
തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള കഴിവ്, മലയാളിക്ക് സ്വതസിദ്ധമാണ്. ആക്ഷേപഹാസ്യത്തിന്‍റെ വിവിധ രൂപങ്ങള്‍ കാലത്തിനൊപ്പം എപ്പോഴുമുണ്ട്. ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍ പോലുള്ള ക്ലാസിക് കലകള്‍ മുതല്‍ ഹാസ്യകഥാപ്രസംഗങ്ങള്‍, പാരഡി ഗാനങ്ങള്‍, മിമിക്സ് പരേഡുകള്‍, കോമഡി സ്കിറ്റുകള്‍പോലുള്ള ജനപ്രിയ കലാരൂപങ്ങള്‍ വരെ വിവിധ പരിപാടികള്‍ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. സമൂഹത്തിലെ ഏതു ചലനങ്ങളെയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം രൂപങ്ങള്‍ മര്‍മ്മത്തു കൊള്ളുന്ന നര്‍മ്മവുമായി അവസരത്തിനൊത്തുയര്‍ന്ന്, സാധാരണക്കാരുടെയിടയില്‍ ചിരിയുണര്‍ത്തുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹികവിശകലനവും വിമര്‍ശനവും ഇത്തരം കലാരൂപങ്ങളുടെ മുഖമുദ്രയാണ്. മലയാളികള്‍ക്കിടയിലുള്ള ആക്ഷേപഹാസ്യഭ്രമത്തിന്‍റെ 'ന്യൂ ജന്‍' പതിപ്പാണു ട്രോളുകള്‍. സാധാരണ ജനങ്ങളുടെ, നര്‍മ്മം കലര്‍ന്ന ചില സ്വാഭാവിക പ്രതികരണങ്ങളും വിലയിരുത്തലുകളും വിമര്‍ശനങ്ങളുമാണു ട്രോളുകളായി പ്രത്യക്ഷപ്പെടുന്നത്.
അനുദിനം സംഭവിക്കുന്ന രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യവിഷയങ്ങളെ അതിന്‍റെ ആവി പറന്നുകഴിയുംമുമ്പേ, ജനപ്രിയസിനിമകളുടെ സീനുകളുമായി ബന്ധപ്പെടുത്തി, നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത ഡയലോഗോടുകൂടി നിര്‍മിച്ചെടുക്കുന്ന ട്രോളുകള്‍ നവമാധ്യമങ്ങളിലൂടെയാണു കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. മാധ്യമവ്യാപനം അതിശക്തമായ ഈ കാലട്ടത്തില്‍ ട്രോളുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയും പ്രചാരണവും വ്യക്തമാക്കുന്നത്, 'വിവരസാങ്കേതികതയുടെ കാര്‍ട്ടൂണ്‍വത്കരണ'മാണു ട്രോളുകള്‍ എന്നുള്ളതാണ്.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാവിഷ്കാരങ്ങളാണു കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും. നവമാധ്യമങ്ങളിലൂടെ ട്രോളുകള്‍ നിര്‍വഹിക്കുന്നത് സത്യത്തില്‍ കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും തന്നെ ദൗത്യങ്ങളാണ്. കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും വരകളിലൂടെ സമകാലികസംഭവങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും വിമര്‍ശനാത്മകമായി ആവിഷ്കരിക്കുന്നതോടൊപ്പം എതിരഭിപ്രായങ്ങളെ വെളിപ്പെടുത്താനും പൊതുസമ്മതിയുള്ള അഭിപ്രായങ്ങളെ രേഖപ്പെടുത്താനും ശ്രമിക്കുന്നു. ട്രോളുകളും ഒരു പരിധിവരെ ഈ ധര്‍മം നിര്‍വഹിക്കുന്നുണ്ടെങ്കിലും കാര്‍ട്ടൂണുകള്‍ക്ക് അവകാശപ്പെടാവുന്ന ഘടനാപരമായ മൗലികത ട്രോളുകള്‍ക്കില്ല എന്നതൊരു സത്യമാണ്. പരിചിതങ്ങളായ ചില ചലച്ചിത്രദൃശ്യങ്ങളെയും സംഭാഷണങ്ങളെയും ഫലിതരൂപത്തില്‍ ആവിഷ്കരിക്കുകയാണു പൊതുവേ ട്രോളുകള്‍ ചെയ്യുന്നത്. പരിചിതമായ ഒരു ദൃശ്യത്തിലേക്കു ട്രോളര്‍ തന്‍റെ ആശയം വാക്കുകളായും ചിഹ്നങ്ങളായും ചിലപ്പോള്‍ സിനിമയിലെതന്നെ സംഭാഷണങ്ങളായും രേഖപ്പെടുത്തുന്നു. നവമാധ്യമങ്ങളുടെ വ്യാപനം കാര്‍ട്ടൂണുകളെയും കാരിക്കേച്ചറുകളെയുമൊക്കെ അപ്രസക്തമാക്കി എന്ന ആക്ഷേപത്തിനു നവമാധ്യമങ്ങള്‍ നല്കുന്ന മറുപടിയാണു ട്രോളുകള്‍.
ഏതെങ്കിലുമൊരു രാഷട്രീയപ്രശ്നം ആളിക്കത്തുമ്പോള്‍, തന്‍റെ പക്കല്‍ മതിയായ രേഖകളുണ്ടെന്നു പറഞ്ഞു കടന്നുവരുന്ന രാഷ്ട്രീയനേതാവ്; അയാളുടെ ചിത്രത്തിനു താഴെ 'ഇതാണാ രേഖ' എന്ന കമന്‍റടിച്ചാലോ? വിയറ്റ്നാം കോളനി എന്ന സിനിമ കണ്ടിട്ടുള്ളവരുടെ മനസ്സില്‍ പതിഞ്ഞ, ശങ്കരാടിയുടെ രൂപമായിരിക്കും ആ ട്രോള്‍ കാണുന്നവരുടെ ചിന്തയെ സ്പര്‍ശിക്കുക. ഈ ഒരു കമന്‍റിലൂടെ ആ രാഷ്ട്രീയനേതാവിനെ ശങ്കരാടിയുടെ കഥാപാത്രത്തോടു ചേര്‍ത്തുവച്ചു വായിച്ചാല്‍ അതു മനോഹരമായ ആക്ഷേപഹാസ്യമായി; വിമര്‍ശനമായി. ഡീസല്‍ വില, പെട്രോള്‍ വിലയോടൊപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ 'ബാംഗ്ലൂര്‍ ഡേയ്സ്' എന്ന സിനിമയില്‍ പാര്‍വ്വതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഇമേജിനു മുകളില്‍, പെട്രോള്‍ എന്നും ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു മുകളില്‍ ഡീസല്‍ എന്നും രേഖപ്പെടുത്തി, "എനിക്കു തന്‍റെ പിന്നാലെ നടക്കാനല്ല… തന്‍റെ ഒപ്പം നടക്കാനാ ഇഷ്ടം" എന്ന കമന്‍റടിച്ചാലോ… ഡീസല്‍ വിലവര്‍ദ്ധനയെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളായി അതു മാറിക്കഴിഞ്ഞു. ഇപ്രകാരം സമകാലിക സംഭവങ്ങളെ തമാശയുടെയോ ആക്ഷേപഹാസ്യത്തിന്‍റെയോ മേമ്പൊടി ചാലിച്ച് അവതരിപ്പിക്കുന്നഡിജിറ്റല്‍ ട്രോളുകളെ ഇന്‍റര്‍നെറ്റ് മീമുകളെന്നാണു ശാസ്ത്രീയമായി വിളിക്കുന്നത് (സോഷ്യോ-ബയോളജിയില്‍ ജീനിനു സമാനമായ അടിസ്ഥാന ഘടകത്തിനെ 'മീം' എന്നാണു വിളിക്കുന്നത്. ജൈവപരിണാമത്തില്‍ ജീനുകള്‍ വഹിക്കുന്നതുപോലുള്ള പങ്ക്, സാംസ്കാരിക പരിണാമത്തില്‍ മീമുകള്‍ക്കുണ്ടെന്ന് 'ദി മീം മെഷീന്‍' എന്ന ഗ്രന്ഥത്തില്‍ സൂസന്‍ ബാക്ല്മോര്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരി രേഖപ്പെടുത്തിയിട്ടുണ്ട്). പ്രത്യേക പരാമര്‍ശങ്ങളോ റെഫറന്‍സുകളോ ഹൈപ്പര്‍ ലിങ്കുകളോ നല്കാതെ ഒരു ആശയത്തില്‍ നിന്നു മറ്റൊരു ആശയത്തിലേക്കും ഒരു സന്ദര്‍ത്തില്‍ നിന്നു മറ്റൊരു സന്ദര്‍ഭത്തിലേക്കും എത്തിക്കാനുള്ള സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണു ട്രോളുകള്‍ രൂപപ്പെടുന്നത്.
കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണും പരമാവധി പ്രയോജനപ്പെടുത്തുന്ന, ജനപ്രിയ സിനിമകളുടെ ലോകത്തു വിഹരിക്കുന്ന യുവജനങ്ങളാണു കൂടുതലും, ട്രോളുകള്‍ ഉത്പാദിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. ട്രോളുകള്‍ നിര്‍മിക്കാനും ആസ്വദിക്കാനും സാധിക്കണമെങ്കില്‍ കൂടുതല്‍ പേര്‍ കണ്ടിരിക്കാനിടയുള്ള ജനപ്രിയ സിനിമകളുമായി നല്ലൊരു പരിചയവും അതിലെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കഴിവും അത്യന്താപേക്ഷിതമാണ്. ചിത്രങ്ങളായി മാത്രമല്ല, ട്രോളുകള്‍ ഇന്നു രേഖപ്പെടുത്തപ്പെടുന്നത്. മറിച്ചു വീഡിയോകളുടെ രൂപത്തിലുമാണ്. അതുകൊണ്ടുതന്നെ ചലച്ചിത്രരംഗങ്ങളെ ഓര്‍ത്തെടുക്കാനും കൃത്യമായി 'പ്ലെയ്സ്' ചെയ്യാനും സാധിച്ചാല്‍ മാത്രമേ 'കിടുക്കാച്ചി' ട്രോളുകള്‍ നിര്‍മിക്കാനാവൂ.
ഡിജിറ്റല്‍ ജീവിതം തങ്ങളുടെ സംസ്കാരമാക്കി മാറ്റിയ സൈബര്‍ സാങ്കേതികതയുടെ ലോകത്ത് അഭിരമിക്കുന്ന യുവത്വത്തിനു സമകാലീനസംഭവങ്ങളെ അറിയാനും വിലയിരുത്താനുമുള്ള ഒരു മാധ്യമമായി ട്രോളുകള്‍ നിലകൊള്ളുന്നുണ്ട്. ചിരിക്കുക, ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ട്രോള്‍ ഇമേജസും ട്രോള്‍ വീഡിയോകളും ഇവര്‍ രൂപപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതുമെങ്കിലും ഈ ട്രോളുകളിലൂടെ തങ്ങള്‍ ജീവിക്കുന്ന ലോകത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാനും സാംസ്കാരിക രാഷട്രീയചലനങ്ങളെ ഉള്‍ക്കൊള്ളാനും ഡിജിറ്റല്‍ തലമുറയ്ക്കു കഴിയുന്നുണ്ട് എന്നതാണു ട്രോളുകളുടെ മറ്റൊരു വലിയ പ്രയോജനം.
കോവിഡ് ജാഗ്രതയില്‍ മുഴുകി ലോക്ക്ഡൗണ്‍ ആയി, വീടിന്‍റെ അകത്തളങ്ങളിലായിരിക്കുമ്പോഴും വിരസതയെ മറികടക്കാനും ഭീതിയെ അതിജീവിക്കാനും ടിക് ടോക് വീഡിയോകളും വീഡിയോ ഗെയിമുകളും ട്രോളുകളുമൊക്കെ തന്നെയാണു സാധാരണക്കാരുടെ ആശ്രയവും ആശ്വാസവും. ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പുറത്തുവന്ന ട്രോളുകള്‍ സാധാരണക്കാരന്‍റെ നിസ്സഹായതയെ വെളിപ്പെടുത്തുന്നതോടൊപ്പം സാമൂഹ്യവിമര്‍ശനവും സാദ്ധ്യമാക്കുന്നുണ്ട്. കൊറോണ വൈറസിന്‍റെ വ്യാപനവും അതു സാമൂഹിക-രാഷ്ട്രീയ-മതസാംസ്കാരിക രംഗങ്ങളിലുണ്ടാക്കിയ തരംഗങ്ങളും വ്യത്യാസങ്ങളും ട്രോളന്മാര്‍ ആഘോഷിക്കുകയാണ്.
ലോക്ക്ഡൗണ്‍ ആരംഭിച്ചതിന്‍റെ ആദ്യആഴ്ചകളില്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞ പ്രധാന ട്രോള്‍ ഇതുവരെ ശ്രദ്ധിക്കാതെ പോയ കാര്യങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു എന്നതരത്തിലായിരുന്നു. "മുറിയിലെ തറയില്‍ 50 ടൈലുകളുണ്ട്; ജനാലയ്ക്ക് 16 കമ്പികള്‍ ഉണ്ട്; 50-50 ബിസ്കറ്റിന് 9 ഓട്ടകളുണ്ട്; സവാളയ്ക്കു 11 പാളികളുണ്ട്; ഓ… ബാക്കി ഇനി നിങ്ങള് കണ്ടുപിടി!" ഇതായിരുന്നു ഒരു ട്രോള്‍. ഒരു ഫാന്‍ സ്വിച്ച് ഓഫ് ആക്കിയാല്‍ കറങ്ങി നില്ക്കാനെടുക്കുന്ന സമയംപോലും ആളുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ ശ്രദ്ധ ചെന്നിട്ടില്ലാത്ത, എന്നാല്‍ അനുദിനജീവിതത്തിന്‍റെ ഭാഗമായ പല കാര്യങ്ങളെയും നാം നിരീക്ഷിക്കാന്‍ തുടങ്ങി, ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എന്നതാണ് ഇജ്ജാതി ട്രോളുകള്‍ പറഞ്ഞുവയ്ക്കാന്‍ ശ്രമിച്ചത്.
ചിരിപ്പിക്കാന്‍ മാത്രമല്ല, നാടു ദുരിതത്തിലാകുമ്പോള്‍ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഹാസ്യാത്മകമായി അവതരിപ്പിച്ചു പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനും ട്രോളന്മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സമൂഹവ്യാപനം തടയുന്നതിനുള്ള ജാഗ്രത പങ്കുവയ്ക്കുന്ന ട്രോളുകളും ഇക്കാലയളവില്‍ സജീവമായിരുന്നു. സൗഹൃദസന്ദര്‍ശനങ്ങളും അനാവശ്യകറക്കങ്ങളും ഒഴിവാക്കി വീടിനുള്ളിലായിരിക്കാന്‍ എല്ലാവരെയും ഉദ്ബോധിപ്പിക്കുന്ന ട്രോളുകളില്‍ മണിച്ചിത്രത്താഴിലെ 'അല്ലിക്ക് ആഭരണമെടുക്കാന്‍, ഗംഗയിപ്പോള്‍ പോവണ്ട' എന്ന നകുലന്‍ പറയുന്ന രംഗവും സ്ഫടികം സിനിമയില്‍ ശങ്കരാടി അവതരിപ്പിക്കുന്ന ജഡ്ജിയുടെ കഥാപാത്രത്തെ ചേപ്പാട് തറവാട്ടില്‍ വെണ്‍ മണി വിഷുവിന്‍റെ സപ്താഹം വായന കൂടാന്‍ അനുവദിക്കാതെ ആടുതോമ എന്ന കഥാപാത്രം 'എന്നാല്‍ പോകണ്ട' എന്നു പറഞ്ഞു പുരയിടത്തില്‍ പൂട്ടിയിടുന്നതും ട്രോളന്മാര്‍ ആഘോഷിച്ച ചലച്ചിത്രരംഗങ്ങളായി മാറി.
വീട്ടില്‍ പരിചയമില്ലാത്ത ജോലികള്‍ ചെയ്ത് ഇളിഭ്യരായവരുടെ അവസ്ഥകള്‍ അവതരിപ്പിക്കുന്ന ട്രോളുകള്‍ക്കും പഞ്ഞമുണ്ടായില്ല. "അമ്മയുടെ നിര്‍ബന്ധപ്രകാരം വിറക് കീറാന്‍ വരുന്ന ചെറുപ്പക്കാരനോടു മണ്ണിര ഇപ്രകാരമാണു പറയുന്നത് "എന്‍റെ പിള്ളേര്‍ക്ക് അച്ഛനില്ലാണ്ടാക്കരുത്." പൊലീസ് വേഷത്തിലായിരിക്കുന്ന സലിംകുമാര്‍, അണ്ണന്‍ തമ്പി എന്ന സിനിമയില്‍ നായകനായ മമ്മൂട്ടിയുടെ കാലുപിടിച്ചു യാചിക്കുന്ന രംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ട്രോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിന്‍റെ ആദ്യദിവസങ്ങളില്‍ പല വീടുകളിലും ഭക്ഷ്യമേളയായിരുന്നെങ്കില്‍, ദിവസങ്ങള്‍ പിന്നിടുന്തോറും അതു കഞ്ഞിയും മുളകുമായി, പരിതാപകരമായ അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു എന്നാവിഷ്കരിക്കാന്‍ മേലേപ്പറമ്പില്‍ ആണ്‍വീട്' എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഉപയോഗിച്ചിരിക്കുന്നത്. പല കുടുംബങ്ങളും അവസാനം ചക്കയുടെ വിവിധയിന പലഹാരങ്ങളിലേക്കും കറികളിലേക്കും മാത്രം ഒതുങ്ങേണ്ടി വന്നിരിക്കുന്നു എന്ന തരത്തിലുള്ള ട്രോളുകള്‍, ലോക്ക്ഡൗണ്‍ നീണ്ടുപോയതിനാല്‍ ദാരിദ്ര്യത്തിലായിത്തീര്‍ന്ന വീടുകളെ അടയാളപ്പെടുത്തുന്നവയാണ്.
കൊറോണ ഉയര്‍ത്തിയ വെല്ലുവിളികളെ കേരളം സധൈര്യം, ജാഗ്രതാപൂര്‍വം നേരിട്ടതിന്‍റെ ഉത്തമോദാഹണങ്ങളെ വരച്ചുകാട്ടുന്ന ട്രോള്‍ വീഡിയോകളും ഇമേജുകളും ഈ നാളുകളില്‍ ധാരാളം പ്രചരിച്ചു. മറ്റെല്ലാ പ്രതിബന്ധങ്ങളെയുംപോലെ കോവിഡിനെയും നമ്മള്‍ മറികടക്കുമെന്ന പ്രത്യാശയാണ് ഇത്തരം ട്രോളുകള്‍ പങ്കുവച്ചത്. അവയെല്ലാംതന്നെ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്ന ചലച്ചിത്രരംഗങ്ങളുടെ അകമ്പടിയോടെയാണു ട്രോളന്മാര്‍ ആവിഷ്കരിച്ചത്. 'കണ്‍കെട്ട്' എന്ന സിനിമയില്‍ മാമൂക്കോയ അവതരിപ്പിക്കുന്ന റൗഡി കഥപാത്രത്തെ കൊറോണ വൈറസായി അവതരിപ്പിക്കുന്നതും ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം കേരള സര്‍ക്കാരായി മാറി, 'തന്നോടു കളിക്കാന്‍ ഞാനുണ്ട്' എന്നു പറയുന്ന രംഗവും കോറോണയെ തുരത്താന്‍ കേരള ഗവണ്‍മെന്‍റ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചും ആശംസകളര്‍പ്പിച്ചുകൊണ്ടുമുള്ള ട്രോളാണ്.
മത, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസരംങ്ങളിലൊക്കെ ലോക്ക്ഡൗണ്‍ കാലത്തു സംഭവിച്ച പ്രത്യാഘാതങ്ങളും വ്യത്യാസങ്ങളും ബദല്‍ പ്രവര്‍ത്തനരീതികളുമൊക്കെ ട്രോളന്മാരുടെ പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. പൊലീസുകാരുടെ നടപടികളെയും ആളുകളെ വീട്ടില്‍ത്തന്നെ ഇരുത്താനുള്ള അമിതാധികാരപ്രയോഗങ്ങളെയും ആക്ഷേപിച്ചും ആശംസിച്ചും വന്ന ട്രോളുകളും ചിരിക്കാന്‍ വക നല്കുന്നവയായിരുന്നു. ഇക്കാലയളവില്‍ മനുഷ്യര്‍ അനുഭവിക്കുന്ന നിസ്സഹായതയും ചില ജന്തുക്കള്‍ക്കു ലഭിച്ച സ്വാതന്ത്ര്യവും പിരിസ്ഥിതിയിലും അന്തരീക്ഷത്തിലും വന്ന മാറ്റങ്ങളുമൊക്കെ വിലയിരുത്തി കൊറോണ വൈറസിന്‍റെ കടന്നുവരവ് ഒരു പുതിയ ലോകക്രമത്തെ രൂപപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ടെന്നു കണ്ടെത്തിയും ട്രോളുകള്‍ ഇറങ്ങി.
അപ്രതീക്ഷിതവും സങ്കീര്‍ണവും ചിലപ്പോള്‍ നിസ്സഹായാവസ്ഥയിലേക്കു നമ്മെ തള്ളിയിടുന്നതുമായ ഏതു ജീവിതസാഹചര്യങ്ങളെയും നര്‍മ്മത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും വിമര്‍ശനരൂപേണയും വിലയിരുത്താനും ബദല്‍ ജീവിതമാര്‍ഗങ്ങളെ കണ്ടെത്താനുമുള്ള ശേഷി മലയാളിയുടെ ശൈലിയാണ്. പ്രളയകാലഘട്ടത്തില്‍ അതു നാം കണ്ടതാണ്. ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തെയും അതേ ശുഭാപ്തി വിശ്വാസത്തോടെയും കൗതുകത്തോടെയുമാണു മലയാളി നേരിട്ടതെന്നു തെളിയിക്കുന്നവയാണു ട്രോളുകള്‍ എല്ലാംതന്നെ. ഒന്നിനും സമയമില്ലായെന്നു പറഞ്ഞു ജീവിച്ചിരുന്നവര്‍ ലോക്ക്ഡൗണില്‍ വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വന്നപ്പോള്‍ സംഭവിച്ച പ്രത്യാഘാതങ്ങളും ആശങ്കകളുമാണു ട്രോളുകള്‍ക്കു കൂടുതലും വിഷയമായത്. പുതിയ ശീലങ്ങളിലേക്ക്, ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന പുതിയ ജീവിതാവസ്ഥയിലേക്ക്, അലസമായി കണ്ടിരുന്നവയെ ഗൗരവപൂര്‍വം പരിഗണിക്കുന്നതിന്‍റെ കാഴ്ചപ്പാടുകളിലേക്ക്, സമയം തള്ളിനീക്കാന്‍ സര്‍ഗാത്മകമായി കണ്ടെത്തിയ പുതിയ വഴികളിലേക്ക്, പുതിയ കൗതുകങ്ങളിലേക്കൊക്കെ, നാം നടന്നുനീങ്ങിയതിന്‍റെ ഫലിതകാഴ്ചകളായി മാറി ട്രോളുകള്‍. ഒപ്പം ഈ കാലഘട്ടത്തില്‍ അലസമായി കഴിഞ്ഞുകൂടി സമയം ചെലവഴിക്കാന്‍ ശ്രമിച്ചവരെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു ട്രോളന്മാര്‍. പുതിയ കാഴ്ചകള്‍ കാണാനും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കാനും പ്രപഞ്ചത്തിലേക്ക്, ചുറ്റുവട്ടങ്ങളിലേക്ക് കുറച്ചുകൂടി ശ്രദ്ധയോടെ നോക്കാനും മലയാളി, ഈ കാലഘട്ടത്തെ പ്രയോജനപ്പെടുത്തിയെന്നും ട്രോളന്മാര്‍ വിലയിരുത്തി. ചക്കയുണ്ടാവുന്നതു പ്ലാവിലാണെന്നും കാക്കയുടെ നിറം കറുപ്പാണെന്നും ചിലര്‍ 'തിരിച്ചറിഞ്ഞു'. വീട്ടില്‍ പൂട്ടിയിട്ടും കൂട്ടിലിട്ടും വളര്‍ത്തുന്ന ജന്തുജാലങ്ങള്‍ അനുഭവിക്കുന്ന 'പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനക' മാണെന്നും 'ചിലര്‍'ക്കു മനസ്സിലായി. തന്‍റെ കൂടെ വീട്ടില്‍ കഴിയുന്ന ഭാര്യയും ഭര്‍ത്താവും മക്കളും മാതാപിതാക്കളും വിചാരിച്ചതിനേക്കാള്‍ 'നല്ല മനുഷ്യരാ'ണെന്നും 'കണ്ടെത്തി'യതാണ് ഏറ്റവും വലിയ 'തിരിച്ചറിവ്!' ജീവിതത്തിലിതുവരെ ചെയ്യാത്ത വീട്ടുജോലികള്‍ ചെയ്തു നല്ല കുടുംബനാഥന്മാരാകാനും നല്ല മക്കളാകാനും ചിലര്‍ക്ക് അവസരം ലഭിക്കാന്‍ 'കൊറോണ' വേണ്ടിവന്നുവെന്നും ട്രോളന്മാര്‍ ട്രോളി. ജനതാ കര്‍ഫ്യൂ ദിനത്തിലെ പാത്രം കൊട്ടലും കോവിഡ് രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കലുമെല്ലാം ട്രോളന്മാര്‍ക്കു വലിയ 'അവസരങ്ങളാ'ണു നല്കിയത്.
നവമാധ്യമ കാലത്തെ ട്രോളന്മാരുടെ എണ്ണം പെരുകാനും ഈ ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കാരണമായി. പലരും തങ്ങളുടേതായ രീതിയില്‍ അലസമായി ട്രോളുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ട്രോള്‍ പ്രളയമായി. സാഹചര്യത്തിനിണങ്ങിയ സിനിമാസന്ദര്‍ഭങ്ങള്‍ കണ്ടെത്തുന്നതിലും കമന്‍റുകള്‍ രൂപപ്പെടുത്തുന്നതിലുമുള്ള പരിചയക്കുറവും ചില ട്രോളുകളില്‍ പ്രകടമായിരുന്നു.
ഓരോ ട്രോളും ജനിക്കുന്നത്, അതിന്‍റെ പിന്നാമ്പുറത്തുള്ള ഒരു മുന്നനുഭവത്തിന്‍റെ ജീവനില്‍ നിന്നാണ്. നമ്മള്‍ ഇതിനുമുമ്പു കണ്ടിട്ടുള്ള ഏതോ സിനിമയിലെ ഒരു രംഗമാണു പലപ്പോഴും മുന്നനുഭവമായി നിലനില്ക്കുന്നത്. സാഹചര്യത്തിനനുയോജ്യമായ രീതിയില്‍ ആ മുന്നനുഭവത്തെ കണ്ടെത്തുന്നതിലാണ് ഒരു ട്രോളിന്‍റെ വിജയം. ഭൂതകാലത്തിലുള്ള അത്തരമൊരു മുന്നനുഭവത്തെയും വര്‍ത്തമാനകാലസാഹചര്യത്തെയും കൃത്യമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന പുതിയ 'കുഞ്ചന്മാ'ര്‍ക്കു മാത്രമേ നല്ല ട്രോളന്മാരായിത്തീരാന്‍ കഴിയൂ. ട്രോളുകളില്‍ കൂടുതല്‍ നിറയുന്നതു സിനിമാരംഗങ്ങളോ സംഭാഷണങ്ങളോ ആയതുകൊണ്ടുതന്നെ ഭൂതകാല സിനിമാനുഭവങ്ങളും അതിന്‍റെ ഓര്‍മകളും സജീവമായി കാത്തുസൂക്ഷിക്കുന്ന സര്‍ഗ്ഗധനരായ ഭാവനാസമ്പന്നരായ ട്രോളന്മാരാണു ലോക്ക്ഡൗണ്‍ ട്രോളുകള്‍ക്കിടയിലും മികച്ച ആക്ഷേപഹാസ്യത്തിന്‍റെ അമ്പുകള്‍ തൊടുത്തിട്ടുള്ളത്.
ഒരു ജനാധിപത്യസമൂഹത്തില്‍ നിലനില്ക്കേണ്ട തിരുത്തല്‍ മനോഭാവത്തിന്‍റെ അനിവാര്യതയാണ് ഇത്തരം ക്രിയാത്മക വിമര്‍ശനങ്ങളിലൂടെയും ഫലിതങ്ങളിലൂടെയും രൂപപ്പെടുന്നത്. വ്യക്തമായ രാഷ്ട്രീയ അവബോധം പ്രകടിപ്പിക്കുന്ന ഇത്തരം ട്രോളുകള്‍ നമ്മുടെ സമൂഹത്തെ കൂടുതല്‍ വിമര്‍ശനാത്മകതയുള്ള, കൂടുതല്‍ നര്‍മ്മമുള്ള, കൂടുതല്‍ ഊര്‍ജ്ജമുള്ള, കൂടുതല്‍ നിര്‍ഭയത്വമുള്ള ഒരു സമൂഹമാക്കി നിലനിര്‍ത്തും.