ഹര്‍ഷാരവങ്ങളുമായി വീണ്ടും അറിവിന്റെ തിരുമുറ്റത്ത്

ഹര്‍ഷാരവങ്ങളുമായി വീണ്ടും അറിവിന്റെ തിരുമുറ്റത്ത്
Published on
ഏതെങ്കിലുമൊരു പുതിയ അറിവോ, തൊഴിലോ അഭ്യസിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ഈ വിദ്യാസമ്പ്രദായത്തിന് മറ്റൊരു നിര്‍വ്വചനം കൂടി നല്‍കാം. സാമാന്യമായ അറിവോ സാമൂഹിക ജീവിതത്തിനാവശ്യമായ സംസ്‌കാരമോ ഏതെങ്കിലുമൊരു തൊഴില്‍ ചെയ്യാനുള്ള ശേഷിയോ നേടുന്നതിനുവണ്ടിയുള്ള ഏതൊരു പ്രവര്‍ത്തനത്തെയും വിദ്യാഭ്യാസം എന്നു പറയാം.

നമ്മളിതാ വീണ്ടും വിദ്യാലയ മണിമുറ്റത്ത്...

എന്നാണ് സ്‌ക്കൂള്‍ അടച്ചത് ?

എത്ര പെട്ടന്നാണ് വീണ്ടും തുറന്നത്?

സമയം ഇത്ര പെട്ടെന്നു തന്നെയങ്ങു പോയെന്നോ ?

ഇങ്ങനെയൊക്കെയല്ലേ നിങ്ങളില്‍ ഓരോരുത്തരും അതിശയം കൂറുന്നത് ? എന്നാലും ആര്‍ക്കും മുഷിപ്പോ, നീരസമോ തെല്ലും തോന്നുന്നില്ല. കാരണം കൊറോണ എന്ന മഹാമാരിക്കു ശേഷം കഴിഞ്ഞ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ തുറന്നിരുന്നുവെങ്കിലും കാലാകാലങ്ങളായുള്ള ആഹഌദസുദിനമായ ജൂണ്‍ ഒന്നിനുള്ള പുതിയൊരധ്യയന വര്‍ഷത്തിലേക്കാണല്ലോ നമ്മള്‍ കടന്നു ചെല്ലുന്നത്. കൊടിതോരണങ്ങളും മിഠായി വിതരണവുമായി നമ്മളെ ഓരോരുത്തരെയും കാത്തിരിക്കുന്ന അധ്യാപക കൂട്ടവും പുതിയ പെയിന്റൊക്കെയടിച്ച വിദ്യാലയവും. മുമ്പു കാലത്തുണ്ടായിരുന്ന കണ്ണുരുട്ടലോ, ചൂരല്‍ പ്രയോഗങ്ങളോ ഇപ്പോള്‍ ഇല്ല. ശരിക്കും ഉത്സവം തന്നെയാണ് ഇന്നത്തെ പ്രവേശനോത്സവവും പിന്നീടുള്ള വിദ്യാലയദിനങ്ങളും.

വിദ്യാഭ്യാസം എന്നാല്‍

ഓരോ വര്‍ഷവും ഒരുപാടൊരുപാട് കൂട്ടുകാര്‍ അറിവിന്റെ തിരു മധുരം നുണയാന്‍ വിദ്യാലയത്തിലെത്തും. ഇത്തരം പൊതു തത്വങ്ങളും വിജ്ഞാനത്തിന്റെ മഹാസമുദ്രത്തിലേക്കിറങ്ങാനുള്ള ബാലപാഠങ്ങളുമാണ് വിദ്യാലയത്തില്‍ നിന്നും നമുക്കു ലഭിക്കുന്നത്.

ഏതെങ്കിലുമൊരു പുതിയ അറിവോ, തൊഴിലോ അഭ്യസിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ഈ വിദ്യാസമ്പ്രദായത്തിന് മറ്റൊരു നിര്‍വ്വചനം കൂടി നല്‍കാം. സാമാന്യമായ അറിവോ സാമൂഹിക ജീവിതത്തിനാവശ്യമായ സംസ്‌കാരമോ ഏതെങ്കിലുമൊരു തൊഴില്‍ ചെയ്യാനുള്ള ശേഷിയോ നേടുന്നതിനുവണ്ടിയുള്ള ഏതൊരു പ്രവര്‍ത്തനത്തെയും വിദ്യാഭ്യാസം എന്നു പറയാം.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്

മനുഷ്യന് സര്‍വ്വശക്തന്‍ നല്‍കിയ അപാരമായ അനുഗ്രഹമാണല്ലോ വിജ്ഞാനം. ഇതിന്റെ വ്യാപ്തി പലപല മേഖലകളിലേക്കു വ്യാപിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ തൊഴിലുകള്‍ ചെയ്ത് ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വിവിധങ്ങളായ വിദ്യകള്‍ പ്രത്യേകം പ്രത്യേകം അഭ്യസിക്കുന്ന സമ്പ്രദായവും ഉപരിപഠനവും മറ്റും അനിവാര്യമായിത്തീര്‍ന്നു. ഇങ്ങനെ ഓരോ വ്യക്തിയും അവനവന്റെ സൗകര്യം പോലെ മറ്റേതോ വ്യക്തിയില്‍ നിന്ന് വിദ്യകള്‍ ആര്‍ജ്ജിക്കുന്ന പതിവ് വളരെക്കാലം നിലനിന്നു.

പ്രാചീന വിദ്യാകേന്ദ്രങ്ങള്‍

വിദ്യ നേടാനുള്ള മനുഷ്യന്റെ ആര്‍ത്തി പ്രാദേശികതലത്തിലുള്ള വിദഗ്ദ്ധരുടെ കീഴില്‍ അവിടത്തെ ബാലികാബാലകന്മാര്‍ വിദ്യയാര്‍ജ്ജിക്കുന്ന രീതി ഉരുത്തിരിഞ്ഞു വന്നു. ഈ പ്രവണതയ്ക്ക് ശേഷം സമൂഹത്തിന്റെയോ ഭരണാധികാരികളുടേയോ കീഴിലുള്ള പൊതു സംവിധാനത്തില്‍ മാത്രമായി ഈ രീതി രൂപംകൊണ്ടു. പ്രാചീന ഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസം പില്‍ക്കാലത്ത് നളന്ദ, തക്ഷശില, ഉജ്ജയിനി മുതലായ സര്‍വ്വകലാശാലകളിലേക്കു മാറിയത് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാം.

പണ്ടത്തെ വിദ്യാഭ്യാസരീതി

നമ്മുടെ രാജ്യത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ വിദ്യാഭ്യാസം നാട്ടാശാന്മാരുടെ കീഴിലും കുടിപ്പള്ളിക്കൂടങ്ങളിലുമായുള്ള പ്രാഥമിക പഠനത്തിലും പ്രത്യേക വിദഗ്ദ്ധന്മാരുടെ കീഴിലുള്ള ഓത്തുപള്ളികളിലും ഗുരുകുല വിദ്യാഭ്യാസത്തിലും കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നു കണ്ടെത്താം. അസംഖ്യം വിദ്യാര്‍ത്ഥികളെ ഒരു കുടക്കീഴില്‍ താമസിപ്പിച്ചുകൊണ്ട് ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം വരെ നല്‍കുന്ന ചുരുക്കം ചില കേന്ദ്രങ്ങളുമുണ്ടായിരുന്നു. ഇവയാണ് പ്രാചീന സര്‍വ്വകലാശാലകള്‍.

ബ്രിട്ടീഷുകാരുടെ സംഭാവന

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് വിദ്യാഭ്യാസരംഗത്ത് പുരോഗതിയുമുണ്ടായി. വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ തരംതിരിച്ച് ക്രമാനുഗതമായ അധ്യയനത്തിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കിയത് പത്തൊമ്പതാം ശതകത്തിലെ ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. സ്‌കൂളുകള്‍ സ്ഥാപിച്ചും ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസരീതി അവര്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കാലം പുരോഗമിക്കവേ, വിജ്ഞാന വിതരണരംഗം അതിയായ പോഷണത്തിനു വിധേയമായി ഇന്ത്യ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനത്തെ ബോധ്യപ്പെടുത്തുകയും അതിനുവേണ്ട നിരവധി സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇന്നും ഈ രീതി തുടരുന്നു. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത്. ഇതോടൊന്നിച്ചു ചേര്‍ക്കാവുന്നതാണ്.

വിദ്യാഭ്യസ മേഖലകള്‍

വിദ്യാഭ്യാസ രംഗത്ത് ഇന്ന് ഇന്ത്യ-പ്രത്യേകിച്ചും കേരളം- മറ്റേതൊരു വന്‍കിട രാജ്യത്തെയും പോലെയോ, അതിലേറേയോ മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യയുള്‍പ്പടെയുള്ള മിക്ക രാജ്യങ്ങളിലും വിദ്യാഭ്യാസം സാധാരണ വിജ്ഞാന മേഖലകളിലെല്ലാം അടിസ്ഥാനപരമായ അറിവു നല്‍കുന്ന ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, തെരഞ്ഞെടുത്ത വിഷയങ്ങളില്‍ ഉപരി പഠനത്തിന് അവസരം നല്‍കുന്ന സര്‍വ്വകലാശാല വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെട്ട സാമാന്യ വിദ്യാഭ്യാസ സംവിധാനവും നിലവിലുണ്ട്. ഒപ്പം സാങ്കേതിക വിദ്യാഭ്യാസ സംവിധാനവും.

ഇത്തരം രണ്ടുതരം വിദ്യാഭ്യാസവും ഭരണകൂടത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നിലവിലുണ്ട്. ഇവയിലെ പഠനക്രമം, നിലവാരം തുടങ്ങിയവ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും ഭരണകൂടമോ, നിയമാനുസൃതമായി രൂപീകരിക്കുന്ന കൂട്ടായ്മകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആണ്.

കൂട്ടായ്മയുടെ ഉത്തരവാദിത്വങ്ങള്‍

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഈ പാനലിന് ചെയ്യാന്‍ കുറേയേറെ ജോലികളും ഉത്തരവാദിത്തങ്ങളുമുണ്ട്. അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക. പാഠ്യക്രമം ആസൂത്രണം ചെയ്യുക. അധ്യാപകരുടെ യോഗ്യതകള്‍ നിര്‍ണ്ണയിക്കുക. വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യതകള്‍ സംബന്ധിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കുക. പഠനകാലത്തിനു ശേഷം അവരുടെ പ്രാവീണ്യവും കഴിവും നിലവാരവും പരിശോധിച്ച് യോഗ്യതാപത്രം നല്‍കുക തുടങ്ങിയവയെല്ലാം പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട ബോര്‍ഡുകളോ സര്‍വകലാശാലകളോ ചെയ്യുന്നു.

വര്‍ണക്കടലാസു പൊതിഞ്ഞ പുസ്തകങ്ങള്‍

കഥപറയുമ്പോള്‍ എന്ന ചലച്ചിത്രത്തിലെ അശോക രാജി (പത്മശ്രീ മമ്മൂട്ടി)ന്റെ വികാരഭരിതമായ പ്രസംഗം കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ലേ...

...നിങ്ങള്‍ക്കിപ്പോള്‍ നല്ല ഉടുപ്പുകളുണ്ട്. വര്‍ണ്ണക്കടലാസുകള്‍ കൊണ്ടു പൊതിഞ്ഞ പുസ്തകങ്ങളുണ്ട്.....

ഇത് എത്രമാത്രം ശരിയാണല്ലേ? എത്രഭാഗ്യവാന്മാരാണ് നമ്മള്‍. ഇന്ത്യയിലെ തന്നെ സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന സം സ്ഥാനമാണ് നമ്മുടേത്. 90.86 ആണ് കേരളത്തിന്റെ സാക്ഷരതയുടെ തോത്. ഇത് തൊട്ടടുത്തു നില്‍ക്കുന്ന 88.80 മിസോറാമുമായൊന്നു താരതമ്യം ചെയ്തു നോക്കൂ.

പഠനാഘോഷം

എത്ര ആഘോഷമായിട്ടാണ് ഇന്ന് ഓരോ വിദ്യാലയവും വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. വര്‍ണബലൂണുകളും കൊടിതോരണങ്ങളും പരിസരമാകെ പാറിക്കളിക്കുന്നുണ്ടാകും. സംഗീതത്തിന്റെയും നാടന്‍ കലകളുടെയും വരെ പൊലിമ ചില സ്‌കൂളുകളില്‍ കാണാം. സന്തോഷത്തിന്റെയും ആദ്യപഠനത്തിന്റെയും ഓര്‍മ്മയ്ക്കായി മധുര വിതരണവും. അശോക് രാജ് പറഞ്ഞത് എത്ര അന്വര്‍ത്ഥമാണ്. അതെ. ഇന്ന് നമ്മുടെ വിദ്യാലയങ്ങള്‍ ആ ഘോഷത്തിമര്‍പ്പില്‍ത്തന്നെയാണ്.

പഠന പുരോഗമനങ്ങള്‍

കാലത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ ശൈലിയും രൂപവും മാറണമെന്ന ആശയത്തില്‍ നിന്ന് പഴയ വിദ്യാസമ്പ്രദായത്തില്‍ നിന്നുള്ള ഈ പുരോഗമനം. 1993-ലെ സ്‌ലാഥാം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഫലമായിട്ടായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ രീതിയിലെ മാറ്റങ്ങള്‍ ആരംഭിക്കുന്നത്. പഠന മാധ്യമവും സിലബസും പേരുകളുമെല്ലാം ഇതിനനുസരിച്ച് മാറുകയായിരുന്നു. പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഉത്തരവിറക്കിയത് 1944-45 ലെ തിരുവിതാംകൂര്‍ സര്‍ക്കാരായിരുന്നു. അങ്ങനെ ഇ.എസ്.എല്‍.സി. പരീക്ഷ എസ്.എസ്.എല്‍.സിയായി ഹൈ സ്‌കൂളില്‍ രാഷ്ട്രഭാഷയായ ഹിന്ദി പഠനഭാഷയാക്കി. 1953-54 ല്‍ ഹിന്ദി എല്ലാ മിഡില്‍ സ്‌കൂളുകളിലും കൂടി നിര്‍ബന്ധിത വിഷയമായി. ലോവര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും 55 മുതല്‍ സൗജന്യമാക്കി.

സ്‌കൂള്‍ കാലാവധി പന്ത്രണ്ടു വര്‍ഷമാക്കിയതാണ് 1956 നവംബര്‍ 1-നു ശേഷം വിദ്യാഭ്യാസ രംഗത്തുണ്ടായ പ്രധാന പുരോഗതി, സ്‌കൂള്‍ ക്ലാസുകളെ സ്റ്റാന്റേര്‍ഡുകളെന്നാക്കിയതും ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ എന്നിങ്ങനെ വിഭാഗമാക്കിയതും അടുത്ത കാലം വരെയുണ്ടായിരുന്ന പത്തു വര്‍ഷത്തെ പ്ലസ് റ്റു സമ്പ്രദായവും നിലവില്‍ വന്നതും എടുത്തു പറയേണ്ടവതന്നെ.

ചൂരലില്ല, പകരം മധുരം

മുമ്പുണ്ടായിരുന്നതുപോലെ സിലബസിലുള്ളതു മാത്രമല്ലല്ലോ ഇന്നു പഠിക്കാനുള്ളത്. ഔട്ട് ഓഫ് സിലബസ് എന്ന പ്രയോഗം തന്നെ ഇങ്ങനെ പ്രചാരം നേടി. കുട്ടികളുമായി സംവദിക്കുന്ന രീതിയിലുള്ള പഠന ക്ലാസുകള്‍ ഇന്നു കാണാം. പ്രകൃതിയില്‍ നിന്ന് അവര്‍ തന്നെ പഠനത്തിനുവേണ്ട വിഭവങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. ചുരല്‍ കഷായം കുറിപ്പടിയെഴുതുന്ന അധ്യാപകര്‍ക്കുപകരം വിദ്യ ശരിക്കും മിഠായിപോലെ രുചിയറിയാനുള്ളതായതും ഈയടുത്ത കാലത്തായിരുന്നു.

ലക്ഷ്യങ്ങള്‍ പലത്

കേരളത്തില്‍ വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രോത്സാഹനവും മികച്ച ശിക്ഷണ രീതിയും നമ്മള്‍ അറിയുക തന്നെ വേണം. നല്ല ചങ്ങാതിമാരെ തെരഞ്ഞെടുത്ത് വില്ലത്തരമുളള വിരുതന്മാരെ നന്നാക്കിയെടുക്കാനും നമ്മള്‍ മുന്‍ കൈയെടുക്കേണ്ടതുണ്ട്. പാഠപുസ്തകത്തില്‍ നിന്നും പഠനരീതി പുറത്തേക്ക് വ്യാപിക്കണമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതും ഇതുതന്നെയാണ്. മികച്ച സ്വഭാവഗുണങ്ങളും രാജ്യസ്‌നേഹവും അനുകമ്പയും വളര്‍ത്തിയെടുക്കാനും ഈ അധ്യയന വര്‍ഷം കൊണ്ടു നമുക്കു സാധിക്കണം.

പഠന പ്രവര്‍ത്തനങ്ങള്‍

നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ ശരിക്കും പരി പോഷിപ്പിക്കാനുള്ള കളരികൂടിയാകണം നമുക്കു വിദ്യാലയം. പഠനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സെമിനാറുകള്‍ ആശയസംവാദങ്ങള്‍, കുടിയ ചര്‍ച്ചകള്‍, പലതരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പ്രകടനങ്ങള്‍ സ്റ്റഡിടൂറുകള്‍ തുടങ്ങിയവയെല്ലാം ഇക്കാലത്തു വേണ്ടും വിധം ഉപയോഗപ്പെടുത്താനും നമ്മള്‍ ശ്രമിക്കണം. ശ്രദ്ധിക്കണം.

കഴിഞ്ഞ ഒന്നരക്കൊല്ലം നമ്മുടെ നിവൃത്തികേടുകൊണ്ട് ഓണ്‍ ലൈന്‍ പഠനം നമുക്ക് പിന്‍തുടരേണ്ടി വന്നു. അതാകട്ടേ, ഗുണത്തേക്കാളേറെ ദോഷമായിരുന്നു കുട്ടികളില്‍ വരുത്തിവെച്ചത്. ഇന്റര്‍നെറ്റ് എന്താണെന്നറിയാത്ത കൊച്ചുകുട്ടികള്‍ വരെ അതിന് അടിമയായി മാറുന്ന ഭീകരപ്രതിഭാസമായാണ് കേരളം കണ്ടത്. കലാവാസനകള്‍ ഇക്കാലത്ത് പ്രത്യേകം പറയേണ്ടതാണ്. പഠനാവശ്യങ്ങള്‍ക്കും ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്രം, പോസ്റ്ററുകള്‍, കൈയെഴുത്തു മാസികകള്‍, ചുമരെഴുത്തുകള്‍, തുടങ്ങിയവ കമനീയമായിത്തന്നെ സംവിധാനം ചെയ്യണം. വായനയും മറന്നു കൂടാ. ഇനി നമ്മെ കാത്തിരിക്കുന്നത് ഓണ്‍ലൈന്‍ കഌസ്സുകളല്ല, മറിച്ച് ഓഫ്‌ലൈന്‍ കഌസ്സുകള്‍ തന്നെയാണ്.

വായന മറക്കരുതേ...

സ്‌കൂളിലെ ഗ്രന്ഥശാലകള്‍, ഗ്രാമീണവായനശാലകള്‍, പത്ര മാധ്യമങ്ങള്‍ എല്ലാം ഇതിനായി ഉപയോഗപ്പെടുത്താം. ഓരോ മാസങ്ങളില്‍ ആചരിക്കേണ്ട ദിനങ്ങളുടെ പ്രത്യേകതകള്‍, ചിത്രങ്ങള്‍, വിവരങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പത്രമാധ്യമങ്ങളിലെ പ്രത്യേക വിദ്യാഭ്യാസ പതിപ്പുകള്‍ ഒട്ടൊന്നുമല്ല വിദ്യാര്‍ത്ഥികളെ സഹായിച്ചു പോരുന്നത്.

വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി കാലങ്ങളായി സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കിവരുന്നതെന്നു പറഞ്ഞുവല്ലോ. 2007-ലെ കണക്കനുസരിച്ച് കേരളത്തില്‍ 12,646 സ്‌കൂളുകളുണ്ട്. ഇതില്‍ത്തന്നെ 12809 ഹൈ സ്‌കൂളുകളും 3042 യു.പി. സ്‌കൂളുകളും 6801 എല്‍.പി സ്‌കൂളുകളുമാണ്. 1703 ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളും 4491 ബാച്ചുകളും ഇതില്‍ 57,46 ശതമാനം സയന്‍സ് ഗ്രൂപ്പിനുമാണ്. ബാക്കി കൊമേഴ്‌സിനും ഹ്യുമാനിറ്റീസിനുമാണ്. ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും കൂടുതല്‍ ബാച്ചുകളുള്ളത് മലപ്പുറത്താണ്. വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ച എത്രമാത്രമാണല്ലേ...?

സര്‍ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും

ഒരു രാജ്യത്തിലെ വിദ്യാഭ്യാസത്തിന്റെ സകല ഉത്തരവാദിത്വവും സര്‍ക്കാരാണു നോക്കുന്നത്. അതിനുള്ള ചെലവിന്റെ ഒരു ഭാഗം സ്വകാര്യസ്ഥാപനങ്ങള്‍ വഹിക്കാറുണ്ടെങ്കിലും ഭൂരിഭാഗവും ഭരണ കൂടം തന്നെയാണ് നോക്കുന്നതും ഏറ്റെടുക്കുന്നതും. പ്രൈമറിതലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാഭ്യാസം തീര്‍ത്തും സൗജന്യമായിരിക്കണമെന്നതാണ് നമ്മുടെ രാജ്യത്തെ അംഗീകൃത നയം.

വിദ്യാഭ്യാസത്തിന്റെ ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും വിപുലമായ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ എന്നു സൂചിപ്പിച്ചുവല്ലോ. 411 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ 2003-2004 ലെ കണക്കനുസരിച്ച് ഇത് കൊല്ലം തോറും വര്‍ധിച്ചു വരുകയാണ്. 6 നും 24 നും വയസു വരെയുള്ളവരെ ഈ കണക്കില്‍പ്പെടുത്തുന്നു. മൊത്തം ജനസംഖ്യയുടെ നാല്‍പതു ശതമാനത്തിലേറെയും വിദ്യാര്‍ത്ഥികളാണ് എന്നാണ് കണക്ക്.

കടമ മാതാപിതാക്കള്‍ക്കും സര്‍ക്കാറിനും

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഗൗരവവും പറഞ്ഞുവല്ലോ. 2002 നവംബറില്‍ നിലവില്‍ വന്ന 86-ാം ഭരണഘടനാ ഭേദഗതി ആക്ടനുസരിച്ച് വിദ്യാ ഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതര്‍ത്ഥമാക്കുന്നത് 6 നും, 14 നും മധ്യേയുള്ള ഒരു കുട്ടിക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കൊടുക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്. കുട്ടികളെ വിദ്യാലയങ്ങളിലാക്കേണ്ടത് മാതാപിതാക്കളുടെ കൂടി കടമയാണ് എന്ന മൗലിക കര്‍ത്തവ്യം കൂടി ഇതോടൊപ്പമുണ്ട്.

ഓരോ വര്‍ഷവും വലിയ തുകയാണ് വിദ്യാഭ്യാസത്തിനുവേണ്ടി സര്‍ക്കാര്‍ നീക്കിവെക്കുന്നത്. ആ സൂത്രണക്കമ്മീഷന്‍ എന്ന പാനലിന്റെ പത്താം പദ്ധതിയില്‍ 438. 250 ദശലക്ഷം രൂപയാണ് ഇതിനു മാറ്റിവെച്ചിരിക്കുന്നത്. ഇതിന്റെ 65.6 ശതമാനം മാത്രം പ്രാഥമിക വിദ്യാഭ്യാസത്തിനാണ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മള്‍ എത്ര പ്രാധാന്യമാണ് വിദ്യാഭ്യാസത്തിനു നല്‍കുന്നതെന്നു ബോധ്യമാവും.

ഈ തുകയില്‍ നിന്ന് 9.9 ശതമാനം സെക്കണ്ടറി വിദ്യാഭ്യാസത്തിനും 9.5 ഉന്നത വിദ്യാഭ്യാസത്തിനും 10.7 ശതമാനം സാങ്കേതിക വിദ്യാഭ്യാസത്തിനും 2.9 ശതമാനം തുക നവസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ക്കുമായാണ് വക കൊള്ളിച്ചിരിക്കുന്നത്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന ആപ്തവാക്യം തന്നെയാണ് നമ്മുടെ മുഖമുദ്രയെന്ന് ഇതില്‍ നിന്നെല്ലാം ബോധ്യമാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org