സുഹൃതപൂരിതമായ കാണിക്ക

സുഹൃതപൂരിതമായ കാണിക്ക

അതിരൂപതയാകുന്ന ആരാമത്തില്‍ ആര്‍ജവത്വത്തോടെ മൊട്ടിട്ടു വളര്‍ന്ന ഒരു വലിയ മരമാണ് സേവ് എ ഫാമിലി പ്ലാന്‍. അത് ഫലങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, നറുസുഗന്ധം പകര്‍ന്ന് ഭാരത കത്തോലിക്കാ സഭയെ പ്രസന്നമാക്കിക്കൊണ്ടിരിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപത നട്ടുവളര്‍ത്തി വലുതാക്കിയ ഈ മരം വരും കാലങ്ങളിലും അതിരൂപതയെയും സഭയെയും ആത്മീയ സുഗന്ധപൂരിതമാക്കും.

കുടുംബങ്ങളുടെ വളര്‍ച്ചയും വികസനവും ഐശ്വര്യവുമാണ് ഈ മുന്നേറ്റത്തിന്റെ കാതല്‍. വിശക്കുന്നവന് അപ്പമായി മാറുന്ന ദിവ്യകാരുണ്യ നാഥന്റെ മണം ഈ മുന്നേറ്റത്തിനുണ്ട്. ജീവിത സമര്‍പ്പണത്തിന്റെ പാതയില്‍ അതീവ ജാഗ്രതയോടെ മനുഷ്യവികസനം സ്വപ്നം കണ്ട അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ അഗസ്റ്റിന്‍ കണ്ടത്തിലാണ് ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തോടൊപ്പം സഖ്യം ചേര്‍ന്ന അനേകം മനുഷ്യരുടെ ഭാവനയും സമര്‍പ്പണവും കഠിനാധ്വാനവുമാണ് ഈ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നത്.

നിങ്ങള്‍ക്ക് ഉള്ള അപ്പം പകുത്ത് നല്കുവാന്‍ ആവശ്യപ്പെട്ടതുപോലെ, തങ്ങള്‍ക്ക് കിട്ടിയ അപ്പം പങ്കുവയ്ക്കുവന്‍ അദ്ദേഹം കാനഡയിലും അമേരിക്കയിലുമുള്ള ജനങ്ങളോട് ആഹ്വാനം ചെയ്തു. അവര്‍ പങ്കുവച്ച അപ്പം ആടായി, തയ്യില്‍ മെഷീനായി, വീടായി, ശൗചാലയമായി നമ്മുടെ നാട്ടില്‍ രൂപാന്തരപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും അനാഥര്‍ക്കും അഭയകേന്ദ്രമായി ഈ വാത്സല്യം ഭാരതമണ്ണില്‍ അവതരിച്ചു.

ബന്ധങ്ങളുടെ ശ്രേണികള്‍ സാവധാനം പടുത്തുയര്‍ത്തിയാണ് ഈ മുന്നേറ്റം നൂതനത്വം പ്രകടമാക്കിയത്. അത് കത്തായി, ഫോട്ടോയായി, സന്ദര്‍ശനമായി രൂപപ്പെട്ടു. പണത്തെ കടന്നുപോകുന്ന സ്‌നേഹത്തിന്റെ കണ്ണികള്‍ ബലപ്പെട്ടു. സേവ് എ ഫാമിലി കുടുംബം ഒത്തിരി മക്കളുടെ കൂട്ടുകുടുംബങ്ങളാണ്. ഹൃദയങ്ങള്‍ അകലങ്ങളെ അടുത്താക്കി. ഭാരതത്തിലെ പാവപ്പെട്ടവര്‍ വടക്കെ അമേരിക്കയിലെ സമൂഹത്തിന്റെ ഭാഗമായി, സ്‌നേഹമായി, കുടുംബമായി.

ഇന്ന് സേവ് എ ഫാമിലി പ്ലാന്‍, 35 രൂപതകളിലൂടെയും ഒത്തിരിയേറെ സന്യാസ സമൂഹങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നു. അതിരൂപതാ അധ്യക്ഷന്മാര്‍ നാമനിര്‍ദേശം ചെയ്യുന്നവരാണ് അന്നും ഇന്നും നേതൃത്വത്തിന്റെ അമരത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഒരു മുന്നേറ്റമാണിത്. വിശ്വാസം പ്രവൃത്തിയാക്കിയ, അനശ്വര സ്‌നേഹത്തിന്റെ സങ്കീര്‍ത്തനം. ഈ മുന്നേറ്റം 1965 മുതല്‍ വളര്‍ച്ചയുടെ പാതയില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org