ചിത്ര നാടകകലകള്‍ക്ക് അമൂല്യസംഭാവനകള്‍ നല്കിയ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍

ചിത്ര നാടകകലകള്‍ക്ക് അമൂല്യസംഭാവനകള്‍ നല്കിയ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍
മലയാളത്തില്‍ അധികം നാടകസംഘങ്ങള്‍ ഇല്ലായിരുന്ന കാലത്ത് ചെറിയാന്‍ ഉള്‍പ്പെടെ മൂന്ന് കത്തോലിക്ക യുവാക്കള്‍ ചേര്‍ന്ന് 1929-ല്‍ രൂപീകരിച്ച നാടകസംഘമാണ് 'റോയല്‍ സിനിമാ ഡ്രാമാറ്റിക് കമ്പനി സ്ഥിരം നാടകവേദി.' ജ്ഞാനസുന്ദരി, പറുദീസ നഷ്ടം, നല്ല തങ്ക, കോകിലന്‍, സാവിത്രി, സത്യവാന്‍ തുടങ്ങിയ നാടകങ്ങള്‍ ഇതിന്റെ നേതൃത്വത്തില്‍ പലയിടത്തും അവതരിപ്പിക്കുകയുണ്ടായി.

കേരളത്തിലെ ചിത്രകലയ്ക്കും, നാടകകലയ്ക്കും, ക്രൈസ്തവാദര്‍ശങ്ങളുടെ കലാരൂപങ്ങളിലൂടെയുള്ള പ്രചാരണത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ കലാകാരനായിരുന്നു, ഷെവലിയര്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍.

1891 നവംബറില്‍ ഞാറയ്ക്കല്‍ വടക്കുംതല തെക്കേവീട്ടില്‍ ജനിച്ച ചെറിയാന്‍ തൃശൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. ചിത്ര രചനാവൈദഗ്ദ്ധ്യം നേടിയത് മദ്രാസ്, തിരുവനന്തപുരം, മാവേലിക്കര എന്നിവിടങ്ങളിലും ആര്‍ട്ടിസ്റ്റ് രാമവര്‍മ്മയുടെ ശിഷ്യത്വത്തിലുമായിരുന്നു. 'ചിത്രരചനയിലെന്നപോലെ നാട്യകലയിലും നിപുണനായ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ക്രിസ്തുവേഷം കണ്ടാല്‍ തത്ത്വാദൃശപ്രഭാവനായ ക്രിസ്തുഭഗവാന്‍ തന്നെയാണിതെന്നു തോന്നി ആരും ഭക്തിസംഭ്രമത്തോടെ മുട്ടുകുത്തിപോകും. കേരളത്തിലെ നാടകനടന്മാരില്‍ ഒന്നാമന്‍ ആരാണന്ന് എന്നോട് ചോദിച്ചാല്‍ 'ചെറിയാന്‍' എന്നായിരിക്കും എന്റെ മറുപടി. ആര്‍ട്ടിസ്റ്റ് ചെറിയാനെപ്പറ്റി മഹാകവി വള്ളത്തോള്‍ പറഞ്ഞ അഭിപ്രായമാണിത്.

പുത്തേഴത്ത് രാമമേനോന്‍, ജി. ശങ്കരക്കുറുപ്പ്, മള്ളൂര്‍ ഗോവിന്ദപിള്ള, രാമവര്‍മ്മ തുടങ്ങിയവരും അദ്ദേഹത്തിന്റെ കലാസാഹിത്യരംഗത്തുള്ള കഴിവുകളെ വിലയിരുത്തി പലപ്പോഴും അഭിനന്ദനങ്ങള്‍ പടുത്തിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ നാടകം കാണുന്നതുതന്നെ നിഷിദ്ധമായി കരുതിയിരുന്ന കാലത്താണ് ചെറിയാന്‍ നാടകസിനിമാരംഗത്തേക്കു കടന്നു വരുന്നത്. വൈദികരും സമൂഹവും അദ്ദേഹത്തിന്റെ വിവരക്കേടില്‍ സഹതപിച്ചു. പാരമ്പര്യവും പ്രതാപവുമുള്ള കുടുംബത്തില്‍ പിറന്ന കുട്ടി നാടകക്കാരനാകുക എന്നത് അവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല.

ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലും ചിത്രകലയിലും അതീവ താല്‍പര്യവുമുണ്ടായിരുന്ന ചെറിയാന്‍ പഠനത്തില്‍ അത്ര മിടുക്കനൊന്നുമല്ലായിരുന്നു. എങ്കിലും സ്വതസിദ്ധമായ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടു വരുവാന്‍ പരമാവധി ശ്രമിച്ചിരുന്നു. സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകളെയും സാമ്പത്തികമായ പ്രയാസങ്ങളേയുമെല്ലാം അതിജീവിച്ചു കൊണ്ട് 1961-ല്‍ തൃശൂരില്‍ ഗുരു വിലാസ പെയിന്റിങ്ങ് സ്റ്റുഡിയോ സ്ഥാപിച്ചു. പിന്നീട് മദ്രാസിലും പെയിന്റിങ്ങ് സ്റ്റുഡിയോ തുടങ്ങി. 1926-ല്‍ എറണാകുളത്ത് റോയല്‍ സ്റ്റുഡിയോ തുടങ്ങി. പല പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് ഈ സ്റ്റുഡിയോ മക്കളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

മലയാളത്തില്‍ അധികം നാടകസംഘങ്ങള്‍ ഇല്ലായിരുന്ന കാലത്ത് ചെറിയാന്‍ ഉള്‍പ്പെടെ മൂന്ന് കത്തോലിക്ക യുവാക്കള്‍ ചേര്‍ന്ന് 1929-ല്‍ രൂപീകരിച്ച നാടകസംഘമാണ് 'റോയല്‍ സിനിമാ ഡ്രാമാറ്റിക് കമ്പനി സ്ഥിരം നാടകവേദി.' ജ്ഞാനസുന്ദരി, പറുദീസ നഷ്ടം, നല്ല തങ്ക, കോകിലന്‍, സാവിത്രി, സത്യവാന്‍ തുടങ്ങിയ നാടകങ്ങള്‍ ഇതിന്റെ നേതൃത്വത്തില്‍ പലയിടത്തും അവതരിപ്പിക്കുകയുണ്ടായി. പിന്നീട് രൂപീകരിച്ച 'സന്മാര്‍ഗ വിലാസ നടനസഭ' അന്നു കേരളത്തില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു സംഘമായിരുന്നു. 'ശ്രീരാമാരണ്യയാത്ര, മിശിഹാചരിതം തുടങ്ങിയ നാടകങ്ങള്‍ വളരെയേറെ പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. പിന്നീട് പി. എ. തോമസിന്റെ 'കേരള കലാ സമിതിയുടെ രജപുത്രാങ്കണം, ടിപ്പുസുല്‍ത്താന്‍, സമ്പൂര്‍ണ്ണ മിശിഹാ ചരിത്രം, സെന്റ് സേവിയര്‍ എന്നീ നാടകങ്ങളിലും ചെറിയാന്‍ വേഷമിട്ടിട്ടുണ്ട്. 1945-ല്‍ സ്ഥാപിച്ച കേരള ടാക്കീസായിരുന്നു മലയാളത്തിലെ ആദ്യത്തെ സിനിമയ്ക്ക് ജന്മം നല്‍കിയത്. 1948-ല്‍ ആദ്യ ചിത്രമായ 'നിര്‍മ്മല' പ്രദര്‍ശനമാരംഭിച്ചു. തുടര്‍ന്ന് തമിഴില്‍ 'കനവ്' എന്ന ചിത്രവും നിര്‍മ്മിച്ചെങ്കിലും അതൊരു പരാജയമായിരുന്നു. സിനിമാ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പിന്നീട് മന്ദീഭവിച്ചെങ്കിലും മലയാള സിനിമാരംഗത്ത് അതൊരു പുതിയ കാല്‍വെയ്പ്പായിരുന്നു.

ശ്രീ. ചെറിയാന്‍ സിനിമാനടന്‍ എന്ന നിലയില്‍ സ്‌നേഹസീമ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായിട്ടുണ്ട്.

ചിത്രകലയെ പരിപോഷിപ്പിക്കുന്നതിനും ചിത്രകലാകാരന്മാര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നേടിക്കൊടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചിത്രകലാ പരിഷത്തിന്റെ സ്ഥാപനത്തിനു മുന്‍കൈ എടുത്തത് ചെറിയാനായിരുന്നു. 1957-ല്‍ സ്ഥാപിച്ച ഈ സംഘടനയില്‍ ആദ്യകാലങ്ങളില്‍ രക്ഷാധികാരിയും 1961 മുതല്‍ മരിക്കുന്നതുവരെ അതിന്റെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. നാടക സിനിമാ ചിത്രകലാ രംഗങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്ത് കുട്ടികളുടെ കലാപരമായ കഴിവുകളുടെ വളര്‍ച്ചയ്ക്ക് സഹായകമായ 'കുഞ്ഞിക്കാലുകള്‍' എന്ന പ്രസ്ഥാനത്തിന്റെ ഉല്‍പ്പത്തിക്കും ക്രിസ്തീയ തത്വങ്ങള്‍, ബൈബിള്‍ സംഭവങ്ങള്‍ എന്നിവ കലാരൂപങ്ങളില്‍ അവതരിക്കുന്നതിലേക്കും തിരിയുകയുണ്ടായി. കേരളത്തില്‍ ഇത്തരം ഒരു പരിപാടിക്ക് ആദ്യമായി നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഗുരു ഗോപീനാഥനുമൊന്നിച്ച് അദ്ദേഹം സംവിധാനം ചെയ്ത 'ക്രിസ്തു ചരിത്രം ബാലെ' അന്ന് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിനന്ദനങ്ങള്‍ക്ക് പാത്രമാകുകയുണ്ടായി.

'എന്റെ കലാജീവിതം,' 'കലാ വീക്ഷണം' എന്നീ കൃതികള്‍ അദ്ദേഹത്തിന്റെ സാഹിത്യ രംഗത്തെ കഴിവുകള്‍ പ്രകടമാക്കുന്നതാണ്.

കൊച്ചി മഹാരാജാവിന്റെ കൊട്ടാരം കലാകാരനും, ഫോട്ടോ ഗ്രാഫറുമായിരുന്ന അദ്ദേഹത്തിനു രാജാവില്‍ നിന്ന് വീരശൃംഖലയും കീര്‍ത്തിമുദ്രയും കിട്ടി. കൂടാതെ മാര്‍പാപ്പയില്‍ നിന്ന് 'ഷെവലിയാര്‍' സ്ഥാനവും ലഭിച്ചിട്ടുണ്ട്. ആദ്യകാലത്തെ ചില ചിത്രങ്ങള്‍ കൈപറ്റിയ നോര്‍ഫോക്ക് പ്രഭു ഒരു 'പവന്‍' ചെറിയാന് സമ്മാനമായി അയച്ചുകൊടുക്കുകയുണ്ടായി.

മലയാളത്തിലെ ആദ്യകാല സിനിമാ നിര്‍മ്മാതാക്കള്‍ക്കുള്ള അവാര്‍ഡ്, ക്രിസ്തീയ കലാസേവനത്തിനുള്ള 'ചാവറ അവാര്‍ഡ്', നാടകകാരനെന്ന നിലയില്‍ 'നവരംഗ്' അവാര്‍ഡ്, ചിത്രമെഴുത്തിനുള്ള പരിഷത്ത് അവാര്‍ഡ്' സംഗീത നാടക അക്കാദമിയുടെ 'മികച്ച നടനുള്ള അവാര്‍ഡ്' തുടങ്ങിയ ധാരാളം ബഹുമതികള്‍ ലഭിച്ച അദ്ദേഹം കലാ സാംസ്‌കാരിക വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, ലളിത കലാ അക്കാദമി, സമസ്ത കേരള സാഹിത്യ പരിക്ഷത്ത്, കേരള ഫൈന്‍ ആര്‍ട്ട്‌സ് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ അദ്ദേഹത്തെ അംഗമായും ഭാരവാഹിയായും തെരഞ്ഞെടുത്തത് കലാ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് നിസംശയം പറയാം. 'അദ്ധ്വാനം-അദ്ധ്വാനം കൃത്യസമയങ്ങളില്‍ അദ്ധ്വാനം' ജീവിതത്തിന്റെ നേര്‍ക്ക് ഒരിക്കലും പരിഭവപ്പെടാതെ പൂര്‍ണ്ണ ജീവിതം നയിച്ച ആ മഹാനുഭാവന്റെ മുദ്രാവാക്യമായിരുന്നു അത്.

ആ ധന്യജീവിതത്തിന് 1981 ജനുവരി 18-ന് നവതി വര്‍ഷത്തില്‍ തിരശ്ശീല വീണെങ്കിലും അദ്ദേഹത്തിന്റെ ജീവിത മാതൃക കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇന്നും പ്രചോദനമായി നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org