
ഡോ. ജേക്കബ് നങ്ങേലിമാലില്‍
1987 മുതല്‍ 90 വരെയുള്ള മൂന്ന് വര്‍ഷക്കാലം പടിയിറ പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ സേവനം ചെയ്യാന്‍ അവസരം ലഭിച്ചത് എന്റെ വലിയ ഭാഗ്യവും ദൈവാനുഗ്രഹവുമായി ഞാന്‍ കണക്കാക്കുന്നു.
ഞാന്‍ സെക്രട്ടറിയായി ജോലി ആരംഭിച്ച അവസരത്തില്‍ എനിക്ക് അദ്ദേഹം നല്കിയ ആദ്യത്തെ നിര്‍ദേശം ഇതായിരുന്നു: 'അച്ചാ, ഇവിടെ അരമനയില്‍ വരുന്ന ജനങ്ങള്‍ക്ക് അവരുടെ ടെന്‍ഷന്‍ ഉണ്ടാകാം: അവര്‍ അവരുടേതായ പ്രശ്‌നങ്ങളുമായിട്ടായിരിക്കും ഇവിടെ വരിക. ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും അവര്‍ വരുന്നത്. അരമന, പിതാവ്, കച്ചേരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവരുടെ ടെന്‍ഷന്‍ കൂടും. അച്ചന്‍ വളരെ ഫ്രഷ് ആയി, പുഞ്ചിരിച്ചുകൊണ്ട്, സ്‌നേഹത്തോടെ, സൗമ്യനായി അവരോടു സംസാരിക്കണം. അച്ചനുമായി സംസാരിച്ചുകഴിയുമ്പോള്‍ അവരുടെ പകുതി പ്രശ്‌നങ്ങള്‍ അതിനാല്‍തന്നെ തീരണം.' മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറണമെന്നുള്ളത് പിതാവിന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. പിതാവ് അത്ര സ്‌നേഹമസൃണമായിട്ടാണ് ജനങ്ങളോട് പെരുമാറിയിരുന്നത്.
അഭിവന്ദ്യ പിതാവ് പ്രാര്‍ത്ഥനയുടെ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും ആഴമായ ദൈവാനുഭവത്തിന്റെ വഴിച്ചാലുകളായിരുന്നു. യാത്രാവേളകളിലൊക്കെ അദ്ദേഹം നിരന്തരം കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. സദാസമയവും കൈവിരലുകള്‍ കൊന്ത ഉരുട്ടിയിരുന്നു. തന്റെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ദൈവപരിപാലനയുടെ ഭാഗമായി അദ്ദേഹം കണക്കാക്കി.
അദ്ദേഹം നര്‍മഭാഷണത്തിന്റെ ഒരു വക്താവായിരുന്നു; ഒരു ഹാസ്യ സാമ്രാട്ട്തന്നെ ആയിരുന്നു. ഏതവസരത്തിലും സംസാരമൊ പ്രസംഗമൊ ആരംഭിക്കുന്നത് രണ്ടു മൂന്ന് തമാശകള്‍ പറഞ്ഞു കൊണ്ടായിരിക്കും. ജനം ചിരിക്കുന്നതിന്റെകൂടെ ആസ്വദിച്ചു ചിരിക്കുകയും ചെയ്യും. അങ്ങനെ ആ തമാശകളൊക്കെ എനിക്കും പഠിക്കുന്നതിന് സാധിച്ചു. പിന്നീട്, ഒരു പരിപാടിക്ക് പോകുന്ന വേളയില്‍, ആ പ്രത്യേക സാഹചര്യത്തില്‍, ഏതൊക്കെ തമാശകളാണ് പറയേണ്ടതെന്ന് അഭിപ്രായം ചോദിക്കുമായിരുന്നു. പഠിച്ചു പറഞ്ഞിരുന്ന തമാശകളോടൊപ്പം സ്വതസിദ്ധമായ രീതിയില്‍ അവ സരത്തിനനുസരിച്ചു തമാശ ഉണ്ടാക്കി പറയുന്നതിനും പിതാവ് അതിസമര്‍ത്ഥനായിരുന്നു. 'പടിയറ ഫലിതങ്ങള്‍' എന്ന ഒരു പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍, പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കാണുവാന്‍ പിതാവ് റോമില്‍ വന്നപ്പോള്‍, അവിടെ പഠിക്കുകയായിരുന്ന അച്ചന്മാരായ ഞങ്ങളെ കൂടെ കൊണ്ടുപോയി. സംസാരമധ്യേ, പരിശുദ്ധ പിതാവ് ഭാരത സഭയെക്കുറിച്ചു വാചാലനാകുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യാസന്ദര്‍ശന വേളയിലുണ്ടായ മനോഹരമായ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് കേരളത്തിലെയും ഇന്ത്യയിലെയും പുതിയ വിശേഷങ്ങളെക്കുറിച്ചു പിതാവിനോട് തിരക്കിക്കൊണ്ടിരുന്നു. സംസാരത്തിന്റെ ഇടയ്ക്ക് ഒരവസരത്തില്‍, അദ്ദേഹം തിരിഞ്ഞു ഞങ്ങളോടായി പറഞ്ഞു: 'ഓ നിങ്ങളുടെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ പടിയറ! അദ്ദേഹത്തിന് ഒരുപാടു താമശകളറിയാം. മെത്രാന്മാരുടെ സിനഡുകള്‍ നടക്കുന്ന സമയങ്ങളില്‍, നീണ്ട ചര്‍ച്ചകള്‍ക്കുശേഷം, എല്ലാവരും ക്ഷീണിതരാകുമ്പോള്‍, ഇടവേളകളില്‍ ഞാന്‍ കര്‍ദിനാള്‍ പടിയറയോട്, ഒന്ന് രണ്ടു തമാശകള്‍ പറയാന്‍ ആവശ്യപ്പെടാറുണ്ട്. അദ്ദേഹം നല്ല ശുദ്ധമായ ലത്തീന്‍ഭാഷയില്‍, തമാശകള്‍ പറഞ്ഞു എല്ലാവരെയും ചിരിപ്പിക്കാറുമുണ്ട്.'
പിതാവ് വാക്കിലും, പ്രവര്‍ത്തിയിലും, മനോഭാവത്തിലും, ശൈലിയിലും, എളിമയുടെയും വിനയത്തിന്റെയും ഒരു പ്രതീകമായിരുന്നു. അദ്ദേഹം, തന്നെ കാണാന്‍ വരുന്ന ആരെയും മുറിയുടെ വാതില്‍ക്കല്‍ സ്വീകരിച്ച് കസേരയുടെ അടുത്തേക്ക് ആനയിച്ചിട്ടേ, സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കാറുള്ളൂ. അതുപോലെതന്നെ, അവര്‍ പിതാവിനെ കണ്ടു യാത്ര പറഞ്ഞു പോകുമ്പോള്‍ വാതില്‍ക്കല്‍ വരെ അവരെ അനുഗമിക്കുകയും ചെയ്യുമായിരുന്നു. പിതാവിന്റെ മനോഭാവം ഇപ്രകാരമായിരുന്നു: 'നമ്മുടെ മുമ്പില്‍ വരുന്ന ആരെയും, എത്ര ചെറിയവനായാലും നാം ബഹുമാനിക്കണം.' ഒരിക്കല്‍ ഒരിടവകയില്‍, കുര്‍ബാന കഴിഞ്ഞപ്പോള്‍ ഒരു അള്‍ത്താര ബാലന് പിതാവിന്റെ വെളുത്ത് മനോഹരമായ താടിയില്‍ ഒന്ന് തടവാന്‍ മോഹം. അവന്‍ അവന്റെ ആഗ്രഹം ധൈര്യപൂര്‍വം പിതാവിനോട് പറഞ്ഞു. പിതാവ് ചിരിച്ചുകൊണ്ട് അതിനു സമ്മതിച്ചു.
ഇങ്ങനെ ഒരുപാടു സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ടെങ്കിലും ഒരു കാര്യവും കൂടി പറഞ്ഞു നിറുത്തട്ടെ. യാത്ര ചെയ്യുമ്പോള്‍, കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചതിനുശേഷം നിര്‍ബന്ധമായും പാടേണ്ട ഒരു പാട്ടുണ്ടായിരുന്നു 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു…' എന്നത്. പിതാവ് വളരെ സ്വരത്തില്‍ ആസ്വദിച്ചു പാടുന്ന പാട്ടായിരുന്നു അത്. ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം പാടിയാലും അത് അധികമാകുമായിരുന്നില്ല. ചിലര്‍ യാത്ര ചെയ്യുമ്പോള്‍ ആ പാട്ടു പാടാന്‍ താല്പര്യം കാണിക്കാറില്ല. പിതാവിനെ സംബന്ധിച്ചിടത്തോളം ആ പാട്ടു ഹൃദയത്തോട് ഒട്ടി നില്‍ക്കുന്ന ഒന്നായിരുന്നു. പിതാവിന്റെ ജീവിതം അടുത്തുകണ്ട എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്, പിതാവിന്റെ ജീവിതത്തിന്റെ ഓരോ ദിവസവും സ്വര്‍ഗ്ഗയാത്രയുടെ ഓരോ പടവുകളായിരുന്നു എന്നാണ്. ധന്യമായ ഒരു ജീവിതത്തിനുശേഷം സ്വര്‍ഗത്തിലേക്ക് യാത്ര ചെയ്ത് ദൈവ സമക്ഷമായിരിക്കുന്ന പിതാവ് പുഞ്ചിരിയോടുകൂടി സ്‌നേഹപൂര്‍വ്വം നമ്മെ അനുഗ്രഹിക്കട്ടെ.