വാത്സല്യനിധിയായ പിതാവും മാന്യനായ വൈദികശ്രേഷ്ഠനും

വാത്സല്യനിധിയായ പിതാവും മാന്യനായ വൈദികശ്രേഷ്ഠനും

ബിഷപ് ജോസ് പുത്തന്‍വീട്ടില്‍

ബിഷപ് ജോസ് പുത്തന്‍വീട്ടില്‍
ബിഷപ് ജോസ് പുത്തന്‍വീട്ടില്‍

വൈദിക പട്ടമേറ്റ് രണ്ടുവര്‍ഷം അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്ത ശേഷം 1990-92 കാലയളവില്‍ അഭിവന്ദ്യ പടിയറ പിതാവിന്റെ സെക്രട്ടറിയായി ഞാന്‍ നിയമിക്കപ്പെട്ടു. എന്റെ ഇടവകയായ ഇടപ്പള്ളി സെ. ജോര്‍ജ് ഫൊറോനപ്പള്ളിയില്‍ വച്ച് എനിക്കു പട്ടം തന്നത് പടിയറ പിതാവായിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറിയായുള്ള നിയമനം വലിയൊരു അനുഗ്രഹമായിട്ടാണു സ്വീകരിച്ചത്.
എല്ലാവരോടും മാന്യമായി പെരുമാറുന്ന പടിയറ പിതാവിനോട് പിതൃനിര്‍വിശേഷമായ ആദരവും ബഹുമാനവുമായിരുന്നു എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അതീവ ശ്രദ്ധയോടും ശുഷ്‌കാന്തിയോടും കൂടി ഞാന്‍ ചെയ്യുമായിരുന്നു. വളരെ സ്‌നേഹത്തോടെയാണു പിതാവ് ഇടപഴകിയിരുന്നത്. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷവും രാത്രി അത്താഴത്തിനു ശേഷവുമാണ് പിതാവിനൊപ്പമിരുന്ന് പ്രോഗ്രാമുകള്‍ ചര്‍ച്ച ചെയ്തിരുന്നത്. ദിവസവും രാവിലെ 5 മണിക്ക് അരമനയിലെ മുകള്‍നിലയിലെ മുറിക്കുമുന്നിലെത്തി വാതിലില്‍ മുട്ടി പിതാവിനെ ഉണര്‍ത്തണം. "യെസ് ഗുഡ്‌മോണിംഗ്" എന്നദ്ദേഹം പറയും. പിന്നെ, താഴെ വന്നു ഞാന്‍ കാത്തു നില്‍ക്കും. തുടര്‍ന്നു പ്രഭാത നടത്തമാണ്. ഇങ്ങനെ വിളിക്കുന്ന സമയത്ത് ചില ദിവസങ്ങളില്‍ പിതാവ് ഉറക്കമുണരുമെങ്കിലും താഴേക്കു വരണമെന്നില്ല. താഴെ കൊതുകുകടിയും കൊണ്ടു ഞാന്‍ പിതാവിനെ കാത്തിരുന്നു മടുക്കുമെങ്കിലും ഒരനിഷ്ടവും തോന്നിയിട്ടില്ല. അതിനു കാരണവും പിതാവിന്റെ എളിമ തന്നെയാണ്. പ്രഭാത ഭക്ഷണവേളയില്‍ എന്നെ കാണുമ്പോള്‍ പിതാവു പറയും. "ജോസ്, ഞാന്‍ ഉറങ്ങിപ്പോയി. എന്നോടു ക്ഷമിക്കണം."
തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടു പോലും വളരെ മാന്യമായും എളിമയോടും ഇടപഴകിയിരുന്ന വ്യക്തിയാണ് പടിയറ പിതാവ്. അസുഖം മൂലം കിടിപ്പിലായാല്‍ രണ്ടു മൂന്നു തവണയെങ്കിലും മുറിയിലെത്തി രോഗവിവരം ആരായും. അത്തരത്തില്‍ വാത്സല്യനിധിയായിരുന്നു അദ്ദേഹം. പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം മാന്യത പുലര്‍ത്തിയിരുന്ന പിതാവ് അതിഥികളെ സ്വീകരിക്കുന്നതിലും മാന്യത നിലനിറുത്തിയിരുന്നു. ഏതെങ്കിലും പരിപാടികളില്‍ പങ്കെടുത്തു തിരിച്ചുവന്നാല്‍ അതിലേക്കു ക്ഷണിച്ചതിനും അവിടെ നല്‍കിയ സ്വീകരണത്തിനും നന്ദി പറഞ്ഞ് പിതാവ് കത്തയക്കുമായിരുന്നു. യാത്രാവേളയില്‍ വളരെ ഉത്സാഹത്തിലും സൗഹൃദത്തിലുമായിരിക്കും ഇട പഴകുക. തിരിച്ചുള്ള യാത്രയില്‍ രാത്രിയില്‍ വണ്ടിയിലിരുന്നു ജപമാല ചൊല്ലും. അതുകഴിഞ്ഞാല്‍ പാട്ടാണ്. "സമയമാം രഥത്തില്‍ ഞാന്‍…." എന്ന ഗാനമായിരുന്നു മിക്കവാറും പാടുക. ആ പാട്ടാണ് ഇഷ്ടം. അത് ഉറക്കെ പാടും. ഞങ്ങളും കൂടെച്ചേരും.
സെക്രട്ടറി എന്ന നിലയ്ക്ക് പിതാവിന്റെ എഴുത്തുകള്‍ ഒരുപാടു തയ്യാറാക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്ത് കമ്പ്യൂട്ടറില്ല. ടൈപ്പ്‌റൈറ്ററിലാണു ഡ്രാഫ്റ്റ് ചെയ്യുന്നത്. എഴുത്തില്‍ ചെറിയൊരു തെറ്റു കണ്ടാല്‍ വീണ്ടും അതു ടൈപ്പു ചെയ്യിക്കും. അതിനദ്ദേഹം പറയുന്ന ന്യായം, നാം അയയ്ക്കുന്ന എഴുത്തില്‍ തെറ്റുണ്ടെങ്കില്‍ അതു കിട്ടുന്നയാളെ അനാദരിക്കുന്നതിനു തുല്യമാണത് എന്നാണ്. അതുകൊണ്ട് ഓഫീസിലുള്ളവര്‍ക്ക് പല ആവര്‍ത്തി തെറ്റുകള്‍ തിരുത്തി എഴുത്തുകള്‍ അയയ്‌ക്കേണ്ടി വന്നിട്ടുണ്ട്.
കൃത്യനിഷ്ഠയും അച്ചടക്കവും പിതാവിന്റെ കൈമുതലാണ്. പരി പാടികള്‍ക്കു പോകുമ്പോള്‍ നേരത്തേ എത്തുകയാണെങ്കില്‍ ഡ്രൈവറോടു പറഞ്ഞ് വണ്ടി നിറുത്തിയിടും. നേരത്തേ ചെല്ലുമ്പോള്‍ സംഘാടകര്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. എന്തെങ്കിലും കാരണത്താല്‍ വൈകി എത്തിയാല്‍ പ്രസംഗം തുടങ്ങും മുമ്പേ ആ കാരണം വിശദീകരിച്ചു ക്ഷമചോദിക്കുമായിരുന്നു. താങ്ക്യു, പ്ലീസ്, സോറി… തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ പിതാവ് ഒരു പിശുക്കും കാണിച്ചിരുന്നില്ല. ജീവിതം സന്തോഷപ്രദമാക്കാന്‍ ഇത്തരം പദങ്ങള്‍ ശീലിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ അനുസ്മരിപ്പിക്കുന്നത്, പടിയറ പിതാവ് അന്നേ പ്രാവര്‍ത്തികമാക്കിയിരുന്നു.
വേദനിക്കുന്നവരോടും അവ ഗണിക്കപ്പെടുന്നവരോടും പ്രത്യേക താത്പര്യവും സ്‌നേഹവും പിതാവു പ്രകടിപ്പിച്ചിരുന്നു. ഏതെങ്കിലും സമ്മേളനത്തിലോ ആഘോഷാവസരത്തിലോ അത്തരത്തില്‍ ആരെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പിതാവ് മീറ്റിംഗു കഴിയുമ്പോള്‍ അവര്‍ക്കിടയിലേക്കു ചെല്ലും. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയില്‍ ഇരുന്നിരുന്ന ഒരു കന്യാ സ്ത്രീയാകാം അദ്ദേഹത്തിന്റെ ആശ്ലേഷത്തില്‍പ്പെടുക. അവര്‍ക്കു നല്‍കുന്ന ആ പരിഗണന പിതാവിനു വലിയ സന്തോഷം നല്‍കിയിരുന്നു. തന്നോടൊപ്പം ഉള്ളവരെ തന്റെ സ്വന്തമായിത്തന്നെ കരുതുന്ന പ്രകൃതമായിരുന്നു പിതാവിന്റേത്. എവിടെയെങ്കിലും വിരുന്നിനു ക്ഷണിക്കപ്പെട്ടാല്‍ കൂടെയുള്ളവരെയും ഒപ്പമിരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിരുന്നു മേശയില്‍ പിതാവിനു മാത്രമേ കസേരയുള്ളൂ എന്നു കണ്ടാല്‍ എവിടെയാണ് എന്റെ സെക്രട്ടറി, എന്റെ ഡ്രൈവര്‍ എന്നദ്ദേഹം ആരായും. സമ്മേളന സ്ഥലത്തു ചെന്നാലും, ആഘോഷവേളകളില്‍ പോയാലും ഭക്ഷണം കഴിക്കുംമുമ്പ് കൂടെയുള്ളവരുടെ കാര്യം ഉറപ്പുവരുത്താന്‍ പിതാവ് ശ്രദ്ധിച്ചിരുന്നു. പിതാവില്‍നിന്നു പഠിച്ച ഇക്കാര്യം ഇന്നു ഞാനും അനുവര്‍ത്തിക്കുന്നുണ്ട്.
ആരെയും വിഷമിപ്പിക്കാത്ത ആരോടും വിദ്വേഷം പുലര്‍ത്താത്ത പടിയറ പിതാവ് പാവങ്ങളോടും പതിതരോടും വലിയ കാരുണ്യം പ്രദര്‍ശിപ്പിച്ചിരുന്നു. തെരുവില്‍ അലയുന്നവര്‍ക്കായി ഒരു ഭവനം എറണാകുളത്ത് നിര്‍മ്മിക്കണമെന്ന് അദ്ദേഹം അഭിലഷിച്ചിരുന്നു. നാടോടികളായി അലയുന്നവര്‍ക്ക്, പകല്‍സമയങ്ങളില്‍ വിശ്രമത്തിനും ഭക്ഷണത്തിനും ഒരു ഭവനം. എന്നാല്‍ അത്തരത്തിലൊരു ഭവനം ആരംഭിക്കാനായില്ല. ഒരുപക്ഷെ പിതാവ് ആഗ്രഹിച്ചിട്ടു പൂര്‍ത്തീകരിക്കാനാകാതെ പോയ ഒരു പദ്ധതിയാകാമത്. കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും പ്രതിരൂപമായിരുന്നു പിതാവ്. സഹായം ചോദിച്ചുവരുന്നവരെ നിരാശരാക്കാറില്ല. ആ വിധത്തില്‍ വൈദികരെപ്പോലും പിതാവ് സാമ്പത്തീകമായി സഹായിച്ചിട്ടുണ്ട്.
പടിയറ പിതാവിന്റെ ദയാദാക്ഷിണ്യം, വിനയം, കാരുണ്യം, ലാളിത്യം, മാന്യത, അപരനോടുള്ള ബഹുമാനം, ആദരവ്… ഇതെല്ലാം അദ്ദേഹത്തിന്റെ പരിശീലന കാലത്തും വൈദികനായിരുന്ന ഘട്ടത്തിലും ഫ്രഞ്ചു മിഷനറിമാരില്‍ നിന്ന് പകര്‍ന്നു കിട്ടിയതാകാം. ആ വിധത്തില്‍ നല്ലൊരു മിഷനറിയുമാണ് പിതാവ്. ഊട്ടിയിലായിരുന്നപ്പോള്‍ പല ഭാഷകളും അദ്ദേഹം വശത്താക്കി. മിഷനില്‍ അവ പ്രയോജനപ്പെടുത്തി. എന്നെ സംബന്ധിച്ചു ഇപ്പോള്‍ പഞ്ചാബില്‍ സേവനം ചെയ്യുമ്പോള്‍ പടിയറ പിതാവിന്റെ ആ മിഷന്‍ ചൈതന്യം സ്വായത്തമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. മിഷന്‍ പ്ര വര്‍ത്തനങ്ങളോടും മിഷനറിമാരോടും പ്രത്യേകമായൊരു താത്പര്യം പിതാവിനുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് അതി രൂപതയില്‍ അദ്ദേഹം മുന്‍കൈ എടുത്തു സ്ഥാപിച്ച ദേവഗിരിയിലെ വൈദികമന്ദിരം. മിഷനില്‍ സേവനം ചെയ്തു മടങ്ങിവരുന്ന വൈദികര്‍ക്കു വിശ്രമജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ഈ ഭവനം അദ്ദേഹം പണികഴിപ്പിച്ചത്.
വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നിലനിറുത്തുന്നതില്‍ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. സാധാരണക്കാര്‍ മുതല്‍ ഉന്നതസ്ഥാനീയര്‍വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു. വ്യക്തിപരമായി എന്റെ ജീവിതത്തെ വളരെയേറെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. ഒരു പുരോഹിതന്‍ എങ്ങനെയായിരിക്കണം, മാന്യമായി എങ്ങനെ ഇടപെടണം എന്നൊക്കെ അദ്ദേഹത്തില്‍ നിന്നു പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യക്തിനിഷ്ഠയും അച്ചടക്കവും അര്‍പ്പണബോധവും പരസ്‌നേഹവുമെല്ലാം മഹത്തായ ആ ജീവിതത്തില്‍ നിന്നു നമുക്കു പകര്‍ത്തിയെടുക്കാവുന്ന മാതൃകകളാണ്. ആവിധത്തില്‍ രണ്ടു വര്‍ഷക്കാലം പടിയറ പിതാവിനൊപ്പം നടന്ന്, ആ കര്‍മ്മയോഗിയില്‍ നിന്നു ഞാനാര്‍ജ്ജിച്ചെടുത്ത ആത്മീയ ഊര്‍ജ്ജം ഇന്നത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ ശക്തിയും പിന്‍ബലവുമാണു നല്‍കുന്നതെന്ന വസ്തുത അഭിമാനത്തോടെ ഞാന്‍ അനുസ്മരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org