

1. ദാനജീവിതം
“ആദം നീ എവിടെ ആകുന്നു.” എന്നതു പ്രതിപക്ഷ നേതാവും കോൺ ഗ്രസ്സുകാരനുമായ വി.ഡി. സതീശൻ 2023 ജനുവരി മുതൽ നവംബർ 2024 വരെ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ ചെയ്ത 32 പ്രസംഗങ്ങൾ സമാഹരിച്ച പുസ്തകമാണ്.
ഈ പ്രസംഗങ്ങൾ വായിക്കുന്നവന്റെ മനസ്സിൽ തെളിയുന്ന ഒരു പ്രസംഗകനുണ്ട്. ഒരു രാഷ്ട്രീയനേതാവിന്റെ ബോധത്തിന്റെ തർജമയാണീ പുസ്തകം. പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭവിച്ചതു മാത്രമല്ല എഴുതിയതു, കാണാത്തതും കേൾക്കാത്തതും ഭാഷണത്തിന്റെയും എഴുത്തിന്റെയും വിഷയമാകുന്നുണ്ട്. ഭൗതികത മാത്രമല്ല ഭാഷയാക്കപ്പെടുന്നത്. മനുഷ്യബന്ധങ്ങൾ, സ്നേഹം, കരുണ, തുടങ്ങിയ മൂല്യങ്ങൾ, അങ്ങനെ കാണാനാവാത്തവ നിരന്തരമുള്ള ഭാഷണത്തിലേക്ക് ജീവിതത്തിലേക്ക് കടന്നുവരുന്നു. അവയും എഴുതപ്പെടുന്നു, പറയുന്നു. ഈ പ്രസംഗങ്ങൾക്കു പിന്നിൽ ചില ബോധ്യങ്ങളുണ്ട് നിലപാടുകളുണ്ട്. അത് ഈ വ്യക്തി ആരെന്നു പറയും.
“ആശയപരമായും ആത്മീയമായും വിശുദ്ധ വേദപുസ്തകം ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നു പറയാൻ എനിക്ക് ഒരു മടിയുമില്ല. ഒരു നല്ല പൊതുജന പ്രവർത്തകനാകാൻ ക്രിസ്തുവിന്റെ മാർഗങ്ങളും പഠിപ്പിക്കലുകളും നിത്യജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്” (17)
ഏറെ പ്രധാനം, ഈ പുസ്തകത്തിന്റെ പേര് തന്നെ ബൈബിളിലെ ഒരു ഉദ്ധരണിയാണ്. “ആദം, നീ എവിടെ?” ആദിപാപം ചെയ്തവൻ ദൈവത്തിൽ നിന്ന് ഒളിക്കുന്നവനാണ്. അവന്റെ നിലപാട് സത്യസന്ധമല്ല, അതു കപടമാണ്. മനുഷ്യൻ അവന്റെ അടിസ്ഥാനത്തെ നിഷേധിച്ചു നടത്തുന്ന കാപട്യമാണ്, ആത്മവഞ്ചനയാണ് പ്രശ്നം. സ്വന്തം വേരുകൾ പറിഞ്ഞവന്റെ ദൈവനിഷേധവും ദൈവമരണവും ഉണ്ടാക്കുന്ന ശൂന്യതയാണ് ചോദ്യ ത്തിന്റെ പശ്ചാത്തലം. രണ്ടാമത്തെ ചോദ്യം സ്വന്തം സഹോദരനായ ആബേലിനെ കൊന്ന കായേനോട് ദൈവം ചോദിക്കുന്നു: “നിന്റെ സഹോദരൻ എവിടെ?” മനുഷ്യന്റെ ധർമ്മബോധത്തിന്റെ പ്രതിസന്ധിയാണിത്. മനുഷ്യൻ സ്വയം മറക്കുന്നവനും അനുകരണാജനകവുമായ അക്രമത്തിന്റെ ശാപം പേറുന്നവനുമാണ്.
ജർമ്മനിയിലെ ആര്യവർഗാധിപത്യ ത്തിന്റെ നാസ്സിസത്തെ അതിജീവിച്ച യഹൂദചിന്തകനായ എമ്മാനുവേൽ ലെവിനാസ് എഴുതി “എന്റെ വ്യവസ്ഥയോ വ്യവസ്ഥയില്ലായ്മയോ എനിക്കു പുസ്തകങ്ങളോടുള്ള ബന്ധമാണ്. അതു ദൈവത്തിലേക്കുള്ള ബന്ധമാണ്.” ഇവിടെ ശ്രീ. സതീശൻ ബൈബിൾ വായിച്ചാണ് ഈ ഭാഗം ഉദ്ധരിക്കുന്നത്. പുസ്തകങ്ങളുടെ പുസ്തകം എന്നു വിശേഷിപ്പിക്കാവുന്ന ബൈബിൾ വായനയുമായി ബന്ധപ്പെട്ടതാണ്. ഏതു മനുഷ്യനും അടിസ്ഥാനപരമായി പ്രതികരിക്കേണ്ട ചോദ്യമാണ് ബൈബിളിൽ ആദത്തിനു ലഭിക്കുന്നത്. ലെവിനാസിനു പുസ്തകബന്ധം ദൈവബന്ധമായി മാറുന്നു. ഇവിടെയാണ് വായനയും ബൈബിളുമായി ബന്ധപ്പെട്ടു യഹൂദനായിരുന്ന ഫ്രാൻസ് കഫ്ക എഴുതിയ ഒരു കഥ ശ്രദ്ധേയമാകുന്നത്. ഒരു ഗ്രാമീണ സാധാരണക്കാരൻ നിയമപുസ്തകത്തിനു മുമ്പിൽ വരുന്നു. കാവൽക്കാരൻ തടയുന്നു. അവൻ അവിടെ ഒരായുസ്സു മുഴുവൻ കാത്തിരിക്കുന്നു. കാവൽക്കാരൻ വാതിൽ അടയ്ക്കാൻ ഒരുങ്ങിയപ്പോൾ ഗ്രാമീണൻ ചോദിച്ചു, “ആരും ഇവിടെ പ്രവേശനം തേടി വന്നില്ലല്ലോ?” “താങ്കൾക്ക് മാത്രമുള്ള വാതിലാണിത്. അത് ഞാൻ അടയ്ക്കാൻ പോകുന്നു.” രണ്ടു വ്യാഖ്യാനങ്ങൾ ഇതിനുണ്ട്. ഒന്ന്, കാവൽക്കാരൻ പുസ്തകത്തിലേക്കുള്ള തടസ്സമായി മാറുന്നു. രണ്ട്, കല്പനകളിലേക്ക് പ്രവേശനമില്ല; അതിനെ അനുസരിക്കുക അഥവാ ധിക്കരിക്കുക. കഫ്കയ്ക്കു പുസ്തകത്തിന്റെ മുമ്പിൽ എന്നതു നിയമത്തിന്റെ മുമ്പിലാണ്. യഹൂദർക്കു വേദഗ്രന്ഥം നിയമപുസ്തകവുമാണ്, ദൈവത്തിന്റെ നിയമങ്ങളുടെ പുസ്തകം.
“ഈ പ്രാർഥനയ്ക്കുള്ള അവകാശം ആരുടേയും ഔദാര്യമല്ല. മറിച്ചു ഭരണഘടന ഉറപ്പു നല്കുന്ന അവകാശ പ്രഖ്യാപനം കൂടിയാണ്” (94).
“ആദം, നീ എവിടെ?” എന്നതു ഒളിച്ചവനോടുള്ള ചോദ്യമാണ്. ആർക്കും ഈ ചോദ്യത്തിൽ നിന്നു ഒഴിഞ്ഞു മാറാനാവില്ല. “ഞാൻ എനിക്ക് ഒരു ചോദ്യമായി മാറി” എന്ന് വി. അഗസ്റ്റിൻ തന്റെ ആത്മകഥയിൽ വിലപിക്കുന്നു. സ്വന്തം ജീവിതം കൊണ്ട് എന്തു ചെയ്യണമെന്നത് ഏതൊരുവന്റെയും പ്രശ്നമാണ്. ആയിരിക്കണോ? അല്ലായിരിക്കണോ? ആൽബർട്ട് കാമ്യു എഴുതി, “അടിസ്ഥാന താത്വികപ്രശ്നം ആത്മഹത്യയാണ്.” ഇവാൻ കരമസോവിനെപ്പോലെ ജീവിതത്തിന്റെ ടിക്കറ്റ് മടക്കി കൊടുക്കണോ എന്നത് ഉത്തരം തേടുന്ന പ്രശ്നമാണ്. ജീവിതം ശാപമാണോ? അനുഗ്രഹമാണോ? അതു സ്വീകരിക്കണോ? ഉപേക്ഷി ക്കണോ? ഈ ചോദ്യങ്ങളിൽ നിന്ന് ആർക്കും മോചനമില്ല.
“നീ എവിടെ?” എന്ന അസ്തിത്വ പ്രശ്നത്തിനു രണ്ടു ഉത്തരങ്ങളേ യുള്ളൂ. ദൈവത്തോടു ബന്ധിച്ച് ജീവിതം അർഥപൂർണ്ണമായി മനസ്സിലാക്കുക. അതാണ് ബൈബിളിലെ അബ്രാഹം ചെയ്തത് “ഇതാ, ഞാൻ” (ഉല്പത്തി 22:1). മറിച്ചാണ് ആദവും കായേനും ചെയ്തത്. ദൈവബോധത്തിൽ നിന്നു പുറത്താകുക. അത് ദൈവത്തിന്റെ ഗ്രഹണമാണ്, അതാണ് ഇവാൻ കരമസോവ് ചെയ്തത്. മറു ചോദ്യം ദൈവത്തോടു ചോദിക്കാം. “ഞാനാണോ സഹോദരന്റെ കാവൽക്കാരൻ?”
വി.ഡി. സതീശന്റെ ഉത്തരം “ഇതാ ഞാൻ” എന്നതാണ്. ജീവിതത്തെ ദാനമായി കാണുന്നു. മനുഷ്യന്റെ ബോധത്തിൽ എല്ലാം പെയ്തിറങ്ങുകയാണ്, മഴപോലെ. ദാനങ്ങളുടെ വർഷം. അത് ദാനങ്ങൾ ദാനങ്ങളായി മനസ്സിലാക്കുകയും അതിനോട് ഉത്തരവാദിത്വപൂർവം പ്രതികരിക്കുകയുമാണ്.
2) സേവനജീവിതം
സതീശൻ എഴുതി: “എന്നെ എന്നും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ബൈബിൾ. ഞാൻ എന്നെത്തന്നെ തിരിച്ചറിയുകയും വീണ്ടെടുക്കുകയും പരിമിതികളിൽ നിന്നു വിടുതൽ നേടുകയും ചെയ്യുന്നതു ബൈബിളിലൂടെയാണ്. ലോകത്ത് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരവും ജീവനുള്ളതുമായ കവിതാസമാഹാരമാണ് ദാവീദിന്റെ സങ്കീർത്തനങ്ങൾ” (135) “ഇതാ ഞാൻ” എന്നു പറയുന്ന വ്യക്തിക്കു മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ. ഇവിടെ ഒരു ദൈവവിളി ബോധമുണ്ട് - സാമൂഹികവും രാഷ്ട്രീയവുമായി വിളിക്കപ്പെടുന്നത് മനുഷ്യസേവനത്തിനാണ് എന്ന അവബോധമുണ്ട്.
ഉല്പത്തി പുസ്തകത്തിൽ ദൈവം ആദ്യം സൃഷ്ടിക്കുന്നതു പ്രകാശമാണ്. പിന്നീടാണ് സൂര്യനും ചന്ദ്രനും സൃഷ്ടിക്കപ്പെടു ന്നത്. സൂര്യന്റെയും ചന്ദ്രന്റേയുമല്ലാത്ത ഈ വെളിച്ചം എന്താണ്? ഈ പ്രശ്നം ഒന്നിലധികം പ്രാവശ്യം ഈ പുസ്തകത്തിലും പറയുന്നുണ്ട്. അത് ആത്മീയ പ്രകാശമാണ് എന്നാണ് സതീശന്റെ ഉത്തരം. “പ്രകാശം പരത്താനാണ് ദൈവം മനുഷ്യനോട് ഇന്നും എപ്പോഴും ആവശ്യപ്പടുന്നത്” (171). കെ.പി. കേശമനേനോന്റെ “യേശുദേവൻ” എന്ന പുസ്തകത്തിൽ നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നു. “ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും അറിയാനുള്ള മനുഷ്യന്റെ ദാഹം ശമിപ്പിക്കാനുള്ള വറ്റാത്ത ഉറവിടമാണ് യേശുക്രിസ്തു. അന്ധകാരത്തിൽ കിടന്നുഴലുന്ന മനുഷ്യന് പ്രകാശമാനമായ ഒരു മാർഗം ക്രിസ്തു കാണിച്ചുകൊടുത്തു” (171) ദൈവം സൃഷ്ടിച്ച ആദി വെളിച്ചത്തെക്കുറിച്ചു സഭാപിതാവായ വി. ബേസിൽ (330-379) പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹ ത്തിനു ദൈവം സൃഷ്ടിച്ച ആദിവെളിച്ചം മനുഷ്യബോധ ത്തിന്റെ പ്രകാശമാണ്. അത് സൂര്യചന്ദ്രന്മാരുടെ വെട്ടമല്ല. മനുഷ്യന്റെ ജീവിതം ചലിക്കുന്നതു ബോധ ത്തിന്റെ നിശ്ചയങ്ങളിലാണ്. ആ നിശ്ചയങ്ങൾ എത്തുന്നതു ചിന്തയിലും അതിന്റെ ഇച്ഛയിലുമാണ്. ചിന്തയെ സഹായിക്കുന്ന ഓർമ്മയും നാളെയെ ക്കുറിച്ചുള്ള സങ്കല്പങ്ങളും. ഈ ആന്തരികതയാണ് മനുഷ്യന്റെ അടിസ്ഥാനം. ഈ ആന്തരികതയിലാണ് ഞാൻ എന്നെ അറിയുന്നത്. എന്നിൽ എന്റെയല്ലാത്ത ശബ്ദവും അതിന്റെ സാന്നിധ്യവുമുണ്ട്. എന്നെ വിമർശിക്കുന്നത് എന്നിലുണ്ട്, അതു ഞാനല്ല.
ഗാന്ധിജിക്കു ഏറ്റവും ഇഷ്ടപ്പെട്ട ക്രൈസ്തവഗാനം 70 വർഷം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായിരുന്നു. ഇന്നതില്ല. ആ നടപടി “ഗാന്ധിജിയേയും ക്രൈസ്തവ ദർശനത്തേയും തമസ്ക്കരി ക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമായിട്ടു വേണം കാണുവാൻ” (102)
ഈ ആന്തരികശബ്ദത്തെ മനസ്സാക്ഷി എന്നു വിളിക്കും. ആ ശബ്ദം എന്നിലാണ് പക്ഷെ, അതു എന്റെയല്ല. അതു കേൾക്കാൻ എനിക്കു ശ്രദ്ധ വേണം.
ആ ശ്രദ്ധയാണ് ശ്രവണമാകുന്നത്. ആ അറിവ് എന്നെ അതിലംഘിക്കാൻ, നിന്നെയും എന്നെക്കാൾ അധികത്തേയും ഞാൻ അറിയുന്നു. എന്നിൽ ഞാൻ എന്നതിന്റെ പുരാണം ഉറങ്ങുന്നുണ്ട്. ഉണർത്തുന്ന ശ്രദ്ധയെന്ന പ്രാർഥന അനിവാര്യമാണ്. എന്നിലെ ഞാനല്ലാത്തത് ഉണരുന്നതു ഈ ശ്രദ്ധയിലാണ്.
വി.ഡി. സതീശൻ എഴുതി, “രക്ഷിതാവും രക്ഷകനു മായ ദൈവത്തോടുള്ള മനുഷ്യന്റെ ആശയ വിനിയമ ത്തിന്റെ അടയാളമായിട്ടാണ് പ്രാർഥനയെ വിശുദ്ധ വേദഗ്രന്ഥം വിലയിരുത്തുന്നത്. പ്രാർഥിക്കുന്ന സമൂഹ മാണ് എല്ലാക്കാലത്തും ലോകത്തിന്റെ ശക്തി. അവരിലൂടെയാണ് ദൈവനിയോഗങ്ങൾ ഭൂമിയിൽ നടപ്പാകുന്നത്” (17). “ദൈവഹിതമറിയാൻ കഴിയു മ്പോഴാണ് നമ്മുടെ പ്രാർഥന അർഥപൂർണ്ണമാകുന്നത്. നാം ആവശ്യപ്പെടുന്നതു ലഭിക്കുന്നതിനുള്ള മാർഗമല്ല. മറിച്ച് ദൈവം ആവശ്യപ്പെടുന്നതു നിവർത്തിക്കാനുള്ള മാർഗമാണ് പ്രാർഥന” (163) അദ്ദേഹം എം.ടി. വാസു ദേവൻ നായരെ ഉദ്ധരിക്കുന്നു. “ഈ ലോകത്തിൽ വന്നു പെട്ടതിൽ ആരോടൊക്കെയോ എനിക്കു നന്ദിയുണ്ട്. അതുകൊണ്ടാണ് എന്റെ കൃതികളിൽ പ്രാർഥന എന്നൊരു ഘടകം കടന്നു വരുന്നത്. മറ്റൊരു അർഥത്തിൽ ജീവിതം തന്നെ നീണ്ടൊരു പ്രാർഥനയല്ലേ?” (163) സതീശൻ എന്ന പേരിൽ പോലും സകലനേരത്തും ഈശ്വരബോധമുള്ളവൻ എന്നാണ് അർഥമെന്നു കരുതുന്നു. “ഈ പ്രാർഥനയ്ക്കുള്ള അവകാശം ആരുടേയും ഔദാര്യമല്ല. മറിച്ചു ഭരണഘടന ഉറപ്പു നല്കുന്ന അവകാശപ്രഖ്യാപനം കൂടിയാണ്” (94). തുടർന്ന് ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനവും അതിന്റെ കണക്കുകളും നിരത്തുന്നു. ഈ പ്രഖ്യാപനം നടത്തിയതിന്റെ പശ്ചാത്തലവും വ്യക്തമാക്കുന്നു. അദ്ദേഹം അർഥശങ്കയില്ലാതെ ക്രൈസ്തവ സമൂഹത്തോടു പറഞ്ഞു, “നിങ്ങൾ പതറിപ്പോവരുത്” (156). രാജ്യത്ത് രണ്ടു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ നിലനില്പ് തന്നെ അപകടത്തിലാണ്. പത്രമാധ്യമങ്ങളിൽ വന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ പരാമർശിക്കുന്നു (156).
3) നാം പിന്നോട്ട്
ഇന്ത്യയിലെ ക്രൈസ്തവ സമൂഹം പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ആവർത്തിച്ച് പരാമർശങ്ങൾ പ്രസംഗങ്ങളിൽ ഉണ്ട്. മാത്രമല്ല നാം പിന്നോട്ട് യാത്ര ചെയ്യുന്നു എന്ന് കേന്ദ്ര ഭരണത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനു കാരണം ജവഹർ ലാൽ നെഹ്റു ഭരണഘടനയിൽ എഴുതിച്ചേർത്ത Scientific temper നമുക്കു നഷ്ടമായതു കൊണ്ടാണ്. അതിന്റെ മൂന്നു ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിലൊന്ന് നാം ആര്യന്മാരാണ് എന്ന ബോധമാണ്. അത് അശാസ്ത്രീയവും അസത്യവുമാണ് എന്ന് ടോണി ജോസഫിന്റെ Early Indians എന്ന ഗ്രന്ഥം ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. നമ്മുടെ പൂർവികർ ആഫ്രിക്കയിൽ നിന്നു വന്നു എന്ന് അദ്ദേഹം ആ പുസ്തകം ഉദ്ധരിച്ചു പറയുന്നു.
ശ്രീ. സതീശന്റെ പുസ്തകം വായിക്കുമ്പോൾ രണ്ടാമത് ശ്രദ്ധിക്കുന്നത് ഈ പ്രസംഗങ്ങളിലെല്ലാം അദ്ദേഹം നിരന്തരം മറ്റു പുസ്തകങ്ങൾ ഉദ്ധരിക്കുന്നു. എഴുത്തുകാരെയും നേതാക്കളെയും അവരുടെ ജീവിതസാക്ഷ്യങ്ങളെയും നിരന്തരം ഉദ്ധരിക്കുന്നു.
രണ്ടാമത്തേതു നാം പിന്നിലേക്കു നടക്കുന്നതിന്റെ ഉദാഹരണമാണ് 1950 മുതൽ റിപ്പബ്ലിക്ക് ദിനപരേഡിന്റെ അവസാനത്തിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റിൽ പാടിയിരുന്ന ക്രൈസ്തവഗാനം നിറുത്തിക്കളഞ്ഞു എന്നത് സങ്കടകരമാണ്. ജീവിതത്തിലുടനീളം ഗാന്ധിജി ആശ്രയമില്ലാത്തവരെ സംരക്ഷിക്കുകയാണ് ചെയ്തത്. ക്രൈസ്തവ സന്ദേശമാണ് അദ്ദേഹം ജീവിതത്തിൽ ആവിഷ്കരിക്കാൻ ശ്രമിച്ചത്. ഗാന്ധിജിക്കു ഏറ്റവും ഇഷ്ടപ്പെട്ട ക്രൈസ്തവഗാനം 70 വർഷം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായിരുന്നു. ആ നടപടി “ഗാന്ധിജിയേയും ക്രൈസ്തവദർശനത്തേയും തമസ്ക്കരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമായിട്ടുവേണം കാണുവാൻ” (102) “നമ്മുടെ ഉള്ളിൽ ആർദ്രതയുടെ ഒരു നനവുണ്ടാകണം. ആ നനവ് വറ്റിയാൽ പുരോഹിതനോ ജനപ്രതിനിധിയോ ആകാനുള്ള യോഗ്യത നമക്കു നഷ്ടപ്പെടും” (102). രാഷ്ട്രത്തിൽ വെറുപ്പും വിഭാഗീയതും വർദ്ധിക്കുന്നതിൽ ശ്രീ. സതീശൻ വേദനിക്കുന്നു.
മൂന്നാമതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വർദ്ധിക്കുന്നതാണ്. “ലോകം മുഴുവൻ മുന്നോട്ട് പോകുമ്പോൾ നമ്മൾ എങ്ങോട്ടാണ് പോകുന്നത്? നരബലിയിലേക്ക്, അന്ധവിശ്വാസത്തിലേക്ക് അല്ലേ നമ്മൾ പോകുന്നത്” (100).
4) ക്രിസ്തുദർശനം
ഈ പുസ്തകത്തിലെ 32 പ്രസംഗങ്ങളിലൂടെ കടന്നുപോകമ്പോൾ രണ്ടു കാര്യങ്ങൾ സുവ്യക്തമാണ്. ഒന്ന് അദ്ദേഹത്തിനു ക്രിസ്തുവുമായുള്ള അഗാധബന്ധം. അദ്ദേഹം പറയുന്നു, “ജീവിതത്തിന്റെ പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ എനിക്ക് ഉത്തേജക മരുന്നായി മാറുന്നതു യേശുക്രിസ്തുവിന്റെ വാക്കുകളാണ്” (152), “ഒരിക്കലും അണയാത്ത വിളക്കിന്റെ ഉടമയാണ് യേശുക്രിസ്തു” (141) “ക്രിസ്തുമാർഗം എന്റെ കാലിനു ദീപവും പാതയ്ക്കു പ്രകാശവുമാണ്.” (138) “നമ്മുടെ സുരക്ഷിതവാതിലും രക്ഷകനുമായ ക്രിസ്തു കാറും കോളും കൊടുങ്കാറ്റും നിറഞ്ഞ ജീവിതാവസ്ഥകളിൽ നമ്മെ രക്ഷിക്കുന്ന ശക്തനായ ദൈവമാണെന്ന പ്രത്യാശ ഓരോരു ത്തരേയും നയിക്കുമാറാകട്ടെ” (189).
അതോടൊപ്പം അതിഗൗരവമായ ദൗത്യബോധം മനസ്സിൽ നിറഞ്ഞ വ്യക്തിയാണ് വി.ഡി. സതീശൻ. “ദൈവം നമുക്കു തന്നിരിക്കുന്ന കഴിവുകളിൽ ശോഭിക്കാനും നന്മ ചെയ്യാനുമുള്ള ദൗത്യവുമാണ് ഏല്പിച്ചിരിക്കുന്നത്. പൊതു പ്രവർത്തനത്തിലൂടെ ഞാൻ ദൈവം ഏല്പിച്ച ദൗത്യം കഴിവുപോലെ നിവർത്തിക്കുന്നു” (143) “ദൈവം തന്റെ സ്വന്തം സാദൃശ്യത്തിൽ മെനഞ്ഞെടുത്ത ആദാമിനോട് ചോദിക്കുന്ന ചോദ്യത്തിൽ നിന്നാണ് ദൈവവും മനുഷ്യനുമായുള്ള വർത്തമാനങ്ങൾ ബൈബിൾ ആരംഭിക്കുന്നത്... ആദാമേ, നീ എവിടെയാകുന്നു (ഉല്പത്തി. 3:9) എല്ലാ നേരവും ഈ ചോദ്യം നമ്മോടും ദൈവം ചോദിക്കുന്നുണ്ടെന്നു തിരിച്ചറിയണം.” (124) “ഒരുപാട് പരിമിതികളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പക്ഷെ, ദൈവം എനിക്കു തന്ന അവസരങ്ങൾ മനുഷ്യമോചന ത്തിനും അവരുടെ നന്മയ്ക്കും ഫലദായകമായി വിനിയോഗിക്കാനാണ് ഞാൻ പരിശ്രമിക്കുന്നത്” (184).
“പൊതു പ്രവർത്തകനെന്ന നിലയിൽ, പൊതു ശുശ്രൂഷകനെന്ന നിലയിൽ ജനങ്ങൾക്കുവേണ്ടിയുള്ള പരമമായ സമർപ്പണമാണ് കർത്താവ് നടത്തിയത്. ജനാധിപത്യക്രമത്തിൽ ഉരുത്തിരിഞ്ഞു വന്ന എല്ലാ സംവിധാനങ്ങളും, നമ്മുടെ ലക്ഷ്യങ്ങൾ പ്രാപിക്കാനുള്ള പ്രചോദനം രൂപം കൊണ്ടത് ക്രിസ്തു നടത്തിയ വാഗ്ദാനങ്ങളിൽ നിന്നാണ്” (174).
“ആശയപരമായും ആത്മീയമായും വിശുദ്ധ വേദപുസ്തകം ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നു പറയാൻ എനിക്ക് ഒരു മടിയുമില്ല. ഒരു നല്ല പൊതുജന പ്രവർത്തകനാകാൻ ക്രിസ്തുവിന്റെ മാർഗങ്ങളും പഠിപ്പിക്കലുകളും നിത്യജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്” (17).
ശ്രീ. സതീശന്റെ പുസ്തകം വായിക്കുമ്പോൾ രണ്ടാമത് ശ്രദ്ധിക്കുന്നത് ഈ പ്രസംഗങ്ങളിലെല്ലാം അദ്ദേഹം നിരന്തരം മറ്റു പുസ്തകങ്ങൾ ഉദ്ധരിക്കുന്നു. എഴുത്തുകാരെയും നേതാക്കളെയും അവരുടെ ജീവിതസാക്ഷ്യങ്ങളെയും നിരന്തരം ഉദ്ധരിക്കുന്നു. സ്റ്റാൻസ്വാമി, ജവഹർലാൽ നെഹ്റു, ജിമ്മി കാർട്ടർ, ബ്രട്ടീഷ് അമേരിക്കൻ എഴുത്തുകാരൻ സൈമൺ സ്നിക്, അഗസ്റ്റസ് ലാഡി, ജെയിംസ് മിൽട്ടൻ ബ്ലാക്... ഇങ്ങനെ നിരവധി പേരുടെ പുസ്തകങ്ങൾ. ഇതു വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ വായനാശീലമാണ്. പഠനങ്ങൾ കഴിഞ്ഞു നടക്കുന്ന പൊതുജന പ്രവർത്തകനല്ല, പഠനം നിറുത്തിയവനുമല്ല. നിരന്തരം വായിക്കുകയും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യാർഥിയാണ്. വായന തഴക്കമായവന്റെ സമ്പന്നതയും ആഴവും ഈ പ്രസംഗങ്ങളിൽ വ്യക്തമാണ്. സൂഫി മിസ്റ്റിക്കായ ജലാലുദ്ദീൻ റൂമി ദൈവത്തിന് ഒരു സമ്മാനം കൊടുക്കാൻ തീരുമാനിച്ചു. ലോകത്തിലെ ഒന്നും ദൈവത്തിനു കൊടുക്കാനാവില്ല. അവയൊക്കെ ദൈവത്തിന്റെയാണ്. അവസാനം റൂമി ഒരു കണ്ണാടി ദൈവത്തിനു സമർപ്പിച്ചുകൊണ്ട് പറഞ്ഞു, “നിന്നെ കാണുക, എന്നെ ഓർമ്മിക്കുക.” വായന ഒരു കണ്ണാടിനോട്ടമാണ്. അത് എന്നെ കാണിക്കുന്ന മുകുരമാണ്. പുസ്തകങ്ങൾ എന്നെക്കുറിച്ചും എന്നോട് പറയുന്നു, വായന ഒരു കടത്തുകടക്കലാണ്. ഇവിടെ നിന്ന് അക്കരയിലേക്ക്. എന്റെ ലോകത്തിൽ നിന്ന് അപരന്റെ ലോകത്തിലേക്ക്, അത് അപരനെ എന്റെ വീട്ടിലേക്ക്, മനസ്സിലേക്ക് സ്വീകരിക്കുകയാണ്. എന്നെ അപരൻ ചോദ്യം ചെയ്യാൻ അനുവദിക്കുകയാണ്.
5) വായനയുടെ മനുഷ്യൻ
വായനയെ വിശുദ്ധമായ അനുഷ്ഠാനമാക്കിയതു മനുഷ്യചരിത്രത്തിൽ യഹൂദരാണ്. എ.ഡി. 70-ലാണ് റോമൻ സൈന്യം ജറുസലേം ആക്രമിച്ചത്. അതോടെ യഹൂദർക്ക് സ്വന്തം നാടില്ലാതായി. ലോകം മുഴുവൻ അവർ നാടോടികളായി അലഞ്ഞു. അവരുടെ ഏകമായ ദേവാലയം നശിപ്പിക്കപ്പെട്ടു. അവരുടെ അനുഷ്ഠാനങ്ങളും ബലികളും നിന്നുപോയി. അങ്ങനെ അവർ സ്ഥാപിച്ച ഏക വിശുദ്ധമായ അനുഷ്ഠാന ഇടമായിരുന്നു സിനഗോഗുകൾ. സിനഗോഗ് എന്ന പദം സമ്മേളനസ്ഥലം എന്നർഥമുള്ള ഗ്രീക്കുപദമാണ്. സിനഗോഗു വേദവായനയുടെ ഇടമായിരുന്നു. ഗൃഹാതുരമായ അവർക്ക് സ്വന്തമായി നാടില്ലാതായി. ഏതു നാട്ടിലും അവർ പുറപ്പാട് ജീവിതം നയിച്ചു. അവർ വേദ പുസ്തകത്തെ വാസത്തിന്റെ ഇടമാക്കി. അവർ പുസ്തകവാസികളായി മാറി. വി.ഡി. സതീശൻ എന്ന പൊതുപ്രവർത്തകൻ വായനയിൽ വീടു കണ്ടെത്തുന്നതുപോലെ. വായന ഒരു വിശുദ്ധ തഴക്കമാണ്. വായന ബോധനത്തെ നിരന്തരം പ്രശോഭിപ്പിക്കുന്ന നടപടിയാണ്. ഈ നടപടിയാണ് മനുഷ്യരെ പ്രബുദ്ധരാക്കുന്നത്. സാംസ്കാരികമായും ആത്മീയമായും ധാർമ്മികമായും അവരാണ് ലോകത്തിനു നേതൃത്വം നല്കുന്നത്. യഹൂദ സമൂഹം ലോകത്തിൽ ഭിന്നമാകുന്നത് ഒരു പക്ഷെ, അവർ പുസ്തക വാസികളായതുകൊണ്ടുമാകാം. ഒരു ശതമാനം പോലും ജനസംഖ്യയിൽ ഇല്ലാത്ത അവരാണ് ലോകത്തിൽ നോബൽ സമ്മാനം ലഭിക്കുന്നവരിൽ 20 ശതമാനത്തിലധികവും.
സാഹിത്യ കലാസൃഷ്ടികൾ വായിക്കുന്നവരുടെ മനസ്സുകളിൽ പ്രകോപനങ്ങളും പ്രചോദനങ്ങളും ഉണ്ടാകും.
ഏതു വായനക്കാരനും പറഞ്ഞതിനെക്കുറിച്ചും പറയാൻ ഏല്പിച്ചിരിക്കുന്നതിനെക്കുറിച്ചും മല്പിടുത്തത്തിലാണ്. പറഞ്ഞതിന്റെ പിന്നിലെ പറയൽ വീണ്ടെടുക്കാൻ ശ്രമിക്കുന്നു. പറഞ്ഞത് ചലനമില്ലാത്തതും ദുർഗ്രഹവുമാകാം. പറഞ്ഞതിലേക്കു മടങ്ങി ആദി പറച്ചിൽ വീണ്ടെടുക്കാനാകുമോ? എഴുതപ്പെട്ടതിൽ ഭൂതവും ഭാവിയും കടന്നിരിക്കും. മനസ്സിലാണ് സമയം. കഴിഞ്ഞതിനും വരാനിരിക്കുന്നതിനും ഇടയിലാണ് വായനക്കാരൻ. തീവ്രമായ ശ്രദ്ധയിൽ മാത്രമേ അതു സാധിക്കു. തീവ്ര ശ്രദ്ധയിൽ മാത്രമാണ് തത്വ ചിന്ത തുടങ്ങുന്നത് . കഴിഞ്ഞു പോയതിന്റെ പിന്നിലെ ജീവിതാനുഭവം വരാനിരിക്കുന്നതിന്റെ ഉമ്മറപ്പടിയാകും. പറയപ്പെട്ടവയുടെ ഭൂതത്തിൽ ഭാവിയുടെ വിത്തുകൾ ഒളിഞ്ഞിരിപ്പുണ്ട്.
പുസ്തകവായന സൗഹൃദസംഭാഷണ സംഭവമാണ്. അപരന്റെ ലോകത്തിലേക്ക് കടന്ന് ആ ലോകം പരിചയപ്പെടുന്ന ഒരു അസ്തിത്വം വായനയിലുണ്ട്. അയാൾ തിരിച്ചു വരുന്നതു ഭിന്നമായിട്ടായിരിക്കും. ഓരോ വായനയും വായിക്കുന്നവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു - ഒരു സൗഹൃദം ബാക്കി നില്ക്കുന്നു. പുസ്തകം പേറുന്നത് അപരബന്ധത്തിന്റെ ആത്മാവാണ്. പുസ്തകത്തോട് വിട (Adieu) പറയുന്നത് ഒരു അതിലംഘനമാണ്. യഹൂദ കവിയായ എഡ്മണ്ട് ജാബസ് എഴുതിയതുപോലെ വായന നിരന്തരമായ മുഖാമുഖ ഇടപഴകലാണ്. ജാബസ് എഴുതി, “എല്ലാ മുഖങ്ങളും അവന്റെയാണ്. അതുകൊണ്ട് അവന് മുഖമില്ല.” അത് അവന്റെ മുഖത്തിനു മുമ്പിലുള്ള ജീവിതമാണ്. ജീവിതം ഈ മുഖാമുഖത്തിന്റെ കഥകൾ പറയും. ജീവിതം ചരിത്രത്തിൽ ഇടപെടുന്ന കർമ്മങ്ങളും ഭാഷയുമാകും. ഷാക് ദരീദ എഴുതിയതു സതീശൻ എന്ന മുഖ്യമന്ത്രിയെക്കുറിച്ചും ശരിയാകും. “ഞാൻ ഒരു കടലാസ് അവശേഷിപ്പിക്കുന്നു. ഞാൻ പോകുന്നു ഞാൻ മരിക്കുന്നു. ഈ ഘടന മാറ്റാനാവില്ല. ജീവിതത്തിൽ മാറ്റമില്ലാത്ത ഘടന. ഒരേ സമയം ഒരവശിഷ്ടം എന്നിൽ നിന്നു അവശേഷിക്കുന്നു. അതാണ് അവസാനത്തെ പരീക്ഷ. അവശേഷിപ്പിക്കുന്നത് ആർക്കാണ് ഏല്പിക്കുന്നത് എന്നറിയില്ല. അത് എങ്ങനെ അവകാശമാക്കുമെന്നറിയില്ല. അതിന് അവകാശികൾ ഉണ്ടാകുമോ?”
ആദം നീ എവിടെ ആകുന്നു?
വി. ഡി. സതീശൻ
പ്രസാധകർ : ഡി സി ബുക്സ്