
മാരക അസുഖങ്ങളോ, പ്രായാധിക്യം മൂലമോ മൂന്ന് ആഴ്ച മുതല്‍ മൂന്ന് മാസം വരെയുള്ള അവസാന നാളുകളില്‍ പെട്ടിരുന്നവരെ ശുശ്രൂഷിച്ചിരുന്ന ബ്രോണി വെയര്‍ എന്ന ആസ്‌ട്രേലിയന്‍ എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയും എഴുതിയ പുസ്തകമാണിത്. 32 ഭാഷകളിലേക്ക് ഇതിനോടകംതന്നെ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഇവര്‍, മരണം ഉറപ്പായവരെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന അവസരങ്ങളില്‍ അങ്ങനെയുള്ളവര്‍ പങ്കുവച്ച തീവ്ര ദുഃഖങ്ങളും സംഭവങ്ങളും അനാവരണം ചെയ്യുന്ന പുസ്തകമാണിത്. കാതലായ ചില പ്രധാന സംഭാഷണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ പുസ്തക നിരൂപണം.
താഴെ കൊടുത്തിരിക്കുന്ന അഞ്ച് പ്രധാന ദുഃഖങ്ങളാണ് മിക്കവാറും എല്ലാവരില്‍ നിന്നും ബ്രോണി വെയറിന് കേള്‍ക്കാന്‍ കഴിഞ്ഞത്.
1. മറ്റുള്ളവര്‍ പ്രതീക്ഷിച്ചതുപോലെയല്ല, മറിച്ച് എനിക്ക് താല്‍പ്പര്യം തോന്നിയ കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ലല്ലോ?
80 വയസ്സിനടുത്ത ഗ്രേസിന്റെ ജീവിതം ക്രൂരനും, കര്‍ക്കശക്കാരനുമായ ഭര്‍ത്താവിന്റെ ഭീഷണി നിറഞ്ഞ് ജീവിതത്തിന് വിധേയപ്പെട്ട് ജീവിക്കുക എന്നതായിരുന്നു. ഭര്‍ത്താവ് രോഗാവസ്ഥയില്‍ കെയര്‍ ഹോമില്‍ ശുശ്രൂഷയിലായിരിക്കുമ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ഗ്രേസ് ശ്രമിക്കുന്നു. എന്നാല്‍, മാറാരോഗത്തിന്റെ പിടിയില്‍പ്പെട്ട് ഒട്ടും വൈകാതെ അവര്‍ മരണമടയുന്നു. അപ്പോള്‍ ഗ്രേസ് ബ്രോണി വെയറിനോട് പ്രതിജ്ഞ എടുപ്പിക്കുന്നു. ഗ്രേസിന് പറ്റിയ അബദ്ധം ബ്രോണി വെയറിന് വന്നു ഭവിക്കരുത് എന്നതാണ്.
ഈ സങ്കടമാണ്, ഭീഷണിയില്‍ ജീവിതം തീര്‍ക്കുന്ന, അടിമപ്പെടലിന്റെ അവസ്ഥ ഭൂരിഭാഗം മരിക്കുന്നവരും ബ്രോണിയോട് പങ്കിട്ടുവത്രേ. അതായത് തന്റേതായ ചെറിയ ഇഷ്ടങ്ങള്‍ പോലും ജീവിതത്തിന്റെ നല്ല നാളുകളില്‍ ചെയ്യാനായില്ല എന്നത്.
2. ഞാന്‍ ഇത്രയും അധ്വാനിക്കേണ്ടിയിരുന്നില്ല
ഒരു ജോണിന്റെയും മാര്‍ഗ്രറ്റിന്റെയും ജീവിതകഥ. രണ്ടു പേരും 80 വയസ്സിനോടടുക്കുന്നു. ജോണിന് 65 വയസ്സായപ്പോള്‍ മുതല്‍ തങ്ങളുടെ സമ്പാദ്യമൊക്കെ ധാരാളം മതി തുടര്‍ ജീവിതത്തിന് എന്ന് മാര്‍ഗ്രറ്റ് ജോണിനോട് പറയുന്നു. അവരുടെ മക്കളുടെ കാര്യങ്ങളെല്ലാം നടത്തിയ സ്ഥിതിക്ക് അല്‍പ്പ സമയം സ്വന്തം സന്തോഷങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. പക്ഷേ, ഓരോ വര്‍ഷവും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് 15 വര്‍ഷങ്ങള്‍കൂടി കടന്നുപോകുന്നു. അവസാനം 80-ാമത്തൈ വയസ്സില്‍ യാത്ര പോകാന്‍ തീരുമാനിക്കുന്ന അവസ്ഥയില്‍ മാര്‍ഗ്രറ്റ് തീരാരോഗി ആകുകയും ജോണ്‍ ജോലി മതിയാക്കുന്നതിനുമുമ്പേ മാര്‍ഗ്രറ്റ് മരണപ്പെടുകയും ചെയ്യുന്നു. ജോണിന്റെ വിലാപം ഇത്രയും അധികം കഷ്ടപ്പെടേണ്ടായിരുന്നു എന്നതാണ്. കൂടുതല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന വ്യഗ്രതയില്‍ നഷ്ടപ്പെട്ട ജീവിതത്തിന്റെ കഥ.
3. എന്റെ വികാരങ്ങള്‍ പ്ര കടിപ്പിക്കുവാനുള്ള ധൈര്യം എനിക്ക് ഇല്ലാതെ പോയല്ലോ?
ജോസഫ് ഒത്തിരി അധികം അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നതുകൊണ്ട് വയര്‍ വീര്‍ക്കുന്ന അസുഖമായി ശുശ്രൂഷാ ഹോമിലാണ്. ഭാര്യ ജെസ്സില്ലയും മക്കളും ജോസഫ് മരണാസന്നനാണെന്ന് ജോസഫിനോട് തുറന്ന് പറയുന്നില്ല. മറിച്ച്, മക്കള്‍ ധനം വിഭജിക്കുന്നതിനെക്കുറിച്ചും, ഭാര്യ ജോസഫ് രക്ഷപ്പെടുമെന്ന വ്യാജേന കൂടുതല്‍ ആഹാരം കൊടുക്കാന്‍ ശ്രമിച്ചും സമയം കളയുന്നു. ചെലവ് ചുരുക്കാന്‍ കുറഞ്ഞ ചെലവിലുള്ള ശുശ്രൂഷവരെ ഏര്‍പ്പാടാക്കുന്നു. തന്റെ കഷ്ടതകള്‍ അറിയിക്കാതെ മറുനാട്ടില്‍ ജോസഫ് അനുഭവിച്ച കഷ്ടതകള്‍ വൃഥാവിലായല്ലോ എന്നതാണ് ജോസഫിന്റെ ദുഃഖം. വികാര വിചാരങ്ങള്‍ പങ്കിടാതെ വീട്ടകങ്ങള്‍ അടഞ്ഞ അധ്യായങ്ങളായി മാനസിക പിരിമുറുക്കങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ കഥയാണിത്.
4. ഞാനെന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരിക്കാന്‍ കഴിഞ്ഞില്ലല്ലോ?
ആഡംബര പ്രിയയായ ഡോറിസിന് ജപ്പാനില്‍ താമസമാക്കിയ ഒരേ ഒരു മകള്‍ മാത്രമാണുണ്ടായിരുന്നത്. വൃദ്ധസദനത്തില്‍ വന്നിട്ട് ആരും തന്നോട് മിണ്ടുന്നില്ല എന്നാണ് അവരുടെ പരാതി. അവരുടെ ആഗ്രഹം മരിക്കുന്നതിനു മുമ്പ് തന്റെ വളരെ പ്രിയപ്പെട്ട നാല് കൂട്ടുകാരെ കാണുവാനുള്ള ആഗ്രഹമാണ്. ബ്രോണി വെയര്‍ ആ നാലുപേരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. അതില്‍ രണ്ടുപേര്‍ നേരത്തെ മരിച്ചുപോയി എന്നറിയുന്നു. മൂന്നാമത്തെയാള്‍ തളര്‍ന്ന് കിടപ്പാണ്. അവസാനത്തെ ആളായ ലൊറയിനുമായി ഡോറിസ് വളരെ ഹൃദയം തുറന്ന് സംസാരിക്കുന്നു. അങ്ങനെ അതീവ സന്തുഷ്ടയാകുന്നു. പക്ഷേ, പിറ്റേ ദിവസം ഉച്ചയ്ക്ക് ബ്രോണി വെയറിന് വൃദ്ധസദനത്തില്‍നിന്നും വരുന്ന സന്ദേശം ഡോറിസ് ലൊറയിനുമായി സംസാരിച്ച ശേഷം രാത്രിയില്‍ നിദ്രയില്‍ മരണപ്പെട്ടു എന്നാണ്. സന്തോഷത്തില്‍ ആത്മനിര്‍വൃതിയോടെയുള്ള അന്ത്യമെന്ന് ബ്രോണിവെയര്‍ സാക്ഷിക്കുന്നു.
5. ഞാന്‍ എന്നെത്തന്നെ കൂടുതല്‍ സന്തോഷിപ്പിക്കേണ്ടതായിരുന്നു.
റോസ്‌മേരി ഒരു അന്താരാഷ്ട്ര കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. വൃദ്ധസദനത്തില്‍ വന്നശേഷം അവര്‍ എല്ലാവരോടും ദേഷ്യത്തിലാണ്. ആരെക്കണ്ടാലും ചിരിക്കുകയോ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യില്ല. കാരണം, തന്റെ വിവാഹമോചനത്തെപ്പറ്റിയുള്ള ചിന്തകളാണ് അവരെ മറ്റുള്ളവരില്‍നിന്ന് അകറ്റിയത്. ശാരീരികവും, മാനസികവുമായ പീഡനങ്ങളാണ് വിവാഹ മോചനത്തിലേക്ക് അവരെ നയിച്ചത്. മരണത്തെ ഏറ്റവും ഭയപ്പെട്ടിരുന്ന അവര്‍ ''എങ്ങനെയാണ് മരിക്കുന്നത്?'' എന്ന് ബ്രോണിയോട് സ്ഥിരം ചോദിക്കുമായിരുന്നു. മരണത്തെ ഭയപ്പെടേണ്ട ഒന്നല്ലെന്നും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളണമെന്നും റോസിയെ പറഞ്ഞ് മനസ്സിലാക്കുവാന്‍ ബ്രോണിക്ക് ഒത്തിരി കഷ്ടപ്പെടേണ്ടിവന്നു.
അലസമായതും, അര്‍ത്ഥരഹിതവും, ദിശാബോധവും ഇല്ലാത്ത ജീവിതത്തെ വിട്ടകന്ന് ദൈവം ദാനമായി നല്‍കിയ ഭൂമിയിലെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ ഈ പുസ്തകത്തിലെ മറ്റ് പല അനുഭവസാക്ഷ്യങ്ങളും ഉപവിശദീകരണങ്ങളും സഹായിക്കും. വൃദ്ധജനങ്ങളെ പരിചരിക്കുന്നതും (Geriatric Care), മാറാരോഗികളെ ശുശ്രൂഷിക്കുന്നതും (Care of Terminally Ill Patients) അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിന്റെ മഹത്വവും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
വലിയ വലിയ കാര്യങ്ങളിലല്ല, മറിച്ച് ചെറിയ ചെറിയ പ്രവര്‍ത്തികളിലാണ് ജീവിതത്തിന്റെ സന്തോഷം അടങ്ങിയിരിക്കുന്നതെന്ന് ഈ പുസ്തകം അടിവരയിട്ട് പറയുന്നു. ഒരു പൂന്തോട്ടം പരിപാലിക്കുന്നതോ, പുസ്തകം വായിക്കുന്നതോ, ശാന്തമായിരുന്ന് പ്രാര്‍ത്ഥിക്കുന്നതോ, നല്ല സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ എന്തുമാവാം അത്തരം ചെറിയ കാര്യങ്ങള്‍. നല്ല ഉള്‍ക്കാഴ്ച തരുന്ന ഈ പുസ്തകത്തിലെ ചില പ്രധാന ജ്ഞാന വചസ്സുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
മാറാരോഗിയാകുമ്പോള്‍, ഞാനെന്ന ഭാവവും, നാണവും ഇല്ലാ താകുന്നു. (Page 17)
നമ്മുടെ ജോലികള്‍ ''ഹൃദയത്തിന്റെ സംഗീത''മായാല്‍ ജോലി ഒരിക്കലും ഭാരമാകുന്നില്ല. (Page 82)
ഏകാന്തത (Being Alone) പരിഹരിക്കാവുന്നതാണ്, പക്ഷേ, ഒറ്റപ്പെടലിന് (Loneliness) നാം പരിഹാരം കണ്ടേത്തണ്ടതാണ് (Page 138)
മനുഷ്യന്‍ ബലഹീനനാണ്. മറ്റുള്ളവരോട് തുറന്ന് പറയാനും സഹായം നേടാനും മടിക്കരുത്. (Page 119)
ആരോഗ്യം സ്വാതന്ത്ര്യമാണ്. അതുകൊണ്ട് ആരോഗ്യം കാത്ത് സംരക്ഷിക്കുക.