ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്റ്റ്യന്‍ മിഷനു നല്‍കുന്ന സൂചനകള്‍

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്റ്റ്യന്‍ മിഷനു നല്‍കുന്ന സൂചനകള്‍

എം.കെ. ജോര്‍ജ്ജ്, എസ്.ജെ. (ജെസ്യൂട്ട് ജനറല്‍ ക്യൂരിയ, റോം)

എം.കെ. ജോര്‍ജ്ജ്, എസ്.ജെ.
എം.കെ. ജോര്‍ജ്ജ്, എസ്.ജെ.

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ സംബന്ധിച്ച് എന്റെ ഇളയ സഹോദരിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ ഇങ്ങനെ പ്രതികരിച്ചു: "ജ്യേഷ്ഠനേയും അവര്‍ അറസ്റ്റുചെയ്യുകയില്ലെന്ന് കരുതട്ടെ." സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തതിനെക്കുറിച്ചുള്ള നമ്മുടെ പ്രതിഷേധങ്ങളുടെ പ്രത്യാഘാതങ്ങളെപ്പറ്റി വിചിന്തനം ചെയ്യാന്‍ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന രക്ഷാകര്‍ത്താവ്' എന്നെ പ്രേരിപ്പിക്കുന്നു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഒപ്പം, അറസ്റ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ക്ക് വമ്പിച്ച പ്രചാരവും ലഭിച്ചു. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്ന്യസ്തര്‍ എന്നിവര്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതി ലഭ്യമാക്കണമെന്നും ഭരണാധികാരികള്‍ അദ്ദേഹത്തോട് കാരുണ്യത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ സ്ത്രീ പുരുഷന്മാര്‍ സഭയുടെ നീതിക്കുവേണ്ടിയുള്ള ഉദ്യമങ്ങളെ ശ്ലാഘിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളിലൊരാളായ ശശി തരൂര്‍ നടത്തിയ പ്രസ്താവന മികച്ച ഉദാഹരണമാണ്: "ഫാ. സ്വാമി ആദരവും അംഗീകാരവുമാണ് അര്‍ഹിക്കുന്നത്, ജയില്‍ വാസമല്ല. ഈശോസഭയിലെ ഒരംഗംപോലും അക്രമത്തില്‍ പങ്കാളിയാവുകയോ അക്രമത്തിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലായെന്ന കാര്യത്തില്‍ എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള നടപടികളെല്ലാം അവസാനിപ്പിക്കണമെന്നും അദ്ദേഹത്തോട് നീതികാണിക്കണമെന്നും ഉടന്‍ ജാമ്യം അനുവദിക്കണമെന്നും സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്റ്റാന്‍ സ്വാമിയോട് ഞങ്ങള്‍ പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു."

സഭയ്ക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാനുള്ള സാധ്യത

ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളെയും ശൈലിയെയും അനുകൂലിക്കാത്ത വ്യക്തികളും ഗ്രൂപ്പുകളും ഉണ്ട്. അവരുടെ സംഖ്യ ഇനിയും വര്‍ധിച്ചേക്കാം. ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ചില ക്രിസ്തീയവിഭാഗങ്ങള്‍ രംഗത്ത് വരുകയുണ്ടായി. മാവോയിസ്റ്റ് ബന്ധവും അവര്‍ അദ്ദേഹത്തില്‍ ആരോപിക്കുന്നുണ്ട്. സുവിശേഷവത്ക്കരണത്തില്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ പോരെയെന്നു ചിന്തിക്കുന്ന ശുദ്ധാത്മാക്കളും ഉണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടേതുപോലുള്ള 'രാഷ്ട്രീയ' പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അക്കൂട്ടര്‍ക്ക് സ്വീകാര്യമല്ല. മറ്റു തരത്തിലുള്ള ക്രിസ്തീയ ശുശ്രൂഷകളെ ഇതു ബാധിക്കുമെന്നാണ് ചിലരുടെ ആശങ്ക. ഭരണകക്ഷിയെ അനുകൂലിക്കുന്ന വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് സ്റ്റാന്‍ സ്വാമിയെ കുറ്റപ്പെടുത്താനും മാവോയിസ്റ്റ് ബന്ധം ആരോപിക്കാനും നിരവധി കാരണങ്ങള്‍ നിരത്താനുമുണ്ടാവും. ശുദ്ധഗതിക്കാരും നിഷ്‌കളങ്കരുമായ മനുഷ്യരുടെ മനസ്സിലുള്ള ഈ ആശയക്കുഴപ്പം പിളര്‍പ്പ് ഉണ്ടാക്കാന്‍ തീര്‍ച്ചയായും വഴിവയ്ക്കും.

നിലപാടെടുക്കാന്‍ നാം നിര്‍ബന്ധിതരാകും

അരികുവത്കരിക്കപ്പെട്ട ആദിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അവരുടെ മൗലികാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനാല്‍ ഒരു നിലപാടെടുക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. മുസ്തഫ അക്വോള്‍, സ്വാമിനാഥന്‍ എസ്. അങ്കലേസരിയ എന്നിവര്‍ ഇപ്രകാരം പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് (ഒക്‌ടോബര്‍ 31 – നവംബര്‍ 1) ലക്കം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുമേധാവിത്വ ബി.ജെ.പിയും ഇന്ത്യന്‍ ഭരണഘടനയുടെ വിശ്വവിശാലമായ സ്വതന്ത്ര മൂല്യങ്ങളെയും പ്രമാണങ്ങളെയും കാറ്റില്‍ പറത്തിയതായി ലോകം ഇതിനോടകംതന്നെ മനസ്സിലാക്കിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിക്കൊണ്ട് ഭൂരിപക്ഷ മതവിഭാഗത്തിന് സവിശേഷമായ അധികാരാവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് മോദിയുടെ വിജയം.

നിരീക്ഷണത്തിനു വിധേയമാക്കിയും പിളര്‍പ്പുണ്ടാക്കിയും
നിലപാടുകളെടുക്കാന്‍ രാഷ്ട്രീയ മേലധികാരികള്‍
നമ്മെ നിര്‍ബന്ധി
ക്കുമ്പോള്‍ നമ്മുടെ ശുശ്രൂഷകള്‍
പരിശോധനയ്ക്കു വിധേയമാക്കപ്പെടുമെന്നും നാം

പീഡിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കണം.
മോദി സര്‍ക്കാരുമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ധീരത
കാണിക്കുന്ന ഇന്ത്യയിലെ ഏതൊരാളും 
കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട്
ജയിലില്‍ പോകാനുള്ള അപകടസാധ്യത തിരിച്ചറിയേണ്ടതുണ്ട്.


സൗകര്യപൂര്‍വം നിഷ്പക്ഷത പാലിക്കുന്ന ദിനങ്ങളുടെ കാലം കഴിഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ നാം എടുക്കേണ്ടതുണ്ട്. ശിവറാം വിജ് എഴുതി: "രാഷ്ട്രീയ തടവുകാരുടെ നിരന്തരം നീളുന്ന ലിസ്റ്റിനെക്കുറിച്ച് ഇന്ത്യക്കാര്‍ കുറ്റബോധത്തോടെ ദുഃഖിക്കേണ്ടിവരും" (പിന്റ്, 29 ജൂലൈ 2020).

നമ്മുടെ ശുശ്രൂഷകളെ പരി ശോധനയ്ക്കു വിധേയമാക്കും

നിരീക്ഷണത്തിനു വിധേയമാക്കിയും പിളര്‍പ്പുണ്ടാക്കിയും നിലപാടുകളെടുക്കാന്‍ രാഷ്ട്രീയ മേലധികാരികള്‍ നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ നമ്മുടെ ശുശ്രൂഷകള്‍ പരിശോധനയ്ക്കു വിധേയമാക്കപ്പെടുമെന്നും നാം പീഡിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കണം. മോദി സര്‍ക്കാരുമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ധീരത കാണിക്കുന്ന ഇന്ത്യയിലെ ഏതൊരാളും കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ പോകാനുള്ള അപകടസാധ്യത തിരിച്ചറിയേണ്ടതുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതി സ്‌കൂളുകള്‍ ഫീസ് പിരിക്കുന്നത് തടഞ്ഞ മാര്‍ഗം തന്നെ നോക്കുക. നമ്മുടെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിലും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഗ്രാന്റ് എന്നിവ നേടിയെടുക്കുന്നതിലും ഇപ്പോള്‍ത്തന്നെ നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. നമ്മുടെതന്നെ വിശ്വസ്തരായ ദീര്‍ഘ കാല സഹകാരികള്‍ പോലും നമ്മെ ഒറ്റുകൊടുക്കാനിടയുണ്ട്. നമ്മുടെ ജീവകാരുണ്യപ്രവര്‍ത്തന വേദികള്‍, പ്രത്യേകിച്ച്, സ്ഥാപനങ്ങള്‍ ഓരോന്നായി സാവധാനത്തിലും പടിപടിയായും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.
നിര്‍ണായകമായ ഒരു ചോദ്യം ഇതാണ്: നിക്ഷിപ്ത താത്പര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ ശു ശ്രൂഷകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കുന്ന വിധം നടത്തുന്ന നീക്കങ്ങളെക്കുറിച്ച് നാം എത്രമാത്രം അറിവുള്ളവരാണ്? ഭരണകക്ഷിയിലെ പല നേതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയത് നമ്മുടെ സ്ഥാപനങ്ങളാണ്. ഹൃദ്യമായ സുഹൃത്ബന്ധമാണ് അവര്‍ നമ്മോട് വച്ചു പുലര്‍ത്തുന്നതെങ്കിലും നമ്മുടെ ഉദ്യമങ്ങളെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്നതിലും നയപരിപാടികള്‍ നടപ്പാക്കുന്നതിലും അവര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല.

മൗലികമായ ശിഷ്യത്വത്തിലേക്കുള്ള വിളി

അന്തിമവിശകലനത്തില്‍, ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും അതിനോടുള്ള പൗരസമൂഹത്തിന്റെ പ്രതികരണവും നമ്മുടെതന്നെ ധീരമായ നിലപാടുകളും തുടര്‍ന്നുള്ള പ്രതികരണങ്ങളുമെല്ലാം ആവശ്യപ്പെടുന്നത് മൗലികമായ ശിഷ്യത്വമാണ്. 'മൗലികം' എന്ന പദം സൂ ചിപ്പിക്കുന്നതുപോലെ പ്രശ്‌നങ്ങളുടെ അടിവേരുകളിലേക്ക്, അടിസ്ഥാനങ്ങളിലേക്ക് നാം ഇറങ്ങിച്ചെല്ലണം. മാറ്റത്തിനു വിധേയമാക്കപ്പെടാനുള്ള വെല്ലുവിളി നാം സ്വീകരിക്കുകയും വേണം. അപ്രകാരം നാം സ്വയം മാറുകയും മറ്റുള്ളവരെ മാറ്റത്തിനു വിധേയരാക്കാന്‍ പ്രാപ്തരാവുകയും ചെയ്യും. ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളാവുക അത്തരത്തിലാണ്. മൗലികമായ ശിഷ്യത്വം ഇപ്പോള്‍ നാം കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് മുകളിലാണ്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് നമ്മെ ഉണര്‍ത്താന്‍ ജസ്യൂട്ട് സഭയുടെ മുന്‍ ജനറാള്‍ ആയിരുന്ന ഫാ. പെദ്രൊ അരൂപ്പെ നമ്മെ ഓര്‍മിപ്പിക്കുന്നു. "വാക്കുകളല്ല, അത്തരം ജീവിതങ്ങളെ വിശദീകരിക്കാന്‍ വിശ്വാസവും പാവപ്പെട്ടവരോടുള്ള സ്‌നേഹവും മാത്രമേ ഉപകരിക്കൂ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org