ആരും ‘ഇര’കളാകാതിരിക്കട്ടെ!

ആരും ‘ഇര’കളാകാതിരിക്കട്ടെ!
Published on

ടോംസ് ആന്‍റണി

മാംസഭുക്കുകളായ മൃഗങ്ങള്‍ക്കൊക്കെ ഇരകളുണ്ട്. പാമ്പുകള്‍ക്ക് തവള എന്നപോലെ, പൂച്ചയ്ക്ക് എലി എന്നപോലെ; ഇര പിടിക്കുക എന്നത് അവരുടെ അവകാശമാണ്. ഇര എത്ര കരഞ്ഞുകൂവിയാലും അതിനെ പിടിക്കുന്ന മൃഗങ്ങളുടെ കൂര്‍ത്ത നഖങ്ങളും, പല്ലുകളും, മറ്റ് അവയവങ്ങളും ഉപയോഗിച്ച് അതിനെ കീഴ്പ്പെടുത്തി കൊല്ലുക തന്നെ ചെയ്യും. ഇരയെ കൊല്ലുന്ന ജീവിക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യമില്ല. തനിക്കുള്ള ആഹാരം കിട്ടണം അത്രയേയുള്ളൂ! ചെറിയ ഇരയെ കിട്ടിയ ജീവി, പൊടുന്നനവെ വലിയ ഇര അതിന്‍റെ മുന്നില്‍പ്പെട്ടാല്‍ പഴയതിനെ കൈവിട്ടു കളയാറുണ്ട്. കൂടുതല്‍ വിശപ്പകറ്റാന്‍ പോന്ന സ്വാദിഷ്ടമായ വലിയ ഇരയെ തേടിപ്പിടിക്കാന്‍ പോകുന്നതും നാം കാണുന്ന കാഴ്ചകളാണ്. വലിയ ഇരയാണെങ്കില്‍ മൂന്നാലുദിവസത്തേക്ക് കുശാല്‍.

നമ്മുടെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം ഇത്തരം ഇരകളെ കിട്ടാറുണ്ട്. വലിയ ഇര കിട്ടുമ്പോള്‍ ചെറിയ ഇരയെ ഉപേക്ഷിക്കുന്നതും പതിവാണ്. വലിയ ഇരകളാണെങ്കില്‍ പിന്നെ കുറെ നാളത്തേയ്ക്ക് സമൃദ്ധമാണ്.

'ഇര' എന്ന വാക്കിന് ഈ അടുത്തകാലത്ത് കൂടുതല്‍ പ്രചാരം കിട്ടിയിട്ടുണ്ട്. തനിക്ക് ഉപയോഗിക്കാന്‍ അല്ലെങ്കില്‍ വിശപ്പടക്കാന്‍ പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയ മറ്റു ജീവികളാണ് ഇരകള്‍. ഇരപിടുത്തം തിന്മയല്ല. പ്രകൃതി കല്പിച്ചിട്ടുള്ളതാണ്. ഇരകളുടെ സങ്കടങ്ങള്‍ക്കോ വേദനകള്‍ക്കോ ഒന്നും ഇവിടെ പ്രസക്തിയില്ല. ഇര എന്നത് പിടിക്കുന്ന ജീവിയുടെ അവകാശം കൂടിയാണ്. പൂച്ച എലിയെ പിടിച്ചാലും പാമ്പ് തവളയെ പിടിച്ചാലും ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഒരു ജീവിയുടെയും ഇര ആ ജിവി തന്നെ ആകാറുമില്ല. പ്രകൃതിയുടെ നിയമം അതാണ്. ഇര നമുക്ക് ഇഷ്ടപ്പെട്ട ജീവികളാണെങ്കില്‍ അതിനെ മറ്റേതെങ്കിലും ജീവി ഉപദ്രവിച്ചാല്‍ നമുക്ക് സഹതാപം തോന്നാറുണ്ട്. ഇര പിടിക്കുന്ന ജീവികള്‍ തന്നെ മറ്റു ജീവികളുടെ ഇരകളാകാറുമുണ്ട്.

ഇവിടെ അതല്ലല്ലോ പ്രശ്നം? പീഡനത്തിന് വിധേയപ്പെട്ട വ്യക്തിയെ നാം "ഇര"യെന്നാണത്രേ വിളിക്കുന്നത്! അതായത് മറ്റ് വ്യക്തികളാല്‍ പീഡിപ്പിക്കപ്പെടാന്‍ പ്രകൃതി കല്പിച്ചിരിക്കുന്ന വ്യക്തി! പീഡിപ്പിക്കുന്നവരുടെ അവകാശമാണോ പീഡനം! സ്ത്രീ എന്നത് കേവലം ഇരയാക്കപ്പെടേണ്ട വ്യക്തിയാണോ? 'ഇര'യെന്ന മൃഗീയമായ പദം സ്ത്രീയുടെമേല്‍ അഥവാ പീഡിപ്പിക്കപ്പെട്ടവരുടെ മേല്‍ ചാര്‍ത്തുന്നത് സ്ത്രീവിരുദ്ധത മാത്രമല്ല; സ്ത്രീയെ വെറും ഉപഭോഗവസ്തുവായി തരംതാഴ്ത്തുകയുമല്ലേ?

ആര്‍ക്കും എവിടെവച്ചും, ഇഷ്ടംപോലെ വേട്ടയാടപ്പെടേണ്ട 'ഇര'യാണോ സ്ത്രീ? പീഡിപ്പിക്കപ്പെടുന്നവരെയൊക്കെ 'ഇര' എന്ന സംജ്ഞ വിളിച്ച് നിന്ദിക്കുകയല്ലേ, നാമും മാധ്യമങ്ങളുമൊക്കെ ചെയ്യുന്നത്? പുരുഷമേധാവിത്വത്തിന്‍റെ നിഷ്ഠൂരമായ സന്തതിയാണ് 'ഇര' എന്ന വാക്കുതന്നെ. അനുചിതമായ സ്ഥാനത്ത് ഈ വാക്ക് ഉപയോഗിക്കുമ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുക മാത്രമല്ല, മലയാളഭാഷയെ നിന്ദിക്കുക കൂടിയാണ് നാം ചെയ്യുന്നത്.

പീഡനത്തിന് വിധേയയാക്കപ്പെടുന്നു എന്നത് തന്നെ അതീവ ദുഃഖകരവും അപമാനകരവുമാണ്. കടന്നുപോയ കലുഷിതമായ പ്രശ്നങ്ങളെ അതിജീവിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് മാറുക എന്നത് അതീവക്ലേശകരവുമാണ്. ഇങ്ങനെ ക്ലേശകരവും വേദനാജനകവുമായ അതിജീവനത്തിലൂടെ കടന്നുപോകുന്ന വ്യക്തിയെയാണ് നാം 'ഇര' എന്ന് വിളിച്ച് അപമാനിക്കുന്നത്. താങ്ങായി, തണലാ യി പിന്തുണച്ച് കൂടെ നില്‍ക്കേണ്ട സമയത്താണ് 'ഇര' എന്ന അത്യന്തം ആക്ഷേപകരമായ വിളികള്‍!

മനസ്സില്‍ മൃഗീയത നിറച്ച് 'ഇര പിടുത്തം' ഹോബിയാക്കി കിരാതമായി ജീവിക്കുന്ന ഒട്ടേറെ നീച ജന്മങ്ങള്‍ മനുഷ്യരുടെ ഇടയിലുണ്ട്. അവര്‍ക്ക് തങ്ങളുടെ മുന്നില്‍ അകപ്പെടുന്ന പലരും ഇരകളാണ്. ഇരകളെ കിട്ടാത്തപ്പോള്‍ അവര്‍ ഇരതേടി ഇറങ്ങുകതന്നെ ചെയ്യും. മനുഷ്യരുടെ ഇടയിലുള്ള മൃഗീയമായ ഇത്തരം ഇരപിടുത്തക്കാരെ ഒറ്റപ്പെടുത്തുവാനും അര്‍ഹമായ ശിക്ഷയ്ക്കു വിധേയമാക്കാനുമാണ് നാം ശ്രമിക്കേണ്ടത്. അവരുടെ വീരകൃത്യങ്ങള്‍ വര്‍ണ്ണിക്കുകയോ, ഈ ക്രൂരതയ്ക്കപ്പുറം അവര്‍ ചെയ്ത നന്മകളെ വാഴ്ത്തി അവരെ വെള്ളപൂശുകയോ ചെയ്യുന്നതും നീചവും നിന്ദ്യവുമാണ്. മറ്റൊരു ലേഖനത്തില്‍ ലേഖകന്‍ തന്നെ പീഡിപ്പിക്കപ്പട്ടയാളെ 'ഇര' എന്ന് ചിലയിടങ്ങളില്‍ സൂചിപ്പിച്ചതില്‍ ഖേദിക്കുന്നു. നമ്മുടെ വാക്കുകളുടെ പ്രയോഗങ്ങളുടെ 'ഇര'യായി ആരും മാറാതിരിക്കട്ടെ. ഇനി ആരും ആരുടേയും ഇരകളാകരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org