

1999 ലാണ് തലശ്ശേരി അതിരൂപതയുടെ ഭാഗമായിരുന്ന കര്‍ണ്ണാടകയിലെ ബെല്‍ത്തങ്ങാടി ആസ്ഥാനമായി പുതിയ രൂപത രൂപം കൊണ്ടത്. രൂപതയുടെ സ്ഥാപകമെത്രാനായി നിയമിതനായ ബിഷപ് ലോറന്‍സ് മുക്കുഴി, 26 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോള്‍, ബിഷപ് ജെയിംസ് പട്ടേരില്‍ സി എം എഫ് പിന്‍ഗാമിയാകുന്നു. രൂപതയില്‍ തന്നെ ജനിച്ചു വളര്‍ന്ന ബിഷപ് പട്ടേരില്‍, ക്ലരീഷ്യന്‍ സന്യാസസമൂഹത്തിലെ അംഗമായി 1990 ല്‍ പൗരോഹിത്യം സ്വീകരിച്ചു. പട്ടേരില്‍ എബ്രഹാമും റോസമ്മയുമാണു മാതാപിതാക്കള്‍. 1997 മുതല്‍ ജര്‍മ്മനിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബിഷപ് ജെയിംസ് പട്ടേരില്‍ സി എം എഫ് സത്യദീപത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്.
ദീര്‍ഘകാലമായി ജര്‍മ്മനിയിലാണല്ലോ അങ്ങു സേവനമനുഷ്ഠിക്കുന്നത്. ജര്‍മ്മനിയിലെ പഠനവും ജീവിതാനുഭവങ്ങളും അങ്ങേക്കു നല്‍കിയ ഉള്‍ക്കാഴ്ചകള്‍ എന്തൊക്കെയാണ്? ജര്‍മ്മന്‍ സഭ നമുക്കു നല്‍കുന്ന നല്ല മാതൃകകള്‍ എന്തൊക്കെയാണ്?
ജര്‍മ്മന്‍കാര്‍ പൊതുവേ ആത്മാര്‍ത്ഥമായ സ്‌നേഹമുള്ളവരാണ്. നല്ല മനുഷ്യത്വത്തിന്റെ ഉടമകള്‍. സത്യസന്ധത, ലാളിത്യം, കഠിനാധ്വാനം, ഒന്നും പാഴാക്കാതിരിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക, ഉള്ളതുകൊണ്ട് ജീവിക്കുക, ഉള്ളത് മാത്രം ചെലവാക്കുക, ലഭ്യമായ വിഭവസ്രോതസ്സുകള്‍ ഉപയോഗിക്കുക, വൃത്തിയായി സൂക്ഷിക്കുക, ഭൂമി വെറുതെയിടാതെ കൃഷി ചെയ്യുക, പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കുക എന്നെല്ലാമുള്ള ശീലങ്ങളോടെ കെട്ടുറപ്പുള്ള ഒരു നാടായി നില്‍ക്കുകയാണ് ജര്‍മ്മനി. ഒത്തിരി കാര്യങ്ങള്‍ അവരില്‍നിന്ന് പഠിക്കാന്‍ സാധിക്കും.
1939 മുതല്‍ 45 വരെ രണ്ടാം ലോകമഹായുദ്ധം നടന്ന ഒരു രാജ്യമാണല്ലോ അത്. 1945-ല്‍ നിലംപരിശായി പോയ ഒരു നാട്. യുദ്ധത്തില്‍ തോറ്റവര്‍. തുടര്‍ന്ന് നമ്മുടെ നാട്ടില്‍ നിന്നൊക്കെ ധാരാളം പേര്‍ അവിടേക്ക് കുടിയേറി. ഒരു നല്ല നാടായി അതിനെ ഉയര്‍ത്താനുള്ള അവരുടെ പദ്ധതികളുടെ ഭാഗമായിരുന്നല്ലോ അത്. യുദ്ധത്തിനുശേഷം തങ്ങളുടെ കഠിനാധ്വാനം കൊണ്ട് യൂറോപ്പിലെ ഒന്നാംനിര രാജ്യമായി ജര്‍മ്മനി മാറി. അവിടെ ജീവിക്കുക സുഖകരമാണ്. അവിടെയുള്ള മനുഷ്യരുടെ കൂടെ ജോലി ചെയ്യുക സുഖകരമാണ്. ക്രൈസ്തവമൂല്യങ്ങള്‍ ഉള്ള നാട്. ഇതൊക്കെയാണ് ജര്‍മ്മനിയെക്കുറിച്ച് എന്റെ അനുഭവങ്ങള്‍ വച്ചുകൊണ്ട് പറയാനാവുക.
മറ്റുള്ളവരെ സ്‌നേഹിച്ചുകൊണ്ട്, മറ്റുള്ളവര്‍ക്കായി പങ്കുവച്ചുകൊണ്ട് ജീവിക്കുക എന്ന കാഴ്ചപ്പാട് ജര്‍മ്മന്‍ സഭ നമുക്ക് കാണിച്ചു തരുന്നു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയല്ല അവരിത് ചെയ്യുന്നത്. മറിച്ച് സ്വന്തം ജീവിതശൈലിയായി സ്വീകരിച്ചിരിക്കുകയാണ്.
മറ്റുള്ളവരെ സ്‌നേഹിച്ചുകൊണ്ട്, മറ്റുള്ളവര്‍ക്കായി പങ്കുവച്ചുകൊണ്ട് ജീവിക്കുക എന്ന കാഴ്ചപ്പാട് ജര്‍മ്മന്‍ സഭ നമുക്ക് കാണിച്ചു തരുന്നു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയല്ല അവരിത് ചെയ്യുന്നത്. മറിച്ച് സ്വന്തം ജീവിതശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. പുറമേ നിന്നുള്ളവരെ അംഗീകരിക്കാന്‍ വലിയ മടിയില്ലാത്ത ഒരു നാടായും മനുഷ്യ സമൂഹമായും ആണ് ജര്‍മ്മനിയെ ഞാന്‍ മനസ്സിലാക്കുന്നത്. ചെല്ലുന്ന കാലത്ത് ഭാഷ ശരിക്ക് അറിയില്ലെങ്കിലും പ്രസംഗം പറഞ്ഞാല്‍ വി. കുര്‍ബാനയ്ക്കുശേഷം വന്ന് വളരെ നന്നായിരുന്നു, ഇത്ര പെട്ടെന്ന് ഭാഷ പഠിച്ചല്ലോ എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന മനുഷ്യര്‍. അതാണ് അവരുടെ പൊതുവായ സമീപനം.
ജര്‍മ്മന്‍ സഭയിലും യൂറോപ്യന്‍ സഭയിലാകെയും വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് ഉള്ളതായി മാധ്യമങ്ങള്‍ പൊതുവെ പറയുന്നുണ്ട്. പള്ളികള്‍ ബാറുകളാകുന്നു എന്നെല്ലാമുള്ള പ്രചാരണം വ്യാപകമാണ്. എന്തുകൊണ്ടാണിതു സംഭവിക്കുന്നത്, ഇതില്‍ നിന്നു നാം പഠിക്കേണ്ട പാഠങ്ങള്‍ എന്തൊക്കെയാണ്?
ഇവിടെ നമ്മള്‍ കേള്‍ക്കുന്നത് പോലെയല്ല ജര്‍മ്മനിയിലെ ജീവിതം. പ്രചരിപ്പിക്കപ്പെടുന്നത്ര വലിയ ഒരു കുറവ് അവിടെ കാണുന്നില്ല. പള്ളിയില്‍ പോകുന്ന ആളുകളുടെ സംഖ്യ കുറവ് തന്നെ. അവര്‍ ഒരിക്കലും മറ്റുള്ളവരെ കാണിക്കാനായി പള്ളിയില്‍ പോവുകയില്ല. സ്വന്തം ബോധ്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരാണ്. െ്രെകസ്തവ മൂല്യങ്ങള്‍ അവര്‍ വളരെ നന്നായി സൂക്ഷിക്കുന്നു എന്ന് പറയാതെ വയ്യ. ഉറച്ച വിശ്വാസമുള്ള ധാരാളം ആളുകള്‍ ഇന്നും ജര്‍മ്മന്‍ സഭയിലുണ്ട്.
പക്ഷേ, പള്ളികള്‍ അടയ്‌ക്കേണ്ട സാഹചര്യം വരുന്നുണ്ട്. വിശ്വാസികള്‍ നികുതി കൊടുത്താണല്ലോ പള്ളിയുടെ കാര്യങ്ങള്‍ നടത്തുന്നത്. ഈയിനത്തിലുള്ള നികുതി കുറയുമ്പോള്‍ പള്ളികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള പണവും കുറയുന്നു. പള്ളികള്‍ക്ക് ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നിങ്ങനെ പല ഗ്രേഡുകള്‍ നല്‍കിയിട്ടുണ്ട്. തേര്‍ഡ് ഗ്രേഡ് പള്ളികള്‍ ആണെങ്കില്‍ അതു നിലനിര്‍ത്താന്‍ അധികം പണം ചെലവഴിക്കുകയില്ല. പള്ളികളും വീടുകളും നിലനിര്‍ത്തുക നമ്മുടെ നാട്ടിലേതുപോലെ എളുപ്പമല്ല. ശൈത്യം അവിടെ ഗുരുതരമാണ്. ശൈത്യകാലത്ത് കെട്ടിടങ്ങള്‍ ചൂടാക്കുന്നില്ലെങ്കില്‍ അവ നശിച്ചുപോകും. അത് വലിയ ചെലവുള്ള കാര്യമാണ്. അതുകൊണ്ട് ഉപയോഗിക്കാന്‍ അധികം ആളുകള്‍ ഇല്ലെങ്കില്‍ അത്തരം കെട്ടിടങ്ങള്‍ വിറ്റു കളയുന്നതു സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ്. പള്ളികള്‍ മുഴുവന്‍ ബാറാക്കുന്നു എന്ന പ്രചാരണം തെറ്റാണ്. ചിലതൊക്കെ വാങ്ങിയ ആളുകള്‍ അങ്ങനെ ചെയ്തിട്ടുണ്ടാകാം എന്നേയുള്ളൂ. വ്യാപകമായി അങ്ങനെയൊരു കാര്യം നടക്കുന്നില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനകീയതയും പ്രസിദ്ധിയും ജര്‍മ്മന്‍ സഭാസമൂഹത്തെ ഗുണകരമായി സ്വാധീനിച്ചിരുന്നോ? ജര്‍മ്മന്‍ വിശ്വാസിസമൂഹം അദ്ദേഹത്തെയും പുതിയ മാര്‍പാപ്പയായ ലിയോ പതിനാലാമനെയും വിലയിരുത്തുന്നത് എപ്രകാരമാണ്?
ഫ്രാന്‍സിസ് പാപ്പയുടെ ജനകീയതയും പ്രസിദ്ധിയും ഒത്തിരി ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായെ അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ജനത്തിനു വേണ്ടിയാണ് ഫ്രാന്‍സിസ് പാപ്പാ ജീവിക്കുന്നത് എന്ന മനോഭാവം എല്ലാ ജര്‍മ്മന്‍കാര്‍ക്കും ഉണ്ടായിരുന്നു. ജര്‍മ്മന്‍ ജനത ഫ്രാന്‍സിസ് പാപ്പായെയും പുതിയ പാപ്പയായ ലിയോ പതിനാലാമനെയും വളരെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ലിയോ പാപ്പാ ഒത്തിരി കാര്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് സ്വീകരിച്ചിട്ടുള്ളതായിട്ടാണ് അവരുടെ വിലയിരുത്തല്‍. ആളുകള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഫ്രാന്‍സിസ് പാപ്പ സഭയില്‍ സംഭാഷണം സാധ്യമാക്കിയതില്‍ ഒത്തിരി പേര്‍ക്ക് സന്തോഷമുണ്ട്. സിനഡാലിറ്റിക്കു ലഭിച്ച പ്രാധാന്യവും ആളുകളുമായി സംസാരിച്ച് തീരുമാനങ്ങളെടുക്കുക എന്നതും ജര്‍മ്മന്‍ ജനതയെ ആകര്‍ഷിച്ച ഒരു കാര്യമാണ്.
ഫ്രാന്‍സിസ് പാപ്പ സഭയില്‍ സംഭാഷണം സാധ്യമാക്കിയതില്‍ ഒത്തിരി പേര്‍ക്ക് സന്തോഷമുണ്ട്. സിനഡാലിറ്റിക്കു ലഭിച്ച പ്രാധാന്യവും ആളുകളുമായി സംസാരിച്ച് തീരുമാനങ്ങളെടുക്കുക എന്നതും ജര്‍മ്മന്‍ ജനതയെ ആകര്‍ഷിച്ച ഒരു കാര്യമാണ്.
മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?
യോഹന്നാന്റെ സുവിശേഷം 10:10 ആണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ഞാന്‍ വന്നിരിക്കുന്നത് നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്. മറ്റുള്ളവരെ നമുക്ക് കഴിയാവുന്ന വിധത്തില്‍ സഹായിക്കുക, ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്യം.
പ്രത്യേകിച്ച് ബെല്‍ത്തങ്ങാടിയിലെ വിശ്വാസികള്‍ വളരെ ബുദ്ധിമുട്ടുന്നവരാണ്. ഇതൊരു കുടിയേറ്റ മേഖലയാണ്. ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാനുള്ള വക അവര്‍ക്ക് ഉണ്ടാകട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. നമ്മുടെ ധാരാളം ആള്‍ക്കാര്‍ പുറത്തേക്ക് പോകുന്ന ഒരു കാലമാണ്. ജര്‍മ്മനിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെ വന്ന് നമ്മുടെ ആളുകള്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒത്തിരി സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ് ആളുകള്‍ പുറത്തേക്ക് പോകുന്നത്. പക്ഷേ പുറത്തു ചെല്ലുമ്പോള്‍, നമുക്കറിയാം അത്ര എളുപ്പമല്ല കാര്യങ്ങള്‍.
അത്തരം ജീവിതങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ ഈ ആപ്തവാക്യം സ്വീകരിച്ചത്. ഞാന്‍ നല്ല ഇടയനാകുന്നു, എന്റെ ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ ബലി കഴിക്കുന്നു എന്ന് ഈശോ പറഞ്ഞിട്ടുണ്ട്. എന്റെ മനസ്സിലെപ്പോഴും കിടക്കുന്ന ഒരു വാക്യമാണത്.
എന്തുകൊണ്ടാണ് നമ്മുടെ ആളുകള്‍ നാടുവിട്ട് പുറത്തേക്ക് പോകുന്നത്, എന്തുകൊണ്ട് നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്തതായിപ്പോയി?
നമ്മുടെ നാട്ടില്‍ തന്നെ ജീവിക്കാന്‍ കഴിയുന്ന രീതികള്‍ കണ്ടുപിടിക്കാനും അതിനനുസൃതമായ ജീവിതശൈലി ഉണ്ടാകുവാനും വേണ്ടി പരിശ്രമിക്കണം. അതിന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാവരും പുറത്തേക്ക് പോയിട്ട് കാര്യമില്ല. ഇത് നമ്മുടെ നാടാണ്, ഇവിടെ ജീവിതം സമൃദ്ധമായി ഉണ്ടാകുവാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ നാടുപേക്ഷിച്ചു മറ്റൊരു നാട്ടില്‍ പോയി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇവിടെ അനുഭവിച്ചാല്‍ നമ്മുടെ നാടിനെ നമുക്ക് സ്വര്‍ഗമാക്കി തീര്‍ക്കാന്‍ സാധിക്കും. സമൃദ്ധമായ ജീവിതം ഈ നാട്ടില്‍ നമുക്ക് ഉണ്ടാകണം എന്നതാണ് എന്റെ ആശയം.
മെത്രാന്‍ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? ഈ സ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സിലെ ആദ്യ പ്രതികരണം?
ഒരു പിതാവ് വിരമിക്കുമ്പോള്‍ ആളുകള്‍ പലരുടെയും പേര് പറയും. അങ്ങനെ സുഹൃത്തുക്കള്‍ തമാശയായിട്ടോ മറ്റോ എന്റെയും പേരു പറയാറുണ്ട്. നിയമനത്തെക്കുറിച്ച് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ വന്ന ആദ്യത്തെ പ്രതികരണം ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നതായിരുന്നു. മാതാവ് പറഞ്ഞതുപോലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. ദൈവത്തെ കൂട്ടുപിടിച്ചാല്‍ ദൈവം എല്ലാം നടത്തിത്തരും എന്നതാണ് എന്റെ മനസ്സിലെ വിചാരം.
പിതാവിന്റെ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍?
ഒരു വൈദികനാകണം എന്ന പ്രാര്‍ഥന ചെറുപ്പം തൊട്ടേ മനസ്സില്‍ ഉണ്ടായിരുന്നു. ഇടവകയിലെ വികാരിയച്ചന്മാരുടെ ജീവിതം കണ്ട് പഠിച്ചതുകൊണ്ട് ഉണ്ടായ ആഗ്രഹമാണത്. അവരായിരുന്നു എന്റെ റോള്‍ മോഡല്‍സ്. സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഉള്ള ഏക ലക്ഷ്യം ഒരു വൈദികന്‍ ആകുക എന്നത് മാത്രമായിരുന്നു. ആ ഒറ്റ ലക്ഷ്യത്തോടുകൂടിയാണ് ജീവിച്ചതു മുഴുവന്‍. ആയതിനുശേഷം എന്ത് ചെയ്യണമെന്നുള്ള ചിന്തകള്‍ വന്നത് പിന്നീടാണ്
നമ്മുടെ നാട്ടില്‍ തന്നെ ജീവിക്കാന്‍ കഴിയുന്ന രീതികള്‍ കണ്ടുപിടിക്കാനും അതിനനുസൃതമായ ജീവിതശൈലി ഉണ്ടാകുവാനും വേണ്ടി പരിശ്രമിക്കണം. അതിന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാവരും പുറത്തേക്ക് പോയിട്ട് കാര്യമില്ല.
പുരോഹിതനെന്ന നിലയിലുള്ള സേവനകാലത്തെ ഏറ്റവും മറക്കാനാകാത്ത അനുഭവം/അനുഭവങ്ങള്‍ എന്താണ്?
കുമ്പസാരക്കൂട്ടിലെ വൈദികരുടെ ദൗത്യമാണ് എന്നെ സംബന്ധിച്ച് ഏറ്റവും അവിസ്മരണീയം. ജര്‍മ്മനിയില്‍ കുമ്പസാരിപ്പിക്കുമ്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യര്‍ അനുതാപത്തിന്റെ കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട്, കുമ്പസാരിക്കുന്നു. പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്ന കര്‍ത്താവിന്റെ വാക്യം കുമ്പസാരക്കൂട്ടില്‍ ഉച്ചരിക്കുമ്പോള്‍ മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന് വരുന്ന ആശ്വാസം ഒത്തിരി ആളുകളില്‍ നിന്ന് അനുഭവിച്ചറിയാനായിട്ടുണ്ട്. കുമ്പസാരക്കൂട്ടില്‍ നിന്ന് സംതൃപ്തിയോടുകൂടി തിരിച്ചു പോകുന്ന അനുഭവം. അതാണ് എനിക്ക് ഏറ്റവും മഹത്തരം എന്ന് തോന്നിയ പൗരോഹിത്യ ജീവിതത്തിലെ അനുഭവം. വളരെ ദുഃഖിച്ചു തളര്‍ന്ന് കുമ്പസാരക്കൂട്ടില്‍ വരുന്ന ആളുകളോട് നിന്റെ പാപങ്ങള്‍ കര്‍ത്താവ് ക്ഷമിച്ചിരിക്കുന്നു എന്ന് കര്‍ത്താവിന്റെ നാമത്തില്‍ നാം പറയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം, എന്തൊക്കെയോ ഭാരങ്ങള്‍ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയതു പോലുള്ള അനുഭവം, ഒത്തിരി ഭാരത്തോടെ നമ്മുടെ അടുത്തുവരുന്ന ആളുകള്‍ എല്ലാം കഴുകി കളഞ്ഞ് ആ ഭാരം ഇല്ലാതെ വൃത്തിയായി തിരിച്ചു പോകുന്ന അവസ്ഥ. ഒരുപാട് പേര്‍ എന്നോട് വ്യക്തിപരമായി ഇതു പറഞ്ഞിട്ടുണ്ട്. അതാണ് എന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവം.
ബെല്‍ത്തങ്ങാടിയില്‍ തന്നെയാണല്ലോ അങ്ങു ജനിച്ചു വളര്‍ന്നത്. ഈ രൂപതയെക്കുറിച്ച് അങ്ങേക്കുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എന്തൊക്കെയാണ്?
ഞാന്‍ പഠിച്ചതും ആദ്യമായി ജോലി ചെയ്യാന്‍ അവസരം കിട്ടിയതും എല്ലാം രൂപതയില്‍ തന്നെ. അന്ന് തലശ്ശേരി രൂപതയുടെ കീഴിലായിരുന്നു എന്ന് മാത്രം. തൊണ്ണൂറില്‍ പട്ടം കിട്ടിയതിനുശേഷം ഒരു വര്‍ഷം രണ്ടു പള്ളികളില്‍ അവിടെ വികാരിയായി ജോലി ചെയ്തിരുന്നു. ഒത്തിരി പ്രതീക്ഷകളോടുകൂടിയാണ് തിരിച്ച് അവിടേക്ക് ചെല്ലുന്നത്. രൂപതയിലെ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും ചേര്‍ന്നുകൊണ്ട് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവജനത്തെയാണ് എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്നത്. ആ ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനുള്ളതാണല്ലോ പുരോഹിതനായാലും മെത്രാന്‍ ആയാലും അവരുടെ ജീവിതം. ദൈവജനത്തോടുകൂടി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന് പ്രത്യാശ എനിക്കുണ്ട്. വ്യക്തിപരമായി എനിക്ക് അറിയാവുന്ന ആളുകളാണ്. വലിയ ബന്ധങ്ങളുണ്ട്. അതുകൊണ്ട് ഒത്തിരി പ്രതീക്ഷകളുമുണ്ട്. മറ്റുള്ളവരോട് ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്.
സഭയിലെ അത്മായ പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? കേരളസഭയും നമ്മുടെ രൂപതകളും സിനഡാലിറ്റിയില്‍ വേണ്ടത്ര വളര്‍ന്നിട്ടുണ്ടോ? അല്‍മായപങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും?
അല്‍മായ പങ്കാളിത്തം കാര്യമായുള്ള ഒരു സഭയാണ് സീറോ മലബാര്‍ സഭ. ഇടവകകളില്‍ എല്ലാം അല്‍മായര്‍ തന്നെയാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. കൈക്കാരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൈകളിലാണല്ലോ കാര്യങ്ങളുടെ എല്ലാം നടത്തിപ്പ്. സിനഡാലിറ്റി നമ്മുടെ സഭയില്‍ ഒത്തിരി വളര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഏതു രീതിയില്‍ അത് മുന്നോട്ടു കൊണ്ടുപോകണം എന്നുള്ളത് നമ്മെ ആശ്രയിച്ചിരിക്കുന്നു. ഒത്തിരി നല്ല കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്. ബെല്‍ത്തങ്ങാടി രൂപതയില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാക്കിയെടുത്തത് എല്ലാവരും ചേര്‍ന്നാണ്. കേരളത്തില്‍ നിന്ന് ഇവിടെ കുടിയേറി താമസിച്ചവര്‍ ആദ്യം പള്ളികള്‍ ഉണ്ടാക്കാനാണ് നോക്കിയത്. അതിനുശേഷമാണ് വീട് പണിയാന്‍ നോക്കിയത്. അല്‍മായരാണ് ഈ രൂപതയെ കെട്ടിപ്പടുത്തത്. അതിന്റേതായ ഭാഗഭാഗിത്വം അവര്‍ക്കുണ്ട്. അതില്‍ എനിക്ക് സന്തോഷവും ഉണ്ട്.
ഉത്തരേന്ത്യയില്‍ സഭ ബുദ്ധിമുട്ടുമ്പോള്‍ അത് നമ്മുടെ തന്നെ ബുദ്ധിമുട്ടാണ്. ദൂരെയാണെങ്കില്‍ പോലും അവരുടെ സഹനം നമ്മുടെയും സഹനമാണ്. അവിടെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ നമുക്കൊന്നും സംഭവിച്ചില്ല എന്ന രീതിയില്‍ ജീവിക്കാന്‍ സാധിക്കില്ല.
ദൈവവിളികള്‍ കുറയുന്നതായിട്ടാണു പറയുന്നത്. വിശേഷിച്ചും സിസ്റ്റര്‍മാരാകാനുള്ളത്. എന്തൊക്കെയാകാം അതിനു കാരണങ്ങള്‍? അതിനെ നേരിടാന്‍ എന്തു ചെയ്യാന്‍ കഴിയും?
ഇപ്പോള്‍ നമ്മുടെ സംസാരം മുഴുവന്‍ യൂറോപ്പിലേക്ക് പോകണം, അതിനുള്ള കോച്ചിംഗ് നടത്തണം എന്ന മട്ടിലാണ്. അതാണ് റോള്‍ മോഡല്‍. ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അച്ചന്മാരായിരുന്നു റോള്‍ മോഡല്‍സ്. അതുപോലെ സിസ്‌റ്റേഴ്‌സും. ഇപ്പോള്‍ ജര്‍മ്മന്‍ ലാംഗ്വേജ് പഠിക്കണം, ജര്‍മ്മനിക്ക് പോകണം, യൂറോപ്പിലേക്ക് പോകണം എന്നാണ് കുട്ടികള്‍ ചെറുപ്പകാലം മുതലേ കേള്‍ക്കുന്നത്. ഇതു കണ്ടു വളരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കിട്ടുന്ന ഭാവന ഒരിക്കലും വൈദികരോ സന്യസ്തരോ ആകുക എന്നതായിരിക്കില്ല. പുറത്തേക്ക് പോവുക എന്നതാണ്. അതുകൊണ്ടുതന്നെ അതൊക്കെ ഓരോ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്. നമ്മുടെ രൂപതകള്‍ ആണെങ്കിലും ബാങ്കുകള്‍ ആണെങ്കിലും ഒക്കെ പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കുകയും ചെയ്യുന്നു. ഭാഷാപഠനത്തിനുള്ള സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നത് രൂപതകള്‍ ആണല്ലോ.
ഫാസിസവും വര്‍ഗീയതയും ഇന്ത്യയെ ബാധിച്ചിരിക്കുന്നതായി അനേകര്‍ പരാതിപ്പെടുന്നു. ക്രൈസ്തവസമൂഹത്തിന്റെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും? എപ്രകാരമാണ് നാം ഈ വെല്ലുവിളികളോടു പ്രതികരിക്കേണ്ടത്?
ഇത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് നമുക്കറിയാം. മറ്റുള്ളവരുമായി വഴക്കുണ്ടാക്കുവാന്‍ നമുക്കാര്‍ക്കും ഇഷ്ടമല്ല. ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മളുമായി വഴക്കുണ്ടാക്കാന്‍ തന്നെ തുനിഞ്ഞിറങ്ങി വരുമ്പോള്‍ നാം സമാധാനത്തോടുകൂടി പ്രതികരിക്കുക എന്നത് മാത്രമേ പറയാനുള്ളൂ. രണ്ടു കൈ കൂട്ടി അടിക്കുമ്പോള്‍ ആണല്ലോ ശബ്ദമുണ്ടാകുന്നത്. നമുക്കറിയാം നമ്മുടെ സാഹചര്യം. വര്‍ഗീയത വളരുന്നുണ്ടെന്ന് നമുക്കറിയാം. അവരോട് എതിരിടാന്‍ പോയിട്ട് കാര്യമില്ല. നമ്മുടേതായ രീതിയില്‍, നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുക. ഒരു വന്യജീവി നമ്മെ ആക്രമിക്കാന്‍ വരികയാണെങ്കില്‍ അവിടെ നിന്ന് മാറി നില്‍ക്കുക. നിന്നു കൊടുത്താല്‍ ചിലപ്പോള്‍ നമ്മെ തല്ലിക്കൊന്നു എന്ന് വരാം. അതുകൊണ്ട് സൂക്ഷിക്കുക. സംഭാഷണത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. നശിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളുകള്‍ നശിപ്പിച്ചിട്ട് പോകും. പക്ഷേ കണ്ണിനു പകരം കണ്ണോ പല്ലിനു പകരം പല്ലോ തിരിച്ചു ചോദിക്കാതെ ഇരിക്കുക. വൈരികളെ സ്‌നേഹിക്കണം എന്നാണല്ലോ കര്‍ത്താവ് പഠിപ്പിച്ചിട്ടുള്ളത്. കര്‍ത്താവ് പഠിപ്പിച്ചതാണ് നമ്മള്‍ നോക്കേണ്ടത്. ഒരു പരിധിവരെ അങ്ങനെ മാത്രമേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ. പല മതങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന നാടാണ് നമ്മുടേത്. പല ആശയങ്ങള്‍ ഇവിടെ ഒരേ സമയം നിലനില്‍ക്കുന്നു. മതസ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും വേണം. ഭാരതത്തിന്റെ ഒരു സവിശേഷതയാണത്. യൂറോപ്പിലും വ്യക്തിസ്വാതന്ത്ര്യം വളരെ പ്രധാനമാണല്ലോ. നാം എന്താണ് ഭക്ഷിക്കേണ്ടത്, എന്താണ് വിശ്വസിക്കേണ്ടത് എന്നെല്ലാം തീരുമാനിക്കേണ്ടത് രാഷ്ട്രീയ ഭരണാധികാരികള്‍ അല്ല. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് ശരിയല്ല. മറ്റുള്ളവരെ സ്‌നേഹിച്ചുകൊണ്ട് നമുക്ക് ജീവിക്കാം.
ഉത്തരേന്ത്യയിലെ ക്രൈസ്തവസഹോദരങ്ങള്‍ നേരിടുന്ന വെല്ലുവിളികളോടു കേരളസഭ നിസംഗത പുലര്‍ത്തുന്നുണ്ടോ? എന്തായിരിക്കണം കേരളത്തിനു പുറത്തെ ക്രൈസ്തവരുടെ സഹനത്തോടുള്ള നമ്മുടെ മനോഭാവം?
തിരുസഭ ക്രിസ്തുവിന്റെ ശരീരമാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ ആയാലും കേരളത്തിലായാലും സഭ ഒന്നുതന്നെയാണ്. ഉത്തരേന്ത്യയിലെ സഭയ്ക്ക് ആകുന്നത്ര സഹായം നമ്മള്‍ ചെയ്യണം. സഭ ഒന്നിച്ചു നില്‍ക്കണം. ഉത്തരേന്ത്യയില്‍ സഭ ബുദ്ധിമുട്ടുമ്പോള്‍ അത് നമ്മുടെ തന്നെ ബുദ്ധിമുട്ടാണ്. ദൂരെയാണെങ്കില്‍ പോലും അവരുടെ സഹനം നമ്മുടെയും സഹനമാണ്. അവിടെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ നമുക്കൊന്നും സംഭവിച്ചില്ല എന്ന രീതിയില്‍ ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് അവരോട് അനുകമ്പ തോന്നണം. നമ്മളാല്‍ കഴിയുന്ന രീതിയില്‍ അവരെ സഹായിക്കാന്‍ എന്താണ് വഴി എന്ന് അന്വേഷിക്കണം. ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങള്‍ നമ്മുടെ സഹോദരങ്ങളാണ്. അവര്‍ ക്രൈസ്തവര്‍ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ സഹോദരങ്ങളാണ്. മനുഷ്യര്‍ സഹനം അനുഭവിക്കുന്നത് ഒരിക്കലും നമുക്ക് അനുവദിക്കാന്‍ സാധിക്കില്ല. മതമേതായാലും സത്യത്തിനെതിരെ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമുക്ക് വേദനയുണ്ടാക്കുന്നതാണ്. ഉത്തരേന്ത്യയില്‍ എന്നല്ല രാജ്യത്തില്‍ പുറത്താണെങ്കിലും നമ്മുടെ മനോഭാവം അതുതന്നെയായിരിക്കണം. ഉക്രെയ്‌നില്‍ യുദ്ധം നടക്കുന്നു. അതുപോലെ പലസ്തീനായിലും. അവിടെയെല്ലാം ജനം സഹിക്കുകയാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ സങ്കടമാണ്. എല്ലായിടത്തും സമാധാനം പുലരട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
ബെല്‍ത്തങ്ങടി രൂപത സ്ഥാപനം : 1999 വിസ്തൃതി : 12,543 ച. കിമീറ്റര്‍ കത്തോലിക്കരുടെ എണ്ണം : 30,000 (4750 കുടുംബങ്ങള്‍) ഇടവകകള്‍ : 55 ഫൊറോനാ പള്ളികള്‍ : 8 കുര്‍ബാന കേന്ദ്രങ്ങള്‍ : 11 വൈദികര്‍ : 57 (രൂപത), 27 (സന്യസ്തര്‍) വനിതാ സന്യസ്തര്‍ : 198 ഭാഷകള്‍ : കന്നഡ, കൊങ്കിണി, തുളു, മലയാളം, ഇംഗ്ലീഷ്, കൂര്‍ഗി
അഭിവന്ദ്യ ലോറന്‍സ് മുക്കുഴി പിതാവിന്റെ സേവനങ്ങളെയും സംഭാവനകളെയും എങ്ങനെ വിലയിരുത്തുന്നു?
26 വര്‍ഷം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ലോറന്‍സ് പിതാവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഒന്നുമില്ലാതിരുന്ന ഒരു മിഷന്‍ പ്രദേശത്തെ, ഒരു രൂപതയാക്കി വളര്‍ത്തിയെടുത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ പിതാവ് ചെയ്തു. പിതാവ് ഒരു നല്ല അടിത്തറ ഈ രൂപതയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. പിതാവിന്റെ ആ മാതൃക തുടരുക എന്നതിനുള്ള അവസരമാണ് ദൈവം എനിക്ക് നല്‍കിയിരി ക്കുന്നത്. അത് വളരെ ആത്മാര്‍ത്ഥമായി എന്നാല്‍ കഴിയുന്ന വിധത്തില്‍ എല്ലാം ഞാന്‍ നിറവേറ്റും. എന്റെ ജീവിതം രൂപതക്കു വേണ്ടി മാറ്റിവയ്ക്കുന്നു. പിതാവ് കാണിച്ചു തന്നിട്ടുള്ള വഴിയിലൂടെ. ഇവിടത്തെ ദൈവജനത്തിന്റെയും വൈദികരുടെയും സന്യസ്തരുടെയും കൂട്ടായ്മയില്‍ ഒന്നിച്ചു നീങ്ങുക എന്ന സ്വപ്നമാണ് എനിക്കുള്ളത്. നന്മയുണ്ടാകട്ടെ എന്ന് പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു. ദൈവം വിളിച്ചിരിക്കുന്നത് കൊണ്ട് അതിനുള്ള അനുഗ്രഹവും ദൈവം നല്‍കുമെന്നുള്ളതാണ് പ്രത്യാശ. ഒത്തിരി നന്ദിയോട് കൂടിയാണ് ലോറന്‍സ് പിതാവില്‍ നിന്ന് ഈ ജോലി ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.