
''കര്‍ത്താവു കൂടെയുള്ള നന്മനിറഞ്ഞവള്‍'' ഗബ്രിയേല്‍ ദൈവദൂതനെകൊണ്ട് ദൈവം അഭിസംബോധന ചെയ്യിച്ച വചനം (ലൂക്കാ 1:20). പരിശുദ്ധ കന്യകാമറിയം ഒരുപോലെ ദൈവപുത്രന്റെയും ദൈവജനത്തിന്റെയും അമ്മയാണ്; ലോകം മുഴുവന്റെയും അമ്മയും സഹരക്ഷകയുമാണ്. ''യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും നില്‍ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയുംതാന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു, സ്ത്രീയെ ഇതാ നിന്റെ മകന്‍'' (യോഹന്നാന്‍ 19:25, 26). ആര്‍ക്കും നിഷേധിക്കാനാകാത്ത സത്യം.
ചില സെക്ടുകള്‍ പരിശുദ്ധ അമ്മയെ മുട്ടത്തോടിനോട് ഉപമിച്ചു കേള്‍ക്കാറുണ്ട്. കത്തോലിക്കാസഭയെ എതിര്‍ക്കുന്നവരില്‍ നിന്നും വീണുകിട്ടിയ അര്‍ത്ഥസം പുഷ്ടമായ വാക്ക്, ''മുട്ടത്തോട്.'' പരിശുദ്ധ അമ്മയുടെ ഉദരമാണ്. അവര്‍ ഉദ്ദേശിച്ചതെങ്കിലും, അവരുടെ ഉദ്ദേശ്യലക്ഷ്യം തെറ്റിപ്പോയി.
ഒരു ശിശുവിനെ പത്തുമാസം ചുമക്കുന്ന സ്ത്രീയുടെ, അമ്മയുടെ ഉദരം, ഇത്ര ശ്രേഷ്ഠമായ മനുഷ്യ അവയവത്തെ ചിലര്‍ തീരെ വിലകുറച്ചു കാണിക്കുന്നതിലുള്ള പാപ്പരത്തം, കഷ്ടം തന്നെ. എത്ര ബുദ്ധിജീവികള്‍ തലകുത്തി നിന്നാലോചിച്ചാലും ഇത്ര മഹനീയവും, മഹത്തരവുമായ കൃത്യനിര്‍വ്വഹണത്തെ തള്ളിപ്പറയാന്‍ സാധിക്കുകയില്ല. ഇതിനു പകരമായി മറ്റെന്തിനെ കൊണ്ടുവരാന്‍ സാധിക്കും. ചിപ്പിയില്‍ ഒരു മണല്‍ തരി കയറിയാല്‍ മാസങ്ങള്‍ കഴിഞ്ഞ് ലോകത്തില്‍ ഏറ്റവും വിലയേറിയ പവിഴമുത്തായി രൂപാന്തരപ്പെടുന്നതുപോലെയല്ലെ; ഒരു മനുഷ്യന്‍ സ്ത്രീയുടെ ഉദരത്തില്‍ ഉരുവാകുന്നത്. പ്രസ്തുത രൂപമാറ്റത്തെ എന്തിനോട് ഉപമിക്കും?
നമുക്കു മുട്ടത്തോടു തന്നെ എടുത്തു നോക്കാം. ഒട്ടകപക്ഷിയുടെ മുട്ടത്തോട് എടുക്കുക. ഒട്ടകപ്പക്ഷി, ഏറ്റവും പ്രതികൂല സാഹചര്യത്തിലും, കാലാവസ്ഥയിലും ജീവിക്കുന്ന പക്ഷി. ഏറ്റവും ഉയര്‍ന്ന ചൂടും കൊടിയ തണുപ്പും സഹിച്ച് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന പക്ഷി. ഒട്ടകപ്പക്ഷിയുടെ മുട്ടയൊന്നു പൊട്ടിക്കാനൊ, എറിഞ്ഞുടക്കാനൊ വേഗത്തില്‍ സാധിക്കാത്ത അത്ര കട്ടിയുള്ള തോടോടു കൂടിയത്. ഒരു ഹിംസ്ര ജന്തുവും ആ മുട്ട പൊട്ടിച്ച് ആഹരിക്കാമെന്നു കരുതണ്ട; നടക്കുകേല. എത്ര ഉയര്‍ന്ന ചൂടേറ്റാലും, എത്ര തണുപ്പേറ്റാലും ഒന്നും സംഭവിക്കാത്ത മുട്ട. അത്ര സുരക്ഷിതമായ കവചമാണു തന്റെ കുഞ്ഞുങ്ങള്‍ക്ക് ആ പക്ഷി നല്കുന്നത്. ഇതില്‍ കൂടുതല്‍ സുരക്ഷിതത്വം എവിടെ കിട്ടും? ആ മുട്ടതോടിനോടല്ലെ നമ്മുടെ അമ്മയെ അവര്‍ താരതമ്യം ചെയ്യുന്നത്, നന്ദിയുണ്ട്. സെക്ടുകളെ നന്ദി!
ഈ മുട്ടത്തോടു കൊണ്ട് കത്തോലിക്കാസഭയ്ക്കു ലഭിച്ച സു രക്ഷിതത്വം എത്രത്തോളമുണ്ടെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? അപ്പസ്‌തോല പ്രവര്‍ത്തനം ഒന്നെടുക്കൂ... അവിടുന്നു തുടങ്ങുന്നു ആ അമ്മയുടെ സംരക്ഷണ ചുമതല. ''അവര്‍ പത്രോസ്, യോഹന്നാന്‍...'' അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:14. ആ അമ്മയുടെ ചുറ്റുമിരുന്നല്ലെ അപ്പസ്‌തോലന്മാരും, അവരുടെ സഹോദരന്മാരും, മറ്റു സ്ത്രീകളും പ്രാര്‍ത്ഥിച്ചത്.
സഭയുടെ വീക്ഷണത്തില്‍ മറിയത്തിന്റെ ചരിത്രം സഭയുടെ തന്നെ രക്ഷയുടെ ചരിത്രമാണ്. യേശു പഠിപ്പിച്ചതും, അപ്പസ്‌തോലന്മാര്‍ ദൃക്‌സാക്ഷികളുമായ മറിയത്തെക്കുറിച്ചുള്ള പ്രതിപാദനം, സഭാസമൂഹത്തില്‍ ആഴമേറിയ വിചിന്തനത്തിനും, മരിയാശ്രയത്തിനും കാരണമായി. എ.ഡി. ആദ്യ നൂറ്റാണ്ടുകളില്‍തന്നെ വിശ്വാസികള്‍ അവളുടെ മാതൃത്വത്തെക്കുറിച്ചു പഠിച്ചു. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമിലെ വിശുദ്ധ ഹിപ്പോളിറ്റസ് ദൈവമാതാവ് എന്ന പദം തന്റെ കൃതിയില്‍ ഉപയോഗിച്ചതായി രേഖകളില്‍ കാണുന്നു. മൂന്നും നാലും നൂറ്റാണ്ടുകളിലാണല്ലൊ: ആരിയന്‍ നെസ്റ്റോറിയന്‍ പാഷണ്ഡതകള്‍ പ്രാബല്യത്തില്‍ വന്നത്. ''യേശുക്രിസ്തു യഥാര്‍ത്ഥത്തില്‍ കന്യകയായ മറിയത്തിന്റെ ഉദരത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി ഭൂമിയില്‍ പിറന്നുവെന്നുമാണു സഭ പഠിപ്പിക്കുന്നത്.'' ഡൊയേറ്റിസം (ഉീലശോെ) നോസ്റ്റിസിസം (ഏിീശേരശാെ) മുതലായ പാഷണ്ഡതകള്‍ യേശുക്രിസ്തു യഥാര്‍ത്ഥ മനുഷ്യനല്ലായിരുന്നു എന്നും, മറിയത്തില്‍ നിന്നും തത്തുല്യമായ മനുഷ്യജന്മം സ്വീകരിച്ചില്ലെന്നും പഠിപ്പിച്ചു. നാലാം നൂറ്റാണ്ടില്‍ ആരിയൂസ് യേശുക്രിസ്തുവിന്റെ ദൈവത്തം നിഷേധിച്ചു. ഈ പാഷണ്ഡതയൊക്കെ ചെറുക്കാന്‍ മറിയത്തിന്റെ മാതൃത്വം ദൈവമാതൃത്വമാണെന്നു വ്യക്തമാക്കി. സഭ പ്രബോധനങ്ങള്‍ ഇറക്കി, മറിയത്തിന്റെ സ്ഥാനമാഹാത്മ്യം പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. കര്‍ദ്ദിനാള്‍ ന്യൂമാന്‍ പറയുന്നതുപോലെ, അമ്മയുടെ മഹനീയതകള്‍ എപ്പോഴും മകന്റെ പ്രശസ്തിക്കു വേണ്ടിയത്രെ. നെസ്‌തോറിയന്‍കാര്‍ മറിയത്തിന്റെ ദൈവമാതൃത്വത്തെ നിഷേധിച്ചെങ്കില്‍, ആര്യന്‍ പാഷണ്ഡികള്‍ മറിയം ദൈവമാതാവല്ലെന്നു വാദിച്ചു. ഈ പാഷണ്ഡതയേയും, തെറ്റായ പഠനങ്ങളെയും ചെറുത്തു തോല്പിക്കാന്‍ സാധിച്ചത് സഭാമക്കള്‍ മറിയമെന്ന മുട്ടതോടിനുള്ളില്‍ സുരക്ഷിതരായിരുന്നതുകൊണ്ടാണ്; മറിയത്തിനു സ്തുതി! അവിടെ മറിയം ദൈവത്തിന്റെ മാതാവാണെന്ന വിശ്വാസം പ്രഖ്യാപിക്കുന്നതിനു സഭ ഒന്നാകെ രംഗത്തുവന്നു. എ.ഡി. 431-ല്‍ എഫേസോസില്‍ കൂടിയായ സൂനഹദോസ് പരിശുദ്ധ കന്യകയെ ''ദൈവത്തിന്റെ അമ്മ'' എന്നു വിളിക്കുന്നതില്‍ സന്ദേഹം വേണ്ടെന്നു സമര്‍ത്ഥിച്ചു. വീണ്ടും പല പാഷണ്ഡതകളും, ശീശ്മകളും രൂപപ്പെട്ടെങ്കിലും അതെല്ലാം അമ്മയാകുന്ന മുട്ടതോടിനു മുമ്പില്‍ വീണുടഞ്ഞു ചിന്നിച്ചിതറി ഛിന്നഭിന്നമായി.
ക്രിസ്തുവിന്റെ മനുഷ്യത്വം സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പഠനവിഷയമാണെങ്കില്‍, പരിശുദ്ധ കന്യകാ ദൈവമാതൃത്വം അതേ പ്രാധാന്യത്തോടെ സഭ പഠിപ്പിക്കുന്നു, അന്നും ഇന്നും. വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം; ഇവയില്‍ ഏതെങ്കിലും ഒന്നിനെ തെറ്റിദ്ധരിക്കുകയൊ, ആ തെറ്റിദ്ധാരണ ഒരു സിദ്ധാന്തമായി പ്രചരിപ്പിക്കുകയോ, പഠിപ്പിക്കുകയോ ചെയ്യുന്നവര്‍ സെക്ടുകള്‍ എന്നു വിളിക്കപ്പെടുന്നു. വിശുദ്ധ തോമസ് അക്വിനാസ് ''സുമ്മാ തിയോളജിക'' എന്ന ഗ്രന്ഥത്തില്‍ മറിയത്തെക്കുറിച്ച്, സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തില്‍ ഗര്‍ഭധാരണമുണ്ടായ നിമിഷത്തില്‍ തന്നെ പരിശുദ്ധ ത്രിത്വത്തിന്റെ രണ്ടാമാളായ വചനം മനുഷ്യാവതാരം സ്വീകരിച്ചു. ദൈവപുത്രനായ യേശു മറിയത്തില്‍നിന്നും തന്റെ മനുഷ്യശരീരം സ്വീകരിച്ചതുകൊണ്ട് മറിയം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ അമ്മയായി. സഭയുടെ സാര്‍വ്വത്രികവും, സാധാരണവുമായ അദ്ധ്യാപനാധികാരം ഉപയോഗിച്ച്, പരിശുദ്ധാത്മാവിന്റെ ശക്തി കൊണ്ടുമാത്രം മറിയം ഈശോയെ ഗര്‍ഭം ധരിച്ചുവെന്ന് കത്തോലിക്കാസഭ സൈദ്ധാന്തികമായി പ്രബോധിക്കുന്നു. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസും ഈ സുവിശേഷ രഹസ്യത്തെ ഒരു സത്യമാണെന്നു പഠിപ്പിക്കുന്നു.
കത്തോലിക്കാ സഭയുടെ അടിസ്ഥാന തത്ത്വങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണു പാഷണ്ഡതകളും ശീശ്മകളും ഉടലെടുത്തത്. ഈ പാഷണ്ഡികളുടെ ദുരാരോപണങ്ങള്‍ വിശ്വാസരഹസ്യത്തെപ്പറ്റി കൂടുതല്‍ ആരായുന്നതിനും പഠനം നടത്തുന്നതിനും സഭാ പിതാക്കന്മാര്‍ക്കും വിശ്വാസികള്‍ക്കും പ്രേരണ നല്കുന്നുണ്ട്. വിശുദ്ധ ആഗസ്തിനോസും പറഞ്ഞു വയ്ക്കുന്നു, അസത്യവാദികളായ ഈ പ്രതിയോഗികള്‍ നിരത്തുന്ന യുക്തിക്കു നിരക്കാത്ത പഠനങ്ങള്‍ സത്യം കൂടുതല്‍ ആഴത്തില്‍ നമ്മള്‍ പഠിക്കുന്നതിനും അന്വേഷിക്കുന്നതിനും സഹായിക്കുകയാണു ചെയ്തിട്ടുള്ളതെ ന്ന്. 88 പാഷണ്ഡതകളെക്കുറിച്ച് വിശുദ്ധ ആഗസ്തിനോസ് എഴുതിയ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്, ആബേലേറ്റസ്, ആരിയന്‍സ്, സിക്കും സേലിയന്‍സ്, ഡൊണാറ്റിസ്റ്റ്‌സ് തുടങ്ങിയവ. പലതും തുടങ്ങിയ ഉടനെതന്നെ നാമാവശേഷമാക്കപ്പെട്ടു. എന്നാല്‍ ചുരുക്കം ചിലത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒരു പേരിലല്ലെങ്കില്‍ മറ്റൊരു പേരില്‍ നിലനിന്നു പോന്നു. 11-ാം നൂറ്റാണ്ടിലും, 16-ാം നൂറ്റാണ്ടിലും ക്രിസ്തീയ സഭയില്‍ ഉടലെടുത്ത ഭിന്നതയും, അനൈക്യവും പാശ്ചാത്യ സഭയിലെ മതവിപ്‌ളവമെന്നു പൊതുവെ പറയപ്പെടുന്നു. പാശ്ചത്യ സഭയില്‍ പ്രോട്ടസ്റ്റന്റ് മതവിഭാഗം അതില്‍ പ്രധാനപ്പെട്ടതാണ്. പിന്നീടു പ്രോട്ടസ്റ്റന്റ് സഭ പലതായി പിരിഞ്ഞു പല സഭകളും ഉപസഭകളും ഉണ്ടായി. ദൈവവെളിപാടിന്റെ വ്യാഖ്യാനത്തിലും വിശുദ്ധ ഗ്രന്ഥത്തിന്റെ കൈകാര്യ രീതികളിലും, മാമ്മോദീസ പോലുള്ള കൂദാശകളുടെ പരികര്‍മ്മ രീതികളിലും ഇവര്‍ കാതലായ മാറ്റം വരുത്തി ജനങ്ങളെ പഠിപ്പിക്കുന്നു. തിരുപ്പട്ടം എന്ന കൂദാശ നിലനിര്‍ത്താത്തതു മൂലം പരിശുദ്ധ കുര്‍ബാനയെന്ന രഹസ്യത്തിന്റെ അന്തസത്തയും, പൂര്‍ണ്ണമായ അസ്തിത്വവും അവര്‍ക്കു നഷ്ടപ്പെട്ടു. നമ്മുടെ ചുറ്റുപാടുമുള്ള കെ.വി. യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചും, ആനത്താനത്തിന്റെ കോര്‍ണര്‍ സ്റ്റോണും, ജോസഫിന്റെ മുറിയാടുള്ള എംപറര്‍ ഇമ്മാനുവേലും, ടോം സഖറിയായുടെ സ്പിരിറ്റ് ഇന്‍ ജീസസും ഒക്കെ അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും സ്വന്തം താല്പര്യങ്ങളും സംരക്ഷിക്കാന്‍ ഉണ്ടാക്കിയവ. ഇപ്പോഴത്തെ ഇതിന്റെയൊക്കെ അവസ്ഥ ഹാ! മഹാകഷ്ടം! ലോകത്ത് ഏകദേശം 2500 റോളം സെക്ടുകളുണ്ടെന്നു കണക്കാക്കപ്പെടുന്നു.
കത്തോലിക്കാസഭയുടെ ആധികാരികതയാണ് ഇനി ഇവിടെ പ്രതിപാദിക്കുന്നത്. യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളും, പരിശുദ്ധ ശ്ലീഹന്മാരും വഴി പിന്‍തുടര്‍ന്നു സ്ഥാപിതമായ സഭ. കത്തോലിക്കാസഭ പൂര്‍ണ്ണമായും ക്രിസ്തുവിന്റെ സഭയാണ്. സഭയുടെ ശിരസ്സും സ്ഥാപകനും ദിവ്യവരനും പരിപാലകനും ക്രിസ്തുവത്രെ. വിശുദ്ധ മത്തായിയുടെ സുവിശേഷം 16-ാം അദ്ധ്യായത്തിലാണ് ഇപ്രകാരമുള്ള യേശുവിന്റെ പ്രസ്താവന വരുന്നത്. യേശു കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു, ''ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു; നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്'' (മത്തായി 16:16). യേശുവിന്റെ തുടര്‍ന്നുള്ള പ്രഖ്യാപനം. ''നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും, നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല'' (മത്തായി 16:18). പത്രോസെന്ന പാറമേലാണു യേശു തന്റെ സഭ സ്ഥാപിച്ചത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ പത്രോസിന്റെ സിംഹാസനം, ഇന്നത്തെ പത്രോസിന്റെ പിന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പ.
യേശു തന്റെ പിതാവായ ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലേക്കു നോക്കാം. തന്റെ പന്ത്രണ്ടു ശിഷ്യന്മാര്‍ക്ക് അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ ഏല്പിച്ചു കൊടുക്കുന്ന രംഗം. അന്നു തെരഞ്ഞെടുത്ത അപ്പസ്‌തോലന്മാരാണ് പിന്നീടു സഭയുടെ വക്താക്കളായി മാറിയതെന്നതും സത്യമല്ലെ (മത്തായി 10:1). അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ കാണുന്ന ഭാഗവും ശ്രദ്ധേയമല്ലെ. മത്തിയാസിനെ ശിഷ്യഗണത്തിലേക്കു തെരഞ്ഞെടുക്കുന്നതും, തുടര്‍ന്നുള്ള നടപടികളും. വി. പലോസ് ഗലാത്തിയായിലെ സഭയ്‌ക്കെഴുതിയ ''മറ്റൊരു സുവിശേഷമില്ല'' എന്ന ഭാഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് (ഗലാത്തി 1:6). യഥാര്‍ത്ഥ ക്രിസ്തുസഭ കത്തോലിക്കാ സഭ തന്നെയാണെന്ന് അടിവരയിട്ടു കാണിക്കുന്ന ഭാഗം. ഇതൊക്കെ അംഗീകരിക്കാത്ത, അനുകരിക്കാത്ത സെക്ടുകള്‍ക്ക് എന്ത് എതിര്‍ത്തു പറയാന്‍ സാധിക്കും? എന്ത് ആധികാരികത അവകാശപ്പെടാനുണ്ട്? നമ്മുടെ സഭ യേശുവിന്റെ ശരീരമാണെന്നും, എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു എന്നും എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞു വയ്ക്കുന്നു. എഫേസോസ് 1:21, 22. വീണ്ടും പറയുന്നു. ഈ സഭ അപ്പസ്‌തോലന്മാരുടെയും, പ്രവാചകന്മാരുടെയും അടിത്തറയിന്മേലാണു പണിതുയര്‍ത്തിയിരിക്കുന്നത്; ഈ അടിത്തറയുടെ മൂലക്കല്ലു ക്രിസ്തുവുമാണ്. സഭാ മക്കള്‍ അന്യരൊ പരിദേശികളൊ അല്ല, വിശുദ്ധരുടെ സഹപൗരന്മാരും, ദൈവഭവനത്തിലെ അംഗങ്ങളുമാണ്'' (എഫേസോസ് 2:19-22). ഇത്രയേറെ മേന്മ ഏതു സഭയ്ക്ക് അവകാശപ്പെടാനാകും. സഭയുടെ അപ്രമാതിത്തവും, മഹിമയും വിശുദ്ധ പത്രോസ് പറയുന്നതുപോലെ, നമ്മള്‍ ഒരു രാജകീയ പുരോഹിതഗണമാണ് (1 പത്രോസ് 2:6-9). ഈ സവിശേഷ ഗുണം ആര്‍ക്കു കൈവശപ്പെടുത്താന്‍ സാധിക്കും, കത്തോലിക്കാസഭയ്ക്കല്ലാതെ? പരിശുദ്ധ സിംഹാസനത്തെ ലാക്കാക്കി സുവിശേഷകനായ വിശുദ്ധ ലൂക്കാ പറയുന്നത് ഇങ്ങനെയാണ്. ''കര്‍ത്താവു സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവു നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:28). വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ സത്യസഭയെ കുറിച്ചു പറയുന്നത് ഇപ്രകാരമല്ലെ. ''നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും, ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ദൈവം സഭയില്‍ ഒന്നാമതു അപ്പസ്‌തോലന്മാരെയും, രണ്ടാമതു പ്രവാചകന്മാരെയും നിയമിച്ചിരിക്കുന്നു'' (1 കോറിന്തോസ് 12:27, 28). കത്തോലിക്കാസഭയുടെ രഹസ്യം അതിശ്രേഷ്ഠമാണെന്നുള്ള വിശുദ്ധ പൗലോസിന്റെ പ്രഖ്യാപനവും കേള്‍ക്കാം. ''നമ്മുടെ മതത്തിന്റെ രഹസ്യം... സംവഹിക്കപ്പെടുകയും ചെയ്തു'' (1 തിമോ. 3:16). യേശു ഉറപ്പിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അടിത്തറ ഇന്നും ഇളകാതെ നില്‍ക്കും എന്നു വി. പൗലോസ് തിമോത്തിയിലൂടെ ഊന്നി പറയുന്നു (2 തിമോ. 2:16). ഇത്രയേറെ വിശുദ്ധ ലിഖിതങ്ങളിലെ തെളിവുകളോടെ സ്ഥാപിതമായിരിക്കുന്ന സഭ എങ്ങനെ ഇളകും? പാറമേല്‍ സമുദ്രജലം ആഞ്ഞടിക്കുന്നതുപോലെ, പാറ സുരക്ഷിതമായി അവിടെ നില്‍ക്കും, സമുദ്രജലം അടിച്ചു ചിന്നിച്ചിതറിപ്പോകും. ഇതൊരു നേര്‍കാഴ്ചയാണു, സംശയം ലേശവും വേണ്ട.
കത്തോലിക്കാസഭയുടെ ഇന്നത്തെ സാഹചര്യങ്ങള്‍ കൂടി ഒന്നു നോക്കുന്നത് ഉചിതമായിരിക്കും. വളരെയേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട് ഇന്നു സഭാസമൂഹം. അതു സഭയ്ക്കുള്ളില്‍നിന്നും, പുറത്തുനിന്നും. ഒട്ടും അതിശയപ്പെടാനില്ല; അതു സഭയുടെ ആദ്യ നൂറ്റാണ്ടു മുതലുള്ള ചരിത്രമാണ്, ഇന്നു പീഡനമുറകള്‍ പലവിധത്തില്‍ പല സ്ഥലത്തുനിന്നും സഭ തുടര്‍ച്ചയായി നേരിടുന്നു. സമീപകാലത്തു നടക്കുന്നതു മാത്രം എടുക്കാം. അഫ്ഗാനിസ്താനിലും, പാക്കിസ്താനിലും സഭാമക്കള്‍ക്കു നേരെ അരങ്ങേറുന്ന താലിബാന്‍, മുസ്‌ലീം തീവ്രവാദികളുടെ മര്‍ദ്ദനമുറകള്‍, കൊലകള്‍. നൈജീരിയായിലും, കെനിയായിലും, ഇറാക്കിലും, ലിബിയായിലും കത്തോലിക്കര്‍ ഏല്ക്കുന്ന ഐഎസ്, ബോക്കോ ഹാരം മുതലായ ഇസ്‌ലാമിക് ടെററിസ്റ്റുകളുടെ മനുഷ്യവേട്ടയും, മനുഷ്യകുരുതിയും മനുഷ്യമനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്നവയല്ലെ? അതും പോരാഞ്ഞിട്ട് നിക്കരാഗ്വൊ പോലുള്ള രാജ്യങ്ങളുടെ കത്തോലിക്കാസഭാ തിരസ്‌കരണം. ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപിച്ചു വരുന്ന പരസ്യമായിട്ടുള്ള മര്‍ദ്ദനവും, പീഡനവും, ആക്രമണവും. കത്തോലിക്കാസഭ ഇതു കൊണ്ടൊന്നും തളരുമെന്നു കരുതരുത്. ഒരു വൃക്ഷം ബലം പ്രാപിക്കുന്നത് അതു പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോഴാണ്. സഭാമക്കള്‍ അകാരണമായി ഹിംസിക്കപ്പെടുമ്പോള്‍, വിധിക്കപ്പെടുമ്പോള്‍, വധിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക, ആകാംക്ഷ സ്വാഭാവികം. ചെടിയുടെ ഒരു ചില്ല ഒന്നു വെട്ടിമാറ്റൂ, അതേ സ്ഥാനത്തുനിന്നും പത്തു പുതുനാമ്പുകള്‍ പൊട്ടിവരും. ഇവിടെയൊന്നും ഒരത്ഭുതത്തിനും അവകാശമില്ല. തീയില്‍ കുരുത്തതു വെയിലത്തു വാടുകയുമില്ല തീര്‍ച്ച. സഭാമക്കളുടെ ധീരരക്തസാക്ഷിത്വം ഒരു വെല്ലുവിളിയായി കണക്കാക്കണം. ഇത്തരുണത്തില്‍ വിശുദ്ധ പൗലോസ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം വളരെ പ്രസക്തമാണ്, ''എനിക്കു ജീവിതം ക്രിസ്തുവും, മരണം നേട്ടവുമാണ്'' (ഫിലി. 1:21).