

പൊടിഞ്ഞു തുടങ്ങിയ ഒരു ചണസഞ്ചി കുറച്ചുകാലം മുമ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വാർത്ത സൃഷ്ടിച്ചു, ഇറ്റലിയിലെ ഒരു ഫ്രാൻസിസ്ക്കൻ സമൂഹം. മോണ്ടേല്യ (Montella) എന്ന ഇടത്തിൽ നിന്നുള്ളവരാണ് അവർ.
എട്ട് നൂറ്റാണ്ട് പഴക്കമുള്ള കഥയാണത്. 1240-ലെ ഒരു കൊടിയ ശൈത്യം. മഞ്ഞിൽ മറഞ്ഞു പോയ ആശ്രമത്തിൽ വിശന്നു മരിച്ചേക്കുമെന്ന് തന്നെയാണ് അവർ കരുതിയത്. അങ്ങനെ ഒരു രാത്രിയിൽ ഒരു ചാക്ക് നിറയെ അപ്പോൾ മുറിച്ചെടുത്ത ബ്രെഡ് വാതിൽ പടിയിൽ വച്ചിട്ട് ആരോ മാഞ്ഞു പോവുകയാണ്. ആ പഞ്ഞ മാസത്തെ കുറുകെ കിടക്കാൻ അത് ധാരാളം മതിയായിരുന്നു. മൈലുകൾക്കപ്പുറം സഞ്ചാരത്തിലായിരുന്ന ഫ്രാൻസിസ് എന്തോ തെളിച്ചത്തിൽ തങ്ങളുടെ ദുര്യോഗമറിഞ്ഞെന്നും സ്വന്തം കാവൽമാലാഖയെ അവർക്കുവേണ്ടി പ്രാർഥിച്ചയച്ചതാണെന്നും സഹോദരർ കരുതി.
അതോടുകൂടി ആ അപ്പസഞ്ചി തിരുശേഷിപ്പായി. ഊഹിക്കാവുന്നതുപോലെ അത് കാണാനായി തീർഥാടകരെത്തി. ഏതാനും നൂറ്റാണ്ടുകൾ അത് തുടർന്നു. 1732 തൊട്ട് പൊതുദർശനത്തിൽ നിന്ന് ഒഴിവാക്കി.
അന്നോളം പറഞ്ഞു വരുന്ന ഒരു വർത്തമാനത്തിന്റെ സാധുത അറിയാനായിരുന്നു ഈ പരിശോധന. കാർബൺ ഡേറ്റിംഗിൽ കാലമൊക്കെ അത് തന്നെ. അപ്പത്തരികളുമുണ്ട്. പിന്നെ മാലാഖ, തണുപ്പത്തു കൂനി പിടിച്ചിരിക്കുമ്പോൾ അന്നം വെച്ചിട്ട് പോകുന്നത് ആരായാലും അതിനെ വിളിക്കേണ്ട വാക്ക് മാലാഖ എന്ന് തന്നെ.
അപ്പമായിരുന്നു ശരിക്കുമുള്ള അദ്ഭുതം.
പുതിയ നിയമത്തിൽ ‘അപ്പം’ എന്നൊരു പദം എവിടെ നിന്നു വേണമെങ്കിലും നിങ്ങൾ പരതിയെടുത്തോളൂ, അതിനു മുൻനിരയായി ‘കൃതജ്ഞതയോടെ’ എന്നൊരു വിശേഷണം കാണാം. ലോകത്തിന്റെ ഏറ്റവും പഴക്കമുള്ള പ്രാർഥനകളൊക്കെ ഭക്ഷണത്തിനുള്ള നന്ദിയായിരുന്നു.
അവനവനുവേണ്ടി എന്റെതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഞാൻ നിലനിൽക്കുന്നത് എന്ന ബോധത്തിന്റെ പേരാണ് കൃതജ്ഞത.
ഒരപ്പത്തുണ്ട് എടുക്കുമ്പോൾ അവന്റെ ഹൃദയം കൃതജ്ഞതാപരമായി. ചെറിയ കാര്യമല്ല അന്നമുണ്ടായിരിക്കുക എന്നത്. അതും ഇഷ്ടഭക്ഷണമുണ്ടായിരുക്കുക. പഴയ ഒരു ഓർമ്മയാണ്, ഭേദപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുള്ള കുറച്ചുപേർ പാർക്കുന്ന തെരുവിന്റെ അങ്ങേ തലക്കലാണ് ആശ്രമം. വല്ലപ്പോഴും പുറത്തു പോകുമ്പോൾ വലിയ ചില ഉത്തരവാദിത്വങ്ങളിൽ നിന്നും റിട്ടയർ ചെയ്ത ഒരാൾ എന്നും ഒരേ കുശലം ചോദിക്കുന്നു, ‘ഇന്നെന്തായിരുന്നു അകത്തെ കൂട്ടാൻ?’ വളരെ വിയേർഡ് ആയി അതനുഭവപ്പെട്ടിരുന്നു.
വിഭാര്യനായ ഒരാൾ തന്റെ അവശേഷിക്കുന്ന ചില കൗതുകങ്ങളെ നിലനിർത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കണം അത്തരം ആരായലുകൾ എന്ന അനുഭാവത്തോടു മാത്രമേ ഇപ്പോൾ അത് ഓർമ്മിച്ചെടുക്കാനാവുന്നുള്ളു... അവൾ അയാൾക്ക് എന്തൊക്കെയായിരിക്കും വിളമ്പിയിട്ടുണ്ടാവുക!
അലഞ്ഞു നടന്ന ഒരു തച്ചനും കൂട്ടുകാർക്കും നേരത്ത് ഭക്ഷണം കിട്ടുക എന്നതിനേക്കാൾ വലിയ ഒരു ആഡംബരമില്ല. ഒരു നാണയം പോയാൽ അത് തിരഞ്ഞു കിട്ടുവോളം സമാധാനമില്ലാത്ത സ്ത്രീകളുടെ നാടാണ്. ഒരു ചങ്ങാതി വീട്ടിൽ വന്നാൽ അടുത്ത വീട്ടിൽ നിന്നും അപ്പം ഇരക്കുന്ന കാലം. ആ കാലത്തിലും ദേശത്തിലും അവനും കൂട്ടരും വിശന്നു മരിച്ചില്ല എന്നതാണ് സുവിശേഷം അടയാളപ്പെടുത്താതെ പോകുന്ന അദ്ഭുതം. അതിനർഥം പാവപ്പെട്ട മനുഷ്യർ അവരുടെ വിയർപ്പിന്റെ ഒരു ഓഹരി ഈ ദരിദ്രമനുഷ്യർക്കു വേണ്ടി കരുതിവച്ചിരുന്നു. എന്റെതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഞാൻ നിലനിൽക്കുന്നത് എന്ന ബോധത്തിന്റെ പേരാണ് കൃതജ്ഞത.
പഴയനിയമത്തിന്റെ ഹുങ്ക് തിരുത്തപ്പെടുകയാണ്; സ്വന്തം നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കാനാകും എന്ന മിത്ത് ആണത്. മേശയിലേക്ക് ഉറ്റുനോക്കൂ. അയാൾക്ക് തൊഴിലുണ്ട്, അടുക്കളയിൽ നിൽക്കുന്ന സ്ത്രീക്ക് ആരോഗ്യമുണ്ട്, മേശയ്ക്കരികിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ സമാധാനപ്രിയരാണ്. ഇങ്ങനെ എന്തൊക്കെ കോമ്പോണന്റസ് ചേർന്നിട്ടാണ് നിങ്ങൾ വാഴ്ത്തി ഭക്ഷിക്കുന്ന തളികയിലെ അപ്പത്തുണ്ട് മൊരിഞ്ഞത്!
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ അവനെ തിരിച്ചറിഞ്ഞതു പോലും അങ്ങനെയാണ്. പകൽ മുഴുവൻ കുടെ നടന്നിട്ടും അത് യേശുവാണെന്ന് അവർക്ക് പിടുത്തം കിട്ടിയതേയില്ല. എന്നാൽ അന്തിയിൽ അവൻ അപ്പമെടുത്ത് വാഴ്ത്തിയപ്പോൾ അവർ മന്ത്രിച്ചു, ‘ഇത് കർത്താവാണ്’. നിങ്ങൾ എത്ര കൃതജ്ഞതയോടെ ജീവിതത്തെ തൊടുന്നു എന്ന നിരീക്ഷണത്തിൽ നിന്നു കണ്ടെത്താവുന്നതേയുള്ളൂ നിങ്ങളിലെ ക്രിസ്തുബോധത്തിന്റെ അനുപാതം.
ഭിക്ഷാടനത്തിൽ ജീവിച്ചിരുന്ന മനുഷ്യരെന്ന നിലയിൽ അപ്പത്തിന്റെ മൂല്യത്തെക്കുറിച്ച് ഒരാളും ഫ്രാൻസിസിനെ പഠിപ്പിക്കേണ്ടതില്ല. ദേശത്തിന്റെ കഥകളിൽ അയാൾ എങ്ങനെയാണ് തളിർക്കുന്നതെന്ന് നോക്കൂ.
ഫ്രാൻസിസ് തന്റെ യാത്രയിലായിരുന്നു. വല്ലാതെ മുഷിഞ്ഞൊരു ചേരി. തകർന്നൊരു കൽബഞ്ചിൽ ഒരു വൃദ്ധ ഇരിപ്പുണ്ട്. അരികിലിരുന്ന് ആ അമ്മയോട് അഭ്യർത്ഥിച്ചു: “അമ്മാ, എന്നോട് ദൈവത്തേക്കുറിച്ച് പറയുക.” ഒന്നും മിണ്ടാതെ തന്റെ സഞ്ചിയിൽ നിന്ന് ഒരു അപ്പമെടുത്ത് ചേറിൽ കളിക്കുന്ന കുഞ്ഞുങ്ങളിലൊരാൾക്ക് വച്ചുനീട്ടി. അവൻ അതു മറ്റൊരു കൂട്ടുകാരന്. അവനിൽ നിന്ന് ഒരു റിലേയുടെ ബാറ്റൺ പോലെ ആ അപ്പം കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. തങ്ങളേക്കാൾ ഈ അപ്പത്തിന് അർഹതയുള്ള ആരോ ഉണ്ടാവുമെന്ന് ഓരോരുത്തരും വിശ്വസിച്ചു. സൂര്യസ്നാനം ചെയ്യുന്ന വയോധികർ, ചാമ്പുപൈപ്പിൽ നിന്ന് വെള്ളം നിറക്കുന്ന സ്ത്രീകൾ. കടശിയിൽ അപ്പം ശയ്യാവലംബിയായ ഒരു മനുഷ്യന്റെ കിടക്കയിലെത്തി. നിറമിഴികളോടെ ഫ്രാൻസിസ് അപ്പത്തിന്റെ തീർഥയാത്ര നോക്കിനിന്നു. പിന്നെ, വൃദ്ധയുടെ കരങ്ങൾ കോർത്തുപിടിച്ച് ആകാശത്തോടു നിലവിളിച്ചു: “ഞങ്ങളുടെ അപ്പാ, ഞങ്ങളുടെ അപ്പം.”
വിശപ്പ് ശരിക്കും വല്യ പ്രശ്നമാണ്. കഠിന ഉപവാസത്തിന്റെ ഒരു നോമ്പ് കാലത്ത് ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റ് ഒരു ചെറുപ്പക്കാരൻ സന്യാസി വിശന്ന് കരഞ്ഞു. അയാളെ ശകാരിക്കാനോ പരിഹസിക്കാനോയല്ല ഫ്രാൻസിസ് തുനിഞ്ഞത്. പാതിരാവിൽ എല്ലാവർക്കും വേണ്ടി മേശ ഒരുക്കി. അവരെ വിളിച്ചുണർത്തി. ഒരാളെയും ബുദ്ധിമുട്ടിൽ ആക്കാതിരിക്കാൻ ഫ്രാൻസിസ് ആദ്യം തന്നെ ഭക്ഷിച്ചു. നോമ്പ് മുറിച്ചു.
വിശക്കുന്നവരോട് സദാ അനുഭാവം പുലർത്തിയ ഇടങ്ങളായിരുന്നു സഹോദരന്മാരുടേത്. സൂപ്പ് കിച്ചൻ എന്നൊരു രീതി ഏതാണ്ട് എല്ലാ ആശ്രമങ്ങളുടെയും ഭാഗമായി തീർന്നു. ഒരു കോപ്പ കഞ്ഞി അവിടെ ഏതൊരാളുടെയും അവകാശമായി.
നമ്മുടെ കപ്പുച്ചിൻ മെസ്സൊക്കെ ആ പാരമ്പര്യത്തിന്റെ തളിർപ്പാണ്.
അതേ നേരത്ത് ക്ലാരയുടെ മഠത്തിൽ സംഭവിക്കുന്നത്, പോപ്പ് സഹോദരിമാരെ കാണുവാനെത്തി. അത്താഴത്തെ ആശീർവദിക്കാൻ പോപ്പ് ക്ലാരയോട് ആവശ്യപ്പെട്ടു. അനുസരണത്തിന് വിധേയപ്പെട്ട് അവളൊരു അപ്പമെടുത്തു കുരിശ് വരച്ചു വാഴ്ത്തി. ഇപ്പോൾ എല്ലാ അപ്പത്തിന് മുകളിലും ഒരു കുരിശ് മുദ്ര താനെ പതിയുകയാണ്.
ഓരോ കതിർ മണിയിലും അത് ഭക്ഷിക്കേണ്ട ആളുടെ പേരുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെത്ര നേരുണ്ടെന്ന് അറിഞ്ഞു കൂടാ. എന്നാലിത് നേരാണ്. സൂക്ഷിച്ചു നോക്കിയാൽ ഓരോ അപ്പത്തിലും കുരിശ് മുദ്ര കാണാം.