തടയണ പണിയേണ്ട ആഘോഷസംസ്കാരം

തടയണ പണിയേണ്ട ആഘോഷസംസ്കാരം

അഡ്വ. ലിറ്റോ പാലത്തിങ്കല്‍,
ഇടപ്പള്ളി

പള്ളിപ്പെരുന്നാളും അമ്പലപ്പറമ്പും കൊച്ചുകുഞ്ഞുങ്ങള്‍ക്ക് എന്നും ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കാണ്. നിറമുള്ള ബലൂണുകളും പീപ്പിവിളികളും മധുരമിഠായികളും അവരുടെ കണ്ണിനെയും കാതിനെയും നാവിനെയും രസിപ്പിക്കും. ചിലപ്പോള്‍ മുതിര്‍ന്നവര്‍ക്കും ഇവ ഇപ്രകാരം തന്നെയാകാറുണ്ട്. അത് അതില്‍ത്തന്നെ തെറ്റാകുന്നില്ല. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള വഴിയിലെ അലങ്കാരങ്ങള്‍ മാത്രമാണെന്നു നമ്മള്‍ മറന്നു പോകരുത്. പഴയനിയമം ഏശയ്യ 1:12-14-ല്‍ ഇക്കാര്യത്തെക്കുറിച്ചു വിശദമായ ഓര്‍മ്മപ്പെടുത്തലുണ്ട്.

ഒരാള്‍ക്ക് ഉറക്കെ സംസാരിക്കാന്‍ അവകാശമുണ്ടെങ്കില്‍ അതു കേള്‍ക്കേണ്ടതില്ല എന്നു തീരുമാനിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമുണ്ടെന്നു ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. 2005 മുതല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ കോടതികള്‍ പുലര്‍ത്തുന്നുണ്ട്. സമാധാനമായി സ്വന്തം വീട്ടില്‍ കഴിയുന്ന ഒരാള്‍ക്ക് അയാളുടെ വീട്ടിലേക്കു പരിധിവിട്ടുള്ള ശബ്ദം എത്തരുത് എന്നു പറയാനുള്ള അവകാശമുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുവാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങളുടെ ആവാസരീതികളെയും തകര്‍ക്കുവാന്‍ ആര്‍ക്കും അവകാശമില്ല. "എക്സ്പ്ലോസീവ്സ് ആക്ടി"ല്‍ പറയുന്ന ലൈസന്‍സ് ആവശ്യമില്ലാത്ത ഇനങ്ങള്‍ മാത്രമേ പടക്കമായി ഉപയോഗിക്കുവാന്‍ അനുമതിയുള്ളൂ എന്നതു നിര്‍ബന്ധമായും നമ്മളെല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ലളിതമായ കരിമരുന്നുപ്രയോഗംകൊണ്ടു തൃപ്തിപ്പെട്ടു സ്വയം നിയന്ത്രിക്കുന്നതാണു നിയമപരമായ വഴി. നമ്മുടെ വെടിക്കെട്ടുകള്‍ നിയമപരമായല്ല പലപ്പോഴും നടക്കുന്നതെന്നു മുകളില്‍ പറഞ്ഞതില്‍നിന്നു വ്യക്തമാണല്ലോ.

ഇതുപോലെതന്നെയാണു പൊതുവഴിയിലൂടെയുള്ള പ്രദക്ഷിണങ്ങളും കുരിശിന്‍റെ വഴിയും നഗരി കാണിക്കലും. യേശു പറഞ്ഞതുപോലെ "മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍." രോഗിയായ മകനുമായി അത്യാവശ്യത്തിന് ആശുപത്രിയില്‍ പോകുമ്പോള്‍ വഴിയില്‍ ഒരു പെരുന്നാള്‍ പ്രദക്ഷിണം ഗതാഗത തടസ്സമുണ്ടാക്കുന്നതും വഴിതടഞ്ഞു പടക്കം പൊട്ടിക്കുന്നതും ഒരിക്കലും നമ്മള്‍ ഇഷ്ടപ്പെടില്ല; അംഗീകരിക്കില്ല. നമ്മള്‍ യേശുവിനെപ്പോലെ ചിന്തിക്കുന്നുവെങ്കില്‍ ഇപ്രകാരം മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നും നമ്മള്‍ ചെയ്യില്ല. ഒരു ചെറിയ വീടു പണിയാന്‍ വേണ്ട തുക ഒരു ഇടവകപെരുന്നാളിനു ചെലവാകുന്നുണ്ട്. അത്രയ്ക്കു തുക ചെലവഴിക്കേണ്ടതുണ്ടോ എന്നതാണു ചോദ്യം. എന്തും അധികമാകുമ്പോള്‍ അത് എതിര്‍സ്വഭാവം പ്രകടിപ്പിക്കും. എന്തിനെയും ആഘോഷമാക്കുക കച്ചവടമനോഭാവമാണ്. ദൈവചിന്തയെ വാണിജ്യവത്കരിക്കുന്നതിനെയാണ് യേശു എതിര്‍ത്തത്. ജെറുസലേം ദേവാലയം കല്ലും മണ്ണുമാണെന്നും അതൊരു പ്രതീകം മാത്രമാണെന്നും ആന്തരികമായി അതു പൊള്ളയായാല്‍, അതില്‍ കച്ചവടക്കാര്‍ കയ്യേറുമെന്നും യേശു വിവരിച്ചു തന്നു. ഇതാണു നമ്മളും പരിശോധിക്കേണ്ട കാര്യം. നമ്മുടെ ആഘോഷങ്ങള്‍ അനാചാരങ്ങളായി മാറ്റപ്പെടുന്നുണ്ടോ? ആരാണ് അവിടെ തീരുമാനമെടുക്കുന്നത്? അത് ആള്‍ക്കൂട്ടത്തിന്‍റെ ശബ്ദമാണോ? ദുര്‍ബലരായവരുടെ നിശ്ശബ്ദതയെ കച്ചവടതാത്പര്യങ്ങള്‍ കീഴടക്കുന്നുണ്ടോ? പാരീഷ് കൗണ്‍സിലിലും പള്ളിമുറ്റത്തും സ്ഥിരതാമസക്കാരായ ചിലരുടെ തീവ്ര നിലപാടുകളിലൂടെ സൃഷ്ടിക്കപ്പെട്ട ഭൂരിപക്ഷം ബാഡ്ജ് കുത്തി നിശ്ചയിക്കുന്ന കാര്യങ്ങള്‍ ആചാരങ്ങളും ആഘോഷങ്ങളുമായി പിന്നീടു മാറുന്നു എന്നതാണു സത്യം. ഇത്തരം കെട്ടുകാഴ്ചകളില്‍ അവിടെ കൂടുന്ന എല്ലാവരുടെയും കണ്ണും കാതും കുടുങ്ങിപ്പോകുന്നു. എതിര്‍സ്വരങ്ങളെ സഭാവിരുദ്ധമായി പ്രഖ്യാപിക്കുന്നു. ധൂര്‍ത്ത് ഒരുതരം അര്‍മാദിക്കലാണ്. അതിന് അതിര്‍വരുമ്പുകള്‍ നിര്‍ണയിക്കാന്‍ ആര്‍ക്കും കഴിയില്ല. ധൂര്‍ത്ത് പൂര്‍ണമായും ഒഴിവാക്കപ്പെടണം.

സാമ്പത്തികമായ അച്ചടക്കമില്ലായ്മ പാപകരമാണ്. താളവും മേളവും മുത്തുക്കുടയും വേണം. പക്ഷേ, അത് എത്രമാത്രം ലളിതമാക്കാമോ അതാണു യേശുവിന്‍റെ ഭാഷ. യേശു വിരുന്നുകളുടെ തമ്പുരാനാണ്. ആരെയാണു വിരുന്നിനു വിളിക്കേണ്ടത് എന്നും എങ്ങനെയാണു വിളിക്കപ്പെട്ടിടത്തു പെരുമാറേണ്ടത് എന്നും യേശു പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ആദ്യകുര്‍ബാന സ്വീകരണങ്ങളും മൃതസംസ്കാരശുശ്രൂഷകളും ഏതോ പാവപ്പെട്ടവന്‍റെ കാലിയായ ചെറുപാത്രങ്ങളെയാണ് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത് അധികമാണ്, പാപമാണ് എന്ന് ആരു വിളിച്ചു പറയും? യേശുവിന്‍റെ സംസ്കാരം എളിമയും വിനയവും അപരനെക്കുറിച്ചുള്ള ആകാംക്ഷയും ആണെങ്കില്‍ ഇത്രമാത്രം ബാന്‍ഡ് മേളങ്ങളും വെടിമരുന്നും നാം നമ്മുടെ മതസംസ്കൃതിയില്‍ കടന്നുവരാന്‍ അനുവദിക്കില്ല.

ഇത്തരം അനാവശ്യചെലവുകളില്‍ ഒരു രാഷ്ട്രീയമുണ്ട്. മേലാളന്മാരുടെ ഫ്യൂഡലിസ്റ്റ് രാഷ്ട്രീയം. എല്ലാം രാജകീയമാകുമ്പോള്‍ അത് അടിയാളന്മാരുടെ മനസ്സില്‍ ഭയം നിറഞ്ഞ അകല്‍ച്ച സൃഷ്ടിക്കും. നിയന്ത്രിക്കുന്നവന് അധികാരം നിലനിര്‍ത്താനാകും. നിശ്ശബ്ദതയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള പൂര്‍ണമായ കടന്നുകയറ്റമാണ് ഈ അമിതമായ ബാന്‍ഡ്ഘോഷങ്ങളും വെടിക്കെട്ടും. അത് ആത്മീയതയുടെ അടിസ്ഥാനസ്വഭാവമായ ശാന്തതയെയും സമാധാനാന്തരീക്ഷത്തെയും ക്രൂരമായി കൊലപ്പെടുത്തും. പിന്നീട് ആരാണ് അവിടെ വാണിജ്യതാത്പര്യങ്ങളെ തടസ്സപ്പെടുത്തുക? നമ്മുടെ രാജ്യത്തെ പ്രധാന ആത്മീയകേന്ദ്രങ്ങള്‍ പലതും തകര്‍ച്ചയിലേക്ക് പതിച്ചത് ഈ കച്ചവടവത്കരണത്തിലൂടെയാണ്. ഇന്ദ്രിയപ്രിയമായ ഇത്തരം കാഴ്ചഘോഷങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്ന പുതിയ തലമുറ നമ്മളെ ചോദ്യം ചെയ്യുമെന്നു കരുതണ്ട. അവര്‍ നിര്‍വികാരരായി താത്പര്യരഹിതരായി പതിയെ നമ്മളില്‍നിന്ന് അകന്നുപോകാനാണു സാദ്ധ്യത. അതാണു നമ്മളെ ആത്യന്തികമായ പരാജയത്തിലേക്കു തള്ളിവിടുക. എന്‍റെ ഇടവകയില്‍, എന്‍റെ വീട്ടില്‍ നടക്കുന്ന ഘോഷങ്ങള്‍ എത്രമാത്രം യേശുവിന്‍റെ ജീവിതശൈലിയുമായി ചേര്‍ന്നുപോകുന്നു എന്നു പരിശോധിക്കാന്‍ ഞാന്‍ തയ്യാറായാല്‍ സഭയില്‍ ലാളിത്യം തനിയെ ഉയിര്‍ത്തെഴുന്നേല്ക്കും.

മനുഷ്യ ഊര്‍ജ്ജം, പണം, സാമൂഹ്യ താത്പര്യങ്ങള്‍ എന്നിവയുടെ പ്രകടമായ വിനിയോഗം ഓരോ ആഘോഷങ്ങളിലുമുണ്ട്. അവ ഗുണപരമായി, നിയന്ത്രിതമായി ക്രമപ്പെടുത്തിയാല്‍ നല്ല രീതിയില്‍ ഫലങ്ങളുണ്ടാകും. പെരുന്നാളുകളും പ്രദക്ഷിണങ്ങളും വെടിക്കെട്ടും മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തിലും ആത്മീയവളര്‍ച്ചയിലും അനിവാര്യമായ ഘടകങ്ങളാണ്. ഇവ യേശുവിന്‍റെ മാതൃകാജീവിതത്തെ പിന്തുടര്‍ന്നു മുന്‍ഗണനകള്‍ നിശ്ചയിച്ച്, മനുഷ്യജീവിതത്തെ ബഹുമാനിച്ച്, പ്രകൃതിയുടെ സ്വഭാവങ്ങളെ ഹനിക്കാതെ, അവതരിപ്പിക്കാന്‍ നമുക്കാകണം. ഒഴുകിവരുന്ന വെള്ളത്തെ അണകെട്ടി കൃഷിക്കും ഊര്‍ജ്ജത്തിനും ഉപയോഗിക്കുന്നതുപോലെ, ജനങ്ങളുടെ താത്പര്യങ്ങളെയും മൂലധനത്തെയും മനുഷ്യസ്വഭാവങ്ങളെയും ദൈവത്തിനും മനുഷ്യനും ഒരുപോലെ സ്വീകാര്യമാകുന്ന തരത്തില്‍ പുനഃക്രമീകരിക്കാന്‍ നമുക്കു കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org