സ്ത്രീകള്‍ ഇന്നും അസമത്വത്തിന്റെ ഇരകള്‍?

സ്ത്രീകള്‍ ഇന്നും അസമത്വത്തിന്റെ ഇരകള്‍?

ഡോ. ലിസ്ബ യേശുദാസ്
(അസി. പ്രൊഫസര്‍ സെന്റ് സേവ്യേഴ്‌സ് കോളജ്, തുമ്പ)

കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം 1084 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍ എന്നതാണ്. വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 95 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തു ഉള്‍പ്പെട്ടിരിക്കുന്നവരുടെ കണക്കു നോക്കിയാല്‍ 68.7 ശതമാനവും പെണ്‍കുട്ടികളാണ്. ബിരുദത്തിലായാലും ബരുദാനന്തര ബിരുദത്തിലായാലും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ കരസ്ഥമാക്കുന്നതും സര്‍വ്വകലാശാല റാങ്കുകള്‍ നേടുന്നതും പെണ്‍കുട്ടികളാണ്. ഈ സാഹചര്യമൊക്കെ നിലനില്‍ക്കുന്നുവെങ്കിലും നമ്മുടെ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴില്‍ രഹിതരായ പെണ്‍കുട്ടികള്‍ ഏറ്റവും അധികമുള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ ഈ പെണ്‍കുട്ടികള്‍ എങ്ങോട്ടാണു പോകുന്നത്? എവിടെയാണ് നമ്മള്‍ ഈ പെണ്‍കുട്ടികളെ അന്വേഷിക്കേണ്ടത്?
ഉന്നത വിദ്യഭ്യാസ രംഗത്തു മെച്ചപ്പെട്ട നേട്ടം കൊയ്യാന്‍ കഴിയുമ്പോഴും തൊഴില്‍രംഗത്ത് ഇങ്ങനെയൊരു അസമത്വം നില നില്‍ക്കാനുള്ള കാരണം എന്താണ്? തൊഴിലില്ലായ്മ കേരളത്തില്‍ പൊതുവേ നേരിടുന്ന ഒരു വിഷയമാണെങ്കില്‍ പോലും തൊഴില്‍ രഹിതരായ പെണ്‍കുട്ടികളുടെ എണ്ണം തൊഴില്‍രഹിതരായ പുരുഷന്മാരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്. എന്തുകൊണ്ടാണ് ഈ സാഹചര്യം വരുന്നത്? അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത കേരളത്തില്‍ എന്തു കൊണ്ട് ഒരു വനിതാ വിദ്യാഭ്യാസ മന്ത്രി ഉണ്ടാകുന്നില്ല? എന്തുകൊണ്ട് കേരള മുഖ്യമന്ത്രിപദത്തില്‍ ഒരു വനിത എത്തുന്നില്ല? പതിനഞ്ചോളം സര്‍വ്വകലാശാലകളുള്ള കേരളത്തില്‍ എത്ര വനിതാ വൈസ് ചാന്‍സലര്‍മാരുണ്ട്, എത്ര വനിതാ പ്രൊ-വൈസ് ചാന്‍സലര്‍മാരുണ്ട്? ഒരു വനിതാ രജിസ്ട്രാറെങ്കിലുമുണ്ടോ? രാഷട്രീയരംഗമെടുത്താല്‍, നമ്മുടെ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം വളരെ തുച്ഛമാണ്. രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖസ്ഥാനങ്ങളില്‍ അവര്‍ എത്ര ശതമാനമുണ്ട്? ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളില്‍ സ്ത്രീകള്‍ മെച്ചപ്പെടാതെ പോകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടത് വിദ്യാലയങ്ങളിലാണോ, കുടുംബങ്ങളിലാണോ, സാമൂഹിക വ്യവസ്ഥിതിയിലാണോ?


സ്ത്രീകളുടെ, പെണ്‍കുട്ടികളുടെ സാമൂഹിക ഉത്തരവാദിത്വത്തെ സംബന്ധിച്ച് ഔപചാരിക – അനൗപചാരിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ കാലങ്ങളായി നല്‍കുന്ന ബോധനം ഏതു വിധത്തിലുള്ളതാണെന്നു നാം വിശകലനം ചെയ്തിട്ടുണ്ടോ? കുട്ടികളുടെ പാഠപുസ്തകങ്ങള്‍ എടുത്തു നോക്കൂ, അതില്‍ അവര്‍ക്കു പഠിക്കാനുള്ള ചിത്രങ്ങളും വാക്യങ്ങളും വളരെ താത്പര്യമുളവാക്കുന്നതാണ്. "നമിതയ്ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു അച്ഛന്‍, നമിതയ്ക്ക് പായസം ഉണ്ടാക്കിക്കൊടുക്കുന്നു അമ്മ." "നമിതയ്ക്കു വേണ്ടി ഒരു കുട്ടിപ്പുര പണിതുകൊടുക്കുന്നു ജോലിക്കാരന്‍, അതിലെ മുറിയിലിരുന്നു വായിക്കുന്നു അച്ഛന്‍, അടുക്കളയില്‍ പത്തിരി ഉണ്ടാക്കുന്നു അമ്മ." സ്ത്രീയുടെയും പുരുഷന്റെയും കുടുംബത്തിലെ പങ്കിനെക്കുറിച്ച്, സാമൂഹിക ഉത്തരവാദിത്വത്തെ സംബന്ധിച്ച് ഏതു തരത്തിലുള്ള ചിത്രമാണ് യഥാര്‍ത്ഥത്തില്‍ നാം കൊടുത്തുകൊണ്ടിരിക്കുന്നത്? അതുപോല, യാത്ര പോകാനൊരുങ്ങുമ്പോള്‍ അമ്മ തുണിയെടുക്കുന്നു, അച്ചന്‍ ഡ്രൈവ് ചെയ്യുന്നു. എന്തുകൊണ്ട് അമ്മയ്ക്കു ഡ്രൈവ് ചെയ്തുകൂടാ? എന്തുകൊണ്ട് അമ്മയ്ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുത്തുകൂടാ? സമൂഹത്തിലും കുടുംബത്തിലും സ്ത്രീ – പുരുഷ റോളുകള്‍ എന്താകണം എന്നു കൃത്യമായി കുട്ടിയെ മനസ്സിലാക്കുന്ന രീതിയിലാണ് ഇവിടെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം. അച്ഛന്‍ വൈകീട്ടു നടക്കാന്‍ പോകും, വായനശാലയില്‍ പോകും. അപ്പോഴും അമ്മ അടുക്കളയിലാണ്. അമ്മയുടെ ഇടം അടുക്കള അഥവാ വീട് എന്ന നിലയില്‍ ചുരുങ്ങിപ്പോകുന്നു.
ഇത്തരത്തില്‍ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ വ്യത്യസ്തമാകുന്നു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആ വിധത്തില്‍ ജനിക്കുകയാണോ അതോ ആണ്‍ കുട്ടിയും പെണ്‍കുട്ടിയുമായി വളര്‍ത്തപ്പെടുകയാണോ? നമ്മള്‍ വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ മുതല്‍ നോക്കുക. ആണ്‍കുട്ടിക്കു ക്രിക്കറ്റ് ബാറ്റും ബോളും വാങ്ങിക്കൊടുക്കും പെണ്‍കുട്ടിക്ക് അലങ്കരിക്കാന്‍ ഒരു പാവയും. അവരുടെ അഭിരുചികള്‍ വ്യത്യസ്തമാണെന്നും അവര്‍ വ്യാപരിക്കേണ്ട ഇടങ്ങള്‍ വ്യത്യസ്തമാണെന്നുമല്ലേ നാം ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്? പെണ്‍കുട്ടികളെ അവരുടെ സ്വാഭാവിക സാഹചര്യങ്ങളില്‍ വളരാന്‍ അനുവദിക്കാറുണ്ടോ? അങ്ങനെ വളര്‍ത്തിയിരുന്നെങ്കില്‍ ആണ്‍കുട്ടിയെപ്പോലെ ജീവിത നൈപുണ്യങ്ങള്‍ സ്വാഭാവികമായും ആര്‍ജ്ജിക്കുമായിരുന്നില്ലേ? നീന്തലും ഡ്രൈവിംഗും സൈക്കിളിംഗും അരങ്ങേറും മുന്‍പേ യാതൊരു പേടിയും ഇല്ലാതെ പെണ്‍കുട്ടി ചെയ്യുമായിരുന്നു. സ്വാഭാവികമായി ആര്‍ജ്ജിക്കുമായിരുന്നു. നമ്മുടെ എത്ര പെണ്‍കുട്ടികളെ വീട്ടിലെ ഫ്യൂസ്‌വയര്‍ കെട്ടാന്‍ നാം പഠിപ്പിച്ചിട്ടുണ്ട്? എത്ര പെണ്‍കുട്ടികളെ ട്യൂബ്‌ലൈറ്റും ബള്‍ബുമൊക്കെ ഫ്യൂസായാല്‍ മാറ്റിയിടാന്‍ പഠിപ്പിച്ചിട്ടുണ്ട്? മിക്‌സിയും വാക്വം ക്ലീനറുമല്ലാത്ത എത്ര മെഷീനുകള്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു പരിശീലനമോ അനുവാദമോ നല്‍കിയിട്ടുണ്ട്? ഇതൊന്നും നല്‍കാതെ പെണ്‍കുട്ടികള്‍ക്കു സാങ്കേതികമായ പരിജ്ഞാനമില്ല, ഐടി മേഖലയില്‍ എന്റോള്‍മെന്റുകള്‍ നടക്കുന്നില്ല എന്നു പരാതിപ്പെടുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി എനിക്കു തോന്നുന്നില്ല.
സ്ത്രീസൗഹൃദമായ എത്രമാത്രം ഇടങ്ങളാണ് നമ്മുടെ കുടുംബത്തിലും സമൂഹത്തിലുമുള്ളത്? സാമൂഹിക ഇടങ്ങളുമായി സംവദിക്കാന്‍ സ്ത്രീക്ക് എന്തുമാത്രം അവസരമുണ്ട്? വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞ് ഇറങ്ങി നടന്നു നാട്ടുവര്‍ത്തമാനം പറയാനോ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ കലുങ്കില്‍ ചെന്നിരുന്നു നാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കാനോ വായന ശാലയില്‍ പോയി പുസ്തകമോ പത്രമോ വായിക്കാനോ എന്തുമാത്രം സമയവും സ്വാതന്ത്യവും അവര്‍ക്കു കൊടുക്കുന്നുണ്ട്? പിന്നെ എങ്ങനെയാണ് അവര്‍ക്കു നേതൃത്വ ഗുണമുണ്ടാകുക, സംഘാടകരാകുക, സ്വതന്ത്രമായ നിലപാടെടുക്കുക? പത്രം വായിക്കാനും മൊബൈലും കമ്പ്യൂട്ടറും നോക്കാനും ആണ്‍കുട്ടികള്‍ക്കു നല്‍കുന്നത്ര സമയം നാം പെണ്‍കുട്ടികള്‍ക്ക് അനുവദിക്കാറുണ്ടോ? നാം ഏറ്റവും കൂടുതല്‍ വഴക്കു പറയുന്നത്് ആരെയാണ്? നമ്മള്‍ പെണ്‍കുട്ടിയെ പരിശീലിപ്പിക്കുന്ന ഒരേയൊരു കാര്യം പാചകമാണ്. അവളില്‍ നിന്നു കുടുംബം ആവശ്യപ്പെടുന്ന അടിയന്തിരമായ, അത്യാവശ്യമായ കാര്യം അതാണ്. "മറ്റൊരു വീട്ടിലേക്കു ചെന്നു കഴിഞ്ഞാല്‍….." ഇതാണു സ്ഥിരം പല്ലവി. മറ്റൊരു വീട്ടിലെ അടുക്കളയിലേക്കു വേണ്ടിയുള്ള പാകപ്പെടലാണ് സ്വന്തം വീട്ടില്‍ നടക്കുന്നത്. ആണ്‍ കുട്ടിയെ ഇത്തരത്തില്‍ പാകപ്പെടുത്താറുണ്ടോ? പെണ്‍കുട്ടി സ്വന്തമായി അധ്വാനിച്ചു സ്വന്തം വരുമാനം കൊണ്ടു ജീവിക്കേണ്ടവളാണ് എന്നു പഠിപ്പിക്കുന്ന എത്ര കുടുംബങ്ങളുണ്ട്? ആണ്‍കുട്ടിയെ പോലെ തന്നെ പെണ്‍കുട്ടിക്കു ജീവിക്കാന്‍ ഒരു ജോലി അത്യാവശ്യമാണെന്ന് എത്രപേര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്? എത്ര ആണ്‍കുട്ടികള്‍ക്കാണ് വിവാഹത്തിന്റെ പേരില്‍ പഠനവും ജോലിയും ഉപേക്ഷിക്കേണ്ടി വരുന്നത്? വിവാഹ കമ്പോളത്തില്‍ സ്ത്രീയുടെ പ്രായക്കുറവിനുള്ള ഡിമാന്റും പെണ്‍ കുട്ടിയുടെ പഠനത്തിനും തൊഴിലിനും തടസ്സമാകുന്നുണ്ട്. 18 വയസ്സിനും 24 വയസ്സിനും ഇടയില്‍ കല്യാണം കഴിപ്പിച്ചില്ലെങ്കില്‍ കേടു വന്നു പോകുന്ന എന്തോ ഒരു വസ്തുവായി, ജീവിയായി സ്ത്രീയെ കണക്കാക്കുമ്പോള്‍ ഒരു ഉപ ഭോഗവസ്തുവായിത്തന്നെയല്ലേ നാം അവരെ കാണുന്നത്?

പെണ്‍കുട്ടി സ്വന്തമായി അധ്വാനിച്ചു
സ്വന്തം വരുമാനം കൊണ്ടു
ജീവിക്കേണ്ടവളാണ് എന്നു പഠിപ്പിക്കുന്ന
എത്ര കുടുംബങ്ങളുണ്ട്?
ആണ്‍കുട്ടിയെ പോലെ തന്നെ
പെണ്‍കുട്ടിക്കു ജീവിക്കാന്‍
ഒരു ജോലി അത്യാവശ്യമാണെന്ന്
എത്ര പേര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്?…
18 വയസ്സിനും 24 വയസ്സിനും ഇടയില്‍
കല്യാണം കഴിപ്പിച്ചില്ലെങ്കില്‍
കേടു വന്നു പോകുന്ന എന്തോ
ഒരു വസ്തുവായി, ജീവിയായി
സ്ത്രീയെ കണക്കാക്കുമ്പോള്‍
ഒരു ഉപഭോഗവസ്തുവായി
ത്തന്നെയല്ലേ നാം അവരെ കാണുന്നത്?


ഇനി ഈ പറയുന്ന കാര്യങ്ങളൊക്കെ തരണം ചെയ്ത് സ്ത്രീകള്‍ ജോലി നേടിയെന്നു വിചാരിക്കുക. ജോലി കിട്ടിയാല്‍ തന്റെ മേഖലയില്‍ കഴിവു പ്രകടിപ്പിക്കാന്‍ സ്ത്രീക്കു കഴിയുന്നുണ്ടോ? ആണിനെപ്പോലെ പെര്‍ഫോമന്‍സ് ആകുന്നില്ല എന്നത് സ്ത്രീകളെക്കുറിച്ചുള്ള സ്ഥിരം പരാതിയാണ്. യഥാര്‍ത്ഥത്തില്‍ ഉദ്യോഗമുള്ള ഒരു സ്ത്രീയെയും ഉദ്യോഗമില്ലാത്ത ഒരു സ്ത്രീയെയും നാം താരതമ്യം ചെയ്യുമ്പോള്‍ അധിക ഭാരമാണു ഉദ്യോഗമുള്ള സ്ത്രീ വഹിക്കുന്നത്. ഉദ്യോഗമില്ലാത്തവള്‍ ആറോ ഏഴോ മണിക്കൂര്‍ വീട്ടുകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉദ്യോഗമുള്ളവള്‍ തന്റെ തൊഴിലിടത്തില്‍ ആറുമുതല്‍ ഏഴുമണിക്കൂര്‍ വരെ പണിയെടുത്തതിനു ശേഷം വീട്ടില്‍ വന്നു വീണ്ടും പണിയെടുക്കണം. എത്ര ഉയര്‍ന്ന സ്ഥാനത്തിരുന്നാലും ഇതാണവസ്ഥ. ചില അപവാദങ്ങള്‍ ഉണ്ടാകാം. പക്ഷെ പൊതുവേ അമ്മ എന്ന നിലയില്‍, മകള്‍ എന്ന നിലയില്‍ സഹോദരി, ഭാര്യ, മരുമകള്‍ എന്നീ നിലകളില്‍ കുടുംബം പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. വൈകുന്നേരം വന്നാല്‍ ചായയ്ക്ക് എന്തു പലഹാരം ഉണ്ടാക്കണം, രാത്രി ചപ്പാത്തിക്കു കുറുമ വേണോ, ഉരുളക്കിഴങ്ങു കറി മതിയോ, രാവിലെ ദോശയ്ക്ക് അരച്ചു വയ്ക്കണോ, പൂട്ടിനു കുഴക്കണോ ഉച്ചയ്ക്കത്തേക്ക് എന്ത് അരിഞ്ഞു വയ്ക്കണം… ഇനി കൊച്ചു കുട്ടികളുണ്ടെങ്കില്‍ പിന്നെയും ജോലി സമയം വര്‍ദ്ധിക്കും. അവരെ ഇടയ്ക്കിടയ്ക്കു ശ്രദ്ധിച്ചുകൊണ്ടിരിക്കണം. സുഖമില്ലാത്തവര്‍ വീട്ടിലുണ്ടെങ്കില്‍ ഉറക്കമിളച്ചു കാവലിരിക്കണം. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും ചടങ്ങുകളില്‍ കുടുംബത്തിന്റെ പ്രതിനിധിയായി പങ്കെടുക്കണം. ഇക്കാര്യങ്ങളില്‍ കുടുംബത്തില്‍ സ്ത്രീകള്‍ക്കു യൊതൊരു വിട്ടുവിഴ്ചയുമില്ല. അഥവാ അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങിയാല്‍ നാം ആദര്‍ശവത്കരിക്കുന്ന കുടുംബങ്ങളുടെ ഘടന ഉലയാന്‍ തുടങ്ങും. അങ്ങനെ ഉലഞ്ഞാല്‍ ആ പഴിയും കേള്‍ക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് സ്ത്രീകള്‍ സ്വയം അഡ്ജസ്റ്റ് ചെയ്യും. പിന്നെ താരമ്യേന വിട്ടുവീഴ്ച സാധ്യമാകുന്നത് തൊഴിലിട ത്തിലാണ്. ജോലി ചെയ്യുന്ന പുരുഷനെ അപേക്ഷിച്ച് ജോലി ചെയ്യുന്ന സ്ത്രീ അധികഭാരം വഹിക്കേണ്ടി വരുമ്പോള്‍ എങ്ങനെയാണ് അവള്‍ക്ക് തൊഴിലിടത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവുന്നത്? ഇങ്ങനെ പങ്കുവയ്ക്കപ്പെടാത്ത ഉത്തരവാദിത്വങ്ങളില്‍ കുരുങ്ങി സമയം കിട്ടാത്ത അവളുടെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും എങ്ങനെയാണ് ആഴം (റലുവേ) ഉണ്ടാകുന്നത്. പലപ്പോഴും പെണ്‍കുട്ടികളുടെ റിസര്‍ച്ചിനെക്കുറിച്ചു പറയുന്നത്, അതിനു ഡെപ്ത് ഇല്ല എന്നാണ്.
ഉദ്യോഗതലത്തില്‍ പെണ്‍കുട്ടികള്‍ അധികവും വ്യാപരിക്കുന്നത് അധ്യാപനത്തിലും ക്ലെറിക്കല്‍ ജോലികളിലുമാണ്. അവിടെപ്പോലും തൊഴില്‍ ദാതാക്കള്‍ മുന്‍ഗണന നല്‍കുന്നത് ആര്‍ക്കാണ്? ആണ്‍കുട്ടികള്‍ക്കാണ്. എനിക്കു വ്യക്തിപരമായി അനുഭവമുണ്ട്. എന്റെ ജോലിക്കാര്യത്തിനായി ഞാന്‍ ചെല്ലുമ്പോഴൊക്കെ പറയുന്നത്, ഭര്‍ത്താവിനു ജോലിയുണ്ടല്ലോ, പെണ്‍കുട്ടിയല്ലേ, ജോലിയില്ലാത്ത ഒരു ആണ്‍കുട്ടിക്കു കൊടുക്കട്ടെ എന്നാണ്. അവിടെ അവരുടെ പരിഗണന എന്താണ്? പെണ്‍കുട്ടി എന്നാല്‍ വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ പെട്ട്, പ്രശ്‌നങ്ങളില്‍പെട്ട് എപ്പോഴും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവള്‍. അവള്‍ക്കെങ്ങനെ ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റും? മാത്രമല്ല സര്‍വ്വീസ് കാലയളവില്‍ കുറഞ്ഞത് രണ്ടു പ്രസവാവധിയെങ്കിലും എടുക്കും. അതു തൊഴിലിടത്തെ ബാധിക്കും. പക്ഷെ അവിടെയൊക്കെയും പറഞ്ഞുവയ്ക്കുന്നത് കുലസ്ത്രീ, കുടുംബത്തിനും അടുക്കളയ്ക്കും വേണ്ടിയുള്ളവള്‍ എന്നു തന്നെയല്ലേ? ഇനി ജോലിയുടെ സൗകര്യത്തിനോ വ്യക്തിസ്വാതന്ത്ര്യത്തിനോ വേണ്ടി കുടുംബം വേണ്ട എന്നു തീരുമാനിക്കുന്ന സ്ത്രീകളെ നാം എങ്ങനെ കാണും? പ്രസവിക്കേണ്ട എന്നു തീരുമാനിക്കുന്ന സ്ത്രീയെ നാം എങ്ങനെ കാണും?


മറ്റുള്ളവരുടെ കാര്യം പോട്ടെ, സ്ത്രീക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ എന്തുമാത്രം സ്വാതന്ത്ര്യമുണ്ട്? എന്തു പഠിക്കണം, എപ്പോള്‍ വിവാഹം കഴിക്കണം, ആരെ വിവാഹം കഴിക്കണം, എപ്പോള്‍ പ്രസവിക്കണം? ഒമ്പതു മാസം ഒരു ജീവനെ ഉദരത്തില്‍ വഹിക്കേണ്ടതും അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതും അതനുസരിച്ച് സ്വന്തം ശരീരത്തെ പരുവപ്പെടുത്തേണ്ടതും സ്ത്രീയാണ്. പക്ഷെ ഇതെല്ലാം തീരുമാനിക്കാന്‍ അവള്‍ക്ക് അവകാശമുണ്ടോ? കുടുംബത്തിലും സമൂഹത്തിലും വിശ്വാസജീവിതത്തില്‍ പോലും രണ്ടാം തരം സ്ഥാനമാണ് സ്ത്രീകള്‍ക്കുള്ളത്. ആ രണ്ടാം തരം സ്ഥാനം കൊടുത്തിട്ട്, കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയില്‍ എടുത്തുവച്ചിട്ട് ഒന്നാം തരം പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്ന് ആവലാതിപ്പെട്ടുകൊണ്ടിരിക്കുകയാണു നമ്മള്‍. ഇതു വിരോധാഭാസമാണ്.
അതുപോലെ ചില പരിമിതമായ മേഖലകളില്‍ മാത്രമേ സ്ത്രീകള്‍ക്കു കഴിവുതെളിയിക്കാനാകൂ എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ആ വാദം ഏതാണ്ടു പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിനു ലൈസന്‍സ് നേടിയ ഒരേ ഒരു ഇന്ത്യാക്കാരിയായ തൃശ്ശൂര്‍ക്കാരി കെ.ടി. രേഖ, യന്ത്രവത്കൃത ബോട്ടിനെ നിയന്ത്രിച്ച് , സ്വന്തം അന്നം തേടി എന്നും കടലിലേക്കു വള്ളമിറക്കുകയാണ്. ട്രാക്ടറും റോള്‍ഡ് റോളറും അടക്കം പത്തോളം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയ എറണാകുളത്തുള്ള ഷൈനി വിനോദ്, കല്‍പാത്തിയില്‍ നിന്നു കുര്‍ദുങ്ങ് വരെ ഒറ്റയ്ക്കു സാഹസീക ബൈക്ക് യാത്ര നടത്തിയ ലക്ഷ്മി എന്നിവരൊക്കെ പറഞ്ഞുവയ്ക്കുന്നത്, അവസരം കിട്ടിയാല്‍ തങ്ങള്‍ക്കും ഇതെല്ലാം സാധിക്കും എന്നാണ്. അപ്പോള്‍ ആരാണ് മാറേണ്ടത്? എവിടെയാണ് മാറേണ്ടത്? നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും, വ്യത്യസ്ത ശാരീരിക സവിശേഷതകളുള്ള എന്നാല്‍ ഒരേതരം ശേഷിയുള്ള മുനുഷ്യരായി അംഗീകരിക്കാന്‍ കഴിയണം. ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കിടണം. അവസരങ്ങള്‍ തുല്യമായി വിതരണം ചെയ്യണം. ഇത്തരത്തില്‍ മനോഭാവങ്ങളില്‍ മാറ്റം വരാതെ ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ സംഭാവനകള്‍ ലഭിക്കുന്നില്ല, ഉന്നത വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ക്കു മാറ്റമില്ല, അവരെക്കൊണ്ടു സമൂഹത്തിനു പ്രയോജനമില്ല എന്നു നാം ആവലാതിപ്പെട്ടിട്ടു കാര്യമില്ല. നമുക്കു കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചു ഈ ആശയവിനിമയം നടത്തിയേ മതിയാകൂ. അങ്ങനെ നമ്മുടെ സ്ത്രീകളെ മുന്നിലേക്കു കൊണ്ടു വരണം. ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനും അതു ഫലപ്രദമായി നിര്‍വ്വഹിക്കാനും കത്തോലിക്കാ സഭയ്ക്കു കഴിയും. കഴിയണം.
(ഫെബ്രുവരി 21 ന് എറണാകുളം പിഒസിയില്‍ കെ.സി.ബി.സി അല്മായ കമ്മീഷന്‍ സംഘടിപ്പിച്ച കേരള പഠനശിബിരത്തില്‍ 'ഉന്നതവിദ്യാഭ്യാസം — സ്ത്രീപക്ഷ വീക്ഷണം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org