സഭയുടെ ഐക്യത്തിന്റെ 'അജിയോര്‍ണമെന്റോ'

സഭയുടെ ഐക്യത്തിന്റെ 'അജിയോര്‍ണമെന്റോ'

ആഥന്‍സിനടുത്ത് കോറിന്ത് എന്ന പട്ടണത്തില്‍ ഗായിയൂസ് എന്ന ധനികനായ ആതിഥേയന്റെ ഭവനത്തിലിരുന്ന് പൗലോസ് തന്റെ റോമാക്കാര്‍ക്കുള്ള ലേഖനമെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ക്രിസ്തുവിന്റെ സഭയില്‍ നിറഞ്ഞു നില്‍ക്കേണ്ട ഐക്യത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു. സഭയില്‍ കാലാകാലങ്ങളിലുണ്ടാകുന്ന ഭിന്നതകള്‍ അദ്ദേഹത്തെ അത്യധികം വേദനിപ്പിച്ചിരുന്നു. റോമായിലെ സഭ പൗലോസ് സ്ഥാപിച്ചതല്ലെങ്കിലും വിജാതീയരുടെ അപ്പസ്‌തോലനെന്ന നിലയില്‍ അദ്ദേഹത്തിന് ആ സഭയുടെ മേല്‍ അധികാരമുണ്ട്. കാരണം റോമായിലെ വിശ്വാസികളില്‍ ഭൂരിഭാഗവും വിജാതീയ ക്രൈസ്തവരായിരുന്നു. ഏഷ്യയില്‍ പൗലോസിനോടൊപ്പം വചനശുശ്രൂഷയിലേര്‍പ്പെട്ടിരുന്ന ചിലര്‍ ഇപ്പോള്‍ റോമായില്‍ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. അങ്ങനെയുള്ള ഏതാണ്ട് 26-ഓളം സഹപ്രവര്‍ത്തകരെപ്പറ്റി ലേഖനത്തിന്റെ സമാപനത്തില്‍ പൗലോസ് പരാമര്‍ശിക്കുന്നുണ്ട്. അവരില്‍ നിന്നാണ് റോമായിലെ സഭയില്‍ അടുത്ത കാലത്തു പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഭിന്നതയെപ്പറ്റി പൗലോസ് മനസ്സിലാക്കുന്നത്.

റോമായിലെ സഭയ്ക്ക് ആരംഭം കുറിക്കുന്നത് പാലസ്തീനായില്‍ നിന്നു റോമായിലെത്തിയ യ ഹൂദ ക്രിസ്ത്യാനികളാണ്. റോമായില്‍ നിന്നുള്ള സന്ദര്‍ശകര്‍ ആദ്യത്തെ പന്തക്കുസ്തായില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവരം സ്വീകരിച്ചതായി ലൂക്കാ നടപടി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (നടപടി 2:10). റോമായില്‍ വളരെ മുമ്പേ യഹൂദര്‍ പാര്‍ത്തിരുന്നു. യൂദയാ രാജ്യം റോമാക്കാര്‍ കീഴടക്കിയപ്പോള്‍ ധാരാളം യഹൂദരെ അടിമകളായി റോമിലേക്കു പിടിച്ചുകൊണ്ടുപോയി. അവര്‍ക്ക് പിന്നീട് സ്വാതന്ത്ര്യം കിട്ടി. ഈ യഹൂദരില്‍നിന്നും യഹൂദമതത്തോടു താല്പര്യം പുലര്‍ത്തിയിരുന്ന ദൈവഭയമുള്ള വിജാതീയരില്‍ നിന്നും മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചവരാണ് റോമിലെ ആദ്യത്തെ ക്രിസ്ത്യാനികള്‍. യഹൂദാരാധനാ രീതികളോട് സാമ്യമുള്ള ആരാധനക്രമമാണ് അവര്‍ അവലംബിച്ചിരുന്നത്.

നാലാം നൂറ്റാണ്ടില്‍ റോമായില്‍ ജീവിച്ചിരുന്ന അംബ്രോസിയാസ്തര്‍ എന്ന സഭാ പിതാവ് തന്റെ റോമാ ലേഖന വ്യാഖ്യാനത്തില്‍ റോമായിലെ സഭയെപ്പറ്റി ചില വിവരണങ്ങള്‍ നല്കുന്നു: ''റോമായിലെ യഹൂദരുടെയിടയില്‍ നിന്നാണ് റോമിലെ സഭ രൂപം കൊള്ളുന്നത്. യഹൂദമതത്തോട് കുറുപുലര്‍ത്തിയിരുന്ന ദൈവഭയമുള്ള വിജാതീയരും പില്‍ക്കാലത്ത് സഭയിലെ അംഗങ്ങളായി. അത്ഭുതങ്ങളൊന്നും കാണാതെയും അപ്പസ്‌തോലന്മാരെ നേരില്‍ കേള്‍ക്കാതെയുമാണ് റോമായില്‍ യഹൂദ ജനതയില്‍ കുറെപ്പേര്‍ വിശ്വാസം സ്വീകരിച്ചത്. അവര്‍ യഹൂദ സമ്പ്രദായങ്ങളാണ് തങ്ങളുടെ ആരാധന ക്രമത്തിലും ജീവിതശൈലിയിലും അവലംബിച്ചിരുന്നത്.'' തീര്‍ച്ചയായും പിന്നീട് പത്രോസ് റോമിലെത്തി സഭയെ ശക്തിപ്പെടുത്തുകയും നീറോയുടെ വാഴ്ചക്കാലത്ത് അവിടെ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. സഭാ പിതാവായ, ക്ലെമന്റിന്റെ ലിഖിതങ്ങളില്‍ നിന്നും മറ്റു പാരമ്പര്യ രേഖകളില്‍ നിന്നും നമുക്കിതു മനസ്സിലാക്കാം. പക്ഷേ അതിനു മുമ്പുള്ള യഹൂദിയ കാലഘട്ടത്തെപ്പറ്റിയുള്ള ചില സൂചനകളാണ് അംബ്രോസിയാസ്തര്‍ നല്കുന്നത്.

രണ്ടു ചേരികള്‍

യഹൂദരില്‍ നിന്നാരംഭിച്ച റോമാസഭയില്‍ പില്ക്കാലത്ത് വിജാതീയക്രിസ്ത്യാനികള്‍ പ്രാബല്യം നേടി. എങ്കിലും അവര്‍ യഹൂദ പാരമ്പര്യം തന്നെയാണ് മുറുകെപ്പിടിച്ചിരുന്നത്. പരിച്ഛേദനമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും യഹൂദ സമ്പ്രദായങ്ങളോട് പൊരുത്തപ്പെട്ടു കഴിയാനായിരുന്നു അവര്‍ക്കു താല്പര്യം. കാലാന്തരത്തില്‍ റോമായിലെ സഭയില്‍ രണ്ടു ചേരികള്‍ രൂപംകൊണ്ടു. ഒന്നാമത്തെ ചേരിയെ 'യഹൂദ സമ്പ്രദായാനുകൂലികള്‍' എന്നു വിളിക്കാം. അവര്‍ യഹൂദ മതപാരമ്പര്യങ്ങളും നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കണമെന്നു വാദിക്കുന്നവരായിരുന്നു. ഈ ചേരിയില്‍ യഹൂദരില്‍ നിന്നു മാനസാന്തരപ്പെട്ട ക്രിസ്ത്യാനികള്‍ മാത്രമല്ല, വിജാതീയരില്‍നിന്ന് വിശ്വാസികളായവരും ഉള്‍പ്പെട്ടിരുന്നു. രണ്ടാമത്തെ ചേരിയെ 'സുവിശേഷ കേന്ദ്രവാദികള്‍' എന്നു വിളിക്കാം. അവരെ സംബന്ധിച്ചിടത്തോളം യഹൂദ നിയമങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. സുവിശേഷവും ക്രിസ്തുവും മാത്രമാണ് വിശ്വാസജീവിതത്തിന്റെ കേന്ദ്രം. യഹൂദ സമ്പ്രദായങ്ങളില്‍ നിന്ന് കഴിയുന്നത്ര സഭയെ മോചിപ്പിക്കാനാണവര്‍ ശ്രമിച്ചത്. ഈ രണ്ടു ചേരികളും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്പെട്ട സന്ദര്‍ഭത്തിലാണ് പൗലോസ് റോമാക്കാര്‍ക്ക് ലേഖനമെഴുതുന്നത്. രണ്ടു ചേരികളെയും ഐക്യപ്പെടുത്തി സമാധാനം സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സമാധാനമെന്ന വാക്കും സമാധാനാശംസകളും പല പ്രാവശ്യം റോമാലേഖനത്തില്‍ നമുക്കു കാണാം.

ഐക്യത്തിന്റെ ദൈവശാസ്ത്രം

സഭയില്‍ ഐക്യം സ്ഥാപിക്കാന്‍ പൗലോസ് കൊണ്ടുവരുന്ന ദൈവശാസ്ത്ര ചിന്താധാരയാണ് 'ദൈവത്തിന്റെ ധര്‍മ്മനിഷ്ഠത'യും (righteousness of God) 'വിശ്വാസത്തിലൂടെയുള്ള ധര്‍മ്മവല്ക്കരണവും' (justification by faith) കാരുണ്യവനായ ദൈവം യഹൂദരേയും വിജാതീയരേയും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വീണ്ടെടുത്തു സ്വന്തം ജനമാക്കിയിരിക്കുന്നു എന്നതാണ് ഈ ദൈവ ശാസ്ത്ര ധാരയുടെ അടിസ്ഥാനം. ദൈവം ക്രിസ്തുവിലൂടെ നല്കുന്ന സാര്‍വ്വത്രിക രക്ഷയാണ് പൗലോസ് പ്രഘോഷിച്ചത്. യഹൂദനെന്നോ വിജാതീയനെന്നോ ഉള്ള ഭേദം കൂടാതെ സകലരേയും രക്ഷിക്കാനാണ് ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതും അവനെ കുരിശില്‍ ബലിയര്‍പ്പിച്ചതും. യഹൂദ നിയമങ്ങള്‍ക്കോ അനുഷ്ഠാനങ്ങള്‍ക്കോ നമ്മെ രക്ഷിക്കാനാവില്ല. ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് രക്ഷനല്കുന്നത്. യഹൂദ സമ്പ്രദായത്തെ കേന്ദ്ര സ്ഥാനത്തു നിന്നു മാറ്റി ക്രിസ്തുവിനെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചതും എല്ലാ ജാതി ജനങ്ങളേയും ക്രിസ്തുവില്‍ ഐക്യപ്പെടുത്തിയതുമാണ് പൗലോസിന്റെ ഏറ്റവും വലിയ സംഭാവന. ഈ സുവിശേഷമുള്‍ക്കൊണ്ട് ഐക്യത്തിലേക്കു വരാന്‍ അദ്ദേഹം റോമിലെ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുകയാണ്.

എന്നാല്‍ യഹൂദമതത്തില്‍ നിന്നും പൂര്‍വ്വപിതാക്കളില്‍ നിന്നും ക്രൈസ്തവര്‍ സ്വീകരിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു (റോമാ 9:1- 11:36). കാരണം ഒലിവുമരത്തിന്റെ തായ്ത്തണ്ടില്‍ ഒട്ടിച്ചു ചേര്‍ക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖകളായ വിജാതീയ ക്രിസ്ത്യാനികള്‍ ''നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെ താങ്ങുകയാണെന്ന് എപ്പോഴും ഓര്‍ത്തുകൊള്ളണം'' (റോമാ 11:18). ''ദൈവത്തിന്റെ വിളിയും ദാനങ്ങളും ഒരിക്കലും പിന്‍വലിക്കപ്പെടാത്തവയാകയാല്‍'' (റോമാ 11:29) അവിശ്വാസികളായ യഹൂദര്‍ക്ക് അവസാനം രക്ഷ ലഭിക്കും. അതിനാല്‍ യഹൂദരെയോ യഹൂദ ക്രിസ്ത്യാനികളെയോ അപമാനിക്കാന്‍ പാടില്ല.

ഇങ്ങനെ സമ്പ്രദായാനുകൂലികളുടെ നന്മ എടുത്തു കാട്ടുകയും സുവിശേഷ കേന്ദ്ര വാദികളുടെ ദര്‍ശനധാര ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് ഇരുകൂട്ടരേയും ഒന്നിപ്പിക്കാനാണ് പൗലോസ് ശ്രമിക്കുന്നത്. ബലമുെണ്ടന്ന് ഭാവിക്കുന്ന സുവിശേഷ കേന്ദ്ര വാദികള്‍ ദുര്‍ബ്ബലരെന്നു കരുതപ്പെടുന്ന യഹൂദ സമ്പ്രദായാനുകൂലികളെ അംഗീകരിക്കുകയും അവരുമായി പൊരുത്തപ്പെട്ടു ജീവിക്കുകയും വേണം (റോമാ 14:1-15:13). പരസ്പരം വിധിക്കാെത, സഹോദരനു ഇടര്‍ച്ചയോ മാര്‍ഗ്ഗതടസ്സമോ ഉണ്ടാക്കാതെ ജീവിക്കുമ്പോള്‍ (14:13) ഐക്യവും രമ്യതയും സമൂഹത്തില്‍ പുലരും. ഒരു കൂട്ടര്‍ മറു കൂട്ടര്‍ക്കു കീഴടങ്ങുന്ന ഐകരൂപ്യമല്ല, പൗലോസ് വിഭാവനം ചെയ്യുന്നത്; മറിച്ച് വൈവിധ്യങ്ങള്‍ അന്യോന്യം അംഗീകരിച്ചാദരിക്കുന്ന ഐക്യമാണ്. രണ്ടു ചേരികളിലേയും നന്മകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്ഥാപിക്കപ്പെടുന്ന ഐക്യമാണത്. ഇപ്രകാരമുള്ള ഐക്യം റോമാ സഭയില്‍ പുലര്‍ന്നാല്‍ മാത്രമേ, പൗലോസിന്റെ സ്‌പെയിനിലെ പ്രേഷിതപ്രവര്‍ത്തനത്തില്‍ അവര്‍ക്കു പങ്കാളികളാകാനാവൂ. പ്രേഷിത പ്രവര്‍ത്തന വിജയത്തിന് അനിവാര്യമാണ് സഭയിലെ ഐക്യം.

പരസ്പരം വിധിക്കാെത, സഹോദരനു ഇടര്‍ച്ചയോ മാര്‍ഗ്ഗതടസ്സമോ ഉണ്ടാക്കാതെ ജീവിക്കുമ്പോള്‍ (14:13) ഐക്യവും രമ്യതയും സമൂഹത്തില്‍ പുലരും. ഒരു കൂട്ടര്‍ മറു കൂട്ടര്‍ക്കു കീഴടങ്ങുന്ന ഐകരൂപ്യമല്ല, പൗലോസ് വിഭാവനം ചെയ്യുന്നത്; മറിച്ച് വൈവിധ്യങ്ങള്‍ അന്യോന്യം അംഗീകരിച്ചാദരിക്കുന്ന ഐക്യമാണ്. രണ്ടു ചേരികളിലേയും നന്മകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്ഥാപിക്കപ്പെടുന്ന ഐക്യമാണത്. ഇപ്രകാരമുള്ള ഐക്യം റോമാ സഭയില്‍ പുലര്‍ന്നാല്‍ മാത്രമേ, പൗലോസിന്റെ സ്‌പെയിനിലെ പ്രേഷിതപ്രവര്‍ത്തനത്തില്‍ അവര്‍ക്കു പങ്കാളികളാകാനാവൂ.

സഭയിലെ ഐക്യം

സീറോ മലബാര്‍ സഭയില്‍ അടുത്തകാലത്ത് ശക്തിപ്പെട്ട വിവാദ വിഷയങ്ങള്‍ സഭയെ ഭിന്നിപ്പിലേക്കും അനൈക്യത്തിലേക്കുമാണോ നയിക്കുന്നത്? ലിറ്റര്‍ജി സംബന്ധമായ വിവാദമാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നന്നത്. അള്‍ത്താരാഭിമുഖ കുര്‍ബാനയാണോ ജനാഭിമുഖ കുര്‍ബാനയാണോ അഭികാമ്യം എന്നതാണ് തര്‍ക്കവിഷയം. തീര്‍ച്ചയായും പൗരസ്ത്യസഭകളുടെ പുരാതന പാരമ്പര്യം അള്‍ത്താരാഭിമുഖ കുര്‍ബാനയെയാണ് അനുകൂലിക്കുന്നത്. കുര്‍ബാനയുടെ ബലിപരമായ വശത്തിനും യുഗാന്ത്യോന്മുഖമായ കാഴ്ചപ്പാടിനും പ്രാധാന്യം കൊടുക്കുന്ന ക്രമമാണിത്. എന്നാല്‍ ജനാഭിമുഖ കുര്‍ബാനയില്‍ പുലര്‍ന്നുകൊണ്ടിരിക്കുന്ന നന്മകള്‍ നാം വിസ്മരിക്കാന്‍ പാടില്ല.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് ജനാഭിമുഖ കുര്‍ബാന ലത്തീന്‍ സഭയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉറവിടങ്ങളിലേക്കു തിരിച്ചുപോയി ആദിമക്രമം പുനഃസ്ഥാപിക്കണമെന്നു മാത്രമല്ല, സാംസ്‌കാരികാനുരൂപണത്തിലൂടെ ആരാധനക്രമം ക്രിയാത്മകവും കര്‍മ്മോത്സുകവുമാക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. ദൈവജനത്തിന്റെ സജീവമായ ഭാഗഭാഗിത്വത്തിനും സാംസ്‌കാരികമായ സംവാദത്തിനും സഹായിക്കുന്ന ലിറ്റര്‍ജിയാണ് രൂപപ്പെടേണ്ടതെന്നും കൗണ്‍സില്‍ സൂചിപ്പിക്കുന്നുണ്ട്. ആരാധനക്രമത്തിന്റെ പഴമ പുനഃസ്ഥാപിക്കുന്നവര്‍ പലപ്പോഴും അതിന്റെ കാലികവും സാം സ്‌കാരികവുമായ അനുരൂപണത്തെയും നവീകരണത്തെയും വിസ്മരിക്കുകയാണ് ചെയ്യുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ദൈവജനത്തിന്റെ വികാര വിചാരങ്ങളോടും ജീവിതപ്രശ്‌നങ്ങളോടും സംവദിക്കാനും അവര്‍ക്കു സജീവ ഭാഗഭാഗിത്വം വഹിക്കാനും സഹായിക്കുന്ന ലിറ്റര്‍ജിയാണ് ഇന്ന് പ്രസക്തമായിട്ടുള്ളത്. പഴയ ക്രമം അതേപടി പുനഃസ്ഥാപിക്കുന്നതുകൊണ്ടു മാത്രമോ, അതെപ്പറ്റി പഠിപ്പിച്ചതുകൊണ്ടു മാത്രമോ ലിറ്റര്‍ജി ഇന്നത്തെ മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങളുമായി സംവദിക്കുന്ന പ്രാര്‍ത്ഥനാക്രമമാകണമെന്നില്ല. ഇവിടെയാണ് ജനാഭിമുഖ കുര്‍ബാന സമൂഹത്തിലുളവാക്കിയ വിപ്ലവകരമായ മാറ്റം. ജനങ്ങളുമായി സംവദിക്കുന്ന രീതിക്കാണ് ഈ ക്രമം പ്രാധാന്യം നല്കുന്നത്.

എഴുതിവച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതിനു മാത്രമല്ല, മനുഷ്യന്റെ കാലികപ്രശ്‌നങ്ങളില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്ന പുതിയ പ്രാര്‍ത്ഥനകള്‍ ഉള്‍ച്ചേര്‍ക്കുന്നതിനും ജനങ്ങളും പുരോഹിതനും ദൈവജനത്തിലെ തുല്യരായ അംഗങ്ങളെന്ന നിലയില്‍ കൂട്ടായ്മയില്‍ ബലിയര്‍പ്പിക്കുന്നതിനും സഹായകമായ ക്രമമാണ് ജനാഭിമുഖമായ കുര്‍ബാന.

ജനാഭിമുഖ കുര്‍ബാന സാമൂഹിക നീതി പുല്‍കുന്ന പുതിയ സാമൂഹിക ക്രമത്തിലേക്കു ദൈവജനത്തെ നയിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ശക്തിപ്രാപിച്ച ദൈവശാസ്ത്ര ചിന്താധാരകളാണ് പ്ര വാചകത്വവും സാമൂഹിക നീതിക്കായുള്ള പോരാട്ടവും. കുര്‍ബാന ക്രിസ്തുവിന്റെ ബലിയുടെ പുനരവതരണമാണ്. ക്രിസ്തു കുരിശില്‍ ബലിയായിത്തീര്‍ന്നത് സത്യത്തിനും നീതിക്കുംവേണ്ടി ഉറച്ചനിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടാണ്, സാമൂഹികവും മതപരവുമായ തിന്മകള്‍ക്കെതിരെ പോരാടിയതുകൊണ്ടാണ്. ക്രിസ്തുവിന്റെ ബലി സ്‌നേഹത്തിന്റെ അത്യുദാത്തമായ പ്രകാശനം കൂടിയായിരുന്നു. സ്‌നേഹം ദാനമാണ്. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ പങ്കിട്ടു നല്കുന്ന പരിപൂര്‍ണ്ണ സ്‌നേഹമാണ് ക്രിസ്തുവിന്റെ ബലി.

സത്യം, നീതി, സ്‌നേഹം മുതലായ മൂല്യങ്ങള്‍ പുലരുന്ന നവസമൂഹത്തിനുവേണ്ടി പോരാടാനും പ്രയത്‌നിക്കാനും നമ്മെ നിര്‍ ബന്ധിക്കുകയാണ് ഓരോ പരിശുദ്ധ കുര്‍ബാനയും. ജനാഭിമുഖ ബലിയര്‍പ്പണമാണ് അള്‍ത്താരാഭിമുഖ ബലിയര്‍പ്പണത്തെക്കാള്‍ ഈ ചിന്താധാര നമ്മുടെ മനസ്സില്‍ സന്നിവേശിപ്പിക്കുന്നത്. കുര്‍ബാന വെറും കള്‍ട്ടായി അധഃപതിക്കാതിരിക്കാന്‍ നാം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബൈബിളിലെ പ്രവാചകരെല്ലാം സത്യവും നീതിയും സ്‌നേഹവുമില്ലാത്ത അനുഷ്ഠാനമായി ആരാധന അധഃപതിക്കുന്നതിനെതിരെ താക്കീതു നല്കുന്നുണ്ട്. യേശുവും ഈ താക്കീത് തന്റെ ദേവാലയ ശുദ്ധീകരണ രംഗത്ത് ആവര്‍ത്തിക്കുന്നുണ്ട്. വി. കുര്‍ബാന നീതിനിഷ്ഠമായ നവസമൂഹ രചനയ്ക്കുള്ള സര്‍ഗ്ഗാത്മകവും ദൈവികവുമായ മാധ്യമമായിത്തീരത്തക്കവിധം പരികര്‍മ്മം ചെയ്യുന്നതിനും ജനങ്ങള്‍ അതില്‍ ക്രിയാത്മക ഭാഗഭാഗിത്വം വഹിക്കുന്നതിനും ജനാഭിമുഖ കുര്‍ബാന ഏറെ സഹായിക്കും. അള്‍ത്താരാഭിമുഖ കുര്‍ബാന ഇതിനു സാഹയകമല്ല എന്ന ധ്വനി ഇവിടെയില്ല. മറിച്ച് ജനാഭിമുഖ കുര്‍ബാനയാണ് ഇതിന് ഏറെ സഹായകമായത് എന്നേ സൂചിപ്പിക്കുന്നുള്ളൂ.

ചരിത്രപരമായ കാരണങ്ങളാല്‍ സീറോ മലബാര്‍ സഭയില്‍ രൂപപ്പെട്ട ഈ രണ്ടു രീതികളും, ഏക മനസ്സോടെ സമവായമുണ്ടാകുവോളം തുടരുന്നതിനും, അങ്ങനെ പരസ്പരം അംഗീകരിച്ചാദരിക്കുന്ന സഭാ ജീവിതശൈലിയിലൂടെ പ്രേഷിത പ്രവര്‍ത്തനം സജീവമാക്കുന്നതിനും ഐക്യത്തിന്റെ പ്രകാശം പരത്തുന്നതിനുമിടയായാല്‍ സഭ ഇക്കാലഘട്ടത്തില്‍ ഏറ്റവും വലിയ ക്രിസ്തീയ സാക്ഷ്യം നല്കുകയായിരിക്കും ചെയ്യുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org