പരീക്ഷയെ എളുപ്പമാക്കാന്‍ ചില സൂത്രപണികള്‍!!

പരീക്ഷയെ എളുപ്പമാക്കാന്‍ ചില സൂത്രപണികള്‍!!
Published on
കാലങ്ങളായി കുട്ടികള്‍ ചോദിക്കുന്ന ചോദ്യമാണ് ആരാണ് ഈ പരീക്ഷ കണ്ടുപിടിച്ചത്? മുതിര്‍ന്നവര്‍ക്ക് ഇത് തമാശയായി തോന്നുമെങ്കിലും കുട്ടികള്‍ക്ക് പരീക്ഷകാലഘട്ടം അത്ര എളുപ്പമല്ല. കളിയും തമാശകളും ഇല്ലാതെ 'പരീക്ഷ...' 'പഠിക്ക്...' എന്ന വാക്കുകള്‍ വളരെ സമ്മര്‍ദത്തോടെയാണ് കുട്ടികള്‍ കേള്‍ക്കുന്നത്. പരീക്ഷ കഴിഞ്ഞാല്‍ ഓപ്പണ്‍ ഹൗസ്, മാര്‍ക്ക് എല്ലാം പൊതുവേ ഒരു സന്തോഷമില്ലായ്മ ആണ്. എന്നാല്‍ പരീക്ഷയെ പേടിക്കണ്ട കാര്യമില്ലെന്നും, പരീക്ഷയെ മെരുക്കാനുള്ള കുറച്ച് ഉപാധികള്‍ ഉണ്ടെന്നും കേട്ടാല്‍ കുട്ടികള്‍ക്ക് വീണ്ടും ഉത്സാഹം തിരിച്ചുവരും.

എന്താണ് പരീക്ഷ?

ഒരു വിദ്യാര്‍ത്ഥി ആ വര്‍ഷത്തെ സിലബസ് അനുസരിച്ചു പഠിച്ച വിഷയങ്ങളെ എത്രത്തോളം മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതുന്ന വിശകലന രീതിയാണ് പരീക്ഷ. ചോദ്യങ്ങള്‍ മനസ്സിലാക്കി സമയപരിമിതമായി ഉത്തരം എഴുതാനുള്ള കഴിവ് മാത്രമേ അവിടെ പരിശോധിക്കുന്നുള്ളു. കലാകായിക കഴിവുകളെ എഴുത്തു പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ. അതുകൊണ്ട് എഴുത്തു പരീക്ഷയില്‍ അല്പം പുറകിലാണെങ്കിലും വേറെ ധാരാളം അവസരങ്ങള്‍ ശോഭിക്കാനായി ബാക്കിയുണ്ട്.

പരീക്ഷയെ പേടിക്കേണ്ടതുണ്ടൊ?

ഇല്ല, പക്ഷേ പരീക്ഷയെന്ന് കേള്‍ക്കുമ്പോള്‍ സാധാരണഗതിയില്‍ എല്ലാവര്‍ക്കും ഒരു പരിഭ്രാന്തി ഉണ്ടാകും. ഓരോ വിഷയത്തിലുമുള്ള നമ്മുടെ അറിവിനെ മനസ്സിലാക്കാനും അളക്കാനുള്ള ഒരു ഉപാധിയായി പരീക്ഷയെ കണ്ടാല്‍ മതി. കൃത്യമായി പഠിക്കുകയും ശാന്തമായ ഒരു മനസ്സുമുണ്ടെങ്കില്‍ പരീക്ഷാപേടി പമ്പകടന്നോളും

പരീക്ഷയില്‍ എപ്പോഴും ഒന്നാമന്‍ ആകണോ?

പരീക്ഷയുടെ നിബന്ധനകള്‍ പാലിച്ചു ശരിയായ ഉത്തരം എഴുതുന്ന എല്ലാവര്‍ക്കും ഒന്നാമനാകാം. ഉത്തരം എഴുതുന്നതിലെ കൃത്യത, വ്യക്തത, വേഗത ഇതൊക്കെ മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ മാനദണ്ഡങ്ങളാണ്. ഒരാളുടെ ബുദ്ധിശക്തിയും ഓര്‍മ്മയും ബയോളോജിക്കലായ മറ്റു പ്രത്യേകതകള്‍ എല്ലാം ചേര്‍ന്നതാണ് പരീക്ഷയിലെ പെര്‍ഫോമന്‍സ്. എല്ലാവരും വ്യത്യസ്തങ്ങളായ കഴിവുകള്‍ ഉള്ളവരായതുകൊണ്ട് അവനവന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുക എന്നതാണ് പ്രധാനം. മേടിക്കാന്‍ പറ്റുന്ന ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഓരോരുത്തരും കരസ്ഥമാക്കുക എന്നതാണ് കാര്യം.

എന്തിനാണ് പരീക്ഷയില്‍ ഉന്നത വിജയം /കൂടുതല്‍ മാര്‍ക്ക് മേടിക്കേണ്ടത് ?

നമ്മുടെ രാജ്യത്തു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസങ്ങള്‍ക്ക് യോഗ്യരായവരെ കണ്ടുപിടിക്കുന്നതിനും അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതും മാര്‍ക്ക് ഒരു യോഗ്യതയാണ്. പരിമിതമായ ഒഴിവുകള്‍ ഉള്ള വിഷയങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ മാര്‍ക്കുള്ള മിടുക്കന്മാര്‍ക്കായിരിക്കും അവസരം നല്‍കുക. ലക്ഷ്യബോധത്തോടെ കൃത്യമായി പരിശീലിക്കുകയും പരീക്ഷയുടെ രീതിയനുസരിച്ചു തയ്യാറെടുക്കുകയും ചെയ്താല്‍ സ്വപ്‌ന സാക്ഷാത്കാരത്തിന് എല്ലാവര്‍ക്കും അവസരമുണ്ട്. മാര്‍ക്കിന്റെ കുറവുകൊണ്ടു മാത്രം അവസരങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്.

പഠിക്കാനുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടുപിടിക്കാനും പരിഹരിക്കാനും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. പരീക്ഷാ പേടിയോ പരീക്ഷ സമയത്തുണ്ടാകുന്ന ശാരീരിക രോഗങ്ങളെയോ അസ്വസ്ഥതകളെയോ കൈകാര്യം ചെയ്യാനും സുഖപ്പെടുത്താനും ഫലപ്രദമായ ചികിത്സകളുമുണ്ട്.

പരീക്ഷയ്ക്കുവേണ്ടി എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?

ശുഭാപ്തി വിശ്വസത്തോടെ പോസിറ്റീവ് ആയിരിക്കുക. കുട്ടികള്‍ പരീക്ഷയെക്കുറിച്ച് ഒരു 'റമൃസ', 'ശോകം' എന്നൊക്കെയാണ് പൊതുവെ വിചാരിക്കുക. ചിലരതിനെ ഒരു മത്സരമായിട്ട് കരുതും. മറ്റു ചിലര്‍ക്ക് അത് എതിരാളിയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മേടിക്കുക എന്ന ലക്ഷ്യമാണ്. എന്നാല്‍ പരീക്ഷയെ നമ്മള്‍ ഒരു ആവേശത്തോടെയാണ് കാണേണ്ടത്. കാരണം എഴുതുന്ന ഓരോ കുട്ടിക്കും മുഴുവന്‍ മാര്‍ക്കാണ് വാഗ്ദാനം, ആരൊക്കെ കൃത്യമായ ഉത്തരം എഴുതുന്നുവോ അവര്‍ക്കൊക്കെ മുഴുവന്‍ മാര്‍ക്ക് നല്‍കും. ഓരോരുത്തരും പരമാവധി മാര്‍ക്ക് കിട്ടാന്‍ പരിശ്രമിക്കുക. ഒരു ഉത്തരം ഒരാള്‍ പഠിക്കാനെടുക്കുന്ന സമയവും രീതിയും മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും, അതുകൊണ്ട് പഠിക്കുന്നതിനും ഓര്‍ത്തുനോക്കുന്നതിനും അവനവനു യോജിക്കുന്ന രീതി തുടരുക, നല്ലതെന്നു തോന്നുന്ന പുതിയ രീതികള്‍ കാണുമ്പോള്‍ അത് സ്വീകരിക്കുന്നതും ഉചിതമാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പ്രയോജനമായേക്കാവുന്ന ചില മാര്‍ഗങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു:

  • എല്ലാ വിഷയങ്ങളും ചേര്‍ത്ത് ടൈംടേബിള്‍ തയ്യാറാക്കി അത് അനുസരിച്ചു പഠിക്കുക

  • പ്രധാനപ്പെട്ട പാഠങ്ങള്‍ പഠിച്ചെന്നു ഉറപ്പുവരുത്തുക .

  • പഠിച്ച ഭാഗങ്ങള്‍ പല പ്രാവശ്യം ആവര്‍ത്തിച്ച് ഓര്‍ത്തു നോക്കുക

  • പഠിച്ച ഉത്തരങ്ങള്‍ എഴുതി നോക്കി തെറ്റുകള്‍ വരുത്തുന്നില്ലെന്ന് ഉറപ്പിക്കുക.

  • കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് ഉത്തരങ്ങള്‍ എഴുതി നോക്കുക.

  • തികച്ചും ബുദ്ധിമുട്ടായ പാഠഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ ഓര്‍ത്തു വിഷമിച്ചു സമയം കളയാതെ ആ ഭാഗം ഒഴിവാക്കുക.

  • പഠിച്ച ഭാഗങ്ങളെ ഓര്‍ത്തു സന്തോഷിക്കുകയും ആത്മവിശ്വാസത്തില്‍ ഉറച്ചിരിക്കുകയും ചെയ്യുക.

പരീക്ഷാ ദിവസങ്ങളിലെ ദിനചര്യകള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പരീക്ഷാ ദിവസങ്ങളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നത് ഒരു വിദ്യാര്‍ത്ഥിയുടെ വിജയത്തിന് അത്യന്താപേഷിതമാണ്. നേരത്തെ പഠിച്ച ഭാഗങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ തലേദിവസത്തെ വായന ഗുണം ചെയ്യും എന്നാല്‍ നേരത്തെ പഠിച്ചു വയ്ക്കാതെ തലേദിവസത്തേക്ക് പഠനം മാറ്റിവയ്ക്കുന്ന രീതി അത്ര ഗുണം ചെയ്തു കാണാറില്ല. അത് കുറേ പഠിച്ചുതീരാനുണ്ട് എന്ന ചിന്ത ഭയം വര്‍ധിപ്പിക്കുകയും പരീക്ഷയെ മോശമായി ബാധിക്കുകയും ചെയ്യാം. ചിലര്‍ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും തുടര്‍ച്ചയായി പഠിക്കുകയും അപ്രതീക്ഷിത ബുദ്ധിമുട്ടുകളില്‍ എത്തിച്ചേരുകയും ചെയ്യുന്നത് കാണാറുണ്ട്. മറ്റുചിലരാകട്ടെ പേടിയുണ്ടാകാതിരിക്കാന്‍ മുഴുവന്‍ സമയ വിനോദത്തിലേയ്ക്കു മാറുകയും അതായത് ടി വി യും ഫോണുമൊക്കെ അമിതമായി ഉപയോഗിക്കുകയും ഒന്നും റിവിഷന്‍ ചെയ്യാതെ സമയം നഷ്ടപ്പെടുത്തും. അനാരോഗ്യപരമായ അത്തരം അബദ്ധങ്ങളില്‍ പെടാതെ അമൂല്യമായ സമയത്തെ പ്രയോജനപ്പെടുത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍;

  • ആറു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം

  • പോഷക സമൃദമായ ഭക്ഷണം സമയാസമയത്തു കഴിക്കുക

  • ചിട്ടയായ പഠന സമയങ്ങള്‍ ഒരുക്കുക

  • എല്ലാ വിഷയങ്ങളും പഠിക്കാനായി സമയം ക്രമീകരിക്കുക

  • മൊബൈല്‍ ഫോണും ടിവിയുമുള്‍പ്പെടെയുള്ള വിനോദോപാദികള്‍ പരീക്ഷ കഴിഞ്ഞിട്ട് ആസ്വദിക്കാമെന്നു കരുതുക

  • അനാവശ്യ ബന്ധങ്ങള്‍, അസ്വസ്ഥത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ ഒഴിവായിരിക്കുക

  • അത്യാവശ്യമില്ലാത്ത കൂട്ടായ്മകള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കായി സമയം നഷ്ടപ്പെടുത്താതിരിക്കുക

  • രണ്ടു നേരവും കുളിച്ചു ശുചിയായിരിക്കുക

  • പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് ശുഭാപ്തിവിശ്വാസം വര്‍ധിപ്പിക്കും

  • പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ട ഉപകരണങ്ങള്‍ നേരത്തെ തയ്യാറാക്കി ബാഗില്‍ എടുത്തുവയ്ക്കുക

പരീക്ഷാഹാളില്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാം?

പരീക്ഷാഹാളില്‍ പാലിക്കേണ്ട അച്ചടക്ക നടപടികള്‍ കൃത്യമായി അനുസരിക്കണം. ഇത്തരം കാര്യങ്ങളില്‍ വിമുഖത കാണിച്ചാല്‍ ചിലപ്പോള്‍ പരീക്ഷ എഴുതാന്‍ അനുമതി നിഷേധിക്കും. ചെയ്യാത്ത തെറ്റിന് ചിലപ്പോള്‍ ശിക്ഷയ്ക്ക് ഇരയാവുകയും ചെയ്യും. പരീക്ഷാഹാളില്‍ മറ്റുള്ളവരുമായി സംസാരിക്കുകയോ, സഹായിക്കുകയോ ചെയ്യരുത്. ആരോടും ഉത്തരങ്ങള്‍ ചോദിച്ചെഴുതാന്‍ ശ്രമിക്കുകയോ നോക്കിയെഴുതുകയോ ചെയ്യരുത്. എന്തെങ്കിലും അപ്രതീക്ഷിത സംഭവം ഹാളില്‍ നടന്നാല്‍ തന്നെ അതില്‍ ശ്രദ്ധിക്കാതെ ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കുക. കാരണം അവിടെ ഒരു അധ്യാപകന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മാത്രമായുണ്ട്, അത് അവരുടെ ഉത്തരവാദിത്തമാണ്. പരീക്ഷാഹാളിലേക്ക് പോകുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • പരീക്ഷാ ഹാളില്‍ നേരത്തെ എത്തുക

  • 15 മിനിറ്റിസ് കൂള്‍ ടൈം പ്രയോപ്പെടുത്തുക

  • അല്പസമയം ശ്വാസോച്ഛാസത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക, പെെട്ടന്ന് മനസ്സ് ശാന്തമാകും

  • ആകുന്ന പോലെ പഠിച്ചുവെന്നും അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാമെന്ന ധൈര്യത്തേടെ ഇരിക്കുക

  • നല്ല മാര്‍ക്ക് കിട്ടുമെന്ന് വിശ്വസിക്കുക

  • ചോദ്യപേപ്പറും ഉത്തരക്കടലാസും അടുത്ത് കൊണ്ടുവന്നു തരാന്‍ നിയോഗിക്കപ്പെട്ട ഒരു അധ്യാപകന്‍ ക്ലാസിലുണ്ടാകും, അദ്ദേഹത്തോടല്ലാതെ മറ്റാരോടും സംസാരിക്കരുത്

  • എന്ത് അത്യാവശ്യം വന്നാലും അടുത്തിരിക്കുന്ന കുട്ടിയോട് ചോദിക്കരുത്, അധ്യാപകനോടു മാത്രം ചോദിക്കുക

  • മറ്റു കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയോ എന്താണെന്ന് അന്വേഷിക്കുകയോ ചെയ്യരുത്

  • സംശയങ്ങള്‍ ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തി അധ്യാപകന്റെ ശ്രദ്ധ ആകര്‍ഷിക്കുക, അദ്ദേഹം സഹായിക്കും

  • കൂട്ടുകാര്‍ പുറത്തുപോകുന്നതു കണ്ട് അസ്വസ്ഥരാകരുത്, ബെല്‍ അടിക്കുന്നതുവരെ സമയം പ്രയോജനപ്പെടുത്തുക.

മേല്പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും പരിശീലിക്കുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ സഹായിക്കും. പഠിക്കാനുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടുപിടിക്കാനും പരിഹരിക്കാനും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. അതുപോലെ പരീക്ഷാ പേടിയോ പരീക്ഷ സമയത്തുണ്ടാകുന്ന ശാരീരിക രോഗങ്ങളെയോ അസ്വസ്ഥതകളെയോ കൈകാര്യം ചെയ്യാനും പൂര്‍ണ്ണമായും സുഖപ്പെടുത്താനും ഫലപ്രദമായ ചികിത്സകളുമുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഒരു സൈക്കോളജിസ്റ്റുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹരിക്കാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org