അഫ്ഗാന്‍ ക്രൈസ്തവര്‍ ദുരിതക്കയത്തില്‍
ഡേവിഡ് പൈമാന്‍
20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുകയും താലിബാന്‍ അധികാരം പിടിക്കുകയും ചെയ്തതോടെ അവിടത്തെ മിതവാദികളായ മുസ്ലീങ്ങളും ന്യൂനപക്ഷമായ ക്രൈസ്തവരും ദുരിതത്തിലേയ്ക്കു നീങ്ങുകയാണ്. താലിബാന്റെ മുന്‍ ഭരണകാലത്ത് സ്ത്രീകളും പെണ്‍ കുട്ടികളും അമുസ്ലീങ്ങളും അടിച്ചമര്‍ത്തപ്പെടുകയും മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുകയും ചെയ്തു. താലിബാന്‍ വീണ്ടും വരുമ്പോള്‍ അഫ്ഗാനിലെ ക്രൈസ്തവരുടെ സ്ഥിതി എന്താകുമെന്നു വിലയിരുത്തുകയാണ് ഡേവിഡ് പൈമാന്‍. അഫ്ഗാനിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന ഒരു ഷിയാ മുസ്ലീം ആയിരുന്ന പൈമാന്‍ പിന്നീട് ക്രൈസ്തവവിശ്വാസം സ്വീകരിക്കുകയും അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യ വഴി പുറത്തു കടക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ കഴിയുകയും ചെയ്യുന്നയാളാണ്. അവിടെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഒരു പെന്തക്കോസ്ത് പാസ്റ്ററായ പൈമാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തിന്റെ ലേഖനരൂപമാണ് ഇത്:
ഞങ്ങള്‍ ദുഃഖിക്കുകയും ഞങ്ങളുടെ ഹൃദയങ്ങള്‍ ഭാരപ്പെടുകയും ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍ കത്തുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ കാണുന്നു. തെരുവില്‍ എല്ലായിടത്തും, പ്രതീക്ഷയില്ലാത്ത ആളുകളെ നമുക്ക് കാണാം. അഫ്ഗാനിസ്ഥാനിലെ ആളുകളുമായി സംസാരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാകുന്നു.
അഫ്ഗാനിസ്ഥാനിലെ പല ക്രൈസ്തവരോടും ഞാന്‍ സംസാരിക്കുകയായിരുന്നു. അവര്‍ നിരാശരാണ്. സഹായത്തിനായി നിലവിളിക്കുകയാണ്, അമേരിക്കന്‍ സൈന്യത്തിനായി കരയുകയാണ്. അവരില്‍ ചിലര്‍ എനിക്ക് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നിരവധി വീഡിയോകള്‍ അയച്ചു തന്നു. അമേരിക്കന്‍ സൈന്യത്തിന്റെ സഹായം ഇതുവരെ അവര്‍ക്കു ലഭിച്ചിരുന്നു. പക്ഷേ അത് അവസാനിച്ചു. സഹിക്കാനാകാത്ത കാഴ്ചകളാണ് അവിടെ മുഴുവന്‍. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു.
ക്രിസ്ത്യാനികളായി മാറിയ അഫ്ഗാന്‍ വിശ്വാസികളെക്കുറിച്ച് അമേരിക്കക്കാര്‍ അറിഞ്ഞിരിക്കണം. അവരുടെ ജീവന്‍ അപകടത്തിലാണ്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ ക്രിസ്ത്യാനികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകളുടെ. അവിടെ ഏകദേശം 39 കുടുംബങ്ങള്‍ ക്രൈസ്തവരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എനിക്കറിയാം. 40 പേര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതു പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇതിനകം അവര്‍ ക്രൈസ്തവരാണെന്നു വ്യക്തമാക്കപ്പെട്ടുവല്ലോ. പൊടുന്നനെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അവര്‍ക്ക് വലിയ സഹായം ആവശ്യമുണ്ട്. താലിബാന്‍ മൃദുവായ വാക്കുകള്‍ ഉപയോഗിച്ച് മാന്യമായി സംസാരിക്കുന്നതു പലരും കേട്ടിട്ടുണ്ടാകും. 'ഞങ്ങള്‍ എല്ലാവരോടും ക്ഷമിക്കുന്നു, രാഷ്ട്രനിര്‍മ്മാണത്തിനു ഞങ്ങള്‍ പരമാവധി ശ്രമിക്കും,' എന്നെല്ലാം അവര്‍ പുറമെ പറയുന്നുണ്ട്. പക്ഷേ, അതല്ല സത്യം. രാജ്യത്തിനകത്ത് നിന്ന് ഞങ്ങള്‍ കേട്ട സത്യം അവര്‍ ആളുകളെ തിരഞ്ഞു വീടുതോറും പോകുന്നു എന്നതാണ്. അവര്‍ നിരവധി അഫ്ഗാന്‍ ക്രൈസ്തവ വിശ്വാസികളുടെ വീടുകളില്‍ ഇതിനകം പോയിട്ടുണ്ട്, അവര്‍ വീടുകളിലെ ബൈബിളുകള്‍ എടുത്തു കൊണ്ടു പോയി. ക്രൈസ്തവര്‍ ആ സമയത്ത് സ്വന്തം വീടുകളിലുണ്ടായിരുന്നില്ല. അതിനു ദൈവത്തിനു സ്തുതി. പക്ഷേ, അവര്‍ ഇപ്പോഴും ക്രൈസ്തവരെ തിരയുകയാണ്.
ക്രൈസ്തവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു മുന്‍സര്‍ക്കാര്‍ നിര്‍ബന്ധിച്ചിരുന്നില്ല. അടുത്ത തലമുറയ്ക്കുവേണ്ടിയാണ് ക്രൈസ്തവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. തങ്ങളുടെ കുട്ടികള്‍ മുസ്ലീങ്ങളെന്നു വിളിക്കപ്പെടരുതെന്നും അവര്‍ ക്രൈസ്തവരായി തിരിച്ചറിയപ്പെടണമെന്നും അവര്‍ ആഗ്രഹിച്ചു.
ഐഡന്റിറ്റി കാര്‍ഡുകളില്‍ മതം രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്ത്യാനികളുടെ കാര്‍ഡുകള്‍ അച്ചടിക്കുമ്പോള്‍ മതത്തിന്റെ സ്ഥാനത്തു 'മറ്റുള്ളവര്‍' എന്നു ചേര്‍ക്കുകയാണ് അധികാരികള്‍ ചെയ്തിരുന്നത്. 'ക്രിസ്ത്യന്‍' എന്ന് പ്രിന്റ് ചെയ്താല്‍, സ്വന്തം കുടുംബത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാകും. ബാങ്കില്‍ പോകാന്‍ കഴിയില്ല, ലൈസന്‍സ് ലഭിക്കില്ല, ഒന്നും തന്നെ നേടാനാകില്ല. വാസ്തവത്തില്‍ അവര്‍ ക്രിസ്ത്യാനികളാണ്, പക്ഷേ അവര്‍ കാര്‍ഡുകളില്‍ 'മറ്റുള്ളവര്‍' എന്നാണ്, ക്രിസ്ത്യാനികളെന്നല്ല.
രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിസ്ത്യാനികളും കാബൂളിലാണുണ്ടായിരുന്നത്. മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ താലിബാന്‍ പിടിച്ചെടുക്കുകയും അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്തുവെന്ന് ഒരു വാര്‍ത്ത ഞാന്‍ കേട്ടു. അതു സത്യമാകാതിരിക്കട്ടെ. അവര്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ കൃത്യമായ വിവരം അറിയുകയുമില്ല.
ഇക്കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ അഫ്ഗാനിസ്ഥാനില്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് എല്ലാ ദിവസവും ധാരാളം കോളുകള്‍ എനിക്കു വരുന്നുണ്ടായിരുന്നു, കുറഞ്ഞത് 10 കോളുകള്‍. ക്രൈസ്തവവിശ്വാസം സ്വീകരിക്കാനാഗ്രഹിക്കുന്നവരാണവര്‍. അഫ്ഗാനിസ്ഥാനിലെ വീടുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പല പള്ളികളും സുവിശേഷം പങ്കുവയ്ക്കുന്നുണ്ട്. ചില കുടുംബങ്ങള്‍ ഫേസ്ബുക്ക്, യൂട്യൂബ്, ടിവി എന്നിവയിലൂടെ പരസ്യമായി തന്നെ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും അവരെ ക്രിസ്തുവില്‍ വളര്‍ത്താനും ഞങ്ങള്‍ സഹായിച്ചിരുന്നു.
2001-ല്‍ അമേരിക്കന്‍ സൈന്യം വന്ന് അഫ്ഗാനിസ്ഥാനെ ഏറ്റെടുത്തപ്പോള്‍, എല്ലാവരും സന്തോഷിക്കുകയും എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിക്കുകയും ആളുകള്‍ അമേരിക്കയെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്യുകയായിരുന്നു. അതു ഞാന്‍ ഒരിക്കലും മറക്കില്ല. കൃത്യം 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ കാണുന്നു. ആ സമയത്ത് ഞാന്‍ സൗദി അറേബ്യയിലായിരുന്നു. അന്നത്തെ യഥാര്‍ത്ഥ പ്രത്യാശ യേശുക്രിസ്തു തന്നെയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ലഭിക്കാനും പ്രത്യാശ കൈവരിക്കാനും പല വഴികളും പരീക്ഷിച്ചുവെങ്കിലും അവര്‍ യേശുക്രിസ്തുവിനെ പരീക്ഷിച്ചില്ല, ദൈവത്തെ ഉപയോഗിച്ചില്ല, അവന്റെ സ്‌നേഹവും കരുണയും പ്രയോഗിച്ചില്ല. ക്രിസ്തുവിനെയും ഒരിക്കലും അവസാനിക്കാത്ത അവിടുത്തെ സജീവമായ പ്രത്യാശയെയും അവര്‍ക്കു സ്വീകരിക്കാമായിരുന്നു.
2001-ല്‍ എനിക്ക് ഏകദേശം 17 വയസ്സായിരുന്നു. ഹസാര ഗോത്രത്തില്‍ നിന്നുള്ള ഒരു മുസ്ലീമായതിനാല്‍ ഞാന്‍ വളരെ ആവേശഭരിതനായിരുന്നു. എന്റെ ഗോത്രം താലിബാന്റെ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു, കാരണം ഹസാര മിക്കവാറും ഷിയ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരും താലിബാനികള്‍ സുന്നി വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു. അക്കാലത്ത് താലിബാനാല്‍ കൊല്ലപ്പെട്ട നിരവധി ഹസാരകളെ ഞാന്‍ കണ്ടു, 2001-ല്‍ അമേരിക്ക വന്നതോടെ, അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ക്കു സംസാരിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മറ്റെല്ലാ സ്വാതന്ത്ര്യവും ലഭിച്ചതില്‍ ഞാന്‍ വളരെ ആവേശഭരിതനായിരുന്നു.
2001 മുതല്‍ 2006 വരെ വളരെ നല്ല സാഹചര്യമാണ് ഉണ്ടായിരുന്നത്. 2006 മുതല്‍ 2010 വരെ അല്പം മാറ്റമുണ്ടായി. 2010 മുതല്‍ 2021 വരെ സാഹചര്യം നല്ലതായിരുന്നില്ല. കാരണം സര്‍ക്കാര്‍ അഴിമതിക്കാരായിരുന്നു. എന്നിരുന്നാലും, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അമേരിക്ക സഹായിച്ചു, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ അവര്‍ ചെയ്യേണ്ടത് ചെയ്തില്ല. എനിക്ക് രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യമില്ല. ജോ ബൈഡനോട് എനിക്ക് ദേഷ്യമുണ്ട്, കാരണം കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും അഫ്ഗാനിസ്ഥാനു സ്വന്തം രാജ്യത്തെ പരിപാലിക്കാന്‍ കഴിഞ്ഞില്ല എന്നദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഉപേക്ഷിച്ചു കളയുന്നത് വേദനാജനകമാണ്, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ രക്തം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നു, പക്ഷേ അവര്‍ക്കു സ്വന്തം രാജ്യത്തെ കാത്തു പാലിക്കാന്‍ കഴിയാതിരുന്നതു കൊണ്ടാണിത്.
അമേരിക്കക്കാര്‍ വരുന്നതിനു മുമ്പ് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല, സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല, നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ താലിബാന്‍ അല്‍പ്പം വ്യത്യസ്തമാണെന്നു പറയുന്നു. എന്നാല്‍ ഇന്ന് രാവിലെ ഞാന്‍ കേട്ടത്, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാരില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ്. 20 വര്‍ഷം കഴിഞ്ഞു. പക്ഷേ താലിബാന്‍ മാറിയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്ലാമിക നിയമമായ ശാരിയ മാറുന്നില്ല.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും സ്ത്രീകള്‍ സഭകള്‍ക്കു നേതൃത്വം നല്‍കുന്നതും ഞാന്‍ കണ്ടു. എന്റെ സഹോദര ഭാര്യ, അവിടെ ഒരു വീട്ടുസഭയ്ക്കു നേതൃത്വം നല്‍കിയിരുന്നു. അവള്‍ മറ്റ് സ്ത്രീകളെ സഹായിക്കുകയും ചെയ്തിരുന്നു.
ഇനി പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ പൂട്ടുമെന്നും സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ ഒപ്പമല്ലാതെ വീടുവിട്ടിറങ്ങാന്‍ സാധിക്കില്ലെന്നും കരുതുന്നു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേ സ്‌കൂളില്‍ പോകാന്‍ കഴിയൂ. കോളേജിനെക്കുറിച്ച് ഇതുവരെ അറിയില്ല. കഴിഞ്ഞയാഴ്ച ഹെറാത്ത് നഗരത്തില്‍ കോളേജില്‍ പോകുകയായിരുന്ന പെണ്‍കുട്ടികളെ താലിബാന്‍ തടയുകയുണ്ടായി.
ഞാന്‍ ഒരിക്കലും ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിച്ചിരുന്ന ഒരാളല്ല. ക്രിസ്ത്യാനികളെ വെറുക്കുകയും ചെയ്തിരുന്നു. വളരെ മതാത്മകമായ ഒരു പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന ഒരു മുസ്ലീം മതവിശ്വാസിയായിരുന്നു ഞാന്‍. എന്റെ പിതാവ് ഒരു ഇമാമാണ്. ഒരു നല്ല മുസ്ലിമാകാന്‍ അവര്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ ആറ് തവണ മക്കയില്‍ പോയിട്ടുണ്ട്. മുസ്ലീം മതം മാത്രമാണ് ഏകമതം, ദൈവത്തിലേക്കുള്ള ഏക മാര്‍ഗം എന്ന് കരുതിയതിനാല്‍ മതം ഞാന്‍ നന്നായി ആചരിച്ചിരുന്നു. എന്നാല്‍ മക്കയിലേക്കുള്ള എന്റെ ആറാമത്തെ തീര്‍ഥാടനത്തിനുശേഷം, സിറിയയില്‍ നിന്ന് ഒരു അപരിചിതന്‍ എന്റെ അടുക്കല്‍ വന്നു, തന്റെ സാക്ഷ്യം പങ്കുവെച്ചു. മക്കയ്ക്കുള്ളില്‍ താന്‍ ക്രിസ്തുവിനെ എങ്ങനെ സ്വീകരിച്ചു, മക്കയിലെ തന്റെ തീര്‍ത്ഥാടന വേളയില്‍ ക്രിസ്തുവിന്റെ ദര്‍ശനം എങ്ങനെയുണ്ടായി എന്നതായിരുന്നു ആ സാക്ഷ്യം. അതെന്നെ കോപാകുലനാക്കി. ഞാന്‍ അവനുമായി ഏറ്റു മുട്ടാന്‍ ശ്രമിച്ചു. അവനെ കൊല്ലാനാണു ഞാനാഗ്രഹിച്ചത്. പക്ഷേ, 45 മിനിറ്റു സംഭാഷണത്തിനു ശേഷം അദ്ദേഹം എന്നോട് ചോദിച്ചു, 'നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ?' എനിക്ക് അഭിമാനം തോന്നി. ഞാന്‍ പറഞ്ഞു, 'ശരി, നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും.' അവന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ കണ്ണുകള്‍ അടച്ച് അവനെ ശ്രദ്ധിച്ചു. അയാള്‍ക്ക് എന്റെ പ്രശ്‌നം അറിയാമെന്ന് തോന്നി. അവന് എന്റെ ഉള്ള് അറിയാമായിരുന്നു. ഞാന്‍ യഥാര്‍ത്ഥ സമാധാനം തേടുകയാണെന്നു അവനു മനസ്സിലായി. ആ പ്രാര്‍ത്ഥനയാണ് എന്നെ ക്രിസ്തുവിലേക്ക് നയിച്ചത്. അവന്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയതോടെ വലിയ ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നു.
'ഒരു അവിശ്വാസിയാണെങ്കില്‍, അയാള്‍ക്ക് എങ്ങനെ എന്റെ ഉള്ളു മനസ്സിലായി?' ഞാന്‍ സ്വയം ചോദിച്ചു. അതിനുശേഷം അദ്ദേഹം എനിക്ക് ഒരു ബൈബിള്‍ പുതിയ നിയമം തന്നു. ഞാന്‍ വായിച്ചു, പക്ഷേ ഉള്‍ക്കൊണ്ടില്ല, കാരണം ബൈബിള്‍ തെറ്റുകള്‍ നിറഞ്ഞതാണെന്ന് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിരുന്നു.
ആറുമാസത്തിനുശേഷം ഞാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയി, ഈ അനുഭവം ഞാന്‍ എന്റെ ഉറ്റസുഹൃത്തുമായി പങ്കു വെച്ചു. അതിനുശേഷം അദ്ദേഹം എന്റെ ഭാഷയിലുള്ള ഒരു ബൈബിള്‍ തന്നു. പുതിയനിയമത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു, ഉല്പത്തിയില്‍ നിന്ന് ആരംഭിക്കണം. ഞാന്‍ ഉല്പത്തിയില്‍ നിന്ന് വായിക്കാന്‍ തുടങ്ങിയപ്പോള്‍, ഇതിലെന്തോ സത്യമുണ്ടെന്ന് എന്റെ ഹൃദയത്തില്‍ തോന്നാന്‍ തുടങ്ങി. കാരണം ദൈവം തന്നെ നേരിട്ടു മനുഷ്യരിലേക്ക് എത്തുകയാണ്, അവരെ തന്നിലേക്ക് തിരികെ കൊണ്ടു വരാന്‍. മനുഷ്യര്‍ തന്നിലേക്ക് വരാനാഗ്രഹിക്കുന്ന ദൈവം തന്നെയാണിതെന്ന് എനിക്ക് വളരെ വ്യക്തമായി. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ബൈബിള്‍ വാങ്ങി.
കാബൂളില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെയുള്ള എന്റെ നഗരമായ ഗസ്‌നിയില്‍ വച്ച് ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി, ബൈബിളും ഖുറാനും താരതമ്യം ചെയ്യാന്‍ തുടങ്ങി. എന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം, എല്ലാ ദിവസവും ഞങ്ങള്‍ ബൈബിളും ഖുറാനും താരതമ്യം ചെയ്തുകൊണ്ടിരുന്നു. ബൈബിളിന്റെ ഏത് ഭാഗമാണ് തെറ്റ് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍, അപ്പോഴും ഞാന്‍ ഒരു മുസ്ലീം തന്നെ ആയിരുന്നു, ഞാന്‍ ബൈബിള്‍ വായിക്കുന്നുണ്ടെന്ന് ആരോ അറിയിച്ചതിനാല്‍ ഞാന്‍ പോലീസിന്റെ പിടിയിലായി. അവര്‍ എന്നില്‍ നിന്ന് ബൈബിള്‍ വാങ്ങി, എന്നെ ഒരു പള്ളിയില്‍ എത്തിച്ചു. അവിടെ ഏകദേശം 60-70 ആളുകള്‍ ഉണ്ടായിരുന്നു, എന്തിനാണ് ബൈബിള്‍ വായിക്കുന്നതെന്ന് അവര്‍ എന്നോട് ചോദിക്കാന്‍ തുടങ്ങി. ഞാന്‍ ഇമാമുമായി തര്‍ക്കിക്കുകയും ഖുറാനില്‍ നിന്നു തന്നെ ഒരു ചോദ്യം ഉന്നയിക്കുകയും ചെയ്തു, അദ്ദേഹത്തിന് എനിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് തെളിയിച്ചതായി അദ്ദേഹം അവകാശപ്പെടാന്‍ തുടങ്ങി. ഞാന്‍ ക്രിസ്ത്യാനിയായിരുന്നില്ല. മുസ്ലീമായിരുന്നു. ഒരു ക്രിസ്ത്യാനിയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുമില്ല.
ബോധം കെടുന്നതുവരെ അവര്‍ എന്നെ തല്ലി. തുടര്‍ന്ന് ഒരു പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുറെ പണം കൊടുത്ത്, ഞാന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു അവിടെ നിന്നു ഞാന്‍ കാബൂളിലേക്ക് പോയി. ധാരാളം അമേരിക്കക്കാര്‍ ഉണ്ടായിരുന്ന ഒരു സുരക്ഷിത ഭവനത്തില്‍ ഞാന്‍ ഒളിച്ചിരുന്നു.
എന്റെ രാജ്യത്തുനിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ കാനഡയില്‍ നിന്നുള്ള മിഷനറിയായിരുന്ന ഒരു സ്ത്രീ എന്നെ സഹായിച്ചു. ആ സമയത്ത് അവര്‍ ഒരു മിഷനറിയാണെന്ന് എനിക്കറിയില്ലായിരുന്നു. ഇന്ത്യയില്‍, ഞാന്‍ അഫ്ഗാന്‍ ക്രിസ്ത്യാനികളെ കണ്ടു, എനിക്ക് അവരോട് വളരെ ദേഷ്യമായിരുന്നു. ഞാന്‍ അവരോട് പോരടിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ പോരടിച്ച ഒരാള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുണ്ട്, അവിടെ സുവിശേഷം പങ്കുവയ്ക്കുന്നു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം, എന്റെ ഒരു സുഹൃത്തിന് അപ സ്മാരമുണ്ടായി. ഞാന്‍ പാസ്റ്ററെയും അവന്റെ സുഹൃത്തിനെയും വിളിച്ചു, അവര്‍ വന്ന് അപസ്മാരം ബാധിച്ച എന്റെ സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ആ നിമിഷം അദ്ദേഹം സുഖം പ്രാപിച്ചു, ഞാന്‍ ശക്തി കണ്ടു, യഥാര്‍ത്ഥത്തില്‍, അതു ഞാന്‍ അനുഭവിച്ചു. യേശുവിന്റെ നാമത്തില്‍ ശക്തി ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ കുളിമുറിയില്‍ പോയി, ക്രിസ്തുവിനെ സ്വീകരിക്കുകയും എന്റെ ജീവിതത്തിലേക്ക് വരാന്‍ ആവശ്യപ്പെടുകയും അവനെ സ്വീകരിക്കുകയും ചെയ്തു. 2008-ല്‍ ഞാന്‍ എന്റെ ജീവിതം ക്രിസ്തുവിനു നല്‍കി. ഞാന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നുവെന്ന് മറ്റുള്ളവര്‍ അറിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ക്രിസ്തുവിനെ വളരെ രഹസ്യമായി സ്വീകരിക്കാന്‍ വേണ്ടിയാണു ഞാന്‍ കുളിമുറിയില്‍ കയറി വാതിലടച്ചത്.
അന്ന് രാത്രി കുളിമുറിയില്‍ നിന്ന് പുറത്തുവന്ന് കരഞ്ഞുകൊണ്ട് മുഖം കഴുകിയ ശേഷം, ഞാന്‍ അതിഥികള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുത്തു, എനിക്ക് എന്തോ സംഭവിച്ചതായി പാസ്റ്റര്‍ക്ക് അറിയാമായിരുന്നു. ചായ കഴിഞ്ഞ് പാസ്റ്റര്‍ എന്റെ അടുത്തുവന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാമോ എന്ന് ചോദിച്ചു.
രാജ്യത്തിനകത്ത് നിന്ന് ഞങ്ങള്‍ കേട്ട സത്യം അവര്‍ ആളുകളെ തിരഞ്ഞു വീടുതോറും പോകുന്നു എന്നതാണ്. അവര്‍ നിരവധി അഫ്ഗാന്‍ ക്രൈസ്തവവിശ്വാസികളുടെ വീടുകളില്‍ ഇതിനകം പോയിട്ടുണ്ട്, അവര്‍ വീടുകളിലെ ബൈബിളുകള്‍ എടുത്തു കൊണ്ടുപോയി. ക്രൈസ്തവര്‍ ആ സമയത്ത് സ്വന്തം വീടുകളിലുണ്ടായിരുന്നില്ല. അതിനു ദൈവത്തിനു സ്തുതി. പക്ഷേ, അവര്‍ ഇപ്പോഴും ക്രൈസ്തവരെ തിരയുകയാണ്.
ഞാന്‍ പറഞ്ഞു, 'തീര്‍ച്ചയായും.' അവന്‍ എന്റെ തോളില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഞാന്‍ കരയാനും പാപം ഏറ്റുപറയാനും തുടങ്ങി. അടുത്ത ദിവസം എല്ലാം മാറി. എനിക്ക് എല്ലാം വ്യത്യസ്തമായി തോന്നി. ഞാന്‍ വ്യത്യസ്തമായി സംസാരിച്ചു, എന്റെ ജീവിതത്തില്‍ എല്ലാത്തിനും മാറ്റം വന്നു. ഞാന്‍ കാര്യങ്ങള്‍ വ്യത്യസ്തമായി കണ്ടു. എനിക്ക് ആളുകളെ വ്യത്യസ്തമായി കാണാന്‍ കഴിഞ്ഞു, അടുത്ത ദിവസം ഞാന്‍ ആളുകളുമായി സുവിശേഷം പങ്കിടാന്‍ തുടങ്ങി. യേശുവിന് മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ എന്ന് ഞാന്‍ മനുഷ്യരോടു പറഞ്ഞു. നിങ്ങള്‍ക്ക് സമാധാനം നല്‍കാന്‍ യേശുവിന് മാത്രമേ കഴിയൂ, നിങ്ങള്‍ക്ക് പ്രത്യാശ നല്‍കാന്‍ യേശുവിന് മാത്രമേ കഴിയൂ.
ആദ്യം ക്രൈസ്തവര്‍ എന്നെ വിശ്വസിച്ചില്ല കാരണം ഞാന്‍ അവരെ ഉപദ്രവിക്കുമായിരുന്നല്ലോ. എംബസിയുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നതുകൊണ്ട്, ഞാന്‍ അഫ്ഗാന്‍ സര്‍ക്കാരില്‍ നിന്ന് വന്നതാകാമെന്ന് അവര്‍ കരുതി. ഒരുപക്ഷേ, ഞാന്‍ സര്‍ക്കാരിന്റെ ഒരു ചാരനാകാമെന്നും അവര്‍ വിചാരിച്ചു. എന്നാല്‍ പിന്നീട്, അവര്‍ എന്നെ വിശ്വസിച്ചു. ക്രിസ്തുവിലേക്ക് വന്ന ധാരാളം ആളുകളെ ഞാന്‍ ഇന്ത്യയില്‍ കണ്ടു. അങ്ങനെ 2008-ല്‍ ഇന്ത്യയില്‍ വച്ചാണ് ഞാന്‍ ക്രിസ്തുവിനെ സ്വീകരിച്ചത്.
തുടര്‍ന്ന് അഞ്ചര വര്‍ഷത്തോളം ഞാന്‍ ഇന്ത്യയിലായിരുന്നു, അതിനു ശേഷം ഇന്തോനേഷ്യയിലേക്കു പോയി. മൂന്നു വര്‍ഷം ഇന്തോനേഷ്യയിലായിരുന്നു. ഞങ്ങള്‍ അവിടെ വീട്ടുസഭകള്‍ ആരംഭിച്ചു, ഏകദേശം 72 ഇറാനിയന്‍ മനുഷ്യരെ സ്‌നാനപ്പെടുത്തി. ആ മൂന്ന് വര്‍ഷത്തിനിടെ 17 അഫ്ഗാന്‍ മുസ്ലീങ്ങള്‍ ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്തു, ഞങ്ങള്‍ അവരെ സ്‌നാനപ്പെടുത്തി. 2015-ല്‍ ഞാന്‍ ഓസ്‌ട്രേലിയയിലേക്ക് മാറി. 2019 വരെ ഓസ്‌ട്രേലിയയിലായിരുന്നു. സിഡ്‌നിയില്‍ അഫ്ഗാന്‍ ക്രൈസ്തവര്‍ക്കു വേണ്ടി ഒരു പള്ളി ആരംഭിച്ചു. 2019-ല്‍, അമേരിക്കയിലെത്തി. ഇവിടെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നു, ഒരു പള്ളിയും ആരംഭിച്ചിരിക്കുന്നു.
ക്രൈസ്തവജീവിതത്തിലെ സ്‌നേഹമെന്ന യാഥാര്‍ത്ഥ്യമാണ് അഫ്ഗാനിലെ എന്റെ സുഹൃത്തുക്കളെ ആകര്‍ഷിക്കുന്നത്. അവര്‍ നിങ്ങളെ നിരുപാധികമായി സ്‌നേഹിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. അവര്‍ നിങ്ങളെ നിങ്ങളായിരിക്കുന്നതുപോലെ സ്‌നേഹിക്കുന്നു. അഫ്ഗാന്‍ സംസ്‌കാരത്തില്‍ നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുമ്പോള്‍ അവര്‍ നിങ്ങളെ തിരികെ സ്‌നേഹിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ അവരില്‍ പലരും പറയുന്നത് ക്രൈസ്തവരില്‍ യഥാര്‍ത്ഥ സ്‌നേഹം കാണുന്നു എന്നാണ്.
അഫ്ഗാനില്‍ ജനങ്ങള്‍ ക്രിസ്തുമതത്തെ കുറിച്ചറിയുന്നത് കൂടുതലും മാധ്യമങ്ങളില്‍ നിന്നാണ്. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, റേഡിയോ, ടിവി, എന്നിവയാണ് അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ക്കുള്ള നാല് ഉറവിടങ്ങള്‍. ഇപ്പോള്‍ അവര്‍ക്ക് ബൈബിള്‍ നല്‍കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. അവര്‍ കിടക്കയില്‍ ഉറങ്ങുമ്പോള്‍, അവര്‍ക്ക് സുവിശേഷം കേള്‍ക്കാന്‍ കഴിയും, ആര്‍ക്കും അത് തടയാനാവില്ല.
അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന വിശ്വാസികളോട് സംസാരിക്കുമ്പോഴെല്ലാം അവരുടെ വിശ്വാസം വളരെ വലുതും എന്റേത് വളരെ ചെറുതുമാണെന്നു ഞാന്‍ കാണുന്നു, അവര്‍ ക്രിസ്തുവിന് സ്വന്തം ജീവന്‍ നല്‍കുന്നു. യേശു പറഞ്ഞു, 'നിങ്ങള്‍ നിങ്ങളുടെ കുരിശ് എടുക്കുന്നില്ലെങ്കില്‍, എന്നെ പിന്തുടരാന്‍ നിങ്ങള്‍ യോഗ്യരല്ല, നിങ്ങള്‍ എന്നെ ആളുകളുടെ മുന്നില്‍ ഏറ്റുപറയുന്നില്ലെങ്കില്‍, ഞാന്‍ നിങ്ങളെ എന്റെ പിതാവിന്റെ മുന്നില്‍ ഏറ്റുപറയില്ല.' അതാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. അവര്‍ തങ്ങളുടെ കുരിശ് മനസ്സോടെ ഏറ്റെടുത്തു, അവര്‍ ദൈവ കൃപയില്‍ ആയിരിക്കാന്‍ ശ്രമിക്കുന്നു, സ്വന്തം ജീവന്‍ സന്തോഷത്തോടെ യേശുവിനു സമര്‍പ്പിക്കുന്നു.