
ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
അറിയാതെ അണപൊട്ടിയൊഴുകിയ മിഴിയിണകളെ തന്റെ വലതുകരാംഗുലികളാല്‍ തീര്‍ത്ത വേലിക്കെട്ടുകൊണ്ട് തടഞ്ഞുനിര്‍ത്തുവാന്‍ വെറുതേ പണിപ്പെട്ടും, ഇടതുവശം ചേര്‍ന്ന് ഇതൊന്നുമറിയാതെ എല്ലാം നോക്കിനിന്ന തന്റെ മൂന്നു കുഞ്ഞുങ്ങളെ മറുകരത്താല്‍ ഒതുക്കിപ്പിടിച്ചും, സ്വപ്നാശകളെല്ലാം കരിഞ്ഞുവീണ ആ മണ്‍കൂമ്പാരത്തിന്റെ മുന്നില്‍ കൊവിഡ് മഹാമാരി കൊണ്ടുപോയ തന്റെ പ്രിയനെക്കുറിച്ചുള്ള ഭാരപ്പെടുത്തുന്ന ഓര്‍മ്മകളുമായി ഏറെ നേരം അവള്‍ നിന്നു… വെന്തുരുകി പൊന്തിവന്ന ചിന്തകള്‍ ഓരോന്നും കണ്ണീരില്‍ കുതിര്‍ന്നലിഞ്ഞപ്പോഴും അവളുടെ മാനസപ്പക്ഷി ഗതകാലസ്മരണകളിലേക്ക് ഒരു വേള ചിറകടിച്ചുപറന്നു… പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഒരു കൊച്ചുവീടിന്റെ ഇത്തിരിമുറ്റത്ത് തങ്ങള്‍ക്കുവേണ്ടി ഉയര്‍ന്ന മംഗല്യപ്പന്തലും, ആര്‍പ്പുവിളികളും, ആഘോഷങ്ങളും… കിനാവുകളില്‍ കനകവസന്തം വിരിഞ്ഞ വര്‍ണ്ണദിനം… താന്‍ സുമംഗലിയായ സുദിനം… അതില്‍പിന്നെ ജീവിതക്കയത്തിനു മീതെ തളരാതെ എത്രദൂരങ്ങള്‍ തങ്ങളൊരുമിച്ച് താണ്ടിപ്പറന്നു… സുഖദുഃഖങ്ങള്‍ സമമായി പങ്കിട്ട എത്രയോ ദിനരാത്രങ്ങള്‍… കൂട്ടിനൊരാള്‍ എപ്പോഴും കൂടെയുണ്ടല്ലോ എന്ന തോന്നലായിരുന്നു സകല പ്രയാസങ്ങളും തരണം ചെയ്യാന്‍ തങ്ങളെ ഇരുവരെയും പ്രാപ്തരാക്കിയിരുന്നത്… എന്നാല്‍, ഇന്ന് താനും ഈ മൂന്നു കുഞ്ഞുങ്ങളും മാത്രം ദുഃഖസ്മൃതികളായി ഇവിടെ അവശേഷിക്കുന്നു… ആശ്വാസവാക്കുകളുമായി ഇന്നലെവരെ വീട്ടില്‍ ആളുകള്‍ ഏറെയുണ്ടായിരുന്നു… 'ഇല്ല, കുറവുകളൊന്നുമുണ്ടാവില്ല, ഈ ഞങ്ങളൊക്കെയില്ലേ കൂട്ടിന്' എന്നൊക്കെ പറയുവാനും, കൂടെ കരയുവാനും, കണ്ണുനീരൊപ്പുവാനും, മൃതദേഹത്തിനുചുറ്റും തിരികള്‍ തെളിക്കാനും, അത്തറു പൂശാനും, ഒടുവില്‍ കുഴിമൂടി റീത്തു വയ്ക്കുവാനുമൊക്കെ പരിചിതരും അല്ലാത്തവരുമായി ഒത്തിരിപ്പേരുണ്ടായിരുന്നു… എന്നാല്‍, പാതിയുരുകിയണഞ്ഞ ഈ തിരികള്‍ വീണ്ടും കൊളുത്തിവയ്ക്കുവാന്‍ ഈ പിഞ്ചുമൂവരും താനുമല്ലാതെ വേറാരുമില്ല…. പക്ഷങ്ങള്‍ രണ്ടുമുണ്ടെങ്കിലല്ലേ പക്ഷിക്ക് ഭക്ഷണം തേടിപ്പറക്കാനൊക്കൂ… ചിറകൊന്നൊടിഞ്ഞുപോയാല്‍ എന്തു ചെയ്യും…? ഭിക്ഷാടനം പോലും ചിന്ത്യ മല്ലല്ലോ… ഒരു ചിറകൊടിഞ്ഞ പക്ഷിക്ക് തുല്യയായ താന്‍ ഇന്നീ ജീവിതമരക്കൊമ്പില്‍ ഏകയായി… തന്റെ ചകിരിക്കൂട്ടില്‍ പറക്കമുറ്റാത്ത മൂന്നു കിളിമക്കളും… ഇനിയുള്ള യാത്രയില്‍ ഒരു ചിറകുകൊണ്ട് മാത്രം താനെന്തു ചെയ്യാനാണ്…? തന്റെ ജീവിതചക്രവാളത്തില്‍ ഇനി മുതല്‍ വിഷാദസൂര്യന്‍ മാത്രമേ ഉദിച്ചുനില്ക്കുകയുള്ളൂ… അഴലുകളുടെ അസ്തമിക്കാത്ത എത്രയോ നാളുകളാണ് തന്റെ മുന്‍പില്‍… മേലേ ആകാശ മാറില്‍ കാര്‍മേഘപാളികള്‍ തിങ്ങിക്കൂടുന്നൂ… അങ്ങേ കോണില്‍ ഇടിയും മിന്നല്‍പിണരുകളും… അതിലേറെ ഭീതി ആ അമ്മക്കിളിയുടെ ഇരുണ്ട മനസ്സിലും… നേരം പോയത് അവളറിഞ്ഞില്ല. പെട്ടെന്ന് മുട്ടുകുത്തി ആ മണ്‍കൂമ്പാരത്തിന്റെ ഓരത്ത് തന്റെ പ്രാണനാഥന്റെ കവിളിലോ, കാല്‍പാദങ്ങളിലോ എന്നറിയാതെ അവള്‍ ചുംബിച്ചു… ഒരുവട്ടംകൂടി ഒഴുകിയിറങ്ങിയ മിഴിനീരില്‍ ആ മണ്‍തരികള്‍ നനഞ്ഞു… ആ നിമിഷങ്ങളില്‍ എത്രയോ കാര്യങ്ങള്‍ അവര്‍ അന്യോന്യം കൈമാറിയിട്ടുണ്ടാവാം… എന്തുമാത്രം മനഃശാന്തിയും ആത്മധൈര്യവും ഒരു വൈദ്യൂതിധാര പോലെ ആ കൂമ്പാരത്തിനുള്ളില്‍ നിന്നും അവളിലേയ്ക്ക് പ്രവഹിച്ചിട്ടുണ്ടാവാം… കൊഴിഞ്ഞ കിനാവുകള്‍പോലെ അവിടെ ചിതറിവീണുകിടന്ന വാടിയ പൂക്കളെടുത്തുമാറ്റി പുത്തന്‍ പ്രതീക്ഷകളുടെ പുഷ്പദളങ്ങള്‍ ഓരോന്നായി എടുത്തുവച്ച്, പകുതി കത്തിപ്പൊലിഞ്ഞ മെഴുതിരിനാമ്പുകളില്‍ പുതുനാളങ്ങള്‍ തെളിച്ച് അവള്‍ എഴുന്നേറ്റ് തന്റെ കുഞ്ഞുങ്ങളുടെ കൈപിടിച്ച് ആ ശവപ്പറമ്പിന്റെ കല്പ്പടവുകള്‍ മെല്ലെയിറങ്ങി… മനസ്സിലെ മരപ്പൊത്തിനുള്ളില്‍ കിളിയുറങ്ങാത്ത ഒരു ചുള്ളിക്കൂടുമായ്…
'ശ്മശാനമൂകത'യെന്ന ഭാഷാപ്രയോഗത്തിനു തന്നെ തെല്ലും പ്രസക്തിയില്ല. മുഴുമിപ്പിക്കാതെ പോയ മുത്തശ്ശിക്കഥകളും, മുത്തച്ഛന്‍ ബാക്കിവച്ച പഴഞ്ചൊല്‍ പാഠങ്ങളും, പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാതെപോയ പിതാവിന്റെ സ്‌നേഹശാസന ങ്ങളും, പാടിയവസാനിപ്പിക്കുവാന്‍ ആവാതെ പോയ പെറ്റമ്മയുടെ താരാട്ടുപാട്ടും, താലിചാര്‍ ത്തിയവര്‍ക്കേകിയ തലയണമന്ത്രങ്ങളും, ഗുരു മൊഴികളുമൊക്കെ സ്വരതരംഗങ്ങളായി അവിടെ അലയടിക്കുന്നുണ്ട്.
മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ട വരേക്കുറിച്ചുള്ള നോവുകളുണര്‍ത്തുന്ന മറ്റൊരു നവംബര്‍ കൂടി. മടങ്ങിവരുവാന്‍ ആവാത്ത വിധം അകന്നുപോയവരെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളുടെ കാണാച്ചരടുകൊണ്ട് കരളിനോടു കൂട്ടിക്കെട്ടുവാനുള്ള മാസം. മണ്ണടിഞ്ഞുപോയെങ്കിലും മധുരസ്മരണകളുടെ മണ്‍കൂരയ്ക്കുള്ളില്‍ അവരോരോന്നും മരണമറിയാതെ മിഴിതുറന്നിരിപ്പുണ്ട്! കാരണം, മണ്ണില്‍ നിന്നും മനസ്സിലേയ്ക്കാണ് അവരെല്ലാവരും തന്നെ പറിച്ചുനാട്ടപ്പെട്ടിട്ടുള്ളത്. പിതൃലാളനം പാതി തന്ന് പിരിഞ്ഞുപോയവര്‍, മാതൃസ്‌നേഹവും മാറിലെ ചൂടും മതിവരുവോളം നല്കാതെ വിട വാങ്ങിയവര്‍, വളര്‍ച്ചയുടെ വഴികളില്‍ തണലും തണുജലവും തന്ന കൂടപ്പിറപ്പുകള്‍, സൗഹൃദക്കൂട്ടില്‍ നിന്നും സമ്മതം പോലും ചോദിക്കാതെ ചിറകടിച്ചുപറന്നകന്ന ചങ്ങാതിപ്പറവകള്‍, കരംകോര്‍ത്തു നടന്ന കളിക്കൂട്ടുകാര്‍, മാങ്കനി പോലെ മോഹിച്ചുപോറ്റിയ മക്കള്‍, കൂടെത്തുഴഞ്ഞിരുന്ന ജീവിതപങ്കാളി, അക്ഷരാക്കങ്ങളുടെ തേന്‍തുള്ളികളില്‍ അറിവിന്റെ പൊന്ന് അരച്ചുചാലിച്ചുതന്ന അധ്യാപകര്‍… അങ്ങനെ, കുറേക്കാലം കൂടിയെങ്കിലും കണ്‍വെട്ടത്തുണ്ടായിരിക്കണമെന്ന് ആശിച്ച അവരുടെയൊക്കെ നിര അന്തമില്ലാതെ നീണ്ടുപോകുന്നുണ്ട്. മരണത്തിന്റെ മരവിപ്പിക്കുന്ന വിരല്‍ സ്പര്‍ശനത്താല്‍ അവരിന്ന് അന്ത്യവിശ്രമം കൊള്ളുകയാണ്.
പ്രാര്‍ത്ഥനകളും, പരിഹാര ബലികളുമായി അവരെ അടക്കിയ ഇടങ്ങളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഓര്‍ക്കാം: ശ്മശാനം മൂകമല്ല, മറിച്ച് ശബ്ദമുഖരിതമാണ്. 'ശ്മശാനമൂകത'യെന്ന ഭാഷാപ്രയോഗത്തിനുതന്നെ തെല്ലും പ്രസക്തിയില്ല. കാരണം, ഉറ്റവരുടെ ഉറക്കസ്ഥലമാണെങ്കിലും അവിടുത്തെ അന്തരീക്ഷം തീര്‍ത്തും സ്വര നിബിഢമാണ്. വേര്‍പാടിന്റെ വേദനക്കാറ്റും, കദനങ്ങളുടെ കടല്‍ത്തിരകളും അവിടെ അടങ്ങാതെ ആര്‍ത്തിരമ്പുന്നുണ്ട്. മുഴുമിപ്പിക്കാതെപോയ മുത്തശ്ശിക്കഥകളും, മുത്തച്ഛന്‍ ബാക്കിവച്ച പഴഞ്ചൊല്‍ പാഠങ്ങളും, പറഞ്ഞുതീര്‍ക്കുവാന്‍ കഴിയാതെപോയ പിതാവിന്റെ സ്‌നേഹശാസനങ്ങളും, പാടിയവസാനിപ്പിക്കുവാന്‍ ആവാതെപോയ പെറ്റമ്മയുടെ താരാട്ടുപാട്ടും, വീണ്ടും കേള്‍ക്കുവാന്‍ കൊതിക്കുന്ന പിഞ്ചുകളുടെ കൊഞ്ചലുകളും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും സദുപദേശങ്ങളും, പ്രേമഭാജനങ്ങളുടെ മധു ഭാഷണങ്ങളും, താലിചാര്‍ത്തിയവര്‍ക്കേകിയ തലയണമന്ത്രങ്ങളും, ഗുരുമൊഴികളുമൊക്കെ സ്വരതരംഗങ്ങളായി അവിടെ അലയടിക്കുന്നുണ്ട്. അവരുടെയൊക്കെ ശ്വാസനിശ്വാസങ്ങളും, നെടുവീര്‍പ്പുകളും, ചിരിയുടെ ചിലങ്കനാദവും, വിതുമ്പലുകളുടെ വിഷാദരാഗങ്ങ ളും ആ നാലുകെട്ടിനുള്ളില്‍ നിറഞ്ഞുനില്പ്പുണ്ട്. കണ്‍പാളികള്‍ പൂട്ടി കാതൊന്നു കൂര്‍പ്പിച്ചാല്‍ കര്‍ണ്ണപുടങ്ങളില്‍ അവയൊക്കെ കണിശമായും കേള്‍ക്കാം. അവിടെ നില്ക്കുമ്പോള്‍ ക്രിസ്ത്യാനികളായ നമ്മുടെയൊക്കെ കവിള്‍ത്തടത്തിലെ കണ്ണീരിന്റെ നനവ് താനേ നീങ്ങണം. കാരണം, മരണത്തെ മറികടന്ന് ഉത്ഥിതനായ കര്‍ത്താവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശാരീരികമായ മരണം ശാശ്വതമായ അന്ത്യമല്ല. പിന്നെയോ, പുതുജീവിതത്തിന്റെ ആരംഭമാണ്. മോക്ഷനാട്ടിലേയ്ക്കുള്ള ചുവടുവയ്പാണ്. കര്‍ത്താവിനെ മുഖാഭിമുഖം കണ്ടു കൊണ്ട് (1 കൊറി. 13:12), അഗ്നിമയന്മാരും അശരീരികളുമായ ആകാശവാസികളേപ്പോലെ അവിടുത്തോടുകൂടെ ആയിരിക്കുന്നതിനുള്ള (2 തെസ. 4:17) അസുലഭ ഭാഗ്യമാണ് ആത്മാക്കള്‍ക്കു സംലഭ്യമാകുന്നത്. ശരീരവും ശ്വാസവും സമ്മാനിച്ച സൃഷ്ടാവിനെ നേര്‍ക്കുനേര്‍ ദര്‍ശിക്കുക എന്നതുതന്നെയല്ലേ സൃഷ്ടികളുടെ ജീവിത സായൂജ്യവും? അത്തരമൊരു മഹത്വത്തിലേയ്ക്കാണ് ദയാനിധിയായ ദൈവം മരിച്ചവരെ കരംപിടിച്ചുയര്‍ത്തുന്നത് (യോഹ. 5:21). അക്കാരണത്താല്‍ തന്നെ കര്‍ത്താവില്‍ നിദ്രപ്രാപിക്കുന്നവര്‍ അനുഗ്രഹീതരാണ് (വെളി. 14:13). പുനരുത്ഥാനവും ജീവനുമായ (യോഹ. 11:25) അവനോടുകൂടെ മരണം പ്രാപിക്കുന്നവര്‍ അവനോടുകൂടെ ജീവിക്കുകയും ചെയ്യുന്നു (2 തി മോ. 2:11). ആകയാല്‍, മണ്‍മറഞ്ഞവരെപ്രതി മനം നുറുങ്ങേണ്ട കാര്യമില്ല. കാരണം, അനശ്വരതയിലുള്ള ഉയിര്‍പ്പ് സാധ്യമാകണമെങ്കില്‍ നശ്വരതയില്‍ വിതയ്ക്കപ്പെട്ട് അഴുകിത്തീരേണ്ടത് അനിവാര്യമാണ് (1 കൊറി. 15:42). ഭൗമികമായത് കരിഞ്ഞുണങ്ങുമ്പോഴാണ് സ്വര്‍ഗ്ഗീയമായത് നാമ്പെടുക്കുന്നത്. മാനുഷികമായത് അസ്തമിക്കുമ്പോഴാണ് ദൈവികമായത് ഉദയം ചെയ്യുന്നത്. ശാരീരികമായത് മരിക്കുമ്പോഴാണ് ആത്മീയമായത് പിറവിയെടുക്കുന്നത്.
പരേതരുടെ ആത്മാക്കളെ ആദരവോടെ അനുസ്മരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുവാന്‍ ഒരുപിടി ബോധ്യങ്ങള്‍ കൂടി ബാക്കിവയ്ക്കാം. ഒരിക്കല്‍ നാമും മരിച്ചുമണ്ണടിയേണ്ടവരാണ്.നമ്മിലെ ജീവന്റെ രത്‌നച്ചെപ്പിനെ അപഹരിച്ചെടുക്കുവാന്‍ അനുയോജ്യമായ അവസരം നോക്കി അരികിലോ, അകലെയോ ഒക്കെയായി മരണം ഒരു മോഷ്ടാവിനെപ്പോലെ ഒളിച്ചിരിപ്പുണ്ട്. മരണമണിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിലാപഗീതമല്ല, മറിച്ച് മരണത്തോടടുക്കുന്ന നമുക്കുവേണ്ടിയുള്ള താക്കീതു തന്നെയാണ്. മൃതിയെത്തും മുമ്പേ ചിന്തകളും ചെയ്തികളും ചന്തമുള്ളവയാക്കി ആയുസ്സിന്റെ ശിഷ്ടനാളുകളെ നിര്‍മ്മലവും, നന്മപൂരിതവുമാക്കി മാറ്റണമെന്നുള്ള മുന്നറിയിപ്പ് അതിലുടനീളം മാറ്റൊലിക്കൊള്ളുന്നുണ്ട്. മൃതരുടെ മഹത്വപൂണ്ണമായ ഉത്ഥാനത്തിലും, നിത്യമായ ജീവ നിലുമുള്ള വിശ്വാസത്തെ പ്രത്യാശാപൂര്‍വ്വം ഏറ്റുപറഞ്ഞുകൊണ്ടും, പരലോകം പൂകിയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടും സകലമരിച്ചവരുടെയും ഈ ഓര്‍മ്മത്തിരുന്നാള്‍ നമുക്കാചരിക്കാം. ജീവിതവഴികളില്‍ അറിഞ്ഞോ അല്ലാതെയോ ഒക്കെ അവര്‍ക്ക് വന്നുപോയ പിഴകള്‍ക്ക് നമ്മുടെ ജപകര്‍മ്മങ്ങള്‍ പ്രായശ്ചിത്തങ്ങളായി ഭവിക്കട്ടെ. കല്ലറകളില്‍ കുഴിച്ചുമൂടപ്പെട്ടവരും, ചിതകളില്‍ ചാരമായവരുമായ സര്‍വ്വരെയും ഉള്ളിന്റെയുള്ളിലെ സ്മൃതിമണ്ഡപത്തില്‍ കുടിയിരുത്താം. ഓര്‍മ്മകളുടെ ഒളിമങ്ങാത്ത മണ്‍ ചിരാതുകള്‍ അതിനു ചുറ്റും കൊളുത്തിവയ്ക്കാം. അവരോരോരുത്തരും നമ്മുടെയൊക്കെ ജീവന്റെയും, അസ്ഥിത്വത്തിന്റെയും അംശങ്ങളാണ്. അതുകൊണ്ടുതന്നെയാണ് അവരുടെ വിയോഗം ശൂന്യതയും അസ്വസ്ഥതയും നൊമ്പരവും നമ്മില്‍ അവശേഷിപ്പിക്കുന്നത്. നമുക്കുമുമ്പേ നടന്നുപോയവരെ നന്ദിയോടെ നമിക്കാം. അവര്‍ ഓരോരുത്തരും ചെയ്തുതന്ന ചെറുതും വലുതുമായ സഹായങ്ങളും ചൊല്ലിത്തന്ന സദ്‌വചസ്സുകളും വിസ്മരിക്കാതിരിക്കാം. സ്വപ്നങ്ങളില്‍ അവരെ സ്വന്തമാക്കാം. പുലരിമഞ്ഞിന്റെ കുളിരിലും, ഉച്ചവെയ്‌ലിന്റെ ഊഷ്മളതയിലും, രാത്രി മഴയുടെ മര്‍മ്മരത്തില്ലുമൊക്കെ ഒരുപോലെ അവരുടെ സാന്നിധ്യമുണ്ട്. വീടിന്റെ ചുമരുകളില്‍ തൂങ്ങുന്ന അവരുടെയൊക്കെ ഛായാ ചിത്രങ്ങള്‍ക്ക് കേള്‍വിശക്തിയും, സംസാരശേഷിയുമുണ്ട്. ആണ്ടു വട്ടത്തിലല്ല, അനുദിനപ്രാര്‍ത്ഥനകളില്‍ അവരെ ചങ്കോടുചേര്‍ത്തു പിടിക്കാം.
പ്രാര്‍ത്ഥിക്കാം: മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോമിശിഹാകര്‍ത്താവിന്റെ വിലമതിയാത്ത തിരുച്ചോരയേക്കുറിച്ച് മരിച്ചവിശ്വാസികളുടെമേല്‍ കൃപയുണ്ടായിരിക്കേണമേ. ആമ്മേന്‍.