കത്തിനെ കല്പനയാക്കിയ കൗടില്ല്യം

കത്തിനെ കല്പനയാക്കിയ കൗടില്ല്യം

സീറോ മലബാര്‍ സഭയിലെ പരിഷ്‌ക്കരിച്ച കുര്‍ബാനയുടെ ഏകീകൃതാര്‍പ്പണ തീരുമാനം സഭയില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയും അനൈക്യവും സൃഷ്ടിച്ചിരിക്കുകയാണല്ലോ. തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് സിനഡില്‍ പങ്കെടുത്ത മെത്രാന്മാര്‍ പോലും പരസ്യമായി പറയുകയുണ്ടായി. വിശുദ്ധ കുര്‍ബാനയുടെ ഐകരൂപ്യത്തെ സംബന്ധിച്ച മാര്‍പാപ്പയുടെ കത്തിനെ ആദ്യം കല്പനയായും പിന്നെ തിരുവെഴുത്തായും ഒടുവില്‍ ആഹ്വാനമായും മാറ്റിപ്പറഞ്ഞ് സഭാനേതൃത്വം തന്നെ അപഹാസ്യമായി. ഫ്രാന്‍സിസ് പാപ്പയുടെ കത്ത് തര്‍ജ്ജമ്മ ചെയ്യപ്പെട്ട് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനമായി പുറത്തുവന്നപ്പോള്‍ ബോധപൂര്‍വ്വം വരുത്തിയ മാറ്റിമറിക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വഴി പരിശുദ്ധ പിതാവിന്റെ സന്ദേശത്തെ പ്പോലും സമൂഹമധ്യത്തില്‍ വികലമായി അവതരിപ്പിച്ചതെങ്ങനെയെന്നതിനെക്കുറിച്ചുള്ള അന്വേഷണം...

പശ്ചാത്തലം-1: 2021 ജൂലൈ 3-നു പുറത്തുവന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരിലുള്ള കത്ത്. ആ കത്തിലെ നാലാമത്തെ ഖണ്ഡിക മൂലഭാഷയില്‍ വായിക്കാം: "I willingly take the occasion of the recognition of the new Raza Qurbana Taksa to exhort all the clergy, religious and lay faithful to proceed to a prompt implementation of the uniform mode of celebrating the Holy Qurbana, for the greater good and unity of your Church. May the Holy Spirit foster harmony, fraternity and unity among all members of your church as you work to implement the Synodal decision."

പശ്ചാത്തലം-2 : 2021 ആഗസ്റ്റ് മാസം 27-ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്യാലയത്തില്‍നിന്നും നല്കപ്പെട്ട വിവാദപരമായ ഇടയലേഖനത്തിന്റെ ആരംഭം. ഇടയലേഖനത്തില്‍ മാര്‍പാപ്പയുടെ പേരില്‍ പുറത്തുവന്ന കത്തിലെ രണ്ടു വരികള്‍ മാത്രം (നാലാം ഖണ്ഡിക) തെറ്റായി തര്‍ജ്ജമ ചെയ്ത് വ്യാഖ്യാനത്തിന്റെ മഴക്കാറുകള്‍ സൃഷ്ടിച്ചു വിശ്വാസി സമൂഹത്തെ വഞ്ചിച്ചത് ആരാണ്? ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റു നാലു ഖണ്ഡികകളും എന്തിനു തമസ്‌കരിച്ചു? മാര്‍പാപ്പ മുന്‍കൈയെടുത്ത് ഇങ്ങനെ ഒരു കത്ത് എഴുതുക അവിശ്വസനീയം എന്നത് വിസ്മരിക്കാതെ തന്നെ ഈ തമസ്‌ക്കരണത്തിനു പിന്നിലെ ഗൂഢലക്ഷ്യം അറിയുന്നത് വിശ്വാസികളുടെ കണ്ണുതുറപ്പിക്കും! കേരള ജനതയും ലോകജനതയും അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരു ദുരുപയോഗിച്ച്, 'അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം'' (1 സാമു. 15:22) എന്ന ദൈവവചനത്തെ കടമെടുത്ത്, ഇല്ലാത്ത ''ഏകകണ്ഠമായ'' തീരുമാനത്തിന്റെ മാറാല സൃഷ്ടിച്ചെടുത്ത് നേടുന്നത് എന്ത് ആത്മീയവിജയമാണ്? നമ്മുടെ സഭയിലെ ഐക്യം ആരാണിപ്പോള്‍ കവര്‍ച്ച ചെയ്ത് കൊണ്ടുേപായത്? ഐകരൂപ്യത്തിലാണ് ഐക്യമെന്നു നമ്മെ തെറ്റിദ്ധരിപ്പിച്ചത് ആരാണ്?

മാര്‍പാപ്പയുടെ പേരില്‍ പുറത്തുവന്ന കത്തിലെ വാക്കുകളുടെ തെറ്റായ തര്‍ജ്ജമ ഇടയലേഖനത്തില്‍ (2021 സെപ്തംബര്‍ 5-നു ചില ദേവാലയങ്ങളില്‍ വായിക്കപ്പെട്ടത്) കൊടുത്തത് ഇങ്ങനെ:

''പുതിയ റാസ കുര്‍ബാന തക്‌സയ്ക്ക് അംഗീകാരം നല്കുന്ന സന്ദര്‍ഭം ഉപയോഗിച്ചു നിങ്ങളുടെ സഭയുടെ ഐക്യത്തിനും ഉപരി നന്മയ്ക്കുമായി വിശുദ്ധ കുര്‍ ബാനയുടെ അര്‍പ്പണ രീതിയിലുള്ള ഐകരൂപ്യം ഉടനടി നടപ്പിലാക്കാന്‍ എല്ലാ വൈദികരെയും സമര്‍പ്പിതരെയും അല്മായ വിശ്വാസികളെയും ഞാന്‍ ആഹ്വാനം ചെ യ്യുന്നു. സിനഡിന്റെ തീരുമാനം നിങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ഐക്യവും യോജിപ്പും സാഹോദര്യവും പരിപോഷിപ്പിക്കട്ടെ.''

- ഫ്രാന്‍സിസ് മാര്‍പാപ്പാ

എന്നാല്‍ ആദ്യവാചകത്തിന്റെ തര്‍ജ്ജമ നേരോടെ ചെയ്യേണ്ടിയിരുന്നത് ഇങ്ങനെ:

''നിങ്ങളുടെ സഭയുടെ ഉപരി നന്മയ്ക്കും ഐക്യത്തിനും വേണ്ടി വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണ രീതിയിലുള്ള ഐകരൂപ്യത്തിന്റെ സമയബദ്ധമായ ഒരു നിര്‍വ്വഹണത്തിലേക്കു മുന്നേറുന്നതിന് എല്ലാ വൈദികരെയും സമര്‍പ്പിതരെയും അല്മായ വിശ്വാസികളെയും ആഹ്വാനം ചെയ്യുവാന്‍ പുതിയ റാസ കുര്‍ബാന തക്‌സയ്ക്ക് അംഗീകാരം നല്കുന്ന ഈ സന്ദര്‍ഭം ഞാന്‍ സ്വമനസ്സോടെ ഉപയോഗപ്പെടുത്തുന്നു.''

കഥയറിയാതെ ആട്ടം കാണുന്നവരുടെ ''അനുസരണം, ബലിയേക്കാള്‍ ശ്രേഷ്ഠം'' എന്ന ഈരടികള്‍ അവിടവിടെ മുഴങ്ങിക്കേള്‍ക്കുന്നു. ഇവിടെ ആരും ലോകാരാധ്യനായ വലിയ മനുഷ്യന്‍ പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ധിക്കരിച്ചിട്ടില്ല. ധിക്കരിക്കില്ല. ഇവിടത്തെ ധിക്കാരം പരി. പിതാവിനെ നടുവില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന, ചരിത്രം ഒരിക്കലും പൊറുക്കാത്ത മറക്കാത്ത നാളത്തെ തലമുറ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പോ കുന്ന സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്.

ഇനി മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനത്തിലെ തര്‍ജ്ജമയിലെ ചില ശ്രദ്ധേയമാറ്റങ്ങള്‍ ശ്രദ്ധിക്കാം:

1) മാര്‍പാപ്പയുടെ പേരില്‍ വന്ന കത്തിലെ ''സ്വമനസ്സോടെ'' (willingly) എന്ന വാക്ക് ഇടയലേഖനം ആസൂത്രിതമായി ഒഴിവാക്കി. അതിനൊരു ലക്ഷ്യമുണ്ട്. കത്തിനു പിന്നില്‍ ചെലുത്തപ്പെട്ട സ്വാധീനങ്ങളുടെ ധ്വനിപോലും കേള്‍വിക്കാരിലേക്ക് എത്തരുത് എന്ന ലക്ഷ്യം. ''സ്വമനസ്സോടെ'' എന്ന വാക്ക് എങ്ങനെ മൂലകൃതിയില്‍ കടന്നു കൂടി എന്ന ചോദ്യം തന്നെ ചിന്താശക്തിയുള്ളവര്‍ക്കു ചില സത്യങ്ങള്‍ വെളിപ്പെടുത്തും.

2) ഞാന്‍ ''ആഹ്വാനം ചെയ്യുന്നു'' എന്നതല്ല മാര്‍പാപ്പയുടെ പേരില്‍ പുറത്തുവന്ന കത്തിലെ പ്രധാന ക്രിയ. മറിച്ച്, പുതിയ കുര്‍ബാന തക്‌സയ്ക്ക് അംഗീകാരം നല്കുന്ന സന്ദര്‍ഭം ഞാന്‍ ''ഉപയോഗപ്പെടുത്തുന്നു'' എന്നതാണ് പ്രധാന ക്രിയ. വാസ്തവത്തില്‍ ഈ ഐകകണ്ഠമായ അംഗീകാരത്തെ അല്ലായിരുന്നുവോ സഭ ആഘോഷിക്കേണ്ടിയിരുന്നത്? അത് ആരും ആഘോഷിച്ചു കണ്ടില്ലല്ലോ? സത്യമായും ചിലര്‍ കൊടുത്ത ഊന്നലില്‍ ചരിത്രപരമായ പരാജയം സംഭവിച്ചുപോയി!

ഇനി എന്തിനാണ് ഈ പ്രധാനക്രിയ ഇടയലേഖനത്തിലെ തര്‍ജ്ജമയില്‍ മാറ്റിയത്? അതിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ; കല്പനയുടെയും തിരുവെഴുത്തിന്റെയും ആഹ്വാനത്തിന്റെയും നിറം മൂലകൃതിക്കു കൊടുക്കാന്‍. പരി. പിതാവിന്റെ കല്പന എന്നു പരിചയപ്പെടുത്തിയാല്‍ പറയുന്ന കള്ളങ്ങള്‍ വേഗം വിറ്റുപോകാന്‍ സഹായിക്കും.

3) ഇടയലേഖനത്തിലെ തര്‍ജ്ജമയില്‍ ''മുന്നേറുന്നതിന്'' (to proceed to) എന്ന വാക്ക് അപ്പാടെ എടുത്തുകളഞ്ഞു. അങ്ങനെ പരി. പിതാവിന്റെ ''കല്പന''യില്‍ നിന്നും വാക്കുകള്‍ അടര്‍ത്തിമാറ്റാനും വച്ചുപിടിപ്പിക്കുവാനും കഴിയുമോ? സാധാരണഗതിയില്‍ സാദ്ധ്യമല്ല. പക്ഷേ, ഇവിടെ തര്‍ജ്ജമ ചെയ്ത് വിശ്വാസികള്‍ക്കു മുമ്പ് അവതരിപ്പിച്ചവര്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ''മുന്നേറുന്നതിന്'' എന്ന വാക്ക് തര്‍ജ്ജമയില്‍ നിലനിര്‍ത്തിയാല്‍ അത് ആശയപരമായി ചിലര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. മാര്‍പാപ്പയുടെ പേരില്‍ വന്ന കത്ത് യുക്തമായ ഒരു പ്രക്രിയയെ, ''മുന്നേറ്റ''ത്തെ (procedure), ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. ചാടിയെടുക്കേണ്ട ഒരു നടപടിക്രമത്തെക്കുറിച്ചല്ല അവിടെ സൂചിപ്പിക്കുക.

4) വളരെ വിചിത്രമായ ഒരു പാപം ഇടയലേഖനത്തിലെ തര്‍ജ്ജമയില്‍ കുത്തിത്തിരുകിയിട്ടുണ്ട്. ''ഉടനടി'' (promptly) എന്ന വാക്ക് (ക്രിയാവിശേഷണം) മാര്‍പാപ്പയുടെ പേരിലുള്ള കത്തില്‍ ഇല്ല. മറിച്ച്, "a prompt implementation" എന്ന ഇംഗ്ലീഷ്പ്രയോഗത്തിലെ prompt എന്ന നാമവിശേഷണത്തെ ക്രിയാവിശേഷണമാക്കി, നടത്തേണ്ട പ്രക്രിയയെ (procedure) തമസ്‌ക്കരിച്ച് അവതരിപ്പിച്ചതിനു പിന്നില്‍ ഒരു ആസൂത്രിത ലക്ഷ്യമുണ്ട്. മൂലകൃതിയുടെ ഒരു ഭാഗത്തും "to implement promptly" എന്ന പ്രയോഗം ഇല്ല.

ഇടയലേഖനത്തിലെ തര്‍ജ്ജമയില്‍ മൂലകൃതിയില്‍ ഇല്ലാത്ത 'ഉടനടി'' (promptly) എന്ന ക്രിയാവിശേഷണം തിരുകി കയറ്റിയതിലൂടെ അനിവാര്യമായി ഉടനെ നടക്കേണ്ട ''എന്തോ സംഭവ''മാണിത് എന്നു പാവം വിശ്വാസികള്‍ തെറ്റിദ്ധരിച്ചു. തെറ്റിദ്ധരിച്ചതല്ല, ഈ തെറ്റായ തര്‍ജ്ജമയുടെ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കലായിരുന്നു. നടപടിക്രമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ''ഉടനടി'' നടപ്പിലാക്കാന്‍ മാര്‍പാപ്പയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല ''ഉടനടി'' നടപ്പിലാക്കേണ്ട കാര്യങ്ങള്‍ക്ക് ''മുന്നേറേണ്ട'' ആവശ്യമില്ല.

ഇതിനു പുറമേ, വിശ്വാസികളെ അതിവിദഗ്ദ്ധമായ ഒരു മോഹനിദ്രയിലേക്കു (trance) തള്ളിക്കൊണ്ട് promptly (ഉടനടി) എന്ന ഇംഗ്ലീഷു വാക്കു തന്നെ ഇതേ ല ക്ഷ്യത്തോടെ ഇടയലേഖനത്തിന്റെ 6-ാം ഖണ്ഡികയില്‍ വീണ്ടും തിരുകിക്കയറ്റി:

''സിനഡിന്റെ തീരുമാനം ഉടനടി (promptly) നടപ്പിലാക്കാന്‍ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നു.'' അങ്ങനെയൊരു നിര്‍ബന്ധവും ''ഉടനടി'' പ്രയോഗവും മാര്‍പാപ്പയുടെ പേരിലുള്ള ഒറിജിനല്‍ കത്തില്‍ ഇല്ലാത്തതിനാലും അത് തര്‍ജ്ജമയിലും വിശദീകരണത്തിലും കാണുന്നതിനാലും മാര്‍പാപ്പ ഉത്തരവാദിത്വപ്പെട്ടവരോട് ക്ഷമിക്കുമായിരിക്കും അല്ലേ?

5) ഇതിനു പുറമേ, മാര്‍പാപ്പയുടെ പേരില്‍ വന്ന കത്തിലെ ''നിങ്ങളുടെ സഭയുടെ ഉപരി നന്മയ്ക്കും ഐക്യത്തിനും വേണ്ടി'' എന്ന വാക്കുകളെ ഇടയലേഖനത്തിലെ തര്‍ജ്ജമയില്‍ ക്രമം മാറ്റി തെറ്റിദ്ധാരണ സൃഷ്ടിച്ചു. ''ഐക്യത്തിനും ഉപരി നന്മയ്ക്കുമായി'' എന്ന ഒരു ക്രമം മാറ്റലിലൂടെ, ''സഭയുടെ ഉപരി നന്മ'' എന്ന മുന്‍ഗണനയെ പിന്നോട്ടുതള്ളി മൊഴി മാറ്റി കേള്‍വിക്കാരെ വഴിതെറ്റിച്ചു. ഐക്യരൂപ്യത്തെ ഐക്യമായി കാണുമ്പോള്‍ അതി നു മുന്‍ഗണന കൊടുക്കണമെന്നു തര്‍ജ്ജമക്കാരോ തര്‍ജ്ജമ തിരുത്തിയവരോ കരുതിക്കാണും. എന്തായാലും ലക്ഷ്യം തത് ക്കാലം കുറിക്കുകൊണ്ടു.

ഇവിടെ മാര്‍പാപ്പയുടെ പേരില്‍ പുറത്തുവന്ന കത്തിലെ നാലാം ഖണ്ഡിക രണ്ടാം വാചകം ഇംഗ്ലീഷില്‍ വായിക്കാം:

"May the Holy Spirit foster harmony, fraternity and unity among all members of your church as you work to implement the Synodal decision."

ഇനി ഇടയലേഖനത്തിലെ തര്‍ജ്ജമ കാണുക:

''സിനഡിന്റെ തീരുമാനം നിങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ഐക്യവും യോജിപ്പും സാഹോദര്യവും പരിപോഷിപ്പിക്കട്ടെ.''

അതേസമയം മാര്‍പാപ്പയുടെ പേരിലുള്ള കത്തിെല ഈ വാക്കുകളുടെ യഥാര്‍ത്ഥ തര്‍ജ്ജമ ഇവിടെ കൊടുക്കുന്നു:

''സിനഡിന്റെ തീരുമാനം നടപ്പില്‍ വരുത്തുവാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളുടെയും ഇടയില്‍ യോജിപ്പും സാഹോദര്യവും ഐക്യവും പരിശുദ്ധാ ത്മാവ് പരിപോഷിപ്പിക്കട്ടെ.''

കേരള ജനത, ലോകജനത അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ പേരു ദുരുപയോഗിച്ച്, ഇല്ലാത്ത ''ഏകകണ്ഠമായ'' തീരുമാനത്തിന്റെ മാറാല സൃഷ്ടിച്ചെടുത്ത് നേടുന്നത് എന്ത് ആത്മീയ വിജയമാണ്? ഐകരൂപ്യത്തിലാണ് ഐക്യമെന്നു നമ്മെ തെറ്റിദ്ധരിപ്പിച്ചത് ആരാണ്?

ഇനി ഇടയലേഖനത്തിലെ ആസൂത്രിതമായ തര്‍ജ്ജമയുടെ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാം.

1) ''നടപ്പില്‍ വരുത്തുവാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍'' എന്ന യഥാര്‍ത്ഥ കത്തിലെ വാക്കുകള്‍ ഒരു അട്ടിമറിയിലൂടെ മാറ്റി ഇടയലേഖനം ഇങ്ങനെ എഴുതി: ''നിങ്ങള്‍ നടപ്പിലാക്കുമ്പോള്‍.'' ഇടയലേഖനത്തിലെ ഈ തര്‍ജ്ജമയ്ക്കു പിന്നില്‍ ഒരു കപട നയമുണ്ട്. അതായത് നടപ്പില്‍ വരുത്തുവാനുള്ള ''ശ്രമം'' ഒരു പ്രക്രിയ(process)യെ ധ്വനിപ്പിക്കുന്നു. ഒരു ഉത്തരവാദിത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. ഈ അവസരത്തില്‍ ഇടയലേഖനം വായിക്കപ്പെട്ടപ്പോള്‍ ഉദ്ദേശിച്ച മോഹനിദ്രയുടെ രണ്ടാമത്തെ തലത്തിലൂടെയും ചില വിശ്വാസികള്‍ കടന്നുപോയി. അതായത് പരി. പിതാവിന്റെ പേരില്‍ പുറത്തുവന്ന കത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് 2021 ജൂലൈ 3-ന് ആണെന്നിരിക്കിലും, ആഗസ്റ്റ് 16 മുതല്‍ 27 വരെ നടന്ന ഓണ്‍ലൈന്‍ സിനഡിനെക്കുറിച്ചാണ് പരി. പിതാവിന്റെ സന്ദേശം എന്ന ചിന്ത അവിടെ സൃഷ്ടിക്കപ്പെട്ടു.

2) അതേസമയം അംഗീകരിക്കാന്‍ സാധിക്കാത്ത പ്രധാനപ്പെട്ട മറ്റൊരു തിരിമറിയും ഇടയലേഖനത്തിലെ തര്‍ജ്ജമയില്‍ കാണാം. ഒറിജിനല്‍ കത്തിലെ ''യോജിപ്പും സാഹോദര്യവും ഐക്യവും'' എന്നീ വാക്കുകളുടെ ക്രമത്തില്‍ തിരിമറി നടത്തി ഇടയലേഖനം ഇങ്ങനെയെഴുതി:

''ഐക്യവും യോജിപ്പും സാഹോദര്യവും.'' ഇവിടെയും സഭാംഗങ്ങള്‍ തമ്മിലുള്ള, ഉണ്ടായിരുന്ന, ''യോജിപ്പിനും സാഹോദര്യത്തിനും'' വിലകുറച്ചു കാണിച്ച് അവസാനഭാഗത്തേക്കു തള്ളി 'ഐക്യം' (ഐകരൂപ്യം എന്ന ഭാഷ്യം ധ്വനിക്കും വിധം) മുന്നിലേക്കു കൊണ്ടുവന്നു. അങ്ങനെ യഥാര്‍ത്ഥ കത്തിന്റെ ഭാഗിക തര്‍ജ്ജമയിലൂടെ ചിന്താശേഷി ഉള്ളവര്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്ന വരികള്‍ക്കിടയിലെ പൊതുചൈതന്യവും ഉള്ളടക്കവും വളച്ചൊടിച്ചു ദുരുപയോഗിച്ച് ഇടയലേഖനത്തിലൂടെ വിശ്വാസികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. എന്തായാലും കഥയറിയാതെ ആട്ടം കാണുന്നവരുടെ ''അനുസരണം, ബലിയേക്കാള്‍ ശ്രേഷ്ഠം'' എന്ന ഈരടികള്‍ അവിടവിടെ മുഴങ്ങിക്കേള്‍ക്കുന്നു. ഇവിടെ ആരും ലോകാരാധ്യനായ വലിയ മനുഷ്യന്‍ പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ധിക്കരിച്ചിട്ടില്ല. ധിക്കരിക്കില്ല. ഇവിടത്തെ ധിക്കാരം പരി. പിതാവിനെ നടുവില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന, ചരിത്രം ഒരിക്കലും പൊറുക്കാത്ത മറക്കാത്ത നാളത്തെ തലമുറ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പോകുന്ന സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്.

ഉദയംപേരൂര്‍ സിനഡിനു മുമ്പ് റോമിലെ മാര്‍പാപ്പയുടെ ജൂബിലി സന്ദേശം വരുത്തിച്ച്, നിഷ്‌ക്കളങ്കരായ വിശ്വാസികളെ വശത്താക്കിയ 'മെനേസിസ് തന്ത്രം' താത്ക്കാലികമായ വിജയത്തിന്റെ പ്രതീതി സൃഷ്ടിച്ചെങ്കിലും ആത്യന്തികമായി സഭയുടെ പിളര്‍പ്പിലേക്കു നയിച്ചത് നമുക്കെല്ലാവര്‍ക്കും ഓര്‍മ്മയുണ്ടല്ലോ. അന്ന് അങ്കമാലിയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ എബ്രാഹം പിതാവിന്റെ നിലപാട് ഇങ്ങനെയായിരുന്നു: 'ജൂബിലി നല്ലതാണ്. പക്ഷേ, ഞാന്‍ അത് ദുരുപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല.' മാര്‍ എബ്രാഹം പിതാവ് കാണിച്ചു തന്ന ശക്തമായ നിലപാടിന്റെ പിന്‍തുടര്‍ച്ചക്കാരായി നമുക്കുമാറാം; യഥാര്‍ത്ഥ സഭാസ്‌നേഹികളായി തുടരാം.

അടിക്കുറിപ്പ്: പരി. പിതാവിന്റെ പേരില്‍ പുറത്തുവന്ന കത്തില്‍ തമസ്‌ക്കരിക്കപ്പെട്ട, അതേ സമയം ചിന്തോദ്ദീപകമായ, ചില കാര്യങ്ങള്‍ ഉണ്ട്. അത് ''പ്രതിസന്ധികളില്‍ തുടര്‍ന്നു കൊണ്ടേയിരിക്കേണ്ട വിവേചനബുദ്ധി''യെക്കുറിച്ചു പറയുന്നു.

''സംഘര്‍ഷങ്ങള്‍ക്കു മേല്‍ വിജയം നേടുന്ന ഐക്യ''ത്തെക്കുറിച്ചു പറയുന്നു, ഐകരൂപ്യത്തെക്കുറിച്ചല്ല.

"Time is greater than space'' എന്ന പരി. പിതാവിന്റെ വാക്കുകളുടെ അര്‍ത്ഥം നമുക്ക് പ്രചോദനമാകട്ടെ.

സീറോ മലബാര്‍ സഭയിലെ ചിലരുടെ ഐകരൂപ്യത്തെക്കുറിച്ചുള്ള ഇടുങ്ങിയ വേവലാതികളെ മറികടക്കുന്ന പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശാലമായ രണ്ടു പൊതുചിന്തകളുടെ സാന്നിദ്ധ്യം ജൂലൈ മൂന്നിനു പുറത്തുവന്ന കത്തില്‍ ഉള്ളത് ഒരേ സമയം ഒരു വൈരുദ്ധ്യവും അതേ സമയം പ്രതീക്ഷ നല്കുന്നതുമാണ്. ഈ വിശാലചിന്തകള്‍ സീറോ മലബാര്‍ വിശ്വാസികളില്‍ നിന്നും ആസൂത്രിതമായ മൊഴിമാറ്റത്തിലൂടെ താല്ക്കാലികമായി മറച്ചുവെച്ചെങ്കിലും ആത്യന്തികമായി പരി. പിതാവിന്റെ യഥാര്‍ത്ഥ സിനഡല്‍ വീക്ഷണങ്ങളെ മറയില്ലാതെ വെളിപ്പെടുത്തുന്നു. ഈ വിശാലചിന്തകളുടെ ഭാവാത്മകമായ പുഷ്പിക്കല്‍ 2023-ല്‍ സമാപിക്കുവാന്‍ പോകുന്ന ആഗോള കത്തോലിക്കാ സഭയുടെ സിനഡാലിറ്റിയെ സംബന്ധിച്ച കൗണ്‍സിലില്‍ നമുക്കു ദര്‍ശിക്കാനായേക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org