അരുണാചല്‍ പഴയ നിയമം പൊടിതട്ടിയെടുക്കുമ്പോള്‍...

അരുണാചല്‍ പഴയ നിയമം പൊടിതട്ടിയെടുക്കുമ്പോള്‍...
Published on
  • ആന്റോ അക്കര

അരുണാചല്‍ പ്രദേശില്‍ 1978-ല്‍ പാസാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ഒരു കോടതിയുത്തരവിനെ തുടര്‍ന്നു സജീവമായിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ ഈ സംഭവവികാസത്തില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുന്നില്ല. സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ളതിനാല്‍ ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുന്ന കഠിനമായ വ്യവസ്ഥകള്‍ സര്‍ക്കാര്‍ കൊണ്ടുവരില്ലെന്ന പ്രതീക്ഷയിലാണ് അവിടത്തെ ക്രൈസ്തവനേതാക്കള്‍. എക്യുമെനിക്കല്‍ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ കത്തോലിക്കാപ്രസിഡണ്ട് മിരി സ്റ്റീഫന്‍ താര്‍ ഈ പ്രതീക്ഷയാണു പങ്കുവയ്ക്കുന്നത്.

സംസ്ഥാന നിയമസഭ നിയമം പാസ്സാക്കിയിരുന്നെങ്കിലും ചട്ടങ്ങള്‍ രൂപപ്പെടുത്താതിരുന്നതിനാല്‍ നിര്‍ജീവമായിരുന്നു നിയമം. ഒരു ആദിവാസി സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഇക്കാര്യം ഗുവാഹത്തി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാരിനോട് നിയമം നടപ്പിലാക്കുന്നതിന് ആറ് മാസത്തിനുള്ളില്‍ 'ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍' കോടതി ഉത്തരവിടുകയായിരുന്നു.

സംസ്ഥാനത്തെ 17 ലക്ഷം ജനങ്ങളില്‍ 40%ത്തിലധികം-കൂടുതലും ഗോത്ര വര്‍ഗക്കാര്‍-ക്രിസ്ത്യാനികളാണ്. 'തദ്ദേശീയ വിശ്വാസം' പുലര്‍ത്തുന്നു വെന്നവകാശപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ്.

ഒരു നിയമം പാസ്സാക്കിയാല്‍ അതു നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുകയും അതു പ്രഖ്യാപിക്കുകയും വേണം. അപ്പോള്‍ മാത്രമേ പുതിയ നിയമം പ്രാബല്യത്തിലാകുന്നുള്ളൂ. മതപരിവര്‍ത്തന വിരുദ്ധ നിയമം സംബന്ധിച്ച് അരുണാചല്‍ പ്രദേശില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നു. അതിനാല്‍ 46 വര്‍ഷം മുമ്പ് പാസ്സാക്കിയതാണെങ്കിലും മതപരിവര്‍ത്തന നിയമം അവിടെ നടപ്പിലായില്ല.

ഡിസംബര്‍ 27 ന് സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി പേമ ഖണ്ഡു ഹൈക്കോടതി ഉത്തരവ് തന്റെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഈ ഉത്തരവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാധ്യമശ്രദ്ധ നേടിയത്. സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറില്‍ നടന്ന ഇന്‍ഡൈജീനിയസ് ഫെയ്ത്ത് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി രജത ജൂബിലി ആഘോഷത്തില്‍ പ്രസംഗിക്കവേയാണ് ഖണ്ഡു ഈ പ്രഖ്യാപനം നടത്തിയത്.

ഹിന്ദുത്വവാദികളായ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരു ഡസന്‍ സംസ്ഥാനങ്ങള്‍ 2000 ങ്ങളുടെ തുടക്കം മുതല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, നിയമപരമായ പോരായ്മ കാരണം അരുണാചല്‍ പ്രദേശില്‍ നിയമം നിര്‍ജീവമായി തുടരുകയായിരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാസാക്കിയ കര്‍ശനമായ നിയമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അരുണാചലിലെ മതപരിവര്‍ത്തന വിരുദ്ധ നിയമം ഒരു പരിധിവരെ നിരുപദ്രവകരമാണെന്നു പറയാം. 'ബലപ്രയോഗം, പ്രലോഭനം അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗങ്ങള്‍ വഴിയുള്ള മതപരിവര്‍ത്തനങ്ങള്‍' നിരോധിക്കുന്നതാണ് അരുണാചലിലെ നിയമം. പരമാവധി രണ്ട് വര്‍ഷത്തെ ശിക്ഷയാണ് കുറ്റക്കാര്‍ക്ക് ഇത് നിര്‍ദ്ദേശിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ പുതിയ നിയമങ്ങളാകട്ടെ, മതപരിവര്‍ത്തനത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി, ശിക്ഷാനടപടികള്‍ സുഗമമാക്കി, തെളിവുകളുടെ ഭാരം പ്രതികളുടെ മേല്‍ ചുമത്തുന്നു. കൂടാതെ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷയും വലിയ പിഴകളും നിര്‍ദേശിക്കുന്നു.

ജനുവരി 13 ന് ക്രിസ്ത്യന്‍ നിയമസഭാംഗങ്ങളുടെ ഒരു യോഗം തങ്ങള്‍ നടത്തിയെന്നും ഏഴ് നിയമസഭാംഗങ്ങള്‍ അതില്‍ പങ്കെടുത്തതായും ഇറ്റാനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താര്‍ പറഞ്ഞു. 60 അംഗ സംസ്ഥാന നിയമസഭയിലെ ബി ജെ പി യില്‍ നിന്നുള്ള ഏഴ് പേര്‍ ഉള്‍പ്പെടെ 19 ക്രിസ്ത്യന്‍ നിയമസഭാംഗങ്ങളുടെയും ഒരു യോഗം, ഈ അപ്രതീക്ഷിത സംഭവവികാസത്തെ നേരിടാനുള്ള ഞങ്ങളുടെ തന്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ തന്നെ ചേരുമെന്നും താര്‍ പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനായി മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനാല്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഉടന്‍ ഒരു സംസ്ഥാനതല സമ്മേളനവും നടത്തുമെന്നു താര്‍ അറിയിച്ചു.

ഇന്ത്യയുടെ വിദൂര കിഴക്കന്‍ ഭാഗത്ത്, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ താഴ്‌വരയില്‍, ചൈന, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വതപ്രദേശമായ അരുണാചല്‍ പ്രദേശിലെ ഏറ്റവും വലിയ മതവിഭാഗമാണ് ക്രിസ്ത്യാനികള്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 17 ലക്ഷം ജനങ്ങളില്‍ 40%ത്തിലധികം - കൂടുതലും ഗോത്രവര്‍ഗക്കാര്‍ - ക്രിസ്ത്യാനി കളാണ്. 'തദ്ദേശീയ വിശ്വാസം' പുലര്‍ത്തുന്നുവെന്നവകാശപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ്. തുടര്‍ന്ന് ബുദ്ധമതക്കാരും മറ്റുള്ളവരും.

'ഹൈക്കോടതി ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാനും ചട്ടങ്ങള്‍ രൂപപ്പെടുത്താനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതൊരു നിയമപരമായ ആവശ്യകതയാണ്,' എന്നാണ് സംസ്ഥാനത്തെ മിയാവോ രൂപതയുടെ അധ്യക്ഷനായ സലേഷ്യന്‍ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org