![അച്ഛന്‍ [കാളിദാസ കലാകേന്ദ്രം]](http://media.assettype.com/sathyadeepam%2F2024-10-10%2Fhanw8gdf%2Fkalidasa-aachen.jpg?w=480&auto=format%2Ccompress&fit=max)
കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച അച്ഛന്‍ എന്ന നാടകം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ഫീല്‍ ഗുഡ് നാടകമാണ്. അച്ഛന്മാരുടെ വികാര വിചാരങ്ങളൊക്കെ പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന നാടകം. ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ രചന അച്ഛന്‍-മകന്‍ ബന്ധത്തിന്റെ സമസ്തഭാവങ്ങളും വരച്ചിടുന്നുണ്ട്.
സാധാരണ നാം അച്ഛനെ പരുഷഭാവങ്ങളിലാണ് കാണാറുള്ളത്. പക്ഷേ ഇവിടെ 'അമ്മയെപ്പോലെ ഒരു അച്ഛനെ' നമ്മള്‍ കണ്ടുമുട്ടുന്നു. മകന്റെയും മരുമകളുടെയും കൊച്ചുമോന്റെയും ഇഷ്ടങ്ങളെ അന്വേഷിക്കുന്ന, അവരോട് കളിപറയുന്ന, വഴക്ക് കൂടുന്ന, സുഹൃത്തുക്കളെപ്പോലെ പരസ്പരം പെരുമാറുന്ന ഒരു 75 വയസ്സുകാരന്‍ (ഉണ്ണിത്താന്‍) അച്ഛന്‍. ഈ അച്ഛന്‍ അടുക്കളയില്‍ കറിക്ക് അരച്ചു കൊടുക്കുന്നുണ്ട്. മരുമകളുടെ ബര്‍ത്ത്‌ഡേക്ക് സാരി വാങ്ങി നല്‍കുന്നുണ്ട്. എന്‍ജിനീയറിങ് പഠിക്കുന്ന കൊച്ചുമോന്റെ കുസൃതികള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട്. അങ്ങനെ സ്‌നേഹവെളിച്ചം തൂകി നില്‍ക്കുന്ന ഒരച്ഛന്‍.
സാധാരണ നാം അച്ഛനെ പരുഷഭാവങ്ങളിലാണ് കാണാറുള്ളത്. പക്ഷേ ഇവിടെ 'അമ്മയെപ്പോലെ ഒരു അച്ഛനെ' നമ്മള്‍ കണ്ടുമുട്ടുന്നു.
ഒരു ശാന്തമായ പുഴ പോലെ ഒഴുകുന്ന ഈ അച്ഛന്റെ ഉള്ളില്‍ തിരയിളക്കങ്ങളും ഉണ്ട്.
അച്ഛന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യവും, ജാതിയുടെ മുറിവില്‍ കുത്തി വേദനിപ്പിച്ചിരുന്ന ഉയര്‍ന്ന ജാതിക്കാരനായ സ്വപിതാവിന്റെ പരാക്രമങ്ങളും, ദാരിദ്ര്യത്തില്‍ ജീവിതം പടുത്തുയര്‍ത്താന്‍ ബുദ്ധിമുട്ടിയ അമ്മയും, കഴിവുകള്‍ അശേഷം ഇല്ലാതിരുന്നിട്ടും അക്ഷരങ്ങളോടും അക്കങ്ങളോടും പടവെട്ടി നേടിയ സെക്രട്ടറിയേറ്റിലെ ജോലിയും, അതിന്റെ ഇല്ലായ്മകളും വല്ലായ്മകളും ഒക്കെ ചേര്‍ന്ന് രൂപപ്പെട്ടിരിക്കുന്നതാണ് ഈ ഉണ്ണിത്താനെന്ന അച്ഛന്‍. എന്തിനെയും ഏതിനെയും ലളിതമായും സരസമായും നോക്കിക്കാണുകയും, ജീവിതത്തെ ലളിത ഗൗരവത്തില്‍ എടുത്ത് ജീവിത കഷ്ടപ്പാടുകളുടെ സമസ്യക്ക് ഉത്തരം അന്വേഷിക്കുകയും ചെയ്യുന്ന ഒരച്ഛന്‍, ഈ നാടകത്തില്‍ അങ്ങനെ ശാന്തമായി ഒഴുകുന്നു. ഈ ഒഴുക്കില്‍ പ്രേക്ഷകര്‍ ഓരോരുത്തരും അവരവരുടെ ജീവിതവും ചുറ്റുവട്ടം കണ്ണാടിയില്‍ എന്നപോലെ കാണുന്നു.
പലപ്പോഴും രംഗങ്ങളുടെ ഒഴുക്ക് നമുക്ക് ഊഹിക്കാവുന്നതെങ്കിലും അഭിനേതാക്കളുടെ അതിഗംഭീരമായ പ്രകടനം കൊണ്ട് അവ മറികടക്കുന്നുണ്ട്. സംഗീതവും രംഗപടവും അതിനു മാറ്റുകൂട്ടുന്നുണ്ട്. ഇമോഷണല്‍ രംഗങ്ങളുടെ പെരുമഴയും തൊണ്ടയില്‍ കരച്ചില്‍ കുടുങ്ങുന്ന തരത്തിലുള്ള സംഭാഷണങ്ങളും കൊണ്ട് ആദ്യന്തം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് ഈ നാടകം. അതില്‍ സംവിധായകന്‍ രാജേന്ദ്രന്റെ മികവ് പറയാതെ വയ്യ.
ഈ അച്ഛന്റെ മറുവശത്ത് ഒരു ശ്രീമോഹന്‍ എന്ന മകനെ നാടകം അവതരിപ്പിക്കുന്നുണ്ട്. തന്നെ പിരിഞ്ഞുപോയ കൂടപ്പിറപ്പിനെക്കുറിച്ചുള്ള രഹസ്യം പേറുന്ന, ഭാര്യയെ സ്‌നേഹിക്കുന്ന, അച്ഛനെ പൊന്നുപോലെ നോക്കുന്ന, അച്ഛന് ചേര്‍ന്ന ഒരു മകന്‍. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി, മകന്‍ സച്ചിന്‍. എല്ലാവരും സമാന ഭാവങ്ങളോടെ കുടുംബത്തിന് മാറ്റുകൂട്ടുന്നവര്‍. വന്നു കയറിയ മരുമകള്‍ ലക്ഷ്മിക്കാണ് അച്ഛനോട് കൂടുതല്‍ പ്രിയം. കൊച്ചുമകന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ശ്രീമോഹനനേക്കാള്‍ ഉണ്ണിത്താനാണ് (അച്ഛന്‍) ഇടപെടുന്നത്. ഇത്തരം ഒരു ഇടപെടല്‍ ഒരു സംഘര്‍ഷത്തിലേക്ക് നാടകത്തെ നയിക്കുന്നു. പെട്ടെന്ന് ഒരു ദിനം അച്ഛനെ വീട്ടില്‍ നിന്ന് കാണാതാവുകയാണ്.
പുഴ പോലെ ഒഴുകിയ വീട് സങ്കടക്കടല്‍ ആകുന്നു. പിന്നെ പൊലീസ് അന്വേഷണം, അച്ഛനെ തേടിയുള്ള യാത്ര. അങ്ങനെ നാടകം ചൂടുപിടിക്കുകയാണ്. അച്ഛനെ തേടിയുള്ള അന്വേഷണമാണ് അവര്‍ക്ക് അച്ഛന്‍ ആരായിരുന്നുവെന്ന് അറിയിക്കുന്നത്. പ്രേക്ഷകര്‍ക്കും അങ്ങനെ തന്നെ.
അച്ഛനെ അന്വേഷിക്കുന്ന നാടകം ഉദ്വേഗഭരിതം ആവുകയും, പ്രേക്ഷകരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. ഒരച്ഛന്റെ കഥ മാത്രമാണ് എന്ന് കരുതി നാടകത്തെ സമീപിക്കുന്നവര്‍ക്ക് രണ്ടും മൂന്നും ട്വിസ്റ്റുകളാണ് നാടകം നല്‍കുന്നത്. ഇടയില്‍ എപ്പോഴോ നാടകം എങ്ങോട്ടാണ് പോകുന്നതെന്ന് പോലും സംശയിക്കും. അച്ഛന്റെ അന്വേഷണ യാത്രയില്‍ പലരെയും കാണുന്നുണ്ട്, നല്ലവരെയും കെട്ടവരെയും. എല്ലാത്തിനെയും ഒരു അച്ഛന്റെ സ്‌നേഹത്തില്‍ കൂട്ടിക്കെട്ടി നിര്‍ത്താന്‍ നാടകത്തിന് സാധിക്കുന്നുണ്ട്.
മനസ്സില്‍ സൂക്ഷിക്കാന്‍ തക്ക ജീവിത നിരീക്ഷണങ്ങളുള്ള രീതിയില്‍ ഒരുപിടി മികച്ച സംഭാഷണങ്ങളും ഈ നാടകത്തിന് സ്വന്തമാണ്. 'കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ അവരുടെ കുഞ്ഞിക്കാലുകൊണ്ട് അച്ഛനമ്മമാരെ അവര്‍ തൊഴിക്കും. അപ്പോള്‍ നാം അവരുടെ കാലുകളില്‍ ഉമ്മ വയ്ക്കും. പ്രായമാകുമ്പോള്‍ അവര്‍ തൊഴിച്ചാലും അങ്ങനെയൊക്കെ തന്നെ ചെയ്യാനേ അച്ഛനമ്മമാര്‍ക്ക് കഴിയൂ. അവരെ മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ല' എന്ന് നാടകത്തിലെ അച്ഛന്‍ പറയുമ്പോള്‍ പ്രേക്ഷകര്‍ ആര്‍ദ്രരാകുന്നത് നമുക്ക് വേദിയുടെ പരിസരങ്ങളിലിരുന്ന് അനുഭവിക്കാനാവും. വൃദ്ധരായ മാതാപിതാക്കളുടെ മനസ്സും അവരെ നോക്കുന്ന മക്കളുടെ മനസ്സും അതിലെ നേര്‍ത്ത അതിര്‍വരമ്പുകളും നാടകം വരച്ചിടുന്നു. വൈകാരിക രംഗങ്ങള്‍ കൊണ്ട് ആദ്യന്തം സമ്പന്നമായ നാടകം കുടുംബജീവിതങ്ങളുടെ ശരീരശാസ്ത്രം വ്യക്തമായി വരച്ചിടുന്നു.