നിര്‍മ്മിതബുദ്ധിയിലെ ദൈവാംശം: ചില ചിന്തകള്‍

നിര്‍മ്മിതബുദ്ധിയിലെ ദൈവാംശം: ചില ചിന്തകള്‍
ഭാവിയിലെ നൈതികത നിശ്ചയിക്കുന്നത് ഗണിത ശാസ്ത്രമായിരിക്കും അല്‍ഗൊരിതത്തില്‍ വരുത്തുന്ന വ്യതിയാനങ്ങളായിരിക്കും. നിര്‍മ്മിതബുദ്ധിയിലെ ദൈവാംശം (God factor of AI) എന്നു പറയുന്നത് മുന്‍വിധികളെയും വിധികളെയും തിരുത്താന്‍ അല്‍ഗൊരിതത്തില്‍ വരുത്തുന്ന ഗണിതശാസ്ത്ര തിരുത്തലുകളായിരിക്കും (The future of ethics will be mathematical).

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവം നമ്മള്‍ മറന്നു കാണില്ല. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പി എസ് രാധാകൃഷ്ണന് ഒരു വാട്‌സാപ്പ് കോളു വരുന്നു. മറുതലയ്ക്ക് സുഹൃത്തായ വേണുകുമാറാണ്. അവര്‍ സൗഹൃദ സംഭാഷണം നടത്തുന്നു. രാധാകൃഷ്ണന്റെ മകളെ പേരു വിളിച്ച് അന്വേഷിക്കുന്നു, മറ്റ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ അന്വേഷിക്കുന്നു. അതിനുശേഷം തന്റെ ബന്ധുവിന്റെ ചികിത്സാര്‍ത്ഥം 40,000 രൂപ കടമായി വേണമെന്ന് വേണുകുമാര്‍ അപേക്ഷിക്കുന്നു, കാരണം അദ്ദേഹം ഒരു വിദേശയാത്രയിലാണ്. അല്പം അമാന്തിച്ച രാധാകൃഷ്ണന്‍ ചേട്ടന്റെ മുമ്പില്‍ വീഡിയോ കോളില്‍ വേണുകുമാര്‍ പ്രത്യക്ഷപ്പെടുന്നു. അത്യാവശ്യഘട്ടത്തില്‍ സഹായിക്കുന്നവനാണല്ലോ സുഹൃത്ത് എന്നു കരുതി 40,000 രൂപ രാധാകൃഷ്ണന്‍ ചേട്ടന്‍ ഗൂഗിള്‍ പേ ചെയ്യുന്നു. വീണ്ടും 30,000 രൂപ ചോദിച്ച് വിളിച്ചപ്പോഴാണ് അത് ഫേക്കായിരിക്കുമെന്ന സംശയം തോന്നുന്നതും ഒടുവില്‍ കേരള പൊലീസിന്റെ സൈബര്‍ വിഭാഗം ആ പണം ഡിജിറ്റലായി വീണ്ടെടുക്കുന്നതും ഒടുവില്‍ പ്രതികളെ ഗുജറാത്തില്‍ നിന്നും പിടികൂടുന്നതും.

ഇത്തരം അനുഭവങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും പുത്തരിയല്ല. ഫെയ്‌സ്ബുക്കിലേയും/ഇന്‍സ്റ്റാഗ്രാമിലേയും അപരന്മാരെ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്. ഫ്രണ്ട്‌സ് ലിസ്റ്റുണ്ടാക്കി അവരുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി വാട്‌സാപ്പിലൂടെയും ഫെ യ്‌സ്ബുക്ക് മെസഞ്ചറിലൂടെയും ഫേക്ക് വീഡിയോ കോളുകള്‍ വിളിച്ച് പണം പിടുങ്ങുവാന്‍ ഈ വിരുതര്‍ മിടുക്കരാണ്. എന്റെ ഫേക്ക് പ്രൊഫൈലില്‍ നിന്നുള്ള വിളികേട്ട് 15,000 രൂപ കൊടുത്തത്, എനിക്ക് പരിചയമുള്ള ഒരു വക്കീലായിരുന്നു.

വക്കീലിന്റെ കാര്യം ഇങ്ങനെയെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ആദ്യത്തെ ഉദാഹരണത്തിലും ഇര ഒരു വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ആരെയും പറ്റിക്കാം, കുബേര കുചേല വ്യത്യാസമില്ലാതെ, പണ്ഡിത പാമര വ്യത്യാസമില്ലാതെ - അതാണ് നിര്‍മ്മിത ബുദ്ധിയുടെ ലോകം, ഡീപ്പ് ഫേക്കിന്റെ ലോകം.

  • നിര്‍മ്മിതബുദ്ധി പ്രശ്‌നക്കാരനാണോ?

എ ഐ എന്നറിയപ്പെടുന്ന നിര്‍മ്മിതബുദ്ധി അങ്ങനെ മൊത്തം പ്രശ്‌നക്കാരനല്ല. അല്ലെന്ന് മാത്രമല്ല ലോകത്തിലെ എല്ലാ മേഖലകളും തന്നെ എ ഐയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. പുതുലോകത്തെ ഏറ്റവും വലിയ ജോലി സാധ്യതയും എ ഐ മേഖലയിലായിരിക്കും എന്നു പറയുന്നതിന് കാരണവും മറ്റൊന്നല്ല; കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍ വന്നിരുന്നു. സര്‍ക്കാരാശുപത്രിയില്‍ വരുന്ന രോഗികളെ സഹായിക്കാന്‍ ഒരു എ ഐ സങ്കേതം വേണമത്രേ. രോഗത്തിന്റെ ലക്ഷണങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ രോഗികള്‍ക്ക് സാധാരണ നിര്‍ദേശിക്കാറുള്ള ലാബ് ടെസ്റ്റുകള്‍ എ ഐ സഹായത്തോടെ കുറിക്കാനായാല്‍ രോഗിയുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ചുരുങ്ങിയ ചെലവില്‍ ലഭ്യമായ ഗവണ്‍മെന്റ് ലാബിന്റെ ഉപയോഗം കൂട്ടാനും അതുവഴി സാധാരണക്കാരെ സഹായിക്കാനുമാകുമത്രെ. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം പഴുതടച്ചതാക്കുവാന്‍ എ ഐ യുടെ സഹായം ഉപയോഗിക്കുന്ന പണിപ്പുരയിലാണ് കോളജിലെ മറ്റൊരു അധ്യാപകന്‍. കൊച്ചി മെട്രോയ്ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ചെയ്ത ഒരു ഗവേഷണം ഓരോ സ്‌റ്റേഷനിലും അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാവുന്ന തിരക്ക് എ ഐ സഹായത്തോടെ പ്രവചിക്കുന്ന ശ്രമത്തിലാണ്. എ ഐ മൊത്തം പ്രശ്‌നക്കാരനല്ല. പക്ഷെ, ചില പ്രശ്‌നങ്ങളുമുണ്ട്.

  • എ ഐയുടെ നൈതിക പ്രശ്‌നം

ഐ ബി എം ന്റെ 'വാട്ട്‌സണ്‍' എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ഇപ്പോള്‍ സ്‌പെഷലൈസ് ചെയ്യുന്നത് ലീഗല്‍ ഡേറ്റയിലാണ്. അമേരിക്കന്‍ ലീഗല്‍ ഡേറ്റ മുഴുവന്‍ അരച്ച് കലക്കി കുടിച്ച് എ ഐ അല്‍ഗൊരിതങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യാന്‍ കഴിയുന്നതുകൊണ്ട് ജൂനിയര്‍ വക്കീലന്മാരുടെ വയറ്റത്തടിച്ച് സീനിയര്‍ വക്കീലന്മാര്‍ക്ക് ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളും റഫറന്‍സുകളും നല്കുന്നത് ഇപ്പോള്‍ വാട്ട്‌സനാണ്. ഓരോ കേസിനും ഏതു തരം ശിക്ഷയാണ് വിധിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഉപദേശം വരെ വാട്ട്‌സണ്‍ ഇപ്പോള്‍ കൊടുക്കും. വാട്ട്‌സണും മറ്റ് എ ഐ സങ്കേതങ്ങളും ഇപ്രകാരം കൊടുക്കുന്ന നൈയ്യാമിക ഉപദേശങ്ങളെ പച്ച മനുഷ്യരടങ്ങിയ ഒരു സംഘം പരിശോധനയ്ക്ക് വിധേയമാക്കി. അവര്‍ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു, വാട്ട്‌സന്റെ ഉപദേശങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഒരു പക്ഷപാതിത്വം ഉണ്ടെന്നുള്ളത്. ഒരേ പോലുള്ള കുറ്റങ്ങള്‍ക്ക് കറുത്തവന് കൂടുതല്‍ കഠിനമായ ശിക്ഷയും വെളുത്തവന് കുറവ് ശിക്ഷയുമാണ് വാട്ട്‌സണ്‍ നിര്‍ദേശിക്കുന്നതത്രെ. വാട്ടസ്‌ണെയോ എ ഐ യേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതുവരെ കിട്ടിയിരിക്കുന്ന ഡേറ്റ ഉപയോഗിച്ചു മാത്രമാണ് എ ഐ അല്‍ഗൊരിതങ്ങള്‍ എന്തും ചെയ്യുന്നുള്ളൂ; അത് പ്രവചനമാകട്ടെ, നിര്‍ദേശമാകട്ടെ, പാറ്റേണുകള്‍ കണ്ടെത്തലാകട്ടെ; എന്തും.

പക്ഷേ, അവൈലബിള്‍ ഡാറ്റ തന്നെ മുന്‍വിധിയും പക്ഷപാതിത്വവും നിറഞ്ഞതാണെങ്കില്‍ എ ഐ എന്തു ചെയ്യാന്‍? അല്‍ഗൊരിതവും അതിന്റെ വഴിക്കു പോകും. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള മുന്‍വിധി മനുഷ്യരില്‍ രൂഢമൂലമായിരുന്നതു കൊണ്ടും, കോടതി വിധികളില്‍ വരെ അത് നിഴലിച്ചതുകൊണ്ടും അല്‍ഗൊരിതങ്ങളുടെ നിര്‍ദേശങ്ങളും പക്ഷപാതിത്വമുള്ളതായിത്തീരുന്നു. നിലനില്‍ക്കുന്ന, അല്ലെങ്കില്‍ നിലനിന്നിരുന്ന തിന്മകളെ സ്ഥാപന വല്‍ക്കരിക്കുകയാകും അപ്പോള്‍ എ ഐ ചെയ്യുക. ഇതാണ് വലിയ പ്രശ്‌നം.

  • എ ഐ നൈതികതയിലെ ദൈവാംശം

ഈ പ്രശ്‌നത്തിനുള്ള പ്രതിവിധി വളരെ എളുപ്പമാണ്, എത്രയാണോ ബയസ് (മുന്‍വിധി) അത്രമാത്രം ഒരു മറുമരുന്ന് പ്രയോഗിക്കുക, അല്‍ഗൊരിതത്തില്‍ മുന്‍വിധി 2% ആണെങ്കില്‍ 2% കറക്ഷന്‍ നടത്തിയാല്‍ മതിയല്ലോ. പക്ഷേ, ഈ ശതമാനം എത്രയാണെന്ന് ആര് നിശ്ചയിക്കും? ഈ ശതമാനം അങ്ങോട്ടാണോ, ഇങ്ങോട്ടാണോ എന്ന് ആരു നിശ്ചയിക്കും? ഇതുവരെ അത് നിര്‍ണ്ണയിച്ചിരുന്നത് മനുഷ്യന്റെ മനഃസാക്ഷിയായിരുന്നു; സഭയുടെ ഭാഷയില്‍ പറഞ്ഞാല്‍, ദൈവികമായ വെളിച്ചത്തില്‍ സഭയുടെ പഠനങ്ങളിലൂടെ, വെളിപ്പെടുത്തലുകളിലൂടെ രൂപപ്പെട്ടതും അളക്കപ്പെട്ടതും. പക്ഷേ, ഇനിയങ്ങോട്ട് അത് ഡേറ്റ നിര്‍ണ്ണയിക്കും, ഡേറ്റയുടെ വിശകലനം നടത്തുന്ന അല്‍ഗൊരിതം നിര്‍ണ്ണയിക്കും, അതിനേക്കാള്‍ ഉപരി അതിന്റെ മുന്‍വിധികളില്‍ തിരുത്തല്‍ വരുത്താന്‍ താല്പര്യപ്പെടുന്ന വ്യക്തികളും സംഘങ്ങളും കോര്‍പ്പറേറ്റുകളും ദൈവത്തിന്റെ ഭാവമെടുത്ത് നാളെയുടെ നൈതികത നിര്‍ണ്ണയിക്കും. മനുഷ്യരും, മനസ്സാക്ഷിയുടെ മതവും, ദൈവവുമെല്ലാം മാറി നില്‍ക്കേണ്ടി വരും; കാരണം ഭാവിയിലെ നൈതികത നിശ്ചയിക്കുന്നത് ഗണിത ശാസ്ത്രമായിരിക്കും അല്‍ഗൊരിതത്തില്‍ വരുത്തുന്ന വ്യതിയാനങ്ങളായിരിക്കും. നിര്‍മ്മിതബുദ്ധിയിലെ ദൈവാംശം (God factor of A I) എന്നു പറയുന്നത് മുന്‍വിധികളെയും വിധികളെയും തിരുത്താന്‍ അല്‍ഗൊരിതത്തില്‍ വരുത്തുന്ന ഗണിതശാസ്ത്ര തിരുത്തലുകളായിരിക്കും (The future of ethics will be mathematical).

  • എന്താകും വര്‍ത്തമാനവും, ഭാവിയും?

ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച ഡീപ്പ് ഫേക്കുകളും, സ്‌കാമുകളുമെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമേയുള്ളൂ. അതിനെ നേരിടാന്‍ ശരിയായ നിയമനിര്‍മ്മാണങ്ങളും, സൈബര്‍ പൊലീസിങ്ങുമൊക്കെ ഉടലെടുക്കും. ഉദാഹരണത്തിന് ഡീപ്പ് ഫേക്ക് വീഡിയോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യണമെന്ന നിയമം തന്നെ വന്നു തുടങ്ങി. പക്ഷെ, അതിനേക്കാള്‍ അപ്പുറമുള്ളവയായിരിക്കും വരാനിരിക്കുന്ന നൈതിക സമസ്യകള്‍. തലയോട്ടിയില്‍ ഒളിപ്പിച്ചു വയ്ക്കുന്ന ന്യൂറാലിക് ചിപ്പിലൂടെ തലച്ചോറിനെ വരെ നിയന്ത്രിക്കാനുള്ള സങ്കേതങ്ങള്‍ നെയ്‌തെടുക്കുന്ന ഇലോണ്‍ മസ്‌ക്മാരുള്ള ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കുന്ന, ഒരു പരിധിവരെ തിരുത്തുന്ന, നിര്‍മ്മിതബുദ്ധിയുടെ ദൈവാംശത്തെ ആരു നിയന്ത്രിക്കുമെന്നത് വലിയ തലവേദന തന്നെയായിരിക്കും. ലോക മനസ്സാക്ഷിയടെ പിതൃത്വം പേറുന്ന സഭയ്ക്കും സഭാ പഠനങ്ങള്‍ക്കും അതൊരു വെല്ലുവിളിയുമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org