റഷ്യന്‍-ഉക്രെയിന്‍ യുദ്ധം രണ്ടു വര്‍ഷവും ഇസ്രായേല്‍-ഹമാസ് പോരാട്ടം 5 മാസവും പൂര്‍ത്തിയാകുമ്പോള്‍, യുദ്ധവെറിയില്‍ വിട്ടുവീഴ്ചയില്ലാത്ത ലോകരാജ്യങ്ങളുടെ നിര്‍ദയത്വത്തെ നിരീക്ഷിക്കുന്ന ലേഖനം.
അതിവെളുപ്പിനെ റോമില്‍ നിന്നുള്ള കുറച്ചു യാത്രികര്‍ ഒരു രണ്ടാം ക്ലാസ് കോച്ചില്‍ രാത്രി ചിലവിടുന്നതാണ് കഥാപശ്ചാത്തലം. അതേ സമയത്തുതന്നെ അവരുടെയൊപ്പം തടിച്ച ഒരു സ്ത്രീയും വിളറി മെലിഞ്ഞ് ആരോഗ്യംകെട്ട അവരുടെ ഭര്‍ത്താവും ചേര്‍ന്നു. ആ സ്ത്രീയാണെങ്കിലോ അതീവ ഭാരപ്പെട്ടതും അസഹനീയയും. അവരുടെ കാത്തുകാത്തിരുന്നു കിട്ടിയ ഒരേയൊരു പുത്രന്‍ യുദ്ധത്തിനായി മിലിട്ടറിയില്‍ ചേര്‍ന്നു. നിര്‍ബന്ധിത പട്ടാളസേവനം. അവര്‍ താന്‍ മാത്രമാണ് മകന്‍ പോയതില്‍ വേദന അനുഭവിക്കുന്ന ഒരമ്മ എന്നു സ്വയമേവ കരുതി നീറി നീറി ദിനരാത്രങ്ങളെ പോക്കുന്നു. എന്നാല്‍ ആ കംപാര്‍ട്ടുമെന്റിലെ ഓരോ യാത്രക്കാരനും അവരുടെ വേണ്ടപ്പെട്ടവരോ അവരുടെ ആരെങ്കിലുമൊക്കെ യോ മിലിട്ടറിയില്‍ ചേര്‍ന്നവരാണ്.
യാത്രികര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചു സംസാരിച്ചു തുടങ്ങി. ഒരു മനുഷ്യന്‍ പെട്ടെന്നെഴുന്നേറ്റു തങ്ങളുടെ മക്കള്‍ അവര്‍ സ്‌നേഹിക്കുന്ന നാടിനുവേണ്ടി സസന്തോഷം ജീവന്‍ ത്യജിക്കണമെന്നു നെഞ്ചുവിരിച്ച് അഭിമാന തേജസ്സോടെ പറഞ്ഞു. അയാള്‍ തന്റെ പുത്രനെക്കുറിച്ച് വാചാലനാണ്. ഈ സമയത്ത് രാവിലെ ട്രെയിനില്‍ കയറിയ സ്ത്രീ എഴുന്നേറ്റ് അയാളുടെ മകന്‍ ശരിക്കും മരിച്ചോ എന്നു ചോദിക്കുന്നു. അതുകേട്ടപ്പോള്‍ വാക്കുകള്‍ ഗദ്ഗദങ്ങളായി അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി.
അങ്ങനെ രാജ്യസ്‌നേഹം, മാതൃരാജ്യാഭിമാനം എന്നൊക്കെ പേര്‍ത്തും പേര്‍ത്തും പറഞ്ഞു ബ്രെയിന്‍ വാഷിങ്ങിലൂടെ (മസ്തിഷ്‌ക്കപ്രക്ഷാളനം - ഹോ! എന്തൊരു മലയാളപദം) ഒരു വിധമാക്കിയിരിക്കുന്നു. ഭരണകൂട ഭീകരതയും, നെറികേടും, സ്‌നേഹനിരാസങ്ങളും കൂട്ടിയിട്ട് ജീവിതമെന്ന ആസക്തിയെയും ആശയഗതിയെയും യുദ്ധമെന്ന ആ ദ്വയാക്ഷരിയിലൂടെ ദേശീയത അപസ്മാരമായി കൊണ്ടാടുന്നു. അതൊക്കെ ഇന്നലെ എന്നോ തുടങ്ങി വര്‍ധിച്ച് ടെക്‌നോളജി അതിന്റെ തോന്നിവാസങ്ങളില്‍ സംത്രാസം തുടങ്ങിയപ്പോള്‍, രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും ആയുധങ്ങള്‍ വിറ്റും അണ്വായുധങ്ങള്‍ പ്രയോഗിക്കാന്‍ രസം കൊണ്ടും രമിക്കുന്നു. രണ്ടു മഹായുദ്ധങ്ങളും അവയുടെ അതീവനാശങ്ങളും സാമ്പത്തിക ഘടനയുടെ ഏങ്കോണിക്കലും ലോകം കണ്ടുകഴിഞ്ഞു.
രണ്ടാമത്തെ മഹായുദ്ധമെന്ന ലാളന ഒന്നവസാനിപ്പിക്കാന്‍ അമേരിക്ക, ജപ്പാന്റെ അഹന്താ വിസ്‌ഫോടനത്തെ പിടിച്ചൊതുക്കാന്‍ ഹിരോഷിമയിലും, നാഗസാക്കിയിലും രണ്ട് അണുബോംബുകള്‍ ഇട്ടതോടെ ആ മഹാവിപത്തുകള്‍ അന്നുവരെ ഉണ്ടായിരുന്ന ലോകക്രമങ്ങളുടെ താളം തകര്‍ത്തു, അവതാളം നൃത്തനൃത്യങ്ങളുടെ താണ്ഡവപ്രപഞ്ചവുമായി.
ഒരു പട്ടാളക്കാരനും യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ, അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. ലൂയി പിരാന്തല്ലോ (Luigi Piranandello) എന്ന നോബല്‍ പ്രൈസ് വിന്നറുടെ മനുഷ്യസ്‌നേഹപ്രചോദിതമായ യുദ്ധത്തിനെതിരെയുള്ള യുദ്ധം (war) എന്ന കൊച്ചുകഥയുടെ സങ്കടക്കഥയാണ് ആ ട്രെയിന്‍ യാത്രയും ചിലരുടെ മക്കള്‍ യുദ്ധമുന്നണിയില്‍ ചെന്നുപെട്ടതും, അതില്‍ പിതാവ് രാജ്യസനേഹം, മാതൃസ്‌നേഹം എന്നൊക്കെ പറഞ്ഞ് അഭിമാനം കൊണ്ടതും താമസംവിനാ പൊട്ടിക്കരഞ്ഞതും. വൃഥാഭരിതമായ എന്തൊരവസ്ഥ.
അങ്ങനെയങ്ങനെ യുദ്ധം എന്ന ഭീകര താണ്ഡവത്തെക്കുറിച്ചുള്ള കഥാകഥനങ്ങളും, സിനിമകളും മറ്റും ജീവനോടെ ലോകം കാഴ്ചവച്ചു. എന്നിട്ടും ഭരണകൂടങ്ങള്‍ യുദ്ധത്തെ അതീവമായി സ്‌നേഹിക്കുകയും ആഗ്രഹിക്കുകയും അല്ലാതെ വെറുക്കുന്നുണ്ടോ?
ലോകത്ത് യുദ്ധത്തിനെതിരെ മനുഷ്യമനസ്സുകളെ ഉണര്‍ത്താനും യുദ്ധത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത അതീവഭീകരതകളുടെ നന്ദികേടുകളും മാനുഷികതകളും ഇല്ലാത്ത അവസ്ഥ ബോദ്ധ്യപ്പെടുത്താനും ആത്മാവു കൈമോശം വരാത്ത ന്യൂനപക്ഷങ്ങള്‍ എവിടെയെങ്കിലും ഉണ്ടാകുമല്ലോ. അവരില്‍ ജീവിതാവബോധം (perception of life) ആവര്‍ത്തനമാകാനും ഓ! ദൈവമേ എന്നു കണ്ണുയര്‍ത്തി കാരുണികമായി വിളിക്കാനും ഉതകുന്ന ചിത്രങ്ങളും നോവലുകളും എത്രയോ പ്രതിഭാശാലികള്‍ കോറിയിട്ടിട്ടുണ്ട്. എന്നിട്ടും ലോകക്രമങ്ങള്‍ എവിടെ?
റഷ്യന്‍ ചലച്ചിത്രമായ വാര്‍ ആന്റ് അണ്‍കൈന്‍ഡ്‌നസ് (war and unkindness) അമ്മ യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു വരുന്ന മകനെ കാത്തുകാത്തു വിഷമിച്ചു ദിനരാത്രങ്ങളെ അക്ഷമയുടെ കനലില്‍ ചവിട്ടി നിദ്രകള്‍ കുടഞ്ഞു കളഞ്ഞ് ഒടുവില്‍ ആ പുത്രന്‍ വരുമ്പോള്‍ സന്തോഷം ഉണര്‍ത്തുന്ന സംഗീതമാവുമ്പോള്‍, ആ ഒരു നിമിഷം, ഒരൊറ്റ നിമിഷം, അധികാരികളും ഒരു സൈനികനും മകന്റെ പെട്ടി ഉടുപ്പുമായി എത്തുമ്പോഴുള്ള പൊട്ടിക്കരച്ചിലിന്റെ ഹൃദയവീക്കവും, പിന്നെ അതു കരച്ചിലും ഒടുവില്‍ ഗദ്ഗദവീക്കവും പിന്നെ ഞരക്കവും ഒടുവില്‍ മൗനത്തില്‍ നിന്നും അതിമൗനത്തിലേക്കുള്ള ഭയാനകതയും ആയി മാറുമ്പോള്‍ ഓടിക്കിതച്ചു വരുന്ന സന്ധ്യ കൊടും ഇരുട്ടായി പരിണമിക്കുമ്പോള്‍, യുദ്ധത്തിന്റെ സ്‌ക്രീനിലേക്കു മാത്രം ഫോക്കസു ചെയ്യപ്പെടുന്ന ആ അമ്മയുടെ ചിത്രം. ഏതൊരു മനുഷ്യത്വമില്ലായ്മയുടെ നെഞ്ചില്‍പോലും ഒരു വിതുമ്പല്‍, ഒരു നീറ്റല്‍ വരാതിരിക്കുമോ? ഭരണമേലാളന്മാരേയും അവരുടെ വഴിവിട്ട ജീവിതാസക്തികളെയും ഒന്നു ശപിക്കാതിരിക്കുമോ?
ഇതിനോടൊപ്പം വായിക്കാവുന്ന അതിദയനീയത അഡോള്‍ഫ് ഹിറ്റ്‌ലറെന്ന ആ കുറിയ മനുഷ്യന്റെ നരാധമത്വവും കൊടും ഏകാധിപത്യഭരണവും അതിനോടൊത്തുള്ള യഹൂദ വേട്ടയാടലും മനുഷ്യത്വം നാമ്പെടുക്കാന്‍ മറന്നതിന്റെ ഫലമായി 60 ലക്ഷം യഹൂദരെ നിര്‍ദയം, നിര്‍ദാക്ഷിണ്യം ഹോളോക്കാസ്റ്റിലൂടെയും ഗ്യാസ് ചേമ്പറിലൂടെയും കൊന്നൊടുക്കുമ്പോള്‍ ഏതൊരു നീതിപീഠമായിരിക്കും ആ ജനദ്രോഹിക്കു മാപ്പു കൊടുക്കുക? അവന്റെ പീഡിതകാഴ്ചയ്ക്ക് എതിരെയുള്ള ഓഷ്‌വിറ്റ്‌സ് (auschwitz) പോലുള്ള എണ്ണം പിടിച്ച ചിത്രങ്ങള്‍. ഓ എന്റെ ദൈവമേ എന്നു നെഞ്ചില്‍ മുറിപ്പാടു വീഴാതേയും കണ്ണീര്‍ തട്ടാതെയും കാണാതിരിക്കാന്‍ കഴിയുമോ?
ഉക്രെയിന്‍ യുദ്ധം നമുക്കറിയാം. ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധങ്ങളും, ഹമാസ് ഭീകരതകളും നാം കാണുകയല്ലോ?
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും ഒട്ടനവധി ചെറുയുദ്ധങ്ങളും ചരിത്ര സംഹിതകളോടൊപ്പം ലോകം കണ്ടുകഴിഞ്ഞു. ഇനിയും എത്രയോ കാണാനിരിക്കുന്നു. മനുഷ്യര്‍ ഒട്ടും അറിയാതെ പോയ ചരിത്രത്തില്‍ അറിയാമായിരുന്നിട്ടും, ചരിത്ര നിര്‍മ്മിതിയില്‍ അതു കൊടും മൗനമാക്കി സ്വരൂപിച്ച ആ ഒരു മൂന്നാം ലോക മഹായുദ്ധം അങ്ങനെ തൊട്ടുതൊടാതെ അകന്നേ പോയത് ദൈവത്തിന്റെ മഹാമനസ്‌ക്കതയുടെ ധന്യമൗനങ്ങള്‍ അല്ലാതെ മറ്റെന്ത്? അല്ലെങ്കില്‍ ലോകം പൂര്‍ണ്ണമായി അവസാനിക്കുന്നില്ല എന്ന മറ്റൊരു ചരിത്ര സന്നിഗ്ദ്ധതയോ?
ആ തുടങ്ങാനിരുന്ന മൂന്നാം ലോകമഹായുദ്ധത്തിന്റെ കാറ്റ് പുറപ്പെട്ടിടത്തേക്കു തന്നെ തിരിച്ചുപോയി. മറ്റൊന്നും കൊണ്ടല്ല, ലോകത്തിന്റെ നന്മ വാറ്റിയെടുത്ത ഒത്ത ഒരു റഷ്യന്‍ സൈനിക മേധാവിയുടെ കാരുണികത, കാരുണികമായ സ്‌നേഹോഷ്മളതകള്‍. ആ നാമധേയമോ യേശുവിനോടു ചേര്‍ത്തു വായിക്കാവുന്നതും.
വാസിലി അര്‍ഖിപോവ് എന്ന വൈസ് ക്യാപ്റ്റന്‍. സ്വാഭിമാനം എന്ന ആത്മസ്വരൂപം കാത്തുസൂക്ഷിക്കുന്നതിനേക്കാളുപരി ലോകനാശം വരാതിരിക്കലാണ് അതിപ്രധാനം എന്ന സ്‌നേഹശാസ്ത്രത്തിനു വെളിച്ചമേ നയിച്ചാലും എന്ന ദാര്‍ശനിക വിരുന്നൊരുക്കിയ ഒരു ആള്‍രൂപം. അദ്ദേഹത്തിനറിയാമായിരുന്നല്ലോ കുറച്ചധികം ദിവസങ്ങളായി തങ്ങള്‍ കടലിനടിയില്‍ രഹസ്യതയിലാണെന്നും മറിച്ച് പുറെത്തന്തെങ്കിലുമൊക്കെ സംഭവിക്കുന്നില്ല എന്നും.
അമേരിക്കന്‍ നാവികപ്പടയെ ആക്രമിക്കാന്‍ വേണ്ടതായ ഓര്‍ഡര്‍ മോസ്‌ക്കോയില്‍ സൈനിക വൃത്തങ്ങളില്‍ എത്തിയിട്ടില്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മൂന്നാമത്തെ സീനിയര്‍ ഓഫീസറും ഒരുമിച്ചുള്ള ഒരു തീരുമാനമെടുത്ത് ഓര്‍ഡര്‍ ഇറക്കിയാല്‍ മാത്രമേ അണ്വായുധം ഘടിപ്പിച്ച ടോര്‍പിഡോ അമേരിക്കന്‍ നാവികപ്പടയുടെ യുദ്ധക്കപ്പലിനെതിരെ വിക്ഷേപിക്കാനാവൂ. അവരുടെ തീരുമാനമില്ലാത്തതിനാല്‍ വാസ്‌ലി അര്‍ഖിപോവും കൂടെയുള്ള സൈനികരും കടലിനടിയില്‍ നിന്നും മേലേക്കു ധൃതിയില്‍ വന്നു റഷ്യന്‍ തീരത്തേക്കു മടങ്ങാന്‍ തല്പ്പരരായി. ആ സന്ദേശം മോസ്‌കോയില്‍ നാവിക കേന്ദ്രത്തിലേക്കയച്ചശേഷം വാസ്‌ലിയും മറ്റു സുഹൃത്തുക്കളും മടങ്ങി.
അമേരിക്കന്‍ വിമാന വാഹിനിക്കപ്പലും യുദ്ധവിമാനങ്ങളും അവരുടെ കേന്ദ്രത്തിലേക്കും മടങ്ങി. ആ ദയനീയമായ വര്‍ഷം 1962, ഒക്‌ടോബറിന്റെ തണുത്തു വിറ തൂവിയ 27, ചരിത്രം രേഖപ്പെടുത്തി വയ്ക്കാന്‍ മടി കാണിച്ചില്ല. ഒന്നു കോറിയിട്ടു. മറിച്ചായിരുന്നെങ്കിലോ? വാസ്‌ലി അര്‍ഖിപോവ് എന്ന ആ യഥാര്‍ത്ഥ മനുഷ്യന്‍ റഷ്യന്‍ നാവികസേനയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത് റിയര്‍ അഡ്മിറല്‍ റാങ്കില്‍ വരെ എത്തി. അതൊന്നും ലോകം അറിയണമെന്നും, ലോകത്തോടു വിളിച്ചു കൂവണമെന്നും തനിക്കു ലോകത്തിന്റെ നെറുകയില്‍ ചവിട്ടി അഹങ്കരിക്കണമെന്നും ആ വിനയാന്വിതന്‍ ആശിച്ചിട്ടേയില്ല. ആ ദൈവഭക്തന്റെ മഹത്വത്തിനു മുന്നില്‍ ഏതൊരു ഭരണകൂട വൈതാളികന്‍മാരായിരിക്കാം മുട്ടുകുത്താതിരിക്കുക? അങ്ങനെ ഒരു തേഡ് വേള്‍ഡ് വാര്‍ എന്നന്നേയ്ക്കുമായി നീങ്ങിക്കിട്ടിയത് ദൈവികതയും ചരിത്രത്തിന്റെ മറ്റൊരു കുസൃതിവീണ തമാശയും, അല്ലാതെ മറ്റെന്ത്?