഖയുടെ ആമുഖത്തില്‍ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് പ്രത്യേകിച്ച് ഈ വിഷയം ആഗോള സഭാ തലത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്? സിനഡ് എന്ന വാക്ക് പരിചിതമായിരുന്നെങ്കിലും സിനഡാത്മകത എന്ന പദം 2021 മുതലാണ് നമ്മുടെ ചര്‍ച്ചാ പരിചിന്തന തലങ്ങളില്‍ ഗൗരവമായി വിഷയീഭവിക്കുന്നത്. ചരിത്രഗതികള്‍ വിലയിരുത്തുമ്പോള്‍, വളരെ അടിസ്ഥാനപരമായ നന്മ, നഷ്ടപ്പെട്ടു പോകുമ്പോഴോ, ചോര്‍ന്നു തീരുമ്പോഴോ, ഇല്ലാതെയായി കഴിയു മ്പോഴോ, അതിന്റെ ഉണ്മ ജീവനില്ലാതെയാകുമ്പോഴൊ… ഒക്കെയാണ് അത് പുനരുജീവിപ്പിക്കുന്നതിനും പച്ചപിടിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമൊക്കെ യായി വീണ്ടും ഉത്തരവാദിത്വപ്പെട്ടവര്‍ അത് അവതരിപ്പിക്കുന്നത്.

  • ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി

കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവ സിനഡാത്മക സഭയുടെ ലക്ഷ്യമായി ഗണിക്കപ്പെടുന്നവയാണ് (For a Synodal Church: Communion, Participation, Mission). പോപ്പ് ഫ്രാന്‍സീ സിന്റെ വാക്കുകളില്‍ സിനഡാത്മകത സഭയുടെ നൈസര്‍ഗിക ഘടകമാണ്. എന്നു മാത്രമല്ല, മൂന്നാം സഹസ്രാബ്ദത്തിലെ സഭ എല്ലാ അര്‍ത്ഥത്തിലും സിനഡാത്മകമായിരിക്കണം എന്നുമാണ്. അപ്പോള്‍ തീര്‍ച്ചയായും ഇതിന്റെ സന്യാസ പരിപ്രേക്ഷ്യം നമുക്ക് വിഷയമാവുക തന്നെ ചെയ്യും. ഇതിന്റെ സന്യാസ കാഴ്ച്ചപ്പാടിലേക്ക് വരുമ്പോള്‍ സ്വാഭാവിക മായും ചില അനുകൂല ങ്ങളും പ്രതികൂലങ്ങളും പ്രത്യക്ഷമാകുന്നുണ്ട്. കൂടുതല്‍ ജൈവപരമായ അനുകൂലങ്ങളെയും മുഖ്യ പ്രതികൂലങ്ങളെയും കണ്ടെത്തുന്നത് സിനഡാത്മകതയുടെ സന്യാസാനുഭവത്തിന് സഹായകമായേക്കാം.

1. കൂട്ടായ്മ / Communion

സിനഡാത്മകസഭയ്ക്കു വേണ്ടി നാം ആദ്യം ശ്രദ്ധിക്കുന്നത് കൂട്ടായ്മ യുടെ അനുഭവതലത്തിലാണ്. ഇവിടെ, ഓരോ സന്യാസ സമൂഹവും അതിന്റെ വ്യക്തിപരവും സാമൂഹികവുമായ കൂട്ടായ്മ യുടെ അനുഭവത്തെ വിശകലനം ചെയ്യേണ്ടതായി വരുന്നു. ഓരോ സന്യാസി/ സന്യാസിനിയും വ്യക്തിപര മായി ദൈവത്തോടും, സഭയോടും സഹജരോടും ഉള്ള കൂട്ടായ്മയില്‍ ആയിരിക്കുന്നു. അതേ സമയം തന്നെ സന്യാസ സമൂഹമെന്ന നിലയില്‍ തങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് സമൂഹപരമായും ഈ കൂട്ടായ്മ ജീവിക്കുന്നതിന് ശ്രമിക്കുന്നു. ഇവിടെ അനുകൂലമായിരിക്കുന്നത് സന്യാസ കൂട്ടായ്മയുടെ ഉറവിടങ്ങളും അതില്‍ നിന്നും ആര്‍ജിക്കുന്ന ചൈതന്യവുമാണ്. പരി. ത്രിത്വവും ദിവ്യകാരുണ്യവും തന്നെയാണു സിനഡാത്മക സഭയുടെ communion തലത്തിന്റെ ഊര്‍ജ സ്രോതസുകള്‍. എല്ലാ സന്യാസ സമൂഹങ്ങ ളുടെയും കൂട്ടായ്മയുടെ ബലവും മാതൃകയും ഇതുതന്നെയാണ് എന്നെനിക്ക് തോന്നുന്നു. അതിനാല്‍ സിനഡാത്മക കൂട്ടായ്മ ജീവിക്കുന്നതിന് സന്യാസ സമൂഹങ്ങള്‍ക്ക് തങ്ങള്‍ പിന്തുടര്‍ന്നു വരുന്ന, അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരേണ്ട മാതൃകകളെ ഇനിയും ആഴത്തില്‍ അടുത്ത് അനുഗമിച്ചാല്‍ മതിയെന്ന് സാരം. പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രവര്‍ത്തന സ്വഭാവത്തില്‍ വ്യത്യസ്തരെങ്കിലും അതിരുകളോ അധിനിവേശ ങ്ങളോ ആധിപത്യങ്ങളോ ഇല്ലാതെ സ്‌നേഹത്തില്‍ ഒന്നാകുന്ന ത്രിത്വത്തിന്റെ സമന്വയം തന്നെയാണ് ഓരോ സന്യാസ സമൂഹ ത്തിന്റെയും മാതൃക. ഈ പാരസ്പര്യലയം എല്ലാ വ്യത്യസ്തതകളെയും വലിപ്പ ചെറുപ്പ താരതമ്യങ്ങളില്ലാതെ അംഗീകരിക്കുന്നു. ഈ communion തലത്തിന് പ്രതികൂലമാകുന്ന ഘടകം autocracy/ഏകാധിപത്യ പ്രവണതയുടേതാണ്. സിനഡാത്മകതയുടെ യഥാര്‍ത്ഥ അര്‍ത്ഥ തലങ്ങളിലേക്കു വളരാന്‍ സന്യാസസമൂഹങ്ങളില്‍ നാം പ്രധാനമായും മറികടക്കേണ്ടി വരിക ഒരു structural autocratic സ്ഥിതിവിശേഷമായിരിക്കും.

സന്യാസ സമൂഹങ്ങളില്‍ നിലനിന്നു പോരുന്ന ഈ ഘടനാ സ്വേച്ഛാധിപത്യത്തിന്റെ ബലത്തിലാണ് നിയമ നിര്‍മ്മാണങ്ങളും നിയമ പാലനങ്ങളുമൊക്കെ നടത്തപ്പെടുന്നത്. വ്യാഖ്യാനിക്കപ്പെട്ടു വിശുദ്ധിയുടെ പോലും പരിവേഷം ചാര്‍ത്തപ്പെടുന്ന ഈ ആധിപത്യം സമൂഹങ്ങളിലെ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമായവരെ വീണ്ടും കൂടുതല്‍ ദുര്‍ബലരും ഭയചകിതരും ആക്കി തീര്‍ക്കുന്നു.

Communion Vs Structural Autocracy

ആധിപത്യങ്ങളൊന്നും, അത് ഏത് തരത്തിലുള്ളവയായാലും ക്രിസ്തുശൈലി അല്ല. ഏകാധിപത്യം, സ്വേച്ഛാധിപത്യം, ജനാധിപത്യം തുടങ്ങിയ ആധിപത്യ അധിനി വേശങ്ങളൊന്നും പരിശുദ്ധാത്മാവ് പടുത്തുയര്‍ത്തുന്ന കൂട്ടായ്മയില്‍ ഇല്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സന്യാസ സമൂഹങ്ങളില്‍ കാലവും പാരമ്പര്യവും രൂപം കൊടുത്തിട്ടുള്ള Structural Autocracy വലിയ കേടുപാടുകളൊന്നും കൂടാതെ നിലനിന്നു പോരുന്നു എന്നതാണു യാഥാര്‍ത്ഥ്യം എന്ന് എനിക്കു തോന്നുന്നു. ഘടനാപരമായ സ്വേച്ഛാധിപത്യത്തെ മറികടന്നെങ്കില്‍ മാത്രമല്ലേ സിനഡാത്മകത മുന്നോട്ടുവയ്ക്കുന്ന കൂട്ടായ്മയില്‍ നമുക്ക് ജീവിക്കാനാവുകയുള്ളൂ? Personal Autocracy സന്യാസ സമൂഹങ്ങളില്‍ പ്രായോഗികമാകാന്‍ സാധ്യത കുറവാണ്. (ഉണ്ടെങ്കില്‍ തീര്‍ച്ചയായും തിരുത്തപ്പെടേണ്ട താണ്). കാരണം അധികാര സ്ഥാനത്ത് എത്തുന്നവര്‍ക്ക് സമയത്തിന്റെയും പ്രായത്തിന്റെയും പരിധികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ കാലം കഴിഞ്ഞാല്‍ അയാള്‍ തല്‍സ്ഥാനത്ത് നിന്നും മാറിയേ തീരൂ. പക്ഷേ ഘടനാ സംവിധാനത്തിന്റെ autocracy/ആധിപത്യ സ്വഭാവം നില നില്‍ക്കുകയാണ്. സിനഡാത്മക ശൈലിയില്‍ ഒരു ഹയരാര്‍ക്കിക്കല്‍ ഘടനയുടെ ശ്രേണി സ്വഭാവം ഇല്ലേയില്ല എന്നു മാത്രമല്ല, അത് വിപരീതമാണു താനും. ആ ത്രികോണ ശ്രേണിയില്‍ നേരിട്ടു ഭാഗമല്ലാത്ത ആളെന്ന നിലയില്‍ എനിക്കിത് പറയാന്‍ താരതമ്യേന എളുപ്പമാണ്. ആ ഹയരാര്‍ക്കിയുടെ ഏതെങ്കിലുമൊക്കെ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ ഇതത്ര സുഖവുമില്ല. സന്യാസ സമൂഹങ്ങളില്‍ നിലനിന്നു പോരുന്ന ഈ ഘടനാ സ്വേച്ഛാധിപത്യ ത്തിന്റെ ബലത്തിലാണ് നിയമ നിര്‍മ്മാണങ്ങളും നിയമ പാലനങ്ങളു മൊക്കെ നടത്തപ്പെടുന്നത്. വ്യാഖ്യാനിക്കപ്പെട്ടു വിശുദ്ധിയുടെ പോലും പരിവേഷം ചാര്‍ത്തപ്പെടുന്ന ഈ ആധിപത്യം സമൂഹങ്ങളിലെ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരു മായവരെ വീണ്ടും കൂടുതല്‍ ദുര്‍ബലരും ഭയചകിതരും ആക്കി തീര്‍ക്കുന്നു. 2023 ഒക്‌ടോബറില്‍ നടത്തപ്പെട്ട ബിഷപ്പ് സിനഡിന്റെ സമ്മറി റിപ്പോര്‍ട്ടില്‍ religious life നെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സാഹോദര്യത്തെ നശിപ്പിക്കുന്ന ആധിപത്യ പ്രവണതകള്‍ക്ക് സിനഡാത്മകതയില്‍ സ്ഥാനമേയില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. അധികാരത്തിന്റയും നിയമങ്ങളുടെയും അകല്‍ച്ചകളല്ല, ഊട്ടുമേശയില്‍ കൂടെയിരുത്തി, കാലുകള്‍ കഴുകി, സ്‌നേഹിതാ എന്നു വിളിച്ച് അപ്പം പങ്കുവയ്ക്കുന്ന ക്രിസ്തുസ്‌നേഹത്തിന്റെ സ്വാതന്ത്ര്യത്തിലാണ് സന്യാസ കൂട്ടായ്മകള്‍ വളരേണ്ടതും വിരിയേണ്ടതും. ഏതെങ്കിലും രീതിയില്‍ ഭയം സൃഷ്ടിക്കുന്ന ഘടകങ്ങളെ നിര്‍മ്മാര്‍ജനം ചെയ്ത് സനേഹം കൊണ്ട് എല്ലാറ്റിനെയും എല്ലാവരെയും കൂട്ടായ്മയില്‍ ഒന്നിപ്പിക്കുക എന്ന ഉത്തരവാദിത്വം സന്യാസ സമൂഹങ്ങളിലെ അധികാരികള്‍ പ്രത്യേകം ഏറ്റെടുക്കേണ്ടതായി വരുന്നു.

2. പങ്കാളിത്തം / Participation

സമൂഹത്തിലെ അംഗങ്ങളുടെ സഹഗമനത്തില്‍ ഏവരുടെയും, ഓരോരുത്തരുടെയും പങ്കാളിത്തം ഉണ്ടായിരിക്കുവാന്‍ തിരുസഭ താല്‍പ്പര്യപ്പെടുന്നു. ഈ പങ്കാളിത്തത്തിന്റെ പ്രായോഗിക വശം ബഹുമാന പുരസ്സരം നടത്തപ്പെടുന്ന സജ്ജീവമായ ശ്രവണം / respectful and active listening ആണ്. മുന്‍വിധികളോ വേര്‍തിരിവുകളോ ഇല്ലാതെ ഹൃദയപൂര്‍വം നടത്തപ്പെടുന്ന ഈ ശ്രവണം മൂന്നാം സഹസ്രാബ്ദത്തിലെ സഭ എങ്ങനെ ആയിരിക്കണമെന്നുള്ള പരിശുദ്ധാത്മ വെളിപ്പെടുത്തലിലേക്ക് നമ്മെ നയിക്കുന്നു. ആരെങ്കിലുമോ, ഒരു പ്രത്യേക വിഭാഗമോ എന്തിന്റെയെങ്കിലും പേരില്‍ അരികുവല്‍ക്കരിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെ തുറവിയോടെ കേള്‍ക്കാനുള്ള പ്രത്യേകമായ ക്ഷണം പങ്കാളിത്ത സമൂഹങ്ങള്‍ക്കുണ്ട്. ഇത് സന്യാസ സമൂഹങ്ങള്‍ക്കുള്ളിലും പുറത്തും നടക്കണം. നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ഒരു പരിച്ഛേദം നമ്മുടെ സന്യാസ സമൂഹങ്ങള്‍ക്കുള്ളിലും ദൃശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ ആരാലും marginalised ചെയ്യപ്പെടുന്നില്ലെങ്കിലും സ്വയം അങ്ങനെ കരുതപ്പെടുന്ന വിഭാഗങ്ങളുമുണ്ട്. അവരുടെ low self-esteem / താഴ്ന്ന ആത്മാഭിമാനത്തിന്റെ പ്രശ്‌നങ്ങളെ മറികടന്ന്, ഒരുമിച്ചുള്ള സഞ്ചാരത്തില്‍ കൈ ചേര്‍ത്ത് പിടിക്കുവാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെടേണ്ടതുണ്ട്. ഈ പങ്കാളിത്ത സ്വഭാവത്തിലേക്ക് വ്യക്തിയാണ് സ്വയം നല്‍കേണ്ടത്. പക്ഷേ ഇന്നിന്റെ പ്രവണതകളെ വിലയിരുത്തുമ്പോള്‍ സന്യാസ സമൂഹങ്ങളില്‍ പങ്കാളിത്ത സ്വഭാവത്തിന് എതിരു നില്‍ക്കുന്നത് പ്രധാനമായും വ്യക്തി വാദം / individualism ആണെന്ന് തോന്നുന്നു.

Participation Vs Individualism

Participation / പങ്കാളിത്തം ഒരു 'we' കള്‍ച്ചറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വ്യക്തിവാദം അഥവാ individualism, 'me' കള്‍ച്ചറിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും കൂടുതല്‍ ശക്തി പ്രാപിക്കുകയും അവ ബഹുമാനിക്കപ്പെടണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ അത് ബാധിക്കുന്നു. സമൂഹത്തിന്റെ ഐഡന്റിറ്റിയിലേക്ക് സ്വയം നീക്കി നിര്‍ത്താനും സമര്‍പ്പിക്കാനും വ്യക്തികള്‍ക്ക് കഴിയാതെ വരുമ്പോള്‍ കൂട്ടായ്മയും പങ്കാളിത്തവും എന്ന സാമൂഹിക സ്വഭാവം തന്നെ അപകടത്തിലായേക്കാം. സ്വയം പര്യാപ്തയിലേക്ക് വളരുവാനുള്ള വ്യക്തികളുടെ അമിതമായ ത്വര സ്വാര്‍ത്ഥതയില്‍ മുന്നേറാനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത് എന്ന് ഓര്‍ത്തിരിക്കാം. വ്യക്തിപരമായ നേട്ടങ്ങളും സംതൃപ്തിയും പ്രവര്‍ത്തികളിലും പ്രക്രിയകളിലും തിരഞ്ഞെടുപ്പുകളിലും മാനദണ്ഡമാകുമ്പോള്‍ 'നമ്മുടെ സമൂഹം' 'നാം ഒന്നിച്ചുള്ള നേട്ടങ്ങള്‍' എന്ന വിചാരം തന്നെ നഷ്ടപ്പെട്ടേക്കാം. വര്‍ധിച്ചു വരുന്ന വ്യക്തിവാദ പ്രവണതകളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണാനും അംഗങ്ങളുടെ ആവശ്യങ്ങളെയും തനതായ കഴിവുകളെയും പരിപോഷിപ്പിക്കുന്ന സമീപന രീതികളിലൂടെയും വ്യത്യസ്തതകളെ വിശാല അര്‍ത്ഥത്തില്‍ സ്വീകരിച്ച് കൂടൂതല്‍ സമൂഹികചൈതന്യം നിലനിര്‍ത്താന്‍ വരും കാലങ്ങളില്‍ ശ്രദ്ധിച്ചേ മതിയാകൂ.

Listening Vs insensitivity

സിനഡാത്മകതയില്‍ കേള്‍ക്കുക എന്നുള്ളത് വെറുതെ ചെവികളിലൂടെ യുള്ള സ്വരസഞ്ചാരമല്ല, മറിച്ച് active listening അഥവാ സംവേദനപരമായ കേള്‍വിയാണ്. അത് ക്രിസ്തു ശ്രവിച്ചതുപോലെയാണ് ഏവരെയും എപ്പോഴുമാണ്. ആരെയാണ് നാം കേള്‍ക്കേണ്ടത്? എല്ലാവരെയും ഓരോരുത്തരെയും കേള്‍ക്കണം എന്നുള്ളതാണ്. സമൂഹത്തേയും വ്യക്തികളെയും സംഭവങ്ങളെയും പ്രതികരണങ്ങളെയും കേള്‍ക്കണം. അവയിലൂടെ കടന്നുവരുന്ന ദൈവാത്മാവിനെ കേള്‍ക്കണം. എന്താണു കേള്‍ക്കേണ്ടത്? തീര്‍ച്ചയായും പറയുന്നത് കേള്‍ക്കണം, പക്ഷേ അതു മാത്രം പോരാ, പറയാതെ പറയുന്നതും, പറയുന്ന വരികള്‍ക്കിടയിലൂടെ പറയുന്നതും കേള്‍ക്കണം, ബഹളങ്ങളും പ്രശ്‌നങ്ങളും കേള്‍ക്കണം, മൗനങ്ങളും ഭയപ്പാടുകളും കേള്‍ക്കണം. സംവേദനപരമായ, സജീവമായ കേള്‍വിയില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ആഴപ്പെടുകയും കേള്‍വിക്കാരന്‍ തനിക്ക് സംലഭ്യനാണ് എന്ന അനുഭവം ഉണ്ടാവുകയും ചെയ്യുന്നു. സജ്ജീവമായ കേള്‍വി യുടെ വക്താക്കളായിരിക്കേണ്ട പ്രധാന വിഭാഗം അധികാരികള്‍ തന്നെയാണ്. അധികാരികള്‍ ഹൃദയപൂര്‍വം കേള്‍ക്കുമ്പോള്‍, അവര്‍ സമൂഹ ത്തിന്റെയും സഭയുടെയും ദൈവ ത്തിന്റെയും പ്രതിനിധികളായതിനാല്‍ കേള്‍ക്കപ്പെടുന്ന അംഗങ്ങള്‍ തങ്ങള്‍ വിലമതിക്കപ്പെടുന്നു എന്ന സ്വാസ്ഥ്യത്തിലേക്ക് പ്രവേശിക്കുവാന്‍ എളുപ്പമായിത്തീരുന്നു. ഏവരെയും കേള്‍ക്കുന്ന ആത്മീയ കല അഭ്യസിക്കുവാന്‍ സിന്‍ഡാലിറ്റി നമ്മെ പ്രത്യേകം ക്ഷണിക്കുന്നുണ്ട് എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു.

Inclusiveness Vs Compartmentalisation

കേള്‍വിയുടെ സുവിശേഷാത്മകത ജീവിക്കുമ്പോള്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സ്വാഭാവികമായി ത്തന്നെ വന്നുചേരുന്ന സവിശേഷത യാണ് ഇന്‍ക്ലൂസീവ്‌നസ്സ്. ഏവരെയും ഉള്‍ക്കൊള്ളുന്നതിനുള്ള ക്രിസ്തു വലുപ്പത്തിലേക്ക് പതിയെ നാം രൂപാന്തരം പ്രാപിക്കേണ്ടിയിരിക്കുന്നു. ഒരുവനെ പോലും നഷ്ടപ്പെടുത്താതെ സകലരെയും സമാശ്ലേഷിച്ച ക്രിസ്തു വിന്റെ ശൈലി തന്നെയാണിത്. സന്യാസ സമൂഹങ്ങള്‍ പൊതുസമൂഹ ത്തിനു മുന്‍പില്‍ ഈ ഇന്‍ക്ലൂസീവ് നസ്സിന്റെ മാതൃകകളായി നില കൊള്ളുന്നുണ്ട്. അത് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുകയും ചെയ്യുന്നു. പുറമെ പ്രത്യക്ഷമാകുന്ന ഈ ഇന്‍ക്ലൂസ്സിവ്‌നസ്സിന്റെ ചൈതന്യം സന്യാസ സമൂഹങ്ങളുടെ അകത്തളങ്ങളില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടോ എന്നും പുനഃപരിശോധിക്കേണ്ടി യിരിക്കുന്നു. അംഗങ്ങളുടെ സ്വാഭിമാന ത്തെയും സ്വാതന്ത്ര്യത്തെയും ഏതെങ്കിലും തരത്തില്‍ വികലമാക്കുന്ന കംമ്പാര്‍ട്ട്‌മെന്റ്‌ലൈസേഷന്‍, കാറ്റഗറൈസേഷന്‍ നിലനില്‍ക്കുന്നു ണ്ട് എങ്കില്‍ ക്രിസ്തു പകര്‍ന്ന സാര്‍വ ത്രിക സ്‌നേഹത്തിന്റെ ഉള്‍ക്കൊള്ള ലിലേക്ക് ഇനിയും നമുക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന് മനസ്സിലാ ക്കാം. ദൈവരാജ്യം സകല പക്ഷി കള്‍ക്കും ചേക്കേറാന്‍ ഉതകുന്ന വിധ ത്തില്‍ ശാഖകള്‍ വിരിച്ചു നില്‍ക്കുന്ന മരമായും എല്ലാത്തരം മത്സ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന വലയായും സുവിശേഷം നമ്മോട് പ്രഘോഷിക്കു മ്പോള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള വിഘടനമോ തരംതിരിവുകളോ സൃഷ്ടിക്കാന്‍ നാം ആരാണ്? മാത്രവുമല്ല, എന്തെങ്കിലും കുറവുകളുടെയോ ഇനി കൂടുതലു കളുടെയോ അടിസ്ഥാനത്തില്‍ ആരെയെങ്കിലും കാറ്റഗറൈസ് ചെയ്യുന്നതിനോട് ഈ കാലം വളരെ സെന്‍സിറ്റീവ് ആയിട്ടാണ് പ്രതികരി ക്കുന്നത് എന്നും നമുക്ക് ഓര്‍ത്തിരി ക്കാം. മുന്‍വിധികള്‍ ഇല്ലാതെയുള്ള ഇടപെടലുകള്‍, പരിധികളില്ലാതെയുള്ള പരിഗണനകള്‍ എന്നിവയൊക്കെ സമൂഹത്തിലെ ഏത് വിഭാഗത്തോടും വളരെ അത്യാവശ്യമായിരിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ആരാലും marginalised ചെയ്യപ്പെടുന്നില്ലെങ്കിലും സ്വയം അങ്ങനെ കരുതപ്പെടുന്ന വിഭാഗങ്ങളുമുണ്ട്. അവരുടെ low self esteem / താഴ്ന്ന ആത്മാഭിമാനത്തിന്റെ പ്രശ്‌നങ്ങളെ മറികടന്ന്, ഒരുമിച്ചുള്ള സഞ്ചാരത്തില്‍ കൈ ചേര്‍ത്തു പിടിക്കുവാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെടേണ്ടതുണ്ട്.

Mission Vs non-Biblical Witness

കൂട്ടായ്മയും പങ്കാളിത്തവും സഭാ സമൂഹത്തെ എത്തിക്കുന്നത് ഫലപ്രദ മായ ദൗത്യനിര്‍വഹണത്തിലേക്കാണ്. സുവിശേഷ പ്രഘോഷണത്തിലൂടെ യുള്ള ദൈവരാജ്യ സ്ഥാപനം എന്ന ക്രിസ്തുദൗത്യത്തിന്റെ തുടര്‍ച്ചയും അവകാശികളും ആണല്ലോ നമ്മള്‍. ആത്മീയവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും അസ്തിത്വപരവു മായി സമൂഹത്തിന്റെ അതിര്‍വരമ്പു കളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന വര്‍ക്ക് സുവിശേഷത്തിന്റെ സനാതന മൂല്യങ്ങള്‍ പകര്‍ന്നു നല്‍കി സാക്ഷ്യം വഹിക്കുക എന്ന ഉത്തരവാദിത്തമാണ് നമുക്കുള്ളത്. ദൈവരാജ്യം സംസ്ഥാപനത്തിനായുള്ള ഈ പ്രക്രിയയില്‍ ശരിയായ സാക്ഷ്യത്തിന്റെ ചൈതന്യം നഷ്ടപ്പെട്ട് പോകുന്നുണ്ടോ എന്ന് സന്യാസ സമൂഹങ്ങള്‍ ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ തന്നെ നിലനില്‍പ്പിനായി സാമുദായികവും മതപരവുമായ ഇടുങ്ങിയ ചിന്താഗതി കളിലേക്ക് ഒതുങ്ങുന്നതും അവ പ്രചരിപ്പിക്കുന്നതും സഭയുടെ അല്ലെങ്കില്‍ സന്യാസസമൂഹങ്ങളുടെ ദൗത്യമായി ഈയടുത്തകാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ടോ എന്നുള്ളത് മനസ്സിലാക്കപ്പെടേണ്ടതും വിശകലനം ചെയ്യപ്പെടേണ്ടതുമായ വസ്തുത യാണെന്ന് തോന്നുന്നു. അടിസ്ഥാന വര്‍ഗീയതയും സമുദായവല്‍ക്കരണവും നിലനില്‍പ്പിന്റെ പ്രശ്‌നവുമെല്ലാം ഉയര്‍ത്തിക്കാട്ടി ക്രിസ്തീയ മൂല്യങ്ങ ളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സഭയുടെ ദൗത്യ നിര്‍വഹണത്തില്‍ തീര്‍ച്ചയായും പാളിച്ചകള്‍ സംഭവിക്കും. വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യങ്ങളില്‍ ഭയപ്പാടിന്റെയും മത്സര്യത്തിന്റെയും ചെറുത്തുനില്‍പ്പിനുപകരം ദൈവാശ്രയ ബോധത്തോടെ സുവിശേഷാധിഷ്ഠിത മൂല്യങ്ങളില്‍ കൂടുതല്‍ ആഴപ്പെടുകയല്ലേ വേണ്ടത് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവോ അപ്പസ്തലന്മാരോ ആദിമ സമൂഹമോ നിങ്ങളുടെ നിലനില്‍പ്പ് ഒരു പ്രശ്‌നമായി കണ്ടിരുന്നുവോ? പരിശുദ്ധാത്മാവ് നയിക്കുന്ന വഴികളിലൂടെ സ്വയം നല്‍കി കടന്നുപോകുന്നതില്‍ സന്തോഷം അനുഭവിച്ച അവരുടെ കാലടികളല്ലേ നമ്മള്‍ പിന്തുടരേണ്ടത്? സഭ സമുദായവല്‍ക്കരിക്കപ്പെടുമ്പോള്‍ സന്യാസ സമൂഹങ്ങള്‍ അതിന്റെ പക്ഷം ചേരുന്നതു വഴി നഷ്ടീഭവിക്കുന്നത് സുവിശേഷ മൂല്യങ്ങള്‍ ആയിരിക്കും. ഇവാഞ്ചലൈസേഷന്‍ എന്ന ദൗത്യ നിര്‍വഹണത്തിനായി സുവിശേഷ വിരുദ്ധമായ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പകര്‍ത്തുന്നതിനും നമ്മള്‍ ഏജന്റുമാരായി തീരുന്നുണ്ടെങ്കില്‍ അതിലെ വിരുദ്ധാത്മ സ്വഭാവം / contradiction നാം തിരിച്ചറിഞ്ഞ് തിരുത്തപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

സിനഡാത്മകത ജീവിക്കുവാന്‍ ഏറ്റവും ആവശ്യമായിരിക്കുന്ന വ്യക്തിവിശേഷത കള്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.

Authenticity Vs Hypocrisy

ഒന്നാമത്തേത് ആധികാരികത അഥവ authenticity യാണ്. വ്യക്തിപരമായി ആധികാരികതയിലേക്കു എത്രമാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവോ അത്രയും ഫലപ്രദമായി സിനഡാത്മകത ജീവിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കും. കപടതയുടെ / ഹിപ്പോക്രസിയുടെ ഒരു മൂടുപടങ്ങള്‍ക്കും ഇവിടെ സാധ്യതയില്ല. തികച്ചും ആധികാരികതയുള്ള വ്യക്തികളുടെ കുറവാണ് സന്യാസ സമൂഹങ്ങളിലും സഭയില്‍ പൊതുവേയും സിനഡാത്മകത ജീവിക്കുവാന്‍ തടസ്സമായി നില്‍ക്കുന്നത്. നാം നമ്മില്‍ തന്നെ ചിതറിക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്തിരിക്കുകയാ ണെങ്കില്‍ ഒരുമിച്ചുള്ള സഹഗമനം സാധ്യമാകുന്നത് എങ്ങനെയാണ്? നേതൃത്വ നിരയിലുള്ളവര്‍ തീര്‍ച്ചയായും ഈ ആധികാരികതയുടെ ആള്‍രൂപങ്ങള്‍ ആയിരിക്കേണ്ടതാണ്. ഇതില്‍ മറ്റൊരു ചോയ്‌സ് ഇല്ല.

Courage Vs Fearfulness

ദൈവം നല്‍കുന്ന ധൈര്യം അഥവ പരിശുദ്ധാത്മാവില്‍ സ്ഥിരപ്പെടുമ്പോള്‍ മനുഷ്യാത്മാവിന് ലഭിക്കുന്ന ധൈര്യമാണിത്. വെല്ലുവിളികളെ നേരിടുവാനും പ്രശ്‌നങ്ങളില്‍ തളരാതിരിക്കുവാനും ഈ ധൈര്യം ഒരുവനെ പ്രാപ്തനാക്കും. വ്യക്തിപരവും ഘടനാപരവുമായ ആധിപത്യങ്ങളുടെ താങ്ങില്ലാതെ നില്‍ക്കണ മെങ്കില്‍, നഷ്ടങ്ങളുടെയും ചെറുതാകലുകളുടേയും വേദനകള്‍ക്കൊപ്പം നടക്കണമെങ്കില്‍, അപാരമായ ധൈര്യം കൂടിയേ തീരൂ.

Discernment Vs Mindlessness

മൂന്നാമതായി വേണ്ട പ്രധാനമായ കാര്യം Discernment അഥവാ വിവേചിച്ചറിയുന്നതിനുള്ള കഴിവാണ്. എല്ലാവരെയും കേള്‍ക്കുകയും എല്ലാവരുടെ ഒപ്പം നടക്കുകയും ചെയ്യുമ്പോള്‍ ഏതാണ് ദൈവസ്വരം എന്നും ആരിലൂടെയാണ് പരിശുദ്ധാത്മാവ് സംസാരിക്കുന്നതെന്നും തിരിച്ചറിയുക പരമപ്രധാനമാണ്. ആത്മാവിന്റെ സ്വരം ഭൂരിപക്ഷത്തിന്റെ സ്വരമായിരിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല എന്ന് സഭ നമ്മെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ ഏറ്റവും ബലഹീനവും നിസ്സാരമെന്ന് കരുതപ്പെടുന്നതുമായ ഒരാളുടെ മാത്രം സ്വരത്തിലൂടെയായിരിക്കാം ആത്മാവ് സംസാരിക്കുന്നത്. അത് തിരിച്ചറിയുവാനുള്ള വിവേകവും വിശുദ്ധിയുമാണ് സിനഡാത്മകതയുടെ സഹയാത്രയില്‍ ഏറ്റവും അനുപേഷണിയമായിട്ടുള്ളത്.

'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു. അത് എവിടെ നിന്നു വരുന്നുവെന്നോ എങ്ങോട്ടു പോകുന്നു എന്നോ നാം അറിയുന്നില്ല.' ആത്മാവെന്ന ഈ കാറ്റ് പ്രത്യേക രൂപഭാവങ്ങളില്‍ ഒതുങ്ങുന്നതല്ല. അതിന്റെ പ്രഭവ സ്ഥാനവും അന്തിമരൂപവും സഞ്ചാരവഴികളും അളന്ന് തിട്ടപ്പെടുത്താവുന്നവയുമല്ല. അതിനാല്‍ അനിശ്ചിതത്വത്തിന്റെ ആത്മവഴികളിലൂടെ സഞ്ചരിക്കുവാന്‍, ഏവരെയും ഉള്‍ക്കൊള്ളുന്ന, ചേര്‍ത്തു പിടിക്കുന്ന സിനഡാത്മകതയുടെ മനോഭാവങ്ങള്‍ സ്വന്തമാക്കുവാന്‍ നമുക്കൊരുങ്ങുകയും മറ്റുളവരെ പ്രചോദിപ്പിക്കുകയും ചെയ്യാം. 'ദൈവരാജ്യത്തെ നാം എന്തിനോടാണ് ഉപമിക്കുന്നത്? അത് നമ്മില്‍ തന്നെ മുളപൊട്ടി വേരുപാകി, പടര്‍ന്നു പന്തലിച്ച് അനേകര്‍ക്ക് അഭയമായി ത്തീരുന്ന കടുകുമണിക്ക് സദൃശ്യം. നമ്മിലെ വയലില്‍ എവിടെയോ മൂടപ്പെട്ടു കിടക്കുന്ന ഇനിയും കണ്ടെത്താനുള്ള നിധിക്ക് സദൃശ്യം. ഭൂമിയുടെ അതിര്‍ത്തികളോളം വിസ്തൃതിപൂണ്ട് സകലരേയും ഉള്‍ക്കൊള്ളുന്നതിനായി നമ്മില്‍ നിന്ന് വിരിച്ചു പിടിച്ചിരിക്കുന്ന ഒരിക്കലും കീറല്‍ വീഴാത്ത വലയ്ക്ക് സദൃശം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org