

ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സിന്റെയും നീതിയുടെയും ശബ്ദം ഏറ്റവും ഉച്ചത്തിൽ മുഴങ്ങേണ്ട ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ പവിത്രശാലകളിൽ വെച്ച്, ഒരു തലമുറയെയാകെ മുറിവേൽപ്പിക്കുന്ന വാക്കുകളാണ് ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായത്. 2026 മേയ് 15-ന്, സീനിയർ അഭിഭാഷക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഒരു പതിവ് വിഷയം പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത ചില യുവാക്കളെ “പാറ്റകളോട്” ഉപമിച്ചു. സുരക്ഷിതമായ ഉദ്യോഗമോ തൊഴിലിൽ സ്വന്തമായ ഒരിടമോ കണ്ടെത്താൻ കഴിയാത്ത ഈ യുവാക്കൾ, “വ്യവസ്ഥിതിയെ ആക്രമിക്കാൻ” സോഷ്യൽ മീഡിയ, പത്രപ്രവർത്തനം, ആർ.ടി.ഐ (വിവരവകാശ) പ്രവർത്തനം എന്നിവയിലേക്ക് തിരിയുകയും സമൂഹത്തിലെ “പരാദങ്ങൾ” ആയി മാറുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
ഇതിനെതിരെയുള്ള പ്രതിഷേധം ഉടനടിയും ആഴത്തിലുള്ളതുമായിരുന്നു. ഇന്ത്യയിലുടനീളമുള്ള യുവാക്കൾ മൌനം വെടിഞ്ഞു. ക്രൂരമായ ആക്ഷേപഹാസ്യരൂപേണ അവർ തിരിച്ചടിച്ചു. ദിവസങ്ങൾക്കുള്ളിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ (Cockroach Janatha Party) ഓൺലൈനിൽ തരംഗമായി മാറി. അഭിജീത് ദീപ്കെയാണ് ഇതിന് തിരികൊളുത്തിയത്. സോഷ്യൽ മീഡിയ ടൈംലൈനുകളിൽ മീമുകൾ (Memes) നിറഞ്ഞു കവിഞ്ഞു. പരിഹാസ ഗാനങ്ങൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നു. ദശലക്ഷക്കണക്കിന് ആളുകൾ പിന്നിൽ അണിനിരന്നു. ഇത് വെറുമൊരു തമാശ മാത്രമായിരുന്നില്ല; മറിച്ച് പ്രതിഷേധമായി മാറിയ അത്യഗാധമായ വേദനയായിരുന്നു. ഭാവി നിഷേധിക്കപ്പെട്ട ഒരു തലമുറയ്ക്ക് ‘പാറ്റ’ എന്നത് ഒരു ബഹുമതി മുദ്രയായി മാറി. തൊഴിലില്ലാത്തവരും, താല്ക്കാലിക ജോലികളിൽ കഠിനാധ്വാനം ചെയ്യുന്നവരും, തകർന്ന വ്യവസ്ഥിതികളാൽ വഞ്ചിക്കപ്പെട്ടവരുമായ നിരാശരായ വിരസത പൂണ്ട ‘ജെൻ സി’ (Gen Z), ‘മില്ലേനിയൽ’ തലമുറകളുടെ ശബ്ദമായി അത് മാറി. ഇതൊരു തമാശ എന്നതിലുപരി, ഭരണനിർവഹണം, വിദ്യാഭ്യാസം, സ്ഥാപനപരമായ അനുകമ്പ എന്നിവയിലെ ആഴത്തിലുള്ള ജീർണ്ണതയെ പ്രതിഫലിപ്പിക്കുന്ന, ഭരണാധികാരികൾക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ്.
“പാറ്റ” എന്ന ലേബൽ വെറുമൊരു കനിവില്ലാത്ത പരാമർശം മാത്രമല്ല; അത് മനുഷ്യത്വഹീനവും, ഉപരിവർഗ്ഗ ചിന്താഗതിയിൽ നിന്നുള്ളതും, യഥാർത്ഥ കാരണങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ന്യായമായ പരാതികളെ വെറും ശല്യമായി തള്ളിക്കളയുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ അഹങ്കാരത്തിന്റെ ലക്ഷണവുമാണ്.
തൊഴിലില്ലായ്മ ഒരു നിഴൽ പോലെ ഇന്ത്യയെ പിന്തുടരുന്നു. യുവാക്കൾ രാത്രികളിൽ ടാക്സികൾ ഓടിക്കുന്നു. കത്തുന്ന വെയിലിൽ ഭക്ഷണം വിതരണം ചെയ്യുന്നു. നിരാശയെ പോസ്റ്റുകളാക്കി മാറ്റി സോഷ്യൽ മീഡിയയിൽ അനന്തമായി സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവരും പുകഴ്ത്തിയ ജനസംഖ്യാപരമായ നേട്ടം (demographic dividend) ഇപ്പോൾ ഒരു ശാപമായി തോന്നുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ബിരുദം നേടി പുറത്തിറങ്ങുന്നത്. എന്നാൽ വിരലിലെണ്ണാവുന്നത്ര നല്ല ജോലികൾ മാത്രമാണ് ഉണ്ടാകുന്നത്. ബാക്കിയുള്ളവർ, യോഗ്യതയേക്കാൾ സ്വാധീനങ്ങൾക്ക് വിലയുള്ള ഒരു ക്രൂരമായ പോരാട്ടഭൂമിയിൽ പരസ്പരം മത്സരിക്കുന്നു.
അപ്പോഴാണ് ‘നീറ്റ്’ (NEET) വരുന്നത്. 2026-ലെ മെഡിക്കൽ പ്രവേശന പരീക്ഷ സാധാരണക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതീക്ഷ നൽകിയതായിരുന്നു. അവർ രാത്രി ഉറക്കമിളച്ച് പഠിച്ചു. ഉറക്കവും കുടുംബത്തോടൊപ്പമുള്ള സമയവും മറ്റെല്ലാ സന്തോഷങ്ങളും അവർ ത്യജിച്ചു. എന്നാൽ ചോദ്യപേപ്പർ ചോർച്ച ആ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി. രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബുകളിൽ ചോദ്യപേപ്പറുകൾ വിറ്റഴിക്കപ്പെട്ടതായി ആരോപണമുയർന്നു. പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഊഹക്കച്ചവട ചോദ്യപേപ്പറുകൾ പ്രചരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആദ്യം ഇത് നിഷേധിച്ചു, പിന്നീട് വൈകിപ്പിച്ചു, ഒടുവിൽ പരീക്ഷ റദ്ദാക്കി. അറസ്റ്റുകൾ ഉണ്ടായെങ്കിലും, അതിനോടകം തന്നെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരുന്നു. ചെറിയ പട്ടണങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇത് പരമ വഞ്ചനയായി അനുഭവപ്പെട്ടു. യോഗ്യത പട്ടാപ്പകൽ കൊലചെയ്യപ്പെട്ടു.
“പാറ്റ” എന്ന ലേബൽ വെറുമൊരു കനിവില്ലാത്ത പരാമർശം മാത്രമല്ല; അത് മനുഷ്യത്വഹീനവും, ഉപരിവർഗ്ഗ ചിന്താഗതിയിൽ നിന്നുള്ളതും, യഥാർത്ഥ കാരണങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ന്യായമായ പരാതികളെ വെറും ശല്യമായി തള്ളിക്കളയുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ അഹങ്കാരത്തിന്റെ ലക്ഷണവുമാണ്.
ന്യായാധിപന്മാർ മാന്യതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്. പൗരന്മാരെ - പ്രത്യേകിച്ച് വ്യവസ്ഥിതിയിലെ തൊഴിലില്ലായ്മയോട് മല്ലിടുന്ന യുവാക്കളെ - കീടങ്ങളോട് ഉപമിക്കുന്നത് എല്ലാ പരിധികളും ലംഘിക്കുന്നതാണ്. വ്യാജബിരുദധാരികളെ ലക്ഷ്യം വെച്ചാണ് ഈ പരാമർശങ്ങൾ നടത്തിയത് എന്ന തുടർന്നുള്ള വിശദീകരണം പോലും അർത്ഥശൂന്യമായിരുന്നു; കാരണം വരുത്തേണ്ട നാശം അതിനോടകം സംഭവിച്ചിരുന്നു. പരമോന്നത നീതിപീഠത്തിൽ നിന്ന് പുറത്തുവന്ന ആ ആദ്യത്തെ വാക്കുകൾ, ചോദ്യങ്ങൾ ചോദിക്കുന്ന യുവാക്കളെ രാഷ്ട്രീയ വ്യവസ്ഥിതിയെ നശിപ്പിക്കുന്ന കീടങ്ങളായാണ് ചിത്രീകരിച്ചത്.
ക്ഷേത്ര ഉദ്ഘാടനങ്ങൾക്കും സ്വത്വ രാഷ്ട്രീയ ശാക്തീകരണങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ടാകാം, എന്നാൽ അവ തൊഴിലവസരങ്ങൾക്കോ, സുതാര്യമായ പരീക്ഷകൾക്കോ, ജനങ്ങളോട് പ്രതികരണശേഷിയുള്ള ഭരണത്തിനോ പകരമാകില്ല.
ഈ വാചകക്കസർത്ത്, മാറ്റിനിർത്തലുകളെ ന്യായീകരിക്കാൻ ചരിത്രത്തിലുടനീളം ഉപയോഗിച്ചിട്ടുള്ള മനുഷ്യത്വരഹിതമായ തന്ത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. പാറ്റകൾ അതിജീവനശേഷിയുള്ളവയാണ്, വ്യവസ്ഥിതികൾ പരാജയപ്പെടുന്നിടത്താണ് അവ പലപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നത് - ഇന്ത്യയിലെ യുവാക്കൾക്ക് വൈരുദ്ധ്യാത്മകമായി സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ ഒരു രൂപകമാണിത്. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഇത് വരുമ്പോൾ, അത് ആശങ്കയല്ല, മറിച്ച് അവജ്ഞയാണ് സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ബിരുദധാരികൾ വിരലിലെണ്ണക്കാവുന്ന സർക്കാർ ജോലികൾക്കായി മത്സരിക്കുമ്പോൾ, “പരിഷ്കരണ” പ്രഖ്യാപനങ്ങൾക്കിടയിലും സ്വകാര്യ മേഖലയിലെ നിയമനങ്ങൾ മന്ദഗതിയിൽ തുടരുമ്പോൾ, ഇത്തരത്തിലുള്ള ഭാഷ ഉണങ്ങാത്ത മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്.
‘കോക്രോച്ച് ജനതാ പാർട്ടി’ വെറും മീമുകളിലും (memes) പരിഹാസ ഗാനങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. കോടിക്കണക്കിന് അനുയായികളോടെ, അത് ‘ജെൻ സി’ (Gen Z) തലമുറയുടെ കറുത്ത ഹാസ്യത്തെയും എ.ഐ നിർമ്മിത ദൃശ്യങ്ങളെയും അനിയന്ത്രിതമായ രോഷത്തെയും ഒരു സാംസ്കാരിക പ്രതിഭാസമാക്കി മാറ്റുന്നു. ഇതിൽ അംഗമാകാനുള്ള യോഗ്യത: തൊഴിലില്ലാത്തവരായിരിക്കണം, ഉപരിവർഗ്ഗത്തിന്റെ മാനദണ്ഡമനുസരിച്ച് മടിയന്മാരായിരിക്കണം, പ്രൊഫഷണലായി ഓൺലൈനിൽ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നവരു മായിരിക്കണം. ഇതിന്റെ ദ്രുതഗതിയിലുള്ള വളർച്ച സൂചിപ്പിക്കുന്നത് ചിലർ അവകാശപ്പെടുന്നത് പോലെ വിദേശ ഗൂഢാലോചനയല്ല, മറിച്ച് രാജ്യത്തിനകത്തുനിന്നു തന്നെയുണ്ടായ സ്വാഭാവികമായ അതൃപ്തിയാണ്. ലഭ്യമായ വിശകലനങ്ങൾ വ്യക്തമാക്കുന്നത് ഇതിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണ് എന്നാണ്.
ഇത് ജനാധിപത്യത്തിന്റെ പ്രതിരോധശേഷിയുടെ പ്രതിഫലനമാണ്. പരമ്പരാഗത രാഷ്ട്രീയപാർട്ടികൾ പ്രധാനപ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരാജയപ്പെടുമ്പോൾ, യുവാക്കൾ പ്രതിഷേധത്തിന്റെ പുതിയ ഭാഷകൾ കണ്ടെത്തുന്നു. തൊഴിൽ, വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത, സാമ്പത്തികനീതി എന്നിവ അവഗണിച്ചുകൊണ്ട്, മതം, ധ്രുവീകരണം എന്നിവയോടു കാണിക്കുന്ന ഭരണകൂടത്തിന്റെ അമിതാവേശത്തെയാണ് സി.ജെ.പി (CJP) പരിഹസിക്കുന്നത്. വിലക്കയറ്റം, നിശ്ചലമായ വേതനം, ഭരണഘടനാസ്ഥാപനങ്ങളുടെ തകർച്ച തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ “വികസന” വാദങ്ങൾ എങ്ങനെ തകർന്നടിയുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു.
നിരാശയുടെ ആഴം ഇതിലും വലുതാണ്. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ തങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് യുവാക്കൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിന് പകരം യോഗ്യതകൾ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത അവസ്ഥയും, എ.ഐ മൂലം തൊഴിൽ വിപണിയിലുണ്ടായ തകിടംമറിച്ചിലുകളും, ഫലങ്ങളേക്കാൾ പരസ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഭരണരീതിയുമാണ് അവർക്ക് നേരിടേണ്ടി വന്നത്. ജനങ്ങളെ ഉയർത്തിക്കൊണ്ടുവരേണ്ട വിദ്യാഭ്യാസവും, നൈപുണ്യ വികസനവും, തൊഴിൽ സംവിധാനങ്ങളും ദയനീയമായി പരാജയപ്പെട്ടു. നിഷ്പക്ഷ മധ്യസ്ഥനാകേണ്ട നീതിന്യായ വ്യവസ്ഥ കൂടി ഇതിലേക്ക് അധിക്ഷേപം കൂട്ടിചേർക്കുമ്പോൾ, അത് അകൽച്ചയുടെ ആക്കം കൂട്ടുന്നു.
ചീഫ് ജസ്റ്റിസ് അപലപിച്ച “വ്യവസ്ഥിതിക്കെതിരെയുള്ള ആക്രമണം” എന്നത് പലപ്പോഴും പൗരന്മാർ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളായ - അഭിപ്രായ സ്വാതന്ത്ര്യം, വിവരങ്ങൾ ലഭ്യമാക്കൽ, സമാധാനപരമായ പ്രതിഷേധം എന്നിവ വിനിയോഗിക്കുന്നതാണ്. അവരെ പരാദങ്ങളായി തള്ളിക്കളയുന്നത് യാഥാർത്ഥ്യത്തെ തലകീഴായി മറിക്കുന്നതിന് തുല്യമാണ്. സ്വയം പരിഷ്കരിക്കാനും, ഉൾക്കൊള്ളാനും, ഫലങ്ങൾ നൽകാനും സ്വയം വിസമ്മതിക്കുന്നു എന്നതാണ് വ്യവസ്ഥിതി നേരിടുന്ന യഥാർത്ഥ ഭീഷണി.
ഇന്ത്യക്ക് തങ്ങളുടെ യുവാക്കളെ അകറ്റിനിർത്താൻ കഴിയില്ല. ഈ തലമുറ വിദ്യാഭ്യാസമുള്ളവരും, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവരും, ഉയർന്ന ലക്ഷ്യബോധങ്ങളുള്ളവരുമാണ്. പ്രതികൂല സാഹചര്യങ്ങളിലും ജീവൻ നിലനിർത്താനുള്ള അവരുടെ ‘പാറ്റകളെ’ പോലുള്ള അതിജീവനശേഷി ആദരിക്കപ്പെടേണ്ടതാണ്, അല്ലാതെ പരിഹസിക്കപ്പെടേണ്ടതല്ല. സി.ജെ.പി പോലുള്ള പരിഹാസ രാഷ്ട്രീയ കൂട്ടായ്മകൾ മുന്നറിയിപ്പുകളാണ്, അല്ലാതെ ശത്രുക്കളല്ല. നിരോധനങ്ങളിലൂടെയോ അപവാദപ്രചാരണങ്ങളിലൂടെയോ അവരെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അവരെ കൂടുതൽ തീവ്രമായ നിലപാടുകളിലേക്ക് മാത്രമേ നയിക്കൂ.
ഭരണകൂടം മതത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്ര ഉദ്ഘാടനങ്ങൾക്കും സ്വത്വ രാഷ്ട്രീയ ശാക്തീകരണങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ടാകാം, എന്നാൽ അവ തൊഴിലവസരങ്ങൾക്കോ, സുതാര്യമായ പരീക്ഷകൾക്കോ, ജനങ്ങളോട് പ്രതികരണശേഷിയുള്ള ഭരണത്തിനോ പകരമാകില്ല. തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത, ആരോഗ്യ പരിരക്ഷയുടെ ലഭ്യത, യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലില്ലായ്മ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങൾക്ക് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അടിയന്തിര നടപടികൾ ആവശ്യമാണ്.
നീതിന്യായ വ്യവസ്ഥയും സ്വയംവിമർശനം നടത്തേണ്ടതുണ്ട്. കോടതികളുടെ വാക്കാലുള്ള പരാമർശങ്ങൾ ദേശീയ ചർച്ചകളെ സ്വാധീനിക്കുന്നു; നിയന്ത്രണവും സഹതാപവും ഭരണഘടനാ പദവികളുടെ പലഹീനതകളല്ല, മറിച്ച് ശക്തിയാണ്.
ഇന്ത്യയിലെ യുവാക്കൾ പാറ്റകളല്ല. അവർ നാളെയുടെ ചാലകശക്തികളാണ് - സ്വപ്നങ്ങൾ നിഷേധിക്കപ്പെട്ട സ്വപ്നജീവികൾ, ജോലി നിഷേധിക്കപ്പെട്ട തൊഴിലാളികൾ, മെച്ചപ്പെട്ട ജീവിതം ആവശ്യപ്പെടുന്ന പൗരന്മാർ. ‘കോക്രോച്ച് ജനത’ എന്ന രീതിയിലുള്ള അവരുടെ ഉയർച്ച ഒരു ശക്തമായ കാഹളമാണ്. ഇത് അവഗണിച്ചാൽ വലിയ വില നൽകേണ്ടിവരും. പരാജയങ്ങളെ നേരിട്ട് അഭിമുഖീകരിക്കുകയും, വിശ്വാസം വീണ്ടെടുക്കുകയും, യുവത്വത്തിന്റെ ഊർജ്ജത്തെ പ്രതിഷേധങ്ങൾക്ക് പകരമായി രാഷ്ട്രനിർമ്മാണത്തിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്ന സഹാനുഭൂതിയുള്ള നേതൃത്വത്തിലാണ് ഇനി മുന്നോട്ടുള്ള വഴി.
അങ്ങനെയെങ്കിൽ മാത്രമേ ഇന്ത്യക്ക് അതിന്റെ ജനസംഖ്യാപരമായ നേട്ടത്തിന്റെ ലക്ഷ്യസ്ഥാനത്ത് യഥാർത്ഥത്തിൽ എത്തിച്ചേരാൻ കഴിയൂ. മറിച്ചാണെങ്കിൽ, ഉപരിവർഗ്ഗത്തിന് ഇതുവരെ ഊഹിക്കാൻ പോലും കഴിയാത്ത രീതിയിൽ രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ പോന്ന, നിരാശരായ പൗരന്മാരുടെ ഒരു വലിയ കൂട്ടമാകും ഇവിടെ അവശേഷിക്കുക. തിരഞ്ഞെടുപ്പ് വ്യക്തമാണ്: ഒന്നുകിൽ ഈ വലിയ വിടവ് നികത്തുക, അല്ലെങ്കിൽ അത് അഗാധമായ ഒരു കയമായി മാറുന്നത് നോക്കിനിൽക്കുക.