'വിശുദ്ധ കുര്‍ബാനയുടെ ഉപാസകന്‍'

ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവിന്റെ 125-ാം പൗരോഹിത്യസ്വീകരണ വാര്‍ഷികം
'വിശുദ്ധ കുര്‍ബാനയുടെ ഉപാസകന്‍'

സിസ്റ്റര്‍ റോസ് അല്‍ഫോന്‍സ് വട്ടക്കാട്ടുശ്ശേരി SABS

1899 മെയ് 27, റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടന്ന കൈവയ്പ്പു ശുശ്രൂഷയിലൂടെ പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട തോമസ് കുര്യാളശ്ശേരി അച്ചന്‍ 12 വര്‍ഷം കഴിയുന്നതിനു മുമ്പ് ഒരു മെത്രാനാകുമെന്ന് ദൈവനിവേശത്താല്‍ പ്രചോദിതനായി കര്‍ദിനാള്‍ കസേന്താ ഫ്രന്‍ചെസ്‌കോ ഡി പൗളാ ആശംസ നല്കി. 1911 ഡിസംബര്‍ 3-ന് ബഹു. തോമാച്ചന്‍ ചങ്ങനാശ്ശേരി വികാരിയത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ ആ പ്രവചനം യാഥാര്‍ത്ഥ്യമായി.

2024 മെയ് 27 ഈ ധന്യപിതാവിന്റെ പൗരോഹിത്യസ്വീകരണ ത്തിന്റെ 125-ാം വാര്‍ഷികം നാം ആചരിക്കുന്നു.

ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ മെത്രാനും വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവ്, താന്‍ ജീവിച്ചകാലത്തേയും ജനങ്ങളേയും ചരിത്രത്തേയും തൊട്ടു മനസ്സിലാക്കുകയും കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി, കാലത്തിനു മുമ്പേ ചിന്തിക്കുകയും പ്രവാചക സ്വരത്തില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഇടയശ്രേഷ്ടനാണ്.

  • ആടുകളെ അറിയുന്ന ഇടയന്‍

ഇടയന്‍ ആടുകളെ അറിയുന്നു, പേരു ചൊല്ലി വിളിക്കുന്നു - നഷ്ടപ്പെട്ടതിനെ അന്വേഷിച്ചിറങ്ങി, അവരെ തോളിലേറ്റി രക്ഷയിലേക്ക് നയിച്ച ബഹു. തോമാച്ചന്‍ തന്റെ ഇടയധര്‍മ്മം നൂറുശതമാനം വിശ്വസ്തതയോടെ പൂര്‍ത്തിയാക്കി. ഇതിനായി തോമാച്ചന്‍ കണ്ടെത്തിയ മാര്‍ഗം ഭവന സന്ദര്‍ശനം ആയിരുന്നു. ബഹു. തോമാച്ചന്റെ പൗരോഹിത്യ ജീവിതത്തിന്റെ കര്‍മ്മ ചൈതന്യം ശ്രദ്ധേയമായത് എടത്വായിലെ സേവന കാലഘട്ടത്തിലാണ്. കോളറാബാധ ജനങ്ങളെ ഭയവിഹ്വലരാക്കിയ സമയം. അനേകര്‍ മൃത്യുവിന് ഇരയാകുന്നതു കണ്ട് അദ്ദേഹം ദുഃഖിച്ചു. അതിരുകളില്ലാത്ത ക്രിസ്തീയ ദീനാനുകമ്പയാല്‍ പ്രേരിതനായി ആ യുവ വൈദികന്‍ ഒരു നല്ല ശമരായനെപ്പോലെ ജാതി മത ഭേദമെന്യേ വീടുകള്‍ കയറിയിറങ്ങി, രോഗികളെ ആശ്വസിപ്പിച്ചും ശുശ്രൂഷിച്ചും മരണസാന്നരായവര്‍ക്ക് അന്ത്യകൂദാശകള്‍ കൊടുത്തും അവരുടെ സംരക്ഷണം ഏറ്റെടുത്തും മരിച്ചവരെ സംസ്‌ക്കരിച്ചും തന്റെ ആരോഗ്യവും സമയവും പണവും വ്യയം ചെയ്തു. എത്ര വലിയ പാപിയേയും കഠിനഹൃദയരേയും മാനസാന്തരപ്പെടുത്തുവാനുള്ള ദൈവികശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. കുഷ്ഠരോഗിയുടെ പുലയകുടിലിലേക്കും കവിളവാര്‍പ്പുരോഗിയുടെ ചെറ്റക്കുടിലിലേക്കും കയറിചെന്നതുമെല്ലാം കരുണാര്‍ദ്ര സ്‌നേഹത്തിന്റെ നിദര്‍ശനങ്ങളാണ്.

  • വിശുദ്ധ കുര്‍ബാനയുടെ ഉപാസകന്‍

വിശുദ്ധ കുര്‍ബാനയില്‍ കേ ന്ദ്രീകൃതമായ ഒരു ആദ്ധ്യാത്മികതയുടെ ഉടമയായിരുന്നു കുര്യാളശ്ശേരി പിതാവ്. വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണം, വിശുദ്ധ കുര്‍ബാനയുടെ ആരാധന, വിശുദ്ധ കുര്‍ബാനയുടെ ജീവിതം ഇവ മൂന്നും ഉള്‍ക്കൊള്ളുന്ന ഒരു ജീവിതശൈലിയാണ് അദ്ദേഹത്തിനുണ്ടായിരുന്നതും അജഗണങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചതും. ''നമ്മുടെ മക്കളായ വിശ്വാസികളുടെ ഇടയില്‍ ഏറ്റം അധികമായി പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്ന ഒരു ഉത്തമ സല്‍കൃത്യം വിശുദ്ധ കുര്‍ബനയോടുള്ള ഭക്തിയാണ്.'' എന്ന് 8-ാം നമ്പര്‍ ഇടയലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ കുര്‍ബാനയാണ് കേരളസഭയുടെ നവീകരണത്തിന് അടിസ്ഥാനമാകേണ്ടത് എന്ന ബോധ്യം അദ്ദേഹത്തില്‍ ശക്തമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പവര്‍ ഹൗസ് വിശുദ്ധ കുര്‍ബാനയായിരുന്നു. ഈ ഭക്തി തലമുറകള്‍ക്കു പകര്‍ന്നു കൊടുക്കുന്നതിനുള്ള ഉത്തമ മാര്‍ഗവും തന്റെ ദിവ്യകാരുണ്യ സ്‌നേഹത്തിന്റെ നിത്യസ്മാരകവുമാണ് 'വിശുദ്ധ കുര്‍ബനയുടെ ആരാധനാ സന്യസിനീ സമൂഹം.'' ഈ ഭക്തി പ്രചരിപ്പിക്കുന്നതിനായി സ്ഥാപിച്ചതാണ് 'വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സഖ്യം.' സ്വദേശത്തും വിദേശത്തും 'ദിവ്യകാരുണ്യത്തിന്റെ മെത്രാന്‍' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

  • നവീകരണത്തിന്റെ പാതയില്‍

''മിശിഹായില്‍ എല്ലാം നവീകരിക്കുക'' എന്ന ആദര്‍ശവാക്യം സ്വീകരിച്ച പിതാവ് വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു നവീകരണമാണ് ലക്ഷ്യം വച്ചത്. ആദ്യമായി പിതാവിന്റെ ശ്രദ്ധ തിരിഞ്ഞത് - കുടുംബങ്ങളിലേക്കാണ്. വിശ്വാസത്തെ സംബന്ധിച്ച ബോധ്യങ്ങള്‍ ഉറപ്പിക്കേണ്ടത് കുടുംബങ്ങളിലാണെന്നും കുടുംബം വിശ്വാസപരിശീലനക്കളരിയാകണമെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.

വിദ്യാഭ്യാസത്തിലൂടെ പ്രത്യേകിച്ച് പെണ്‍പള്ളിക്കൂടങ്ങള്‍ വഴി ഭവനങ്ങളേയും കരകളേയും നാടിനേയും രാജ്യത്തേയും നവീകരിക്കുക യും ഗുണീകരിക്കുകയും ചെയ്യുക എന്നതാ യിരുന്നു പിതാവിന്റെ വിദ്യാഭ്യാസ ദര്‍ശനം. ഈ ദര്‍ശനം പ്രവൃത്തിപഥത്തിലെത്തിക്കുന്നതാ യിരുന്നു അദ്ദേഹം ചങ്ങനാശ്ശേരിയില്‍ സ്ഥാ പിച്ച സെന്റ് ബര്‍ക്കുമാന്‍സ് കോളേജും വനിത കള്‍ക്കു മാത്രമായി സ്ഥാപിച്ച ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും.

  • വിദ്യാഭ്യാസവും മതബോധനവും

വിദ്യാഭ്യാസത്തിലൂടെ വിശുദ്ധ കുര്‍ബാനയുടെ ആധ്യാത്മികത പങ്കുവയ്ക്കുവാന്‍ അക്ഷീണം പരിശ്രമിച്ച ആചാര്യശ്രേഷ്ഠനാണ് ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി. വിജ്ഞാന വര്‍ധനവ് എന്നതായിരുന്നില്ല, പിതാവിന്റെ വീക്ഷണത്തില്‍ വിദ്യാഭ്യാസം. വിജ്ഞാനത്തോടൊപ്പം ദൈവവിശ്വാസവും സന്മാര്‍ഗ നിഷ്ഠയും ഒരാള്‍ക്ക് ലഭ്യമായിരിക്കണമെന്നും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. അല്ലെങ്കില്‍ അത് ബുദ്ധിഭ്രമമുള്ള ഒരാളുടെ കൈയില്‍ ഇരിക്കുന്ന ആയുധത്തോട് തുല്യമായി കണക്കാക്കാവുന്നതാണ് എന്ന് 1917 മാര്‍ച്ച് 17-ലെ പരസ്യകല്പനയില്‍ അദ്ദേഹം വ്യക്തമാക്കി. മനസംസ്‌ക്കരണമാണ് വിദ്യാഭ്യാസത്തിന്റെ പരമ ഉദ്ദേശമെന്ന് 1918-ലെ കേരള കത്തോലിക്ക സുറിയാനി മഹായോഗത്തില്‍ അദ്ദഹം വെളിപ്പെടുത്തി. ക്രിസ്തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അടിസ്ഥാന നിലപാട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പിതാവ് സ്വാംശീകരിച്ചിരുന്നു.

വിദ്യാഭ്യാസത്തിലൂടെ പ്രത്യേകിച്ച് പെണ്‍പള്ളിക്കൂടങ്ങള്‍ വഴി ഭവനങ്ങളേയും കരകളേയും നാടിനേയും രാജ്യത്തേയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യുക എന്നതായിരുന്നു പിതാവിന്റെ വിദ്യാഭ്യാസ ദര്‍ശനം. ഈ ദര്‍ശനം പ്രവൃത്തിപഥത്തിലെത്തിക്കുന്നതായിരുന്നു അദ്ദേഹം ചങ്ങനാശ്ശേരിയില്‍ സ്ഥാപിച്ച സെന്റ് ബര്‍ക്കുമാന്‍സ് കോളേജും വനിതകള്‍ക്കു മാത്രമായി സ്ഥാപിച്ച ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും.

  • സാമൂഹ്യതിന്മകള്‍ക്കെതിരെ ഒരു ധീരശബ്ദം

കേരളീയ ജനതയുടെ മതസാംസ്‌കാരിക രംഗങ്ങൡലേക്ക് കടന്നുചെന്ന് അവിടെ വേരൂന്നിയിരുന്ന സാമൂഹ്യതിന്മകള്‍ ഓരോ കുടുംബത്തിനും വരുത്തുന്ന നാശനഷ്ടങ്ങള്‍ എന്തെന്ന് മനസ്സിലാക്കി അവയ്‌ക്കെതിരെ പ്രതികരിക്കുകയും തന്റെ തൂലിക ചലിപ്പിക്കുകയും െചയ്ത ഒരു ധീരയോദ്ധാവാണ് കുര്യാളശ്ശേരി പിതാവ്. ജനങ്ങളുടെ ധാര്‍മ്മിക ജീവിതത്തിന് വെല്ലുവിളികള്‍ നേരിട്ടപ്പോഴെല്ലാം ഒരു ധീരപടയാളിയെപ്പോലെ അദ്ദേഹം പടക്കളത്തിലിറങ്ങി. മദ്യപാനം, ദുര്‍വ്യയം, വ്യവഹാരം, ജാതിസ്പര്‍ദ്ധ, ധൂര്‍ത്ത്, ആഡംബരപ്രിയം, അശ്ലീലനാടകങ്ങളുടെ അവതരണം തുടങ്ങിയവയെല്ലാം അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും നിരോധിക്കുകയും ചെയ്തു (PL: 8). മദ്യപാന നിരോധന പ്രസ്ഥാനം ഏര്‍പ്പെടുത്തി. പിതാവ് മദ്യത്തെ വെറുക്കുകയും മദ്യപാനിയെ സ്‌നേഹിക്കുകയും ചെയ്തിരുന്നു.

മാധ്യമ രംഗത്തും പിതാവിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സന്മാര്‍ഗ വിരുദ്ധ പ്രസ്താവനകള്‍ അടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കുകയും വിജ്ഞാന പ്രദങ്ങളായവ വായിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പക്കുകയും ചെ്തു (PL: 4). 1911-ല്‍ 'മലബാര്‍ ഹെരാള്‍ഡ്' പത്രം സദാചാര വിരുദ്ധമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, വളരെ ശക്തമായാണ് പിതാവ് തന്റെ പ്രതികരണം അറിയിച്ചത്. 'പ്രസ്തുതഭാഗം പിന്‍വലിക്കുന്നില്ലെങ്കില്‍ 'മലബാര്‍ ഹെരാള്‍ഡ്' പത്രം തന്റെ രൂപതയില്‍ നിരോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

  • സ്വര്‍ഗീയയാത്ര

1925-ല്‍ ആദ്‌ലിമിനാ സന്ദര്‍ശനത്തിനും വിശുദ്ധ കൊച്ചുത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകളിലും പങ്കെടുക്കുന്നതിനുമായി പിതാവ് തന്റെ സെക്രട്ടറി ബഹു. കാളാശ്ശേരി ജയിംസച്ചനുമായി റോമിനു പോയി. അവിടെവച്ച് 'യുറേമിയ' എന്ന രോഗം ബാധിച്ച് ഫാത്തേ ബനേ ഫ്രത്തേലി (Fate Bene Fratelli) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എങ്കിലും 1925 ജൂണ്‍ 2-ന് നിത്യനഗരത്തില്‍ വച്ചുതന്നെ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് യാത്രയായി. മൃതദേഹം ജൂണ്‍ 4-ന് എറണാകുളം മെത്രാപ്പോലീത്ത, മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍, പ്രൊപ്പഗാന്തായില്‍ 'കാമ്പോ വെറാനോ' സെമിത്തേരിയില്‍ അടക്കം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org