അവസരങ്ങളുടെ ലോകം തുറന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

അവസരങ്ങളുടെ ലോകം തുറന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
  • ബിജോയ് പാലയൂര്‍

'മാനവരാശി പ്രവര്‍ത്തിക്കുന്ന നൂതനമായ സാങ്കേതികവിദ്യകളിലൊന്നാണ് Artificial Intelligence (നിര്‍മ്മിത ബുദ്ധി). വൈദ്യുതിയെക്കാളും, തീയെക്കാളും അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ നാം ചെയ്തിരുന്ന മറ്റെന്തിനെക്കാളും അതു പ്രാധാന്യം അര്‍ഹിക്കുന്നു.' ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈയുടെ വാക്കുകളില്‍ നിന്ന്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ഉത്തരമാകും ലഭിക്കുക. അത്രയേറെ ശക്തമായ ചലനങ്ങളാണ് സമീപഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വില്പന, ബാങ്കിംങ് എന്നു വേണ്ട എല്ലാ മേഖലകളിലും ഇന്നു നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലാണ് ഇതിന്റെ സ്വാധീനം. വിദഗ്ധരുടെ വീക്ഷണത്തില്‍ ഈ സാങ്കേതികവിദ്യ ഉല്പാദനത്തിന്റെ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്. ആഗോള വിപണിയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 36% നിരക്കില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപണിമൂല്യം 2027-ല്‍ 407 ലക്ഷം കോടി ഡോളറിലെത്തും. 2023-ല്‍ ഇത് 207.9 ലക്ഷം കോടി മാത്രമായിരുന്നു എന്നതും ഇവിടെ പരിഗണിക്കണം. അതിവേഗം ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും മനുഷ്യപുരോഗതി കൈവരിക്കാനും കാരണമാകുന്ന ഈ സാങ്കേതികവിദ്യയെയാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

  • എന്താണ് നിര്‍മ്മിത ബുദ്ധി?

മനുഷ്യന്റെ ബുദ്ധിയും പ്രശ്‌നപരിഹാരശേഷിയും അനുകരിക്കാന്‍ കമ്പ്യൂട്ടറുകളെയും യന്ത്രങ്ങളെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് Artificial Intelligence (നിര്‍മ്മിത ബുദ്ധി). ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍, ജി പി എസ് മാര്‍ഗനിര്‍ദേശം, സ്വയംഭരണ വാഹനങ്ങള്‍, ജനറേറ്റീവ് എ ഐ ടൂളുകള്‍ (ഓപ്പണ്‍ എ ഐയുടെ ചാറ്റ്ജിപിടി പോലുള്ളവ) എന്നിവ ദൈനംദിന വാര്‍ത്തകളിലും നമ്മുടെ ജീവിതത്തിലുമുള്ള എ ഐയുടെ ഏതാനും ഉദാഹരണങ്ങളാണ്.

മനുഷ്യന്റെ ബുദ്ധി, കംപ്യൂട്ടര്‍ അല്‍ഗോരിതത്തിന്റെ സഹായത്തോടെ യന്ത്രങ്ങളില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് ഈ സാങ്കേതികതയെ ഏറെ വ്യത്യസ്തമാക്കുന്നത്.

ഉദാഹരണത്തിന് Siri, Alexa, Google Assistant എന്നിവയിലെ എ ഐയുടെ ഉപയോഗവും, നമ്മുടെ മുന്‍ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് നാം ആസ്വദിക്കാനിടയുള്ള സിനിമകളോ വീഡിയോകളോ ശിപാര്‍ശ ചെയ്യുന്ന Netflix, YouTube പോലെയുള്ള സേവനങ്ങളും ഇതിന്റെ വിവിധങ്ങളായ ആവിഷ്‌ക്കാരമാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ഉത്തരമാകും ലഭിക്കുക. അത്രയേറെ ശക്തമായ ചലനങ്ങളാണ് സമീപഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

  • ചരിത്ര പശ്ചാത്തലം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പുതിയ സാങ്കേതിക വിദ്യയാണെന്ന് തോന്നുമെങ്കിലും നമ്മള്‍ അല്പം ഗവേഷണം നടത്തിയാല്‍, അതിന് ഭൂതകാലത്തില്‍ ആഴത്തില്‍ വേരുകളുണ്ടെന്ന് കണ്ടെത്താനാകും. 1943-ല്‍ വാറന്‍ മക്കല്ലോക്കും വാര്‍ട്ടര്‍ പിറ്റ്‌സും ചേര്‍ന്നാണ് കൃത്രിമ ന്യൂറോണുകളുടെ മാതൃക ആദ്യമായി കൊണ്ടുവന്നത്. ഏഴു വര്‍ഷത്തിനുശേഷം 1950-ല്‍, എ ഐയുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പ്രബന്ധം അലന്‍ ട്യൂറിംഗ് പ്രസിദ്ധീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവ് എന്നറിയപ്പെടുന്ന ജോണ്‍ മക്കാര്‍ത്തിയാണ് 1956-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിന്, ഗവേഷകര്‍ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന അല്‍ഗോരിതങ്ങള്‍ വികസിപ്പിച്ചു. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് 'എലിസ' എന്ന ചാറ്റ്‌ബോട്ടിന്റെ സൃഷ്ടി. 1972-ല്‍ ജപ്പാനില്‍ WABOT-1 എന്ന പേരില്‍ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ട് നിര്‍മ്മിക്കപ്പെട്ടതും ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് ആക്കം കൂട്ടി.

2016-ല്‍ ഹാന്‍സണ്‍ റോബോട്ടിക്‌സ് വികസിപ്പിച്ച ഹ്യൂമനോയിഡ് റോബോട്ടായ സോഫിയയുടെ വരവും 2021 നെ തുടര്‍ന്ന് പുറത്തിറങ്ങിയ നിരവധി ചാറ്റ് ബോട്ടുകളും മറ്റും എ ഐ സാങ്കേതികവിദ്യയുടെ സാധ്യതകളിലൂടെ ലോകത്തെയൊന്നാകെ വിസ്മയിപ്പിച്ചു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക യന്ത്ര സംവിധാനങ്ങളും നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതികത്വം ഉപയോഗിക്കുന്നുണ്ടെന്നുള്ള വസ്തുത ഇതിന്റെ പ്രാധാന്യത്തെ ഉയര്‍ത്തികാട്ടുന്നു.

  • അവസരങ്ങളുടെ വിശാലമായ ലോകം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച ക്രമാനുഗതമായി ചില മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമോ എന്ന ആശങ്ക സാമൂഹിക കാഴ്ചപ്പാടില്‍ ഉയരുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തങ്ങളുടെ ജോലിയെ എങ്ങനെയാവും ബാധിക്കുക എന്നതാണ് ആശങ്ക. എ ഐയുടെ കടന്നുവരവ് മനുഷ്യര്‍ക്കു ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുമെന്ന വാദഗതികള്‍ ഉയരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്നു നമുക്ക് പരിശോധിക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ വികസന മേഖലയില്‍ നിന്നു മുന്നേറി യഥാര്‍ത്ഥ ബിസിനസ്സിലേക്കു കടന്നുവരുമ്പോള്‍ കാണുന്നതു വ്യത്യസ്തമായ ഒരു കാഴ്ചയാണ്. നൂതന മാതൃകകള്‍ വികസിപ്പിച്ചു മാനവശേഷി കൂടുതല്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണു പല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗങ്ങളിലും നമുക്കു കാണാവുന്നത്. ആഗോള തൊഴിലാളി ഉല്‍പാദന ക്ഷമതയില്‍ 2065 ആകുമ്പോഴേക്കും 0.8 മുതല്‍ 1.4% വരെ വര്‍ധന കൈവരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കുമെന്ന് മെക്കന്‍സി ചൂണ്ടിക്കാട്ടുന്നു. റീട്ടെയില്‍, ഓട്ടോമൊബൈല്‍, ആരോഗ്യ മേഖലകള്‍ തുടങ്ങി ബഹിരാകാശ ഗവേഷണം വരെ നീണ്ടുനില്‍ക്കുന്നതാണ് ഇതിന്റെ സാധ്യതകള്‍. അതുകൊണ്ടു തന്നെ ഈ മേഖലയിലെ വ്യവസായ നിക്ഷേപം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും ഈ സാങ്കേതികവിദ്യ തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും, തങ്ങളുടെ പൗരന്മാര്‍ക്കും എങ്ങനെ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു രാജ്യം പൗരത്വം വരെ നല്‍കാന്‍ തക്കവിധത്തില്‍ എ ഐ അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടുകള്‍ വളര്‍ന്നിരിക്കുന്നു. സൗദി അറേബ്യ പൗരത്വം നല്‍കിയ സോഫിയയാണ് ആ റോബോട്ട്. യു എ ഇയില്‍ Minitsry for Artificial Intelligence എന്ന ഒരു സര്‍ക്കാര്‍ വകുപ്പു തന്നെ നിലവില്‍ വന്നു.

മാനുഷിക ഇടപെടലുകള്‍ വേണ്ടിവരുന്ന ഒരു ജോലിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകൊണ്ട് ഇല്ലാതാക്കപ്പെടില്ല. എന്നാല്‍ മാനുഷിക ചിന്താശേഷി ആവശ്യമുള്ള സംരംഭകത്വം, തന്ത്രപരമായ ചിന്ത, സാമൂഹിക നേതൃത്വപാടവം, വില്പനാശേഷി, തത്വചിന്ത തുടങ്ങി പല മേഖലകള്‍ക്കും വേണ്ടിയുള്ള ആവശ്യം ഏറെ വര്‍ധിക്കുകയും ചെയ്യും.

ഇന്ന് നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രധാന ചാലകശക്തിയായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാണപ്പെടുന്നത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുമ്പോഴും, സാമൂഹ്യ മാധ്യമങ്ങള്‍ വലിയതോതില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തിരശ്ശീലയ്ക്കു പിന്നില്‍ ഇതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട്. Google മുതലായ സെര്‍ച്ച് എന്‍ജിനുകളും എ ഐ സാധ്യതയെ ഉപയോഗിക്കുന്നു. അങ്ങനെ എല്ലാ മേഖലകളെയും സ്വാധീനിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു കൗതുക ശാസ്ത്രം എന്നതിനപ്പുറം നിത്യജീവിതത്തില്‍ നാം അറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന ഒരു ശാസ്ത്രശാഖയായി മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യ വളരുന്നതോടെ നഷ്ടമാകുന്ന ജോലികളെക്കാള്‍ കൂടുതല്‍ പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് മറുവശം. കഴിഞ്ഞ 500 വര്‍ഷത്തെ വ്യവസായിക, സാങ്കേതികവിദ്യ മുന്നേറ്റ ചരിത്രവും ഇതുതന്നെയാണു നമുക്കു കാട്ടിത്തരുന്നത്. ഒരു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഒഴിവാക്കപ്പെടുമ്പോള്‍ അതിലേറെ തൊഴിലവസരങ്ങള്‍ വൈദഗ്ധ്യം ആവശ്യമുള്ള മറ്റു മേഖലകളില്‍ കൂട്ടിചേര്‍ക്കപ്പെടും. ഈ രംഗത്തെ ആശങ്കകള്‍ ശരിയാണെങ്കില്‍ ജപ്പാന്‍, കൊറിയ, ജര്‍മ്മനി തുടങ്ങിയ യന്ത്രവല്‍ക്കരണ രംഗത്തു മുന്നേറ്റം നടത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ നാലഞ്ചു ദശാബ്ദങ്ങളായി തൊഴിലില്ലായ്മ വന്‍ തോതില്‍ കൂടേണ്ടതാണ്. എന്നാല്‍, സ്ഥിതി അങ്ങനെയല്ല.

ഇപ്പോള്‍ നടക്കുന്ന പല ജോലികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരിഷ്‌ക്കരിക്കപ്പെടും എന്നും ഏതാണ്ട് എല്ലാ ബിസിനസ്സുകളുടെയും പശ്ചാത്തല പ്രവര്‍ത്തനങ്ങളുടെ മുഖ്യ പിന്‍ബലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയി മാറും എന്നതുമായിരിക്കും വരുന്ന ദശാബ്ദങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത്. പല അര്‍ദ്ധ വൈദഗ്ധ്യ ജോലികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഇല്ലാതാക്കപ്പെടും. അതേ സമയം മാനുഷിക ഇടപെടലുകള്‍ വേണ്ടിവരുന്ന ഒരു ജോലിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകൊണ്ട് ഇല്ലാതാക്കപ്പെടില്ല. അതോടൊപ്പം തന്നെ മാനുഷിക ചിന്താശേഷി ആവശ്യമുള്ള സംരംഭകത്വം, തന്ത്രപരമായ ചിന്ത, സാമൂഹിക നേതൃത്വ പാടവം, വില്പനാശേഷി, തത്വചിന്ത തുടങ്ങി പല മേഖലകള്‍ക്കും വേണ്ടിയുള്ള ആവശ്യം ഏറെ വര്‍ധിക്കുകയും ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിന്റേതു മാത്രമായ നേതൃത്വം നല്‍കുന്ന ഒന്നായിരിക്കുകയില്ല. അതിനോടൊപ്പം ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലിക്കാരുടെ ആവശ്യം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്കായി തയാറെടുക്കുകയും കാത്തിരിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. ഐ ടി മേഖലയില്‍ ധാരാളം മനുഷ്യവിഭവങ്ങള്‍ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് കേരളം എന്നതിനാല്‍ തന്നെ ഇവിടെ യുവാക്കള്‍ക്ക് എ ഐ മേഖലയിലും തീര്‍ച്ചയായും ശോഭിക്കാന്‍ കഴിയും. അതിനനുസൃതമായ മാറ്റങ്ങള്‍ നമ്മുടെ സാങ്കേതിക വിദ്യാഭ്യാസരംഗത്തു സ്വീകരിക്കാനും പുതിയ സംരംഭകത്വം വികസിപ്പിച്ചെടുക്കാനും നമുക്ക് പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org