
പി എ ചാക്കോ എസ് ജെ
'അന്യഗ്രഹജീവികള്‍ നമ്മളെ നിരീക്ഷിക്കുന്നില്ലേ' എന്നത് 'മൃഗശാലസിദ്ധാന്ത പ്രചാരകര്‍' ഉയര്‍ത്തുന്ന ഒരു ദശലക്ഷം ഡോളര്‍ ചോദ്യമാണ്. അവര്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് സംസാരിക്കുന്നു!
എന്നാല്‍, അതിലും വലിയ ചോദ്യം! നമ്മള്‍ മനുഷ്യര്‍ പരസ്പരം അന്യരല്ലേ?
ഉത്തരം കണ്ടെത്താന്‍ നമ്മള്‍ വളരെ ദൂരം പോകേണ്ടതുണ്ടോ?
നമ്മള്‍ മതിലുകള്‍ പണിയുന്നു. നമ്മള്‍ മതങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മള്‍ ജാതിവര്‍ഗസമൂഹങ്ങളെ സൃഷ്ടിക്കുന്നു.
നാം സൃഷ്ടിച്ച ദൈവങ്ങളെ സംരക്ഷിക്കണം പോലും! പോരാട്ടങ്ങളും യുദ്ധങ്ങളും അതിനാവശ്യമാണ്.
നമ്മള്‍ പരസ്പരം ശത്രുക്കളാണ്.
നമ്മള്‍ പരസ്പരം സംശയിക്കുന്നു.
നമ്മള്‍ മറ്റുള്ളവരെ മുള്ളുവേലികള്‍ കൊണ്ട് തടയുകയും, ബോംബുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്നു.
നമ്മള്‍ ഏറ്റവും യോഗ്യരും അര്‍ഹതയുള്ളവരും ആണെന്ന് കരുതുന്നു. അതിനാല്‍, നമ്മള്‍ ഡാര്‍വിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു.
നമ്മള്‍ അദ്ദേഹത്തിന്റെ 'അര്‍ഹതയുള്ളവരുടെ അതിജീവനം' എന്ന സിദ്ധാന്തത്തെ പ്രശംസിക്കുന്നു.
നമ്മള്‍ ദേവന്മാരെയും ദേവതകളെയും വാളുകളും കുന്തങ്ങളും കൊണ്ട് ആയുധധാരികള്‍ ആക്കി അലങ്കരിക്കുന്നു!
അതെ, പാവങ്ങള്‍ അവര്‍ക്ക് സംരക്ഷണം ആവശ്യമാണ്! അതിനാല്‍, നമ്മള്‍ അവര്‍ക്കുവേണ്ടി പോരാടുന്നു.
ഈ പ്രക്രിയയില്‍, മറ്റ് ഗ്രൂപ്പുകളെയും സമൂഹങ്ങളെയും അധിക്ഷേപിക്കുന്നതില്‍ നമുക്ക് വിരോധമില്ല. നമ്മള്‍ വിഷം തുപ്പുന്നു.
നമ്മുടെ സിദ്ധാന്തം ഉയര്‍ത്തി പിടിക്കാന്‍
നമ്മള്‍ മത വാക്യങ്ങള്‍ ഉദ്ധരിക്കുന്നു.
നമ്മുടെ ലക്ഷ്യം നേടിയെടുക്കാന്‍ ശക്തി പ്രാപിക്കാന്‍ നമ്മള്‍ ശ്ലോകങ്ങളും പ്രാര്‍ഥനകളും ചൊല്ലുന്നു.
നമ്മള്‍ യുദ്ധപ്രേമികളാണ്!
അക്രമമാണ് നമ്മുടെ ആയുധം. വെറുപ്പാണ് നമ്മുടെ ശക്തി.
ആരുടെയും സ്വകാര്യതയിലേക്ക്, ആരുടെയും വഴിയിലേക്ക്, ആരുടെയും പ്രാര്‍ത്ഥനാ മുറിയിലേക്ക് നമുക്ക് അതിക്രമിച്ചു കടക്കാം.
ആരെയും നമുക്ക് വഴിയില്‍ തടയാം. കൊലവിളി മുഴക്കാം. ആള്‍ക്കൂട്ട വിചാരണ നടത്താം, കാരാഗൃഹത്തിലടക്കാം!
നമുക്ക് ഒരു അജണ്ടയുണ്ട്.
നമുക്ക് ഒരു പുതിയ രാഷ്ട്രം വേണം.
നമുക്ക് ഈ പുതിയ അസ്തിത്വം വേണം.
നമ്മള്‍ തന്നെ ഭരണാധികാരികള്‍, ന്യായാധിപന്മാര്‍,
നമ്മള്‍ തന്നെ ആരാച്ചാര്‍മാര്‍!
അന്യഗ്രഹജീവികള്‍ ഇവിടെയുണ്ട്.
നമ്മള്‍ തന്നെ അന്യഗ്രഹജീവികള്‍!