നിര്‍മ്മിതബുദ്ധി: ഉത്തരവാദിത്വമേറ്റെടുക്കുക

നിര്‍മ്മിതബുദ്ധി: ഉത്തരവാദിത്വമേറ്റെടുക്കുക
അധികാരത്തില്‍ നിന്ന് ആധികാരികതയിലേക്കുള്ള, അധ്യാപനത്തില്‍ നിന്ന് സാക്ഷ്യത്തിലേക്കുള്ള (മറ്റെന്തിനാണ് കൂടുതല്‍ സ്വാധീനിക്കാനാവുക?), ലംബാത്മകതയില്‍ നിന്ന് സംഘാത്മകതയിലേക്കുള്ള എല്ലാ കടന്നുപോകലുകളും സുവിശേഷാത്മക ചലനാത്മകതയിലേക്കുള്ള മടങ്ങിപ്പോക്കുകളാണ്. അവയുടെ വിനാശകരമായ വശങ്ങള്‍ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ട്?
  • ആര്‍ച്ച്ബിഷപ് വിന്‍സെന്‍സോ പാഗ്ലിയ

  • (ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി അധ്യക്ഷന്‍)

നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനങ്ങളുടെ (ബഹുവചനം അനാവശ്യമായി തോന്നിയേക്കാം, പക്ഷേ വാസ്തവത്തില്‍ ഇത് ഈ പ്രതിഭാസത്തിന്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന സങ്കീര്‍ണ്ണതയെ വിശദീകരിക്കാന്‍ സഹായകരമാണ്) ആഗമനം പുതിയ കാര്യമല്ല. ഈ സാങ്കേതികവിദ്യകള്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പഠനവിധേയമായിക്കൊണ്ടിരിക്കുന്നതാണ്. പതിറ്റാണ്ടുകളിലൂടെ വികസിപ്പിക്കപ്പെട്ടതും മൂല്യവത്തുമായ അല്‍ഗരിതങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതിക പ്രാപ്തി കൈവരിച്ചു എന്നതാണ് അടുത്തിടെ സംഭവിച്ച കാര്യം. ചാറ്റ് ജി പി ടിയുടെ ആവിര്‍ഭാവവും സാമാന്യം ആശ്രയിക്കാന്‍ കഴിയുന്ന ചില ജനറേറ്റീവ് നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ പൊതുലഭ്യതയും ഇതിനെ ഈ 2023 ലെ പരമമായ വിഷയമായി മാറ്റിയെന്ന് മാത്രം. നിര്‍മ്മിത ബുദ്ധിയുടെ വരവുണ്ടാക്കിയ പരിവര്‍ത്തനം തീര്‍ച്ചയായും ചരിത്രപരമാണ്. വൈദ്യുതിയുടെ ആവിര്‍ഭാവം പോലെ ഇതും മനുഷ്യജീവിതത്തിന്റെ ഒന്നോ അല്ലെങ്കില്‍ ഏതാനുമോ വശങ്ങളെ മാത്രമല്ല ബാധിക്കുക. മറിച്ച്, ഒന്നൊഴിയാതെ സകലതിനെയും ബാധിക്കും. വ്യക്തികളുടെയും അവര്‍ ഭാഗമായിരിക്കുന്ന സഭ ഉള്‍പ്പെടെയുള്ള സമൂഹങ്ങളുടെയും ജീവിതത്തിലെ മാറ്റങ്ങളുടെ ചാലകശക്തിയായി അതു പ്രവര്‍ത്തിക്കും. പൊതുവായ, വേഗതയേറിയ, വ്യാപകമായ ഒരു മാറ്റമാണ് വിശാലമായ ഈ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഒരു പുതിയ സാര്‍വത്രിക ഭാഷയായിട്ടുതന്നെ അത് മാറിയിരിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യ ടുഡേയുടെ എഡിറ്റര്‍ അരുണ്‍ പുരി ഇതിനെ വിശേഷിപ്പിച്ചത് 'കോപ്പര്‍നികന്‍ വിപ്ലവത്തിന്റെ 2.0 പതിപ്പ് എന്നാണ്'.

  • അവിശ്വസനീയ നന്മ സാധ്യമായിരിക്കുന്നു

ഈ മാറ്റം മനുഷ്യജീവിതത്തില്‍ കൊണ്ടുവരുമെന്നു കരുതപ്പെടുന്ന നിരവധി അപകടങ്ങളുടെ എണ്ണമെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ആശങ്കാകുലരായ ചിലര്‍. ഭൂമിയില്‍ മാനവനാഗരികതയുടെ അന്ത്യം പ്രവചിക്കുന്നവര്‍ പോലും ഇവരിലുണ്ട്. യന്ത്രങ്ങളുടെ ശീതനാഗരികതയുടെ ഫലമായിട്ടുണ്ടാകുന്ന വീണ്ടുവിചാരമില്ലാത്ത സങ്കര സൃഷ്ടികള്‍, നിലവിലുള്ള സംസ്‌കാരത്തെ മാറ്റി പ്രതിഷ്ഠിക്കുമെന്ന് അവര്‍ കരുതുന്നു.

പക്ഷേ ഇതിനെക്കുറിച്ചല്ല, നവസാങ്കേതികവിദ്യകളുടെ, വിശേഷിച്ചും നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ അവിശ്വസനീയമായ നേട്ടങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. ഈ നേട്ടങ്ങള്‍ ഇതിനകം തന്നെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.

മനുഷ്യനേത്രങ്ങള്‍ക്കു സാധാരണഗതിയില്‍ കാണാനാകാത്ത രോഗങ്ങള്‍ കണ്ടെത്താനോ പ്രവചിക്കാനോ പര്യാപ്തമായ നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ ആരോഗ്യപരിചരണ രോഗനിര്‍ണ്ണയ രംഗങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. ഭാവി ഡോക്ടര്‍മാരുടെ പരിശീലന രംഗത്തു ഭീമാകാരമായ പുത്തന്‍ ചുവടുവയ്പ്പുകള്‍ നടത്താന്‍, ഡിജിറ്റല്‍ മോഡലിംഗ് ലാബുകളില്‍ ഇതിടയാക്കിയിട്ടുണ്ട്. വൈദ്യവിദ്യാഭ്യാസരംഗത്ത് ഇതുണ്ടാക്കിയ വികസനം ശ്രദ്ധേയമാണ്.

കാര്‍ഷികരംഗത്തും നിര്‍മ്മിതബുദ്ധിയുടെ എണ്ണമറ്റ പ്രയോഗങ്ങള്‍ സാധ്യമായിട്ടുണ്ട്. വിശേഷിച്ചും തീവ്രവും വീനാശകരവുമായ കാര്‍ഷികരീതികളാല്‍ ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളില്‍. ചെറിയ കാര്‍ഷിക ഗ്രാമങ്ങള്‍ ഇതിന്റെ പ്രയോജനം ഇന്ന് അനുഭവിക്കുന്നു. ചിലവു കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും കൃത്യതയുള്ള കാലാവസ്ഥ പ്രവചനങ്ങളും കൃഷിയെയും വ്യാപാരത്തെയും ലക്ഷ്യവേദിയാക്കുന്ന സംവിധാനങ്ങളും, വിഭവസ്രോതസ്സുകളും അസംസ്‌കൃത വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഉപാധികളും ചെറുകിടകര്‍ഷകര്‍ക്ക് ഇന്നു ലഭ്യമാണ്. അവസാനമായി ആശയവിനിമയത്തിന്റെയും വിവരകൈകാര്യത്തിന്റെയും ലോകത്തേക്ക് നോക്കിയാല്‍, ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നതിലും കൃത്യമായ ഡേറ്റ കരസ്ഥമാക്കുന്നതിലും ഇതരഭാഷകളിലുള്ള രേഖകള്‍ വായിച്ചു മനസ്സിലാക്കുന്നതിലും നമുക്ക് ലഭ്യമായിട്ടുള്ള അനായാസത അതിശയകരമാണ്.

നമ്മുടെ വീക്ഷണത്തെ വിശാലമാക്കുമ്പോള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സമ്മാനിച്ചിട്ടുള്ള അവിശ്വസനീയമായ അവസരങ്ങള്‍ അനിഷേധ്യമാണെന്ന് നമുക്ക് മനസ്സിലാവും. ഡിജിറ്റല്‍ വിവരവിനിമയ ഉപാധികളോ, അജ്ഞാതമായിരുന്ന ഒരു വൈറസിനെ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വേര്‍തിരിച്ചെടുക്കുകയും 9 മാസങ്ങള്‍ക്കുള്ളില്‍ അതിനൊരു വാക്‌സിന്‍ വികസിപ്പിക്കുകയും ചെയ്ത ജീവശാസ്ത്ര ലാബുകളോ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ്, സമീപകാലത്തെ പകര്‍ച്ചവ്യാധി ഉണ്ടായത് എന്നൊന്ന് സങ്കല്‍പ്പിച്ചു നോക്കുക.

എന്നിരുന്നാലും, പൊതുസംവാദത്തില്‍ ഉത്ക്കണ്ഠയും ഭയവും പലപ്പോഴും ഉണ്ട്. അരങ്ങേറിക്കൊണ്ടിരിക്കുന്ന വന്‍പരിവര്‍ത്തനത്തെക്കുറിച്ചുള്ള വീക്ഷണത്തിലും അതുണ്ട്. ഇതൊരു ഘടനാപരമായ പ്രതിഭാസമാണ്. വൈദ്യുത സംവിധാനങ്ങള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍, പ്രസിദ്ധീകരിക്കപ്പെട്ട ദുരന്തം പ്രവചിക്കുന്ന ലേഖനങ്ങള്‍ വായിക്കുന്നത് ഇക്കാര്യം മനസ്സിലാക്കാന്‍ സഹായിക്കും. ഒരു സമൂഹത്തില്‍ നടക്കുന്ന ഏതൊരു സംവിധാനാത്മകമായ മാറ്റങ്ങളെയും സംഘര്‍ഷഭരിതമാക്കുന്നതാണ് ഇപ്പോഴത്തെ ഈ പ്രതിഭാസത്തിന്റെ അതിയായ വേഗത. അതെന്തായാലും അജപാലകര്‍ എന്ന നിലയില്‍ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്ന കുറെകൂടി ആഴമേറിയ ചില കാര്യങ്ങളുണ്ട്.

  • ഡിജിറ്റല്‍ യുഗത്തിലെ സാമൂഹ്യരൂപങ്ങള്‍

ഇന്റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സാമൂഹിക ഘടനകളെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഒന്നാമതായി നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. എല്ലാ പ്രക്രിയകളും ഇവിടെ വിശദമായി വിവരിക്കാനാവില്ല. ഇന്റര്‍നെറ്റ് ഏറ്റവും കുറഞ്ഞത് ഉപരിപ്ലവമായ തലത്തിലെങ്കിലും സമൂഹത്തിന്റെ പിരമിഡല്‍ കാഴ്ചയെ തിരശ്ചീനവും സമവുമായ ഒന്നായി മാറ്റിയിരിക്കുകയാണ്. സത്യം എന്നത് വ്യവസ്ഥാപിതവും അംഗീകൃതവുമായ അധികാരകേന്ദ്രങ്ങളുടെ സവിശേഷ അവകാശമല്ല. മറിച്ച് ഒരായിരം ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരന്തരമായ ഒരു സംവാദ അന്വേഷണത്തിന്റെ ഫലമാണ്. ഇതുവരെയും അചിന്ത്യമായിരുന്ന വിധത്തില്‍, ചിലര്‍ക്ക് അഭികാമ്യമല്ലാത്ത വിധത്തിലും, വ്യക്തികള്‍ക്ക് (സ്ത്രീകള്‍ക്കും ഗ്രാമീണ ജനതയ്ക്കും ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കണം) നായക സ്ഥാനത്തേക്ക് വരാന്‍ സോഷ്യല്‍ മീഡിയ സഹായകരമായി. കഴിഞ്ഞ ഒക്‌ടോബറില്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന 480 ഐ സി വൈ എം യുവ നേതാക്കളുടെ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. രണ്ട് നിരീക്ഷണങ്ങള്‍ നടത്തിക്കൊള്ളട്ടെ:

1. ആദ്യത്തേത് സാമൂഹ്യശാസ്ത്രപരമാണ്. തലമുറകള്‍ക്കിടയില്‍ അറിവും വിശ്വാസവും കൈമാറുമ്പോഴുണ്ടാകുന്ന വിള്ളലുമായും അധാര്‍മ്മിക അനുഭവങ്ങളുടെ അനായാസ ലഭ്യതയുമായും നാം പലപ്പോഴും ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും യുവലോകത്തെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നു. രണ്ടും ശരിയാണ്, പക്ഷേ ഭാഗികമായി മാത്രം. ഓണ്‍ലൈന്‍ പോര്‍ണോഗ്രഫിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ 25 നും 34 നും ഇടയ്ക്ക് പ്രായമുള്ള മുതിര്‍ന്നവരാണ്. (ഭര്‍ത്താക്കന്മാരും കുഞ്ഞുങ്ങളുടെ പിതാക്കന്മാരും, അഥവാ ഭാര്യാഭര്‍ത്താക്കന്മാരും മാതാപിതാക്കളും ഒക്കെയാണ് അവര്‍. 33% ഉപഭോക്താക്കള്‍ സ്ത്രീകളാണ്). ഓണ്‍ലൈന്‍ ഇന്ത്യന്‍ ഗെയിമര്‍മാരിലും 59%, 25 നും 44 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരാണ്. ഇതൊരു യുവജനപ്രശ്‌നം മാത്രമായി ചുരുക്കി കാണാതിരിക്കുക. യുവാക്കള്‍ക്കും നവയുവാക്കള്‍ക്കും ഈ വിഷമയമായ സാഹചര്യത്തോടുള്ള ബന്ധം കൂടുതല്‍ ഉപദ്രവകരമായേക്കാം എന്നുമാത്രം.

2. രണ്ടാമത്തേത് കൂടുതല്‍ ദൈവശാസ്ത്രപരമാണ്. അധികാരത്തില്‍ നിന്ന് ആധികാരികതയിലേക്കുള്ള, അധ്യാപനത്തില്‍ നിന്ന് സാക്ഷ്യത്തിലേക്കുള്ള (മറ്റെന്തിനാണ് കൂടുതല്‍ സ്വാധീനിക്കാനാവുക?), ലംബാത്മകതയില്‍ നിന്ന് സംഘാത്മകതയിലേക്കുള്ള എല്ലാ കടന്നുപോകലുകളും സുവിശേഷാത്മക ചലനാത്മകതയിലേക്കുള്ള മടങ്ങിപ്പോക്കുകളാണ്. അവയുടെ വിനാശകരമായ വശങ്ങള്‍ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ട്?

  • നരവംശശാസ്ത്ര പ്രശ്‌നം

നിര്‍മ്മിതബുദ്ധി എന്ന സവിശേഷവിഷയത്തിലേക്ക് തിരിച്ചു വരുമ്പോള്‍ ഈ പുത്തന്‍ സാങ്കേതികാവിഷ്‌കാരം ഉയര്‍ത്തിയ അടിസ്ഥാനപരമായ ഒരു പ്രശ്‌നത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസത്തിലേക്ക് എപ്പോഴും നിഷേധാത്മകമായ ഒരു വീക്ഷണ കോണിലൂടെ ശ്രദ്ധയൂന്നുന്ന പ്രതിലോമപരമായ ഒരു ചിന്ത ഈ സംവാദത്തിന്റെ മുദ്രയാകുന്നുണ്ട്. യന്ത്രങ്ങള്‍ക്ക് അതില്ല, ഇതില്ല എല്ലാ കാര്യങ്ങളും ചെയ്യാന്‍ അവര്‍ക്ക് പ്രാപ്തിയില്ല എന്നെല്ലാം മാനവികമായ മൗലികതയോട് അവയെ ബന്ധപ്പെടുത്തിക്കൊണ്ട് നാം ചിന്തിക്കുന്നു. ഈ വ്യത്യാസങ്ങളില്‍ അമിതമായി ശ്രദ്ധിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം അവഗണിക്കാനുള്ള അപകടസാധ്യത ഉണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ സാങ്കേതിക ആഗോള സാഹചര്യത്തില്‍ നമ്മെക്കുറിച്ച് നമുക്ക് എന്തു പറയാനാവും? ഈ ചോദ്യം നിര്‍ണ്ണായകവും വെല്ലുവിളിക്കുന്നതും ആണ്. അതുകൊണ്ടാണ് റോമില്‍ എല്ലാ കൊല്ലവും 15 ദിവസം സമയമെടുത്ത് നാം നടത്തുന്ന പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ വാര്‍ഷിക ശില്പശാലയില്‍ ഇപ്രാവശ്യം ഇതിനെ പ്രധാന ചോദ്യം ആക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്യുകയും ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന ഈ യോഗത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ആന്റണി ദേവസ്യയും അക്കാദമിയിലെ മറ്റ് 5 അംഗങ്ങളും പങ്കെടുക്കും. നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള ഇപ്പോഴത്തെ സംവാദങ്ങളില്‍ നമ്മെ പരിമിതപ്പെടുത്തുന്ന രണ്ട് കാഴ്ചപ്പാടുകള്‍ ഉണ്ട്. അത് മനുഷ്യന്‍ എന്ത് എന്നതിനെ സംബന്ധിച്ച നമ്മുടെ വിചിന്തനങ്ങളെ ബാധിക്കുന്നതായി തോന്നുന്നു.

1. മനുഷ്യബുദ്ധിയുമായി നാം ബന്ധപ്പെടുത്തുന്ന ചില പ്രത്യേക പ്രക്രിയകളെ ഈ സംവിധാനങ്ങളും അനുകരിക്കുന്നു എന്നതാണ് നമ്മുടെ ആശങ്കയുടെ ഒരു കാരണം. നമ്മുടെ മാനവികത ഈ വിജ്ഞാനശാഖയിലാണ് കുടിയിരിക്കുന്നത് എന്ന മട്ടിലാണ് അതും നമ്മളും തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്താന്‍ നാം ശ്രമിക്കുന്നത്. ഇത് ശരിയല്ല. മനുഷ്യര്‍ എന്നാല്‍ ബുദ്ധി മാത്രമല്ല. ഈയൊരു ദിശയില്‍ മാത്രം പോകുന്ന ചിന്തകള്‍ വലിയ ലഘൂകരണമാണ്.

2. നമ്മളെന്നാല്‍ നമ്മളുടെ ഡേറ്റ മാത്രവുമല്ല. ഡേറ്റായിസം (മെഷീന്‍ ലേണിംഗ് സംവിധാനങ്ങളുടെ അവിശ്വസനീയമായ പ്രവചനശേഷിയില്‍ നിന്നുണ്ടാകുന്ന ഒരു വ്യാജ മതരൂപം) നമ്മെ, നാം പിന്നില്‍ അവശേഷിപ്പിക്കുന്ന അസംഖ്യം അടയാളങ്ങളിലേക്ക് ചുരുക്കാന്‍ ആഗ്രഹിക്കുന്നു.

നിര്‍മ്മിതബുദ്ധി സംവിധാനങ്ങളെ അവയുടെ കടുത്ത നരവംശശാസ്ത്ര വെല്ലുവിളികളുടെ വീക്ഷണത്തില്‍ നിന്ന് നോക്കുമ്പോള്‍ നാം മനുഷ്യരെക്കുറിച്ചും അവരുടെ ശരീരങ്ങളെക്കുറിച്ചും സംസാരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയം ശരീരമാണ്, നിങ്ങള്‍ സമ്മതിക്കുമോ എന്നറിയില്ല ഈ വിഷയത്തില്‍ നമ്മള്‍ വിദഗ്ധരുമാണ്. ദൈവപുത്രന്റെ മനുഷ്യാവതാരത്തില്‍, ഇന്ത്യയുടെ സുവിശേഷകനായ സെന്റ് തോമസ് സ്പര്‍ശിക്കുവാന്‍ ആഗ്രഹിച്ച ക്രിസ്തുവിന്റെ ഉത്ഥാനം ചെയ്ത ശരീരത്തില്‍, അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണത്തില്‍ നാം പ്രഘോഷിക്കുന്ന ശരീരത്തിന്റെ ഉയര്‍പ്പിനെക്കുറിച്ചുള്ള വാഗ്ദാനത്തില്‍ വേരൂന്നിയിരിക്കുന്നവരാണ് നമ്മള്‍.

ശരീരത്തെ സംരക്ഷിക്കുക എന്നത് ഈ ഡിജിറ്റല്‍ യുഗത്തില്‍ ക്രൈസ്തവരുടെ അടിയന്തരദൗത്യങ്ങളില്‍ ഒന്നാണ്. ശരീരങ്ങളുടെ അപാരമായ ഊര്‍ജ്ജത്തെ, അഭിനിവേശത്തെ, ജഡികതയെ കുറിച്ചുള്ള ഒരു പ്രഘോഷണം. അഥവാ കഴിഞ്ഞ ഡിസംബറില്‍ ഗോവയിലെ സിഗ്‌നിസ് ദേശീയ സമ്മേളനത്തില്‍ കാര്‍ഡിനല്‍ നേരി പറഞ്ഞതുപോലെ: ഹൃദയസഹിതമായ സത്യം.

നിര്‍മ്മിതബുദ്ധി സംവിധാനങ്ങളെ അവയുടെ കടുത്ത നരവംശശാസ്ത്ര വെല്ലുവിളികളുടെ വീക്ഷണത്തില്‍ നിന്ന് നോക്കുമ്പോള്‍ നാം മനുഷ്യരെക്കുറിച്ചും അവരുടെ ശരീരങ്ങളെക്കുറിച്ചും സംസാരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയം ശരീരമാണ്.

  • അത്യാവശ്യമായ ഉത്തരവാദിത്തം

നിര്‍മ്മിതബുദ്ധി പ്രതിഭാസത്തെക്കുറിച്ചുള്ള കൂടുതല്‍ ശുഭാപ്തി വിശ്വാസപരമായ കാഴ്ചപ്പാട് ഈ വാക്കുകളിലൂടെ ഞാന്‍ കൈമാറിയിട്ടുണ്ടെന്നു പ്രത്യാശിക്കുന്നു. എന്നാല്‍, ഇത്രയും ശക്തമായ ഒരു വിഷയത്തില്‍ ഉണ്ടായിരിക്കേണ്ട നിയന്ത്രണങ്ങളും ദിശാബോധത്തെയും ഇതു തീര്‍ച്ചയായും ഇല്ലാതാക്കുന്നില്ല. വ്യത്യസ്ത സമയങ്ങളിലും വ്യത്യസ്ത മാര്‍ഗങ്ങളിലും ആണെങ്കിലും ആഗോളതലത്തില്‍ തന്നെ ഇങ്ങനെയൊരു താത്പര്യം ഭാഗ്യവശാല്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭ പോലും ഈ വിഷയത്തിലെ വിദഗ്ധരുടെ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്നുള്ള ഒരു പ്രതിനിധിയും അതില്‍ അംഗമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാനത്തെയും നിര്‍മ്മിത ബുദ്ധിയെയും കുറിച്ചുള്ള സന്ദേശങ്ങളും ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യത്തെ സാക്ഷ്യപ്പെടുത്തുന്നു. ഈ വിഷയങ്ങളെക്കുറിച്ച് നമ്മള്‍ കഴിഞ്ഞ കുറിച്ച് വര്‍ഷങ്ങളായി അവബോധം ഉള്ളവരാണ്. ഈ സാങ്കേതിക വികസന രംഗത്ത് പ്രവര്‍ത്തിച്ച നിരവധി ആളുകളുമായി നടത്തിയ സംഭാഷണങ്ങളാണ് നമ്മെ അതിനു പ്രാപ്തരാക്കിയത്. മൈക്രോസോഫ്റ്റ് പ്രസിഡണ്ട് ബ്രാഡ് സ്മിത്തുമായി നടത്തിയ കൂടികാഴ്ചയായിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. ഇതിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള വിചിന്തനത്തിന് നമ്മുടെ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. 2020 ല്‍ പകര്‍ച്ചവ്യാധി പൊട്ടി പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഈ വിഷയത്തില്‍ അക്കാദമി ഒരു ശാസ്ത്ര സമ്മേളനം സംഘടിപ്പിക്കുകയും 'നിര്‍മ്മിതബുദ്ധിയിലെ ധാര്‍മ്മികതയ്ക്ക് റോം ആഹ്വാനം ചെയ്യുന്നു' എന്ന ഒരു രേഖ പുറപ്പെടുവിക്കുകയും ചെയ്തു. നിശ്ചിത നരവംശശാസ്ത്ര ചക്രവാളത്തിനുള്ളില്‍ നിന്നുകൊണ്ട് തീര്‍ത്തും അവശ്യമായ ചില നിയന്ത്രണ തത്വങ്ങളെ ഇതില്‍ രൂപപ്പെടുത്തുകയും ചെയ്തു. ധാര്‍മ്മികത, നിയമം, വിദ്യാഭ്യാസം എന്നിവയെല്ലാം അടങ്ങുന്നതാണ് ഇത്.

അന്നു മുതല്‍ ഡസന്‍ കണക്കിന് സര്‍വകലാശാലകളും സംഘടനകളും ഈ ഉത്തരവാദിത്വ ആഹ്വാനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രകൃതത്തില്‍ തന്നെ ഒരു ധാര്‍മ്മിക സമീപനമാണ് ഈ ആഹ്വാനം നിര്‍ദേശിക്കുന്നത്. അതൊന്നു വിശദീകരിക്കാം. പലപ്പോഴും ഏറ്റവും അവസാനമാണ് നിര്‍മ്മിത ബുദ്ധിയുടെ ധാര്‍മ്മികത സംബന്ധിച്ച ചോദ്യമുയരുന്നത്. വലിയ സാങ്കേതികവിദ്യ നമുക്കുണ്ട്, അത് നന്നായി ഉപയോഗിക്കണോ ചീത്തയായി ഉപയോഗിക്കണോ എന്ന് നാം തീരുമാനിക്കേണ്ടതുണ്ട്. ഈ ചോദ്യം ശരിയാണ്. പക്ഷേ അതു മാത്രം പോരാ. കാരണം സാങ്കേതികവിദ്യകള്‍ നിര്‍വീര്യമാണെന്നും എല്ലാം അതിന്റെ ഉപയോഗത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും തോന്നിപ്പിക്കുന്നതാണ് ഈ ചോദ്യം. ഇത് ശരിയല്ല. സാങ്കേതികവിദ്യകള്‍ നിര്‍വീര്യമാണെന്ന് ചിന്തിക്കുന്നത് ബാലിശമാണ്. മറ്റേതൊരു മാനവ സംരംഭങ്ങളെയും പോലെ അവയും സംസ്‌കാരവും സാമൂഹ്യ നിര്‍മ്മിതികളും ഉദ്ദേശങ്ങളും, സമ്പത്തിനെയും മാനവികതയും മനസ്സിലാക്കാനുള്ള മാര്‍ഗങ്ങളും കൊണ്ടുവരുന്നു. ധാര്‍മ്മിക ചോദ്യം അതിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടാകേണ്ടതാണ്. രൂപകല്പനാവേളയില്‍ നാം ചോദിക്കണം. എന്താണ് നാം രൂപകല്‍പ്പന ചെയ്യാന്‍, ആവിഷ്‌കരിക്കാന്‍, അവിശ്വസനീയമായ ഈ സാങ്കേതികവിദ്യകളിലൂടെ വിപണനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതാണ് ആ ചോദ്യം.

ഈ ധാര്‍മ്മിക ചോദ്യത്തിന് ദൃഢവും സങ്കീര്‍ണ്ണവുമായ ഉത്തരങ്ങള്‍ ഉണ്ടായിരിക്കാം എന്ന് നമുക്കെല്ലാം അറിയാം. അവ എല്ലായ്‌പ്പോഴും സുവ്യക്തമോ ലളിതമോ ആയിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല. അതിവേഗത്തില്‍ വികസിതമായി കൊണ്ടിരിക്കുന്ന ആഗോളമായ ഈ പ്രതിഭാസത്തെ നിയന്ത്രിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. വളരെ വ്യത്യസ്തമായ സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും സംയോജിപ്പിച്ചുകൊണ്ടാകണം ഇത്. ചൈനീസ്, ആഫ്രിക്കന്‍ ധാതുക്കളും പാശ്ചാത്യ ആശയങ്ങളും ഇന്ത്യന്‍ ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്നാണ് നിര്‍മ്മിത ബുദ്ധി സാധ്യമാക്കിയിരിക്കുന്നത് എന്നത് നമുക്ക് വിചിന്തനം ചെയ്യാതിരിക്കാന്‍ ആവില്ല.

വൈരുദ്ധ്യം എന്ന് പറയട്ടെ ഈ പ്രതിഭാസത്തിന്റെ സാമൂഹ്യ മാനത്തെക്കുറിച്ച് ഈ ആഗോള അനുഭവം ഒരു ചോദ്യമുയര്‍ത്തുന്നു. അനിഷേധ്യമായ വശീകരണശേഷിയുള്ള (ബൈബിള്‍ വിഗ്രഹങ്ങളെക്കുറിച്ചു പറയുന്നതിനേക്കാളേറെയാണിത്) ഈ സാങ്കേതികവിദ്യയിലും അതിന്റെ നേട്ടങ്ങളിലും നിന്ന് അതിന്റെ രൂപകല്‍പന ഉത്പാദനരീതികളിലേക്കു ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചോദ്യമാണത്. ഭയപ്പെടുത്തുന്നതു സാങ്കേതികവിദ്യകളല്ല, മറിച്ച് ഇവയുടെ രൂപകല്‍പനയിലും വിപണനത്തിലും അന്തര്‍ലീനമായിരിക്കുന്ന കുത്തകവത്കരണമാണ്. അതെല്ലാം ഏതാനും കുത്തകകള്‍ മാത്രം കൈയടക്കുന്ന സ്ഥിതിയുണ്ട്. ഭീമാകാരമായ കരുത്ത് ഏതാനും പേരുടെ കൈകളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. ജനാധിപത്യപരമായ പ്രാതിനിധ്യം ഇതിലില്ല. രാജ്യങ്ങളേക്കാള്‍ കരുത്തരായ കോര്‍പറേറ്റ് കമ്പനികളുടെ കൈകളിലാണ് ഇവയെല്ലാം. പലപ്പോഴും തങ്ങളുടെ ഉപയോക്താക്കളോടും അവരുടെ ഡാറ്റയോടും വേട്ടക്കാരുടെ സ്വഭാവം ഇവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇവിടെയും നിയന്ത്രണം അത്യാവശ്യമാണ്.

  • ഭാവിയെ കരുതുക

ഉത്തരവാദിത്വത്തിലേക്കു വരണമെന്ന ആഗോള ആഹ്വാനത്തിന്റെ വെളിച്ചത്തില്‍, ഇതരമതങ്ങളുടെയും നേതാക്കളെ ഇതിലുള്‍ക്കൊള്ളിക്കാന്‍ അക്കാദമിയും പരി. സിംഹാസനവും ആഗ്രഹിച്ചു. 2022 ജനുവരിയില്‍ യഹൂദരും മുസ്ലീങ്ങളും ഈ ആഹ്വാനത്തില്‍ ഒപ്പു വച്ചു. അടുത്ത ജൂലൈയില്‍, ഹിരോഷിമയില്‍ വച്ച് ഏഷ്യന്‍ മതങ്ങളുടെ നേതാക്കളും ഇതില്‍ ഒപ്പു വയ്ക്കും. ശത്രുതാപരമായ ഒരന്തരീക്ഷത്തില്‍ സ്വയം പ്രതിരോധിക്കുകയല്ല, മറിച്ച് എല്ലാ കാലത്തും സ്ഥലത്തും മനുഷ്യരാശിയെ മുഴുവന്‍ സേവിക്കുകയാണ് മതങ്ങളുടെ ആഗോള ഉത്തരവാദിത്വം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ മഹാപരിവര്‍ത്തനങ്ങള്‍ നമ്മെ ഭയപ്പെടുത്തരുത്. ഈ ഭൂഗോളത്തിലധിവസിക്കുന്ന മനുഷ്യജീവിതത്തോടു നമുക്കുള്ള സുവിശേഷാത്മകമായ ഉത്തരവാദിത്വത്തിലേക്കുള്ള ആഹ്വാനമാണ് അത്. ഭാവിയുടെ ഉത്തരവാദിത്വമേറ്റെടുക്കുന്ന മനുഷ്യരായി നമ്മെ മാറ്റുകയാണ് ഈസ്റ്ററിലെ ക്രിസ്തുവിനെ കുറിച്ചുള്ള ഓര്‍മ്മ. പാരമ്പര്യമെന്നാല്‍ ചാരത്തെ ആരാധിക്കലല്ല, അഗ്‌നിയെ സൂക്ഷിക്കലാണ് എന്നു പറയുമ്പോള്‍ ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.

  • (ബംഗളുരുവില്‍ നടന്ന സി ബി സി ഐ സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org