മാതാപിതാക്കള്‍ക്ക് അഞ്ച് പാഠങ്ങള്‍

മാതാപിതാക്കള്‍ക്ക് അഞ്ച് പാഠങ്ങള്‍

1) ഒന്നാം പാഠം അവബോധത്തിന്റേതാണ്. വിശ്വാസ പരിശീലനം എന്ന സമഗ്രവും വിപുലവുമായ പ്രക്രിയയെ ആഴത്തില്‍ മനസ്സിലാക്കുക എന്നതാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചതുപോലെ തങ്ങളാണ് മക്കളുടെ പ്രഥമ അധ്യാപകരും, പ്രധാന അധ്യാപകരും എന്ന് അവര്‍ തിരിച്ചറിയണം. സണ്‍ഡേ മാത്രമുള്ള ഒരു സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഒന്നല്ല വിശ്വാസ പരിശീലനം എന്നും യഥാര്‍ത്ഥത്തില്‍ ആ സ്‌കൂള്‍ 24 ഃ 7 പ്രവര്‍ത്തിക്കേണ്ടത് വീട്ടിലാണെന്നും അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ഒട്ടേറെ പേരുടെ സംഘപ്രയത്‌നമാണ് വിശ്വാസ പരിശീലനമെങ്കിലും അതിന്റെ ലീഡ് റോള്‍ തങ്ങള്‍ക്കാണെന്ന അവബോധം മാതാപിതാക്കളെ നയിക്കണം.

2) രണ്ടാം പാഠം സ്‌നേഹസമൃദ്ധിയുടേതാണ്. വീട്, വീട് മാത്രമല്ലെന്നും വിദ്യാലയവും ദേവാലയവും പര്‍ണ്ണശാലയും പുസ്തകശാലയും വിനോദകേന്ദ്രവും എല്ലാം ഒത്തുചേരുന്ന ജീവസമൃദ്ധിയുടെ കേന്ദ്രമാണെന്നും മാതാപിതാക്കള്‍ മനസ്സിലാക്കണം. വീട് പരമമായ ആനന്ദത്തിന്റെ ഇടമാകുമെങ്കില്‍ വീട്ടില്‍ കിട്ടാത്ത ആനന്ദം തേടി മക്കള്‍ സൈബര്‍ തെരുവുകളില്‍ അലയേണ്ടി വരില്ല. ഉപാധികളില്ലാതെ സ്‌നേഹിക്കാനും അധ്വാനിച്ച് വിജയം വരിക്കാനും ആത്യന്തികമായി ഒരു നല്ല മനുഷ്യവ്യക്തി ആകാനും വീട് എന്ന മഹാവിദ്യാലയത്തില്‍ മക്കള്‍ പഠിക്കട്ടെ.

നീ ആരായിത്തീര്‍ന്നാലും നിന്റെ അച്ഛനെയും അമ്മയെയും പോലെ ആകരുത് എന്ന് മക്കളോട് പറയുകയും പറയാതെ പറയുകയും ചെയ്യേണ്ടി വരുന്നതിലും വലിയ ദുരന്തം മറ്റെന്തുണ്ട്?

3) മൂന്നാം പാഠം മാതൃകയുടേതാണ്. 'ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍' എന്ന് (1 കോറി. 11:1) ആത്മവിശ്വാസത്തോടെ ഏറ്റുപറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. നീ ആരായിത്തീര്‍ന്നാലും നിന്റെ അച്ഛനെയും അമ്മയെയും പോലെ ആകരുത് എന്ന് മക്കളോടു പറയുകയും, പറയാതെ പറയുകയും ചെയ്യേണ്ടി വരുന്നതിലും വലിയ ദുരന്തം മറ്റെന്തുണ്ട്? അപ്പനും അമ്മയും ആയിരിക്കുമ്പോള്‍ തന്നെ മക്കളുടെ ഗുരുവും വഴികാട്ടിയും മെന്ററും സുഹൃത്തും റോള്‍മോഡലും ആകാന്‍ ശ്രമിക്കുക. ആത്മീയമായും മാനസികമായും വൈകാരികമായും അവരെ അനുയാത്ര ചെയ്യുക. അവരെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക. ദുഃഖങ്ങളില്‍ ആശ്വാസവും പ്രതിസന്ധികളില്‍ സഹായവും പരാജയങ്ങളില്‍ പിന്തുണയും നല്‍കി കൂടെ നില്‍ക്കുക. അവരുടെ കൊച്ചു സന്തോഷങ്ങളില്‍ പങ്കുചേരുകയും ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുകയും ചെയ്യുക.

4) നാലാം പാഠം സൗഭാഗ്യത്തിന്റേതാണ്. ദുഷ്ടരായിരിക്കെ മക്കള്‍ക്ക് നല്ല ദാനങ്ങള്‍ നല്‍കുന്നവരെക്കുറിച്ച് യേശു സംസാരിക്കുന്നുണ്ട് (ലൂക്കാ 11:13). മക്കള്‍ കര്‍ത്താവിന്റെ 'ദാനവും സമ്മാനവു'മാണെന്ന് (സങ്കീ. 127:3) തിരിച്ചറിയുന്ന മാതാപിതാക്കള്‍ അവര്‍ക്ക് കര്‍ത്താവിനെ സമ്മാനിക്കും. കാനഡയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മക്കള്‍ക്ക് ദാനമായി നല്‍കുമ്പോഴും തമ്പുരാനെ സമ്മാനിക്കാന്‍ മറക്കുന്ന മാതാപിതാക്കള്‍, 'ഒരുവന്‍ ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍' എന്ന യേശുവചനത്തിലെ ഒരുവന്‍ എന്ന ആദ്യ വാക്കിന് പകരം മക്കള്‍ എന്നു ചേര്‍ത്ത് സ്വയം ചോദിക്കണം. 'ദൈവമാണ് യഥാര്‍ത്ഥ ആനന്ദമെന്നും വിശ്വാസധനമാണ് സര്‍വധനാല്‍ പ്രധാനമെന്നും' തിരിച്ചറിയാന്‍ മക്കളെ സഹായിക്കുക എന്നതാണ് വിശ്വാസ പരിശീലനത്തിന്റെ അടിസ്ഥാന ലക്ഷ്യം എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കട്ടെ. ഉള്ളുനൊന്തു വിളിച്ചാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും വിളിപ്പുറത്തെത്തുന്ന സൗഭാഗ്യം സഹജമായും സൗജന്യമായും ലഭിച്ചിട്ടുള്ളവരാണെന്ന അവബോധത്തിലേക്ക് മക്കളെ ഉണര്‍ത്തുന്ന പ്രക്രിയയുടെ പേരാണ് വിശ്വാസ പരിശീലനം എന്നും അവര്‍ മനസ്സിലാക്കട്ടെ.

5) അഞ്ചാം പാഠം ആല്‍ഫയുടെയും ഒമേഗയുടേതുമാണ്. കാലം ദുഷിച്ചതാണ്. ദുഷിപ്പുകളില്‍ നിന്ന് മക്കളെ കാക്കുന്ന കാവല്‍ മാലാഖമാരായും ഇക്കാലത്ത് മാതാപിതാക്കള്‍ മാറേണ്ടതുണ്ട്. നന്മ പ്രവര്‍ത്തിക്കാനും നീതി അന്വേഷിക്കാനും സത്യത്തെ സ്‌നേഹിക്കാനുമുള്ള പരിശീലനം വീട്ടിലാണ് നടക്കേണ്ടത്. വീടാണ് യഥാര്‍ത്ഥ വേദപാഠശാല. വേദവും വേദാന്തവും ഒക്കെ പൂര്‍ണ്ണമാകുന്നത് ആല്‍ഫയും ഒമേഗയുമായ യേശുക്രിസ്തുവിലാണ്. അവനെ സ്പഷ്ടമായി അറിയാനും പ്രിയങ്കരമായി സ്‌നേഹിക്കാനും ഹൃദയപരമാര്‍ത്ഥതയോടെ ആരാധിക്കാനും ആഹ്ലാദത്തോടെ അനുഗമിക്കാനും ധൈര്യത്തോടെ പ്രഘോഷിക്കാനും മക്കളെ പ്രാപ്തരാക്കുന്ന സിദ്ധിയും സാധനയും കൈമാറുന്നതിനെയാണ് വിശ്വാസ പരിശീലനം എന്ന് വിളിക്കുന്നത്. അതിന് മാതാപിതാക്കളെ സഹായിക്കുന്നതും ആദിയും അന്തവുമായ അവന്‍ തന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org