പരസ്യങ്ങള്‍... അസംബന്ധങ്ങള്‍... വിപണികള്‍..

പരസ്യങ്ങള്‍... അസംബന്ധങ്ങള്‍... വിപണികള്‍..

ഉപഭോഗ സമൃദ്ധിയുടെയും അവിശുദ്ധിയുടെയും പുതിയ കാലഘട്ടം പരസ്യകോലാഹലങ്ങളുടെ കൂടി കാലഘട്ടമായി നിറക്കൂട്ടുകളായിട്ടുണ്ടെങ്കില്‍ അത് വിപണി മത്സരങ്ങള്‍ക്കും, പണം അനാവശ്യമായി സ്വരൂപിക്കാനും വേണ്ടിയല്ലാതെ മറ്റെന്തിനാണ്? ചിലപ്പോള്‍ ഇഷ്ടപ്പെട്ട ഒരു സിനിമ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടുതീരണമെങ്കില്‍ മണിക്കൂറുകളോളം ചെലവഴിക്കുക എന്ന ക്ഷമകേടിനു പിന്നില്‍ ഒളിയമ്പുകളുമായി ഞാണ്‍ വലിക്കുന്നത് പരസ്യങ്ങളുടെ കെട്ടുകാഴ്ചകളായിരിക്കും. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ പരസ്യങ്ങളുടെ വര്‍ണ്ണങ്ങളില്‍ കാഴ്ചക്കാര്‍ വല്ലാതെ സംത്രാസപ്പെടുന്നു. യാതൊരു മൂല്യ സിദ്ധാന്തവുമില്ലാതെ ധനാഗമമാര്‍ഗ്ഗത്തിനായി എന്തും ആ ചെറുപെട്ടിയില്‍ കുത്തി നിറയ്ക്കുകയും ചെയ്യും. ആരോ കളിയാക്കിവിട്ട വിഡ്ഢിപ്പെട്ടി പരസ്യപ്പെട്ടി എന്ന നാനാര്‍ത്ഥത്തില്‍ക്കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. സഹജീവികളെ കണ്‍സ്യൂമറുകളാക്കുന്ന കെണിപ്പെട്ടി എന്ന വിശേഷണവും അനുയോജ്യമല്ലാതാകുന്നില്ലല്ലോ.

എന്തും വാങ്ങിക്കൂട്ടാന്‍ തിരക്കേറ്റുന്ന ഗോഡ്‌സ് ഔണ്‍ കണ്‍ട്രിയിലെ ജനതതി മനസ്സില്‍ കടന്നല്‍ക്കൂടിളക്കിയ പരസ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുകയായി. അവയുടെ ഗുണമോ നിര്‍ഗുണമോ തിരിച്ചറിയാനാവാതെ.

'മാന്‍മാര്‍ക്ക് കുട' എന്ന പഴയ കാല കുടയുടെ പകിട്ടില്ലാത്ത ഒരു പരസ്യം മലയാള സാഹിത്യവുമായി ഒത്തുപോയിട്ടുണ്ട്. അക്ഷരങ്ങള്‍ അറിയാതിരുന്ന വി.ടി. ഭട്ടതിരിപ്പാട് തന്റെ യൗവനാദിയില്‍ ഒരു തിയ്യാടിപ്പെണ്‍കുട്ടിയില്‍ നിന്ന് അക്ഷരങ്ങള്‍ സ്വായത്തമാക്കി ഒടുവില്‍, ശര്‍ക്കര പൊതിഞ്ഞു കൊണ്ടുവന്ന കടലാസില്‍ നിന്നും വളരെ പണിപ്പെട്ടു വായിച്ചുവത്രേ... 'മാന്‍മാര്‍ക്ക് കുട.'

ഇന്നു കുടകളുടെ പരസ്യമോ? മഴ... മഴ... കുട... കുട... മഴ വന്നാല്‍... ആടിപ്പാടി പാടിയാടി ആ പരസ്യചലനങ്ങള്‍ ബാല്യങ്ങള്‍ക്കും കൗമാരങ്ങള്‍ക്കും ആകര്‍ഷണീയതകള്‍... കുട്ടികള്‍ ആകൃഷ്ടരാകേണ്ടതിനു വേണ്ടിയുള്ള പരസ്യങ്ങള്‍ ബഹു കെങ്കേമങ്ങള്‍ ആയിത്തീരുകയല്ലേ? ആ കിന്റര്‍ ജോയി എങ്ങ നെയൊക്കെയാണ് കുഞ്ഞുങ്ങളെ വലയിലാക്കിയത്. മക്കളുടെ ആഗ്രഹം എന്തോ അതിനുവേണ്ടിയാണ് ഒട്ടുമിക്ക മാതാപിതാക്കളും ജീവിക്കുന്നത് എന്നു തോന്നിപ്പോകും. ചില സന്ദര്‍ഭങ്ങളില്‍, പരസ്യങ്ങളുടെ മായികാ കാഴ്ചകളും അക്ഷരക്കൂട്ടുകളും നല്ലതോ ചീത്തയോ ഒന്നും തിരിച്ചറിയിക്കാതെ കുഞ്ഞുവാത്സല്യങ്ങളിലേക്ക് 'കണ്‍ഫ്യൂഷന്‍' വിതറുകയല്ലേ പരസ്യാകര്‍ഷണീയതകള്‍.

കേരളീയരുടെ പ്രഥമവും പ്രധാനവുമായ അരിതന്നെ വിറ്റഴക്കപ്പെടാന്‍ ബ്രാന്റ് കിനാക്കള്‍ യാഥാര്‍ത്ഥ്യമാകുന്നതോ... എല്ലാത്തരം പ്രോട്ടീനുകളും വൈറ്റമിനുകളും അതിശയോക്തിയില്‍ അന്നത്തിലേക്ക് തുള്ളിത്തുളുമ്പുമത്രേ.. എല്ലാത്തരം ധാന്യപ്പൊടികളും പാക്കറ്റിലാകുമ്പോള്‍ ഊതി വീര്‍പ്പിച്ച പോഷക പ്രധാനങ്ങളും അതീവരുചികളുമായിട്ടാണ് പരസ്യങ്ങളിലൂടെ തെറിച്ചുവീഴുന്നത്.

ഉമിക്കരിയും, മാവിലയും പല്ലുതേപ്പുകളില്‍ ഒതുങ്ങിക്കിടന്നിരുന്ന ഇന്നലെകളില്‍ നിന്നും ടൂത്ത് പേസ്റ്റുകളുടെ പുതിയ ലോകം വിപണി പിടിച്ചെടുക്കാന്‍ മത്സരക്കളരിയില്‍ അങ്കം കുറിക്കുന്നത് പരസ്യത്തിന്റെ മുതുകിലേറിയാണ്. കോള്‍ഗേറ്റ് കച്ചവടമുറപ്പിച്ചിരിക്കുമ്പോള്‍ ഒരു പുതുപ്പുഞ്ചിരിയുടെ പര്യായപദവുമായി കോളിനോസ് വന്നപ്പോഴോ? അതിനും കിട്ടി ഉപഭോക്താക്കളെ ആ പരസ്യവഴികള്‍ ഇല്ലെങ്കിലോ? മുത്തശ്ശി പേരക്കിടാവിന്റെ പല്ലുവേദനയ്ക്കായി കരയാമ്പു ചേര്‍ത്ത 'പ്രോമിസ്' നിര്‍ദ്ദേശിക്കുമ്പോഴോ... പിന്നെപ്പിന്നെ ഹെര്‍ബലും ആയുര്‍വേദവും പല്ലിന്റെ ആരോഗ്യവാഗ്ദാനങ്ങളുമായി പരസ്യത്തില്‍ നിറഞ്ഞാടുമ്പോള്‍ ഇന്നത്തെ തലമുറ ഓര്‍ക്കുന്നുവോ നമ്പൂതിരീസ് പല്‍പ്പൊടിയും, ഇറ്റിപ്പറ്റയും.

ബഹുരാഷ്ട്ര കുത്തുകകളും ഇന്ത്യന്‍ കുത്തകകളുമൊക്കെ അങ്ങനെയൊക്കെ ദന്ത സംരക്ഷണത്തിനായും മോണ സംരക്ഷണത്തിനായും എത്രയോ കോടികളുടെ പരസ്യങ്ങളാണ് വിക്ഷേപിക്കുന്നത്. അതൊക്കെ നഷ്ടക്കച്ചവടം ആകാന്‍ വേണ്ടിയല്ലല്ലോ.

ഏതു സോപ്പും ഏതവനെയും വെളുപ്പിച്ചു സുന്ദരീ സുന്ദരന്മാരാക്കുന്നത് സിനിമാ നടികളുടെ മേനിയഴകില്‍ സോപ്പുപതക്കുമിളകളിലൂടെ ഇക്കിളിപ്പെടുത്തിക്കൊണ്ടാണ്. കാഴ്ചക്കാര്‍ക്ക് അത്തരം വശീകരണങ്ങളാണല്ലോ വേണ്ടതും. സുമുഖനും സുമുഖിയുമല്ലാത്തവര്‍ ഒരു സോപ്പുതേപ്പിലൂടെ എന്തു സൗന്ദര്യം ചാര്‍ത്തിയെടുക്കാന്‍? മനുഷ്യനു ഒഴിച്ചുകൂടാനാവാത്ത നിത്യവസ്തുക്കളെയാണല്ലോ പരസ്യത്തിന്റെ ബഹുവര്‍ണ്ണ ദൃശ്യങ്ങളിലൂടെയും, വാചകക്കസര്‍ത്തുകളിലൂടെയും വിപണി കണ്ടെത്താന്‍ സൗകര്യമൊരുക്കുന്നത്.

സൗന്ദര്യം വയ്ക്കാനും വെളുക്കാനുമുള്ള ഒരു പുതിയ സോപ്പിന്റെ പരസ്യത്തിലേക്ക് പ്രായമായിട്ടും പ്രായമാകാത്ത ഒരു നടനെയാണ് കുളിപ്പിച്ചു ഒന്നുകൂടി സുന്ദരനാക്കിയത്. അതില്‍ ഭ്രമിച്ച് ആ സോപ്പ് ആറേഴുമാസക്കാലം ഉപയോഗിച്ചിട്ടും വെളുക്കാതിരുന്നവന്‍ ചെന്നെത്തിയത് ഉപഭോക്തൃക്കോടതിയില്‍. അവനു നഷ്ടപരിഹാരം വേണമത്രേ. അവന്‍ വെളുത്തുമില്ല, സുന്ദരനുമായില്ലല്ലോ. ആ പാവം നഷ്ടപരിഹാരം വാങ്ങിച്ചെടുത്തിരിക്കണം. സ്റ്റാറിനെ കോടതികയറ്റിയുമിരിക്കണം.

പരസ്യങ്ങളുടെ എപ്പിസോഡുകളിലൂടെ മനസ്സിനെ അഴിച്ചുവിട്ടാല്‍ രസങ്ങളും രസക്കേടുകളുമൊക്കെ ശ്രദ്ധിക്കാനാവും. ചില ദുഃഖദുരിതങ്ങളും അണിയറയില്‍ നിന്നും അരങ്ങത്തേയ്ക്ക് വരും. അതൊക്കെ അമിതമായതുകൊണ്ടാണ്.

സോപ്പുകള്‍ക്കിടയിലേക്ക് പുതുമയുമായി അതാ ഒരുവന്‍ പ്രത്യക്ഷപ്പെടുന്നു. ചെറുനാരങ്ങയുടെ നിറത്തിലും കവറില്‍ ഒരുപാതി ചെറുനാരങ്ങയുമായി. ആറ്റില്‍ കുളിച്ചു കുളിര്‍ കോരാന്‍ പാകത്തില്‍ ഒരു സുന്ദരിയുടെ സ്വപ്നലോലുപതയില്‍ ആകര്‍ഷണീയതയോടെ കുളിക്കാരുടെ ഇടയിലേക്ക് എത്തിയപ്പോള്‍ അതിനും വിപണിയായി. താമസംവിനാ മറ്റൊരു കമ്പനി ചെറുനാരങ്ങയുടെ ചിത്രവുമായി അടിപൊളിയായി രംഗത്തെത്തവേ, ആദ്യവാന്‍ കേസുകൊടുത്തതോ... അവരുടെ ചെറുനാരങ്ങയിന്മേല്‍ കടന്നു കയറിയത്രേ... കോടതിയില്‍ രണ്ടാമന്‍ വാദിച്ചതോ, അവര്‍ക്ക് അരച്ചെറുനാരങ്ങയുടെ കുളിയായിരുന്നെങ്കില്‍, തങ്ങള്‍ക്ക് രണ്ട് അരച്ചെറുനാരങ്ങയുടെ പ്രത്യക്ഷപ്പെടലുമാണ്. കേസില്‍ തോല്‍ക്കുക മാത്രമല്ല, ആറ്റിലെ അഴകാര്‍ന്ന പെമ്പിളൈ അവളുടെയും സോപ്പു കമ്പനിയുടെയും വരാനിരിക്കുന്ന ദുര്‍വിധിയും പേറിക്കൊണ്ട് മുങ്ങിമരിച്ചു. അവളുടെ വീട്ടുകാരും നഷ്ടപരിഹാരത്തിനു കേസുമായി മുന്നോട്ടു നീങ്ങവേ ആ സോപ്പു വ്യവസായം സ്വാഹ!

പണത്തിന്റെയും അത് അട്ടിമറിച്ചെടുക്കാനുള്ള അതിരുവിട്ട അത്യാഗ്രഹത്തിന്റെയും, കടുകടുത്ത മത്സരങ്ങളുടേയും പുതുപുതിയ മേച്ചില്‍പ്പുറങ്ങളില്‍ പരസ്യക്കാഴ്ചകളിലും, വാചകങ്ങളിലും എന്തു കള്ളവും ചേര്‍ത്ത് മുന്നേറുമ്പോള്‍ പാവം ഉപഭോക്താക്കള്‍ക്ക് മറ്റെന്തു ഭാവനകള്‍... ചിന്തകള്‍....

സാക്ഷരതയിലും സംസ്‌കാരത്തിലുമൊക്കെ ഉയരം വയ്ക്കുന്ന മലയാളികള്‍ പരസ്യത്തിന്റെ ഇന്ദ്രജാലങ്ങളില്‍ കുടുങ്ങി ഒട്ടേറെ അനാരോഗ്യവഹകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ പിന്നാലെ മെല്ലെ പദം വയ്ക്കുന്നുവല്ലോ മാരകരോഗങ്ങളും, നാം കാര്യമായിത്തന്നെ കണ്ടറിഞ്ഞതല്ലേ. ആ വിദേശരാജ്യം മറ്റിടങ്ങളിലേക്ക് വിക്ഷേപിച്ച ന്യൂഡില്‍സിനെ... സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കേറിയ പ്രഭാതങ്ങളിലേക്ക്... ന്യൂഡില്‍സു മതിയത്രേ ഗുഡ്‌മോണിങ്ങിനും രുചിക്കും ആരോഗ്യത്തിനും കാലം അധികം വേണ്ടി വന്നില്ല; അതിനകത്തെ അനാരോഗ്യത്തിനേയും അതിന്റെ നിഷ്‌ക്കാസിതത്തിനും - അതാ വീണ്ടും അത് സത്യസന്ധതയുടെ ചിറകിലേറി ഒച്ചവച്ചുണര്‍ന്നിരിക്കുന്നു ബഹുമെച്ചവുമായി.

അവര്‍ ഉപഭോക്താക്കളോടു കാണിച്ച അപഭൃംശത്തിനും ചതിക്കും, തങ്ങള്‍ പകരം വീട്ടുന്നുണ്ട് എന്നു ബോദ്ധ്യപ്പെടുത്താന്‍ ആ ഭക്ഷ്യവസ്തുവിനെ ബഹിഷ്‌ക്കരിക്കാനുള്ള ധാര്‍മ്മികബോധം മലയാളികള്‍ മൊത്തമായോ ചില്ലറയായോ കൊടുത്തിരുന്നെങ്കില്‍...

നമ്മളില്‍ കിറുകൃത്യമായ ആവശ്യങ്ങളെ ഉണര്‍ത്തിവിട്ടുകൊണ്ടാണ് അവയെ വാങ്ങാന്‍ പരസ്യങ്ങള്‍ പ്രേരകഗോപുരങ്ങളാകുന്നത്. ഒട്ടുമിക്ക ആര്‍ഭാട വസ്തുക്കളും സൈ്വര്യജീവിതത്തിനു ആവശ്യമേയല്ല എന്ന് ആര്‍ക്കാണാവോ തിരിച്ചറിവുണ്ടാവുക?

ഗുണമേന്മകളുടെ പ്രതീകമായ ബ്രാന്റുകളെ വ്യക്തതപ്പെടുത്താന്‍ ചില മുദ്രകളൊക്കെ ഉണ്ട്. ഒരേ രീതിയിലുള്ള വിവിധ ഉല്പന്നങ്ങള്‍ക്ക് വിവിധ ബ്രാന്റുകളും മുദ്രകളും അംഗീകൃതമായിട്ടുതന്നെ ഉണ്ട്. അതിനൊക്കെ ഐ.എസ്.ഐ. മുദ്രയും മറ്റും വെളിപ്പെടുത്തുമ്പോഴും വ്യാജന്‍ അങ്ങോട്ടേക്കും എത്തിനോക്കാതിരിക്കുന്നില്ല.

പരസ്യങ്ങള്‍ ആത്മബോധം വളര്‍ത്തേണ്ടതിനു പകരം അധമബോധം വര്‍ദ്ധിപ്പിക്കുകയാണു ചെയ്യുന്നത്. ജീവിതാവസ്ഥകളെ പരസ്യങ്ങള്‍ മൊത്തം വലവീശിപ്പിടിക്കുമ്പോള്‍, മനുഷ്യന്റെ പോക്ക് സുഖഭോഗതൃഷ്ണകളിലേക്കാണ്. അങ്ങനെയങ്ങനെ ജീവിതവ്യാപനത്തെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്ന പരസ്യങ്ങളെ ദേശീയമായിത്തന്നെ 'സെന്‍സര്‍' ചെയ്യാനുള്ള നിയമവും അതും തെറ്റിച്ചാല്‍ കടുത്ത ശിക്ഷയും കൊടുക്കേണ്ടതിലേക്കുള്ള മറു നിയമവും സംജാതമാകേണ്ടിയിരിക്കുന്നു.

ടെക്‌നോളജിയുടെ കോലോഹലത്തിനിടയില്‍ അത്തരം ഒരു പരസ്യം വേണോ വേണ്ടയോ എന്ന ചോദ്യത്തിനോട് വേണമെന്നും വേണ്ട എന്നും പ്രതികരിക്കാം. മറ്റൊന്നുമല്ല, ''ഇന്നര്‍വെയേഴ്‌സിനെ, ഉയര്‍ത്തിക്കാണിക്കാനും, മഹത്വവല്‍ക്കരിക്കാനും, മനുഷ്യര്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങുന്നതുപോലെയും ഒക്കെയാണ് അകവസ്ത്രങ്ങള്‍ അഴകുള്ളതാക്കി ഉല്പ്പാദകര്‍ അവരുടെ പരസ്യത്തെ ഒരു തരം 'വള്‍ഗാരിറ്റി'യിലേക്ക് കൊഞ്ഞനം കുത്തുന്നത്.

കാലാകാലമായി ഒരു സംസാരവിഷയവും ഇല്ലാതെ, ആരോഗ്യപ്രശ്‌നവുമില്ലാതെ, മാര്‍ക്കറ്റിംഗ് മത്സരവുമില്ലാതെ അകവസ്ത്രങ്ങള്‍ മനുഷ്യര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയല്ലേ? നവലിബറല്‍ കാലഘട്ടമായപ്പോള്‍ അതൊക്കെ പരസ്യത്തിന്റെ അഴുക്കുകള്‍ കീഴടക്കുകയായി. ആ പരസ്യപ്രദര്‍ശനങ്ങള്‍ അതേപടി മലയാളികള്‍ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യപ്പെടുമോ? അര്‍ദ്ധനഗ്നതയിലൂടെയുള്ള സഭ്യതാഭ്രംശങ്ങളിലൂടെയും ലാഭം കൊയ്‌തെടുക്കാനുള്ള പ്രൊഡക്ഷന്‍ തിയറി. ശരീരം എന്ന അവസ്ഥയില്‍ മറച്ചുവയ്‌ക്കേണ്ടതായ സാംസ്‌ക്കാരികത മറച്ചുവച്ചുകൊണ്ടുതന്നെയാണ് അത് സഭ്യമായതും, സഭ്യമാകുന്നതും.

അതാ എത്തിക്കഴിഞ്ഞല്ലോ. പുരുഷവര്‍ഗ്ഗത്തെ ആകമാനം ഷണ്‍ഡീകരിച്ചുകൊണ്ടുള്ള ഉണര്‍വു മരുന്നുകള്‍. അവ ഗുളികകളിലും, പൊടികളിലും സ്‌പ്രേകളിലുമൊക്കെ സൂക്ഷ്മതപ്പെട്ടിട്ടാണ് പരസ്യത്തിന്റെ നെഞ്ചേറി സ്പന്ദീകരിക്കുന്നത്. മലയാളികള്‍ എന്ന അഭിമാന കേസരികളുടെ യൗവനത്തിലേക്കും ആണത്തത്തിലേക്കും വൃദ്ധകാമനയിലേക്കുമൊക്കെ ചോദ്യപ്പെട്ടുകൊണ്ടാണ് 'ഉത്തേജകങ്ങള്‍' ഉത്സാഹപ്പെട്ടും തിടുക്കപ്പെട്ടും കൊണ്ടിരിക്കുന്നത്. അവ ആയുര്‍വേദത്തിന്റെയും ഹെര്‍ബലിന്റെയും യുനാനിയുടെയും മറ്റും തോളില്‍ തൂങ്ങിയും. പേടിക്കയേ വേണ്ട, പാര്‍ശ്വഫലങ്ങള്‍ ഒന്നുമേ ഇല്ല. എത്രയോ കോടിയുടെ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്. കണക്കുകള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ?

ഉണര്‍വു കമ്പനികള്‍ക്കറിയാം, അതൊക്കെ ഉപയോഗിച്ച് പരാജിതരായിട്ട് ആരും കേസും കൊടതിയും ഒന്നും കയറില്ല എന്ന്. പരസ്യമായി ആര് പ്രത്യക്ഷപ്പെടാന്‍? തനിക്ക് ആ മരുന്ന് ഗുണമായില്ല എന്നു പറഞ്ഞുകൊണ്ട് കേസുമായി മുന്നോട്ടായുന്ന പ്രതിഷേധദാഹിയായ ആ ഷണ്ഡനെവിടെ? എവിടയാണവന്‍?

പരസ്യത്തിന്റെ ശാസ്ത്രീയതയിലേക്ക് ഒന്ന് എത്തിപ്പെട്ടാലോ? പരസ്യത്തിനു പോസിറ്റീവായ ഒരു ലക്ഷ്യമുണ്ട്. ലോക സമ്പദ് വ്യവസ്ഥയ്ക്ക് പരസ്യമില്ലാതെ മുന്നോട്ടെടുക്കാനാവില്ല. ഒരുല്‍പ്പന്നം പുതുതായി സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ അതറിയണ്ടേ? പരസ്യത്തെക്കുറിച്ചുള്ള ന്യായമായ ഒരു നിര്‍വചനമോ? നന്നായി പറയപ്പെടുന്ന സത്യം എന്നുതന്നെ. പക്ഷേ, വാണിജ്യ വല്‍ക്കരണത്തിന്റെ വിഭ്രാത്മകമായ അവസ്ഥകളില്‍ എല്ലാം ഉല്പന്നമായി പരിണമിക്കുന്നു. അവയ്ക്ക് മാര്‍ക്കറ്റിംങ് ഉണ്ടാവണം, ഏതു വിധേനേയും. മനസ്സിനെയും ശരീരത്തെയും ഉല്പന്നങ്ങളാല്‍ ലളിത കൗശല സാധ്യതകളാക്കണം. മധുര മധുര വാഗ്ദാനങ്ങളുടെയും പൊള്ളച്ചിരികളിലൂടെയും.

പരസ്യങ്ങളുടെ കൃത്രിമ ജലാശയത്തില്‍ കിടന്നു കൈകാലിട്ടടിച്ചും, മുങ്ങിത്താണും, ശ്വാസമെടുത്തും ജീവിതം ഒരു വിധമാകുന്നവരുടെ കഥയാണ് സി.ആര്‍. രാജന്റെ പരസ്യജീവിതം. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി എന്തുതരം സൂത്രങ്ങളെയും കൂടെ കൂട്ടുന്ന ഇടപാടാണ് Trick the trade (ട്രിക്ക് ദ ട്രേഡ്) എന്ന ആംഗലേയത. അതിലേക്കുള്ള നി കൃഷ്ടരീതിയാണ് Dirty Trick (ഡേര്‍ട്ടി ട്രിക്ക്).

വ്യവസായ വിപ്ലവത്തോടെ ഒട്ടനവധി പ്രൊഡക്ഷനുകള്‍ മാര്‍ക്കറ്റിലേക്ക് തെറുത്തു കയറിയതോടെ അവയ്ക്ക് പരസ്യങ്ങളും വേണ്ടി വന്നു. മെല്ലെ പരസ്യങ്ങള്‍ക്ക് കമ്പനികളുമായി. കോപ്പി റൈറ്റേഴ്‌സുമായി. തലച്ചോറിലേക്ക് നിര്‍മ്മിതികള്‍ മിന്നിക്കയറി, മിന്നിമിന്നി അവ നില്‍ക്കാനും, ആ മിന്നല്‍ മങ്ങാതിരിക്കാനും പരസ്യ വാക്കുകളും തന്ത്രങ്ങളും ഒച്ചവച്ചുണരുകയായി.

ആ കൊക്കോകോളെ എന്ന ദ്വിവാക്ക് ഒന്നപഗ്രഥിച്ചാലോ? ലോകമാകമാനം ഏതു ഭാഷക്കാര്‍ക്കും ഏതു ദേശക്കാര്‍ക്കും കണ്ണില്‍ കണ്ട് ഓര്‍ത്തിരിക്കാനാവുന്ന കൊക്കൊ നിറം. നാവില്‍ വച്ചാല്‍ മധുരവും ചവര്‍പ്പും പിന്നെ എന്തോ ഒരു രസികന്‍ രുചിയും. ആര്‍ക്കും ഉച്ചരിക്കാനും ഉണര്‍വേകാനും പാകത്തിനുള്ള നാമധേയവും. അതിന്റെ ഉപയോഗം ധാരാളിത്തത്തിലേക്കു കടന്നാലോ... രസജ്വരവും... രോഗാതുരതയും. നമ്മുടെ പിള്ളേര്‍ക്കൊക്കെ അതുമതി.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ പരസ്യം അതിന്റെ പദസഞ്ചലനം തുടങ്ങിയിട്ടുണ്ടെന്ന് ചരിത്രത്തിന്റെ ഇത്തിരി വെട്ടത്തിലൂടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഗ്രീസില്‍ കച്ചവടക്കാര്‍ വസ്തുക്കളുടെ വസ്തുതകള്‍ - ഗുണ നിലവാരങ്ങള്‍ - വിളിച്ചു പറയുന്ന പതിവുണ്ടായിരുന്നു. അവരായിരിക്കണം ആദ്യ പരസ്യക്കാര്‍. അച്ചടിയുടെ ആവിര്‍ഭാവത്തോടെ വില്ല്യം കാക്സ്റ്റണ്‍ എന്ന ഇംഗ്ലീഷുകാരന്‍ തന്റെ കടയിലെ പുസ്തകങ്ങള്‍ വിറ്റുപോകാന്‍ പുസ്തകങ്ങളുടെ വിശദാംശങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നോട്ടീസുകള്‍ അച്ചടിച്ച് തെരുവുകളുടെ മതിലുകളിലും മറ്റും ഒട്ടിച്ചുവയ്ക്കാറുണ്ടായിരുന്നു.

മറ്റൊന്നിങ്ങനെ:

1472-കളില്‍ ലണ്ടനിലെ പള്ളി വാതിലുകളില്‍ 'പ്രാര്‍ത്ഥനാപുസ്തകം വില്പ്പനയ്ക്ക്' എന്ന് നോട്ടീസ് രൂപത്തില്‍ ഒട്ടിച്ചുവച്ചിരുന്നു. ലോകത്തെ ആദ്യത്തെ ടെലിവിഷന്‍ പരസ്യം 1941 ജൂലൈ മാസത്തില്‍ അമേരിക്കയിലെ WNBT എന്ന ചാനലിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാലം അതിന്റെ യാത്ര പോകവെ ഡിജിറ്റല്‍ സ്മാര്‍ട്ട് പരസ്യങ്ങളെ തോളിലേറ്റിയിരിക്കയാണ്. ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്ക്‌സ് എന്നിവയിലൂടെയൊക്കെ പരസ്യങ്ങളുടെ വ്യാപനത്തിനു ആക്കം കൂട്ടിയിരിക്കുന്നു എന്നത് രഹസ്യതയല്ലാത്ത പരസ്യമല്ലേ...

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org