ഉയിര്‍ക്കാന്‍ മൂന്ന് പ്രലോഭനങ്ങള്‍

ഉയിര്‍ക്കാന്‍ മൂന്ന് പ്രലോഭനങ്ങള്‍
Published on
  • ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം

ഉയര്‍പ്പുതിരുനാളിനു ഒരുങ്ങാനുള്ള കാലമാണ് നോമ്പുകാലം. മഹത്വീകരണത്തിന്റെ ആഘോഷമാണ് ഈസ്റ്ററെങ്കിലും മരണമെന്ന സമസ്യയിലൂടെയല്ലാതെ നിത്യജീവനിലേക്കു പ്രവേശിക്കാനാകില്ല. മനുഷ്യനിലെ മാനുഷികമല്ലാത്തതെല്ലാം അഴിഞ്ഞുതീരാതെ ദൈവികത നാമ്പെടുക്കുകയില്ല. മനുഷ്യോചിതമല്ലാത്തവ നശിക്കുകയെന്നാല്‍ ജഡികമായതെല്ലാം മണ്ണടിയുക എന്നാണര്‍ഥം. അതിനാലാകണം പരസ്യജീവിതത്തിനു മുമ്പ് മനുഷ്യപുത്രന്‍ മരുഭൂമിയിലേക്കു പിന്‍വാങ്ങിയത്. ശരീരം സ്വീകരിച്ചതോടെ വന്നുചേര്‍ന്ന പരിമിതികളെ അതിജീവിക്കാന്‍ നാല്‍പതു നാളുകള്‍. ആ നാല്‍പതു ദിനങ്ങളുടെ സ്മരണയിലേക്കാണ് വലിയ നോമ്പ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മാനുഷികതയില്‍ ഉള്‍ച്ചേര്‍ന്നി ട്ടുള്ള മൂന്നുതരം ജീര്‍ണ്ണതകളോടാണ് യേശു പൊരുതിയത്: ഭോഗതൃഷ്ണ, താരഭ്രമം, അധികാരദാഹം.

  • നമ്മുടെ പ്രലോഭനങ്ങള്‍

വിശപ്പ് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ജന്മവാസന യാണ്. എന്നാല്‍ എന്തിനെയും - കല്ലിനെപോലും - അപ്പമാക്കുവാനുള്ള പ്രലോഭനമാണ് യേശുവിനുണ്ടായത്. തിട്ടപ്പെടുത്താനാവാത്ത അത്ര ശേഖരിച്ചിട്ടും ആകര്‍ഷണീയമായതെല്ലാം സ്വരുകൂട്ടിയിട്ടും അടങ്ങാത്ത വിശപ്പ്. വാങ്ങിക്കൂട്ടുന്നതു തന്നെ ലഹരിയാകുന്ന അവസ്ഥ. അത് ഭക്ഷണമാകാം, വസ്ത്രമാകാം, വാഹനങ്ങളാകാം, ഭൂമിയാകാം, വീടാകാം, ശരീരവുമാകാം. വാങ്ങല്‍ ശേഷി സ്വത്വ നിര്‍ണ്ണയമാനദണ്ഡമാകുന്ന രീതി. ആശിക്കുന്നത് എന്തുമാകട്ടെ അത് ഇപ്പോള്‍ ഇവിടെ ഉടനെ സാധ്യമാകണമെന്ന അഭിവാഞ്ഛയ്ക്ക് അടിമകളായിട്ടുണ്ടോ നമ്മളെന്ന് പരിശോധിക്കാനുള്ള സമയമാണ് നോമ്പുകാലം.

ലൈക്കുകളുടെയും ഷെയറിങ്ങുകളുടെയും എണ്ണം കൂട്ടിക്കിഴിച്ച് നമ്മള്‍ നമുക്കു തന്നെ വലയിടുന്നു. അറിയപ്പെടണം. നാടു മുഴുവന്‍. എന്തെഴുതിയിട്ടാ യാലും വേണ്ടില്ല ഫെയ്മസ് ആകണം. വാര്‍ത്തകള്‍ വളച്ചൊടിച്ചും വരികളില്‍ പാതികളഞ്ഞും ചില പദങ്ങള്‍ കൂട്ടിച്ചേര്‍ത്തും വിവാദങ്ങളു ണ്ടാക്കി വളരുക. ദേവാലയ ഗോപുരത്തിന്റെ മുകളില്‍ നിന്നു താഴേക്കു ചാടി അത്ഭുത സിദ്ധി പ്രയോഗിക്കാന്‍ സാത്താന്‍ നല്കിയ പ്രലോഭനങ്ങളുടെ കാലിക ഭാഷ്യങ്ങളില്‍ ചിലത് മാത്രമാണിവ.

ഭോഗതൃഷ്ണപോലെ രോഗാതുരമാണ് അംഗീകാരത്തി നായുള്ള ഭ്രമവും. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം ഉത്തരാധുനികനെ അനാഥനാക്കിയിരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള പലായനവും ദിനചര്യയുടെ സ്വാഭാവിക താളക്രമങ്ങളെ തെറ്റിക്കുന്ന ജോലി സമ്പ്രദായവും നമ്മെ കൂടുതല്‍ ഒറ്റപ്പെടുത്തി യിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വെര്‍ച്വല്‍ ബന്ധങ്ങള്‍ക്കൊന്നും ആ വിടവ് നികത്താനാവുന്നില്ല.

സിംഗിള്‍ ടിക്ക് ഡബിള്‍ ടിക്കും, ഡബിള്‍ ടിക്ക് നീലയുമായി മാറുന്നത് നോക്കി സമയം കളയുന്നു. ലൈക്കുകളുടെയും ഷെയറിങ്ങു കളുടെയും എണ്ണം കൂട്ടിക്കിഴിച്ച് നമ്മള്‍ നമുക്കു തന്നെ വലയിടുന്നു. അറിയപ്പെടണം, നാടുമുഴുവന്‍. ഹോട്ടലുകളിലും ഷോപ്പിങ്ങ് മാളുകളിലും ചെല്ലുമ്പോള്‍ സെല്‍ഫി എടുക്കാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടണം. എന്തെഴുതിയിട്ടായാലും വേണ്ടില്ല ഫെയ്മസ് ആകണം. വാര്‍ത്തകള്‍ വളച്ചൊടിച്ചും വരികളില്‍ പാതികളഞ്ഞും ചില പദങ്ങള്‍ കൂട്ടിച്ചേര്‍ത്തും വിവാദങ്ങളുണ്ടാക്കി വളരുക. ദേവാലയ ഗോപുരത്തിന്റെ മുകളില്‍ നിന്നു താഴേക്കു ചാടി അദ്ഭുത സിദ്ധി പ്രയോഗിക്കാന്‍ സാത്താന്‍ നല്കിയ പ്രലോഭനങ്ങളുടെ കാലിക ഭാഷ്യങ്ങളില്‍ ചിലത് മാത്രമാണിവ.

അധികാരിയാവുക എന്നതായിരുന്നു യേശുവിനുണ്ടായ മൂന്നാമത്തെ പ്രലോഭനം. അധാര്‍മ്മിക വഴികളിലൂടെ സഞ്ചരിച്ച് കേന്ദ്ര സ്ഥാനത്തെത്തുന്നവര്‍ കൂടി വരുന്ന കാലം. സ്ഥാനക്കയറ്റത്തിനുവേണ്ടി മൂല്യങ്ങള്‍ കൈവിടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. സഹജരെ കീഴ്‌പ്പെടുത്തുന്നതിലും മുട്ടുകുത്തിക്കുന്നതിലും തറപറ്റിക്കുന്നതിലും അഭിമാനിക്കുന്നവരാണവര്‍. അധികാരമില്ലെങ്കില്‍ തങ്ങള്‍ ഒന്നുമല്ലെന്ന തോന്നല്‍. ലോകത്തിനു മുന്നില്‍ ചെറിയവരെന്നു കരുതപ്പെടുന്നരുടെ കൂടെയായിരിക്കുമ്പോഴും സാധാരണക്കാരുടെ ജോലികളിലേര്‍പ്പെടു മ്പോഴും അപകര്‍ഷത തോന്നുന്നവര്‍. അതു കൊണ്ടുതന്നെ അംഗീകാരങ്ങളും അവാര്‍ഡു കളും അവര്‍ അന്വേഷിച്ചു പോകുന്നു. ഉള്ളതി ലാണ് ഉണ്‍മയെന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാ ണിത്. ആയിരിക്കുന്നതിലാണ് മഹത്വമെന്ന് തിരിച്ചറിയാത്ത ഹതഭാഗ്യര്‍.

  • അതിജീവനത്തിന്റെ വഴികള്‍

കേന്ദ്രാഭിമുഖം (centripetal), അപകേന്ദ്രീകൃതം (centrifugal) എന്നീ എതിര്‍ചലനങ്ങളുടെ സമ്യക്കായ ആകര്‍ഷണത്തിലൂടെയാണ് മാക്രോ കോസോം ആയ പ്രപഞ്ചം നിലനില്‍ക്കുന്നത്. അതുപോലെ സൂക്ഷ്മശരീരമായ (മൈക്രോ കോസോം) മനുഷ്യനിലും തന്നിലേക്കുതന്നെ ഉള്‍വലിയാനും തന്നില്‍ നിന്നു ബഹിര്‍ഗമിക്കാനുമുള്ള പ്രവണതകളുണ്ട്. അവയെ ആരോഗ്യകരമായി സംന്തുലനം ചെയ്യുന്നതിലൂടെയാണ് മനുഷ്യന് പൂര്‍ണ്ണതയിലേക്കു വളരാനാവുക. എങ്കില്‍ ശേഖരിക്കാനും താരമാകാനും ഭരിക്കാനുമുള്ള മനുഷ്യവാസനകളെ അതിജീവിക്കാനുള്ള എളുപ്പവഴി ഇവയ്‌ക്കെതിരെ പോരാടുന്നതിനേക്കാള്‍ അവയ്ക്കു വിപരീതമായി നമ്മില്‍ നിക്ഷിപ്തമായിട്ടുള്ള സാന്മാര്‍ഗിക ഗുണങ്ങളെ ശക്തിപ്പെടുത്തുകയാണ്.

പ്രകടിപ്പിക്കുന്നത് മാത്രമാണ് സത്യമെന്ന് കരുതുന്ന ഇക്കാലത്ത് പ്രകടിപ്പിച്ചാലേ ഞാനുള്ളൂ എന്ന മിഥ്യാധാരണയ്ക്കു അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് കരകേറാനുള്ള കാലമാണ് നോമ്പുകാലം. ബൃഹത്തായ വീടുകളും പള്ളികളും പണിയുമ്പോഴും ലക്ഷങ്ങള്‍ പൊടിച്ച് വീട്ടാഘോഷങ്ങള്‍ നടത്തുമ്പോഴും ദാനധര്‍മ്മങ്ങള്‍ പരസ്യപ്പെടുത്തുമ്പോഴും നമ്മളന്വേഷിക്കുന്നത് മനുഷ്യപ്രീതിയാണ്; ദൈവത്തിന്റെ മഹത്വമല്ല

കണക്കുകൂട്ടുന്ന മനുഷ്യന്‍ ശേഖരിക്കുക സ്വാഭാവികം, അതിനവനെ പഴിക്കാനാകുമോ? നാളെ സുരക്ഷിതമായാലല്ലേ ഇന്നു ശാന്തിയുണ്ടാകൂ. ഇന്‍ഷൂറന്‍സ് പദ്ധതികളുടെയും പെന്‍ഷന്‍ സമ്പ്രദായത്തിന്റെയും ബാങ്കു നിക്ഷേപങ്ങളുടെയും വിജയരഹസ്യം അതാണ്. ഭാവിയിലേക്കു കരുതിവയ്ക്കുന്നതിന് സുവിശേഷം എതിരല്ല. നാളെയെപ്പറ്റി ആകുലരായി ഇന്നിന്റെ സമാധാനം നശിപ്പിക്കുന്നതിനെയാണ് യേശു മലയിലെ പ്രസംഗത്തില്‍ ശാസിക്കുന്നത് (മത്താ. 6:34). ദൈവാശ്രയത്വത്തില്‍ വളരാനുള്ള ആഹ്വാനമാണത്. വയലിലെ ലില്ലികളെയും ആകാശത്തിലെ പറവകളെയും ദൈവം പരിപാലിക്കുന്നുണ്ടെങ്കില്‍ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ദൈവം എത്രയധികമായി സംരക്ഷിക്കുകയില്ല! (ലൂക്കാ 12:22-31).

  • ധൂര്‍ത്തിനു പകരം പങ്കുവയ്ക്കല്‍

ഭോഷനായ ധനികന്റെ ഉപമയില്‍ യേശു പരിഹസിക്കുന്നത് ഭാവി സുരക്ഷിതമാക്കുന്ന അവന്റെ തയ്യാറെടുപ്പിനെയല്ല; ദൈവത്തെ മറന്ന് തിന്നു കുടിച്ച് ആനന്ദിക്കുന്നതിനെയാണ് (ലൂക്കാ 12:15-21); ദൈവത്തെ കൂടാതെ ജീവിതം ആഘോഷമാക്കാനുള്ള പരിശ്രമങ്ങളെയാണ്. നോമ്പ് ആചരണം ലൗകിക സമ്പത്തിന്റെ ക്ഷണികതയെപ്പറ്റിയുള്ള ജ്ഞാനത്തില്‍ ആഴപ്പെടുവാന്‍ ഉപകരിച്ചാല്‍ നന്ന്.

സര്‍വം ക്ഷണികമാം സര്‍വവും ശൂന്യമാം

സര്‍വവും ദുഃഖമാം എല്ലാം അറിഞ്ഞു ഞാന്‍

എന്ന് മഹാകവി ജി. ശങ്കരക്കുറുപ്പിനോടൊപ്പം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഈ ലോകത്ത് ലഭ്യമായ എല്ലാ വസ്തുക്കളും നൈമിഷികങ്ങളായതിനാല്‍ അവയില്‍ ആശ്രയം വച്ച് ജീവിച്ചാല്‍ ശൂന്യതാബോധത്തിലേക്കു കൂപ്പുകുത്തുമെന്ന് ഓര്‍ക്കാനാണ് നോമ്പുകാലം. ''ഈ പ്രപഞ്ചത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താതെ മരിച്ചുപോകുന്ന ഒരേ ഒരു ജീവി മനുഷ്യനാണെന്ന്'' സുഭാഷ് ചന്ദ്രന്‍ 'മനുഷ്യനൊരു ആമുഖം' എന്ന നോവലില്‍ എഴുതുന്നത് അതുകൊണ്ടാണ്.

ലൗകിക വ്യവഹാരങ്ങളില്‍ മുഴുകുമ്പോഴും അലൗകികമായ അരൂപിയോടെ ജീവിക്കണമെങ്കില്‍ നമ്മുടെ മുന്‍ഗണന ദൈവരാജ്യമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിലായിരിക്കണം (മത്താ. 6:33). അപരന് നീതി ലഭ്യമാക്കാന്‍ പണിപ്പെടുമ്പോഴാണ് നമ്മള്‍ ദൈവരാജ്യത്തിന്റെ മക്കളായിത്തീരുന്നത്. ആവശ്യത്തിലധികമായി നമുക്കുള്ളത് ഇല്ലാത്തവനുമായി പങ്കുവയ്ക്കുമ്പോഴാണ് നോമ്പ് അന്വര്‍ഥമാകുന്നത്. അപ്പോഴാണ് ചിതല്‍ അരിക്കാത്തതും കള്ളന്മാര്‍ മോഷ്ടിക്കാത്തതുമായ ഉയിര്‍പ്പിന്റെ സൗഭാഗ്യത്തിലേക്കു നമ്മള്‍ക്കു പ്രവേശിക്കാനാവുക (മത്താ. 6:19-21). ലാസര്‍ പട്ടിണി കിടന്നപ്പോള്‍ അവനെ സഹായിക്കാതെ ആര്‍ഭാടത്തില്‍ മുഴുകിയതിനാണ് ധനവാന്‍ ശിക്ഷിക്കപ്പെട്ടത് (ലൂക്കാ 16:19-31). തൊട്ടടുത്ത ഭവനത്തില്‍ ഒരു വിദ്യാര്‍ഥി ഫീസ് കൊടുക്കാനില്ലാത്തതിനാല്‍ പഠിപ്പ് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അവനെ സഹായിക്കാതെ നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി വിശുദ്ധനാട് സന്ദര്‍ശിച്ചാല്‍ അത് നരകത്തിലേക്കുള്ള വിസയായിത്തീരും. കാരണം അയല്‍പക്കത്തെ ലാസര്‍മാര്‍ കര്‍ത്താവുതന്നെയാണ്. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണ് ചെയ്യാതിരുന്നത് (മത്താ. 25:46).

  • കൊമ്പത്തിരിക്കരുത്; മണ്ണാവുക

ശരീരത്തിന് ഭക്ഷണമെന്നപോലെ മനസ്സിനാവശ്യമായ ഭോജനമാണ് അംഗീകാരം. ചുറ്റുമുള്ളവരാല്‍ പരിഗണിക്കപ്പെടുമ്പോഴാണ് ആത്മവിശ്വാസം കൈവരുന്നത്. ആത്മാഭിമാനം പകരുന്ന ശുശ്രൂഷയായിരുന്നു കര്‍ത്താവിന്റേത്. സിനഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കണ്ടുമുട്ടിയ സ്ത്രീയെ അവളുടെ അഭ്യര്‍ത്ഥനയ്ക്കു കാത്തുനില്‍ക്കാതെ സാബത്തുപോലും ലംഘിച്ച് സുഖപ്പെടുത്തിയവനാണവന്‍ (ലൂക്കാ 13:10-17). കുഷ്ഠം മൂലവും ബധിരനും മൂകനും ആയതിനാലും (മാര്‍ക്കോ 1:40-41; 7:32-35) സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായ എത്രയോ പേരെയാണ് യേശു സമൂഹത്തിന്റെ നടുവില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് സ്വത്വബോധം നല്കിയത്?

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച യേശു സ്വന്തം താരവേഷം വര്‍ധിക്കുന്നതിനുവേണ്ടി ഒരിക്കല്‍പോലും അദ്ഭുതം പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല എന്നത് ചിന്തോദീപകമാണ്. മാത്രമല്ല അത്തരം ഇടങ്ങളില്‍ നിന്ന് അവന്‍ പിന്‍വാങ്ങുകയും ചെയ്തു. അപ്പം വര്‍ധിപ്പിച്ചതിനുശേഷമുള്ള ദിവസങ്ങളില്‍ ജനം അവനെ തിക്കിതിരക്കുന്നത് രാജാവാക്കാ നാണെന്ന് മനസ്സിലാക്കിയ യേശു മലമ്പ്രദേശത്തേക്കു പിന്‍വലിയുന്ന തായി കാണുന്നു (യോഹ. 6:15). താന്‍ മിശിഹാ ആണെന്ന വസ്തുത രഹസ്യ മാക്കി വയ്ക്കണമെന്ന് പറഞ്ഞ സന്ദര്‍ഭങ്ങള്‍ അനവധി: രൂപാന്തരീകരണ ശേഷവും (മാര്‍ക്കോ 9:2-8) കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതിനുശേഷവും (മാര്‍ക്കോ 1:41-42) ജായ്‌റോസിന്റെ മകളെ ഉയര്‍പ്പിച്ചതിനുശേഷവും (മാര്‍ക്കോ 5:21-24) അവന്‍ പറഞ്ഞ അരുളപ്പാടുകളില്‍ ആ മനോഭാവം വ്യക്തമാണ്.

പ്രശസ്തി ആഗ്രഹിച്ചുകൊണ്ട് നന്മ ചെയ്യരുതെന്ന് പഠിപ്പിച്ച യേശുവിനെ സുവിശേഷങ്ങളില്‍ നിരന്തരം കണ്ടുമുട്ടുന്നു. ''മറ്റുള്ളവര്‍ കാണാന്‍ വേണ്ടി നീതിയുടെ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍. അവര്‍ക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞെന്ന് ഓര്‍ക്കുക. നിങ്ങളുടെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. (മത്താ. 6:1-4). നിങ്ങള്‍ വിരുന്നു നല്‍കുമ്പോള്‍ പ്രിയപ്പെട്ടവരെ മാത്രം ക്ഷണിച്ചാല്‍ അതിലെന്തു കാര്യം? (ലൂക്കാ 14:12-24) എന്ന് മഹാവിരുന്നിന്റെ ഉപമയില്‍ കര്‍ത്താവ് ചോദിക്കുന്നു.

പ്രകടിപ്പിക്കുന്നത് മാത്രമാണ് സത്യമെന്ന് കരുതുന്ന ഇക്കാലത്ത് പ്രകടിപ്പിച്ചാലേ ഞാനുള്ളൂ എന്ന മിഥ്യാ ധാരണയ്ക്കു അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് കരകേറാനുള്ള കാലമാണ് നോമ്പുകാലം. ബൃഹത്തായ വീടുകളും പള്ളികളും പണിയുമ്പോഴും ലക്ഷങ്ങള്‍ പൊടിച്ച് വീട്ടാഘോഷങ്ങള്‍ നടത്തു മ്പോഴും ദാനധര്‍മ്മങ്ങള്‍ പരസ്യപ്പെടുത്തു മ്പോഴും നമ്മളന്വേഷിക്കുന്നത് മനുഷ്യ പ്രീതിയാണ്; ദൈവത്തിന്റെ മഹത്വമല്ല (1 തെസ. 2:4-6). നമ്മുടെ സ്വത്വത്തിന്റെ പൊള്ളയായ തലങ്ങളെ പ്രദര്‍ശിപ്പിച്ച് സ്വാതികരുടെയിടയില്‍ വിഡ്ഢികളാകാ തിരിക്കാം. കൊമ്പത്തിരിക്കുന്നതിനേക്കാള്‍ എല്ലാത്തിനേയും താങ്ങുന്ന, സംസ്‌കരി ക്കുന്ന, ജീവിപ്പിക്കുന്ന മണ്ണായിരിക്കാം.

കൊമ്പിലിരിക്കണോ

കൊമ്പത്തിരിക്കണോ

കൊമ്പായിരിക്കണോ

മരമായിരിക്കണോ മര്‍ത്യന്‍?

വേണ്ട വേണ്ട മണ്ണായിരിക്കണം മര്‍ത്യന്‍

(കുഞ്ഞുണ്ണി മാസ്റ്റര്‍)

  • ദാസനാകണം, ദാസരാക്കരുത്

സമൂഹജീവിയായ മനുഷ്യന് സഹജര്‍ക്കുവേണ്ടി ജീവിക്കാനായാലേ സായൂജ്യമുണ്ടാകൂ എന്നത് സത്യമാണ്. പക്ഷേ, അപരനെ സേവിക്കാനുള്ള വാസനയില്‍ സ്വന്തം ആധിപത്യം സ്ഥാപി ക്കാനുള്ള ത്വര ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം നമ്മള്‍ മറന്നുപോകരുത്. അതുകൊണ്ടാണ് സേവനം ചെയ്യാനാ ണെന്നു പറഞ്ഞ് ഇറങ്ങിത്തിരിക്കുന്നവര്‍ ക്രമേണ ഭരണകര്‍ത്താക്കളായിത്തീരുന്നത്. പദപ്രയോഗത്തില്‍ 'രാജാവ്' മാറി 'നേതാവ്' വന്നെങ്കിലും പ്രായോഗിക തലത്തില്‍ നയിക്കുന്നവര്‍ പ്രഭുക്കളും അനുഗമിക്കുന്നവര്‍ പ്രജകളും ആയി തുടരുന്നു. 'അഡ്മിനിസ്‌ട്രേറ്റര്‍' ന് പകരം 'മാനേജര്‍' എന്ന വിശേഷണമാണിന്ന് പ്രചാരത്തിലുള്ളത്. പക്ഷേ, 'മാനേജിങ്ങ്' എന്നു പറഞ്ഞാല്‍ അത് ഒരു പ്രത്യേകതരം 'കൈകാര്യം ചെയ്യലാണ്.' 'അപരന്റെ അധ്വാനത്തെ കൗശലപൂര്‍വം സ്വന്തമാക്കി നേട്ടം കൈവരിക്കണമെന്ന' ഇട്ടിക്കോരയുടെ സുവിശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്. ഉപയോഗിക്കുന്നതില്‍ ഉഗ്രനിപുണതയാണ് ഉന്നതങ്ങളിലെത്താനുള്ള യോഗ്യത.

''നീയെന്നെ ചൂടി നടന്നു.

വീടെത്തിയപ്പോള്‍

ഒടിച്ചുമടക്കി പുറത്തുവച്ച്

വാതിലടച്ച് അകത്തേക്കുപോയി.''

എത്ര മനോഹരമായാണ് പവിത്രന്‍ തീക്കുനി മലയാളിയുടെ ഉപയോഗപരതയിലെ വൈദഗ്ദ്ധ്യം എടുത്തുകാട്ടിയത്!

ഉപയോഗിച്ച് വലിച്ചെറിയുന്ന ഉത്തരാധുനിക സംസ്‌കൃതിക്കു പ്രതിസംസ്‌കാരം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഫ്രാന്‍സിസ് പാപ്പ 'സുവിശേഷത്തിന്റെ സന്തോഷം' 'നിനക്കു മഹത്വമുണ്ടാകട്ടെ' തുടങ്ങിയ ലേഖനങ്ങളിലെല്ലാം തുടരെത്തുടരെ പ്രബോധിപ്പിക്കുന്നുണ്ട്.

ഉപയോഗമൂല്യം നോക്കിയല്ല ആവശ്യം അറിഞ്ഞാണ് മനുഷ്യരോട് ഇടപെടേണ്ടത് എന്നാണ് യേശു പഠിപ്പിച്ചത്. വിവിധ മണിക്കൂറുകളില്‍ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ അയച്ച ഒരു യജമാനനെപ്പറ്റി മത്തായിയുടെ സുവിശേഷം ഇരുപതാമധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പകലന്തിയോളം വെയിലുകൊണ്ടവനും ഒരു മണിക്കൂര്‍ അധ്വാനിച്ചവനും ഒരേ കൂലി കൊടുത്തത് എന്തൊരു നീതിയാണെന്ന് ഞാന്‍ ആത്മഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിവില്ലായ്മ കൊണ്ടോ ആരോഗ്യക്കുറവു മൂലമോ ആരാലും വിളിക്കപ്പെടാതെ പോയ ഒരു അവശനെയാണ് അവസാന മണിക്കൂറിലും ജോലിക്കെടുത്തത് എന്നറിയുമ്പോള്‍ യജമാനനോട് നമുക്ക് ആദരവുണ്ടാകും. പ്രാന്ത വല്‍ക്കരിക്കപ്പെട്ട ആ മനുഷ്യനും പോറ്റാന്‍ ഒരു കുടുംബമുണ്ടെന്ന് തിരിച്ചറിഞ്ഞ ദൈവപുത്രനെപ്പറ്റി നമുക്ക് അഭിമാനം തോന്നും (മത്താ. 20:26). അതെ ക്രിസ്ത്യാനിയാവുകയെന്നാല്‍ ദാസനാവുകയെന്നര്‍ഥം. അപരനെ അടിമയാക്കുവാനല്ല അപരരെ ദൈവപുത്രരായി കണ്ട് ശുശ്രൂഷി ക്കാനാണ് ഈ നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org