തഴയപ്പെടുന്ന ഭരണക്രമവും സ്വീകരിക്കപ്പെടുന്ന ആരാധനക്രമവും – സീറോ-മലബാര്‍ സഭയില്‍

തഴയപ്പെടുന്ന ഭരണക്രമവും സ്വീകരിക്കപ്പെടുന്ന ആരാധനക്രമവും – സീറോ-മലബാര്‍ സഭയില്‍

ഫാ. ജോഫി തോട്ടങ്കര, ഗവേഷകന്‍, കാനന്‍ നിയമം, വെനീസ്

"മൂന്നാം സഹസ്രാബ്ദം അല്മായരുടേതാണ്" എന്ന് കുറിച്ചത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് (അപ്പ. പ്രബോധനം Christfideles Laici). "Syno-dality യുടെ മാര്‍ഗ്ഗമാണ് മൂന്നാം സഹസ്രാബ്ദത്തില്‍ ദൈവം സഭയില്‍ നിന്നും പ്രതീക്ഷിക്കുന്നത്' എന്നു പറഞ്ഞത് ഫ്രാന്‍സിസ് മാര്‍പാപ്പയും (Address of Pope Francis, 17 Octo. 2015). "ശുദ്ധവായു" കടക്കാനായി സഭയുടെ 'ജാലകം' തുറന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മുന്നോട്ടുവച്ച 'അല്മായ ദര്‍ശനങ്ങള്‍' പ്രതീക്ഷ നിറഞ്ഞതാണ്. സഭയിലെ സമഗ്രപങ്കാളിത്തത്തിന്റെ "ദൈവജന" കാഴ്ചപ്പാടിലേക്ക് അല്മായ പ്രാതിനിധ്യത്തെ ആഗോള സഭ, വത്തിക്കാന്‍ സൂനഹദോസിലൂടെ തിരുത്തിയെഴുതുന്നതിനു മുമ്പേ, ഈ കാഴ്ചപ്പാട് പുലരപ്പെട്ട സഭയാണ് "മാര്‍ത്തോമാ ക്രിസ്ത്യാനികള്‍", അഥവാ മലബാര്‍/മലങ്കര സഭ. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ 'യോഗം' എന്നറിയപ്പെട്ട 'ഭരണക്രമ'മാണ് അത്തരത്തിലുള്ള നിഗമനത്തിന് സഭാചരിത്രകാരന്മാരെ പ്രചോദിപ്പിക്കുന്നത്.

കാലങ്ങള്‍ കടന്നുപോയി… വിഭജനങ്ങള്‍ പലതുണ്ടായി. കൂനന്‍ കുരിശും, റോമിനോടു ചേരലും, അന്തോഖ്യന്‍ ലയനവും, കല്‍ദായ പാരമ്പര്യ സംരക്ഷണവും തുടങ്ങി നിരവധി സംഭവബഹുലമായ ചരിത്രവഴികളിലൂടെ ഈ സഭാസമൂഹം കടന്നുപോയി. ഒരുപക്ഷേ, ഇത്രമാത്രം വിഭജനങ്ങളുടെ ആഴമേറിയ മുറിവുകളുള്ള മറ്റൊരു വിശ്വാസിസമൂഹം ലോകത്തില്‍ വേറെ കാണില്ല. വിഭജനങ്ങളും കലഹങ്ങളും ഇന്നും നിര്‍ ബാധം തുടരുന്നു എന്നതു തന്നെയാണ് വര്‍ത്തമാനകാല സഭാ വാര്‍ത്തകള്‍ തെളിയിക്കുന്നത്.

ഒരു സഭാ സമൂഹത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ഭരണക്രമവും ആരാധനക്രമവും. സീറോ-മലബാര്‍ സഭയില്‍ 'ആരാധനക്രമ' വിവാദം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. കല്‍ദായ ആരാധനക്രമത്തിന്റെ പാരമ്പര്യമാണ് സീറോ-മലബാര്‍ സഭയ്ക്കുള്ളത്. ഈ ആരാധനക്രമം നാലാം നൂറ്റാണ്ടോടുകൂടെ സ്വീകരിക്കപ്പെട്ടു എന്നു വിശ്വസിക്കുന്നതും, 16-ാം നൂറ്റാണ്ടുവരെ മായം ചേര്‍ക്കാതെ പാലിക്കപ്പെട്ടു എന്നു പറയപ്പെടുന്നതും, പോര്‍ച്ചുഗീസ് മിഷണറിമാരുടെ കടന്നുവരവോടും ഉദയംപേരൂര്‍ സൂനഹദോസോടും കൂടെ ക്രമഭംഗം സംഭവിച്ചു തുടങ്ങിയതും, പിന്നീട് സ്വതന്ത്ര ഭരണത്തിന്റെ അതിജീവന വഴികളില്‍ 'അന്നാപ്പെസഹാ' പാടിത്തുടങ്ങിയതും, ഒരേ സമയം 'സാംസ്‌കാരിക അനുരൂപണവും' 'പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കും' സജീവ ചര്‍ച്ചയാവുന്നതിനും ഐക്യത്തിന്റെ തിരശീല 'ദിക്ക് വിവാദങ്ങളില്‍' പെട്ടു നെടുവെ കീറുന്നതിനും ഈ സഭയെ വിഭജനത്തിന്റെയും കലഹത്തിന്റെയും സഭയാക്കി നിലനിര്‍ത്തുന്നതിനും കാരണമായിത്തീര്‍ന്നിരിക്കുകയാണ്.

നീണ്ട നൂറ്റാണ്ടുകള്‍ പൂര്‍വ്വ പിതാക്കന്മാര്‍ പാലിച്ചു പോന്ന ആരാധനക്രമം എന്ന് അലറി വിളിക്കുന്ന പാരമ്പര്യവാദികള്‍ അതിലേറെ നൂറ്റാ ണ്ടുകള്‍ അതെ "പൂര്‍വ്വ പിതാക്കന്മാര്‍" സഭയില്‍ പാലിച്ചുപോന്ന "ഭരണക്രമ"ത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണ് ഇരട്ടത്താപ്പ്. ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ചും അതിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും വാദിച്ചുകൊള്ളുക. എന്നാല്‍ ഭരണക്രമത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും അതിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചുമുള്ള വാദങ്ങളുടെ വായ് മൂടികെട്ടാന്‍ ഇനി എത്രകാലം സാധിക്കും.

നാലാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടെ സ്വീകരിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുമ്പോഴും മാര്‍ത്തോമാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും "വൈദേശികമായ" ഒന്നാണ് കല്‍ദായ ആരാധനക്രമം, നീണ്ട നൂറ്റാണ്ടുകള്‍ പൂര്‍വ്വ പിതാക്കന്മാര്‍ പാലിച്ചുപോന്ന ആരാധനക്രമം എന്ന് അലറി വിളിക്കുന്ന പാരമ്പര്യവാദികള്‍ അതിലേറെ നൂറ്റാണ്ടുകള്‍ അതെ "പൂര്‍വ്വ പിതാക്കന്മാര്‍" സഭയില്‍ പാലിച്ചുപോന്ന "ഭരണക്രമ"ത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണ് ഇരട്ടത്താപ്പ്. ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ചും അതിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും വാദിച്ചുകൊള്ളുക. എന്നാല്‍ 'ഭരണക്രമത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും അതിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചുമുള്ള വാദങ്ങളുടെ വായ് മൂടികെട്ടാന്‍ ഇനി എത്രകാലം സാധിക്കും.

എന്താണ് മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ പരമ്പരാഗത ഭരണക്രമത്തിന്റെ പ്രത്യേകതകള്‍? ആ ഭരണക്രമം ഇന്നത്തെ സീറോ-മലബാര്‍ സഭയില്‍ എപ്രകാരമാണ് നിലനില്‍ക്കുന്നത്? ആരാധനക്രമത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു പറയുന്നവര്‍ എന്തുകൊണ്ട് ഭരണക്രമ പാരമ്പര്യത്തെക്കുറിച്ച് അധികം വാചാലരാകുന്നില്ല? തുടങ്ങി ചോദ്യങ്ങള്‍ ചോദിക്കപ്പെടേണ്ടതും ഉത്തരങ്ങള്‍ കണ്ടെത്തപ്പെടേണ്ടതുമാണ്.

യോഗം: സഭയുടെ പാരമ്പര്യത്തില്‍

'മാര്‍ത്തോമ്മ മാര്‍ഗ്ഗം' (The law of Thomas) എന്നാണ് മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ ജീവിതരീതികളെയും സംസ്‌കാരങ്ങളെയും ആരാധനക്രമത്തെയും ഭരണക്രമത്തെയും എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രദര്‍ശനത്തെ വിശേഷിപ്പിക്കുന്നത്. മാര്‍ത്തോമ്മ മാര്‍ഗ്ഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ 'ഭരണക്രമം' അഥവാ 'യോഗം'.

മൂന്നു തലങ്ങളിലാണ് ഈ 'യോഗം' പ്രവര്‍ത്തിച്ചിരുന്നത്. ഇടവകതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 'പള്ളിയോഗം,' മൂന്നോ നാലോ ഇടവകകള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന 'പ്രാദേശിക യോഗം,' സഭാ മുഴുവനുമായി പ്രതിനിധാനം ചെയ്തിരുന്ന 'മഹായോഗം' / ദേശീയ യോഗം.

ഒരു ഇടവകയിലെ കുടുംബനാഥന്മാരും, ഇടവക വൈദികരും ഒത്തുചേരുന്നതാണ് പള്ളിയോഗം. ഇടവകയിലെ മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തില്‍ സമ്മേളിച്ചിരുന്ന ഇത്തരം യോഗങ്ങളാണ് ഒരു ഇടവകയെ സംബന്ധിച്ച എല്ലാക്കാര്യങ്ങളിലും തീരുമാനം എടുത്തിരുന്നത്. ഇത്തരം യോഗങ്ങള്‍ക്ക് ഇടവകയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് "Legislative, administrative and judicial power" ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഓരോ ഇടവകയും സ്വതന്ത്ര സംവിധാനങ്ങള്‍ ആയിരുന്നു. സ്ഥലങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടവകയുടെ ഭൗതിക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും ഈ പള്ളിയോഗങ്ങളാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇന്നത്തെപ്പോലെ പ്രത്യേക അനുവാദ 'കല്പന'കള്‍ക്ക് കാത്തിരിക്കേണ്ടിയിരുന്നില്ല എന്നു സാരം.

മൂന്നോ നാലോ ഇടവകകളിലെ വൈദികരും അല്മായപ്രതിനിധികളും ഒരുമിച്ചു ചേരുന്ന സംവിധാനമായിരുന്നു പ്രാദേശിക യോഗം (regional yogam). ഇത്തരം യോഗങ്ങള്‍ പ്രധാനമായും സമ്മേളിച്ചിരുന്നത് 'നീതി നിര്‍വ്വഹണത്തിനുവേണ്ടിയായിരന്നു, (administration of justice) വൈദികര്‍ക്കും അല്മായര്‍ക്കും എതിരെയുള്ള തീര്‍ത്തും കുറ്റകരമായ ആരോപണങ്ങള്‍ക്ക് തീര്‍പ്പുകല്പിച്ചിരുന്നത് ഇത്തരം 'പ്രാദേശിക യോഗങ്ങള്‍' ആയിരുന്നു എന്നാണ് മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ പാരമ്പര്യം പഠിപ്പിക്കുന്നത്.

ആര്‍ച്ചുഡീക്കന്റെ നേതൃത്വത്തില്‍ സമ്മേളിച്ചിരുന്ന 'മഹായോഗം' (general assembly) ആയിരുന്നു മാര്‍ത്തോമാ ക്രിസ്ത്യാനി സഭയുടെ ഉന്നത പരമാധികാര സംവിധാനം. സഭയെ പൊതുവില്‍ സംബന്ധിക്കുന്ന എല്ലാ തീരമാനങ്ങളും എടുത്തിരുന്നത് ഈ മഹായോഗത്തില്‍ ആയിരുന്നു. ആര്‍ച്ചു ഡീക്കനും വൈദികരും എല്ലാ ഇടവകകളിലെ അല്മായ പ്രതിനിധികളും ഒരുമിച്ചു ചേരുന്നതാണു മഹായോഗം. സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് തീരുമാനം എടുത്തിരുന്നത് 'മെത്രാനോ' 'ആര്‍ച്ചുഡീക്കനോ' ഒറ്റക്കല്ല – വൈദികരും അല്മായരും ഉള്‍പ്പെടുന്ന പൊതുയോഗങ്ങളാണ് എന്നതാണ് ഈ സഭയുടെ പാരമ്പര്യം. നിയമനിര്‍മ്മാണവും ഭരണനിര്‍വ്വഹണവും, നീതി നിര്‍വ്വഹണവും ഈ പൊതുയോഗത്തിന്റെ ഉത്തരവാദിത്വവും അവകാശവുമാണ്.

യോഗം: സീറോ-മലബാര്‍ സഭയില്‍

മലബാര്‍ ക്രിസ്ത്യാനികളുടെ 'യോഗം' ഭരണസംവിധാനത്തെ അടുത്തറിഞ്ഞ പൗളിനോസ് പാതിരി (Paulino da S. Bartolomeo) ഈ സഭയെ വിശേഷിപ്പിച്ചത് "Christian Republic" എന്നാണല്ലോ. അതില്‍ നിന്നൊക്കെ എത്രയോ വിദൂരത്താണ് "തദ്ദേശീയ" മെത്രാന്മാരുടെ ഭരണകാലഘട്ടത്തില്‍ ഈ സഭ എത്തിനില്‍ക്കുന്നത്.

"ലത്തീന്‍ വല്‍ക്കരിച്ച" ആരാധനാക്രമത്തിന്റെ വക്താക്കളെന്നു ചില രൂപതകളെ കുറ്റപ്പെടുത്തുമ്പോഴും, പൂര്‍ണ്ണമായും "ലത്തീന്‍ വല്‍ക്കരിച്ച" ഭരണക്രമത്തെക്കുറിച്ചു മൗനം പാലിക്കുന്നു. 1990-ല്‍ നിലവില്‍ വന്ന പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമങ്ങളുടെ (CCEO) അടിസ്ഥാനത്തില്‍ ആണു നിലവിലെ ഭരണസംവിധാനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നതെന്നു ന്യായീകരിച്ചാലും 19 നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭരണപാരമ്പര്യമാണു തമസ്‌കരിക്കപ്പെട്ടതെന്നു മറക്കരുത്.

ഇന്ന്, സീറോ-മലബാര്‍ സഭയില്‍ 'യോഗം' ഭരണക്രമത്തെ ഇടവക തലത്തില്‍ മാത്രമായി ചുരുക്കിയിരിക്കുന്നു എന്നതാണു സത്യം. സീറോ-മലബാര്‍ സഭയുടെ വ്യക്തിനിയമങ്ങളില്‍ (Code of Particular Law of the Syro-Malabar Church), പള്ളിയോഗങ്ങള്‍ക്കുവേണ്ടി Palliyogam – procedure rules എന്ന പേരില്‍ പ്രത്യേക statutes നല്കിയിട്ടുണ്ട്. എങ്കില്‍ പോലും ചരിത്രത്തിലെ ഇടവക യോഗങ്ങള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിലവിലെ നിയമങ്ങളില്‍ ഇല്ല എന്നതും പഠന വിധേയമാക്കേണ്ട വിഷയമാണ്.

പ്രാദേശിക യോഗവും, മഹായോഗവും ഇന്നത്തെ സീറോ-മലബാര്‍ സഭയില്‍ എന്തുകൊണ്ട് നിലവിലില്ല? സഭയുടെ പൊതുവിലുള്ള കാര്യങ്ങളെക്കുറിച്ച് നിയമ നിര്‍മ്മാണവും, ഭരണ നിര്‍വ്വഹണവും, നീതി നിര്‍വഹണവും ഇന്ന് നടപ്പിലാക്കുന്ന സംവിധാനം ഏതാണ്? അല്മായ പ്രതിനിധികള്‍ക്കും വൈദിക പ്രതിനിധികള്‍ക്കും അത്തരം പ്രവര്‍ത്തികളില്‍ ഒരു പങ്കും വഹിക്കാനില്ലേ? പൗളിനോ പാതിരിയുടെ "Christian Republic" വിശേഷണം ചരിത്രത്തിലെ സുഖമുള്ള വായന മാത്രമായി അവശേഷിക്കുന്നുവോ?

നവഭരണ സംവിധാനങ്ങള്‍

തദ്ദേശീയ മെത്രാന്മാര്‍ക്കുവേണ്ടിയുള്ള മലബാര്‍ ക്രിസ്ത്യാനികളുടെ നൂറ്റാണ്ടുകള്‍ നീണ്ട ആഗ്രഹവും പരിശ്രമവും പൂര്‍ണ്ണമായും സഫലമാകുന്നത് 1896-ല്‍ ലിയോ 13-ാമന്‍ മാര്‍പാപ്പ മൂന്ന് വികാരിയത്തുകള്‍ സ്ഥാപിക്കുന്നതോടെയും മൂന്നു വികാരിയത്തുകള്‍ക്കും തദ്ദേശീയ മെത്രാന്മാരെ നിയമിക്കുന്നതോടെയുമാണ്. തുടര്‍ന്നങ്ങോട്ട് മലബാര്‍ സഭ അവിശ്വസനീയമായ വളര്‍ച്ച കൈവരിച്ചു എന്നതു ചരിത്ര സത്യമാണ്. അത്തരത്തില്‍ സഭയെ നയിച്ച എല്ലാ പിതാക്കന്മാരുടെയും ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരവോടെ കൈകള്‍ കൂപ്പുന്നു.

ഉദയംപേരൂര്‍ സൂനഹദോസിനു ശേഷമാണ് മലബാര്‍ സഭയില്‍ പരമ്പരാഗത ഭരണരീതികളില്‍ മാറ്റം ആരംഭിച്ചു തുടങ്ങുന്നത്. ആര്‍ച്ചുബിഷപ് മെനേസിസിന്റെ നേതൃത്വത്തില്‍ എഴുതിയുണ്ടാക്കിയ "ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളും, പിന്നീട് ഫ്രാന്‍സിസ് റോസ് മെത്രാപ്പോലീത്ത എഴുതി ഉണ്ടാക്കിയതും 1603-ലെ അങ്കമാലി സൂനഹദോസില്‍ അവതരിപ്പിക്കപ്പെട്ട "അങ്കമാലി സൂനഹദോസ് കാനോനകളുമാണ്" സുറിയാനി കത്തോലിക്കാ സഭാ ഭരണത്തിന് അടിസ്ഥാനമായി മാറിയത്.

"പള്ളിയോഗങ്ങള്‍" ഇടവകഭരണം, പ്രത്യേകിച്ച് ഇടവകയുടെ സ്വത്തുക്കള്‍ ഭരണം നടത്തിയിരുന്ന സ്ഥാനത്ത് അരമനയില്‍ നിന്നുമുള്ള 'മെത്രാന്റെ കല്പനകള്‍' സ്വത്തുക്കളുടെ ഭരണകാര്യങ്ങളില്‍ വന്നു തുടങ്ങുന്നത് തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ കണ്ടുതുടങ്ങി. 1859-ല്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബര്‍ണ്ണാര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്ത സുറിയാനിപ്പള്ളികളുടെ വസ്തുവകകളുടെ നടത്തിപ്പിനെക്കുറിച്ചും പള്ളിഭരണത്തെ സംബന്ധിച്ചുമെല്ലാം നല്കിയ കല്പനകളുടെ കയ്യെഴുത്തു പ്രതികള്‍ ഇതിനു തെളിവാണ്.

തദ്ദേശീയ മെത്രാന്മാരുടെ കരങ്ങളിലേക്ക് സഭ നല്കപ്പെട്ടപ്പോഴും പാരമ്പര്യത്തിലെ ഭരണ സംവിധാനത്തിലേക്കു തിരിച്ചുപോകാന്‍ ആരും തന്നെ മുതിര്‍ന്നില്ല എന്നതല്ലേ സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടിട്ടും ഒരു സ്വതന്ത്ര ഭരണാധികാര സംവിധാനമുണ്ടായിട്ടും പാരമ്പര്യത്തിലെ 'ഭരണക്രമ'ത്തിലേക്കു തിരിച്ചുപോകാന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല അതിനെ ഭയക്കുന്നതുപോലെയാണ് തോന്നിപ്പോകുന്നത്. ആരാധനക്രമത്തിന്റെ പാരമ്പര്യം മാത്രം തിരിച്ചുപിടിച്ചാല്‍ മതിയോ? അല്പം പോലും 'വൈദേശികമല്ലാത്ത ഭരണക്രമത്തിന്റെ' പാരമ്പ്യത്തിനു നേരെ ബോധപൂര്‍വ്വം കണ്ണടക്കുകയല്ലേ?

ദൈവജനം മുഴുവന്റെയും 'ഒരുമിച്ചുള്ള നടത്തമാണ്' (walking together) യഥാര്‍ത്ഥ "Synodality' എന്ന വിശാല ചിന്ത ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവയ്ക്കുന്ന ഈ കാലഘട്ടത്തില്‍ സീറോ-മലബാര്‍ സഭയെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളിലും "നിയമം നിര്‍മ്മിക്കുന്നതും, ഭരണം നടത്തുന്നതും, നീതി നിര്‍വ്വഹിക്കുന്നതും" ഇന്ന് മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍ സിനഡുമാണ്. ഇതാണ് സഭയുടെ ഇന്നത്തെ ഉന്നത പരമാധികാര സംവിധാനം. ഇതു സഭയുടെ ഏതു പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്? ശരിയാണ്, ഇത് പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമ സംഹിത (CCEO) അനുസരിച്ചാണ്. പക്ഷേ, ഇതല്ലല്ലൊ നമ്മുടെ സഭയുടെ പാരമ്പര്യം.

മേജര്‍ ആര്‍ച്ചുബിഷപ്പും, മെത്രാന്മാരും, വൈദിക പ്രതിനിധികളും, അല്മായ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു 'സഭാസിനഡ്' പാരമ്പര്യത്തിലെ മഹായോഗം – എന്തുകൊണ്ട് സീറോ-മലബാര്‍ സഭയില്‍ നടപ്പിലാക്കി കൂടാ. ഇത്തരത്തിലുള്ള ഒരു സഭാ സിനഡ് അല്ലെ പാരമ്പര്യം വച്ചു നോക്കിയാല്‍ ഈ സഭയെ സംബന്ധിച്ചു കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതും, നിയമം നിര്‍മ്മിക്കേണ്ടതും. മറ്റെല്ലാ അകത്തോലിക്കാ മലങ്കര സഭകളില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവില്‍ ഉണ്ട്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ 'മലങ്കര സിറിയന്‍ ക്രിസ്റ്റ്യന്‍ അസ്സോസിയേഷന്‍', യാക്കോബായ സഭയിലെ 'യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍', മാര്‍ത്തോമാ സഭയിലെ 'സഭാ പ്രതിനിധി മണ്ഡലം', തൊഴിയൂര്‍ സഭയിലെ 'സഭാ മണ്ഡലം' ഇവയെല്ലാമാണ് ഈ സഭകളിലെ ഉന്നത ഭരണ സംവിധാനങ്ങള്‍. ഇതില്‍ മെത്രാന്മാര്‍ മാത്രമല്ല വൈദിക പ്രതിനിധികളും, അല്‍മായ പ്രതിനിധികളും ഉള്‍ച്ചേരുന്നു എന്നതാണ് ഇവയുടെ മേന്മ.

പുരാതന 'യോഗം' സംവിധാനത്തിന്റെ ആത്മാവും (spirit), ചലനാത്മകതയും (dynamism) സംയോജിച്ചത് എന്ന വിശേഷണത്തില്‍ ഇന്ന് സീറോ-മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന "മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസ്സംബ്ലി" – പാരമ്പര്യത്തിലെ മഹായോഗത്തിനു പകരമാവില്ല എന്നു പറയേണ്ടതില്ലല്ലൊ.

ഓരോ രൂപതയിലും കൂടുതല്‍ അവകാശ-അധികാരങ്ങള്‍ പേറുന്ന രൂപതാ സിനഡുകള്‍ നടപ്പിലാക്കാന്‍ ചരിത്രത്തെ നോക്കുന്ന നമുക്ക് ഭാവിയെ ഓര്‍ത്തു ഭയമാണ്. അധികാരം നഷ്ടപ്പെടുമോ എന്നും അധികാരം പങ്കുവയ്ക്കപ്പെടേണ്ടി വരുമോ എന്നൊക്കെയുള്ള ഭയം.

സമാപനം

കാലങ്ങള്‍ പഴക്കമുള്ള പല "ക്രമങ്ങളും", നൂറ്റാണ്ടുകള്‍ക്കിപ്പുറം പുതിയ 'ക്രമ'ങ്ങളിലേക്ക് മാറ്റപ്പെടാറുണ്ട് എന്നതു സ്വാഭാവികം മാത്രമാണ്. ദൈവികനിയമങ്ങള്‍ക്കും പ്രകൃതിദത്ത നിയമങ്ങള്‍ക്കും അപ്പുറമുള്ള പല മനുഷ്യ നിര്‍മ്മിത നിയമങ്ങളും കാലഘട്ടത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ചു വളര്‍ന്നിട്ടുണ്ട്. ഓരോ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കും ആ കാലഘട്ടത്തിന്റെ പ്രത്യേകതകളും ഉണ്ടായിരുന്നു. പാരമ്പര്യത്തിലെ "യോഗം" എന്ന ഭരണ സംവിധാനത്തിനു ആ കാലഘട്ടത്തിന്റെ പ്രത്യേകതകളുടെ പോരായ്മകളും ഉണ്ടായിരുന്നു എന്നു തന്നെയാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, പഴയ 'യോഗ'ത്തിന്റെ തനി ആവര്‍ത്തനം നമുക്കാവശ്യമില്ല. എന്നാല്‍ അതിന്റെ ആത്മാവും അന്തസത്തയും നഷ്ടപ്പെടുത്തുന്നത് ചരിത്രത്തോട് കാട്ടുന്ന വഞ്ചനതന്നെയാണ്.

ആയതിനാല്‍, ആദ്യം നമുക്ക് അല്പംപോലും വൈദേശികമല്ലാത്ത നമ്മുടെ യോഗം ഭരണക്രമം കാലഘട്ടത്തിനു ചേര്‍ന്ന വിധത്തില്‍ സഭയില്‍ തിരിച്ചുകൊണ്ടുവരാം. അല്മായ പ്രതിനിധികളും, വൈദിക പ്രതിനിധികളും, മെത്രാന്മാരും, മേജര്‍ ആര്‍ച്ച്ബിഷപ്പും ഒരുമിച്ചിരുന്നു ചിന്തിക്കുന്ന, തീരുമാനിക്കുന്ന, നിയമം നിര്‍വ്വഹിക്കുന്ന 'മഹായോഗത്തിന്റെ' ചൈതന്യമുള്ള 'സഭാ സിനഡ്' നടപ്പിലാക്കാം. ഇത്തരത്തില്‍ രൂപപ്പെട്ട സിനഡില്‍ ഇരുന്നു നമുക്കൊരുമിച്ചു തീരുമാനിക്കാം "ആരാധനക്രമത്തിന്റെ" അര്‍പ്പണത്തെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും.

References

1) P.J. Podipara, The Thomas Christians, London-Bombay, 1970.
2) A.M. Mundadan, Indian Christians search for identity & struggle for autonomy, Banglore 1984.
3) G. Nedungattu, Laity and Church Temporalities: Appraisal of a tradition, Bangalore 2000.
4) P. Pallath, The Catholic Church in India, Changanacherry 2019.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org