
ഫാ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ
അജ്യോര്‍ണമെന്തോ (Aggiornamento, Updating) അഥവാ അധുനാധനീകരണം എന്ന മുദ്രാവാക്യവുമായാണല്ലോ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പ്പാപ്പ രണ്ടാം വത്തിക്കാന്‍ സുനഹദോസ് വിളിച്ചുകൂട്ടിയത്. സുനഹദോസ് സമാപിച്ചിട്ട് 55 വര്‍ഷം തികയുമ്പോള്‍, സുനഹദോസിന്റെ ഈ ലക്ഷ്യം കേരള കത്തോലിക്കാസഭയില്‍ എത്രമാത്രം സാധ്യമായെന്നും, സാധ്യമായെങ്കിലും ഇല്ലെങ്കിലും അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്നും ഹ്രസ്വമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. സുനഹദോസിന്റെ സുവര്‍ണജൂബിലി വര്‍ഷം ആചരിച്ചയവസരത്തില്‍, കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) ആവശ്യപ്പെട്ടതനുസരിച്ച്, സുനഹദോസ് തീരുമാനങ്ങള്‍ കേരള സഭയില്‍ എത്രത്തോളം നടപ്പാക്കിയെന്നും, അതിന്റെ ഫലങ്ങള്‍ എത്രമാത്രം കാണാനുണ്ടെന്നും ഗവേഷണ പഠനം നടത്തി, ഒരു റിപ്പോര്‍ട്ട് പ്രസ്തുത സമിതിക്ക് ഈ ലേഖകന്‍ സമര്‍പ്പിച്ചിരുന്നു. അതിന്റ തുടര്‍ച്ചയെന്നോണമുള്ള ഒരു വിചിന്തനവും വിശകലനവുമാണ് ഈ ലേഖനം.
സമൂഹജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും പരിചയിച്ചു പ്രായോഗികമാക്കിയിട്ടുള്ള നടപ്പു രീതികള്‍ നിലനിറുത്തണമൊ അഥവാ അവയില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നവീകരിക്കണമോയെന്ന കാര്യത്തില്‍ വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ഭക്ഷണം, വസ്ത്രധാരണം, വിവാഹം, കുടുംബജീവിതം, തൊഴില്‍, മതാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ സമൂഹങ്ങളിലും തന്നെ വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും വ്യത്യാസങ്ങള്‍ മൂലം, വിവിധ ഗ്രൂപ്പുകളിലായി തര്‍ക്കങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട്, ഇന്നും ഉണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കുന്നതും വിവാദങ്ങളും സംഘര്‍ഷങ്ങള്‍ തന്നെയും സൃഷ്ടിക്കുന്നതും, ഒരുപക്ഷേ, മതാനുഷ്ഠാനങ്ങളിലെ മാറ്റങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴാണ്. മാറ്റങ്ങള്‍ക്കു കൂടുതല്‍ തുറവിയുള്ള പാശ്ചാത്യ സമൂഹങ്ങളില്‍ ഈ മേഖലയില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ താരതമ്യേന കുറവാണ്, വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ. എന്നാല്‍, ഭാരതത്തെപ്പോലെ കൂടുതല്‍ പാരമ്പര്യാധിഷ്ഠിതമായ സമൂഹങ്ങളില്‍ സംഘര്‍ഷങ്ങള്‍ വളരെ കൂടുതലും വേഗത്തിലുമാണ് സംഭവിക്കാറ്, മാറ്റങ്ങളാകട്ടെ വളരെ ചുരുക്കത്തിലും സാവകാശവുമാണ്.
ഭാരതസഭയില്‍
ഭാരതത്തിലെ മൂന്നു സ്വയംഭരണ കത്തോലിക്കാ സഭകളില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അധുനാധനീകരണം വിവിധ തലങ്ങളില്‍
നടന്നിട്ടുള്ളത് വ്യത്യസ്ത തോതുകളിലാണ്. ബൈബിള്‍പഠനവും ഉപയോഗവും, ലിറ്റര്‍ജിയിലെ മാതൃഭാഷയുടെ ഉപയോഗവും ജനപങ്കാളിത്തവും, രൂപതകളുടെയും ഇടവകകളുടെയും ഭരണസം വിധാനത്തിലെ നവീകരണങ്ങള്‍, തിരുസ്സഭയെക്കുറിച്ചുള്ള വീക്ഷണം, മറ്റു മതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട്, സ്വയംഭരണ സഭകളുടെ അവകാശങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും കൗണ്‍സിലിന്റെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഭാരതസഭ ഉള്‍ക്കൊള്ളുകയും ഒട്ടൊക്കെ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നാണു മുമ്പ് സൂചിപ്പിച്ച ഗവേഷണപഠനം കണ്ടെത്തിയത്.
എന്നാല്‍ മാറ്റത്തിനും നവീകരണത്തിനും ഏറ്റവും മടിച്ചുനില്‍ക്കുന്ന മേഖലകള്‍ ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ലിറ്റര്‍ജി എന്നിവയാണ്. ഈ മേഖലകളിലും കൗണ്‍സിലിനു തൊട്ടുപിന്നാലെ നവീകരണത്തിനും അനുരൂ പണത്തിനും വേണ്ടിയുള്ള ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഭാരതീയ തത്ത്വചിന്തകളുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ച ഭാരതീയമായ ക്രൈസ്തവദൈവശാസ്ത്രം, നമ്മുടെ സംസ്‌കാരത്തില്‍ വിശ്വാസം പ്രഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഭാരതീയ ലിറ്റര്‍ജി, യേശുവിന്റെ ജീവിതമാതൃകയും പ്രബോധനങ്ങളും ആര്‍ഷഭാരതത്തിന്റെ ആത്മാവിനെ സ്പര്‍ശിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഉരുത്തിരിയുന്ന ഭാരതീയമായ ക്രൈസ്തവ ആത്മീയത എന്നിവയില്‍ ചില പരീക്ഷണങ്ങള്‍ ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും നടന്നിരുന്നു. വത്തിക്കാന്‍ കൗണ്‍സിലിനു തൊട്ടു പിന്നാലെ ഭാരത സഭയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ സെമിനാര്‍ പ്രസ്തുത പരീക്ഷണങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്നു. ഭാരതത്തിലെ പരീക്ഷണങ്ങള്‍ക്കു സമാനമായും സമാന്തരമായും മറ്റു രാജ്യ ങ്ങളിലും സമൂഹങ്ങളിലും മേല്പറഞ്ഞ മേഖലകളില്‍ ചില പരീക്ഷണശ്രമങ്ങള്‍ കാണാനിടയായി. അങ്ങനെയാണല്ലോ ലാറ്റിന്‍ അമേരിക്കയില്‍ വിമോചന ദൈവശാസ്ത്രവും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാംസ്‌കാരികാനുരൂപണത്തോടെ നടപ്പാക്കിയ ആരാധനാ രീതികളും മറ്റും ഉണ്ടാകാന്‍ ഇടയായത്. പക്ഷേ, അധികം താമസിയാതെ ഈ മേഖലകളിലെല്ലാം തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. പുരോഗമന ചിന്തകരെയും പരീക്ഷണങ്ങളെയും എതിര്‍ക്കുകയും മാറ്റങ്ങള്‍ക്കു തടസ്സം നില്‍ക്കുകയും, പരമ്പരാഗത രീതികള്‍ തുടരണമെന്നു ശക്തിയായി വാദിക്കുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ഒരു വിഭാഗം ഉയര്‍ന്നു വരാന്‍ തുടങ്ങി. അതോടെ, പ്രസ്തുത മേഖലകളിലെല്ലാം നവീകരണശ്രമങ്ങള്‍ സ്തംഭിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത്, മുകളില്‍ സൂചിപ്പിച്ചവയ്‌ക്കെല്ലാം പെട്ടെന്ന് വിരാമമിടുകയും, ആ വഴിക്കുള്ള തുടര്‍ ശ്രമങ്ങള്‍ നിന്നുപോകുകയും ചെയ്തു. വിമോചന ദൈവശാസ്ത്രം മിക്കവാറും നിരോധിക്കപ്പെട്ടു, ഭാരതീയ ദൈവശാസ്ത്ര ശ്രമങ്ങള്‍ക്കു മങ്ങലേറ്റു, സാംസ്‌കാരികാനുരൂപണത്തോടുകൂടിയ ആരാധനാപരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കപ്പെട്ടു, ഭാരതീയമായ ആദ്ധ്യാത്മികത പരിപോഷിപ്പിച്ച ക്രൈസ്തവ സന്യാസാശ്രമങ്ങളെപ്പറ്റി കേള്‍ക്കാതായി. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് എന്നാണ് താഴെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.
മാറ്റങ്ങള്‍ പിന്നോട്ട്?
ഇങ്ങനെ കത്തോലിക്കാ സഭയില്‍ മാത്രമല്ല, എല്ലാ പ്രധാന മതങ്ങളിലും ആഗോളതലത്തില്‍ തന്നെ പാരമ്പര്യത്തിലേക്കും യാ ഥാസ്ഥിതിക രീതികളിലേക്കും മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പ്രവണത കണ്ടുതുടങ്ങിയതും ഇക്കാലത്താണ്. മാത്രമല്ല, മതങ്ങള്‍ക്കു പുറമെ, രാഷ്ട്രീയ മേഖലയിലും പല രാജ്യങ്ങളിലും അതുവരെ കുറെയൊക്കെ നിലനിന്നിരുന്ന ഉത്പ തിഷ്ണവും പുരോഗമനാത്മകവുമായ ഇടതുപക്ഷ ചിന്താഗതിക്കു പകരം, വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു സ്വീകാര്യത കൂടാന്‍ തുടങ്ങി. സാമ്പത്തികമേഖലയില്‍ അതുവരെ വ്യാപിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്തിരുന്ന സോഷ്യലിസ്റ്റു ചിന്തകള്‍ക്കു പകരം ക്യാപ്പിറ്റലിസ്റ്റു ആശയങ്ങള്‍ക്കു വീണ്ടും സ്വീകാര്യത ലഭിച്ചു തുടങ്ങി. ഈ മാറ്റങ്ങളെ സാധൂകരിക്കുന്ന വിധത്തില്‍ ഇടതുപക്ഷത്തിന്റെയും സോഷ്യലിസ്റ്റു ചിന്തയുടെയും പതാകവാഹിയായിരുന്ന സോവിയറ്റു യൂണിയന്‍ ഛിന്ന ഭിന്നമായി. ചൈന സാമ്പത്തിക മേഖലയില്‍ കമ്മ്യൂണിസം മിക്കവാറും ഉപേക്ഷിച്ച മട്ടായി. ചുരുക്കത്തില്‍, പുരോഗമനം, മുന്നോട്ടുള്ള പ്രയാണം, മുതലായവയ്ക്കു അന്നുവരെ കൂടുതല്‍ താത്പര്യം കാണിച്ചിരുന്ന ആത്മിയ, ഭൗതിക സമൂഹങ്ങള്‍ അതിനുപകരം തങ്ങളുടെ പാരമ്പര്യങ്ങളില്‍ കൂടുതല്‍ ഊറ്റം കൊള്ളാനും അവയെ മുറുകെ പിടിക്കാനും, നിലനിര്‍ത്താനും താത്പര്യം കാണിക്കാന്‍ തുടങ്ങി.
ഇത് ഒരു ആഗോള പ്രതിഭാസമായിരുന്നെങ്കിലും, പണ്ടേ മാറ്റങ്ങള്‍ക്കു മടി കാണിച്ചിരുന്ന ഭാരതസമൂഹത്തിലാണ് ഇതു കൂടുതല്‍ പ്രകടമായത്. ഭാരതത്തിലും, പ്രത്യേകിച്ച് കേരളത്തിലും, ഇതിത്ര ശക്തമാകാന്‍ കാരണമെന്തെന്ന് അന്വേഷിക്കാനാണ് താഴെ ശ്രമിക്കുന്നത്. ഇവയെല്ലാം ഒരു വലിയ ക്യാന്‍വാസില്‍ വരയ്ക്കുകയും നിറഭേദങ്ങള്‍ക്കു കാരണങ്ങള്‍ പരിശോധിക്കുകയും ചെയ്യാവുന്നതാണ്. എങ്കിലും, ഈ ചെറു ലേഖനത്തില്‍ പ്രസ്തുത സ്തംഭനത്തിന്റെയും പുറകോട്ടു പോക്കിന്റെയും ആഗോള തലത്തിലുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നില്ല, അത്രയ്ക്ക് സ്ഥലവുമില്ല. ഇവിടേക്കു വരട്ടെ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ആഗോളതലത്തിലെ കാരണങ്ങള്‍ ഇന്നാട്ടിലും പ്രബലവും പ്രസക്തവും ആണെങ്കിലും, ഈ നാട്ടിലെ പ്രത്യേകമായ കാരണങ്ങളാണ് പുറകെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.
കേരളം ഈ മാറ്റങ്ങളുടെ കാര്യത്തില്‍ ഒരു വിരോധാഭാസം തന്നെയാണെന്നു വേണമെങ്കില്‍ പറയാം. വിദ്യാഭ്യാസം, സാമ്പത്തികസംവിധാനങ്ങള്‍, രാഷ്ട്രീയം, തൊഴില്‍ മേഖല, സാമൂഹ്യ പരിഷ്‌ക്കരണങ്ങള്‍ മുതലായ കാര്യങ്ങളില്‍ ഇന്നും പുരോഗമന ശൈലി കാണിക്കുന്ന കേരളം മതപരമായ കാര്യങ്ങളില്‍ നേരെ വിപരീത ദിശയില്‍ നീങ്ങാന്‍ തുടങ്ങുന്നതാണ് ഇക്കാലത്തു നാം കാണുന്നത്. ഇവിടുത്തെ പ്രധാനപ്പെട്ട മൂന്നു മതസമൂഹങ്ങളിലും ഇതു വളരെ പ്രകടമാണ്. മുസ്ലീം, ഹിന്ദു സമൂഹങ്ങളിലെ പിന്‍വാങ്ങല്‍ പ്രവണതകള്‍ ക്രൈസ്തവസമൂഹത്തിലെ സമാന പ്രവണതയുടെ പുറകിലുള്ള കാരണങ്ങള്‍ കൊണ്ടുതന്നെയാണു സംഭവിച്ചതെന്നാണ് ഈ ലേഖകന്‍ കരുതുന്നത്. അതുകൊണ്ട്, ഒരു കേസ് സ്റ്റഡി (Case Study) എന്ന പോലെ ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം ക്രൈസ്തവസമൂഹം മാത്രമായി ചുരുക്കുകയാണ്.
എന്തുകൊണ്ട് പിന്നോട്ട്?
ലിറ്റര്‍ജിയുടെ നവീകരണത്തെക്കുറിച്ചും സാംസ്‌കാരികാനുരൂപണത്തെക്കുറിച്ചും ഏറ്റവും കൂടുതല്‍ വാദപ്രതിവാദങ്ങളും വി വാദങ്ങളും ഉള്ളത് സീറോ-മലബാര്‍ സഭയിലാണല്ലോ. ലത്തീന്‍ സഭയില്‍ കാലാകാലങ്ങളില്‍ ന വീകരണങ്ങളും അനുരൂപണങ്ങളും ആഗോളതലത്തില്‍തന്നെ നടക്കുന്നതുകൊണ്ടും, ഭാരതത്തില്‍ അതിന് ഒട്ടൊക്കെ പ്രോത്സാഹനം കിട്ടുന്നതുകൊണ്ടും, കാര്യമായ വാദപ്രതിവാദങ്ങള്‍ കണ്ടിട്ടില്ല. മലങ്കരസഭയിലാകട്ടെ, നവീകരണത്തിനോ അനുരൂപണത്തിനോ ബഹുഭൂരിപക്ഷത്തിനും താത്പര്യമില്ലാത്തതുകൊണ്ട്, ചെറിയൊരു ന്യൂനപക്ഷം മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഗൗരവമായ ഒരു ചര്‍ച്ചയിലേക്കുപോലും നയിക്കാനുള്ള പ്രാപ്തി അവര്‍ക്കില്ല. അങ്ങനെ നോക്കുമ്പോള്‍, പാരമ്പര്യവും പുരോഗമനവും തമ്മില്‍ ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകുന്നതു സീറോ-മലബാര്‍ സഭയിലാണ്. ആ പ്രക്രിയയുടെ കാരണങ്ങള്‍, അതായത് ലിറ്റര്‍ജിയുടെയല്ല, സംവാദപ്രക്രിയയുടെ കാരണങ്ങള്‍, ചെറിയൊരു പഠന വിഷയമാക്കുകയാണിവിടെ.
മനുഷ്യസമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാം, നവീകരണങ്ങളും പുരോഗമനപരമായ മാറ്റങ്ങളും ഉണ്ടായിട്ടുള്ളത് എപ്പോഴും സര്‍ഗാത്മകതയില്‍നിന്ന് അഥവാ ക്രിയാത്മകതയില്‍ നിന്നാണ്. ദൈവമാണ് എല്ലാ ക്രിയാത്മകതയുടെയും സ്രോതസ്സ്. അവിടുന്ന് മാത്രമാണല്ലോ എല്ലാത്തിന്റെയും സ്രഷ്ടാവ്. എന്നാല്‍ ആ ദൈവം സൃഷ്ടിജാലങ്ങളില്‍ മനുഷ്യനുമാത്രം തന്റെ ക്രിയാത്മകതയുടെ ഒരു സ്ഫുലിംഗം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ ഭൂമുഖത്ത് ഉണ്ടായകാലം മുതല്‍ ഈ ലോകത്തെ പുനഃസൃഷ്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ആ പ്രക്രിയയുടെ വേഗം ആധുനികകാലത്ത് വളരെയധികം കൂടിയിട്ടുണ്ടുതാനും. മനുഷ്യരില്‍ത്തന്നെ സര്‍ഗാത്മകത കൂടുതലുള്ള വ്യക്തികള്‍ നവീകരണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. സമൂഹ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം അസാധാരണ അളവില്‍ സര്‍ഗാത്മകതയുള്ള വ്യക്തികളെ എല്ലാ കാലത്തും ചരിത്രം കണ്ടിട്ടുണ്ട്. രാഷ്ട്രീയം, സാമ്പത്തികം, മതപരം, സാമൂഹികം, ശാസ്ത്രീയം എന്നിങ്ങനെ മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളിലും സര്‍ഗാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും സമൂഹത്തെ മുന്നോട്ടു നയിക്കുകയും ചെയ്തിട്ടുള്ള അനേകം വ്യക്തികള്‍ മനുഷ്യചരിത്രത്തിലുണ്ടായിട്ടുണ്ട്. മതസ്ഥാപകരെല്ലാവരും തന്നെ ആത്മീയതലത്തില്‍ നൂതനമായി ചിന്തിച്ചവരും മനുഷ്യരുടെ ആധ്യാത്മിക ജീവിതത്തില്‍ വ്യാപകവും സുദീര്‍ഘവുമായ സ്വാധീനങ്ങള്‍ ഉണ്ടാക്കിയവരുമാണ്.
മതങ്ങളുടെ ആരംഭദിശയില്‍ മുകളില്‍ സൂചിപ്പിച്ച സ്ഥാപകര്‍ തുടക്കമിടുന്ന മാറ്റങ്ങളും നൂതന രീതികളും സ്വീകരിക്കുന്ന കുറച്ചു പേര്‍ ആ സര്‍ഗാത്മക നേതൃത്വത്തെ അംഗീകരിക്കുകയും ആ വ്യക്തി നടപ്പാക്കിയ രീതിയില്‍ ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നൂതനമായി ചിന്തിക്കുന്ന വ്യക്തിയെ ആദ്യകാലങ്ങളില്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍തന്നെ പലപ്പോഴും കുറെയൊക്കെ ക്രിയാത്മകമായി ചിന്തിക്കാനും മാറ്റങ്ങള്‍ സ്വീകരിക്കാനും നടപ്പാക്കാനും കഴിവും താത്പര്യവുമുള്ളവരാകാം. അല്ലെങ്കില്‍, അവര്‍ ആ വ്യക്തിയില്‍ ആകൃഷ്ടരാകുകയില്ലായിരുന്നല്ലോ. എന്നാല്‍ ഒരു വ്യക്തിയുടെ കരിസ്മയില്‍ ആരംഭിച്ചതും തുടര്‍ന്നുള്ള പിന്‍ഗാമികള്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രായോഗിക രൂപം നല്‍കിയതുമായ ജീവിതശൈലി സാവകാശം ഒരു പെരുമാറ്റരീതി അഥവാ നടപ്പുരീതി ആയിത്തീരുന്നു. നേതൃത്വം നല്‍കുന്ന കരിസ്മാറ്റിക് വ്യക്തി മണ്‍മറഞ്ഞാലും പിന്‍ഗാമികള്‍ ആ രീതികള്‍ തുടരുന്നു. മറ്റൊരു കരിസ്മാറ്റിക് വ്യക്തി ഉയര്‍ന്നു വരുകയും വീണ്ടുമൊരു നവീകരണം നടപ്പാക്കുകയും ചെയ്യുന്നതു വരെ പ്രസ്തുത രീതികള്‍ അങ്ങനെ തുടരുന്നു. കുറെക്കാലം അങ്ങനെ തുടരുന്ന രീതികള്‍ ഒരു തലമുറയില്‍നിന്ന് അടുത്ത തല മുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ കൈമാറ്റപ്പെടുന്നത് എന്ന അര്‍ത്ഥമുള്ള ട്രഡീഷന്‍ (Tradition) അഥവാ പാരമ്പര്യം എന്ന് അതിനെ വിളിക്കാന്‍ തുടങ്ങുന്നു.
പാരമ്പര്യ മനോഭാവം
പാരമ്പര്യത്തിന് രണ്ടു വശങ്ങളുണ്ട്. കൈമാറ്റപ്പെടുന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വസ്തുക്കള്‍ മുതലായവയാണ് വസ്തുനിഷ്ഠമായ അര്‍ത്ഥത്തിലുള്ള പാരമ്പര്യങ്ങള്‍ (Traditions in the Objective Sense). എന്നാല്‍, ആത്മനിഷ്ഠമായ അര്‍ത്ഥത്തില്‍ (Tradition in the Subjective Sense) പാരമ്പര്യം ഒരു മനോഭാവമാണ്. കേരളസഭയിലെ അ ജ്യോര്‍ണമെന്തോയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഈ വശത്തിനാണ് കൂടുതല്‍ പ്രാധാന്യം. അതുകൊണ്ട് അത് അല്പം കൂടി വിശദമാക്കാന്‍ ശ്രമിക്കാം.
മനുഷ്യസമൂഹങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യര്‍ തമ്മില്‍ സ്ഥായിയായ ബന്ധങ്ങള്‍ നിലവില്‍ വരുമ്പോഴാണല്ലോ. ഈ ബന്ധങ്ങള്‍ ഉണ്ടാകുന്നതും വളരുന്നതും മനുഷ്യര്‍ പരസ്പരാഭിമുഖ്യത്തോടു കൂടി പ്രവര്‍ത്തിക്കുമ്പോഴാണ് (Social Action). മനുഷ്യരുടെ ഇത്തരം പ്രവൃത്തികളുടെ അര്‍ത്ഥം അഥവാ ഉദ്ദേശ്യം കൃത്യമായും തീര്‍ച്ചയായും മനസ്സിലാക്കുമ്പോഴാണ്, ഈ പ്രവൃത്തികളുടെ ഫലമായി ഉണ്ടാകുന്ന ബന്ധങ്ങളെയും തത് ഫലമായി നിലവില്‍ വരുന്ന സമൂഹങ്ങളുടെ സ്വഭാവത്തെയും നമുക്കു കൃത്യമായി അറിയാന്‍ പറ്റുക. മനുഷ്യപ്രവൃത്തികളുടെ അര്‍ത്ഥം അഥവാ ഉദ്ദേശ്യം ഏറ്റവും കൃത്യമായി അറിയാന്‍ കഴിയുന്നത് പ്രസ്തുത പ്രവൃത്തികള്‍ യുക്തിനിഷ്ഠമാകുമ്പോഴാണ് (Rational Action). യുക്തിനിഷ്ഠമായ പ്രവൃത്തിയെന്നു പറയുന്നത് ഒരു പ്രവൃത്തിയുടെ ലക്ഷ്യവും ആ ലക്ഷ്യം നേടാനുള്ള മാര്‍ഗങ്ങളും തമ്മില്‍ യുക്തിപരമായി അഥവാ തെളിയിക്കാവുന്ന രീതിയില്‍ ബന്ധമുണ്ടാകുമ്പോഴാണ് (Verifiable Relationship). ഇത്തരം പ്രവൃത്തികളെയും, അവയില്‍നിന്നുരുത്തിരിയുന്ന ബന്ധങ്ങളെയും, ആ ബന്ധങ്ങളുടെ ഫലമായി ഉയര്‍ന്നുവരുന്ന സമൂഹങ്ങളെയും, നമുക്ക് ഏറ്റവും വ്യക്തമായും തീര്‍ച്ചയായും മനസ്സിലാക്കാന്‍ സാധിക്കുന്നു. കാരണം, യുക്തിയെന്നു പറയുന്നത് മനുഷ്യ ബുദ്ധിക്ക് ഏറ്റവും ഗ്രാഹ്യമായ പ്രക്രിയയാണ്. ആധുനിക കാലത്തെ രാഷ്ട്രങ്ങള്‍, സമ്പദ്ഘടനകള്‍, സംഘടനകള്‍ മുതലായവ ഇങ്ങനെ ഉരുവാകുന്നതാണ്. അതുകൊണ്ട്, അവ യുക്തിബദ്ധവും നൈയാമികവും ആയ സമൂഹങ്ങളായി കരുതപ്പെടുന്നു. ഇംഗ്‌ളീഷില്‍ അവയെ റാഷനല്‍ ലീഗല്‍ സൊസൈറ്റി (Rational-legal Society) അഥവാ ബ്യൂറോക്രാറ്റിക് സൊസൈറ്റി (Bureaucratic Society) എന്നാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
എന്നാല്‍, വേറൊരുതരം സമൂഹങ്ങളുണ്ട്. വികാരബദ്ധമായ പ്ര വൃത്തികളില്‍നിന്നും, തത്ഫലമായി വൈകാരികതയുടെ ബലത്തില്‍ വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളില്‍നിന്നും, ഉരുത്തിരിയുന്ന സമൂഹങ്ങള്‍ ആണവ. ബുദ്ധിയുടെയും യുക്തിയുടെയും ബലത്തേക്കാള്‍ വൈകാരികതയുടെ ഉറപ്പാണ് ഇവയ്ക്കുള്ളത്. കരിസ്മ അഥവാ സര്‍ഗാത്മകത ഉള്ള ഒരു വ്യക്തിയില്‍ ആകൃഷ്ടരായി ആളുകള്‍ ഒരുമിച്ചുകൂടി ആ വ്യക്തിയുടെ കീഴില്‍ ഒരു ശിഷ്യസമൂഹമോ ഭക്തസമൂഹമോ രൂപപ്പെടുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. അതുപോലെതന്നെ, പരമ്പരാഗതമായി ഒരേതരത്തിലുള്ള പെരുമാറ്റ രീതി അഥവാ നടപ്പുരീതി കൊണ്ട് ഒരുമ തോന്നിക്കുന്ന ബന്ധങ്ങളും അവയില്‍നിന്നുരുത്തിരിയുന്ന സമൂഹങ്ങളും വൈകാരികതയുടെ ശക്തിയില്‍ ഉറപ്പിക്ക പ്പെടുന്നതാണ്. ഈ രണ്ടു തരം ബന്ധങ്ങളെയും (കരിസ്മയുടെ ശക്തിയിലുറപ്പിക്കപ്പെട്ടതും പാരമ്പര്യത്തിന്റെ ബലത്തില്‍ നില്‍ക്കുന്നതും) ഇംഗ്ലീഷില്‍ അഫെക്റ്റീവ് റിലേഷന്‍സ് (Affective Relations) എന്നാണു വിളിക്കുന്നത്. അവയില്‍ നിന്നുണ്ടാകുന്ന സമൂഹങ്ങളെ യഥാക്രമം കരിസ്മാറ്റിക് സമൂഹങ്ങള്‍ (Charismatic Community) എന്നും ട്രഡീഷനല്‍ അഥവാ പാരമ്പര്യാധിഷ്ഠിത സമൂഹങ്ങളെന്നും (Traditional Community) വിളിക്കുന്നു.
ഇവയുടെ രണ്ടിന്റെയും ആധാരം, മേല്‍ സൂചിപ്പിച്ചതുപോലെ, പ്രധാനമായും വൈകാരികതയാണ്, യുക്തിപരതയല്ല. എന്തുകൊണ്ട് ഇങ്ങനെ അല്ലെങ്കില്‍ അങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്നു, ബന്ധങ്ങള്‍ ഉണ്ടാക്കുന്നു, സമൂഹഘടന നിര്‍മ്മിക്കുന്നു എന്നൊക്കെ ചോദിച്ചാല്‍ യുക്തിപരമായ ഉത്തരങ്ങളെക്കാള്‍, നമുക്കു ലഭിക്കുന്ന വികാരബദ്ധമായ മറുപടികള്‍ ഏതാണ്ടിങ്ങനെ ആയിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള രീതിയാണ്; ഇങ്ങനെയായിരുന്നു ഓര്‍മ്മ വച്ചകാലം മുതല്‍; വിശുദ്ധരായ പിതാക്കന്മാരില്‍ നിന്നും പൂര്‍വ്വികരില്‍നിന്നും ലഭിച്ചിരിക്കുന്ന ഇവ വിശുദ്ധമാണ് എന്നിങ്ങനെ. ഇത്തരം മനോഭാവത്തെ പഴമയുടെ പരിശുദ്ധി (Holiness of Antiquity)യോടുള്ള ആദരമെന്നും, പ്രസ്തുത ന്യായീകരണത്തെ ലത്തീനില്‍ Argumentum ad Antiquitatem എന്നും പറയും. ഞങ്ങള്‍ എന്നും ഇങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്, അതുകൊണ്ട് അതു ശരിയാണ് എന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ഇത്തരം ന്യായീകരണത്തില്‍ ഒട്ടുംതന്നെ യുക്തിയില്ല, അതു നിലനില്‍ക്കുന്നതു പൂര്‍ണമായും പഴമയോടുള്ള വൈകാരിക പ്രതിബദ്ധതയിലാണ്. പൗരാണികത മനുഷ്യമനസ്സിന്റെ വൈകാരികതലത്തെ ആകര്‍ഷിക്കുന്ന ഒന്നാണ്. ആകര്‍ഷിക്കുക മാത്രമല്ല, പലപ്പോഴും മതിപ്പുള വാക്കുകയും ചെയ്യുന്നു. പുരാതനമെങ്കില്‍ കൂടുതല്‍ വിശുദ്ധമാണെന്നു തോന്നും. അതുകൊണ്ട്, ക്രമേണ പഴമയില്‍ ഊറ്റം കൊള്ളാന്‍ ശ്രമം തുടുങ്ങും, പ്രത്യേകിച്ച് മതപരമായ തലങ്ങളില്‍ വ്യാപരിക്കുന്നവര്‍. അതുകൊണ്ടാണല്ലോ ഭാരതത്തിലെ സുറിയാനി സഭകള്‍ മാത്രമല്ല, കുടുംബങ്ങള്‍ പോലും തങ്ങളുടെ പൗരാണികത തോമാശ്ലീഹാ വരെ പുറകോട്ടു നീട്ടുന്നത്. ആധുനികതയില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ മനുഷ്യര്‍ അതില്‍ നിന്നൊരിക്കലും പുറകോട്ടു പോകാതെതന്നെ, മുന്‍ കാലങ്ങളിലെ ആളുകളെക്കാള്‍ കുടുതലായി, തങ്ങളുടെ ഭാവനയില്‍ കൂടി പഴമയെയും പുരാതനത്വത്തെയും ആരാധിക്കുകയും, ഒരുതരം ഗൃഹാതുരത്വത്തിന്റെ സാമൂഹ്യാനുഭവം ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നാണ് പ്രസിദ്ധ സാമൂഹ്യശാസ്ത്രകാരനായ എഡ്വേര്‍ഡ് ഷില്‍സ് ആധുനിക സമൂഹങ്ങളെപ്പറ്റി അഭിപ്രായപ്പെടുന്നത്. ഇത്തരം സമൂഹങ്ങളിലുള്ളവര്‍ അനുദിനജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികതയുടെ ഗുണങ്ങള്‍ അനുഭവിച്ചു ജീവിക്കുകയും, അതേസമയം ഈ അനുദിന ജീവിതവുമായി വലിയ ബന്ധമില്ലാത്ത മതാനുഷ്ഠാനുങ്ങളിലും വല്ലപ്പോഴും മാത്രമുള്ള കുടുംബ ചടങ്ങുകളിലും മാത്രമായി പാരമ്പര്യത്തെ ഒതുക്കിനിര്‍ത്തുകയും ചെയ്യുന്നു.
വൈകാരികപ്രതിബദ്ധതയും വികാരപരമായ ന്യായീകരണവും തന്നില്‍ത്തന്നെ യുക്തിപരതയേക്കാള്‍ താഴ്ന്നതാണെന്ന് ഇതിനര്‍ത്ഥമില്ല. കുടുംബജീവിതത്തിലും മതാത്മകജീവിതത്തിലും വികാര ബദ്ധമായ പെരുമാറ്റങ്ങള്‍ ധാരാളമായി കാണാം. മനുഷ്യജീവിതത്തിന് ഇവ ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാണ്. പ്രശ്‌നം വൈകാരികത ഉപയോഗിച്ചുള്ള ന്യായീകരണത്തിലല്ല; സാഹചര്യങ്ങള്‍ മാറുകയും പുതിയ പെരുമാറ്റരീതികള്‍ ജീവിതം സുഗമവും ഫലപ്രദവുമാക്കാന്‍ ആവശ്യമാണെന്നു സു ചിന്തിതമായ നിഗമനങ്ങളിലെത്തുകയും ചെയ്തിട്ടും, പാരമ്പര്യത്തോടുള്ള അഭിനിവേശവും അടുപ്പവും മൂലം, പുറംതിരിഞ്ഞു നിന്നുകൊണ്ട് മാറ്റത്തിനു കൂട്ടാക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പാരമ്പര്യമനോഭാവം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു തടസ്സമാകുന്നതും സമൂഹത്തെ അനങ്ങാപ്പാറ പോലെ ഉറപ്പിച്ചുകളയുന്നതും.
നിക്ഷിപ്ത താത്പര്യങ്ങള്‍
മറ്റൊരു പ്രശ്‌നം കൂടി ഈ വികാരപരതയില്‍ ഉണ്ടാകാം. മേല്പ്പറഞ്ഞ തരം വൈകാരികത ഒട്ടു മിക്കപ്പോഴും പഴമയോടുള്ള നിഷ്‌ക്കളങ്കമായ സ്‌നേഹത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാകണമെന്നില്ല, ഉത്ഭവിക്കുന്നതല്ല. സമൂഹനേതാക്കന്മാരുടെയോ സമൂഹത്തിലെ പ്രബലഗ്രൂപ്പുകളുടെയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഇത്തരം വൈകാരികത ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും കാരണമാകാറുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍, രാജഭരണത്തെക്കാള്‍ യുക്തിസഹം മനുഷ്യരുടെ തുല്യത അംഗീകരിക്കുന്ന ജനാധിപത്യ ഭരണക്രമമാണെന്ന് അറിയാമായിരുന്നെങ്കിലും, ഈ ഭരണക്രമം നിലവില്‍ വന്നാല്‍ തങ്ങള്‍ക്കു അധികാരം നഷ്ടപ്പെടുമെന്നു മനസ്സിലാക്കിയവര്‍, രാജഭരണം യുക്തിസഹമല്ലാത്തതും പാരമ്പര്യത്തിലടിയുറച്ചതുമാണെന്നറിഞ്ഞിട്ടുപോലും, അതു മാറുന്നതിനു എതിരു നിന്ന ചരിത്രം നമുക്കുണ്ട്. കത്തോലിക്കാസഭയുള്‍പ്പടെ പല മത സംഘടനകളും ആദ്യകാലങ്ങളില്‍ ജനാധിപത്യ സമ്പ്രദായത്തിന് എതിരായിരുന്നല്ലോ. പരമ്പരാഗതമായ ഒരു മതാനുഷ്ഠാന രീതി മാറ്റേണ്ടതു ഇന്നത്തെ ജനങ്ങളുടെ ആദ്ധ്യാത്മിക ജീവിതം കൂടുതല്‍ ഫലപ്രദവും പക്വവുമാകാന്‍ ആവശ്യമാണെന്നു ബോദ്ധ്യപ്പെട്ടാലും, അങ്ങനെയൊരു മാറ്റമുണ്ടായാല്‍ തങ്ങള്‍ അവകാശപ്പെടുന്ന പൗരാണികതയ്ക്കും അതിന്റെ ഫലമായി ലഭിക്കുന്ന ബഹുമാനത്തിനും ആദരവിനും കുറവുവരും എന്നു കണ്ടാല്‍ സ്ഥാനവും ബഹുമാനവും ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ പാരമ്പര്യവാദം ഉന്നയിക്കും. പരിചയിച്ചുപോന്ന അനുഷ്ഠാന രീതി കൂടുതല്‍ മനോസുഖം നല്‍കുന്നു, പുതിയതായി നിര്‍ദ്ദേശിക്കുന്നത് അത്ര മനസ്സിനു യോജിക്കുന്നതല്ല എന്നു തോന്നിയാലും പാരമ്പര്യന്യായം പറഞ്ഞ് ചിലര്‍ എതിര്‍ത്തു എന്നും വരാം.
മേല്പറഞ്ഞതരം പാരമ്പര്യ വാദങ്ങള്‍ക്കു വിരോധാഭാസമെന്നു തോന്നിക്കാവുന്ന ഒരു മാനം കൂടി ചിലപ്പോള്‍ കൈവരാറുണ്ട്. പാരമ്പര്യത്തിനടിസ്ഥാനമായ പൗരാണിക ഘടകങ്ങളും പെരുമാറ്റ രീതികളും പല സമൂഹങ്ങളും സ്വന്തമായി സൃഷ്ടിച്ചു വികസിപ്പിച്ചെടുത്തതാകണമെന്നില്ല, മറിച്ച്, പുരാതനകാലത്ത് പ്രസ്തുത സമൂഹങ്ങളുടെ തലയില്‍ അവര്‍ക്കൊട്ടും താത്പര്യമില്ലെങ്കില്‍പോലും കെട്ടിയേല്പിച്ചവയുമാകാം. എന്നാല്‍, പുറത്തുനിന്നു ലഭിച്ചവയെക്കാള്‍ മെച്ചപ്പെട്ട രീതികള്‍ ഈ സമൂഹങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമായി ഇല്ലാത്തതുകൊണ്ട്, കിട്ടിയതിനെ സ്വന്തമായി കരുതുകയും സ്‌നേഹിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഒരു പടികൂടി കടന്ന് അതു തങ്ങളുടേതെന്ന് അഭിമാനിക്കാന്‍ പോലും ഇടവരുന്നു. അതോടെ സ്വന്തമായും പുതുതായും ഒന്ന് പരീക്ഷിക്കാന്‍ പോലും താത്പര്യം ഇല്ലാതാകുന്നു. വല്ലവരും തന്ന പാരമ്പര്യരീതികള്‍ തങ്ങളുടേതായി പരിഗണിച്ച് കൊണ്ടുനടക്കുന്ന മനോഭാവവും പരക്കെ വ്യാപിക്കുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ സര്‍ഗാത്മകതയുള്ള ഒരു കരിസ്മാറ്റിക് വ്യക്തി ഉദയം ചെയ്യുന്നതു വരെ അതങ്ങനെ തുടരും. മഹാത്മാഗാന്ധിയെ പ്പോലെ ഭാരതസമൂഹത്തെയാകെ സ്വാധീനിക്കാന്‍ സാധിച്ച ഒരു വ്യക്തി വരുന്നതുവരെ ബ്രിട്ടീഷുകാര്‍ നമ്മുടെമേല്‍ കെട്ടിവച്ച മിക്കവാറും കാര്യങ്ങളില്‍ ഇവിടുത്തെ വിദ്യാഭ്യാസമുള്ള നേതാക്കള്‍പോലും ഊറ്റം കൊണ്ടിരുന്നല്ലോ. സ്വദേശീയമായവയെ മതിപ്പോടെ കാണാനും സ്‌നേഹിക്കാനും പഠിപ്പിച്ചതു ഗാന്ധിജിയാണല്ലോ. അതിനും സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്, ഇവിടുത്തെ ആദി വാസികളായിരുന്ന ദ്രാവിഡര്‍ പിന്നീടുവന്ന ആര്യന്മാര്‍ കെട്ടിയേല്പിച്ചവ സ്വീകരിച്ച്, സാവകാശം അവയെല്ലാം വളരെ കേമമെന്നു വിചാരിച്ച്, സംസ്‌കൃതവത്ക്കരണം (Sanskritization) എന്ന പ്രക്രിയയിലുടെ അവരെപ്പോലെയാകാന്‍ ശ്രമിച്ചില്ലേ? ദ്രാവിഡ സംസ്‌കാരത്തില്‍ ഏറ്റവും കൂടുതല്‍ അഭിമാനം കൊള്ളുന്ന തമിഴ് ജനതപോലും കുറേക്കാലം, അതായത് ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദയം വരെ, ഇങ്ങനെ ചിന്തിക്കുമായിരുന്നല്ലോ. അടുത്ത കാലത്താണല്ലോ അവര്‍ ഒരുതരം ദ്രാ വിഡവത്ക്കരണ പ്രക്രിയയിലൂടെ ആദിമ സംസ്‌കാരരീതികളുടെ മേന്മയിലേക്കു ശ്രദ്ധ തിരിച്ചത്.
പാരമ്പര്യവാദികള്‍ മാറ്റങ്ങളെയും ക്രിയാത്മകശ്രമങ്ങളെയും തടസ്സപ്പെടുത്താനുള്ള ശക്തി ആര്‍ജ്ജിച്ചു കഴിഞ്ഞാല്‍, അധികാരം സ്വായത്തമാക്കുകയും അവര്‍ക്കു താത്പര്യമുള്ള പാരമ്പര്യങ്ങളെ ന്യായീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ പോലും ഉണ്ടാക്കുകയും ചെയ്യും. അതോടെ പാരമ്പര്യത്തെ മാറ്റുന്നതു നിയമലംഘനമായി കരുതപ്പെടും, സമൂഹം ചലനാത്മകത നഷ്ടപ്പെട്ട് ഉറച്ചുപോകുകയും ചെയ്യുന്നു. മാത്രമല്ല, പാരമ്പര്യത്തിന്റെ പൗരാണികതയോടും പരിശുദ്ധിയോടും ഉള്ള വൈകാരിക പ്രതിബദ്ധത അതിതീവ്രമായാല്‍ അവ യുക്തിരഹിതമാണെന്നോ അപ്രസക്തമാണെന്നോ ആരെങ്കിലും തെളിയിക്കാന്‍ ശ്രമിച്ചാല്‍, മറിച്ചു തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അധികാരം കൈയിലുള്ളവര്‍ മിക്കവാറും എല്ലായ്‌പ്പോഴും ഫാസിസ്റ്റു രീതിയില്‍ വൈകാരികമായി മര്‍ദ്ദനമേല്പിച്ച് മാറ്റങ്ങള്‍ ആവശ്യപ്പെടുന്നവരെ അടിച്ചിരുത്താന്‍ നോക്കുകയും ചെയ്യും. അങ്ങനെയാണ് മതങ്ങളിലും രാഷ്ട്രിയത്തിലും മറ്റും മൗലികവാദവും തീവ്ര വാദവും അക്രമാസക്തമാകുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് എല്ലാ മതങ്ങളിലും ഈ പ്രവണത വളരെ വ്യക്തമായി പുറത്തു വന്നുകൊണ്ടിരിക്കുന്നതുകൊണ്ട് കൂടുതല്‍ ഉദാഹരണങ്ങളിലേക്ക് ഇവിടെ ഞാന്‍ കടക്കുന്നില്ല. വിവിധ മതനേതൃത്വങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ആനുകാലിക പ്രവണതകള്‍ ശ്രദ്ധിച്ചാല്‍ മതി.
പൗരസ്ത്യരുടെ വൈകാരികത
ഒരു കാര്യം കൂടി ഇവിടെ സൂ ചിപ്പിക്കുന്നത് ഈ വിഷയവിശകലനത്തിന്റെ പൂര്‍ണതയ്ക്കു സഹായകമാകുമെന്നു കരുതുന്നു. പുരാതനകാലം മുതല്‍തന്നെ, യുക്തിക്കു കൂടുതല്‍ സഹായകമായ വിശകലനബുദ്ധി കൂടുതല്‍ വികസിച്ചതു പാശ്ചാത്യ റോമാ സാമ്രാജ്യത്തിലും അതിനോടു ബന്ധപ്പെട്ടു സ്ഥിതിചെയ്യുന്ന പാശ്ചാത്യ യൂറോപ്പിലുമാണല്ലോ. അതു കൊണ്ടാണെന്നു കരുതണം വിശകലനാധിഷ്ഠിതമായ തത്വശാസ്ത്രവും ദൈവശാസ്ത്രവും, എന്തിന്, ആധുനിക ഭൗതികശാസ്ത്രം തന്നെയും ആരംഭിച്ചതും വളര്‍ന്നതും ആ നാടുകളിലായത്. പൗരസ്ത്യ റോമാസാമ്രാജ്യത്തിലും അതിനെ തുടര്‍ന്നുള്ള പൗരസ്ത്യ നാടുകളിലും മേല്പറഞ്ഞ വിശകലന ബുദ്ധിയും യുക്തിയും അത്ര വികാസം പ്രാപിച്ചില്ല. വിശകലനത്തിനു പകരം, കാര്യങ്ങളെ ഒരുമിച്ചു കാണുകയും വൈകാരികമായ താത്പര്യത്തോടെ ഒരുമിച്ചു സ്വീകരിക്കുകയും ചെയ്യുന്ന രീതിയുടെ ഫലമായി യുക്തിയുടേതിനെക്കാള്‍ വൈകാരികതയ്ക്കും വിശകലന മാര്‍ഗത്തേക്കാള്‍ സമഗ്രവീക്ഷണത്തിനും ഭാവനയ്ക്കും ഒക്കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിത്തീര്‍ന്നു അവിടുത്തെ രീതി. അതുകൊണ്ടായിരിക്കണം, സയന്‍സിനു പകരം, കൂടുതല്‍ പ്രണിധാനാത്മകമായ തത്വചിന്ത, കവിത, ധ്യാനാത്മകമായ ആത്മീയത മുതലായവ ഈ നാടുകളില്‍ വികസിക്കാന്‍ ഇടയായത്. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ആധുനിക ദൈവശാസ്ത്രവും, എന്തിന് ആധുനിക തത്വചിന്ത പോലും ഇവിടെ വികസിക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നു തോന്നുന്നു. ക്രിസ്തുമതത്തിന്റെ തന്നെ പൗരസ്ത്യ ശാഖയിലും, പൗരസ്ത്യ മതങ്ങളായ ഹിന്ദുമതത്തിലും ഇസ്ലാമിലും വൈകാരികതയുടെ അതിപ്രസരം ഉള്ളതിന്റെ കാരണവും മറ്റൊന്നല്ല. ഇതിനെ പൗരസ്ത്യമനസ്സിന്റെ യുക്തിപരമല്ലാത്ത ഭക്തചിന്തകള്‍ (Unrationalized pious thinking of the Orient) എന്നാണ് മാക്‌സ് വേബര്‍ വിളിക്കുന്നത്.
പാരമ്പര്യത്തില്‍നിന്നു മാറാന്‍ മടി കാണിക്കുന്നതിനു മറ്റൊരു കാരണവും കൂടിയുണ്ടാകാം. ശാരീരികമായ സുരക്ഷിതത്വം മാത്രമല്ല, മാനസികവും വൈകാരികവുമായ സുരക്ഷിതത്വവും മനുഷ്യന്‍ വളരെ ആഗ്രഹിക്കുന്ന ഒന്നാണ്. ആ സുരക്ഷിതത്വം പാരമ്പര്യം മനുഷ്യനു നല്‍കുന്നു. അനേകകാലം ചെയ്തു പരിശീലിച്ചതും സമൂഹത്തില്‍ പരക്കെ വ്യാപിച്ചിരിക്കുന്നതും കുറെപ്പേരെങ്കിലും വികാരബദ്ധമായി ആശ്രയിക്കുന്നതുമായ ഒരു രീതിക്കു തെറ്റു പറ്റാനിടയില്ലയെന്ന ഒരു ഉറപ്പു തോന്നുക സ്വാഭാവികം. പാരമ്പര്യത്തില്‍ സ്വഭാവത്താലെതന്നെ ഒരുതരം മാനദണ്ഡം അടങ്ങിയിരിക്കുന്നു, അതു നിയതമാണ്, എന്നു പറയാറുണ്ട് (There is an inherently normative element in tradition). അതുകൊണ്ട് ശീലിച്ചവ ആവര്‍ത്തിച്ചാല്‍ തെറ്റു പറ്റുമെന്നു പേടിക്കേണ്ട, പൊതുവെ ആരും ചോദ്യം ചെയ്യുകയുമില്ല. എന്നാല്‍, സര്‍ഗാത്മകമായി ചിന്തിച്ചു മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനു പരീക്ഷണങ്ങള്‍ ആവശ്യമുണ്ട്. പരീക്ഷണങ്ങളില്‍ തെറ്റുകള്‍ പറ്റാം. ട്രയല്‍ ആന്റ് എറര്‍ (Trial and Error) എപ്പോഴും ആശങ്ക ഉളവാക്കുന്നതാണ്. തെറ്റു വരുത്താന്‍ ഭയമുള്ളവര്‍ പരിശീലിച്ചുറച്ചതില്‍ ആശ്രയിക്കുന്നതില്‍ എന്തത്ഭുതം? സുരക്ഷിതത്വം അനുഭവപ്പെടുന്ന മനസ്സ് ആശ്വാസദായകവുമാണല്ലോ.
ഇങ്ങനെ വൈകാരിക തീവ്രത കൊണ്ടും മുന്‍പറഞ്ഞ മറ്റു കാരണങ്ങളാലും ഒരു സമൂഹവും അതിന്റെ ചിന്താരീതിയും ഉറച്ചുപോയാല്‍, പിന്നെയതിനു ഒരു അനക്കം കിട്ടണമെങ്കില്‍ ദൈവപരിപാലനയില്‍ കരിസ്മയും സര്‍ഗാത്മകതയും കൊണ്ട് പ്രസ്തുത ശാക്തികഗ്രൂപ്പുകളെ ഇളക്കാനും അനുസരിപ്പിക്കാനും കഴിയുന്ന ഒരു കരിസ്മാറ്റിക് വ്യക്തിയോ ഗ്രൂപ്പോ സമൂഹത്തില്‍ ഉയര്‍ന്നു വരണം. അതിന്നായി പ്രാര്‍ത്ഥിക്കുകയെന്നല്ലാതെ സമൂഹത്തിനു മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായത അനുഭവപ്പെടും. ഇനി അങ്ങനെ ഒരു വ്യക്തിയോ ഗ്രൂപ്പോ രൂപപ്പെട്ടാല്‍ തന്നെ ആദ്യമൊന്നും അവര്‍ സ്വീകരിക്കപ്പെടുകയില്ലല്ലോ. യേശുവിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ തിരസ്‌കൃതരാകുകയേയുള്ളല്ലോ. ഇനിയെങ്ങാനും തിരസ്‌ക്കരിക്കപ്പെടാന്‍ പറ്റാത്തവണ്ണം ശക്തി നേടിയാല്‍ത്തന്നെ, ആ വ്യക്തിക്കോ ഗ്രൂപ്പിനോ മേല്‍ക്കൈ ലഭിക്കുന്നതു വരെ തര്‍ക്കങ്ങളും വാഗ്വാദങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും.
ഈ ഒരവസ്ഥയില്‍കൂടിയല്ലേ കേരളസഭ, പ്രത്യേകിച്ച് സീറോ- മലബാര്‍ സഭ ഇന്നു കടന്നു പോകുന്നതെന്നു ചിന്തിക്കാന്‍ മുകളില്‍ കുറിച്ചവ സഹായകമാകട്ടെ. അജ്യോര്‍ണമെന്തോ ആരംഭിച്ചിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും പല മേഖലകളിലും അധുനാധനീകരണത്തിലേക്കുള്ള അനക്കമൊന്നും കാണാനില്ലാത്ത ഈ സാഹചര്യത്തില്‍, അനങ്ങാത്തതെന്തേയെന്നു ചോദിക്കുന്നവരുണ്ടെങ്കില്‍, ഉത്തരം അന്വേഷിക്കാന്‍ അവര്‍ക്ക് ഈ കുറിപ്പ് സഹായകമാകട്ടെ.