
ഷാജി ജോര്‍ജ് കൊച്ചുതറ CMI
ആധുനിക കാലത്ത് സഭയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ചിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. 1962 ഒക്‌ടോബര്‍ 11-ന് ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത സൂനഹദോസ് 1965 ഡിസംബര്‍ 8-ന് പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ സമാപന സന്ദേശത്തോടെയാണ് അവസാനിച്ചത്. ഈ സൂനഹദോസിന്റെ പഠനങ്ങളും അവയുടെ പ്രാധാന്യവും സ്വാധീനവുമൊക്കെ നാം കൂടുതലായി മനസ്സിലാക്കിത്തുടങ്ങുന്നതേയുള്ളൂ. ഒരു സൂഹനദോസിന്റെ സ്വാധീനം മനസ്സിലാക്കാന്‍ അമ്പതോ അറുപതോ വര്‍ഷങ്ങള്‍ വളരെ കുറഞ്ഞ കാലയളവാണെന്നാണ് പൊതുവെ അഭിപ്രായപ്പെടാറുള്ളത്. ഒരു കൗണ്‍സിലിന്റെ പഠനങ്ങളും തീരുമാനങ്ങളും പ്രായോഗികമാക്കുവാന്‍ നൂറു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് ഫ്രാന്‍സിസ് പാപ്പാ തന്നെ പറഞ്ഞിട്ടുണ്ട്.
സഭാജീവിതത്തിലും ദൈവശാസ്ത്രത്തിലും വത്തിക്കാന്‍ കൗണ്‍സില്‍ വരുത്തിയിട്ടുള്ള പ്രധാനമാറ്റങ്ങള്‍ പ്രത്യേകിച്ച് ഭാരതസഭയിലും ഏഷ്യന്‍സഭകളിലും ചുരുക്കമായി ഒന്നവലോകനം ചെയ്യാം. അതോടൊപ്പം തന്നെ, സഭയെ പുതിയൊരു ശൈലിയിലേക്കും കാഴ്ചപ്പാടിലേക്കും വളരാന്‍ സഹായിക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ദര്‍ശനത്തിന് വത്തിക്കാന്‍ കൗണ്‍സില്‍ എങ്ങനെ സഹായിക്കുന്നു എന്നതും നമുക്കു വിശകലനം ചെയ്യാം. സിനഡല്‍ സഭയെക്കുറിച്ചുള്ള ദര്‍ശനം നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള സഭാ പാരമ്പര്യത്തിലും കാണാമെങ്കിലും ആ ദര്‍ശനത്തെ ശക്തിപ്പെടുത്തിയത് വത്തിക്കാന്‍ കൗണ്‍സിലാണ്.
സഭാശാസ്ത്രം
സ്ഥാനക്രമത്തിലും അധികാരശ്രേണിയിലും അധിഷ്ഠിതമായ ഒരു നൈയാമിക സമൂഹമായിട്ടാണ് ദൈവശാസ്ത്രം സഭയെ അവതരിപ്പിച്ചിരുന്നത് - ദൈവരാജ്യത്തിന്റെ ഭൂമിയിലെ ആവിഷ്‌കാരമായ ഒരു രാജ്യവും ഭരണക്രമവും; രാജാവിനും പ്രജകള്‍ക്കും പകരം മാര്‍പാപ്പയും മെത്രാന്മാരും പുരോഹിതരും അധികാരം കയ്യാളുന്ന, അല്മായര്‍ പ്രജകളെപ്പോലെ അവര്‍ക്കുവിധേയരായി ജീവിക്കുന്ന ഒരു രാജ്യം. ഈ രീതിയില്‍ നേരിട്ട് അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും സഭയുടെ ഘടനയും സംവിധാനവും ഏറെക്കുറെ ഇതുപോലെ ഒരു ഭൗതിക രാജ്യത്തിനു തുല്യമായിരുന്നു. ഇങ്ങനെയുള്ള ഒരു സഭാശാസ്ത്രത്തിന് അടിമുടി മാറ്റം വരുത്താന്‍ വത്തിക്കാന്‍ കൗണ്‍സിലിനു സാധിച്ചു. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ (Lumen Gentium - LG) സഭയെ അവതരിപ്പിക്കുന്നത് ഒരു ഭരണ സംവിധാനമായോ അധികാരക്രമമായോ അല്ല. സഭ ''ദൈവത്തിന്റെജന''മാണ് - എല്ലാ അംഗങ്ങളും അടിസ്ഥാനപരമായി തുല്യരായിരിക്കുന്ന, ഒരുപോലെ പങ്കുചേരുന്ന ഒരു സമൂഹം. ഇതൊരു പുരോഹിത സമൂഹമാണ് - എല്ലാവരും പുരോഹിതര്‍ - മാമ്മോദീസായാണ് ഈ പൗരോഹിത്യത്തിനടിസ്ഥാനം. മാമ്മോദീസാ വഴിയായി എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്കുചേരുകയാണ് (LG 10). അതായത്, പഠിപ്പിക്കാനും ഭരിക്കാനും (നയിക്കാനും) വിശുദ്ധീകരിക്കാനുമുള്ള അധികാരവും അവകാശവും ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിലുള്ള പങ്കുചേരലിലൂടെ ഓരോ വിശ്വാസിക്കും ലഭിക്കുന്നു. വിശ്വാസത്തിലും സാന്മാര്‍ഗികതയിലുള്ള അപ്രമാദിത്വം പോലും മാര്‍പാപ്പയുടെയോ മെത്രാന്‍ സമൂഹത്തിന്റെയോ മാത്രമല്ല, വിശ്വാസി സമൂഹത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട്: ''...ദൈവജനം ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തില്‍ പങ്കുചേരുന്നു (ഹെബ്രാ. 13:15). പരിശുദ്ധനായവനാല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട് (1 യോഹ. 2:20-27) വിശ്വാസികളുടെ സമൂഹത്തിന് ഒന്നാകെ വിശ്വാസത്തില്‍ തെറ്റുപറ്റുകയില്ല'' (LG 12). അത്രയ്ക്കു മഹത്തായ സ്ഥാനവും ഉത്തരവാദിത്വവുമാണ് മാമ്മോദീസാ സ്വീകരിച്ച ഓരോ വിശ്വാസിക്കും കൗണ്‍സില്‍ നല്കുന്നത്.
സഭ - വ്യക്തിസഭകളുടെ കൂട്ടായ്മ
വ്യക്തിസഭകള്‍ക്കും പ്രാദേശിക സഭകള്‍ക്കും കൗണ്‍സില്‍ നല്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. പ്രാദേശിക സഭകള്‍, വ്യക്തിസഭകള്‍ എന്നിങ്ങനെ പല സംജ്ഞകള്‍ കൗണ്‍സിലിന്റെ രേഖകളില്‍ കാണാം. മാത്രമല്ല, പല അര്‍ത്ഥത്തിലാണ് ഈ വാക്കുകള്‍ പല രേഖകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ സാങ്കേതികമായി വ്യത്യസ്ത അര്‍ത്ഥങ്ങള്‍ കാണാമെങ്കിലും ഒരു കാര്യം വ്യക്തമാണ് - പ്രാദേശിക സഭകളുടെയും വ്യക്തിസഭകളുടെയും അനന്യതയും സവിശേഷതകളും വളരെ പ്രാധാന്യത്തോടെ കൗണ്‍സില്‍ അംഗീകരിച്ചു. പാശ്ചാത്യ സംസ്‌കാര രീതികളും പാരമ്പര്യവും വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഘടകങ്ങളായി കരുതി അടിച്ചേല്പിക്കുന്നതിനു പകരം, പ്രാദേശിക സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും അനന്യത മനസ്സിലാക്കി അവയെ അംഗീകരിക്കാനും, വിശ്വാസത്തിന്റെ തനതായ പ്രകാശനങ്ങളായി അവയെ കാണാനുമുള്ള തുറന്ന മനസ്സ് കൗണ്‍സിലിന്റെ സംഭാവനയാണ്. ഐക്യം എന്നത് ഐകരൂപ്യമല്ല, വൈവിധ്യം ഭീഷണിയല്ല, സമ്പന്നതയാണ് എന്നുള്ള ഈ തിരിച്ചറിവ് സഭയുടെ വളര്‍ച്ചയ്ക്കു വളരെയധികം സഹായിച്ചിട്ടുണ്ട്. ആഗോള സഭ പ്രാദേശിക സഭകളുടെ ഒരു കൂട്ടായ്മയാണ്. പ്രത്യേക സംസ്‌കാരത്തിലും സാഹചര്യത്തിലുമുള്ള ആഗോളസഭയുടെ പൂര്‍ത്തീകരണമാണു പ്രാദേശിക സഭ; അതേസമയം, മറ്റു പ്രാദേശിക സഭകളുമായുള്ള ഐക്യത്തിലൂടെ പ്രാദേശിക സഭ സാര്‍വത്രികമായി മാറുന്നു. ഇങ്ങനെ വ്യക്തിസഭകളെ അവയുടെ പ്രത്യേകതകളോടു കൂടി അംഗീകരിക്കുന്ന സമീപനം ആ സഭകളുടെയും അതുവഴി ആഗോള സഭയുടെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണു നല്കിയിരിക്കുന്നത്.
പൗരസ്ത്യ സഭകള്‍
പൗരസ്ത്യസഭകളുടെ വളര്‍ച്ചയ്ക്ക് കൗണ്‍സില്‍ നല്കിയിരിക്കുന്ന സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പൗരസ്ത്യ സഭകളെയും അവയുടെ പാരമ്പര്യങ്ങളെയും വലിയ മതിപ്പോടെയാണ് സഭ കാണുന്നത് എന്ന് പൗരസ്ത്യ സഭകളെക്കുറിച്ചുള്ള ഡിക്രിയുടെ ആരംഭത്തില്‍ത്തന്നെ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. പൗരസ്ത്യ സഭകളുടെ അനന്യതയും പൈതൃകവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പല തീരുമാനങ്ങളും മുമ്പുതന്നെ കാണാമെങ്കിലും വ്യക്തമായ തീരുമാനങ്ങളിലേക്കും ദൈവശാസ്ത്രദര്‍ശനത്തിലേക്കുമെത്തുന്നത് വത്തിക്കാന്‍ കൗണ്‍സിലിലാണ്. ഗ്രീക്ക് കാത്തലിക് സഭയിലെ ബിഷപ് ബേസിലിന്റെ അഭിപ്രായത്തില്‍ കത്തോലിക്കാ സഭയിലുള്ള വിവിധ വ്യക്തിസഭകളുടെ തുല്യസ്ഥാനം വീണ്ടെടുത്തതാണ് 20-ാം നൂറ്റാണ്ടിലെ സഭാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്.
പൗരസ്ത്യ സഭകളുടെ ആരാധനക്രമ നവീകരണവും ദൈവശാസ്ത്ര ദര്‍ശനവും പാരമ്പര്യവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമൊക്കെ കൗണ്‍സില്‍ ഡിക്രിയുടെ ഫലമാണെന്നു പറയാം. അതുപോലെതന്നെ, പൗരസ്ത്യ സഭാംഗങ്ങളുള്ള ലത്തീന്‍ രൂപതകളുടെ അതിര്‍ത്തിക്കുള്ളില്‍ അവരുടെ അജപാലന ശുശ്രൂഷയ്ക്കായി പ്രത്യേകം ഇടവകകളും ആവശ്യമെങ്കില്‍ രൂപതയും സ്ഥാപിക്കണമെന്ന് കൗണ്‍സില്‍ എടുത്തു പറയുന്നു (OE 4). പ്രത്യേകിച്ച് ഇന്ത്യയിലെ സാഹചര്യം പരിഗണിച്ചാണ് കൗണ്‍സില്‍ ഈ നിര്‍ദേശം നല്കിയത് എന്ന് ദൈവശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അടുത്തകാലത്താണ് പൗരസ്ത്യ സഭകള്‍ക്ക് ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ ഫലമാണിതെന്നത് മറക്കാനാവില്ല. അതേസമയംതന്നെ, ആരാധനക്രമ നവീകരണത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സീറോ മലബാര്‍ സഭയില്‍ ഭിന്നതകളിലേക്കും ക്രൈസ്തവാരൂപിയെതന്നെ നശിപ്പിക്കുന്ന വിഭാഗീയതകളിലേക്കും നയിച്ചിട്ടുണ്ട് എന്ന ദുഃഖസത്യം വിസ്മരിക്കാനാവില്ല. ആളും അര്‍ത്ഥവും ആദ്ധ്യാത്മിക പാരമ്പര്യവും കൊണ്ടു സമ്പന്നമായ ഈ സഭയ്ക്ക് ആഗോളസഭയ്ക്കും ലോകത്തിനു മുഴുവനും വലിയ സംഭാവനകള്‍ നല്കാനുള്ള ദൗത്യമുണ്ട്, പരസ്പരം കലഹിച്ച്, ആ ദൗത്യം മറന്ന്, സഭ നാശത്തിലേക്കു നീങ്ങുന്നത് ദുഃഖകരമാണ്. തന്‍ പ്രമാണിത്തവും അഹന്തയും മാറ്റിവച്ച് അനുരഞ്ജനത്തിന്റെ പാതയിലേക്കു വരുവാന്‍ സഭാ നേതൃത്വത്തിനോ സഭാംഗങ്ങള്‍ക്കോ സാധിക്കുന്നില്ല എന്നത് ഒരു എതിര്‍സാക്ഷ്യമായി മാറിയിരിക്കുന്നു.
മതസൗഹാര്‍ദവും സംവാദവും
വത്തിക്കാന്‍ കൗണ്‍സിലിന്റെ ഏറ്റവും പ്രധാന സംഭാവന സംവാദവും സംഭാഷണവുമാണെന്നു പറയാം-സഭകള്‍ തമ്മിലുള്ള സംവാദം; മതങ്ങള്‍ തമ്മിലുള്ള സംവാദം; സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദം. ഇന്ത്യയുടെ പശ്ചാത്തലത്തില്‍ (അതുപോലെ തന്നെ ഏഷ്യയുടെയും) മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സംവാദത്തിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ. കഴിഞ്ഞ കാലങ്ങളില്‍ മറ്റു മതങ്ങളോടു വേണ്ടത്ര ബഹുമാനമില്ലാതെ പെരുമാറിയിട്ടുള്ളതും കലഹങ്ങളുണ്ടായിട്ടുള്ളതുമൊക്കെ കൗണ്‍സില്‍ അംഗീകരിക്കുന്നു. അവയൊക്കെ മറന്ന്, പരസ്പര ധാരണയോടെ സാമൂഹിക നീതിക്കും സമാധാനത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു. അതിലേറെ ശ്രദ്ധേയമായത് സഭയുടെതന്നെ കാഴ്ചപ്പാടിലുള്ള വ്യതിയാനമാണ്. മറ്റു മതങ്ങളും സത്യദൈവത്തെ അന്വേഷിക്കുന്ന മാര്‍ഗങ്ങളാണ് എന്നുള്ള വസ്തുത തുറന്ന് അന്വേഷിക്കുന്നതോടൊപ്പം, ''ഈ മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസഭ തിരസ്‌കരിക്കുന്നില്ല'' എന്ന് കൗണ്‍സില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു (NA2). മറ്റു മതങ്ങളിലെ ജീവിതരീതിയും പ്രമാണങ്ങളും വിശ്വാസങ്ങളും സഭാ പഠനങ്ങളില്‍ നിന്നു വ്യത്യസ്തമാണെങ്കിലും ''സര്‍വ മനുഷ്യരെയും പ്രകാ ശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നു''ണ്ടെന്ന് കൗണ്‍സില്‍ അടിവരയിട്ട് ആവര്‍ത്തിക്കുന്നു. (NA2) അതേ സമയം തന്നെ, ക്രിസ്തുവിന്റെ അനന്യതയും സാര്‍വത്രിക രക്ഷാദൗത്യവും കൗണ്‍സില്‍ എടുത്തു പറയുന്നുണ്ട്.
കൗണ്‍സിലിനുശേഷം ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും മതസൗഹാര്‍ദം വളര്‍ത്തുവാനുള്ള വിവിധ സ്ഥാപനങ്ങളും കേന്ദ്രങ്ങളും സ്ഥാപിതമായിട്ടുണ്ട്. ആരാധന ക്രമത്തിലും മറ്റും വരുത്തിയ സാംസ്‌കാരികാനുരൂപണങ്ങളും ഇതോടു ചേര്‍ത്തു വായിക്കണം. അതേ സമയം തന്നെ, അങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് സഭാധികാരികളുടെ ഭാഗത്തുനിന്ന് പലപ്പോഴും ആവശ്യമായ പ്രോത്സാഹനം ലഭിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്; മാത്രമല്ല, മതസംവാദത്തിനും സാംസ്‌കാരികാനുരൂപണത്തിനുമൊക്കെ മുന്‍കൈയെടുത്തിട്ടുള്ള പലര്‍ക്കും അച്ചടക്ക നടപടികളും നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള നടപടികള്‍, മതസൗഹാര്‍ദം വളര്‍ത്താനായി കൗണ്‍സില്‍ തുടങ്ങിവച്ച ശ്രമങ്ങളെ കുറെയൊക്കെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മതസംവാദരംഗത്ത് പ്രതീക്ഷകള്‍ക്കു വക കാണുന്നുണ്ട്. വിവിധ മതങ്ങളുമായി സംവദിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ മുന്‍കൈയെടുത്തു നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളും സമ്മേളനങ്ങളും, മറ്റു മതങ്ങളെക്കുറിച്ചുള്ള കൗണ്‍സിലിന്റെ ക്രിയാത്മക ദര്‍ശനം ശക്തിപ്പെടുത്തുന്ന 'ഫ്രത്തേലി തൂത്തി' എന്ന ചാക്രികലേഖനവുമൊക്കെ ഇതിനുദാഹരണങ്ങളാണ്.
മതങ്ങള്‍ തമ്മിലുള്ള ബന്ധം ലോകം മുഴുവന്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്നതും ബോധപൂര്‍വംതന്നെ വര്‍ഗീയകലാപങ്ങളുണ്ടാക്കുന്നതുമൊക്കെ നിത്യേന നാം കണ്ടുകൊണ്ടിരിക്കുകയാണ്. അസാധ്യമെന്നു തോന്നാമെങ്കിലും, നിരാശപ്പെടാതെ, കൗണ്‍സിലിന്റെ ദര്‍ശനമുള്‍ക്കൊണ്ടുകൊണ്ട്, മതസംവാദം വളര്‍ത്താനുള്ള ശ്രമങ്ങള്‍ സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രകോപനങ്ങള്‍ മറ്റുള്ളവരുടെ ഭാഗത്തുനിന്നുണ്ടായാലും പ്രകോപനത്തിന്റെ ഭാഷയില്‍ പ്രതികരിക്കാതെ, അ നുരഞ്ജനത്തിന്റെ സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും ഭാഷയില്‍ മാത്രം പ്രതികരിക്കാന്‍ സഭാനേതൃത്വം കുറെക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്നുതോന്നുന്നു. അടുത്തകാലത്ത് മറ്റു മതങ്ങളുമായുള്ള ബന്ധത്തിലുണ്ടായ പല വി ള്ളലുകളും ഒരുപക്ഷേ, ഒഴിവാക്കേണ്ടതായിരന്നു; പല വിവാദങ്ങളും വിവാദ പ്രസ്താവനകളും വിവേകപൂര്‍ണ്ണമായ പ്രതികരണമായിരുന്നോ എന്ന് പലസഭാംഗങ്ങള്‍ക്കും സംശയമുണ്ട്. തീര്‍ച്ചയായും, സഭയുടെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതേസമയം തന്നെ മതസൗഹാര്‍ദത്തിനും സമാധാനത്തിനും കോട്ടം വരാത്ത രീതിയില്‍ മാത്രം, അനുരഞ്ജനവും സൗഹാര്‍ദവും ഉറപ്പാക്കുന്ന രീതിയില്‍ മാത്രം പ്രതികരിക്കാനും സംവദിക്കാനുമുള്ള വിവേകവും വിശാലമനസ്‌കതയും സഭയുടെ ദൗത്യത്തിന്റെ ഭാഗം തന്നെയാണ് എന്ന അവബോധം ആഴപ്പെടേണ്ടിയിരിക്കുന്നു.
വത്തിക്കാന്‍ കൗണ്‍സിലും സിനഡല്‍ സഭയും
ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ സിനഡല്‍ സഭയെക്കുറിച്ചുള്ള ദര്‍ശനം ബൈബിളിലും സഭാ പിതാക്കന്മാരിലും പാമ്പര്യത്തിലുമൊക്കെ അധിഷ്ഠിതമാണെങ്കിലും ആ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നാണുണ്ടായിട്ടുള്ളത്. അതിനദ്ദേഹം പ്രധാനമായും ആശ്രയിക്കുന്നത് വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാദര്‍ശനത്തെയും പഠനങ്ങളെയുമാണ്. ഒരു അധികാര സംവിധാനമെന്നതിലുപരി സഭ അടിസ്ഥാനപരമായി ദൈവജനമാണ്, ക്രിസ്തുവിന്റെ മൗതിക ശരീരമാണ് (LG) എന്ന ദര്‍ശനം, എല്ലാവിശ്വാസികളും മാമ്മോദീസാവഴി ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു, അതിനാല്‍, ശുശ്രൂഷകളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവരും തുല്യരാണ് എന്ന കാഴ്ചപ്പാട് - ഇവയെല്ലാം സിനഡാലിറ്റിയെക്കുറിച്ചുള്ള ദൈവശാസ്ത്രദര്‍ശനത്തിനടിസ്ഥാനമാണ് എന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ഇതുമാത്രമല്ല, അല്മായപ്രേഷിതത്വത്തെക്കുറിച്ചുള്ള ഡിക്രി അല്മായരുടെ പ്രത്യേകമായ ദൗത്യത്തെ വിശദമാക്കുന്നുണ്ട്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള ദൗത്യമാണ് (AA 2, 7) കൗണ്‍സില്‍ പ്രത്യേകമായി എടുത്തു പറയുന്നതെങ്കിലും, ആത്മീയ രംഗത്തും പ്രേഷിത പ്രവര്‍ത്തനത്തിലും വിശ്വാസപരിശീലനരംഗത്തും ദൈവശാസ്ത്രത്തിലുമെല്ലാം അല്മായര്‍ വളരെ ക്രിയാത്മകമായ സംഭാവനകള്‍ നല്കിയിട്ടുള്ളത് കൗണ്‍സിലിനുശേഷമുള്ള ദശകങ്ങളില്‍ കാണാന്‍ സാധിക്കും. എങ്കിലും ഇന്നും പല രാജ്യങ്ങളിലും സഭാ ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് അല്മായര്‍ മാറ്റിനിറുത്തപ്പെടുന്നു എന്നുള്ളത് ദുഃഖകരമായൊരു വസ്തുതയാണ്.
ഈ പശ്ചാത്തലത്തില്‍ക്കൂടി വിലയിരുത്തുമ്പോള്‍ സഭ കൂടുതല്‍ സിനഡല്‍ ആയി മാറേണ്ടതിന്റെ ആവശ്യകത കുറെക്കൂടി വ്യക്തമാകും. മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്ന് ദൈവം ആഗ്രഹിക്കുന്നത് സിനഡാലിറ്റിയുടെ പാതയില്‍ ചരിക്കുക എന്നുള്ളതാണെന്ന് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്നുണ്ട്, എന്താണു സിനഡല്‍ സഭ? അംഗങ്ങളെല്ലാവരും സജീവമായി പങ്കുചേരുന്ന, സ്‌നേഹത്തിലൈക്യപ്പെട്ടിരിക്കുന്ന സഭ; എല്ലാവരും സഭയുടെ ദൗത്യത്തില്‍ ഏകമനസ്സായി പങ്കുചേരുന്ന, പരസ്പരം ശ്രവിക്കുന്ന സഭയാണു സിനഡല്‍ സഭ; പരസ്പര ശ്രവണത്തിലൂടെ എല്ലാവരും പഠിക്കുന്ന സഭ; സംഭാഷണവും സംവാദവും പരസ്പര ബഹുമാനവും പരസ്പര ശ്രവണവുമാണു സിനഡല്‍ സഭയുടെ ജീവന്‍. സഭയിലെ എല്ലാ അംഗങ്ങളുടെയും പങ്കുചേരല്‍ ഉറപ്പാക്കുക എന്നത് പ്രധാനമാണ് - ലിംഗഭേദമോ, പ്രായ വ്യത്യാസമോ, സ്ഥാന വ്യത്യാസമോ ഇല്ലാതെ എല്ലാവരുടെയും പങ്കുചേരല്‍, ഒരുമിച്ചുള്ള ഒരു യാത്രയാണത്, ഒരു തീര്‍ത്ഥാടനം - ഉത്ഥിതനായ കര്‍ത്താവിന്റെ നേതൃത്വത്തില്‍, പരിശുദ്ധാത്മാവിന്റെ നിവേശനങ്ങള്‍ക്കനുസരിച്ചുള്ള ഒരു തീര്‍ത്ഥാടനം.
ദാനങ്ങളിലും സ്ഥാനങ്ങളിലും വ്യത്യസ്തരെങ്കിലും എല്ലാ സഭാംഗങ്ങളെയും തുല്യരായി കരുതുന്ന മനോഭാവം എല്ലാവര്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ, സിനഡല്‍ സഭയുടെ ഏറ്റവും വലിയ ഒരു ഭീഷണി പുരോഹിതാധിപത്യമാണ് - സേവനത്തിനായി ദൈവവും ദൈവജനവും ഏല്പിച്ചിരിക്കുന്ന പ്രത്യേക ദാനം ദുരുപയോഗിക്കുന്ന വിരോധാഭാസം.
സിനഡാലിറ്റി പൗരസ്ത്യ സഭകളുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നുവെന്ന് പലരും ചൂണ്ടികാണിക്കാറുണ്ട്. സീറോ മലബാര്‍ സഭയിലെ പള്ളിയോഗവും മറ്റും അതിന് ഉത്തമോദാഹരണങ്ങളാണ്. ഇടവകാംഗങ്ങള്‍ക്കെല്ലാം/ സഭാംഗങ്ങള്‍ക്കെല്ലാം സഭയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതില്‍ സജീവ ഭാഗഭാഗിത്വമുണ്ടായിരുന്ന യോഗങ്ങള്‍. ഇന്നത്തെ പള്ളിയോഗങ്ങള്‍ക്ക് സഭാ പാരമ്പര്യത്തില്‍ നാം കാണുന്ന പള്ളിയോഗങ്ങളുമായി താരതമ്യം ചെയ്താല്‍ വളരെ പരിമിതമായ ഒരു സഥാനം മാത്രമേയുള്ളൂ. മറ്റു പല പാരമ്പര്യങ്ങളും വീണ്ടെടുക്കാന്‍ കാണിക്കുന്ന ഉത്സാഹം പള്ളിയോഗങ്ങളും മഹായോഗങ്ങളും പോലെയുള്ള പാരമ്പര്യങ്ങള്‍, അവയുടെ തനിമയോടെ വീണ്ടെടുക്കാന്‍ കാണിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല.
സഭയുടെ നില നില്പിനു തന്നെ കൂടുതല്‍ സിനഡലായി സഭ മാറുക എന്നത് അത്യന്താപേക്ഷിതമാണ്. ക്രിയാത്മകമായ ഭാഗഭാഗിത്വത്തിന് അവസരമുള്ള സമൂഹങ്ങളില്‍ അംഗങ്ങളായിരിക്കാനേ ഇന്നു മനുഷ്യര്‍ക്കു താത്പര്യമുള്ളൂ. നിഷ്‌ക്രിയമായ ഭാഗം മാത്രം നല്കുന്ന സമൂഹങ്ങളില്‍ നിന്ന് ഇന്ന് വ്യക്തികള്‍ അകന്നുപോകും. അതുപോലെ തന്നെ, അരൂപി ഓരോ ക്രൈസ്തവനും നല്കിയിരിക്കുന്ന ദാനങ്ങള്‍ ഉപയോഗിക്കുവാനുള്ള ഒരാഹ്വാനമാണ് സിനഡല്‍ സഭ. അങ്ങനെയേ സഭ വളരൂ, സഭയുടെ ദൗത്യം ഇന്നു ഫലപ്രദമാകൂ.
വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങള്‍ മാത്രമല്ല സമീപനവും പ്രധാനപ്പെട്ടതാണ്. ''കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ച്'' (സഭ ആധുനിക ലോകത്തില്‍, 4) സുവിശേഷ വെളിച്ചത്തില്‍ അവയെ വിലയിരുത്തുക, ആ വിചിന്തനത്തിന്റെ വെളിച്ചത്തില്‍ ക്രിയാത്മകമായി സാഹചര്യങ്ങളോടു പ്രതികരിക്കുക. ഈ പ്രക്രിയ സഭയെ നവീകരണത്തിലേക്കു നയിക്കും. കാലത്തിന്റെ അടയാളങ്ങള്‍ സുവിശേഷത്തിന്റെ വെളിച്ചത്തിലുള്ള ഇന്നിന്റെ സിനഡല്‍ സഭയായി വളരാനുള്ള ആഹ്വാനമെന്നു പറയാം. അതു സഭയെ നവീകരണത്തിലേക്കും വളര്‍ച്ചയിലേക്കും നയിക്കട്ടെ.