‘ആല്‍മാവു’കള്‍ പൂക്കട്ടെ

‘ആല്‍മാവു’കള്‍ പൂക്കട്ടെ


ഡോ. പോള്‍ കൊമ്പന്‍

(പ്രൊഫസര്‍, സെന്‍റ് ജോസഫ്
പൊന്തിഫിക്കല്‍ സെമിനാരി, ആലുവ)

പണ്ട്, വളരെ പണ്ട്, ഭൂതലമാകെ പ്രളയജലം പരന്നൊഴുകിയകാലത്ത്, ജീവന്‍റെ പച്ചത്തുരുത്തുകളെന്തെങ്കിലും ബാക്കിയുണ്ടോയെന്നറിയാന്‍വേണ്ടി നിറുത്താതെ പറന്ന വെള്ളരിപ്രാവ് ഒടുവില്‍ വേറെ മാര്‍ഗമില്ലാതെ നോഹിന്‍റെ പെട്ടകത്തിന്‍റെ കിളിവാതില്‍പാളിയില്‍ തിരികെയിറങ്ങി. എന്നിട്ടും നോഹ പ്രതീക്ഷ കൈവെടിയാതെ പിന്നീടുള്ള ദിനങ്ങളിലും ആ പ്രാവിനെ സീമാതീതമായ ആകാശത്തേക്ക് വീണ്ടും വീണ്ടും പറത്തിവിട്ടു. ഒടുവില്‍ പ്രളയജലം കഴുകിവെടുപ്പാക്കിയ പുതിയഭൂമിയില്‍ നവസ്വപ്നങ്ങളോടെ അവന്‍ കാലുകുത്തി. ഏത് അശാന്തികള്‍ക്കും ഹിംസകള്‍ക്കുമിടയിലും ചിരപ്രതീക്ഷയോടെ ജീവന്‍റെ പുതുനാമ്പ് തിരയുകയെന്നത് മനുഷ്യനില്‍ ഇനിയും പരിണാമം സംഭവിച്ചിട്ടില്ലാത്ത മനോഭാവമാണ്.

ഇന്ന് ഭാരതം പ്രശ്നകലുഷിതമാണ്. വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും വലിയ മതിലുകള്‍ ചുറ്റുപാടും ഉയര്‍ന്നുവരുന്നത് നാം കാണുന്നു. തിമിര്‍ത്തുപെയ്യാന്‍ വെമ്പിനില്ക്കുന്ന വെറുപ്പിന്‍റെ കാര്‍മേഘങ്ങള്‍ അശാന്തിയുടെ പ്രളയമായി പരിണമിച്ചേക്കുമോയെന്ന് ഭയപ്പെടുന്നു. സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഏകമാനകമായി മതം സ്ഥാപിച്ചുറപ്പിക്കപ്പെടുന്നത് ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്. സമൃദ്ധിയുടെ ഒരു ഭൂതകാലമുണ്ടായിരുന്നെന്നും അവിടേക്കുള്ള തിരിച്ചുപോക്ക് മതാധിഷ്ഠിതരാഷ്ട്രനിര്‍മിതിയിലൂടെ മാത്രമേ സാധിതമാകൂ എന്നും തീവ്രമായി വിശ്വസിക്കുന്ന ഹിന്ദുരാഷ്ട്രവാദികള്‍, സ്വഭാവേന കാലുഷ്യം നിറഞ്ഞ തങ്ങളുടെ ആശയങ്ങള്‍ മുഖംമൂടികളില്ലാതെ, സങ്കോചമില്ലാതെ പരസ്യമായി വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. പോയകാലത്തിന്‍റെ സുവര്‍ണശേഷിപ്പുകള്‍ അവര്‍ എവിടെയാണ് തിരയുന്നതെന്നറിയില്ല. ഇനിയത് വേദങ്ങളിലാണെങ്കില്‍ മഹാഉപനിഷത്തിലും സംസ്കൃതസുഭാഷിതങ്ങളിലും ഇങ്ങനെയൊരു വാക്യംകൂടിയുണ്ട്: "അയം ബന്ധുരയം നേതി ഗണനാം ലഘുചേത സാം, ഉദാരചരിതാനാം തു വസുധൈവകുടുംബകം" (ഇയാള്‍ ബന്ധുവാണ്, ഇയാള്‍ ബന്ധുവല്ല എന്ന് വേര്‍തിരിച്ച് കാണുന്നത് ഇടുങ്ങിയ മനസ്സുള്ളവരാണ്. വിശാലമനസ്കര്‍ ഭൂമിയെ ഒരു കുടുംബമായി കാണുന്നു).

ഹൃദയത്തിന്‍റെ, ചിന്തകളുടെ വലിപ്പവും വലിപ്പക്കുറവുമാണ് ഇവിടുത്തെ വിഷയം. ഒരാള്‍, തന്‍റെ മുന്നില്‍ നില്ക്കുന്നയാളെ ബന്ധുവായി കാണണോ ശത്രുവായി കാണണോയെന്നത് അയാളുടെ തിരഞ്ഞെടുപ്പിന്‍റെ മാത്രം വിഷയമായി പരിണമിപ്പിക്കുകയാണ് ഈ ആദര്‍ശവാക്യം ചെയ്യുന്നത്. ഇവിടെ മറ്റൊരാളുടെ മതമോ കുലമോ അല്ല തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം, സ്വന്തം മനസ്സിന്‍റെ വലിപ്പവും വലിപ്പക്കുറവും മാത്രമാണ്. മാനവികതയേക്കാള്‍ മതാത്മകതയും സാഹോദര്യത്തേക്കാള്‍ ദേശീയതയും ആലോചനാവിഷയമാക്കുന്ന തീവ്രവാദികള്‍, ഏതു മതവിഭാഗത്തിലുമുള്ളവരായിക്കൊള്ളട്ടെ, അവര്‍ തമസ്കരിക്കുന്നത് അവരവരുടെ മതഗ്രന്ഥങ്ങളിലെ കുലീനത്വമുള്ള അമൂല്യരത്നങ്ങളെയാണ്. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്‍റെ ഭാഷയില്‍, "വൈരക്കല്ലുകള്‍ വിറ്റ് കുപ്പിച്ചില്ലുകള്‍ വാങ്ങുന്ന" മതിഭ്രമമാണിത്. സര്‍വവും പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നവര്‍തന്നെ സംസ്കൃതിയുടെ ആത്മാംശത്തെ തിരിച്ചറിയാതെ പോകുന്നു, അഥവാ ദുഷിച്ച ചിന്തകളോടെ മനഃപൂര്‍വം അവഗണിക്കുന്നു. പൂന്താനം 'ജ്ഞാനപ്പാന'യിലൂടെ ഓര്‍മപ്പെടുത്തുന്നതുപോലെ,

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍
കുങ്കുമത്തിന്‍റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം

അറിയേണ്ടതറിയാതെ പോകുന്നവരുടെയും അറിയേണ്ടെന്നുവയ്ക്കുന്നവരുടെയും മുകളില്‍ വസുധൈവകുടുംബകം എന്ന ഈ സുഭാഷിതം, ആത്മാവിനെ ചൂഴ്ന്നുനില്ക്കുന്ന ഇരുളകറ്റുന്നതിനായി പ്രഭയോടെ തെളിഞ്ഞുകത്തുന്നു. മതാധിഷ്ഠിത വിവേചനങ്ങളുടെ അഴുക്കുകുറുകിയ പ്രളയജലത്തിനുമുകളില്‍ അറ്റുപോകാത്ത പ്രതീക്ഷകളുമായി നിറുത്താതെ ചിറകടിച്ചുപറക്കുന്ന അഭിനവവെള്ളരിപ്രാവാണ് ഈ ഉപനിഷദ്സൂക്തം. വെറുപ്പിന്‍റെ ചലഗന്ധമുള്ള ആശയങ്ങള്‍കൊണ്ട് ഭാരതഭൂമിയില്‍ പുതിയ അതിര്‍വരമ്പുകള്‍ വരയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയിലൂടെ തിരിച്ചറിവിന്‍റെ പുതുനാമ്പുകള്‍ തേടി ശാന്തിമന്ത്രമുരുക്കഴിച്ചുകൊണ്ട് അതിരുകളില്ലാത്ത ആകാശത്തേക്ക് പുരാതനനായ ഈ പ്രാവ് പറന്നുകൊണ്ടേയിരിക്കുന്നു. പക്ഷെ കഷ്ടം!

സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍ (ജ്ഞാനപ്പാന)

തങ്ങളുടെ അറിവുകള്‍ മാത്രമാണ് ശരിയെന്ന് ശഠിക്കുന്നവര്‍ തിരിച്ചറിവുകളിലേക്ക് വളരാന്‍ മടിക്കുന്നു. ഇത്തരക്കാര്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു, ജന്മസിദ്ധമായതിനെക്കുറിച്ച് കര്‍മസിദ്ധമായതിനേക്കാളും മിഥ്യാഭിമാനം കൊള്ളുന്നവര്‍.

ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊക്കായെന്നും (കരുതുന്ന) ചിലര്‍.

ആരാണ് തന്‍റെ അയല്ക്കാരന്‍ അഥവാ ആരെയാണ് താന്‍ അയല്‍ക്കാരനായി കണക്കാക്കേണ്ടതെന്ന് യേശുവിനോടു ചോദിച്ച നിയമജ്ഞന്‍റെയും പ്രശ്നം ഇതുതന്നെയായിരുന്നു (ലൂക്കാ 10:25-37). കാരണം, അവന്‍ പഠിച്ചുതീര്‍ത്ത പാഠപുസ്തകങ്ങള്‍ അയല്ക്കാരനായി അവന്‍റെ മുമ്പില്‍ ചിത്രീകരിച്ചത് മറ്റൊരു യഹൂദനെ മാത്രമാണ്. കേവലം മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമുള്ള ഒരു തിരഞ്ഞെടുപ്പ്. പാരമ്പര്യം പറഞ്ഞുറപ്പിച്ച ഈ ആശയത്തെ വെല്ലുവിളിച്ചുകൊണ്ടാണ് നല്ല സമരിയാക്കാരന്‍റെ കഥ യേശു പറഞ്ഞത്. അയല്ക്കാരനെ സ്നേഹിക്കണം എന്ന കല്പനയില്‍ പുതുമയൊന്നുമില്ല; അയല്ക്കാരന്‍ ആരാണെന്ന് പുനര്‍ നിര്‍വ്വചിച്ചിടത്താണ് യേശുവിന്‍റെ മൗലികത. അര്‍ഥഗര്‍ഭമായ കഥാപാത്രസൃഷ്ടിയാണ് യേശു നടത്തിയത്. ഈ കഥയിലെ കേന്ദ്രകഥാപാത്രങ്ങള്‍ അന്നത്തെ സാമൂഹികവ്യവസ്ഥയനുസരിച്ച് ചിരവൈരികളാണ്. ഒന്നായിരുന്നവരെങ്കിലും ചരിത്രത്തിന്‍റെ അഭിശപ്തമുഹൂര്‍ത്തങ്ങളിലൊന്നില്‍ വച്ച് രണ്ടായി പിരിഞ്ഞവര്‍, ശത്രുക്കളായിത്തീര്‍ന്നവര്‍. ഇത്തരം രണ്ടു ശത്രുക്കളെ മുഖാഭിമുഖം നിര്‍ത്തിക്കൊണ്ട് അയല്ക്കാരനെന്ന ആദര്‍ശത്തെ യേശു പുനര്‍ നിര്‍വചിച്ചു. മതാധിഷ്ഠിതമായ അയല്ക്കാര പരികല്പനയില്‍ നിന്നുമാറി, ആവശ്യക്കാരനായ അപരനെ, അയാളുടെ ജാതി-മത-വര്‍ഗ-വര്‍ണ ഘടകങ്ങള്‍ക്കതീതമായി അയല്ക്കാരനായി തിരിച്ചറിയണമെന്നാണ് യേശു ആവശ്യപ്പെട്ടത്. ഈ അയല്ക്കാരനിര്‍മിതിയില്‍ കലര്‍പ്പില്ലാത്ത മാനവികതയെ മാത്രം അവിടന്ന് മാനദണ്ഡമാക്കി.

യേശുവിന്‍റെ ഈ ആദര്‍ശം പൗരത്വഭേദഗതി നിയമവിവാദത്തിലും നമുക്കു മാര്‍ഗദീപമാകേണ്ടതാണ്. അതിര്‍ത്തി രാജ്യങ്ങളിലെ പീഡിതര്‍, അഭയം തേടുന്നവര്‍ (ആവശ്യക്കാര്‍) അവരാണ്, ബന്ധുവെന്നും ശത്രുവെന്നും തിരിക്കാതെ വസുധയെ കുടുംബമായി കാണുന്ന ഭാരതമണ്ണില്‍ പൗരത്വം നേടേണ്ടത്. ആ പൗരത്വലബ്ധി, മതാധിഷ്ഠിതം എന്ന ഇടുങ്ങിയ ചിന്തകൊണ്ട് നിര്‍ണയിക്കപ്പെടുന്നതാകരുത് എന്നാണ് ക്രിസ്തുവാക്യത്തിന്‍റെ സമകാലികപാഠഭേദം. വി. പൗലോസ് അപ്പസ്തോലന്‍ യേശുവിനെക്കുറിച്ച്, "അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേ. 2:4) എന്ന് പറഞ്ഞത് എത്രയോ യുക്തമാണ്. ഇവിടെ തകര്‍ക്കപ്പെടുന്നത് യഹൂദര്‍ക്കും വിജാതീയര്‍ക്കുമിടയിലുള്ള വംശവിദ്വേഷത്തിന്‍റെ മതിലുകളാണെന്ന് വിശുദ്ധഗ്രന്ഥവിശാരദര്‍ വ്യക്തമാക്കുന്നു. അപ്പസ്തോലന്‍ ക്രിസ്തുവിനെ സമാധാനമെന്ന് വിളിക്കുന്നത് കേവലം ഒരു വിശേഷണം എന്ന നിലയ്ക്കല്ല. മറിച്ച്, അത് ക്രിസ്തുവിന്‍റെ മനസ്സറിഞ്ഞവന്‍റെ ആത്മഹര്‍ഷമാണ് (1 കോറി. 2:16). ചിരവൈരികളെ അയല്ക്കാരാക്കി മാറ്റിയ ആദര്‍ശശുദ്ധിയുടെ, വിശ്വമാനവികതയുടെ ആള്‍രൂപത്തിന് അപ്പസ്തോലനിട്ട പേരാണ് സമാധാനമെന്നത്. വിഷാദപ്രേരകമായ കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ ആനന്ദരൂപിയായിത്തെളിയുന്ന മഴവില്ലിന്‍റെയത്ര അഴകുള്ളതാണ് ഇന്നത്തെ സാഹചര്യത്തില്‍ യേശുവിന്‍റെ ആദര്‍ശം. പ്രളയജലത്തിന് മുകളില്‍ മാടപ്രാവിനെ പറത്തിവിട്ട് ജീവന്‍റെ പുതുനാമ്പുതേടുന്ന മനുഷ്യന്‍റെ ആദിചോദനയ്ക്ക് ആവേശം പകരുന്നതാണ് ഈ ദര്‍ശനം.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.ജെ. ജയിംസിന്‍റെ 'നിരീശ്വരന്‍' എന്ന നോവലിലെ, കഥാ പാത്രത്തോളംതന്നെ പ്രധാനപ്പെട്ട വൃക്ഷത്തറയെക്കുറിച്ചുള്ള വിവരണം ഇപ്രകാരമാണ്: "ഏതാണ് മാവ്, ഏതാണ് ആല് എന്ന് തിരിച്ചറിയാനാവാത്ത വിധം പരസ്പരം പിണഞ്ഞു നില്ക്കുന്ന ഒരു ആല്‍മരവും മാവും ആയിരുന്നു വൃക്ഷത്തറയുടെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ശിഖരങ്ങളും ചോടും അന്യോന്യം ഇഴുകിചേര്‍ന്ന്, ഉടലും ഞരമ്പുകളും ഒട്ടിപ്പോയ സയാമീസ് ഇരട്ടകളുടെ വൃക്ഷജന്മംപോലെ അവ നിലകൊണ്ടു. എത്ര സൂക്ഷിച്ചു നോക്കിയാലും മാവിന്‍റെ ശിഖരം ആലില്‍നിന്നും ആലിന്‍റെ ശിഖരം മാവില്‍നിന്നും ഉത്ഭവിക്കുന്നതായേ തോന്നൂ. ഒന്ന് മറ്റൊന്നിനെ താങ്ങിയും തഴുകിയും ഏകദേഹമായിനിന്ന വൃക്ഷങ്ങളെ വിഭജനബുദ്ധിയോടെ കാണാന്‍ ആരും തയ്യാറായിരുന്നില്ല. അതിനാല്‍ ആലും മാവും കൂടിച്ചേര്‍ന്ന സങ്കരനിലനില്പിനെ അവര്‍ ആത്മാവെന്ന പരിചിതമായ പേരുചൊല്ലി വിളിച്ചു. കാറ്റടിച്ച് മാവ് വളഞ്ഞാല്‍ ആലിന്‍റെ ബലിഷ്ഠകരം ചുറ്റിപ്പിടിക്കും. ആലെങ്ങാനും എതിര്‍ദിക്കിലേക്ക് ചാഞ്ഞാലോ മാവ് എത്തിപ്പിടിച്ച് സ്വന്തദേഹത്തോട് ചേര്‍ക്കും. സുഖവും ദുഃഖവും പപ്പാതി പങ്കിട്ടു നിന്ന ആ വൃക്ഷഭീമന്‍മാരുടെ ഒന്നിപ്പിനു കീഴെ എത്ര സുഹൃദ്സംഘങ്ങള്‍ക്കുവേണേല്‍ വളരാനുള്ള തണലുണ്ടായിരുന്നു."

ഇന്ന് ഭാരതത്തിന് ഇതിലും വലിയൊരു സ്വപ്നം കാണാനാവില്ല. ഇത്തരം 'ആല്‍മാവു'കളെപ്പോലെ ഹരിതസമൃദ്ധിയുള്ള ഹൃദയങ്ങളാണ് കാലഘട്ടത്തിന്‍റെ ആവശ്യം. ഇപ്രകാരമുള്ള വൃക്ഷത്തറയിലെ ശുദ്ധവും ശാന്തവുമായ വായു, ആരെയും ബന്ധുവെന്നും ശത്രുവെന്നും തരംതരിക്കാതെ ആവശ്യക്കാരനെ അയല്ക്കാരനായി കാണുന്ന ഉദാരചരിതരുടെ ജീവവായുവാണ്. മാനവരാശിക്ക്, പ്രത്യേകിച്ച് ഭാരതഭൂമിക്ക്, ശുദ്ധവായുവിന്‍റെ നിത്യസമൃദ്ധിയൊരുക്കുന്ന ഇത്തരം ആല്‍മാവുകള്‍ ഇല്ലാതായാല്‍, പിന്നെ നമ്മെ കാത്തിരിക്കുന്നത് മാരകമായ മലിനവായുവാണ്; ഹിംസയുടെ പടരുന്ന രോഗാണുക്കള്‍ മയക്കംവിട്ടുണരാന്‍ വെമ്പിനില്ക്കുന്ന വിഷവായു. അത്തരമൊരവസ്ഥയെ അനാവരണം ചെയ്യുന്നതാണ് 2020 ജനുവരി 26-ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എന്‍.എസ്. മാധവന്‍റെ 'പാല് പിരിയുന്ന കാലം' എന്ന കഥ: രോഗബാധിതമായ തന്‍റെ ശരീരത്തില്‍നിന്ന് ഒരു മാംസഭാഗം ചില്ലുകുപ്പിയിലാക്കി, തുടര്‍ചികിത്സയ്ക്കായി ദല്‍ഹിയിലേക്ക് ട്രെയിനില്‍ പുറപ്പെട്ടതാണ് സാബു എന്ന ചെറുപ്പക്കാരന്‍. ലോവര്‍ ബെര്‍ത്ത് മാറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അയാളോടു കലഹിച്ച അല്‍ക്ക നേഗി എന്ന പെണ്‍കുട്ടി കഠിനമായ കോപത്തോടെ അയാളോടു പറഞ്ഞു: 'എനിക്ക് നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. അല്ല ഞാന്‍ നിങ്ങളെ കൊല്ലുകതന്നെ ചെയ്യും.' അവള്‍ വാക്കു പാലിച്ചു. അവള്‍ അയാളെ കൊന്നത് ഏറ്റവും വിഷലിപ്തമായ ആയുധം ഉപയോഗിച്ചാണ്. ദല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അല്‍ക്ക നേഗി അയാളുടെ കയ്യിലെ ചില്ലുകുപ്പിയിലെ മാംസത്തെക്കുറിച്ച് സംശയമുന്നയിച്ചു. സ്വന്തം ശരീരത്തിലെ ഒരു കഷണം മാംസമാണെന്ന് അലറിവിളിച്ചു കരഞ്ഞിട്ടും അത് അതിവേഗം ഗോമാംസമായി പരിണമിക്കുന്നത് ഭീതിയോടെ അയാള്‍ തിരിച്ചറിഞ്ഞു. പക്ഷേ, അപ്പോഴേക്കും എല്ലാം കൈവിട്ടു പോയി. ശാന്തിയുടെയും സാഹോദര്യത്തിന്‍റെയും ആല്‍മാവുകള്‍ നേരത്തേതന്നെ കടപുഴകിവീണു തുടങ്ങിയിരുന്നതിനാല്‍, സര്‍വവും ആളിക്കത്തിക്കാന്‍ വിദ്വേഷത്തിന്‍റെ ചെറിയൊരു തീപ്പൊരി മതിയായിരുന്നു. ഗോമാംസം കൈവശം വച്ചവനെ കൈകാര്യം ചെയ്യാനെത്തിയവരുടെ ചവിട്ടും കുത്തുമേറ്റ് സ്വന്തം മാംസക്കഷണവുമായി അയാള്‍ ആള്‍ക്കൂട്ടത്തിനകത്തേക്ക് വീണു, ഇനിയൊരിക്കലും ഉണരാത്ത വീഴ്ച. അങ്ങനെ, മലിനവാതകത്താല്‍ നിറഞ്ഞിരുന്ന ദല്‍ഹിയിലെ അന്തരീക്ഷത്തിലെ മാരകമായ രോഗാണുക്കള്‍ അയാളുടെ ജീവനെടുത്തു. ക്രാന്തദര്‍ശിയായ കഥാകാരന്‍, വെറുപ്പിന്‍റെ രോഗാണുക്കളുടെ പ്രഹരശേഷി എത്രമാത്രം മാരകമാണെന്ന സത്യം തീവ്രതയോടെ ആവിഷ്കരിച്ചിരിക്കുന്നു. ഇത് അപകടകരമായ അവസ്ഥയാണ്. അതിനാല്‍, മതാതീതമായ സാഹോദര്യത്തിന്‍റെ ആല്‍മാവുകള്‍ ഇന്ന് ആര്‍ഭാടമല്ല, അത്യാവശ്യമാണ്. ആല്‍മാവുകള്‍ പൂക്കട്ടെ!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org