

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്റെ ഭൂപടങ്ങളായിരുന്നു ആ മരപ്പണിക്കാരന് കിനാവു കണ്ടത്. നാമെത്തിച്ചേര്ന്ന കാലത്തിന്റെ പരിണാമങ്ങളില് ഇന്നതൊരു മുത്തശ്ശിക്കഥ പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽപ്പോലും. അത്തരം അനുശാസനങ്ങള്ക്ക് ഹ്രസ്വമെങ്കിലും മതിപ്പു കിട്ടിയ ഒരു കാലമുണ്ടായിരുന്നു.
അന്ന് ആ ദിവസം ഫ്രാൻസിസിന് ഭിക്ഷാടനത്തിന് കൂട്ട് കിട്ടിയത് മഫെയ എന്ന സഹോദരനായിരുന്നു. തങ്ങൾക്ക് ലഭിച്ച അപ്പക്കഷണങ്ങളുമായി ഒരു ഒരുറവയുടെ അരികിലെത്തി. പരന്ന ഒരു പാറയെ ഊട്ട് മേശയായി സങ്കല്പിച്ചു. അവരെ വലം ചുറ്റി ഒഴുകുന്ന തെളിഞ്ഞ ജലം.
സ്തോത്രഗീതം പോലെ അയാളുടെ ഹൃദയം കവിഞ്ഞൊഴുകി. ഇല്ലായ്മ എന്ന ധനത്തെ അയാൾ പാടി വാഴ്ത്തി. ഇല്ലാത്ത മേശ വിരി, കത്തിയും മുള്ളും, അനവധി വിഭവങ്ങൾ, മേൽക്കൂര എല്ലാം ധാരാളിത്തത്തിന്റെ സ്പർശമില്ലാതെ ദൈവം നേരിട്ട് വിളമ്പുന്ന അനുഗ്രഹത്തിന്റെ മേശയായി അയാൾക്കനുഭവ പ്പെട്ടു. ഭൗതികതയുടെ കടമ്പകളെല്ലാം അടർന്ന് പോകുമ്പോൾ മാലാഖമാർക്ക് മാത്രം പിടുത്തം കിട്ടുന്നൊരു സരള ഭാഷ തങ്ങൾക്ക് ലഭിക്കുന്നതായി അയാൾ കൂട്ടിച്ചേർത്തു. അവരിരുവരും കരഞ്ഞു കൊണ്ടേയിരുന്നു.
ദാരിദ്ര്യം അയാൾക്ക് പ്രേയസിയായിരുന്നു. ദേശത്തിന്റെ ഓരോരോ ഇടങ്ങളിൽ, കോട്ട ജാലകങ്ങളുടെ പിന്നിൽ, തങ്ങളുടെ പ്രേമഭാജനങ്ങൾ ഉറ്റു നോക്കുന്നുവെന്ന ആത്മവിശ്വാസത്തിൽ സഞ്ചരിക്കുന്ന ചെറുപ്പക്കാരെപ്പോലെ അയാളും തന്റെ പ്രതിശ്രുത വധുവിൽ അഭിമാനത്തിന്റെ നങ്കൂരമിട്ടു. ഒരേയൊരു വ്യത്യാസമേയുള്ളൂ. അയാളുടെ വധു നഗരവിളുമ്പുകളിലൂടെ നഗ്നപാദയായി അലയുന്നു എന്നത് മാത്രം.
ഫ്രാൻസിസ്ക്കൻ പുരാണങ്ങളിലൊന്നിൽ സഹോദരന്മാർ ദാരിദ്ര്യവധുവിനെ (Lady poverty) കൈക്കു പിടിച്ച് ഒരു കുന്നിൻ മുകളിൽ ചെല്ലും. അനന്തതയിലേക്ക് കരങ്ങൾ വിരിച്ചു പിടിച്ച് ഇതാണ് ഞങ്ങളുടെ ആവൃതിയെന്ന് ഉറക്കെ പാടും.
ഒരു കൂർത്ത കല്ല് തലയിണയാക്കി മൃദുഹാസത്തോടെ അവൾ അവരുടെ മദ്ധ്യേ മയക്കം നടിച്ചു കിടക്കും.
എല്ലാം ഒരു പഴയ ദൂതിന്റെ ഓരോരോ കാലത്തിലെ പ്രതി ധ്വനികളായി വായിക്കപ്പെടും. കട്ടമരത്തിലിരുന്ന് ഒരാൾ തന്റെ തീരത്തെ ഉറക്കെ ആശീർവദിക്കയാണ്: ആത്മാവിൽ ദാരിദ്രർ ഭാഗ്യവാന്മാർ. എന്തെന്നാൽ ദൈവരാജ്യം അവരുടേതാണ്.
Anawim എന്നൊരു പദമാണ് hebrew ബൈബിളിൽ അവർക്കുവേണ്ടി കരുതി വയ്ക്കുന്നത്.
“ദൈവത്തിൽ ആശ്രയിക്കു ന്ന ശാന്തശീലർ” എന്നു കൂടി അതിന് അർത്ഥമുണ്ട്. ബൈബിളിലെ പഴയനിയമത്തിൽ വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചിരിക്കുന്ന ഒന്നാണിത്.
മടിശ്ശീല കരുതാത്ത സഞ്ചാ രത്തിന്റെ ഭൂപടങ്ങളായിരുന്നു ആ മരപ്പണിക്കാരന് കിനാവു കണ്ടത്. നാമെത്തിച്ചേര്ന്ന കാലത്തിന്റെ പരിണാമങ്ങളില് ഇന്നതൊരു മുത്തശ്ശിക്കഥ പോലെ അനുഭവപ്പെടുന്നുണ്ടെങ്കില്പ്പോലും. അത്തരം അനുശാസനങ്ങള്ക്ക് ഹ്രസ്വമെങ്കിലും മതിപ്പു കിട്ടിയ ഒരു കാലമുണ്ടായിരുന്നു. സ്വർണ്ണമോ, വെള്ളിയോ ഇല്ല. ഒരേയൊരു ധനം അവന്റെ നാമമാണെന്നും ആ ശരണത്തില് ഭൂമിയുടെ വീണ്ടെടുപ്പുകള് സാധ്യമാണെന്നുമൊക്കെ വിളിച്ചുപറയാന് ധൈര്യം കാട്ടിയ മനുഷ്യരുടെ കാലമുണ്ടായിരുന്നു.
എന്നിട്ടും എത്ര കുതറിയോടിയാലും പിന്തുടരുന്ന ചില അനുഭൂതികളെപ്പോലെ അവരുടെ ദാരിദ്ര്യം മാനവരാശിയോട് ഒപ്പം കഴിഞ്ഞ രണ്ടു സഹസ്രാബ്ദത്തോളം പല ഭാഷ്യങ്ങളില് കൂട്ടുവന്നു. നിരന്തരം യാത്ര ചെയ്യുന്നവർക്കിടയിലെ കൗതുകഫലമായ ഒരു ‘ഹിച്ച് ഹൈക്കിങില്’ പോലും നേരത്തെ സൂചിപ്പിച്ച ‘പെനിലെസ്’ യാത്രകളുടെ ധ്വനികളുണ്ട്. മനുഷ്യരുടെ ഔദാര്യത്തെ ഇന്ധനമായി നിനച്ചുള്ള സഞ്ചാരരീതിയാണിത്. നാടോടികള്ക്കിടയില് ഈ രീതി സര്വ്വസാധാരണമാണ്.
പാതയോരത്ത് തള്ളവിരലുയർത്തികാട്ടി ലിഫ്റ്റ് വാങ്ങിയും കടകളുടെ ഇറയങ്ങളില് ഉറങ്ങിയും ഇരന്നു ഭക്ഷിച്ചും ഒക്കെ ഈ ഇളമുറക്കാര് നടത്തുന്ന സഞ്ചാരങ്ങളില് പരിവ്രാജകരുടെ കാല്പെരുമാറ്റം കാതോർത്താല് കേള്ക്കാവുന്നതേയുള്ളൂ.
‘മിനിമലിസം’ എന്ന ജീവിത വഴി അടുത്തകാലങ്ങളിലാണ് ചിന്താധാരയായി വികസിച്ചത്. കൂടുതല് ഏകാഗ്രമാകാനും ജീവിതമൂല്യങ്ങളെയും സൗഖ്യത്തെയും നിലനിര്ത്താനും വേണ്ടി ഭൗതികവും ആത്മീയവുമായ ഘടകങ്ങളില് ഭാരമുള്ള ചിലതിനെ ആവശ്യാനുസരണം ഉപേക്ഷിക്കാനുള്ള ആഹ്വാനമാണത്. താങ്ങാനാവുന്നതില ധികം വസ്തുക്കളും വിവരങ്ങളും വന്നു കുമിയുമ്പോള് ജീവിത ത്തിനുമേലുള്ള നിയന്ത്രണം നഷ്ടമാകുന്നു. മല കയറുന്നൊരാള് ശിഖയിലേക്കെത്തുന്നതനുസരിച്ച് പൊക്കണത്തിലെ ഓരോരോ കാര്യങ്ങള് ഒഴിവാക്കാമായിരുന്നു എന്നു കണ്ടെത്തി വളരെക്കുറച്ചു കാര്യങ്ങളി ലേക്കെത്തുന്നതു പോലെ.
സ്വതന്ത്രവും ലളിതവുമായ ജീവിതസങ്കല്പങ്ങളില് പുലരുക യാണ് അഭികാമ്യം. അങ്ങനെ നോക്കുമ്പോള് അംഗീകൃത മിനിമലിസ്റ്റായി പറയാനാകുന്നത് ഗാന്ധിയെയാണ്. ലോക ത്തിന്റെ സൗന്ദര്യം നമ്മുടെ കൈകളിലാണെന്ന ബോധ്യ മാണ് പ്രധാനം. നങ്കൂരമില്ലാത്ത സഞ്ചാരമാണത്. അതിന്റെ ഗൃഹപാഠങ്ങളില് നിന്ന് കൗതുകകരമായ ചില ഓര്മ്മകളുണ്ട്. അവനവന്റെ അടുക്കളയിൽ നിന്ന് ഒഴിവാക്കാവുന്ന കുപ്പി കളും പാത്രങ്ങളുമാണ് ആദ്യ ചുവടുകളിലൊന്ന്. വീടിനു ള്ളിലെ ഡ്യൂപ്ലിക്കേറ്റുകളെ ഒരു ചാക്കിലിറക്കി കെട്ടിവയ്ക്കുക യാണ് മറ്റൊരു പാഠം. ഒരു വര്ഷത്തിനിടയില് അതു തുറക്കേണ്ട ആവശ്യം വന്നില്ലെങ്കില് അതിനെ അനാവശ്യമായി ഗണിച്ച് ഒഴിവാക്കാവുന്നതാണ്.
അഞ്ഞൂറൂ വര്ഷങ്ങളുടെ അകലങ്ങളില് ജീവിച്ച ലോകത്തിലെ ഏറ്റവും പ്രിയങ്കരങ്ങളായ ബുദ്ധയ്ക്കും ക്രിസ്തുവിനും ഇടയിലുള്ള പൊതുവായ കാര്യങ്ങളിലൊന്ന് അതിസങ്കീര്ണ മായ ആചാരങ്ങളുടെയും അനു ഷ്ഠാനങ്ങളുടെയും പശ്ചാത്തല ത്തില് തളിര്ത്തിട്ടും ജീവിത ത്തെ ആവിഷ്കരിക്കാനുള്ള സരളവരികളില് അവര് പുലര്ത്തിയ നിതാന്ത ജാഗ്രത യായിരുന്നു. ആ അര്ത്ഥത്തിലാണ് തങ്ങള് പിറന്ന മതങ്ങളില് അവര് അനഭിമതരാകുകയും അത്തരം സങ്കീര്ണതകളുടെ ഭാരമില്ലാത്ത ഇതരദേശങ്ങളുടെ ആധാരവും അത്താണിയുമായി മാറിയതും.
അലങ്കാരങ്ങളും തൊങ്ങലു കളുമില്ലാതെ അപ്പായെന്ന ഋജുവായ വിശേഷണത്തിലൂടെ ആ പരമചൈതന്യത്തെ ചൂണ്ടിക്കാട്ടുകവഴി ക്രിസ്തുവില് ഈ വിചാരത്തിന് വല്ലാതെ മുഴക്കമുണ്ടായി. ദീര്ഘമായ പ്രാര്ത്ഥനകളെ ‘സ്വര്ഗ്ഗസ്ഥ നായ പിതാവേ’യെന്ന സാര്വ്വ ലൗകിക പ്രാര്ത്ഥനകൊണ്ട് Replace ചെയ്തു. ചോരയുടെ ചൂരുകൊണ്ട് മനംമറിയുന്ന മൃഗബലി സങ്കല്പങ്ങളെ അപ്പവും വീഞ്ഞും കൊണ്ട് പവിത്രമാക്കി. ഓര്ത്താല് ജ്ഞാനസ്നാനം പോലും എത്ര ആഴമുള്ളതാണ്. ഒരിറ്റു ജലം മൂര്ദ്ധാവിലേക്കിറ്റു വീഴ്ത്തുന്നു. അതില്ക്കൂടുതല് എന്തുപറയു വാനാണ്? എന്തുകൊണ്ടു പറയുവാനാണ്? ജലത്തോളം സരളവും സാന്ദ്രവുമായ മറ്റെന്തുണ്ടാകും മാനവഭാവന യില്? പാലാഴിമഥനത്തില് കടഞ്ഞെടുത്ത അമൃത് ശുദ്ധ ജലമാണെന്നുള്ള വ്യാഖ്യാന മൊക്കെ ഹൃദയസ്പര്ശിയാകു ന്നത് അങ്ങനെയാണ്.
ഒരു കാര്യം നിലനില്ക്കണ മെങ്കില് അത് പച്ചയായി (raw) നില്ക്കേണ്ടതുണ്ട്. അവനവന്റെ ഏകാന്തതയെയും ആന്തരികത യെയും ഭാസുരമാക്കാന് ഉപയുക്തമല്ലാത്ത എല്ലാത്തിൽ നിന്നും കുതറി നടക്കുക എന്ന താണ് സാരം. വസ്ത്രത്തെക്കാള് പ്രധാനമാണ് ശരീരമെന്നും അപ്പത്തെക്കാള് മൂല്യമുള്ള താണ് പ്രാണനെന്നുമുള്ള യേശുമൊഴികളില് ആ സനാ തനപാഠത്തിന്റെ പൊരുളുണ്ട്. Essential, Existential എന്നീ പദങ്ങള്ക്കിടയിലുള്ള നേരിയ വ്യത്യാസം കണ്ടെത്തുക ശ്രമകരമാണ്. എന്നിട്ടും അതിലാണ് ജീവിതാനന്ദത്തിന്റെ അര്ത്ഥവും ആഴവും ഉള്ളടക്കം ചെയ്തിരിക്കുന്നത്. മഹാഭാരതം ഉദ്യോഗപര്വ്വത്തില് ‘ആരാലും തോല്പ്പിക്കപ്പെടാത്ത അസംഖ്യം സൈനികര് വേണ മോ അതോ നിരായുധനായി, യുദ്ധം ചെയ്യാതെ നില്ക്കുന്ന ഞാന് വേണമോ?’ എന്ന പാര്ത്ഥസാരഥിയുടെ ചോദ്യം ഇതുതന്നെയാണ് അര്ത്ഥ മാക്കുന്നത്.
Use common words to say uncommon things, എന്ന ഷോപ്പനോവറുടെ പാഠം കൃത്യമായി പാലിച്ചത് ഭൂമിയുടെ ഗുരുക്കന്മാരായിരുന്നു. കുട്ടിക്കഥകള്കൊണ്ടും കൊച്ചു വര്ത്തമാനങ്ങള്കൊണ്ടും അവര് പറഞ്ഞത് അസാധാരണ ജീവിതപാഠമായിരുന്നു. 2 കോറി 1:13-ല് പൗലോസ് പറയുന്നതു പോലെ, “നിങ്ങള്ക്കു വായി ക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ച് മറ്റൊന്നും ഞങ്ങള് എഴുതുന്നില്ല” എന്ന ധൈര്യമാണത്. സൈക്കിള് പഠിക്കുന്ന കുട്ടികളാണ് നിരത്തിലൂടെ അതിവേഗത്തി ലോടിച്ചു പോകുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? തീരെ പതുക്കെ ചക്രമുരുളുമ്പോള് ഓര്ക്കണം അവന് അതിന്റെ ‘മാസ്റ്റര്’ ആയെന്ന്. അപ്പോള് അതാണ് കാര്യം. Hack away all the inessentials എന്ന് തോറോ പറഞ്ഞു തരും.
കണ്വര്ജൻസിന്റെ ശാസ്ത്ര മാണിത്. വെയിലില് അക്ഷരാർ ത്ഥത്തില് തീയാളുന്നു എന്നു പറഞ്ഞാല് നിങ്ങളുടെ കുട്ടി ക്കത് ബോധ്യപ്പെടണമെന്നില്ല. എന്നാല് ഒരു ലെന്സിലേക്ക് അതിനെ കേന്ദ്രീകരിക്കുമ്പോള് കടലാസിനും കരിയിലയ്ക്കും തീ പിടിക്കുന്നതുപോലെ ഓരോ രോ കാര്യങ്ങളിലേക്ക് ബുദ്ധിയും ഹൃദയവും ഏകാഗ്രമാകു മ്പോള് എല്ലാത്തിലും തീയാളുന്നു എന്നൊരു സുകൃതം കൂടിയുണ്ട് ലളിതപാഠങ്ങളില്. സെറാഫിക് പുണ്യവാനെ ന്നാണ് അസ്സീസിയിലെ ഫ്രാന്സിസിനുള്ള വിശേഷണം. അഗ്നിച്ചിറകുള്ള മാലാഖമാ രാണ് സെറാഫുകള്. അയാള് പുലര്ത്തുകയും പകര്ത്തു കയും ചെയ്ത കനലിനു പിന്നില് നിശ്ചയമായും ഒരു ഏകോപനം ഉണ്ടായിരിക്കും.
തന്നെ വിശ്വസിക്കുന്നതിന് മുൻപ് നാണയമാറ്റക്കാർ നാണയം പരിശോധിക്കുന്നത് പോലെ സൂക്ഷ്മതയോടെ ഉരച്ച് നോക്കണമെന്ന് രാമകൃഷ്ണ പരമഹംസർ തന്റെ ശിഷ്യരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനത്തോടുള്ള തന്റെ വിപ്രതി പത്തി അദ്ദേഹത്തിന്റെ ഭാഷണ ങ്ങളിലെ തുടർച്ചയായ ഒരു വിചാരമായിരുന്നു. അതിന്റെ സത്യസന്ധത പരിശോധിക്കു വാൻ നരേന്ദ്രൻ തീരുമാനിച്ചു. ഗുരുവിന്റെ അഭാവത്തിൽ കിടക്കയുടെ താഴെ ഒരു നാണയം വച്ചു. പിന്നീട് അതിന് മീതേ ഇരുന്ന ഗുരു ഏതോ ക്ഷുദ്രജീവിയുടെ ദംശനമേറ്റെന്ന മട്ടിൽ ഉറക്കെ നിലവിളിച്ചു. വൈകാതെ ഒളിപ്പിച്ചു വച്ച ആ നാണയത്തെ അവർ കണ്ടെടുത്തു. അങ്ങനെ നാണയത്തെക്കുറിച്ചുള്ള ഗുരുവിന്റെ പാഠത്തെ നരേന്ദ്രൻ അതിലൂടെ അടിവരയിട്ട് പഠിച്ചു. പൂർണ്ണ മായി ഗുരുചരണങ്ങളിൽ അർപ്പിക്കുകയും ചെയ്തു.
ഗുരുക്കന്മാർ എന്തുകൊണ്ടാണ് ധനത്തെ ഇത്രയും കഠിനമായി നേരിടുന്നത്. അതിൽ ഒരപകടത്തിന്റെ ഒരു വിത്ത് അത്ര ആഴത്തിലല്ലാതെ മൂടിയിട്ടിട്ടുണ്ടെന്ന് അവർ ഭയന്നു. Behind every great fortune there is a crime എന്ന പ്രസ്താവന എത്ര സത്യസന്ധമായ നിരീക്ഷണമാണ്. മൂന്ന് പ്രതലങ്ങളിലായി കണ്ടെത്തേണ്ട വീണ്ടുവിചാരമാണിത്.
a) അത് രൂപപ്പെടുന്ന രീതി. കണക്കില്ലാത്ത ധനത്തിന് പിന്നിൽ അധാർമ്മികമായ ഒരു ജീവിതമുണ്ട്.
ഏതെങ്കിലും തരത്തിൽ ഒരു ചൂഷണത്തിന്റെ കഥയുണ്ട് അതിന് പിന്നിൽ. പ്രകൃതി/മനുഷ്യൻ ഇതിലേതെന്ന് ഒന്നുറപ്പാക്കിയാൽ മാത്രം മതി.
b) അത് ചിലവഴിക്കുന്ന രീതി. ആഡംബരം ഒരു പാപമാണെന്ന് ആരുമിപ്പോൾ പറഞ്ഞുകൊടുക്കാറില്ലത്രേ. എന്താണ് ആഡംബരമെന്ന് ഏറ്റവും ഭംഗിയായി പറഞ്ഞു തന്നത് ഗാന്ധിയാണ്. പാർക്കുന്ന പരിസരത്തിന് നിരക്കാ ത്തത് എന്താണോ അത്. മലയാളിയുടെ പരിസരത്തിൽ കൊടിയ ദാരിദ്ര്യമുണ്ട്. ലോകത്ത് എവിടെയായിരിക്കു മ്പോഴും ഓർക്കണം പാർക്കുന്ന വൻനഗരങ്ങളല്ല നിങ്ങളുടെ പരിസരം. മറിച്ച് സൗജന്യമായി ലഭിക്കുന്ന ഒരു ഭക്ഷണക്കിറ്റിൽ ജീവിതം നിലനിർത്തുന്ന വലിയൊരു ശതമാനം മനുഷ്യരുള്ള ആ ചെറിയ ദേശമാണ് നിങ്ങളുടെ പരിസരം. ഇത് പറയുവാൻ ഏറ്റവും അർഹതയുള്ളയാൾ ഗാന്ധി തന്നെയാണ്. അവസാനത്തെ ഭാരതീയനും മേൽക്കുപ്പായം തുന്നുന്ന നാളിൽ മാത്രം താനുമത് ധരിക്കാമെന്ന് ഒരു കുഞ്ഞിനോട് പറഞ്ഞു ബോധ്യപ്പെടുത്തുന്ന ബാപ്പു. ആ ചെറിയ തോർത്തുടുത്ത് ചെന്നതിന്റെ പേരിൽ പേപ്പൽ കൂടിക്കാഴ്ചയ്ക്ക് സഭ്യമായ വസ്ത്രധാരണമല്ല എന്ന് പറഞ്ഞ് അനുവാദം നിഷേധിക്കപ്പെട്ട അയാൾ. ഭിത്തിയിലെ ക്രൂശിതരൂപത്തിലെ യേശുവിന്റെ തോർത്ത് അയാളുടേതിനേക്കാൾ ചെറുതാണെന്ന കാര്യം പോലും തിരക്കിനിടയിൽ മറന്നുപോയി.
c) അത് ശേഖരിച്ചു വയ്ക്കുന്ന രീതി. രേഖപ്പെടുത്തിയ ധനം രൂപപ്പെട്ട രീതിയിൽ ഒരപാകതയുമില്ലെന്ന് നിങ്ങൾ ആണയിടുമ്പോൾ, പരമാവധി ലളിതമായാണ് ജീവിക്കു ന്നതെന്ന് ഉറപ്പ് വരുത്തുമ്പോൾ, അത് ശേഖരിച്ച് വയ്ക്കുന്ന രീതിയിലാണ് ഒടുവിൽ നമുക്ക് ചുവട് തെറ്റാൻ പോകുന്നത്. അതുകൊണ്ടാണ് രണ്ടുള്ളവൻ ഒന്ന് കൊടുക്കട്ടെ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പുതിയ നിയമം ആരംഭിക്കുന്നത്. ഓർമ്മിക്കണം യേശു പോലുമില്ല അത് പറഞ്ഞത്. അയാൾക്ക് മുന്നോടിയായി വന്ന സ്നാപക യോഹന്നാനാണത്. അയാളത് പറഞ്ഞ് അരങ്ങിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഗ്രീൻ റൂമിൽ താടിയും മുടിയുമൊക്കെ വച്ച് ഒരാൾ ഒരുങ്ങുന്നുണ്ട്. ഇനി അയാൾക്ക് പ്രവേശിക്കാനുള്ള നേരമാണ്. വളരെ മൃദുലമായി അയാൾ പറഞ്ഞു തുടങ്ങും: നീ പരിപൂർണ്ണനാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക.
ക്രാഷ് ലാൻഡിങ് ആണ്. സീറ്റ് ബെൽറ്റ് മുറുക്കി അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ശ്വാസമടക്കിയിരിക്കുക!