വിദ്യാ കവാടങ്ങള്‍ അടയുകയാണോ...?

വിദ്യാ കവാടങ്ങള്‍ അടയുകയാണോ...?

കോവിഡ് മഹാമാരിയുടെ മറ്റൊരു തരംഗത്തിലേക്ക് രാജ്യവും സംസ്ഥാനവും നീങ്ങുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് സാഹചര്യം അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ച നിലയില്‍ തുടരുക മാത്രമാണ് പോംവഴി.

സാമ്പത്തികരംഗം ഇനിയുള്ള അടച്ചിടലിനു ശേഷം...

ഇനിയൊരു അടച്ചിടലുണ്ടായാല്‍, മെല്ലെ പിച്ചവെച്ചു തുടങ്ങിയിരുന്ന സാമ്പത്തിക രംഗം ഒരിക്കല്‍ക്കൂടി കൂപ്പുകുത്തും. രൂക്ഷമായ പ്രതിസന്ധിയായിരിക്കും ആ നിശ്ചലാവസ്ഥ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാക്കുക. ഈ പിന്‍നടത്തം ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടാന്‍ പോകുന്നത് സം സ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്താണെന്ന് ഉറപ്പായിരിക്കുന്നു. 21 മുതല്‍ രണ്ടാഴ്ചക്കാലം ഒമ്പതാം ക്ലാസ്സ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അധ്യയനം നടത്തിയാല്‍ മതിയെന്ന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു കഴിഞ്ഞു. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോ എന്ന് പരിശോധിക്കും.

കഴമ്പില്ലാത്ത ആരോപണങ്ങള്‍

സമ്പൂര്‍ണമായ അടച്ചിടലിലേക്ക് പോകും മുമ്പ് തന്നെ സ്‌കൂളുകള്‍ ഓണ്‍ലൈനിലേക്ക് മാറാന്‍ തീരുമാനിച്ചതില്‍ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് താനും. എന്നാല്‍ അധ്യാപക സംഘടനകളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും അധ്യാപകര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പഴുതു നോക്കുകയാണെന്നുമുള്ള ആക്ഷേപത്തില്‍ യാതൊരു അടി സ്ഥാനവുമില്ലെന്ന് തീര്‍ത്ത് പറയേണ്ടിയിരിക്കുന്നു. ഫിസിക്കല്‍ ക്ലാസ്സുകള്‍ തുടങ്ങിയതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചത് അധ്യാപക സമൂഹമായിരുന്നു. അധ്യാപനത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരം അതാണല്ലോ. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പലപ്പോഴും സങ്കീര്‍ണവും ശ്രമകരവുമാണ്. ക്ലാസ്സുകള്‍ അടച്ചിടുകയെന്നത് അനിവാര്യമായ പരിഹാരമാണോയെന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരമാണ് ലോകബാങ്കിന്റെ നേതൃത്വത്തില്‍ ഈയിടെ നടന്ന പഠനം. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ചിടുന്നതിന് യാതൊരു നീതീകരണവുമില്ലെന്നാണ് ലോകബാങ്ക് ഗ്ലോബല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ജെയ്‌മേ സാവേദ്ര വ്യക്തമാക്കുന്നത്. പുതിയ തരംഗം പ്രത്യക്ഷപ്പെട്ടാലും സ്‌കൂളുകള്‍ അടച്ചിടുന്നത് അവസാന പോംവഴിയായി മാത്രമേ പരിഗണിക്കാവൂ എന്ന് വിദ്യാഭ്യാസ മേഖലയില്‍ കൊവിഡിന്റെ സ്വാധീനം സംബന്ധിച്ച് പഠനം നടത്തിയ സംഘത്തിന്റെ തലവന്‍ കൂടിയായ അദ്ദേഹം പറയുന്നു.

ശാസ്ത്രീയാടിത്തറ ഇല്ലാത്ത തീരുമാനങ്ങള്‍

സ്‌കൂള്‍ തുറന്നു എന്നതുകൊണ്ട് കൊവിഡ് പടര്‍ന്നതിന് തെളിവുകളൊന്നുമില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനവും കൊവിഡ് വ്യാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. വിദ്യാര്‍ഥികള്‍ മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷമേ സ്‌കൂളുകള്‍ തുറക്കൂ എന്ന നയരൂ പവത്കരണ സമിതി നിലപാടിനും ശാസ്ത്രീയ അടിത്തറയില്ല. പരസ്പരം ബന്ധം തെളിയിച്ചിട്ടില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടു വെച്ച് ഇപ്പോഴും സ്‌കൂളുകള്‍ അടച്ചിടുന്നത് നീതീകരിക്കാനാകില്ല. റസ്റ്റോറന്റുകളും ബാറുകളും ഷോപ്പിംഗ് മാളുകളും തുറന്നിരിക്കെ സ്‌കൂള്‍ മാത്രം അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

പഠനങ്ങള്‍ പറയുന്നത്..

സ്‌കൂള്‍ തുറക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ റിസ്‌കിനേക്കാള്‍ എത്രയോ വലുതാണ് അവ അടച്ചിടുന്നത് മൂലം കുട്ടികള്‍ക്കുണ്ടാകുകയെന്നാണ് ലോകബാങ്ക് ഏജന്‍സികള്‍ നടത്തിയ വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌കൂളുകള്‍ അടച്ചിടുകയെന്നത് ഏറ്റവും ഒടുവിലത്തെ പരിഹാരമാകണമെന്നാണ് ഇതടക്കം ശാസ്ത്രീയ പഠനങ്ങളെല്ലാം മുന്നോട്ട് വെക്കുന്ന നിഗമനം.

സംവിധാനത്തിന്റെ തകരാറ്

ഡിജിറ്റല്‍ ക്ലാസ്സുകള്‍ ഒരിക്കലും സമ്പര്‍ക്ക ക്ലാസിന് പകരമല്ല. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എത്ര കണ്ട് ആകര്‍ഷകമാക്കിയാലും കുട്ടികള്‍ക്ക് അത് ആസ്വാദ്യകരമാകുന്നില്ല. അത് ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്ന വിദഗ്ധരുടെയോ കുഴപ്പമല്ല. ഈ സംവിധാനത്തിന്റെ തന്നെ കുഴപ്പമാണ്. വലിയ മാനസിക സമ്മര്‍ദമാണ് ഈ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിയത്. ഡിജിറ്റല്‍ ഡിവൈഡിന്റെ പ്രശ്‌നം ഇപ്പോഴും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം ഡിജിറ്റല്‍ ക്ലാസ്സിലേക്ക് പോകുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.

കുരുന്നുകള്‍ മൊബൈല്‍ ഫോണില്‍ തടവിലാക്കുന്നു

സ്‌ക്രീന്‍ അഡിക്ഷന്‍ ആണ് ഡിജിറ്റല്‍ ക്ലാസ്സുകള്‍ സൃഷ്ടിച്ച ഏറ്റവും ഗുരുതരമായ പ്രശ്‌നം. കുട്ടികള്‍ മൊബൈല്‍ ഫോണില്‍ മാത്രമായി അകപ്പെടുന്ന അവസ്ഥയാണത്. ക്ലാസ്സുകളുടെ ദൈര്‍ഘ്യം പരമാവധി കുറക്കണം. ആരോഗ്യകരമായ സ്‌ക്രീന്‍ സമയ ഉപയോഗത്തിനായി കുട്ടികളെയും മാതാപിതാക്കളെയും സജ്ജമാക്കണം. സ്‌ക്രീന്‍ അഡിക്ഷനെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ഡിജിറ്റല്‍ ക്ലാസ്സ് നടത്തിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ സംവിധാനം സമഗ്ര പരിശോധനക്ക് വിധേയമാക്കണം. സാധ്യമായ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ സമ്പര്‍ക്ക ക്ലാസ്സിലേക്ക് തിരിച്ചു പോകുകയെന്നതാകണം ലക്ഷ്യം. മുന്‍കരുതലുകള്‍ ശക്തമാക്കിയും സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കിയും സ്‌കൂള്‍ ദിനങ്ങളിലേക്ക് തിരിച്ചുപോകുക തന്നെയാണ് വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org