വ്രണിത സഭയെ ചുംബിക്കാനൊരു ഇടയന്‍

വ്രണിത സഭയെ ചുംബിക്കാനൊരു ഇടയന്‍

മനസ്സുകള്‍ വേദനിക്കുകയും, ചിന്തകളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും, പരിഗണിക്കപ്പെടാത്ത നിലവിളികള്‍ ഉയരുകയും ചെയ്ത നാളുകളാണ് സീറോ മലബാര്‍ സഭയിലെ പിന്നിട്ട ഒന്നു രണ്ടു മാസക്കാലം. കോവിഡിനോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ പാടുപ്പെടുന്ന ഒരു കാലത്ത് അപ്രതീക്ഷിതമായി വന്ന വിശുദ്ധ കുര്‍ബാന ഏകീകരണത്തിന്റെ ആഹ്വാനങ്ങളും എതിര്‍ത്തും അനുകൂലിച്ചും നടന്ന വാദമുഖങ്ങളും കോലാ ഹലങ്ങളും കുറച്ചൊന്നുമല്ല ഈ സഭയെ വ്രണിതമാക്കിയത്. എന്നിട്ട് നിലവിളികള്‍ കേള്‍ക്കപ്പെട്ടോ? പ്രശ്‌നങ്ങള്‍ രമ്യതയില്‍ പര്യവസാനിച്ചോ? എന്നു ചോദിച്ചാല്‍ പരിഗണിക്കപ്പെട്ടു, കരച്ചിലുകള്‍ക്ക് ചെവിയുണ്ടായി, മുഖത്തേക്ക് നോക്കിയിരുന്ന് ആര്‍ദ്രതയോടെ കേട്ടിരിക്കാനും, വാത്സല്യമോടെ അമാന്തമില്ലാതെ ഇടപെടാനും ഒരിടയന്‍ ചാരത്തുണ്ടായിരുന്നു എന്ന അനുഭവം നെഞ്ചിനെ തൊട്ടത് ഇക്കഴിഞ്ഞ നവംബര്‍ 25-നാണ്. എത്രവട്ടം ഞങ്ങള്‍ നിന്റെ ശിഷ്യന്മാരുടെ അടുത്തു വന്നതാണ് എന്നിട്ട് അവര്‍ക്ക് സുഖപ്പെടുത്താനായില്ല, നീയൊന്നു തൊട്ടാല്‍ ഇവര്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയോടെ ഈശോയെ തന്നെ തേടി വന്നവരെ എത്ര നാം ബൈബിളില്‍ കണ്ടുമുട്ടി. അതുപോലൊരു തേടലായിരുന്നു എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി അഭിവന്ദ്യ ആര്‍ച്ചു ബിഷപ്പ് ആന്റണി കരിയിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടന്ന കൂടിക്കാഴ്ച. കേള്‍ക്കാനൊരു ആളുണ്ട്. നിലവിളികള്‍ക്ക് ഉത്തരമുണ്ട്, തോളത്തും ചാരത്തും ആടുകളുടെ മണമുള്ള ഇടയന്‍ നമുക്കുണ്ട്. ആത്മാഭിമാനത്തിന്റെയും ആത്മഹര്‍ഷത്തിന്റെയും ആ കൊച്ചുവേളയെ ധന്യമാക്കിയ ഒരു കുഞ്ഞു സമ്മാനത്തിന്റെ കഥ കൂടിയുണ്ട്.

സമ്മാനങ്ങള്‍ സന്തോഷങ്ങള്‍ മാത്രമല്ല, കൈമാറുന്ന സ്‌നേഹത്തിന്റെ മറക്കാത്ത സ്മാരകങ്ങള്‍ കൂടിയാണ്. പ്രിയപ്പെട്ടൊരാള്‍ക്ക് നാം സമ്മാനിക്കുന്ന സമ്മാനങ്ങളില്‍ പോലും നമ്മുടെ ജീവിതത്തിന്റെ കയ്യൊപ്പുണ്ടാകും. നവംബര്‍ 26 ന് പാപ്പയെ കണ്ട ലെബനന്‍ പ്രസിഡന്റ് പാപ്പയ്ക്ക് സമ്മാനിച്ചത് ഒരു ഇഷ്ടികയാണ്. 2020 ഓഗസ്റ്റില്‍ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ തളര്‍ന്നുപോയ ഒരു നാട് അതില്‍ തകര്‍ന്ന ഒരു പള്ളിയുടെ ശേഷിച്ച ഒരിഷ്ടിക സമ്മാനിക്കുന്നതിനോളം നെഞ്ചിനെത്തൊടുന്ന വിലപിടിപ്പുള്ള എന്തു സമ്മാനമാണുള്ളത്. ആ നാടിന്റെ ഹൃദയമാണ് ആ നേതാവ് പോപ്പിന് സമ്മാനിച്ചത്. ഒപ്പം അതൊരു നിലവിളിയും പ്രാര്‍ത്ഥനയുമാകുന്നു. ഒക്‌ടോബര്‍ 30-ന് പ്രധാനമന്ത്രി മോദിക്ക് പാപ്പ സമ്മാനിച്ചത് ഒരു ചെമ്പു ഫലകമാണ്- 'മരുഭൂമികള്‍ പൂങ്കാവനങ്ങളാകും' എന്ന ലിഖിതവും. സമ്മാനങ്ങള്‍ വെറും സമ്മാനങ്ങള്‍ മാത്രമല്ല. എന്തൊക്കെയോ വേദനകളും ഹൃദയത്തിലെ വാക്കുകളും ഉള്ളിലെ സ്‌നേഹവും ഒക്കെ കൈമാറുന്ന അടയാളപ്പാടുകളായി മാറാറുണ്ട് ഉള്ളലിഞ്ഞുള്ള സമ്മാനക്കൈ മാറ്റങ്ങളില്‍. ''മറ്റുള്ളവര്‍ക്കു സമ്മാനങ്ങളാകാന്‍ വിളിക്കപ്പെട്ടവരാണ് നാം, സമ്മാനങ്ങള്‍ പൂഴ്ത്തിവക്കുന്ന സ്റ്റോര്‍ റൂമുകള്‍ ആകാനല്ല'' എന്ന് പാപ്പ തന്നെ പറഞ്ഞത് 2018-ലാണ്.

പാപ്പയെ കാണാന്‍ പോയ മാര്‍ ആന്റണി കരിയില്‍ പിതാവിന്റെ കൈകളിലും ഒരു കുഞ്ഞുസമ്മാനമുണ്ടായിരുന്നു. അത് പാപ്പയെ ക്രിസ്തുവിന്റെ മുഖമുള്ളവനായി ലോകത്തിന്റെ നിറുകയില്‍ പ്രതിഷ്ഠിക്കാനിടയാക്കിയ 2013 നവംബര്‍ 27-ലെ ഒരു കുഞ്ഞുകാഴ്ചയുടെ ഛായാ ചിത്രമായിരുന്നു. പാപ്പയായി അവരോധിതനായി 7 മാസങ്ങള്‍ക്കിപ്പുറം. 53 വയസുകാരനായ വിന്‍ചിയോ റിവാ ആള്‍ക്കൂട്ടത്തി ലൊരാളായി പാപ്പയെ കാണാന്‍ വന്നതാണ്. വന്നിറങ്ങിയ ബസില്‍ മുതല്‍ പാപ്പയെ കാണാനായുള്ള ആള്‍ക്കൂട്ട ത്തിന്റെ കസേരകളില്‍ വരെ അയാള്‍ക്ക് ഇരിക്കാനാവുന്നില്ല. ആരും ഇരുത്തുന്നില്ല എന്നതാണ് പ്രശ്‌നം. ന്യൂറോ ഫൈബ്രോ മറ്റോസിസ് ടൈപ്പ്-1 എന്ന അപൂര്‍വ്വ രോഗബാധിതനാണ് വിന്‍ചിയോ. തല മുതല്‍ പാദം വരെ ഒരിഞ്ചു സ്ഥലമില്ലാതെ എല്ലാടവും വ്രണങ്ങളും കുരുക്കളും ചലവും നിറത്തതാണ് രൂപം. ആളുകള്‍ അയാളില്‍ നിന്ന് ഓടിപ്പോയപ്പോള്‍ നീട്ടിയ കൈകളുമായി ഒരാള്‍ അയാള്‍ക്കരികിലേക്ക് ഓടിവരികയായിരുന്നു. അയാള്‍ക്ക് ക്രിസ്തുവിന്റെ മുഖം, കുഷ്ഠരോഗിയെ ചുംബിച്ചു തോര്‍ത്തിയ ഫ്രാന്‍സിസെന്ന് പേര്. ''എന്റെ ഹൃദയത്തെയാണ് അദ്ദേഹം തൊട്ടത്. ജീവനുള്ള കാലത്തോളം ഈയോര്‍മ്മ മാത്രം മതി'' എന്ന് ഇന്നും പറയുന്ന വിന്‍ചിയോ ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല.

തന്റെ പാപ്പാ സ്ഥാനത്തിന്റെ സ്വഭാവമെന്തെന്ന് വാക്കുകളി ല്ലാതെ അസന്നിഗ്ദമായി പറഞ്ഞ ഈ ചിത്രം വീണ്ടും ക്യാന്‍വാസില്‍ കൊരുത്തത് എറണാകുളം-അങ്കമാലി അതിരൂപതാ വൈദികനായ ഫാ. എബി ഇടശ്ശേരിയാണ്. കലാകാരനും ഗായകനുമായ അദ്ദേഹം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. ആര്‍ട്‌സ് കോളേജില്‍ നിന്ന് ചിത്രകല യില്‍ ബിരുദം നേടുകയും കേരളത്തിനകത്തും പുറത്തും നിരവധി എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള ചിത്രകലാ പരിഷ ത്തിലെ അംഗവും നിലവില്‍ കാര്‍ഡിനല്‍ ഹൈസ്‌കൂളില്‍ ചിത്രകലാദ്ധ്യാപകനുമാണിദ്ദേഹം.

ആളുകള്‍ അയാളില്‍ നിന്ന് ഓടിപ്പോയ പ്പോള്‍ നീട്ടിയ കൈകളുമായി ഒരാള്‍ അയാള്‍ക്കരികിലേക്ക് ഓടിവരികയായിരുന്നു. അയാള്‍ക്ക് ക്രിസ്തുവിന്റെ മുഖം, കുഷ്ഠരോഗിയെ ചുംബിച്ചു തോര്‍ത്തിയ ഫ്രാന്‍സിസെന്ന് പേര്. ''എന്റെ ഹൃദയത്തെയാണ് അദ്ദേഹം തൊട്ടത്. ജീവനുള്ള കാലത്തോളം ഈയോര്‍മ്മ മാത്രം മതി'' എന്ന് ഇന്നും പറയുന്ന വിന്‍ചിയോ ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല.

പാപ്പയുടെ ഔദ്യോഗിക സ്ഥാനിക അടയാളങ്ങള്‍ക്കു മദ്ധ്യത്തിലായി ഈയൊരൊറ്റ കാഴ്ച ചേര്‍ത്തുവച്ചതിലൂടെ എന്താണ് പാപ്പ വിഭാവനം ചെയ്യുന്ന സഭയെന്നും എന്താകണം ഈ സഭയുടെ പൊതുസ്വഭാവമെന്നും പറയാതെ പറയുക കൂടിയാണ് ചിത്രകാരന്‍. കാരുണ്യത്തിന്റെ മുഖം കാണിക്കുന്ന സഭയെ ക്കുറിച്ച് പാപ്പാ തിരഞ്ഞെടുപ്പു മുതല്‍ ഇന്നുവരെ നിര്‍ത്താതെ പറഞ്ഞുകൊണ്ടും ചെയ്തുകൊണ്ടുമിരിക്കുന്ന ഒരു പാപ്പയെ വേദനകളും നിലവിളികളുമായി കാണാന്‍ പോകുമ്പോള്‍ ഇതിനേക്കാള്‍ വലിയ എന്തു സമ്മാനമാണ് കൈമാറാന്‍ കഴിയുക. ''വിന്‍ചിയോ റിവയെ കെട്ടിപ്പുണരുന്ന പാപ്പ സ്ഥാപകകാലം മുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നതി പ്രഥമമായി പരിഗണിച്ചു പോരുന്ന ഞങ്ങളുടെ അതിരൂപതയുടെ പ്രചോദനമാണ്. അങ്ങയുടെ പാപ്പാസ്ഥാനത്തിന്റെ ഏഴാം വര്‍ഷത്തില്‍ അതിനാല്‍ ഞങ്ങളിത് സമ്മാനിക്കുന്നു'' എന്ന കുറിപ്പോടെയുള്ള ഈ പെയിന്റിംഗ് കൗതുകപൂര്‍വം പാപ്പ സ്വീകരിക്കുകയും നന്ദിപറയുകയും ചെയ്തു.

കഴിഞ്ഞുപോയ കാലങ്ങളെയും, ഉണ്ടാകുന്ന സംഘര്‍ഷങ്ങളെയും അതു തരുന്ന വെളിപാടുകളെയും വാക്കുകളില്‍ പകര്‍ത്തിവയ്ക്ക ലിനേക്കാളും അര്‍ത്ഥ സമ്പന്നമാണ് പൊഴിച്ചിട്ട ഒരു തൂവല്‍ പോലെ അവശേഷിപ്പിക്കുന്ന ചില കുഞ്ഞുചിത്രങ്ങള്‍. അവന്റെ മുഖം പതിഞ്ഞ തൂവാലപോലെ കണ്ണീരും രക്തവുമൊപ്പിയ ഒരു സഭയുടെ മുഖം പതിഞ്ഞ തൂവാല. വ്രണിത സഭയെ ചേര്‍ത്തു പിടിക്കുന്ന ഈ ഇടയനിലെവിടെയോ ക്രിസ്തു മണുക്കുന്നു. ഇടയനില്‍ നിന്ന് ഇടയരിലേക്ക് ഇടറാതെ പടരട്ടെ ഈ മണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org