അനന്തരം [അമ്പലപ്പുഴ അക്ഷര ജ്വാല]

കെ സി ബി സി നാടകമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നാടകം
അനന്തരം [അമ്പലപ്പുഴ അക്ഷര ജ്വാല]
Published on

സത്യത്തിന് ഈ ഭൂമിയില്‍ എത്ര വയസ്സായി കാണും? ഭൂമിയിലെ ആദ്യ രക്തസാക്ഷിയുടെ കാലം മുതലേ ആരംഭിക്കുന്നു സത്യത്തിന്റെ വയസ്സ്. രക്തസാക്ഷികളുടെ എണ്ണം കൊണ്ടു നിറഞ്ഞ ഈ ഭൂമിയില്‍ സത്യത്തിന്റെ പ്രായം ചിലപ്പോള്‍ ഭൂമിയോളം തന്നെ ഉണ്ടാകും. സത്യത്തെ അന്വേഷിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ്, സത്യത്താല്‍ പൊള്ളിക്കപ്പെടുന്ന കുടുംബനാഥന്റെയും കുടുംബനാഥയുടെയും കഥയാണ് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ 'അനന്തരം'.

ആദ്യ നിമിഷം മുതല്‍ ഒരു സിനിമയില്‍ എന്നപോലെ ഉദ്വേഗജനകമാണ് നാടകത്തിലെ രംഗങ്ങളും രംഗ സംവിധാനങ്ങളും. ഒരു പ്രസ്സ് കോണ്‍ഫറന്‍സ് ഹാളിലേക്ക് തീപിടിച്ച മനസ്സും വാക്കുകളുമായി അമ്പിളി എന്ന സ്ത്രീ കയറിവരുന്നു. താന്‍ പറയാന്‍ പോകുന്നത് മുഴുവന്‍ ലൈവ് ടെലികാസ്റ്റ് ചെയ്യണം എന്നുള്ളതാണ് ആവശ്യം. അല്ലെങ്കില്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ബോംബുകള്‍ പൊട്ടിത്തെറിക്കും എന്നുള്ള ഭീഷണിയാണ് തുടര്‍ന്ന്. അവര്‍ ഹാളില്‍ തുറന്നു പറയുന്ന സ്‌തോഭജനകമായ ജീവിതത്തിന്റെ പകര്‍ച്ചയാണ് പിന്നീടങ്ങോട്ട്. അവരെ ആരൊക്കെയോ പിന്തുടരുന്നുവെന്നും അതില്‍ സംസ്ഥാനത്തിലെ പ്രമുഖ വ്യക്തികള്‍ വരെ ഉണ്ടെന്നും അവരാല്‍ താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്നുമാണ് അമ്പിളിയുടെ ഭയം. അവരുടെ ഭാഷ്യം പത്രപ്രവര്‍ത്തകര്‍ കേട്ടുകൊണ്ടിരിക്കെ നാടകം ഇതള്‍ വിരിയുന്നു.

രഘുനന്ദന്‍ എന്ന 55 വയസ്സുള്ള പൊലീസുകാരനാണ് അമ്പിളിയുടെ ഭര്‍ത്താവ്. അയാള്‍ പുതുതായി ഒരു സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്നിരിക്കുന്നു. സത്യത്തോടും നീതിയോടുമുള്ള സ്‌നേഹത്താല്‍ അയാള്‍ക്ക് സര്‍വീസില്‍ നിരന്തരം സ്ഥലം മാറ്റമാണ്. സ്വന്തമായി ഒരു വീടു വാങ്ങാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ആകെയുള്ള സമ്പാദ്യം മുഴുവന്‍ മകനെ പഠിപ്പിക്കാനും ജോലി വാങ്ങാനുമായി ചെലവഴിച്ചു. അതിന്റെ ലോണ്‍ അടവുകളൊന്നും തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത ഒരു കടക്കാരന്‍ കൂടിയാണ് അദ്ദേഹം. സത്യത്തെ സ്വയംവരിച്ച് സര്‍ക്കാര്‍ ശമ്പളം മാത്രം മതി എന്ന് തീരുമാനമെടുത്ത ഒരു കുടുംബം. പ്രേമിച്ചു വിവാഹം കഴിച്ചവരായതുകൊണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സപ്പോര്‍ട്ട് ഒന്നുമില്ല. ഈ കുടുംബത്തോടൊപ്പം വേലക്കാരിയായ ഒരു സ്ത്രീയും കൂട്ടിനുണ്ട്, സോണിയ എന്നാണ് പേര്. അമ്പിളി, സോണിയ എന്ന വേലക്കാരിയെ സ്വന്തം സഹോദരിയെ പോലെയാണ് കരുതുന്നത്, രഘുനന്ദനും അങ്ങനെ തന്നെ.

രഘുനന്ദന്‍ ചെന്നുപെട്ടിരിക്കുന്ന പുതിയ പൊലീസ് സ്റ്റേഷന്‍ കൈക്കൂലി വാങ്ങുന്ന ഒരു കൂട്ടം പൊലീസുകാരുടെ ഇടമാണ്. ആ സ്റ്റേഷനിലേക്ക് ഒരു ദിവസം പരോളില്‍ ഇറങ്ങിയ ഒരു കൊലപാതകി അനിയപ്പന്‍ കടന്നുവരുന്നു. സാഹചര്യവശാല്‍ രഘുനന്ദന് അനിയപ്പനുമായി കോര്‍ക്കേണ്ടിവരുന്നു. തുടര്‍ന്ന് നടക്കുന്ന ആകാംക്ഷാഭരിതമായ രംഗങ്ങളിലൂടെയാണ് നാടകം മുന്നോട്ടു പോകുന്നത്. സഹ പൊലീസുകാരുടെ കെണിയിലും സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ രൂപപ്പെടുന്ന തെറ്റിദ്ധാരണയിലും രഘുനന്ദന്‍ വീണു പോവുകയാണ്. അതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഭാര്യയും ഭര്‍ത്താവും നടത്തുന്ന പരിശ്രമങ്ങളാണ് ഈ നാടകം.

പൊലീസുകാരുടെ ജീവിതത്തിന്റെ സമ്മര്‍ദം മുഴുവനും അവരുടെ ഇല്ലായ്മയും വല്ലായ്മയും സത്യത്തോടുള്ള പ്രതിപത്തിയും ഒക്കെ ഈ നാടകം വരച്ചിടുന്നു. അതിനിടയ്ക്ക് സ്വന്തം കുടുംബത്തിന്റെ ഉള്ളില്‍ പോലും വിള്ളല്‍വീഴുന്നു. സത്യവും സത്യനിഷ്ഠയും ആര്‍ക്കും വേണ്ടാതെ ഓരങ്ങളിലേക്ക് തള്ളപ്പെടുന്നു.

സത്യത്തിന് ഈ ഭൂമിയില്‍ എത്ര വയസ്സായി കാണും? ഭൂമിയിലെ ആദ്യ രക്തസാക്ഷിയുടെ കാലം മുതലേ ആരംഭിക്കുന്നു സത്യത്തിന്റെ വയസ്സ്. സത്യാന്വേഷികളുടെ കഥയാണീ നാടകം.

സത്യം കൊണ്ട് മുറിവേല്‍ക്കപ്പെടുന്ന തടവുകാരുടെ സങ്കടങ്ങളും, വിചാരണ തടവുകാരുടെ കേള്‍ക്കപ്പെടാത്ത നിലവിളികളും നാടകത്തെ കൂടുതല്‍ രാഷ്ട്രീയ ബോധമുള്ളതാക്കുന്നു.

ആര്‍ടിസ്റ്റ് സുജാതന്റെ രംഗപടം നാടകത്തെ വിവിധ ഇടങ്ങളിലേക്ക് പറിച്ചുനടന്നു. നാടക രചനയുടെ ആത്മാവിനെ അതേപടി ആവിഷ്‌കരിക്കുന്നുണ്ട് സുരേഷ് ദിവാകരന്റെ സംവിധാന പാടവം. സംവിധായകന്‍ തന്നെയാണ് ദീപാലങ്കാരം ചെയ്തിരിക്കുന്നത്. നാടകത്തെ അത്യന്തം സ്‌തോഭജനകവും വൈകാരികവും ആക്കാന്‍ സംഗീതവും ദീപാലങ്കാരവും ഒത്തിരി സഹായിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ഉയര്‍ന്ന പ്രകടനം നാടകത്തെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തുന്നു. സമൂഹത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവര്‍ സത്യത്തെ തമസ്‌ക്കരിക്കുമ്പോള്‍, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നു വരുന്ന വളരെ സാധാരണക്കാരായ വ്യക്തികള്‍ ഉയര്‍ന്ന നീതിബോധം പുലര്‍ത്തുന്നുവെന്ന നിരീക്ഷണവും എഴുത്തുകാരനായ മുഹാദ് വെമ്പായം പങ്കുവയ്ക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ വ്യക്തമായി പകര്‍ത്തിവയ്ക്കുന്ന ഈ നാടകം രണ്ടു മണിക്കൂറില്‍ നല്ല ദൃശ്യാനുഭവമാണ് നല്‍കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org