
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനങ്ങള്‍ മനുഷ്യരെ മറ്റെല്ലാത്തിനും മീതെ പ്രതിഷ്ഠിക്കുന്ന ആത്മീയതയുടെ മഹാപ്രഘോഷണമായി മാറി. ആംഗ്ലിക്കന്‍ സഭയുടെയും സ്‌കോട്‌ലന്‍ഡ് സഭയുടെയും അധ്യക്ഷന്മാര്‍ സന്ദര്‍ശനത്തിനു മാര്‍പാപ്പയുടെയൊപ്പം ചേര്‍ന്നുവെന്നതു ക്രൈസ്തവികതയുടെ ഭാവിലേക്കുള്ള ദിശാസൂചികയുമായി. സഭാപരമായ സങ്കുചിതത്വങ്ങളെ മറികടന്ന് വിശാലമായ ഐക്യത്തിലേക്കു ചുവടുവയ്ക്കാന്‍
ക്രൈസ്തവ സമൂഹങ്ങള്‍ അമാന്തിക്കേണ്ടതില്ല എന്ന് ഇവരുടെ സഹകരണം ഉദ്‌ബോധിപ്പിക്കുന്നു.
പ്രകൃതിവിഭവങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഇരുരാജ്യങ്ങളും. എന്നാല്‍, ദീര്‍ഘകാലമായി തുടരുന്ന സംഘര്‍ഷങ്ങള്‍ കൊണ്ടു ദുരന്തപൂര്‍ണ്ണമാണ് ഇവിടെ ജനജീവിതം. ലക്ഷകണക്കിനാളുകള്‍ ഇതുമൂലം ഭവനരഹിതരും അഭയാര്‍ത്ഥികളുമായി അലയുന്നു. പട്ടിണി അനേകരെ വലയ്ക്കുന്നു. വിശക്കുന്ന മനുഷ്യര്‍ നിറഞ്ഞ നാട്ടില്‍, ആഹാരത്തേക്കാള്‍ ആയുധങ്ങളാണ് യഥേഷ്ടം ലഭ്യമാകുന്നത്. ഈ സാഹചര്യങ്ങളെക്കുറിച്ചുള്ള വേദനയും ആകുലതയും മാര്‍പാപ്പയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. മണ്ണിലെ ധാതുലവണങ്ങള്‍ ചൂഷണം ചെയ്യുന്നവര്‍ മനുഷ്യര്‍ക്ക് ഖനിജങ്ങളുടെ വില നല്‍കുന്നില്ലെന്ന നിശിതമായ വിമര്‍ശനവും മാര്‍പാപ്പ ഉന്നയിച്ചു. കോംഗോയില്‍ 5 കോടിയോളം കത്തോലിക്കരുണ്ട്. ദ.സുഡാനിലെ 1.07 കോടി ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കരാണ്. മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലികളില്‍ പങ്കെടുക്കാനും പാപ്പായെ കാണാനും ദശലക്ഷകണക്കിനാളുകള്‍ ഇരുരാജ്യങ്ങളിലും ഒഴുകിയെത്തിയത് രാജ്യങ്ങളുടെ ചരിത്രത്തിലെ വലിയ അപൂര്‍വതയാകുകയും ചെയ്തു.
''ആഫ്രിക്കയുടെ മേല്‍ നിന്നു കൈകളെടുക്കുക, ആഫ്രിക്കയെ ശ്വാസംമുട്ടിക്കുന്നതു നിറുത്തുക, ആഫ്രിക്ക കുഴിച്ചെടുക്കേണ്ട ഒരു ഖനിയോ കവര്‍ച്ച ചെയ്യേണ്ട ഭൂപ്രദേശമോ അല്ല'' എന്നാണു മാര്‍പാപ്പ കോംഗോയിലെ ആദ്യ പ്രഭാഷണത്തില്‍ തന്നെ ലോകത്തെ ഓര്‍മ്മിപ്പിച്ചത്. വലിയ കരഘോഷത്തോടെയും വികാരവായ്‌പോടെയും ആഫ്രിക്കന്‍ ജനത ഈ വാക്കുകളെ വരവേറ്റു. ആഫ്രിക്കയുടെ അവസ്ഥയ്ക്ക് അന്താരാഷ്ട്രസമൂഹത്തിനു മുമ്പില്‍ ശബ്ദം നല്‍കുന്ന ഏറ്റവും പ്രമുഖനായ ലോകനേതാ വായി മാര്‍പാപ്പ തുടരുമെന്ന പ്രത്യാശ അവര്‍ പാപ്പയുടെ മുമ്പാകെ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം ദശാബ്ദങ്ങളായി തുടരുന്ന രക്തചൊരിച്ചില്‍ തുടരാനാവില്ലെന്ന മുന്നറിയിപ്പ് ആഫ്രിക്കന്‍ ജനതയ്ക്കും മാര്‍പാപ്പ നല്‍കി. ലക്ഷകണക്കിനാളുകള്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടു. പക്ഷേ, ലോകത്തില്‍ മിക്കവര്‍ക്കും ഇവിടെ ഇത്രയധികം മനുഷ്യര്‍ ഇങ്ങനെ കൊല്ലപ്പെടുന്നുണ്ടെന്ന് അറിയുക പോലുമില്ല. അക്രമം ബാധിച്ചിരിക്കുന്ന കോംഗോ ഇന്നു ശ്വാസം കിട്ടാതെ പിടയുകയാണ്. സ്വന്തം അന്തസ്സും അതിര്‍ത്തികളും സംരക്ഷിക്കാന്‍ പോരാടിക്കൊണ്ടിരിക്കുന്ന കോംഗോയിലേക്ക് ഈശോയുടെ പേരില്‍ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും തീര്‍ത്ഥാടകനായിട്ടാണു താന്‍ വന്നിരിക്കുന്നത് - മാര്‍പാപ്പ പറഞ്ഞു.
55 ലക്ഷം പേരാണ് കോംഗോയില്‍ സംഘര്‍ഷങ്ങള്‍ മൂലം സ്വന്തം പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ ഒരു മാനവിക പ്രതിസന്ധികളിലൊന്നാണിത്. ദക്ഷിണ സുഡാനിലാകട്ടെ 22 ലക്ഷം പേര്‍ രാജ്യത്തിനുള്ളില്‍ ഭവനരഹിതരായി കഴിയുന്നു. വേറെ 23 ലക്ഷം പേര്‍ രാജ്യം വിട്ട് അഭയാര്‍ത്ഥികളായി പലായനം ചെയ്തു. ഈ പ്രതിസന്ധികളിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പാപ്പയുടെ സന്ദര്‍ശനം ഉപകരിക്കുമെന്നാണു പ്രതീക്ഷ.
വിലമതിക്കാനാകാത്ത മൂല്യമുള്ളമുള്ളവരാണു നിങ്ങളെന്ന് ഓര്‍മ്മിപ്പിക്കാനും സഭയ്ക്കും പാപ്പയ്ക്കും നിങ്ങളിലുള്ള വിശ്വാസം പ്രഖ്യാപിക്കാനും സ്‌നേഹത്തോടെ ആശ്ലേഷിക്കാനുമാണു താന്‍ വന്നിരിക്കുന്നതെന്ന് ആഫ്രിക്കന്‍ ജനതയോടു മാര്‍പാപ്പ പറഞ്ഞു. ആഫ്രിക്കയുടെ ഭാവിയിലും തനിക്കു ശുഭപ്രതീക്ഷയുണ്ട്. ആ ഭാവി നിങ്ങളുടെ കൈകളിലാണ്. അതിനുവേണ്ടി നിങ്ങള്‍ നിങ്ങളുടെ ദാനങ്ങളായ ബുദ്ധിയും ജ്ഞാനവും കഠിനാധ്വാനവും ഉപയോഗപ്പെടുത്തണം - മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
കിഴക്കന്‍ കോംഗോയില്‍ ക്രൂരമായ അക്രമങ്ങള്‍ക്കു വിധേയരായ കുട്ടികളും മറ്റുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച വികാരഭരിതമായിരുന്നു. സ്വന്തം മാതാപിതാക്കളുടെ കഴുത്തറക്കാന്‍ അക്രമികള്‍ ഉപയോഗിച്ച അരിവാളുകളും കത്തികളും കുട്ടികള്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിനു മുമ്പില്‍ കാഴ്ചവച്ചു. അക്രമികളോടു ക്ഷമിക്കുന്നതിന്റെ പ്രതീകമായിട്ടായിരുന്നു ഇത്. ശേഷം, അവര്‍ മാര്‍പാപ്പയോടു തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. അക്രമികളുടെ പിടിയില്‍ ബലാത്സംഗത്തിനിരയായ ഒരു കൗമാരക്കാരി അപ്രകാരം ഗര്‍ഭം ധരിച്ചു പ്രസവിച്ച കുഞ്ഞുമായാണ് പാപ്പായുടെ മുമ്പിലെത്തിയത്.
കിഴക്കന്‍ കോംഗോയില്‍ 120 ലേറെ സായുധസംഘങ്ങള്‍ അക്രമങ്ങളിലേര്‍പ്പെടുന്നുണ്ട്. പ്രകൃതിവിഭവങ്ങള്‍ കൊണ്ടു സമ്പന്നമായ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുക എന്നതാണ് ഇവരുടെ ആത്യന്തികലക്ഷ്യം. ഇതില്‍ പ്രബലമായ ഒരു സംഘം കഴിഞ്ഞ നവംബറില്‍ 131 പേരെയാണ് രണ്ടു ഗ്രാമങ്ങളിലായി കൊന്നൊടുക്കിയത്. തട്ടിക്കൊണ്ടുപോകലും കൊള്ളയും ഇവര്‍ നടത്തുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുള്ള ഒരു തീവ്രവാദസംഘവും കിഴക്കന്‍ കോംഗോയില്‍ അക്രമങ്ങള്‍ നടത്തുന്നുണ്ട്. പാപ്പാ എത്തുന്നതിനു രണ്ടാഴ്ച മുമ്പ് ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയില്‍ ആരാധനയ്ക്കിടെ ഇവര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തിരുന്നു.
മനുഷ്യത്വപരമല്ലാത്ത ഈ അക്രമങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പറയാന്‍ വാക്കുകളില്ലെന്നും നിശ്ശബ്ദമായി കരയാന്‍ മാത്രമേ സാധിക്കുന്നുള്ളൂവെന്നും മാര്‍പാപ്പ പറഞ്ഞു. ''അക്രമത്തിനിരകളായ ഓരോ കുഞ്ഞിനോടും മുതിര്‍ന്നയാളോടും ഞാന്‍ പറയുന്നു, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ദൈവത്തിന്റെ തലോടല്‍ നിങ്ങള്‍ക്കു തരാന്‍ ഞാനാഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളെ ആര്‍ദ്രതയോടും അനുകമ്പയോടും കൂടെ നോക്കുന്നുണ്ട്. അക്രമികള്‍ നിങ്ങളെ കാലാളുകളായി കാണുമ്പോള്‍ സ്വര്‍ഗീയ പിതാവ് നിങ്ങളുടെ അന്തസ്സ് കാണുകയും നിങ്ങള്‍ അമൂല്യരാണെന്നും നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും പ്രഖ്യാപിക്കുകയും ചെയ്യുന്നു,'' പാപ്പ പറഞ്ഞു.
സന്യസ്തരെയും വൈദികരെയും അഭിസംബോധന ചെയ്തപ്പോഴും അക്രമങ്ങള്‍ പ്രധാന വിഷയമായി. ബാഹ്യശക്തികളാണ് കോംഗോയെ സംഘര്‍ഷബാധിതമായി നിലനിറുത്തുന്നതെന്നും പ്രകൃതിവിഭവങ്ങളേക്കാള്‍ വില മനുഷ്യര്‍ക്കു നല്‍കാന്‍ അന്താരാഷ്ട്രസമൂഹത്തോട് പാപ്പ അഭ്യര്‍ത്ഥിക്കണമെന്നും പാപ്പായുമായി ആശയവിനിമയം നടത്തിയ സന്യസ്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോംഗോയിലെ സഭയെയും സമൂഹത്തെയും സേവിക്കുന്ന കത്തോലിക്കാസഭയിലെ ആറായിരം വൈദികര്‍ക്കും പതിനായിരം സന്യസ്തര്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു.
കിഴക്കന്‍ കോംഗോയിലെ ഗോമാ നഗരത്തി ലേക്കുള്ള സന്ദര്‍ശനം മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അക്രമങ്ങള്‍ വര്‍ധിച്ചതു മൂലം പിന്നീട് റദ്ദാക്കുകയായിരുന്നു.
രക്തചൊരിച്ചിലും അക്രമവും സംഘര്‍ഷവും വിവേചനവും പാടില്ലെന്നു ദൈവത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ദക്ഷിണ സുഡാനിലെ സന്ദര്‍ശനവും മാര്‍പാപ്പ ആരംഭിച്ചത്. നേരത്തെ, വത്തിക്കാനില്‍ തന്നെ സന്ദര്‍ശിച്ച സുഡാനി നേതാക്കളുടെ കാല്‍ക്കല്‍ പ്രണമിച്ച്, അക്രമം പാടില്ലെന്നു മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചതു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പാപ്പാ എത്തുന്നതിന് ഒരു ദിവസം മുമ്പ് ദക്ഷിണ സുഡാന്റെ ഉഗാണ്ടന്‍ അതിര്‍ത്തിപ്രദേശത്തെ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 27 കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.
റോമിന്റെ മധ്യസ്ഥതയില്‍ ദക്ഷിണ സുഡാനി ലെ ഭരണകൂടവും വിമതരും തമ്മില്‍ നടന്നു വന്നിരുന്ന സംഭാഷണത്തില്‍ നിന്ന് ഭരണകൂടം കഴിഞ്ഞ വര്‍ഷം പിന്മാറിയിരുന്നു. സംഭാഷണം പുനരാരംഭിക്കാനുള്ള സന്നദ്ധത മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് പേപ്പല്‍ സന്ദര്‍ശനത്തിന്റെ ഒരു വിജയമായി മാറിയിട്ടുണ്ട്.
ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വെല്‍ബിയും സ്‌കോട്‌ലന്റ് സഭാധ്യക്ഷന്‍ ഗ്രീന്‍ഷീല്‍ഡ്‌സുമൊത്ത് സുഡാനില്‍ മാര്‍പാപ്പ ഒരു സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. വിവിധ സഭാംഗങ്ങളായ അമ്പതിനായിരത്തിലേറെ പേര്‍ ഇതില്‍ പങ്കെടുത്തു. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ ക്രൈസ്തവര്‍ക്കും കടമയുണ്ടെന്നു വ്യക്തമാക്കിയ മാര്‍പാപ്പ സഭാവ്യത്യാസമെന്യേ ക്രൈസ്തവരെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു: ''ക്രിസ്തുവിനെ തിരഞ്ഞെടുക്കുന്നവര്‍ സമാധാനവും തിരഞ്ഞെടുക്കുന്നു.''