സാമൂഹ്യ ഇടപെടലുകളിലെ സഭയുടെ നാല് വീഴ്ചകള്‍

സാമൂഹ്യ ഇടപെടലുകളിലെ സഭയുടെ നാല് വീഴ്ചകള്‍
മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ ക്രൈസ്തവ മതപീഡനം രണ്ടര മാസം പിന്നിട്ടു കഴിഞ്ഞപ്പോളാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂര പീഡനത്തിന്റെ കഥകളും അതിഭീകരമായ നഷ്ടങ്ങളുടെ കണക്കുകളും പുറത്തു വരുന്നത്. ജാതിമത, രാഷ്ട്രീയ സാമൂഹ്യ ഭേദമെന്യേ വ്യക്തികളും സമൂഹങ്ങളും അതിനെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വിദേശ സര്‍ക്കാരുകളും ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ചും ന്യൂനപക്ഷങ്ങള്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.

മണിപ്പൂര്‍ കലാപം

മണിപ്പൂരിലും കേന്ദ്രത്തിലും ഭരിക്കുന്ന വലതുപക്ഷ ഹിന്ദുത്വ അജണ്ടയുള്ള സര്‍ക്കാരുകള്‍ 2014 മുതല്‍ ഇന്ത്യയുടെ ബഹുസ്വരത, മത നിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഭരണസ്വഭാവം, വികേന്ദ്രീകൃത അധികാര വിനിയോഗം എന്നിവയുടെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. റോഡ്, റെയില്‍ പോലുള്ള ഗതാഗതം, വ്യോമ-നാവിക പോര്‍ട്ടുകളുടെ വികസനം എന്നിവപോലുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ ദീര്‍ഘ വീക്ഷണമുള്ള മുന്‍ സര്‍ക്കാരുകള്‍ ഇട്ടിട്ടുള്ള അടിസ്ഥാനത്തിന്മേല്‍ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഒരു ജനതയുടെ യഥാര്‍ത്ഥ വികസനത്തിന്റെ മാനദണ്ഡങ്ങളായ സമാധാനം, മാനവിക വികസനം, അടിസ്ഥാന വര്‍ഗങ്ങളുടെ സാമ്പത്തിക-സാമൂഹ്യ സുസ്ഥിരത എന്നിവയെ ബി ജെ പി നേതൃത്വത്തിലുള്ള ഭരണകൂടം താറുമാറാക്കി എന്ന് തന്നെയാണ് പൊതു സമൂഹം വിലയിരുത്തുന്നത്. വിഭിന്നങ്ങളായ മത വിഭാഗങ്ങളെയും, ജാതി വിഭാഗങ്ങളെയും, തമ്മിലടിപ്പിക്കുകയും, പരസ്പര വിദ്വേഷവും സംശയവും ജനിപ്പിക്കുകയും ചെയ്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടങ്ങള്‍ കൊയ്യുക എന്നതിലധികം ലക്ഷ്യങ്ങള്‍ ആ പാര്‍ട്ടിക്കില്ല.

സാമ്പത്തിക മികവില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം ഉണ്ട് എന്നൊക്കയുള്ളത് അഭിമാനാര്‍ഹമായ നേട്ടം ആണ് എങ്കിലും സാധാരണക്കാരനെ സംബന്ധിക്കുന്ന ലോക സൂചികകളില്‍ ഇന്ത്യയുടെ പ്രകടനം മോശമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചില സൂചികകളില്‍ സന്തോഷ സൂചിക 126-ാം റാങ്കും, പാസ്‌പോര്‍ട്ട് സൂചികയില്‍ 144 ഉം, ജനാധിപത്യ ഗുണനിലവാര സൂചികയില്‍ 108 ഉം, മാനവ വികസന സൂചികയില്‍ 132 ഉം, വിശപ്പ് സൂചികയില്‍ 107 ഉം, മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 150 ഉം, ലിംഗ വേര്‍തിരിവ് സൂചികയില്‍ 135 ഉം, ആവാസ യോഗ്യതാ സൂചികയില്‍ 112 ഉം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്. ഇവയില്‍ പലതിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു പ്രകടനം ശോചനീയമായിരുന്നു എന്നത് നമ്മുടെ വളര്‍ച്ച താഴോട്ടാണ് എന്നതിന്റെ സൂചനയാണ്.

മണിപ്പൂരില്‍ പ്രധാന ഇരകളായ കുക്കി ഗോത്രവര്‍ഗക്കാര്‍ക്ക് ഉണ്ടായ ജീവന്റെയും, സ്വത്തുക്കളുടെയും, നഷ്ടങ്ങളുടെ കണക്ക് ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. എതിര്‍ പക്ഷത്തുള്ളതും, അക്രമത്തിന്റെ കാരണക്കാരുമായ മെയ്‌തെയ്കള്‍ക്കും ഉണ്ടായിട്ടുള്ള ജീവനഷ്ടത്തിന്റെയും സ്വത്തു നഷ്ടത്തിന്റെയും കണക്കും പൂര്‍ണ്ണമായി ലഭ്യമല്ല. അതിലുമുപരി അപമാനിക്കപ്പെട്ട സ്ത്രീകള്‍ക്കും, ഭയന്ന് ഗ്രാമം വിടേണ്ടിവന്ന കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും ഉണ്ടായ മാനസിക ആഘാതം വലുതാണ്. ഒരു സാധാരണ ജീവിതം തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വിധം ദുസ്സഹമായ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മൂന്നോ നാലോ ദശാബ്ദങ്ങളിലേക്ക് ഇനി അവരുടെ ജീവിതം അനിശ്ചിതത്വത്തിലും, നഷ്ടബോധത്തിലും, സംശയത്തിലും, ഭയത്തിലും മുങ്ങി ജീവിക്കേണ്ടി വരും എന്നത് തീര്‍പ്പാക്കുന്നു.

മണിപ്പൂരിലും കേന്ദ്രത്തിലും ഭരിക്കുന്ന വലതുപക്ഷ ഹിന്ദുത്വ അജണ്ടയുള്ള സര്‍ക്കാരുകള്‍ 2014 മുതല്‍ ഇന്ത്യയുടെ ബഹുസ്വരത, മത നിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഭരണ സ്വഭാവം, വികേന്ദ്രീകൃത അധികാര വിനിയോഗം എന്നിവയുടെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്.

മണിപ്പൂര്‍ സംഭവ മാനങ്ങള്‍

മണിപ്പൂരിലെ പീഡനങ്ങളെ മൂന്ന് തരത്തില്‍ ആണ് വിലയിരുത്തേണ്ടത്. പ്രധാനമായും ക്രൈസ്തവരായ കുക്കികളുടെയും മെയ്‌തെയ്കളുടെയും ദേവാലയങ്ങളും സാമൂഹ്യ സ്ഥാപനങ്ങളുമാണ് കലാപത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ആക്രമിക്കപ്പെട്ടത്. പ്രമുഖ ക്രൈസ്തവ സമൂഹങ്ങളായ കാത്തലിക്, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയന്‍, സെവന്‍ത് ഡേ അഡ്‌വെന്റിസ്റ്റുകള്‍ തുടങ്ങി വിവിധ ക്രിസ്തീയ സമൂഹങ്ങള്‍ മതപരിവര്‍ത്തനത്തിനായി പണം ഒഴുക്കുന്നു എന്നും അതുവഴി മെയ്‌തെയ്കളുടെ പുരാണങ്ങളെയും പ്രപഞ്ചശാസ്ത്രത്തെയും, വിശ്വാസത്തെയും, ആചാരങ്ങളെയും ആക്രമിച്ച് അവരുടെ തദ്ദേശീയതയെ വേരോടെ പിഴുതെറിയുകയാണ് ക്രൈസ്തവരുടെ ലക്ഷ്യം എന്നും മെയ് 16 നു ഓര്‍ഗനൈസര്‍ എന്ന ആര്‍ എസ് എസ് മുഖപത്രത്തിലെ ഒരു ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. 'കുക്കികള്‍ മറ്റു മതങ്ങള്‍ക്കെതിരെ മതഭ്രാന്തും വെറുപ്പും പ്രചരിപ്പിക്കുന്നു. അങ്ങനെ, അത് ഒന്നുകില്‍ ക്രിസ്ത്യാനികളല്ലാത്ത മെയ്ത്തികളുമായുള്ള മതപരമായ അസഹിഷ്ണുതയെ ഉത്തേജിപ്പിച്ചു' എന്ന് ഈ ലേഖനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ മണിപ്പൂര്‍ കലാപം വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രൈസ്തവര്‍ക്ക് എതിരെ ആസൂത്രിതമായി നടത്തിയ കലാപം ആണ് എന്ന് തീര്‍ച്ചയാക്കാം.

മത ധ്രുവീകരണം കൂടാതെ, കുക്കികളോട് മെയ്‌തെയ്കള്‍ക്ക് കാലങ്ങളായുള്ള സാമൂഹിക വൈരവും കലാപകാരികള്‍ മുതലാക്കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ നിരവധി ഗോത്രങ്ങളുടെയും ഉപഗോത്രങ്ങളുടെയും സങ്കലനം ആണ്. പൂര്‍വകാലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അവര്‍ പരസ്പരം പോരാടിക്കൊണ്ടിരിക്കുന്നവരാണ്. സൈന്യത്തിന്റെ ഇടപെടലുകള്‍ ഉണ്ടാവുകയും നിരവധി വര്‍ഷങ്ങള്‍ അവര്‍ക്ക് വികസനം അന്യമാകുകയും ചെയ്തിട്ടുണ്ട്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ അവകാശത്തിനുവേണ്ടി ആദിവാസികള്‍ അല്ലാത്ത മുഖ്യധാരയിലുള്ള മെയ്‌തെയ്കള്‍ നയ്യാമികമല്ലാതെ (ഇല്‍ലെജിറ്റിമേറ്റ്) നടത്തുന്ന കലഹം കൂടി ആണിത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കുക്കികള്‍ കയ്യേറ്റക്കാര്‍ ആണെന്നും, മയക്കു മരുന്ന് ഉത്പാദിപ്പിക്കുന്നവര്‍ ആണ് എന്നുമുള്ള വാസ്തവ വിരുദ്ധത മെയ്‌തെയ്കള്‍ പ്രചരിപ്പിച്ചു. അന്യായമായി ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടി നടത്തിയ ഈ കലാപത്തിന് ഹൈന്ദവ വലതു പക്ഷത്തിന്റെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്താശ ഉണ്ടായിരുന്നു എന്ന് മണിപ്പൂര്‍ സന്ദര്‍ശിച്ച ആനി രാജ അടക്കമുള്ള രാഷ്ട്രീയക്കാരും, സന്നദ്ധപ്രവര്‍ത്തകരും ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

മൂന്നാമതായി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ദൂരെ ആയതിനാലും, ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഒറ്റപ്പെട്ട പ്രദേശം ആയതിനാലും ഇന്ത്യയുടെ പ്രമുഖ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും ലഭിക്കുന്ന രാഷ്ട്രീയസാമൂഹ്യ അവസരങ്ങള്‍ ലഭിക്കാറില്ല. അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെമേല്‍ ശക്തമായ സ്വാധീനവും നിയന്ത്രണവുമുണ്ട്. ഏത് കാര്യത്തിനും സംസ്ഥാന സര്‍ക്കാരിനെക്കാളും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് അന്ധമായ അടിയറവ് പറയേണ്ട സാഹചര്യങ്ങള്‍ ആ സംസ്ഥാനങ്ങള്‍ക്ക് ഉണ്ട്. ആ ജിയോ പൊളിറ്റിക്‌സ് മണിപ്പൂരിനെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരു ദുര്‍ബല ദേശം ആക്കിമാറ്റുന്നുണ്ട്. സാംസ്‌കാരികമായി വിഭിന്നമായ ഗോത്രങ്ങള്‍ ഉള്ള ആ ഇടത്ത് സാമൂഹ്യ കലാപങ്ങള്‍ ഉണ്ടാക്കി സമാധാനം നഷ്ടപ്പെടുത്തുന്നത് ആവര്‍ത്തിക്കുന്ന സംഗതി ആണ്. അതിനാല്‍ തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികളിലെ കളിപ്പന്ത് ആണ്.

സഭയുടെ വീഴ്ചകള്‍

മണിപ്പൂരിലെ ക്രൈസ്തവ മത പീഡനങ്ങള്‍ ആത്യന്തികമായി അന്നാട്ടിലെ ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തോടുള്ള പരീക്ഷണം ആണെങ്കിലും അതിലുമുപരി ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വങ്ങള്‍ക്കുള്ള അഗ്‌നി പരീക്ഷ കൂടിയാണ്. ഒരു മാനവിക വിഷയം എന്ന രീതിയിലും, മത വിഷയം എന്ന രീതിയിലും, ജനാധിപത്യ-പൗര വിഷയം എന്ന രീതിയിലും മണിപ്പൂര്‍ സംഭവത്തെ കാണുവാനും, സമീപിക്കുവാനും, ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവോചിതമായ പരിഹാരങ്ങളുമായി കലാപ പ്രദേശത്തും, നയരൂപീകരണ കേന്ദ്രങ്ങളിലും പ്രഭാവം ചെലുത്താന്‍ സഭയ്ക്ക് സാധിച്ചിട്ടില്ല. പേരിനെന്നോണം ഉണ്ടായ സഭയുടെ പ്രതികരണങ്ങള്‍ ദുര്‍ബലവും, വൈകിയുള്ളതും ആയിരുന്നു. മണിപ്പൂരില്‍ മാത്രമല്ല, പൊതുവായ മിക്ക വിഷയങ്ങളും അഭിമുഖീകരിക്കുന്നതില്‍ കത്തോലിക്കാ സഭക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകളെ കുറിച്ച് എല്ലാ അംഗങ്ങളും പരിചിന്തിക്കേണ്ടതാണ്.

  • 1. ദുര്‍ബലമായ ശൃംഖല

ദേശീയ ജനസംഖ്യ കേവലം രണ്ടു ശതമാനത്തില്‍ താഴെ ആണെങ്കിലും ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്ക് സാന്നിധ്യം ഉണ്ട്. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യം അറിയിച്ചിരിക്കുന്ന അവര്‍ക്ക് ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ ആതുരാലയ സ്ഥാപനങ്ങള്‍, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ എന്നിവയുടെ അനന്യവും പരന്നതുമായ ഒരു ശൃംഖല ഉണ്ട്. മണിപ്പൂരിന്റെ 41% വരുന്ന ക്രൈസ്തവര്‍ സംസ്ഥാനത്തിന്റെ മലമ്പ്രദേശങ്ങളിലുള്ള കുക്കിഗ്രാമങ്ങളിലും, താഴ്‌വാരങ്ങളിലെ മെയ്‌തെയി ഗ്രാമങ്ങളിലും ക്രൈസ്തവ സാന്നിധ്യത്തിന്റെ വിപുലമായ ശൃംഖലയിലെ കണ്ണികളാണ്.

ഇത്തരത്തിലുള്ള ഒരു ശൃംഖല ഉള്ള ക്രൈസ്തവ സഭകള്‍ക്ക് മണിപ്പൂരിലെ ആസൂത്രിതവും, ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ളതുമായ അക്രമ പരമ്പരകളുടെ സമ്പൂര്‍ണ്ണമല്ലെങ്കിലും ഒരു സാമാന്യ കണക്കെടുപ്പ് ആദ്യത്തെ ആഴ്ചയില്‍ തന്നെ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം ആവില്ല. എന്നാല്‍ വാസ്തവവും വസ്തുനിഷ്ഠവുമായ ഒരു വിവരശേഖരണം നടത്താനും അത് പൊതു സമൂഹത്തെ എത്രയും വേഗത്തില്‍ അറിയിക്കാനും സഭാ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അവിടെ നടന്ന മനുഷ്യത്വഹീനമായ പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാവുക എന്നതായിരുന്നു അവരുടെ പ്രഥമ ദൗത്യം എങ്കിലും, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പീഡനത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ എത്തിക്കുക എന്നത് പരമ പ്രധാനമായ സംഗതിയായി കാണണമായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ മാത്രമല്ല, ഇതര വിഷയങ്ങളിലും സമാധാന കാലങ്ങളില്‍ പോലും ശരിയായ വിവരശേഖരണത്തിനും, വിവരങ്ങളെ പട്ടിക രൂപത്തില്‍ സൂക്ഷിക്കുന്നതിനും, രേഖാസൂക്ഷിപ്പിനും സഭയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഇല്ല എന്ന് പൂര്‍വകാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.

  • 2. ഫലവത്തല്ലാത്ത മാധ്യമ പ്രവര്‍ത്തനം

രണ്ടാം ലോക മഹാ യുദ്ധത്തിനുശേഷം ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ വളര്‍ച്ചയും, മാനവരാശിക്ക് അത് നിര്‍വഹിച്ചിട്ടുള്ള നേട്ടങ്ങളും (കോട്ടങ്ങളും) മനസ്സിലാക്കിയ കത്തോലിക്കാസഭ മാധ്യമ ശുശ്രൂഷയെ ദിവ്യമായ ഒരു ശുശ്രൂഷയായിട്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതലെങ്കിലും കാണുന്നത്. മാധ്യമ ശുശ്രൂഷയെ പ്രേഷിത പ്രവര്‍ത്തനവുമായി തുലനം ചെയ്യുന്ന പണ്ഡിതന്മാര്‍ വരെ ഉണ്ട് കത്തോലിക്കാസഭയില്‍. അതെ തുടര്‍ന്ന് എല്ലാ രൂപതകളിലും, സന്യാസ സമൂഹങ്ങളിലും മാധ്യമ ശുശ്രൂഷയ്ക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും, വൈദിക സന്യാസി/നീ വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ പരിശീലനം നല്‍കുകയും ചെയ്യാറുണ്ട്. കമ്യൂണിക്കേഷന്‍ കേന്ദ്രങ്ങള്‍, സ്റ്റുഡിയോകള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപതകളിലും, സന്യാസ സമൂഹങ്ങളിലും കോടിക്കണക്കിന് രൂപയുടെ പ്രോജക്ടുകള്‍ നടപ്പാക്കി യിട്ടുണ്ട്.

കത്തോലിക്കാസഭയോട് അനുകമ്പ പ്രദര്‍ശിപ്പിക്കാത്ത ഒരു സംസ്‌കാരത്തില്‍ സഭയെക്കുറിച്ചുള്ള ശരിയായ ധാരണ പടര്‍ത്തുക, ശത്രുതയില്‍ നിന്നും തെറ്റിദ്ധാരണയില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുക, തങ്ങള്‍ ഒരു സമൂഹമാണ് എന്ന ബോധം വിശ്വാസികളുടെ ഇടയില്‍ ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് കത്തോലിക്കാ മാധ്യമ പ്രവര്‍ത്തനം ലക്ഷ്യമാക്കുന്നത്. സഭയ്ക്കും അതിന്റെ നേതാക്കള്‍ക്കും പൊതുജനങ്ങളോടും വിശ്വാസികളോടും നേരിട്ട് സംവദിക്കാനുള്ള ഒരു ചാലുപോലെ മാധ്യമങ്ങള്‍ വര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ സംഗീത ആല്‍ബങ്ങളും, സുവിശേഷ പ്രഘോഷണ വിഡീയോകളും പുറപ്പെടുവിക്കുന്നതല്ലാതെ പൊതു ഇടത്തില്‍ ഫലവത്തായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സഭയ്ക്ക് ഇല്ല എന്നു തന്നെ പറയാം. ശരിയായ മാനേജ്‌മെന്റ് നടത്താത്തതിനാല്‍ പല മാധ്യമങ്ങളും ശോഷിക്കുകയോ, നാമാവശേഷമാവുകയോ ചെയ്തു. സഭയ്ക്ക് ഗുണപ്രദമാകുന്ന ആത്മശോധനാപരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ സഭയുടെ ഉന്നത നേതൃത്വം ഇടപെട്ട് പൂട്ടാന്‍ തുനിഞ്ഞ മാധ്യമങ്ങള്‍ ഉണ്ട്. അതിലുമുപരി, സഭയുടെ ചില ഉപ സംഘടനകളും, വ്യക്തികളും നടത്തുന്ന ചാനലുകളും, സാമൂഹ്യ മാധ്യമ പേജുകളും തികഞ്ഞ വര്‍ഗീയതയും, വിഭാഗീയതയും, കലഹവും സമൂഹത്തില്‍ വിതച്ചു കൊണ്ടിരിക്കുന്നു.

മണിപ്പൂര്‍ കലാപത്തിലും മറ്റ് മുന്‍ സംഭവങ്ങളിലും വിവര വിതരണത്തിന് സഭയുടെ മാധ്യമങ്ങള്‍ അമ്പേ പരാജയപ്പെട്ടത്, സഭയുടെ സ്വത്വവും പഠനങ്ങളും പ്രചരിപ്പിക്കുന്നതിലും, സഭാ മക്കളുടെ കൂട്ടായ്മയും സമൂഹബോധവും വര്‍ധിപ്പിക്കുന്നതിലും, അതോടൊപ്പം അവരുടെ പ്രതിസന്ധികളില്‍ അവരെ സംരക്ഷിക്കുന്നതിലും, സര്‍വോപരി അനീതി, അസത്യം, അക്രമം എന്നിവ വിളയാടുന്ന ലോകത്തിന് മാര്‍ഗ ദീപമായി വര്‍ത്തിക്കാന്‍ സഭാ നേതൃത്വം താല്പര്യം എടുക്കുന്നില്ല എന്നതിന്റെ തെളിവാണ്.

പോപ്പുലിസം, സത്യാനന്തര വിവര വിതരണം, അസമത്വങ്ങള്‍ എന്നിവയാല്‍ ലോകത്തിന്റെ ഭരണക്രമങ്ങള്‍ ക്ലേശിക്കുന്ന പശ്ചാത്തലത്തില്‍ മനുഷ്യവംശത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും സാമൂഹ്യ സാമ്പത്തിക സുരക്ഷ, അന്തസ് എന്നിവ നഷ്ടമാവുന്ന സാഹചര്യത്തില്‍ കൈസ്തവ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ സ്വത്വത്തെയും ദൗത്യത്തെയും കുറിച്ചുള്ള ആത്മാവബോധം ഉള്ള ഒരു പുതിയ മാധ്യമ നയം ഉണ്ടാകേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ എന്നാല്‍ സഭയുടെ ഉടമസ്ഥതയില്‍ ഉള്ള മാധ്യമങ്ങള്‍ എന്ന് ചുരുക്കി കാണരുത്. ധീരമായ മാധ്യമ പ്രവര്‍ത്തനം നടത്തി സത്യത്തെയും, നീതിയെയും, ജീവകാരുണ്യത്തെയും പരിപോഷിപ്പിക്കുന്ന അനേകം ക്രൈസ്തവരും അക്രൈസ്തവരുമായ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ട്. അവരുടെ ശൃംഘല ഉണ്ടാക്കി സത്യപ്രചാരണത്തിന് അവരെ എല്ലാത്തരത്തിലും പ്രോത്സാഹിപ്പിക്കേണ്ടത് സഭയുടെ കടമയാണ്.

ഒരു മാനവിക വിഷയം എന്ന രീതിയിലും മതവിഷയം എന്ന രീതിയിലും ജനാധിപത്യ-പൗര വിഷയം എന്ന രീതിയിലും മണിപ്പൂര്‍ സംഭവത്തെ കാണുവാനും സമീപിക്കുവാനും ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവോചിതമായ പരിഹാരങ്ങളുമായി കലാപ പ്രദേശത്തും, നയരൂപീകരണ കേന്ദ്രങ്ങളിലും പ്രഭാവം ചെലുത്താന്‍ സഭയ്ക്ക് സാധിച്ചിട്ടില്ല.

  • 3. സാമൂഹ്യനീതിയുടെ തമസ്‌കരണം

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യങ്ങളില്‍ ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങള്‍ മികച്ച രീതിയിലുള്ള സംഘാടനം നടത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ സേവനം ശ്രദ്ധേയമാണ് എങ്കിലും, പരമ്പരാഗതമായ ആധിപത്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാമൂഹ്യ ക്ഷേമ മേഖലകളില്‍, വിശേഷിച്ചു ഗ്രാമ പ്രദേശങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് സഭ ചെയ്യുന്നത് എങ്കിലും ഇനിയും വിപുലമാകേണ്ട ഒരു കര്‍മ്മ ഭൂമി ആണ് അത്.

സഭയുടെ ദൗത്യത്തെയും ധാര്‍മ്മികതയെയും നയിക്കുന്ന, കൃത്യമായി നിര്‍വചിച്ചിട്ടുള്ള വിശാലമായ സാമൂഹ്യ നീതിബോധനം സഭയ്ക്ക് ഉണ്ട്. എങ്കിലും ഇന്ത്യയിലെ സഭ വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു മേഖലയാണ് സാമൂഹ്യനീതിയുടെ പാലനം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യന്റെ അന്തസ്സും നീതിയും പൊതുനന്മയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്നതാണ് സഭയുടെ സാമൂഹ്യപ്രബോധനം. ഈ തത്ത്വങ്ങള്‍ പാലിക്കുന്നതിലൂടെ, കത്തോലിക്കാസഭ സാമൂഹിക അനീതികളെ അഭിസംബോധന ചെയ്യാനും ക്രിസ്ത്യാനികള്‍ പീഡനം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും യോജിപ്പുള്ളതുമായ ഒരു ലോകത്തിനായി നിലകൊള്ളാനും കഴിയും.

ആരുടേയും മതപരമോ വംശീയമോ രാഷ്ട്രീയമോ ആയ ബന്ധങ്ങള്‍ പരിഗണിക്കാതെ എല്ലാ വ്യക്തികളുടെയും നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുക, രാഷ്ട്രീയ അതിക്രമങ്ങളുടെയും കലാപങ്ങളുടെയും ഇരകളിലേക്ക് എത്തിച്ചേരുക, സാധ്യമാകുന്നിടത്ത് വൈകാരിക പിന്തുണയും പ്രായോഗിക സഹായവും നല്‍കുക, രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ ഗ്രാഹ്യം ഉണ്ടായിരിക്കുക, തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സുതാര്യത, ഉത്തരവാദിത്തം, നല്ല ഭരണം എന്നിവ ആവശ്യപ്പെടുക, സകാരാത്മകമായ മാറ്റം കൊണ്ടുവരാന്‍ നിയമപരവും സമാധാനപൂര്‍വകവുമായ ശ്രമങ്ങളില്‍ പങ്കെടുക്കുക, ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രാഷ്ട്രീയ സംവാദത്തില്‍ ഏര്‍പ്പെടുക, അക്രമത്തിനും പീഡനത്തിനും ഇരയായവര്‍ക്ക് നിയമപരമായ പിന്തുണ നല്‍കാന്‍ നിയമ സംഘടനകളുമായി സഹകരിക്കുക, മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങള്‍ക്കുവേണ്ടി വാദിക്കുക. വ്യത്യസ്ത മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായും മതത്തെ ഉപാധിയാക്കുന്ന രാഷ്ട്രീയ സംഘടകളും ആയും സംഭാഷണവും സഹകരണവും വളര്‍ത്തുക എന്നിവ സഭയുടെ സാമൂഹ്യബോധനം എല്ലാ ക്രൈസ്തവരില്‍ നിന്നും ആവശ്യപ്പെടുന്ന സംഗതികള്‍ ആണ്. ധാരണയുടെ പാലങ്ങള്‍ നിര്‍മ്മിക്കുന്നത് പിരിമുറുക്കത്തിന്റെ സമയങ്ങളില്‍ ഐക്യവും ധാരണയും വളര്‍ത്തും.

മണിപ്പൂരിന്റെ കാര്യത്തില്‍ സമാധാന പൂര്‍വകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനോ എല്ലാ സുമനസുകളെയും, ക്രൈസ്തവ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള ഒരു അഖിലേന്ത്യ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനോ ക്രൈസ്തവ നേതൃത്വത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, അത് കേവലം ഗോത്രവര്‍ഗ കലഹങ്ങളാണ് എന്ന മട്ടില്‍ ലഘൂകരിക്കാനാണ് ഉന്നത നേതൃത്വം ശ്രമിച്ചത്. കലാപങ്ങളില്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്നും, ആവശ്യത്തിലധികം വെടിക്കോപ്പുകള്‍ കലാപകാരികള്‍ക്ക് ലഭ്യമാവുകയും ചെയ്തു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് ഇത്. അതു കൂടാതെയാണ് വനിതകളെ ലൈംഗികമായി അപമാനിച്ചതും, പീഡിപ്പിച്ചതും, നിരവധിപേരെ കൊന്നൊടുക്കിയതും. മനുഷ്യവംശത്തിനു നേരെ ഇന്ത്യയില്‍ സമീപകാലത്തുണ്ടായ ഏറ്റവും ഹീനമായ അക്രമവും അനീതിയുമാണ് മണിപ്പൂരില്‍ നടന്നത് എന്നത് മാത്രം മതി ഇന്ത്യയിലെ സഭയ്ക്ക് ധീരമായ മാനുഷിക നിലപാട് എടുക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനും. സി ബി സി ഐ യുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ അടുത്ത കാലം വരെ ആദിവാസികളും ഗോത്ര ജനതയും ഉള്‍പ്പെടുന്ന അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തങ്ങള്‍ സ്വയം അര്‍പ്പിക്കുന്നു എന്ന് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ സാമൂഹ്യ നീതിയില്‍ ഉറച്ച ക്രൈസ്തവ സാക്ഷ്യം നല്‍കുന്നതില്‍ ക്രൈസ്തവ നേതൃത്വം പരാജയപ്പെട്ടു.

മണിപ്പൂരിന് സൗഖ്യമാകലിന്റെ സ്‌നേഹമസൃണമായ ഇടപെടല്‍ വേണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ശാന്തമായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ള സമാധാന പ്രവര്‍ത്തനങ്ങള്‍ ആണ് ലക്ഷ്യം വയ്‌ക്കേണ്ടത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉള്ള ക്രൈസ്തവ സ്ഥാപനങ്ങളും സംഘടനകളും മണിപ്പൂരില്‍ സമാധാനം, അനുരഞ്ജനം, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റി ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും അവയെ പിന്തുണയ്ക്കുകയും വേണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തുവിന്റെ മാതൃക കൊണ്ട് നയിക്കുവാന്‍ ശ്രദ്ധിക്കണം.

  • 4. ഭയരഹിതമായ പ്രവാചക ധര്‍മ്മം

ക്രൈസ്തവികത തനിമയില്‍ ജീവിക്കണമെങ്കില്‍ അസാമാന്യ ധൈര്യം ആവശ്യമുണ്ട്. അത് ചില കാലങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നതു പോലെ ക്രൈസ്തവികത ഒരു മിലിറ്റന്റ് മതം ആയതു കൊണ്ടല്ല. ക്രൈസ്തവ വിശ്വാസം ജീവിച്ചതിന്റെയും സാക്ഷ്യം വഹിച്ചതിന്റെയും പേരില്‍ ജീവന്‍ വെടിഞ്ഞ നിരവധി പേരുടെ അനുഭവം നിങ്ങള്‍ക്ക് ഉണ്ടാവും എന്നതു കൊണ്ടുമല്ല. ലോകത്തിലേറ്റവും ധീരത വേണ്ടത് സത്യത്തെ മുറുകെ പിടിച്ചു ജീവിക്കാനും, വ്യവസ്ഥയില്ലാതെ സ്‌നേഹിക്കാനും ആണ്. അതുപോലെ തന്നെ വേദനയനുഭവിക്കുന്നവരോടും പീഡിതരോടും ഐക്യദാര്‍ഢ്യപ്പെടാനും, ദ്രോഹിച്ചവരോട് ക്ഷമിക്കാനും ആണ്.

ക്രിസ്തു തന്നെയാണ് ധീരതയുടെ ഉറവിടം. കുരിശിലേക്കു പോലും ഭയലേശമെന്യേ നടന്നു കയറിയ ധീരത ഉയിര്‍പ്പിലും ജീവനിലുമുള്ള പ്രത്യാശയില്‍ നിന്ന് ഉരുവാകുന്നതാണ്. 'ഭയപ്പെടേണ്ട' (മത്താ. 10:26, 28, 31; യോഹ. 14: 27; ലൂക്കാ 12:32) എന്നത് ക്രിസ്തുവിന്റെ എക്കാലത്തെയും ശ്രേഷ്ഠമായ പ്രചോദനവും പ്രോത്സാഹനവും ആണ്. മാമ്മോദീസയും സ്ഥൈര്യലേപനവും വഴി ലഭിക്കുന്ന പരിശുദ്ധാത്മാവ് ആണ് ധീരത എന്ന പുണ്യം ഒരു ക്രൈസ്തവനില്‍ ജനിപ്പിക്കുന്നത്. ദൈവത്തോട് പവിത്രമായ ബന്ധം സ്ഥാപിക്കാനും, അവനവനോടും സമൂഹത്തിലെ ഇതര മനുഷ്യരോടും ശുദ്ധമായ ബന്ധം പാലിക്കാന്‍ ദൈവികമായ ധീരത വേണം. അതെ സമയം നമുക്ക് ചുറ്റും അനീതിയും അക്രമവും നടമാടുമ്പോള്‍, ആ വ്യവസ്ഥിതിയോടു കലഹിക്കേണ്ടതും, അതിനിരയാകുന്ന ആളുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും ക്രൈസ്തവ ഉത്തരവാദിത്വമാണ്. എന്നാല്‍ നമ്മുടെ തന്നെ ജീവിത പരിസരങ്ങളില്‍ നടക്കുന്ന അനീതികളിലും, വിഭാഗീയതകളിലും നമ്മുടെ തന്നെ കരങ്ങള്‍ മലിനമാണ് എങ്കില്‍ നമ്മുടെ ബലികള്‍ എങ്ങനെ സ്വീകാര്യമാകും? പ്രവാചക ധൈര്യം എങ്ങനെ കരഗതമാകും? കാരണം പ്രവാചക ധീരമായ സഭയ്ക്ക് മാത്രമേ ദൈവത്തിനു യോഗ്യമായ ആരാധന അര്‍പ്പിക്കാന്‍ ആവൂ; ദൈവത്തിന് യോഗ്യമായ ആരാധന അര്‍പ്പിക്കുന്ന സമൂഹത്തിനു മാത്രമേ സത്യമായും പ്രവാചക ധീരതയോടെ ലോകത്തില്‍ വിരാജിക്കാനാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org