ഭാരതീയത സ്വീകരിച്ചും ഭാരതത്തിനു നല്‍കിയും...

തയ്യാറാക്കിയത് : ഷിജു ആച്ചാണ്ടി
ഭാരതീയത സ്വീകരിച്ചും ഭാരതത്തിനു നല്‍കിയും...
ദേവഭൂമിയെന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. അമ്പലങ്ങളുടെയും ആശ്രമങ്ങളുടെയും നാട്. ഉത്തുംഗമായ മലകളും അവയെ ചുറ്റിയൊഴുകുന്ന മഹാനദികളും. അവിടെ ഗാഡുവാള്‍ മലനിരകളില്‍, കാല്‍ നടയായി മാത്രം കയറിച്ചെല്ലാന്‍ കഴിയുന്ന ഒരാശ്രമമുണ്ട്. അകലെ വെണ്മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഹിമഗിരിശൃംഗങ്ങള്‍. അരികില്‍ പുരാതനവും വിനീതവുമായ ഒരു പാര്‍പ്പിടം. ചുറ്റും സദാ ചിരിതൂകി നില്‍ക്കുന്ന പൂച്ചെടികള്‍, വര്‍ഷാവര്‍ത്തനങ്ങളിലെല്ലാം വര്‍ണ്ണാഭമാകുന്ന പൂമരങ്ങള്‍. ഭാരതീയമായ ഒരു ക്രിസ്ത്യന്‍ ആശ്രമം, ജീവന്‍ധാര. ജയ്ഹരിഖാലിലെ ഈ ആശ്രമത്തിലെ അംഗങ്ങള്‍ സി എം ഐ ബിജ്‌നോര്‍ പ്രോവിന്‍സിലെ വൈദികരാണ്. ആശ്രമം ബിജ്‌നോര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ്. കാല്‍നൂറ്റാണ്ടോളമായി ആശ്രമത്തിന്റെ ആചാര്യനായി അതിനു നേതൃത്വം നല്‍കി വരികയാണ് ഫാ. തോമസ് കൊച്ചുമുട്ടം സി എം ഐ.
ബുദ്ധമതത്തെക്കുറിച്ചുള്ള പഠനത്തിന് ഇംഗ്ലണ്ടില്‍ നിന്നു ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഫാ. കൊച്ചുമുട്ടം. ബംഗളുരു ധര്‍മ്മാരാമില്‍ വൈദികവിദ്യാര്‍ത്ഥിയായിരിക്കെ, രണ്ടു വര്‍ഷം സംസ്‌കൃതത്തില്‍ ഉപരിപഠനം നടത്തി. 1971-ല്‍ പട്ടം സ്വീകരിച്ചശേഷം പുനെയില്‍ പഠിച്ച്, ഇന്ത്യന്‍ ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടിയിരുന്നു.
കോതമംഗലം രൂപതയിലെ വാഴക്കുളത്തിനടുത്ത് ബെസ്ലേഹം തിരുക്കുടുംബ ഇടവകാംഗമാണ് ഫാ. കൊച്ചുമുട്ടം. വാഴക്കുളം സി എം ഐ ആശ്രമത്തിലെ വൈദികരുമായുള്ള ബന്ധം ആ ബാലനെ സന്യാസത്തിലേക്കും പൗരോഹിത്യത്തിലേക്കും ആകര്‍ഷിച്ചു. പഴയകാലത്തെ രീതിയനുസരിച്ച് എട്ടാം ക്ലാസില്‍ തന്നെ സി എം ഐ സമൂഹത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂള്‍ പഠനം നടത്തിയത്. സി എം ഐ യോഗാര്‍ത്ഥിയായി. ധര്‍മ്മാരാമിലായിരുന്നു മേജര്‍ സെമിനാരി പഠനം.
ഭാരതത്തിലെ ക്രൈസ്തവസമൂഹം ഭാരതത്തിന്റെ മഹനീയമായ ആത്മീയപാരമ്പര്യത്തില്‍ നിന്നു നന്മകള്‍ സ്വീകരിക്കണം, കഴിയുന്നത്ര ഭാരതീയമായി മാറണം എന്നു ചിന്തിക്കുന്ന ക്രിസ്ത്യന്‍ സന്യാസിയാണ് ഫാ. തോമസ് കൊച്ചുമുട്ടം.
ഒരു രാത്രി, കുളിരും കാറ്റും ഒളിച്ചു കളിക്കുന്ന ജീവന്‍ധാരയിലെ തന്റെ കൊച്ചുമുറിയിലിരുന്ന്, ആശ്രമജീവിതത്തെയും പിന്നിട്ട ജീവിതവര്‍ഷങ്ങളെയും കുറിച്ചു സംസാരിക്കുകയാണ് ആചാര്യ ഫാ. തോമസ് കൊച്ചുമുട്ടം സി എം ഐ.
Q

ക്രൈസ്തവികതയുടെ ഭാരതീയവത്കരണത്തെയും സാംസ്‌കാരികാനുരൂപണത്തെയും അതിന്റെയെല്ലാം ഇന്നത്തെ അവസ്ഥയെയും കുറിച്ച് എന്തു കരുതുന്നു?

A

ഞാന്‍ അതിനെ ശക്തമായി പിന്തുണയ് ക്കുന്നു, പറ്റുന്നതു പോലെയെല്ലാം ഇപ്പോ ഴും ചെയ്യാന്‍ ശ്രമിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വന്നപ്പോള്‍, ഇ ന്ത്യന്‍ സംസ്‌കാരവും തത്വചിന്തയുമെ ല്ലാം സഭയില്‍ തന്നെ വലിയ ആവേശമുണ്ടാക്കിയ വിഷയങ്ങളായിരു ന്നു. സംസ്‌കൃതം പഠിക്കാനുള്ള അ വസരം കൂടി കിട്ടിയപ്പോള്‍ അതില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ സഭാതലത്തില്‍ അതിനോടുള്ള തീക്ഷ്ണ ത കാണുന്നില്ല. പ്രോത്സാഹനം തീരെ കുറവാണ്. ഇത്തരം ആശ്രമങ്ങളൊക്കെ അതു വളര്‍ത്താനു ള്ളതാണ്. രണ്ടാം വത്തിക്കാന്‍ കൗ ണ്‍സില്‍ പ്രമാണരേഖകള്‍ വായിക്കുന്നവര്‍ക്കറിയാം, തിരുസഭ ഔ ദ്യോഗികമായി തന്നെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണിവയെല്ലാം. സഭ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ഉള്ള മതങ്ങളിലെയും സംസ്‌കാരങ്ങളിലെയും നല്ല ഘടകങ്ങളെ സഭ തള്ളിക്കളയാന്‍ പാടില്ല. യോജിക്കാവുന്നവ സ്വീകരിക്കണം. യോജിക്കാന്‍ പറ്റാത്ത കാര്യങ്ങളെ ആദരിക്കണം. കാരണം, അവരുടെ മനസ്സാക്ഷിയോടും ആത്മാര്‍ത്ഥതയോടും ഉള്ള ആദരവാണത്.

Q

വത്തിക്കാന്‍ കൗണ്‍സിലിനോട് നാം ഇന്നു വേണ്ടത്ര നീതി പുലര്‍ത്തുന്നില്ല എന്നു തോന്നുന്നുണ്ടോ?

A

എനിക്കങ്ങനെ തോന്നുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിശേഷിച്ചും. ഇന്ത്യന്‍ തിയോളജിക്കും ഇന്ത്യന്‍ ലിറ്റര്‍ജിക്കും ആവശ്യമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഭാരതസഭയില്‍ ബംഗളുരു കേന്ദ്രീകരിച്ചും അല്ലാതെയും നടന്നു. ധര്‍മ്മാരാം അതിനു മുമ്പില്‍ നിന്നിരുന്നു. അതിനെല്ലാം പിന്നീടു മാറ്റം വന്നു. അതിനു പല കാരണങ്ങളുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍. നമ്മുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കു തിരിഞ്ഞു. ഞാന്‍ ആരേയും കുറ്റം വിധിക്കുന്നില്ല. എല്ലാവരും നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ എല്ലാ കാര്യങ്ങളിലും ഒരേപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞു എന്നുവരില്ല.

Q

സീറോ മലബാര്‍ സഭ സുറിയാനി പാരമ്പര്യത്തിന് ഊന്നലേകിയപ്പോള്‍ ഇന്ത്യന്‍ പാരമ്പര്യം മറന്നു പോയോ?

A

മറന്ന പോലെയാണ് എനിക്കു തോന്നുന്നത്. ഹിന്ദു ത്വവര്‍ഗീയതയും ഇതിലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇതൊക്കെ തങ്ങളുടെ മാത്രമാണെന്നു പറഞ്ഞ് മാറ്റിനിറുത്താനുള്ള ശ്രമങ്ങള്‍ ഹിന്ദുത്വവര്‍ഗീയവാദികളുടെ ഭാഗത്തുനിന്നുണ്ടായത് നമ്മുടെ മനസ്സുകളിലും നിരാശയുണ്ടാക്കി. നാം ചെയ്യുന്ന നല്ല കാര്യങ്ങളെ പോലും ഹിന്ദുത്വവാദികള്‍ തെറ്റായി കാണാന്‍ തുടങ്ങി. സ ത്യസന്ധമായും ആത്മാര്‍ത്ഥമായും ഈ സംസ്‌കാരത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണ് നമ്മളിതെല്ലാം ചെയ്യുന്നത്. ഇതു നമ്മുടെയും സംസ്‌കാരമാണ്. നാമിവിടെ ജനിച്ചു വളര്‍ന്നവരാണ്. നമുക്ക് അവകാശപ്പെട്ടതാണ്. പ ക്ഷേ, മറ്റെന്തോ ലക്ഷ്യങ്ങളോടെയാണ് ഇത് എന്ന് വര്‍ഗീയവാദികള്‍ വാദിക്കാന്‍ തുടങ്ങി. അതു നമ്മുടെയാളുകളെ നിരാശരാക്കിയിട്ടുണ്ടാവാം.

ഇന്നും ഈ ആശ്രമത്തില്‍ വരുന്നവര്‍ ഇവിടത്തെ ഇന്ത്യന്‍ സംസ്‌കാരരീതികള്‍ കാണുമ്പോള്‍ ഇതു നമ്മുടെ പോലെയല്ലല്ലോ, അവരുടെ പോലെയാണല്ലോ എന്നു ചോദിക്കാറുണ്ട്. അതായത്, നാമിപ്പോഴും ഇതിനെയൊന്നും നമ്മുടെ സ്വന്തമായി കരുതാന്‍ തുടങ്ങിയിട്ടില്ല. ഈ സംസ്‌കാരം നമ്മുടെ സ്വന്തമാണ് എന്ന അവബോധം ആദ്യം നമുക്കുണ്ടാകണം. അതിനുള്ള ബോധവത്കരണം തുടങ്ങിയപ്പോഴേക്കും പല കാരണങ്ങളാല്‍ ബലഹീനമാക്കപ്പെട്ടു. ഏതായാലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ നാം മറന്നു കൂടാ, നമ്മുടെ ഇന്ത്യന്‍ വേരുകളും നാം മറക്കരുത്.

മിഷനു പോകാന്‍ താത്പര്യപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്ന രീതികളും സഭയിലുണ്ട്. ദൈവവിളികളുടെ കാര്യം നോക്കുക. മിഷനു വരാന്‍ തയ്യാറുള്ള കുട്ടികളെ തടയുകയാണു നാട്ടിലെ പല അധികാരികളും ചെയ്യുന്നത്.

Q

ഹിന്ദുത്വ വര്‍ഗീയത ഈ ശ്രമങ്ങളെ ബാധിക്കുന്നുണ്ട്, അല്ലേ?

A

ബിജ്‌നോര്‍ കത്തീഡ്രലിനു നമ്മള്‍ ആദ്യം കൊടുത്ത പേര് മൃത്യുഞ്ജയ മഹാമന്ദിര്‍ എന്നാണ്. പക്ഷേ അന്ന് ഹിന്ദുത്വവാദികള്‍ അതിനെ എതിര്‍ത്തു. നമ്മള്‍ നിഷ്‌കളങ്കമായി ഈ സംസ്‌കാരത്തോടുള്ള ആദരവ് എന്ന നിലയിലാണതു ചെയ്തത്. വിഷയം കോടതിയിലെത്തി. എന്തിനാ വഴക്കുണ്ടാക്കുന്നത് എന്നു ചോദിച്ച് പ്രശ്‌നപരിഹാരത്തിന്റെ വഴി തേടുകയാണു ജഡ്ജി ചെയ്തത്. സമാധാനമാണു പ്രധാനം എന്നു പറഞ്ഞ് നമ്മളും ഇതില്‍ നിന്നു പിന്മാറി.

Q

പൗരോഹിത്യം സ്വീകരിച്ച ശേഷം ഉത്തരേന്ത്യയില്‍ തന്നെയായിരുന്നോ കൂടുതലല്‍ കാലവും?

A

പട്ടത്തിനുശേഷം ധര്‍മ്മാരാമില്‍ പഠിപ്പിച്ചു. പിന്നീടു ഇംഗ്ലണ്ടില്‍ ഡോക്ടറേറ്റ് പഠനത്തിനു പോയി. തിരിച്ചുവന്നതിനുശേഷം ധര്‍മ്മരാമില്‍ അധ്യാപനം തുടര്‍ ന്നു. പിന്നീട് ഞങ്ങളുടെ സഭയില്‍, മിഷന്‍ വൈദികാര്‍ത്ഥികള്‍ മിഷന്‍ പ്രദേശത്തു തന്നെ വൈദികപരിശീലനം നേടണമെന്ന ചിന്ത വ ന്നു. അതനുസരിച്ചു മധ്യപ്രദേശിലെ വാര്‍ധയില്‍ മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കു ഫിലോസഫി പഠിക്കുന്നതിനുള്ള കേന്ദ്രമാരംഭിച്ചു. 1982-ല്‍ ആ ഫിലോസഫേറ്റില്‍ പഠിപ്പിക്കുന്നതിനായി ഞാന്‍ ഉത്തരേന്ത്യയിലേക്കു പോ ന്നു. വാര്‍ധയില്‍ പത്തു കൊല്ലത്തോളം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഋഷികേശില്‍ സഭയ്ക്കുണ്ടായിരുന്ന ആദ്ധ്യാത്മികകേന്ദ്രത്തിലേക്കു വന്നു. ഗംഗാതീരത്തെ വലുതും ചെറുതുമായ ആശ്രമങ്ങളുടെ ഒരു നഗരമാണല്ലോ ഋഷികേശ്. ഋഷികേശിലെ ആ താമസം ആശ്രമജീവിതത്തില്‍ കൂടുതല്‍ താത്പര്യമുണര്‍ത്തി. അപ്പോഴേ ക്കും തിയോളജിക്കാര്‍ക്കുള്ള മി ഷന്‍ സെമിനാരി തുടങ്ങി. തുടക്കം ജഗദല്‍പൂരിലായിരുന്നു. എന്നെ അങ്ങോട്ടു നിയോഗിച്ചു.

അങ്ങനെയിരിക്കെ കളമശേരിയില്‍ നിന്നു തിരിഞ്ഞ് സി എം ഐ മൂവാറ്റുപുഴ പ്രോവിന്‍സ് രൂപീകരിക്കപ്പെട്ടു. ഞാന്‍ പ്രൊ വിന്‍ഷ്യല്‍ സുപ്പീരിയറായി നി യോഗിക്കപ്പെട്ടു. മൂന്നു കൊല്ലം ആ ചുമതല വഹിച്ചു. അതിനു ശേഷമാണ് ഉത്തരാഖണ്ഡിലെ ഈ ജയ്ഹരിഖാല്‍ ആശ്രമത്തിലേക്കു പോന്നത്.

Q

എങ്ങനെയാണ് ഇവിടെ ഈ ആശ്രമം തുടങ്ങുന്നത്?

A

1982-ലാണ് ജീവന്‍ധാര ആശ്ര മം ആരംഭിക്കുന്നത്. വന്ദന മാതാ ജി എന്ന പേരില്‍ പ്രസിദ്ധയായ കത്തോലിക്കാ സന്യാസിനിയാണ് ഇതു തുടങ്ങിയത്. മുംബൈയിലെ പ്രസിദ്ധമായ സോഫിയ കോളജ് നടത്തുന്ന ഫ്രഞ്ച് സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു വന്ദന മാതാജി. പാഴ്‌സി മതസ്ഥയായിരുന്ന അവര്‍ പിന്നീട് ക ത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും സന്യാസിനിയാകുക യും ആയിരുന്നു. മതം മാറിയപ്പോ ഴും തന്റെ ഇന്ത്യന്‍ പേര് മാറ്റാന്‍ അവര്‍ തയ്യാറായില്ല. സോഫിയാ കോളജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വന്ദന മാതാജി ഇ ന്ത്യന്‍ സംസ്‌കാരത്തില്‍ കൂടുതല്‍ ആകൃഷ്ടയായത്. ഇന്ത്യന്‍ സ ന്യാസശൈലിയില്‍ ജീവിക്കാനാഗ്രഹിച്ച അവര്‍ അതേക്കുറിച്ചു കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഫാ. ടോണി ഡി മെല്ലോ ആണ് അവര്‍ക്ക് അ ന്നു മാര്‍ഗദര്‍ശനം നല്‍കിയിരുന്നത്.

ആ സമയത്താണ് ഇന്ത്യന്‍ സഭയുടെ ഒരു ദേശീയ സെമിനാര്‍ ബംഗളുരു ധര്‍മ്മാരാമില്‍ നടക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ തീരുമാനങ്ങളെ എങ്ങനെ നമ്മുടെ രാജ്യത്തു നടപ്പാക്കാം എ ന്നതായിരുന്നു സെമിനാറിന്റെ പ്ര മേയം. എല്ലാ മെത്രാന്മാരും മേജര്‍ സുപ്പീരിയര്‍മാരും അല്‍മായരുടെ യും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളും അടങ്ങി യ ഗംഭീരമായ ഒരു സെമിനാറായിരുന്നു അത്. സംഘാടനശേഷി കൊണ്ടും ആസൂത്രണമികവു കൊണ്ടും പങ്കാളിത്തം കൊണ്ടുമെല്ലാം ചരിത്രപ്രധാനമായി മാ റിയ ഒരു സെമിനാര്‍. അവിടെ ആ ശ്രമജീവിതം ഒരു ചര്‍ച്ചയായി. അതിനകം ഇന്ത്യന്‍ ആശ്രമശൈ ലി സഭയില്‍ ഗൗരവമായി പരിഗണിക്കപ്പെടുകയും ചില മുന്നേറ്റങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്രഞ്ച് ബെനഡിക്‌ടൈന്‍ സന്യാസിയായിരുന്ന ബീഡ് ഗ്രി ഫിത്, സ്വാമി അഭിഷിക്താനന്ദ, ഫ്രാന്‍സിസ് ആചാര്യ തുടങ്ങി ഏതാനും പേര്‍ ഇക്കാലഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍ ശൈലിയിലുള്ള ആശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അഭിഷിക്താനന്ദ ഈ സെമിനാറിലുണ്ടായിരുന്നു. അദ്ദേ ഹം പറഞ്ഞു, ''നമ്മുടെ മിഷനു രണ്ടായിരത്തിലധികം കാലമായി ട്ടും വലിയ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനു മാറ്റം വരണമെങ്കില്‍ നമ്മുടെ ജീവിതശൈലി മാറണം. ഇന്ത്യയില്‍ നാം ഇന്ത്യാക്കാരായി ജീവിക്കണം. നമ്മുടെ മിഷന്‍ കേ ന്ദ്രങ്ങള്‍ പ്രാര്‍ത്ഥനയുടെയും തപസ്സിന്റെയും സ്ഥലങ്ങളാകണം.''

മിഷന്‍ പ്രദേശങ്ങളിലേക്ക് അ ച്ചന്മാര്‍ ദാദാമാരെ പോലെ വന്നേക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിഷന്‍ കേന്ദ്രവും പ്രാര്‍ത്ഥനാകേന്ദ്രമായിരിക്കണം, ജനങ്ങള്‍ ആത്മീയരാണ്, പ്രസംഗം മാത്രം പോരാ കാഴ്ചയിലും നാം ആത്മീയരായിരിക്കണം എന്നദ്ദേഹം പറഞ്ഞു. സിസ്റ്റര്‍ വന്ദന മാതാ അവിടെയുണ്ടായിരുന്നു. അവര്‍ക്ക് ഈ വാക്കുകള്‍ ആവേശം പകര്‍ന്നു. തങ്ങള്‍ക്കൊരു ആശ്രമം വേണമെന്ന് സിസ്റ്റര്‍ തങ്ങളുടെ സന്യാസസമൂഹത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതിനൊരുക്കമായി ഇന്ത്യയിലെ എല്ലാ ആശ്രമങ്ങളിലും പോയി കണ്ട്, താമസിച്ച്, കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. അങ്ങനെ ഒന്നോ രണ്ടോ കൊല്ലമെടുത്ത്, അവര്‍ പഠനം നടത്തി, ഒരു പു സ്തകവുമെഴുതി. അതിനൊടുവില്‍, തങ്ങളുടേതായ ഒരു ആശ്ര മം വേണമെന്ന് ആ സന്യാസസമൂഹം തീരുമാനമെടുത്തു. ഋഷികേശില്‍ ഗംഗാതീരത്ത് ചെറിയ സ്ഥലം വാങ്ങി ആശ്രമം തുടങ്ങി. പക്ഷേ രണ്ടോ മൂന്നോ പേര്‍ക്കു മാത്രമേ അവിടെ താമസിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ് അന്നത്തെ ബിജ് നോര്‍ രൂപതാ ബിഷപ് ഗ്രേഷ്യന്‍ മുണ്ടാടന്‍ ഈ സ്ഥലം പരിഗണിക്കാന്‍ അവരോട് ആവശ്യപ്പെട്ടത്. രൂപതയുടെ സ്വന്തമായ ജയ്ഹരിഖാലിലെ ഈ സ്ഥലവും കെട്ടിടവും പ്രത്യേകിച്ചൊന്നും ചെയ്യാ തെ കിടക്കുകയായിരുന്നു. സ്ഥലം വന്ദന മാതാക്ക് ഇഷ്ടമായി. അ വര്‍ ഇവിടെ ആശ്രമജീവിതം ആരംഭിച്ചു. 1982-ല്‍ ആയിരുന്നു അതെന്നു പറഞ്ഞല്ലോ. 1996 ആയപ്പോഴേക്കും പ്രായാധിക്യം വന്ദനമാതായെ ബാധിച്ചു തുടങ്ങി. ഇതുപോലൊരു സ്ഥലത്തു താമസിക്കുക അവര്‍ക്കു ദുഷ്‌കരമായി മാറി. അവര്‍ പുനെയിലെ പ്രൊ വിന്‍ഷ്യല്‍ ഹൗസിലേക്കു വിശ്രമത്തിനായി മടങ്ങി. മൂന്നു വര്‍ഷത്തോളം ഈ സ്ഥലം പ്രത്യേകിച്ചൊന്നും ചെയ്യാതെ കിടന്നു.

പ്രൊവിന്‍ഷ്യല്‍ ചുമതല കഴി ഞ്ഞ ഞാന്‍ ഇതുപോലൊരു ആ ശ്രമജിവിതത്തിനായി ആഗ്രഹിച്ചിരുന്നു. അങ്ങനെ സഭയുടെ അനുമതിയോടെ 1999-ല്‍ ഞാന്‍ ഇവിടെ വന്ന് ഈ ആശ്രമം പുനരാരംഭിക്കുകയായിരുന്നു. സി എം ഐ ബിജ്‌നോര്‍ പ്രൊവിന്‍സിന്റെ ചുമതലയിലാണ് ജീവന്‍ധാര ആശ്രമം. എന്റെ അംഗത്വവും ബിജ്‌നോര്‍ പ്രൊവിന്‍സിലേക്കു മാറി. സി എം ഐ ഭവനമാണെങ്കിലും ഞങ്ങളുടെ മറ്റു ഭവനങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇവിടത്തെ സമയക്രമം, ആരാധന, ഭക്ഷണരീതി തുടങ്ങിയവയെല്ലാം. ഇവിടെ സസ്യാഹാ രം മാത്രമേ ലഭിക്കൂ. പ്രാര്‍ത്ഥന യ്ക്കും ധ്യാനത്തിനും കൂടുതല്‍ സമയം മാറ്റിവയ്ക്കും. മറ്റു നിയമങ്ങളിലും വ്യത്യാസമുണ്ടാകും.

എത്ര നാളത്തേക്കു വരുന്നു, ഏതു പ്രൊവിന്‍സിലായിരിക്കും അംഗത്വം തുടങ്ങിയ കാര്യങ്ങളൊന്നും ഇങ്ങോട്ടു വരുമ്പോള്‍ ചിന്തിച്ചിരുന്നില്ല. അധികാരികളോട് ആശ്രമജീവിതത്തിന് അനുവാദം ചോദിച്ചു, അതു കിട്ടി, ഇവി ടെ അവസരം തന്നു, പോന്നു. ഇ പ്പോഴും തുടരുന്നു. അത്രമാത്രം.

Q

അഭിഷിക്താനന്ദയുടെ വാക്കുകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍, ഇന്ത്യന്‍ മിഷന്‍ കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? അവ ഇന്ത്യന്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാണെന്നു തോന്നുന്നുണ്ടോ?

A

പൂര്‍ണ്ണമായി തോന്നുന്നില്ല. വ്യത്യസ്തമാണെന്നു തോന്നു ന്നുമുണ്ട്. കാരണം, നമ്മുടെ വാസ്തുവിദ്യാരീതികളായിരിക്കാം, ആഹാരരീതിയായിരിക്കാം, ജീവിതശൈലിയായിരിക്കാം. അതെല്ലാം ഇന്ത്യയുമായി താദാത്മ്യപ്പെടുന്നതാണോ എന്നു തോ ന്നിയേക്കാം. ഉത്തരേന്ത്യയിലെ മിഷണറിമാര്‍ ഇവിടത്തുകാരായി മാറിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പൂര്‍ണ്ണമായി സാധിച്ചിട്ടില്ല.

ബിജ്‌നോറില്‍ പുതിയ രൂപത സ്ഥാപിതമാകുന്നു എന്നു കേട്ടപ്പോള്‍ സ്വാമി അഭിഷിക്താനന്ദ സി എം ഐ പ്രിയോര്‍ ജനറലിന് ഒരു കത്തെഴുതി. ഇവിടത്തെ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ പ്രാര്‍ത്ഥനകേന്ദ്രങ്ങളായിരിക്കണം, വരുന്ന മിഷണറിമാരും ലളിതജീവിതം നയിക്കുന്നവരായിരിക്കണം, സ്ഥാ പനാകാരമായ വലിയ ചിട്ടവട്ടങ്ങളൊന്നും അരുത്, പുതിയ ശൈലിയിലുള്ള ഒരു മിഷനായിരിക്കണം എന്നെല്ലാം അദ്ദേഹം എഴുതിയിരുന്നു. കത്തിനെ എല്ലാവരും നല്ല രീതിയില്‍ അംഗീകരിച്ചു. പക്ഷേ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നത് സംശയാസ്പദമാണ്. ഇതൊന്നും എളുപ്പമല്ല എന്നറിയാം. കാരണം, നമ്മു ടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള കാര്യങ്ങള്‍ മാറ്റുക എളുപ്പമല്ലല്ലോ.

Q

കേരളസഭയെ ഒരു മിഷണറി സഭയെന്നു പറയാറുണ്ടല്ലോ. ഒരുപാടു മിഷണറി മാരെ കേരളം അയച്ചിട്ടുണ്ട്. ഇത്രയും പതിറ്റാണ്ടുകളിലെ മിഷന്‍ അനുഭവത്തില്‍ നിന്ന് കേരളസഭയോട് എന്താണു പറയാനുള്ളത്?

A

മിഷണറിമാരെ ധാരാളം അയച്ചിട്ടുണ്ടെന്നതൊക്കെ ശരിയാണ്. അയച്ചിട്ടുണ്ട് എന്നതിനേക്കാള്‍ പോയിട്ടുണ്ട് എന്നു പറയുന്നതാ കും നല്ലത്. സഭ മുന്‍കൈയെടു ത്ത് ഒരുപാടു പേരെ അയച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മിഷനു പോകാന്‍ താത്പര്യപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്ന രീതികളും സഭയിലുണ്ട്. ദൈവവിളികളുടെ കാര്യം നോക്കുക. മിഷനു വരാന്‍ തയ്യാറുള്ള കുട്ടികളെ തടയുകയാണു നാട്ടിലെ പല അധികാരികളും ചെയ്യുന്നത്. നാട്ടിലെ പ്രൊവിന്‍സില്‍ ഞാനൊരിക്കല്‍ പറഞ്ഞു, നമ്മുടെ പകുതി അച്ചന്മാര്‍ അവരിപ്പോള്‍ ചെയ്യുന്ന ജോ ലി വിട്ടു പോയാലും ഒന്നും സംഭവിക്കില്ല. കാരണം, അച്ചന്മാരെ കൂടാതെ നടത്താവുന്ന ജോലികളാണതെല്ലാം. അച്ചന്മാര്‍ പോയാ ലും അവരുടെ അസാന്നിധ്യം മനസ്സിലാക്കുക പോലുമില്ല. എന്നാല്‍ പണ്ടത്തെ സ്ഥിതിയതല്ല. കേരളത്തിലെ കാര്യമാണു ഞാന്‍ പറയുന്നത്. കൂടുതല്‍ പേര്‍ മിഷനിലേക്കു പോന്നാലും കേരളത്തിലെ കാര്യം നടക്കും. പക്ഷേ പോരാന്‍ എത്ര പേര്‍ തയ്യാറാകുന്നുണ്ട്? സീറോ മലബാര്‍ സഭയുടെ പഴയ പരാതി, സഭയ്ക്കു സ്വന്തം മിഷനുകളില്ല, ലത്തീന്‍ സഭയില്‍ ചേ രേണ്ടി വരും എന്നതായിരുന്നു. ആ പരാതി പരിഹരിക്കപ്പെട്ടു. എന്നിട്ടു മിഷന്‍ രൂപതകളിലേക്കു ധാരാളം പേര്‍ വരുന്നുണ്ടോ? ഇല്ല.

Q

ആശ്രമത്തില്‍ വന്നതിനുശേഷം ഏറ്റവും മറക്കാന്‍ കഴിയാത്ത സംഭവം?

A

സാധാരണ ചോദിക്കുന്ന ചോ ദ്യമാണ്. അങ്ങനെ അവിസ്മരണീയമായ ഒന്നുമില്ല. സാധാരണ കാ ര്യങ്ങള്‍ മാത്രം. നേരം വെളുത്തെഴുന്നേല്‍ക്കുമ്പോള്‍ ഇന്നു ചെ യ്തു തീര്‍ത്തേ പറ്റൂ എന്നൊരു കാര്യം എന്റെ മനസ്സിലില്ല. അതേസമയം ഇവിടെ മുഴുവന്‍ സമയ വും എന്തെങ്കിലും കാര്യം അര്‍ത്ഥവത്തായി ചെയ്തുകൊണ്ടാണിരിക്കുന്നത്. പ്രാര്‍ത്ഥനയുടെ സമയമാകുമ്പോള്‍ അതിനു പോകാം. എന്തെങ്കിലും ജോലി തീര്‍ത്തിട്ടേ പോകാവൂ എന്നു നിര്‍ബന്ധമില്ല. ഒരു സ്ഥാപനത്തിലോ സ്‌കൂളി ലോ ആകുമ്പോള്‍ അതു സാധിക്കില്ല.

മിഷന്‍ സ്റ്റേഷനുകളിലെ വൈ ദികര്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. സമയമില്ലായ്മ എല്ലാവര്‍ക്കുമുണ്ട്. അതു വച്ചു നോക്കുമ്പോള്‍ ഈ ആശ്രമവാസികള്‍ കൊച്ചുകാര്യങ്ങളും നല്ല കാര്യങ്ങളും ചെ യ്ത് ഒട്ടും ധൃതി കൂട്ടാതെ സമയം ചെലവഴിക്കുന്നു. സാധാരണഗതിയില്‍ അച്ചന്മാര്‍ കിടക്കാന്‍ പോകുമ്പോഴും നാളത്തേക്കു ചെയ്തു തീര്‍ക്കാനുള്ള ധാരാളം കാര്യങ്ങള്‍ തലയിലുണ്ടാകും. അവരു ടെ ഉറക്കം പോലും ശരിയാകാറില്ല. ആ ബദ്ധപ്പാട് ഇവിടെയില്ല. സംഘര്‍ഷങ്ങളില്ല, ഉത്കണ്ഠകളില്ല. ദിവസം മുഴുവന്‍ നല്ല കാര്യങ്ങളില്‍ വ്യാപരിക്കുന്നു. പ്രാര്‍ത്ഥന, ധ്യാനം, ക്ലാസുകള്‍, വ്യക്തിപരമായ കൗണ്‍സലിംഗുകള്‍. സമ യം പോകുന്നത് അറിയുന്നില്ല.

തുടക്കത്തില്‍ എനിക്കിതില്‍ ചെറിയ വിഷമമുണ്ടായിരുന്നു. കാരണം, ഞാന്‍ സന്തോഷമായി ജീവിക്കുന്നു. മറ്റുള്ളവര്‍ കഠിനമായി അധ്വാനിക്കുകയും മാനസികവ്യഥകള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ എളുപ്പമുള്ള ജീവിതം നയിക്കുന്നു എന്ന കുറ്റബോധം. പക്ഷേ, ഈ ആശ്രമവും ഇതിന്റേതായ വിധത്തില്‍ അനേകര്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. സന്യസ്തരും അകത്തോലിക്കരും അ ക്രൈസ്തവരും എല്ലാം ഇവിടെ വരുന്നുണ്ട്. പ്രാര്‍ത്ഥനാനുഭവവും ആശ്വാസവും നേടി പോകുന്നുണ്ട്. വിദേശികളും വരാറുണ്ട്. സി എം ഐ പ്രൊവിന്‍സും ബിജ് നോര്‍ രൂപതയും അകമഴിഞ്ഞു പിന്തുണയ്ക്കുന്നുണ്ട്. മലമടക്കുകളിലെ ഈ ദേവഭൂമിയില്‍ ക്രി സ്തീയവും ഭാരതീയവുമായ ആശ്രമജീവിതത്തിന്റെ സാക്ഷ്യം നല്‍കുക എന്നതാണു ജീവന്‍ധാരയുടെ നിയോഗം എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org