

ഇന്നത്തെ സമൂഹത്തിൽ ദാമ്പത്യജീവിതം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ആശയവിനിമയക്കുറവ്, ജോലി സംബന്ധമായ സമ്മർദങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിവാഹ ജീവിതത്തെപ്പറ്റിയുള്ള വികലമായ കാഴ്‌ചപ്പാടുകൾ, കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, കുട്ടികളുടെ വളർച്ച പ്രശ്‌നങ്ങൾ, സാങ്കേതികവിദ്യയുടെ അമിത ഉപയോഗം തുടങ്ങിയവ ദാമ്പത്യബന്ധത്തെ ബാധിക്കുന്നു. രണ്ടോ മൂന്നോ ദിവസം നീളുന്ന വിവാഹ ഒരുക്ക സെമിനാറുകൾ നടത്താറുണ്ടെങ്കിലും അവ ദമ്പതിമാരെ ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ പലപ്പോഴും പ്രാപ്തരാക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ ദമ്പതികൾക്ക് ഏറ്റവും ആവശ്യമായത് “സഹയാത്ര” (Accompaniment) ആണ്. ഫ്രാൻസിസ് മാർപാപ്പ കുടുംബശുശ്രൂഷ യുടെ ഹൃദയമായി “Accompaniment” നെ അവതരിപ്പിക്കുന്നു. സഹയാത്ര എന്നത് പ്രശ്‌നങ്ങൾ പരിഹരിച്ച് കൊടുക്കുക എന്നതിലുപരി, അവരുടെ ജീവിതയാത്രയിൽ ഒപ്പമിരുന്ന് കേൾക്കുകയും, മനസ്സിലാക്കുകയും, വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ്.
സഹയാത്ര എന്താണ്?
സഹയാത്ര എന്നത് വിധിയെഴുതാതെ, കുറ്റപ്പെടുത്താതെ, ദമ്പതികളുടെ അനുഭവങ്ങളും വികാരങ്ങളും മനസ്സിലാക്കി അവരുടെ കൂടെ നടക്കുന്നതാണ്. എമ്മാവൂസിലേക്കുള്ള ശിഷ്യന്മാരുടെ കൂടെ നടക്കുകയും അവരെ ശ്രവിക്കുകയും അവരെ തിരുത്തുകയും ചെയ്യുന്ന ഈശോയാണ് ബൈബിളിൽ നിന്നുള്ള സഹയാത്രയുടെ ഒരു മാതൃക (ലൂക്കാ 24). അവർ തമ്മിൽ സംസാരിച്ച് പരിഹരിക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾക്ക് ഒരു ഉത്തരം കണ്ടെത്തുവാനും അതുവഴി കുടുംബ ത്തിന്റെ വളർച്ചയെ മുന്നോട്ടു കൊണ്ടു പോകുവാനും ഇതുവഴി സാധിക്കുന്നു.
രണ്ടോ മൂന്നോ ദിവസം നീളുന്ന വിവാഹ ഒരുക്ക സെമിനാറുകൾ നടത്താറുണ്ടെങ്കിലും അവ ദമ്പതിമാരെ ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ പലപ്പോഴും പ്രാപ്തരാക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ ദമ്പതികൾക്ക് ഏറ്റവും ആവശ്യമായത് “സഹയാത്ര” (Accompaniment) ആണ്.
ഇവിടെ അവരുടെ സ്വകാര്യതയെ ഹനിക്കാതെയുള്ള കുടുംബത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ മാർഗങ്ങളും ശൈലികളും അവലംബിക്കാൻ അവരെ സഹായിക്കുന്നു. സഹയാത്രയ്ക്ക് സഹായി ക്കുന്നവർ ഓരോ ദമ്പതിമാരുടെയും പ്രത്യേകതകൾ ആഴത്തിൽ മനസ്സിലാക്കി അവരെ മുന്നേറാൻ സഹായിക്കുന്നവരാണ്. ഇത് ഒരു ഉപദേശകന്റെയോ, കൗൺസി ലറുടെയോ, ആത്മീയഗുരുവിന്റെയോ, കുടുംബാംഗങ്ങളുടെയോ പിന്തുണയിലൂടെ സാധ്യമാക്കാം.
ദമ്പതികളോടുള്ള സഹയാത്ര എങ്ങനെ നടത്താം?
1. ശ്രദ്ധയോടെ കേൾക്കുക: ദമ്പതികൾ പലപ്പോഴും പരിഹാരത്തേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് ആരെങ്കിലും തങ്ങളെ കേൾക്കണമെന്നാണ്. ഓരോരുത്തരുടെയും വികാരങ്ങളും അനുഭവങ്ങളും ശ്രദ്ധാപൂർവം കേൾക്കുന്നത് വിശ്വാസം വളർത്തുന്നു. ദമ്പതിമാർക്ക് അവർക്ക് പറയാനുള്ള കാര്യങ്ങൾ സ്വീകാര്യമായ അന്തരീക്ഷത്തിൽ പ്രകടിപ്പിക്കാൻ സാധിക്കുമ്പോൾ, തങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ അത് കേൾക്കാൻ തയ്യാറാകുമ്പോൾ പ്രശ്നപരിഹാരങ്ങൾക്കുള്ള മാർഗങ്ങൾ അവലംബിക്കാൻ ഭൂരിപക്ഷം ദമ്പതിമാരും തയ്യാറാകാറുണ്ട് എന്ന് എന്റെ കൗൺസിലിംഗ് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
2. വിധിയെഴുതാതിരിക്കുക: ആരാണ് ശരി, ആരാണ് തെറ്റ് എന്ന നിലപാടിൽ നിന്നല്ല സഹയാത്ര ആരംഭിക്കേണ്ടത്. ഇരുവരുടെയും കാഴ്‌ചപ്പാടുകൾ മനസ്സിലാക്കാൻ ശ്രമിക്കണം. എന്റെ ശരി, നിന്റെ ശരി എന്നതിനേക്കാൾ, എന്റെ തെറ്റ്, നിന്റെ തെറ്റ് എന്നതിനേക്കാൾ നമ്മുടെ ശരികളും നമ്മുടെ തെറ്റുകളും ആണ് ഇവിടെ ഒരുമിച്ച് പരിഗണിക്കപ്പെടുക. പ്രവർത്തികളെ വിമർശിക്കാതെ, വിധിയെഴുതാതെ അതിന് പിന്നിലെ കാരണങ്ങൾ കണ്ടുപിടിച്ച് ജീവിതപങ്കാളിയെ മനസ്സിലാക്കാൻ സഹായിക്കുകയാണ് ഇവിടെ പ്രധാനം.
3. ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുക: ആഴത്തിലുള്ള തുറന്ന സംഭാഷണമാണ് ദാമ്പത്യജീവിതത്തിന്റെ ജീവൻ. പലവിധ കാരണങ്ങളാൽ മനസ്സ് തുറന്നുള്ള ആഴമേറിയ സംഭാഷണം (Intimate talk) ദമ്പതിമാർക്കിടയിൽ കാര്യക്ഷമമായി നടക്കാറില്ല. ചിലർ കഴിഞ്ഞ കാല മുറിവനുഭവങ്ങളിൽ കുടുങ്ങിക്കിട ക്കാറുണ്ട്. പരസ്‌പരം കേൾക്കാനും ബഹുമാനത്തോടെ സംസാരിക്കാനും ദമ്പതികളെ പ്രോത്സാഹിപ്പിക്കുക. ഇരുവർക്കും തങ്ങളുടെ വികാരങ്ങൾ തുറന്നു പറയാൻ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കണം.
4. ശക്തികളെ തിരിച്ചറിയുക: ദമ്പതിമാർ എല്ലാവരും വിവിധങ്ങളായ കഴിവുകളും ഗുണങ്ങളും നന്മകളും ഉള്ളവരാണ്; പ്രശ്‌നങ്ങൾ കാരണം അവർ ഇത് തിരിച്ചറിയുകയോ പ്രോത്സാഹിപ്പി ക്കുകയോ ചെയ്യുന്നില്ല. അതിനാൽ പ്രശ്‌നങ്ങൾ മാത്രം ചർച്ച ചെയ്യാതെ, അവരുടെ ബന്ധത്തിലെ നല്ല വശങ്ങളും വിജയങ്ങളും തിരിച്ചറിയാൻ സഹായിക്കുക.
5. ആത്മീയ വളർച്ച പ്രോത്സാഹിപ്പിക്കുക: വിശ്വാസജീവിതമുള്ള ദമ്പതികൾക്ക് ഒരുമിച്ചുള്ള പ്രാർത്ഥന, വിശുദ്ധ ഗ്രന്ഥ വായന, ആത്മീയ സംഭാഷണ ങ്ങൾ എന്നിവ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. ജീവിതപങ്കാളിയെ മനസ്സിലാക്കുവാനും ചില കുറവുകൾ ക്ഷമിക്കുവാനും ആഴത്തിലുള്ള ബന്ധങ്ങൾ തുടരുവാനും ആത്മീയജീവിതം ദമ്പതിമാരെ സഹായിക്കും.
ദമ്പതികൾ പലപ്പോഴും പരിഹാരത്തേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് ആരെങ്കിലും തങ്ങളെ കേൾക്കണം എന്നാണ്. ഓരോരുത്തരുടെയും വികാരങ്ങളും അനുഭവങ്ങളും ശ്രദ്ധാപൂർവം കേൾക്കുന്നത് വിശ്വാസം വളർത്തുന്നു.
ഇടവകയിൽ സഹയാത്ര എങ്ങനെ നടപ്പിലാക്കാം?
1. സഹയാത്രാ ടീം രൂപീകരിക്കുക: വികാരപക്വതയും ആത്മീയബോധവുമുള്ള ദമ്പതികൾ, വൈദികർ, സന്യസ്‌തർ, കുടുംബ അപ്പസ്തോലേറ്റ് പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഒരു സഹയാത്രാ ടീം രൂപീകരിക്കാം. ഇവർക്ക് ആവശ്യമായ പരിശീലനവും നൽകണം.
2. ദമ്പതികൾക്കായുള്ള സ്ഥിരം കൂടിക്കാഴ്‌ചകൾ സംഘടിപ്പിക്കുക: മാസത്തിലൊരിക്കൽ അല്ലെങ്കിൽ നിശ്ചിത ഇടവേളകളിൽ ദമ്പതികൾക്കായി കൂട്ടായ്‌മകൾ സംഘടിപ്പിക്കാം. അനുഭവങ്ങൾ പങ്കുവയ്ക്കാനും പരസ്‌പരം പിന്തുണ നൽകാനും ഇത് സഹായിക്കും.
3. വ്യക്തിഗത സഹയാത്രാ അവസരങ്ങൾ ഒരുക്കുക: ആവശ്യമുള്ള ദമ്പതികൾക്ക് സ്വകാര്യമായി സംസാരിക്കാനും മാർഗനിർദേശം തേടാനും അവസരം നൽകണം. രഹസ്യാത്മകതയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
4. വിവാഹാനന്തര പിന്തുണാ പരിപാടികൾ നടത്തുക (Postmarital Course): പുതുതായി വിവാഹിതരായ ദമ്പതികൾക്കായി പ്രത്യേക പിന്തുണ പരിപാടികൾ സംഘടിപ്പിക്കാം. വിവാഹജീവിത ത്തിന്റെ ആദ്യ വർഷങ്ങളിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഇത് സഹായിക്കും. പിന്നീട് അഞ്ചുവർഷം വരെയുള്ള ദമ്പതിമാർ, പത്തുവർഷം വരെയുള്ളവർ, 15 വർഷം വരെയുള്ളവർ ഇങ്ങനെ ദമ്പതിമാരുടെ വിവാഹ ജീവിത ത്തിന്റെ കാലയളവ് അനുസരിച്ച് അവരെ ഒന്നിച്ചു ചേർക്കുകയും വിവാഹ ജീവിതത്തിൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ക്കുറിച്ചുള്ള ചർച്ചകളും പരിഹാര മാർഗങ്ങളും കണ്ടുപിടിക്കുകയും വേണം.
5. പ്രാർത്ഥനയും ആത്മീയ വളർച്ചയും പ്രോത്സാഹിപ്പിക്കുക: ദമ്പതികൾക്കായുള്ള പ്രാർഥനാ സംഗമങ്ങൾ, ധ്യാനങ്ങൾ, കുടുംബ നവീകരണ ശുശ്രൂഷകൾ എന്നിവ സംഘടിപ്പിച്ച് അവരുടെ വിശ്വാസജീവിതം ശക്തിപ്പെടുത്താം.
ഓരോ കുടുംബത്തിനും വെല്ലുവിളികളും മുറിവുകളും ഉണ്ടാകാം. എന്നാൽ സ്നേഹപൂർവമായ സഹയാത്ര, മനഃശാസ്ത്രപരമായ പിന്തുണ, ആത്മീയ ശക്തി, സമൂഹത്തിന്റെ കരുതൽ എന്നിവ കുടുംബങ്ങളെ വീണ്ടും പ്രത്യാശയിലേക്കും സമാധാനത്തിലേക്കും നയിക്കും.
6. പരിശീലനങ്ങളും സെമിനാറുകളും നടത്തുക: ആശയവിനിമയം, സംഘർഷപരിഹാരം, മാതാപിതൃത്വം, സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്‌ധരുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ നടത്താം.
7. ആവശ്യമുള്ളപ്പോൾ വിദഗ്‌ധ സഹായത്തിലേക്ക് നയിക്കുക: ഗുരുതരമായ കുടുംബപ്രശ്‌നങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ, ലഹരി ഉപയോഗം, കുടുംബാതിക്രമം തുടങ്ങിയ സാഹചര്യങ്ങളിൽ യോഗ്യരായ കൗൺസിലർമാരുടെയും മറ്റ് വിദഗ്‌ദ്ധരുടെയും സഹായം ലഭ്യമാക്കണം.
8. വൈദികരുടെയും സമർപ്പിതരുടെയും ഇടവിട്ടുള്ള വീട് സന്ദർശനങ്ങൾ: ഇടവക വികാരിമാരുടെയും ഇടവകയിൽ ജോലി ചെയ്യുന്ന സമർപ്പിതരുടെയും കൂടെക്കൂടെയുള്ള വീട് സന്ദർശനങ്ങൾ ദമ്പതിമാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അനുധാവനം അത്യാവശ്യമുള്ളവരെ കണ്ടെത്താനും സഹായിക്കും. ഭവന സന്ദർശനങ്ങൾ കുടുംബബന്ധങ്ങളെയും ദമ്പതികളെയും കൂടുതൽ മനസ്സിലാക്കുവാനും പ്രശ്‌നങ്ങൾ പരിഹരിക്കുവാനും സഹായിക്കുന്ന ഒന്നാണ്.
9. സാമൂഹിക സമ്പർക്ക നവമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ബോധവൽക്കരണങ്ങൾ: നീണ്ടുനിൽക്കുന്ന ക്ലാസുകളെക്കാൾ യുവജനങ്ങളെ കൂടുതൽ സ്വാധീനിക്കുക നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളാണ്. വിവാഹജീവിതത്തെ വിജയിപ്പിക്കാൻ സഹായിക്കുന്ന നിപുണതകൾ (Life Skills) രൂപപ്പെടുത്താൻ സഹായിക്കുന്ന റീൽസുകളും ഷോർട്ട് വീഡിയോസും ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതും സഹയാത്രയിൽ സഹായിക്കും. ഇന്നത്തെ കാലഘട്ടത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഓൺലൈൻ വെബിനാറുകൾ, നല്ല കുടുംബ ജീവിതത്തിന് പ്രചോദനം നൽകുന്ന റീൽസുകൾ മുതലായവ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റൽ സഹയാത്രയും അത്യാവശ്യമാണ്.
ഉപസംഹാരം
ഓരോ കുടുംബത്തിനും വെല്ലുവിളികളും മുറിവുകളും ഉണ്ടാകാം. എന്നാൽ സ്നേഹപൂർവമായ സഹയാത്ര, മനഃശാസ്ത്രപരമായ പിന്തുണ, ആത്മീയ ശക്തി, സമൂഹത്തിന്റെ കരുതൽ എന്നിവ കുടുംബങ്ങളെ വീണ്ടും പ്രത്യാശയിലേക്കും സമാധാനത്തിലേക്കും നയിക്കാൻ സഹായിക്കുന്നു. കുടുംബങ്ങളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരോടൊപ്പം നടക്കുകയും, അവരുടെ വേദനകൾ കേൾക്കുകയും, അവരിലെ ശക്തികളെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ ശാക്തീകരണം സംഭവിക്കുന്നത്. അതാണ് കുടുംബകേന്ദ്രിത സഹയാത്രയിലൂടെ ലഭിക്കുന്ന സൗഖ്യവും ശാക്തീകരണവും.